അക്കാദമിയുടെ മികച്ച ആത്മകഥാഗ്രന്ഥത്തിനുളള പുരസ്കാരം നേടിയ ‘തക്കിജ്ജ’ യുടെ എഴുത്തുകാരൻ ഈ ഡിസംബറോടെ തൻ്റെ ജയിൽവിമോചനത്തിൻ്റെ ഒരു ദശാബ്ദം പിന്നിടുകയാണ്. മാലദ്വീപിലെ വിദ്യാലയങ്ങൾക്കോ മനുഷ്യരുടെ ജീവിതത്തിനോ അവിടത്തെ ജയിലുകൾക്കോ, ജയിലുകളിൽ എത്തിച്ചേരുന്ന തടവുകാർക്കോ ഗുണപരമായ മാറ്റങ്ങളൊന്നും ഈ കാലത്തിനിടയിൽ സംഭവിച്ചിട്ടില്ലെന്ന് ഇന്നും അവിടെയുള്ള സുഹൃത്തുക്കളിലൂടെ ജയചന്ദ്രൻ മൊകേരി എന്ന എഴുത്തുകാരൻ മനസിലാക്കുന്നുണ്ട്.
ജയിലിൽ നിന്നും ജയിലിലേക്കുള്ള യാത്രയും ജയിലിനകത്തെ പൊള്ളിക്കുന്ന അനുഭവങ്ങളും വ്യത്യസ്തരാജ്യക്കാരായ തടവുകാരുമായുള്ള സഹവാസവും തന്നിൽ അകാരണമായി ചുമത്തപ്പെട്ട കുറ്റത്തെ സംബന്ധിച്ച ആശങ്കകളും തടവുജീവിതത്തിൻ്റെ അനിശ്ചിതത്വവും കൊണ്ട് പരിക്ഷീണമായ ഒൻപത് മാസങ്ങളാണ് ഒരു വിദ്യാർത്ഥിയുടെ പകയോ, ദ്വീപു ദേശത്തെ കുട്ടികളിൽ പൊതുവെ കണ്ടു വരുന്ന സ്വഭാവ വൈകല്യമോ അല്ലെങ്കിൽ കേവലമായ കുസൃതിയോ കൊണ്ട് ഒരു അദ്ധ്യാപകന് ഹോമിച്ചുകളയേണ്ടി വന്നത്. ഒപ്പം ദ്വീപ് ജീവിതത്തെക്കുറിച്ചുള്ള കുറിപ്പുകൾ യാഥാസ്ഥികരിൽ ഉണ്ടാക്കിയ അസഹിഷ്ണുതയും തടവുജീവിതത്തിന് കാരണമായിട്ടുണ്ടാകുമെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.

മാലദ്വീപിലെ തടവറയിൽ എല്ലാ തുറകളിലുമുള്ള മനുഷ്യരുടെ സാന്നിദ്ധ്യം എഴുത്തുകാരൻ നിരീക്ഷിക്കുന്നുണ്ട്, തൻ്റെ ‘തക്കിജ്ജ’ എന്ന കൃതിയിലൂടെ. ‘ലൈംഗീക കുറ്റകൃത്യങ്ങൾ മുതൽ ക്രൂരമായ കൊലപാതകങ്ങൾ വരെ ചെയ്തവർ എത്തിച്ചേരുന്ന ഒരിടം. എല്ലാറ്റിൻ്റെയും പ്രഭവകേന്ദ്രം രാസലഹരി ഉൾപ്പെടെയുള്ള മയക്കുമരുന്നും ശിഥിലമായ കുടുംബ ബന്ധങ്ങളും. ഇത്തരം ക്രിമിനലുകൾക്കിടയിലാകട്ടെ, ജയചന്ദ്രൻ മൊകേരിയെപ്പോലെ നിരപരാധികളായ രാജേഷും റുബീനയും അതുപോലെ മറ്റു ചിലരും.
