പൂമുഖം LITERATUREനിരൂപണം കഥാവാരം – 32

കഥാവാരം – 32

“പേരുകേട്ട ഭിഷഗ്വരൻ ആയിരുന്നു എന്റെ അമ്മാവൻ. വൈദ്യശാസ്ത്രം കൂടാതെ പല ഭാഷകളിലും അഗാധമായ അവഗാഹം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഇംഗ്ലീഷ്, മലയാളം, അറബിക്, ഉറുദു എന്നിവ അവയിൽ ചിലത്. ഈ ഭാഷകളിലെ പ്രധാനപ്പെട്ട എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കുക എന്നത് അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ള ആൾക്കാരാൽ ബഹുമാനിക്കപ്പെട്ടിരുന്നു അദ്ദേഹം. വായനയും പഠനവും ഗവേഷണവും കൊണ്ട് ജീവിതം സാർത്ഥകമാക്കിയ അമ്മാവനോട്‌ അധികമൊന്നും എനിക്ക് അടുപ്പമില്ലെങ്കിലും അവരുടെ മക്കളോട് എനിക്ക് അഗാധമായ ബന്ധം ഉണ്ടായിരുന്നു.”

മുകളിൽ കൊടുത്ത ഖണ്ഡിക വായിച്ചാൽ ഒരു ശരാശരി വായനക്കാരൻ പറയും ഒരു വ്യക്തിയെക്കുറിച്ചുള്ള വെറും വിവരണം മാത്രമാണിത് എന്ന്. ഒരിക്കലും ഒരു നല്ല കഥയുടെ തുടക്കമല്ല ഇത് എന്ന് അവർ പറയും. അമ്മാവൻ എന്ന കഥാപാത്രത്തെക്കുറിച്ച് എന്റെ വായനക്കാർക്ക് മനസ്സിലാകുവാൻ വേണ്ടി ഇങ്ങനെ നെടു നീളത്തിൽ എഴുതിവച്ചാൽ, കഥ പറയാനുള്ള മൗലിക പ്രതിഭ എനിക്കില്ല എന്ന് ഞാൻ സമ്മതിച്ചേ തീരൂ.

ഒന്നോ രണ്ടോ വാചകങ്ങളിൽ ഒരാളെ കുറിച്ച് പറയുന്നത് പോലെയല്ല, കഥയിൽ ഒന്നോ രണ്ടോ പേജുകളിൽ ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ സവിശേഷതകൾ പറയുന്നത്. കഥ പുരോഗമിക്കുന്നതിന് അനുസരിച്ച് കഥാപാത്രങ്ങളുടെ വ്യക്തിത്വം വായനക്കാരനിലേക്ക് എത്തിച്ചുകൊടുക്കാൻ കഥ കൊണ്ട് കഴിയുന്നില്ലെങ്കിൽ, ഭാവന കൊണ്ട് കഥയെ ചലനാത്മകമാക്കുന്ന പ്രതിഭ എനിക്കില്ല എന്ന് ഞാൻ അംഗീകരിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഒരു കഥയെ ഏറ്റവും ചുരുങ്ങിയ വാക്കുകൾ കൊണ്ട് വികസിപ്പിക്കുന്നത് എങ്ങനെ എന്ന് കഥകൾ വായിച്ചും അപഗ്രഥിച്ചും മനസ്സിലാക്കി, എഴുതിയ കഥയെ വീണ്ടും വീണ്ടും തിരുത്തി സ്വയം ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു.