തടവറ ജീവിതത്തെക്കുറിച്ചുള്ള കല്പിതകഥകളിലെ നായകരുടെ സാഹസികമായ അതിജീവനപരിശ്രമങ്ങൾ കൊണ്ട് ത്രസിപ്പിക്കുന്ന അനേകം ത്രില്ലറുകളുടെ വായനാനുഭവങ്ങൾ നല്കിയ നോവലുകളും കാഴ്ചാനുഭവങ്ങൾ നല്കിയ സിനിമകളും ലോകത്തെല്ലായിടത്തുമുണ്ടായിട്ടുണ്ട്. അത്തരം സൃഷ്ടികളിൽ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്നവയുമുണ്ട്.
എഡ്മണ്ട് ഡാൻറെയുടെയും ഫാദർ ഫാരിയയുടെയും തടവറജീവിതത്തിനു പിന്നിൽ ചതിയുടെ ആസൂത്രിതമായ കരുനീക്കങ്ങളായിരുന്നുവല്ലോ! കഥാന്ത്യത്തിൽ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ ആയി ഡാന്റെയുടെ തിരിച്ചുവരവും, മധുരവും ചിലപ്പോൾ കഠിനവുമായ പകരം വീട്ടലുകളുമാണ് വായനക്കാരനെ ആഹ്ലാദത്തിൻ്റെ പര കോടിയിലെത്തിക്കുന്നത്. തന്നെ പിൻതുടരുന്ന ‘ഴാവേറിനെ ‘ പിന്നിലാക്കുന്ന, പാവങ്ങളിലെ ജീൻവാൾ ജീൻ പകർന്നേകിയ ‘മഹിതദു:ഖം’ എത്രയോ തവണ വായനക്കാരനെ കണ്ണീരണിയിക്കുന്നുണ്ട്. അവയൊക്കെയും ഭാവനയുടെ ലോകത്ത് നിന്നും എഴുത്തുകാർ സൃഷ്ടിച്ചെടുത്ത കഥകളും കഥാപാത്രങ്ങളുമാണ്.
എന്നാൽ യഥാർത്ഥജീവിതത്തിൽ ഒരു കൊലപാതകക്കുറ്റത്തിൻ്റെ പേരിൽ ശിക്ഷിക്കപ്പെട്ട് ഫ്രഞ്ച് ഗയാനയിലെ കുപ്രസിദ്ധമായ ജയിലിൽ നിന്നും തടവു ചാടി, പിടിക്കപ്പെടുകയും പിന്നീട് പത്തുവർഷക്കാലം പല ജയിലുകളിലായി ഏകാന്തവാസം ഉൾപ്പെടെ അനുഭവിക്കേണ്ടി വരികയും ചെയ്ത ഹെൻ്റി ഷാരിയർ തന്നെയാകാം ലോകത്തിലെ ഏറ്റവും തീവ്രമായ തടവറ ജീവിതം അനുഭവിച്ച മനുഷ്യൻ. ഷാരിയർ എഴുതിയ തൻ്റെ ജയിൽ ജീവിതമായ ‘പാപ്പിയോൺ’ ലോകത്തിലെ എക്കാലത്തെയും മുഴുവൻ തടവുകാരുടെയും വേദപുസ്തകമായി നമുക്ക് കണക്കാക്കാവുന്നത്.
ചെയ്യാത്ത കുറ്റത്തിന് തടവിലാക്കപ്പെട്ട മനുഷ്യൻ എന്ന നിലയിലാണ് ഷാരിയർ ജയിൽ ചാടാൻ നടത്തിയ എല്ലാ പരിശ്രമങ്ങളെയും സ്വയം വിലയിരുത്തുന്നത്. ചെയ്യാത്ത ഒരു കൊലപാതകത്തിൻ്റെ പേരിൽ എങ്ങനെയാണ് ഇതുപോലെ കുപ്രസിദ്ധമായ ഒരു തടവറയിൽ മരണം വരെ കഴിയുക? സൗത്ത് അമേരിക്കയിലുള്ള ഫ്രഞ്ച് ഗയാനയിലെ ഡെവിൾസ് അയലൻ്റിലാണ് ഷാരിയറിനെ പാർപ്പിച്ച ജയിൽ. ചുറ്റും കടൽ!
ജയചന്ദ്രൻ മൊകേരി തൻ്റെ തടവറയിൽ നിന്നും പത്തോ പതിനഞ്ചോ അടി അപ്പുറത്തുള്ള കടലിൻ്റ തിരയനക്കങ്ങൾ തറയിൽ ചെവി ചേർത്ത് ചെരിഞ്ഞു കിടന്ന് ചിലപ്പോൾ കേൾക്കാറുണ്ട്. തക്കിജ്ജയുടെ വായനയിൽ പലപ്പോഴും വായിച്ചു മറന്ന അനേകം ജയിൽ ജീവിതത്തിൻ്റെ ചിത്രങ്ങൾ വായനക്കാരൻ്റെ മനസിലൂടെ മിന്നി മറഞ്ഞ് കടന്നു പോകാതിരിക്കില്ല!
എല്ലാ തടവറകളും മനുഷ്യനെ അവമാനവീകരിക്കുന്ന ഇടമാണ്. പേരുകേട്ട ജനാധിപത്യ രാഷ്ട്രങ്ങളിൽപ്പോലും സ്വാതന്ത്ര്യം എന്നത് ഭരണകൂടം അനുവദിക്കുന്നത്രയും മാത്രമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം ഭരണകൂടത്തിൻ്റെ മനോഭാവത്തിനനുസൃതമാണെന്ന് ഇന്ത്യയിൽത്തന്നെ എത്രയോ തവണ തെളിയിക്കപ്പെട്ടതാണല്ലോ!
ഏകാന്തതയും അനിശ്ചിതത്വവും തടവുകാരനെ, അവൻ്റെ ഓർമ്മകളെ ചിതറിച്ചുകളയുന്നതായി തക്കിജ്ജയുടെ വായനയിൽ നിന്നും അനുവാചകന് മനസിലാകും. ആദ്യസെല്ലിൽ അടക്കപ്പെട്ട് ഇരുമ്പു വാതിലിൻ്റെ ഓടാമ്പൽ ഒച്ചയുണ്ടാക്കി കടന്നു പോയത് തൻ്റെ തലച്ചോറിലൂടെയായിരുന്നു എന്ന് ജയചന്ദ്രൻ ഓർക്കുന്നുണ്ട്. അതോടെ മനസ്സിൽ നിന്ന് ആദ്യം മാഞ്ഞു പോയത് ഇളയ മകളുടെ മുഖമാണ്. തടവറ ഏറ്റവും പ്രിയപ്പെട്ട ചിലതിനെ ഓർമ്മയിൽ നിന്നും ആദ്യം മായ്ച്ചു കളയുന്നു. ജയിൽജീവിതത്തിന് തിരശ്ശീല വീണ് തിരിച്ചെത്തി നേരിൽ കാണുന്നതു വരെ അദ്ദേഹത്തിന് ആ മുഖം ഓർത്തെടുക്കാൻ കഴിയാതെപോയി. അങ്ങനെ മാഞ്ഞുപോയ ഭൂതകാലത്തെ തിരിച്ചുപിടിക്കാൻ വലിയ ശ്രമം തന്നെ ജീവിതത്തിൽ പിന്നീട് അദ്ദേഹത്തിന് നടത്തേണ്ടി വന്നിട്ടുണ്ട്.
ജയചന്ദ്രൻ് മൊകേരിയുടെ ‘തക്കിജ്ജ’ എൻ്റെ ജയിൽ ജീവിതം’ എന്ന പുസ്തകം, നിരപരാധിയായ ഒരു മനുഷ്യൻ എങ്ങനെയെല്ലാം തടവറയ്ക്കകത്ത് അകപ്പെട്ടു പോകാം, വിശേഷിച്ച് മാലദ്വീപ് പോലുള്ള ഒരു രാജ്യത്ത് എന്നതിൻ്റെ യഥാതഥ വിവരണമാണ്. മാലദ്വീപ് എന്ന, രാഷ്ട്രീയ അനിശ്ചിതത്വത്തിന് പേര്കേട്ട ഒരു കൊച്ചു രാജ്യത്തിനകത്ത് എത്ര എളുപ്പത്തിലാണ് മയക്കുമരുന്നും ലൈംഗീക അരാജകത്വവും കുടുംബ ബന്ധങ്ങളെയും അദ്ധ്യാപക -വിദ്യാർത്ഥി ബന്ധങ്ങളെയും ശിഥിലമാക്കുന്നത് എന്ന് തക്കിജ്ജ നമുക്ക് കാണിച്ചുത്തരുന്നു. ഒരു വേള, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് തടവിൽക്കഴിയുന്ന പിതാവിനെയും മകനേയും ഒരേ സെല്ലിൽ കാണേണ്ടി വരുന്നുണ്ട് തക്കിജ്ജയുടെ എഴുത്തുകാരന്. അഗമ്യവും അവിഹിതവുമായ വേഴ്ചകളും കുത്തഴിഞ്ഞ ജീവിതവും ചേർന്ന് കലുഷിതമായിപ്പോയ ഒരു ദേശത്തിൻ്റെ ജീവിതകഥ കുടിയാകുന്നുണ്ട്, ഈ ആത്മകഥാകഥനം!