അഷ്ടമൂർത്തി

മാതൃഭൂമി വാരികയിൽ ഈ ലക്കം അഷ്ടമൂർത്തിയുടെ, ‘എഴുത്തുകാരന്റെ വീട്’ എന്ന കഥയാണ്. നിഗൂഢതകളുടെ സമാഹാരമായിരുന്ന ഒരു എഴുത്തുകാരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കവർസ്റ്റോറി തയ്യാറാക്കാനായി നിയോഗിക്കപ്പെട്ട പത്രപ്രവർത്തകനാണ് അഷ്ടമൂർത്തിക്കഥയിലെ ആഖ്യാതാവ്. നാട്ടിൽ നിന്നും ആവശ്യമായ വിവരങ്ങൾ കിട്ടാതെ വന്നപ്പോൾ പത്രാധിപർ ഇദ്ദേഹത്തെ വിദേശത്തേക്ക് അയക്കുകയാണ്. അവിടെവച്ച് മരണപ്പെട്ട എഴുത്തുകാരനെക്കുറിച്ച് അറിയാൻ ആ നാട്ടിൽ ഇപ്പോൾ താമസിക്കുന്ന പഴയ സഹപാഠിയായ മീരയെ സമീപിക്കുന്നു. മീരയുടെ ഭർതൃപിതാവായ കൈമൾ സാർ, ശീലാബതി എന്ന തൂലികാനാമത്തിൽ സാഹിത്യ രചന നടത്തിയ എഴുത്തുകാരന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എന്ന കാര്യം ആഖ്യാതാവ് മനസ്സിലാക്കുന്നത് അങ്ങനെയാണ്.

ആദ്യത്തെ നോവലിന് തന്നെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയും, അതു നിരസിക്കുകയും ചെയ്ത ശീലാബതിയെക്കുറിച്ച് അറിയാൻ ആകെയുള്ള സ്രോതസ്സ് കൈമൾ സാർ മാത്രം. വളരെ കുറച്ച് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും നേരിട്ട് മനസ്സിലാക്കി, ഒരുകാലത്ത് ശീലാബതി താമസിച്ചിരുന്ന വീട്ടിലേക്ക് മീരയോടൊപ്പം തിരിക്കുന്നു കഥാനായകൻ. കൈമൾ സാർ പറഞ്ഞ സൂചന വെച്ച് കണ്ടെത്തിയ വീട്ടിൽ താമസിച്ചിരുന്ന ചൈനക്കാരിക്ക് പക്ഷെ അയാളെ കുറിച്ച് യാതൊരു വിവരവുമില്ല. അത്രയും കേട്ടതിന് ശേഷം, ആ പാർപ്പിട സമുച്ചയത്തിന്റെ ഫോട്ടോയെടുത്ത് ഭഗ്നാശരായി തിരിച്ചു വരുന്ന ആഖ്യാതാവും സുഹൃത്തുമാണ് കഥാന്ത്യത്തിൽ.

ഒഴുക്കൻ മട്ടിൽ വായിച്ചു പോകാവുന്ന ഒരു ഫീൽ ഗുഡ് കഥയായിട്ടാണ് ഇതു വരെ ഇക്കഥയെ ഞാൻ കണ്ടത്. പക്ഷേ, അവിചാരിതമായാണ് കഥാന്ത്യത്തിലെ മീരയുടെ രണ്ടു വാചകങ്ങൾ, അവിശ്വസനീയമാം വിധത്തിൽ കഥയെ പുനർനിർമ്മിക്കുന്നത് ഞാൻ കാണുന്നത്. അത്ഭുതം തോന്നി. കഥയാകെ തലകീഴായി മറിഞ്ഞ് എന്നെ വേറെ വിധത്തിൽ ചുറ്റിയ പ്രതീതി.
ശീലാബതിയെ കൈമൾ സാറായി ഞാൻ കണ്ടത് അങ്ങനെയാണ്.