താൻ ജയിലിലകപ്പെടുന്നതിന് മുൻപു തന്നെ on line എഡിഷനു വേണ്ടി എഴുതിക്കൊണ്ടിരുന്ന കടൽ നീലം മാലദ്വീപിലെ മനുഷ്യരെക്കുറിച്ചുള്ള സൂക്ഷ് മമായ നിരീക്ഷണമാണ്. അവരുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിതത്തെ ‘കടൽ നീലം ‘ ഒന്നും വിട്ടു കളയാതെ ആലേഖനം ചെയ്യുന്നുണ്ട്. അവിടെ പുതുതലമുറയിൽ വലിയ ശതമാനം മയക്കുമരുന്നിനടിമകളാണ്. ‘പാട്ടക’ൾ എന്നാണ് പൊതുവെ ഇവർ അറിയപ്പെടുന്നത്. വിവാഹ ബന്ധങ്ങളിലെ വൈകാരികതലം പൊതുവെ ദുർബലമാണ്.അതുകൊണ്ടുതന്നെ ദാമ്പത്യം മിക്കവാറും അധികനാളുകൾ പിന്നിടുന്നതിന് മുൻപു പിരിഞ്ഞു പോകുന്നതും അത്ര വിരളമല്ലാത്ത സംഭവങ്ങളാണ്. വിദ്യാർത്ഥികൾ അദ്ധ്യാപികമാരോടു പോലും പെരുമാറുന്നത് പലപ്പോഴും സദാചാരത്തിൻ്റെ സർവ്വ സീമകളും ലംഘിക്കുന്ന തരത്തിലാണ്; ഭാഷ അശ്ലീലവും. കുടുംബ ബന്ധങ്ങളുടെ ശൈഥില്യവും ആരും ശ്രദ്ധിക്കാനില്ലാത്ത കൗമാരവും കുട്ടികളുടെ ജീവിതത്തെ താളംതെറ്റിക്കുന്നു. ക്ലാസ് മുറികൾ പലപ്പോഴും അധ്യാപകർക്ക് കടുത്ത പീഡാനുഭവങ്ങളായി മാറുന്നു.
അനുസരിപ്പിക്കാനുള്ള ഏതു ശ്രമത്തേയും വിദ്യാർത്ഥി പ്രതികാരത്തോടെ കണ്ടുകൂടെന്നില്ല. അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ രണ്ടു വ്യക്തിത്വങ്ങളും ജയചന്ദ്രൻ മൊകേരിയുടെ ദ്വീപിലെ പീഡനപർവ്വത്തിന് കാരണമാകുന്നുണ്ട്. നാട്ടിലെ സാമാന്തരപാoശാലകളിലെ അദ്ധ്യാപനത്തിൻ്റെ ഭൂതകാലം ആവേശിക്കുന്ന സന്ദർഭങ്ങളിലാണ് വിദ്യാർത്ഥികളെ അനുനയിപ്പിക്കാനും അനുസരിപ്പിക്കാനും അദ്ദേഹം വൃഥാ ശ്രമിച്ചു പോകുന്നത്. അത്തരം ഒരു സന്ദർഭമാണ് വിദ്യാർത്ഥിയെ ഒരു വ്യാജ പരാതി ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. പിന്നീട് രക്ഷിതാക്കൾക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടതോടെ അവർ പരാതി പിൻവലിക്കുന്നു. എന്നാൽ ജയചന്ദ്രൻ മൊകേരി എന്ന എഴുത്തുകാരൻ ദ്വീപിനെക്കുറിച്ചുള്ള എഴുത്തിലൂടെ തൻ്റെ നിരീക്ഷണങ്ങൾ വായനക്കാരുമായി പങ്കുവെച്ചത് യാഥാസ്ഥിതികരിൽ അസഹിഷ്ണുത വളർത്തിയിരുന്നു. കിട്ടിയ അവസരത്തെ അവർ ഗൂഢാലോചനയിലൂടെ ഉപയോഗപ്പെടുത്തുകയായിരുന്നു.