പലപ്പോഴും ആഖ്യാതാവിലാണ് എഴുത്തുകാരനെ വായനക്കാർ കാണുക. ഈ കഥയിൽ ഒരു ശരാശരി വായനക്കാരനാണ് ആഖ്യാതാവ്. അയാളുടെ തൊട്ടടുത്ത് കഥാകൃത്തുണ്ട്. “നീയെത്ര കുഴിച്ചു നോക്കിയാലും യഥാർത്ഥ ശിലാവതിയെ നിനക്ക് കിട്ടില്ല. അതുറപ്പ്” എന്ന് നമ്മോട് പറയുന്നു മീരയാണ് കഥാകൃത്തിന്റെ നാക്ക്. കഥ നിർത്തിയതിനുശേഷം, ആ സവിശേഷ ബിന്ദുവിൽ നിന്നുകൊണ്ട് തുടക്കം മുതൽ ഒന്നുകൂടി വായിപ്പിക്കുകയും, വെറുതെ വായിച്ചു പോകാവുന്ന കഥയ്ക്ക് വിചിത്രങ്ങളായ പുതിയ അർത്ഥതലങ്ങൾ ചമയ്ക്കുകയും ചെയ്യുന്ന അസാധാരണമായ ഒരു കഥയാക്കി ഈ സൃഷ്ടിയെ മാറ്റുകയും ചെയ്തിരിക്കുന്നു
അഷ്ടമൂർത്തി.

“ഒറ്റ സ്നാപ്പിൽ വീടുകളുടെ ചിത്രമൊതുക്കി നീയ് ശീലാബതിയുടെ ജീവിതത്തിന് തെളിവ് ഉണ്ടാക്കി”. മീരയുടെ, കഥാകൃത്തിന്റെ, ഈ വാചകം വഴി നമ്മൾ മനസ്സിലാക്കുന്നു ആ പാർപ്പിട സമുച്ചയത്തിൽ ഒന്ന് ശീലാബതിയുയുടെതായിരുന്നു എന്ന്. തീർച്ചയായും അവയിൽ ഒന്നിൽ തന്നെയായിരുന്നല്ലോ ശീലാബതിയെക്കുറിച്ച് എല്ലാമെല്ലാമറിയുന്ന കൈമൾ സാറിന്റെയും താമസം!

കഥയുടെ ഏറ്റവും അവസാനത്തെ വാചകം, മുൻപ് പറഞ്ഞ എല്ലാ കാര്യങ്ങൾക്കും സാധൂകരണവും നൽകുന്നു. ഒരു സാധാരണ കഥയെ, ഒരൊറ്റ വാചകം മാത്രം കൊണ്ട് അസാധാരണ കഥയാക്കി മാറ്റിയ മായാജാലമാണ് എനിക്ക് കാണാനായത്.

എ പി സജിഷ

മാധ്യമം വാരികയിലെ ആദ്യത്തെ കഥ എ പി സജിഷയുടെ ‘തീവ്ര ലെഫ്റ്റ്’ ആണ്. നിസ്സാരമായ കാരണങ്ങളാൽ മാത്രം പ്രിയപ്പെട്ടവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ലെഫ്റ്റ് അടിച്ചു പോകുന്ന വിനയയുടെ കഥയാണിത്.

സുഹൃത്തുക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ, തുരങ്കപാതയിലൂടെ യാത്ര പോകുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അസ്വസ്ഥയാകുന്നു വിനയ. തുടർന്ന് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് അടിച്ചു പോകുന്നു.
“ഇടത്തോട്ടോ വലത്തോട്ടോ മുകളിലോട്ടോ ചായാൻ ആവാതെ ഒറ്റവഴി മാത്രമുള്ള തുരങ്കങ്ങൾ എന്നും ഒരു ശ്വാസംമുട്ടലാണ്. ഓരോ വാട്സ്ആപ്പ് ഗ്രൂപ്പിനുള്ളിലും ഒരു തുരങ്കം ഒളിഞ്ഞിരിപ്പുണ്ട്.”

ഈ ഗഹനമായ സിദ്ധാന്തംകണ്ട് കണ്ണുതള്ളിയ വായനക്കാരൻ അടുത്ത ഭാഗം കൂടി വായിക്കണം. ഫേസ്ബുക്കിൽ നിന്നും ഡിആക്ടിവേറ്റ് ചെയ്തു പോകാൻ തീരുമാനിക്കുന്നതും, ആ സമയത്ത് താൻ മരിച്ചു പോയാൽ തന്റെ പഴയ ഫോട്ടോ ആയിരിക്കും എഫ്ബിയിൽ ഷെയർ ചെയ്യപ്പെടുക എന്നതിനാൽ തീരുമാനം ഉപേക്ഷിക്കുന്നതും, തുടങ്ങി വളരെ ബാലിശമായ കുറേ കാര്യങ്ങൾ പറയുന്നു എഴുത്തുകാരി.

കുട്ടിക്കാലത്ത് ഉണ്ടായ ഒരു കാര്യം ഉപബോധമനസ്സിൽ ആണ്ട് കിടക്കുന്നതിനാൽ ഒരുതരം Obsessive compulsive disorder അനുഭവിക്കുന്നവളാണ് കഥാ നായിക എന്ന് കഥാന്ത്യത്തിൽ നമുക്ക് മനസ്സിലാകും. ആ ഒരു കഥാതന്തുവിനെ കേന്ദ്രീകരിച്ചുകൊണ്ട് ഒരു കഥാപാത്രത്തിന്റെ അജ്ഞാതമായ മാനസികാവസ്ഥയിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നതിൽ വിജയിക്കുന്നില്ല എഴുത്തുകാരി. കഥാകൃത്ത് പറഞ്ഞതുപോലെ, തുരങ്കങ്ങൾ വിനയയ്ക്ക് എത്രത്തോളം മടുപ്പിക്കുന്നതാണോ അത്രത്തോളം മടുപ്പിക്കുന്നതാണ് വായ്നക്കാർക്ക് ഈ കഥ. ആ വിരസതയുടെ കിരീടത്തിൽ പതിക്കാൻ പറ്റുന്ന പൊൻതൂവൽ ആണ് അവസാന ഖണ്ഡിക.

പ്രകാശ് മാരാഹി

‘നിഗൂഢം’ എന്ന തലക്കെട്ടിൽ പ്രകാശ് മാരാഹി എഴുതിയ കഥയാണ് മാധ്യമത്തിൽ രണ്ടാമത്തേത്. ഒരുവട്ടം കുറ്റവാളിയാക്കപ്പെട്ട വ്യക്തിയോട് സമൂഹം കൽപ്പിക്കുന്ന അസ്പൃശ്യത, അയാളുടെ മനസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നല്ല വിവരണം ആയിട്ടാണ് കഥ അനുഭവപ്പെടുക. അയാളുടെ സാന്നിദ്ധ്യമോ ശബ്ദമോ സമൂഹം ആഗ്രഹിക്കുന്നതേയില്ല. തന്റെ ശബ്ദം സ്വയം കേൾക്കുക എന്നതല്ലാതെ മറ്റുള്ളവരെ കേൾപ്പിക്കാൻ കഴിയാത്ത ദയനീയാവസ്ഥ പേറുന്ന ആഖ്യാതാവ് വായനക്കാരുടെ മനസ്സിൽ കയറിപ്പറ്റുന്നുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും ഭാഷയറിയാവുന്ന, തന്റെ ജയിൽ കൂട്ടാളി ആയിരുന്ന ചന്ദ്രന്റെ അടുത്തേക്ക് പോകുന്നു കഥാവസാനത്തിൽ ഇയാൾ. ഒരു കൂട്ടം മൃഗങ്ങളുടെ മുമ്പിലിരുന്ന് അവരോട് പ്രസംഗിക്കുന്ന ചന്ദ്രനോട്, തനിക്കും ആ ഭാഷ പഠിക്കണം, അവരെപ്പോലെ സ്വതന്ത്രമായി ജീവിക്കണം എന്ന് പറയുമ്പോൾ, കഥാനായകന്റെ വായിൽ നിന്നും മനുഷ്യ ഭാഷയ്ക്ക് പകരം മൃഗതുല്യമായ ഓലിയിടൽ മാത്രമേ പുറത്തുവന്നുള്ളൂ.