‘അദ്ധ്യാപകർ പഠിപ്പിക്കുന്നത് നാളെ ജയിലിലാകുമോ എന്ന ഭയത്തോടെയാണോ ‘എന്ന് ആശങ്കപ്പെടുന്ന ഒരു ചോദ്യം ബഹുമാനപ്പെട്ട ജസ്റ്റിസ് ബദറുദീൻ ഉന്നയിക്കുന്ന ഒരു സാഹചര്യം കഴിഞ്ഞ നാളുകളിലൊന്നിൽ കേരള ഹൈക്കോടതിയിലുണ്ടായി. ഏഴാം ക്ലാസ്സുകാരനെ ശകാരിച്ച അദ്ധ്യാപകനെതിരെയുണ്ടായ കേസിനെ ആസ്പദമാക്കിയാണ് അത്തരമൊരു പരാമർശത്തിന് ഹൈക്കോടതി വേദിയായത്. യഥാർത്ഥത്തിൽ കുട്ടികളുടെ അവകാശങ്ങളോളം പ്രധാനപ്പെട്ടതാണ് അവരുടെ ഭാവിയിലേക്ക് അവരെ കരുപ്പിടിപ്പിക്കേണ്ട ഉത്തരവാദിത്തങ്ങളും. എന്നാൽ ആ അർത്ഥത്തിൽ ഈ ആശയത്തെ ഉൾക്കൊള്ളാൻ കേരളത്തിലെ രക്ഷാകർത്താക്കൾക്കു പോലും കഴിയുന്നില്ലെന്നു വന്നാൽ? പിന്നെ മാലദ്വീപ് പോലെ ഒരു രാജ്യത്ത് എന്താണ് പ്രതീക്ഷിക്കാനുള്ളത് !
അന്യരാജ്യങ്ങളിലൊന്നിൽ,ജീവനം തേടിയെത്തുമ്പോഴും തൊഴിലിലെ ധാർമ്മികതയെ മറ്റെല്ലാം മറന്ന് മുറുകെപ്പിടിക്കാൻ വിധിക്കപ്പെട്ട നിസ്സഹായനായ ഒരു അദ്ധ്യാപകൻ്റെ കേരളീയമായ അദ്ധ്യാപന അനുഭവങ്ങളും ചില സന്ദർഭങ്ങളിൽ ഭൂതകാല ജീവിതത്തിൻ്റെ ഓർമ്മകളായി പുറത്തു വരുന്നത് ഈ കൃതിയിലൂടെ വായനക്കാരന് അനുഭവിക്കാൻ കഴിയും. അയവെട്ടുന്ന അനുഭവങ്ങളാകെ, ഒരു സമൂഹത്തെ ഉണർത്തി ഉയർത്താനുള്ള ഊർജ്ജമാകണമെന്ന നിഷ്കളങ്കമായ ഉദ്ദേശ്യം ഈ കൃതിയിൽ എല്ലായിടത്തും തെളിഞ്ഞു കിടക്കുന്നതായി കാണാം. ‘തക്കിജ്ജ’ ജയചന്ദ്രൻ മൊകേരിയുടെ തന്നെ ‘കടൽ നീലവു ‘ മായി ചേർത്തുവെച്ച് വായിക്കുമ്പോൾ അത് ദ്വീപ് രാഷ്ട്രത്തിൻ്റെ ആരിലും നൊമ്പരമുളവാക്കുന്ന ജീവചരിത്രം കൂടിയായി മാറുന്നു.
കവർ: ജ്യോതിസ് പരവൂർ