ഒഴുക്കോടെ വായിച്ചു പോകാൻ പറ്റുന്ന ഭേദപ്പെട്ട ഈ കഥയ്ക്ക് ഉയർന്ന ദാർശനിക തലം കൂടെയുണ്ട് എന്ന് സൂക്ഷ്മ വായനയിൽ ബോധ്യപ്പെടും. പക്ഷേ, ഏതൊരു നല്ല കഥയുടെയും പ്രധാന ഗുണമായ മിതഭാഷണം ചിലയിടത്ത് നഷ്ടപ്പെടുന്നതിനാൽ, കഥയുടെ കേന്ദ്രത്തിൽ നിന്നും തെന്നിമാറുന്ന അവസ്ഥ വരുന്നു. അതിനാൽ അത്രത്തോളം കഥയുടെ ഔന്നത്യത്തിലേക്ക് എത്തിച്ചേരുന്നതിൽ ‘നിഗൂഢം’ പൂർണ്ണ വിജയം പ്രാപിക്കുന്നുമില്ല. അപ്പോഴും. ഭേദപ്പെട്ട കഥ തന്നെയാണ് ഇത്.

സമകാലിക മലയാളം വാരികയിൽ ഇപ്രാവശ്യം ധന്യാരാജ് എഴുതിയ നാനാർത്ഥം എന്ന കഥയുണ്ട്.
അറിയപ്പെടുന്ന ചരിത്രകാരനായ ജെ കെ ജയദേവന്റെ അനന്തരവളാണ് നമ്മോട് കഥ പറയുന്നത്. ബുദ്ധിജീവിയും സാഹിത്യകാരനുമായ ഈ ചരിത്രകാരന്റെ ഭാര്യയ്ക്ക് അജ്ഞാതരായ സ്ത്രീകളിൽ നിന്ന് വരുന്ന കത്തുകളിൽ കൂടി കഥ വികസിക്കുന്നു. പരമരഹസ്യമായ ഇക്കാര്യങ്ങളൊക്കെ അനന്തരവളോട് ചരിത്രകാരന്റെ ഭാര്യ വിശദീകരിക്കുന്നു. അമ്മാവന് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്ന് സ്ഥാപിക്കുന്നു വാർദ്ധക്യത്തിലേക്ക് എത്തിയ അമ്മായി. ഒരു കുറ്റാന്വേഷകയുടെ ജിജ്ഞാസയുണ്ടായ മരുമകൾ, പഴയകാലത്ത് തനിക്ക് അമ്മായി അയച്ചിരുന്ന കത്തുകളെ പൊടിതട്ടി നോക്കുന്നു. അപ്പോൾ മനസ്സിലാകുന്നു അമ്മായി കാണിച്ചുകൊടുത്ത കത്തുകളിലെയും ഇതിലെയും കൈയ്യക്ഷരങ്ങൾക്ക് വല്ലാത്ത സാമ്യമുണ്ടെന്ന്. വായനക്കാർ ഞെട്ടുന്നു. എഴുത്തുകാരനും ചരിത്രകാരനുമായ, പുസ്തകത്തെയും വായനയെയും അഗാധമായി സ്നേഹിച്ചിരുന്ന ജെ കെ ജയദേവൻ, ജീവിതത്തിൽ, തന്റെ നല്ല പാതിയോട് നീതി കാണിച്ചിരുന്നില്ല എന്നും സംസാരിക്കുവാനോ നല്ല സമയം ചെലവഴിക്കുവാനോ മെനക്കെടാതെ അവരെ അവഗണിച്ചിരുന്നു എന്നുമുള്ള സത്യം നമ്മൾ മനസ്സിലാക്കുന്നു. ആ ഒരു മാനസിക സമ്മർദ്ദത്തിൽ നിന്നും രക്ഷപ്പെടാൻ ഈ സമയത്ത് ഒരു ഭാവനാ ലോകം പണിതതാണ് ചരിത്രകാരന്റെ ഭാര്യ. ഇതാണ് കഥ. ഇതു മാത്രമാണ് കഥ. അവസാനത്തെ ട്വിസ്റ്റ് വരെ തനി പൈങ്കിളി എന്നോ പല പല വട്ടം ആവർത്തിക്കപ്പെട്ട കാര്യമെന്നോ പറയാം. പുതുതായി എഴുത്തുകാരി ചേർത്ത സംഭവം പ്രത്യേകമായ കൗതുകം ഒന്നും തരാത്ത വെറും പറച്ചിൽ മാത്രം. ‘എത്രയെത്ര സംഭവങ്ങൾ…. രൂപഭാവങ്ങൾ. അതിൽ ഏതാണ് ശരിക്കുമുള്ള ജലജ അമ്മായി?’ ഇങ്ങനെ ഒരു നിരീക്ഷണം കൂടി നടത്തുന്നു കഥ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് എഴുത്തുകാരി.
ഇത് കഥയുടെ സംഗ്രഹം മാത്രമാണ്. പക്ഷേ ഈയൊരു വികാരത്തിന് അപ്പുറം ഒരു വികാരവും കഥ പൂർണമായി വായിക്കുന്നത് കൊണ്ടുണ്ടാകുന്നില്ല. മാത്രമല്ല വിരസത ഒന്നുകൂടി കൂടും എന്നേ പറയാനുള്ളൂ.

കഥാപാത്രങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് നമ്മൾ മനസ്സിലാക്കുന്നത്, കഥ വികസിക്കുന്നതിനനുസരിച്ചാണ്. അല്ലാതെ കഥാകൃത്ത് നേരിട്ട് വന്ന് അയാളുടെ ജാതകം നമ്മോട് പറയുമ്പോൾ അല്ല. കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ, പശ്ചാത്തലം തുടങ്ങിയവ സമർത്ഥമായി കഥയിൽ എങ്ങനെ സന്നിവേശിപ്പിക്കണം എന്നറിയണമെങ്കിൽ ബഷീർ കാരൂർ തകഴി തുടങ്ങിയ പഴയകാല എഴുത്തുകാരെ വായിച്ചു നോക്കണമെന്നില്ല. സമകാലികരായ കഥാകൃത്തുക്കളുടെ നല്ല കഥകൾ വായിച്ചു നോക്കൂ. കഥ എന്താണെന്ന് അറിയാം. ചുരുക്കിപ്പറഞ്ഞാൽ ഇതൊരു കഥയല്ല. ഇത് കഥയാണെന്ന് എഴുത്തുകാരിക്കും പത്രാധിപർക്കും വിചാരിക്കാം. കോടതി കേസുകളിൽ കേസിനെതിരിൽ വാദിക്കുവാൻ വക്കീലന്മാർ എഴുതിക്കൊടുക്കുന്ന വസ്തുതാവിവരണ പത്രികയും ഇതും തമ്മിൽ ഭാവനയുടെ കാര്യത്തിൽ ഒരു വ്യത്യാസവുമില്ല.

വിമീഷ് മണിയൂർ

വിമീഷ് മണിയൂർ എഴുതിയ ‘ചാണകം’ എന്ന കഥയുണ്ട് ദേശാഭിമാനി വരികയിൽ. സുഖദേവ് റാം എന്ന പേരിൽ കേരളത്തിൽ താമസിക്കുന്ന ഛത്തീസ് ഗഡുകാരനാണ് കഥാനായകൻ. നഗരത്തിലെ ഇറച്ചിക്കടയിലേക്ക് കൊണ്ടുവരുന്ന ആടുമാടുകളുടെ പരിചാരകനായിരുന്നു ഇയാൾ. കഥയ്ക്കിടയിൽ ഒരുപാട് കാര്യങ്ങൾ കഥാകൃത്ത് പറയുന്നുണ്ട്. സുഖദേവ് റാമിന്റെ ചെറുപ്പകാലവും നാലുനേരം ഭക്ഷണം കഴിക്കാൻ ഇല്ലാതിരുന്ന അവസ്ഥയും, വിശപ്പടക്കാൻ വേണ്ടി ജോലി ചെയ്യാൻ ചെന്ന് ചേർന്ന് വീട്ടിലെ ജോലിക്കാരിയോട് ഇഷ്ടം തോന്നിയതും അവളെ വിവാഹം കഴിച്ചതും പിന്നെ മെച്ചപ്പെട്ട തൊഴിൽ തേടി കേരളത്തിലേക്ക് എത്തിച്ചേർന്നതും ഒക്ക.

കഥയുടെ തുടക്ക ഭാഗത്ത് ആടുമാടുകളോട് തന്റെ ദുഃഖം പറഞ്ഞുകൊണ്ട് ജോലി എടുക്കുന്ന സുഖദേവ് റാമിനെ കണ്ടപ്പോൾ ചെക്കോവിന്റെ മിസറി എന്ന കഥ ഓർത്തുപോയി. ആദ്യപേജ് പൂർത്തിയാക്കിയതിനു ശേഷം പിന്നീട് കഥ അനാവശ്യവിവരണങ്ങളാൽ സമ്പന്നമാകുന്നതാണ് കണ്ടത്. കഥ അവസാനിക്കുമ്പോൾ ഏതൊരു വികാരമാണോ വായനക്കാരിലേക്ക് സംക്രമിപ്പിക്കാൻ എത്തുകാരൻ ശ്രമിച്ചത്, അത് അത്രത്തോളം ഫലപ്രദമാകാതെ പോയതായിട്ടാണ് അനുഭവപ്പെട്ടത്. സ്ഥൂലത കഥയ്ക്ക് ഗുണം ചെയ്യില്ല. സൂചകങ്ങൾക്ക് പകരം അമിതമായി പരത്തി പറയുന്നത് കഥയിൽ നിന്നും വായനക്കാരനെ അകറ്റി നിർത്തും. ഭേദപ്പെട്ട സൃഷ്ടിയാകുമായിരുന്ന കഥ, എഴുത്തുകാരന്റെ കയ്യിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ടതായി വ്യക്തമായി മനസ്സിലാകുന്നു ഇടയ്ക്ക്. ആഖ്യാതാവ് മാറിപ്പോകുന്ന ദുരവസ്ഥ. ആദ്യം കഥ പറയുന്നത് സുഖദേവ് റാം ആണെങ്കിൽ, പിന്നീട് അത് ഞാൻ ആയി മാറുന്നു. കുറച്ചുകഴിഞ്ഞ് വീണ്ടും അയാൾ അഥവാ സുഖദേവ് റാം ആകുന്നു.

അശ്രദ്ധവും അലസവുമായ എഴുത്തുകാരണം കഥ ആസ്വദിക്കുന്നതിൽ നിന്നും വായനക്കാരനെ മാറ്റിനിർത്തുന്നു ഈ എഴുത്ത്. അല്ലെങ്കിൽ അവസാന ഖണ്ഡികയിൽ കഥാകൃത്ത് പറഞ്ഞ കാര്യത്തെ, കഥ നിർത്തിയ ബിന്ദുവിനെ, സുഖദേവ്റാമിന്റെ ഭൂതകാലത്തിലേക്ക് ബന്ധിപ്പിക്കുകയും, മരിച്ചുപോയ കുഞ്ഞിലേക്ക് വായനക്കാരുടെ ഓർമ്മയെ കൊണ്ടുപോവുകയും ചെയ്തേനേ കഥ. അത്തരമൊരു വൈകാരികത സൃഷ്ടിക്കുന്നതിൽ അസമർത്ഥമാണ് കഥയുടെ ഒടുക്കം.

( കഥാപാത്രങ്ങൾ തുടർച്ചയായി സംസാരിക്കുകയാണെങ്കിൽ വായനക്കാർക്ക് ബോറടിക്കും. അതിനാൽ അവരുടെ ശ്രദ്ധ മറ്റു കഥാന്തരീക്ഷത്തിലേക്ക് ക്ഷണിക്കുക. കഥയുടെ കേന്ദ്രത്തിൽ നിന്നും തെന്നി മാറാതെ എങ്ങനെ വായനക്കാരെ സമർത്ഥമായി ഇത്തരം സന്ദർഭങ്ങളിൽ വായനയിൽ തളച്ചിടാം എന്ന് അഷ്ടമൂർത്തിക്കഥ വായിക്കുന്നതോടുകൂടി മനസ്സിലാകും )

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like