പൂമുഖം LITERATUREനിരൂപണം കഥാവാരം – ഭാഗം 42

കഥാവാരം – ഭാഗം 42

മാതൃഭൂമി വാരികയുടെ നാല്പത്തിനാലാം ലക്കത്തിൽ വികെ ദീപ എഴുതിയ കഥയാണ് ‘ജീവനകല’. രണ്ടാനച്ഛന്റെ ആക്രമണത്തിൽ നിന്നും സദാ രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എബിറ്റ എന്ന പെൺകുട്ടി. പിഴച്ചു പെറ്റവൾ എന്ന് സമൂഹത്താൽ മുദ്രകുത്തപ്പെട്ട്, ഭ്രാന്തിയായി കഴിയുന്ന സ്ത്രീയുടെ മകനായ അജു. ഇവരാണ് കഥയുടെ തുടക്കത്തിൽ. ചെറുപ്പം മുതലേ ഇവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ അമ്മമാരെപ്പോലെ. അജുവിന് പക്ഷേ എബിറ്റയോടുള്ളത് പ്രണയമാണ്. അതിൽ ഏറെ ക്ഷുഭിതയാണ് അവൾ. ഇത്രയും അടുത്തറിയാവുന്ന വളരെ നല്ല സുഹൃത്തായ തന്റെ നേർക്കുള്ള അജുവിന്റെ പ്രണയത്തോട് നീരസവും വെറുപ്പും പുച്ഛവുമുണ്ട് എബിറ്റയ്ക്ക്. തന്നെ നശിപ്പിക്കാൻ നടക്കുന്ന രണ്ടാനച്ഛനെ തകർത്തെറിയുക എന്നതാണ് അവളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. അമ്മയുടെ മരണ ശേഷം അവളെ നോക്കി വളർത്തുന്നത് താത്തിയമ്മയാണ്. രണ്ടാനച്ഛൻ ജെയിംസ് കൊണ്ടുവന്ന മുന്തിരി കൊണ്ട് ഉണ്ടാക്കിയ വാറ്റിൽ വിഷം ചേർത്ത് അയാളെ കൊല്ലാക്കൊല ചെയ്യാനുള്ള പദ്ധതി വിജയിക്കുന്നത് ഓർത്ത്, അതിലേക്ക് തുറക്കാൻ വേണ്ടി കണ്ണടച്ച് കിടക്കുന്ന എബിറ്റയിൽ കഥ തീരുന്നു.

വി കെ ദീപ

ഇതാണ് കഥയുടെ സംഗ്രഹം. ഒരിക്കലും ഒരു കഥയുടെ സൗന്ദര്യം, അതിന്റെ സംഗ്രഹം പറഞ്ഞുകൊണ്ട് അനുഭവിപ്പിക്കാൻ സാധ്യമല്ല. പക്ഷേ കഥയുടെ ആശയം മനസ്സിലാക്കാം. പ്രമേയം എന്താണെന്ന് വായനക്കാർക്ക് പിടികിട്ടും. അനവധി അനവധി ആവർത്തനങ്ങൾ ഉണ്ടായ അറു പഴഞ്ചൻ പൈങ്കിളി വിഷയമാണിത്.

പ്രമേയത്തിൽ പുതുമ ഇല്ലാത്തതുകൊണ്ട് മാത്രം ഒരു കഥ നല്ലതല്ലാതാകുന്നില്ല. എഡിറ്റിംഗ്, ഭാഷ, അവതരണം, കഥാപാത്രങ്ങളുടെ ചിത്രീകരണം, കഥയുടെ വികസ്വര സ്വഭാവം, ഒടുക്കം തുടങ്ങിയവയും പരിഗണിക്കേണ്ടതുണ്ട്.

‘അതിജീവനം’ ആരംഭിക്കുന്ന; “തലയ്ക്ക് ചുറ്റും നിശബ്ദത മണിയനീച്ചയെപ്പോലെ വട്ടംചുറ്റുന്നതിന്റെ അസ്വസ്ഥത സഹിക്കാനാവാതെ…..” എന്ന വാചകത്തോടെ; അതിന്റെ അർത്ഥം ഉണ്ടാക്കുന്ന അസ്വസ്ഥത എന്നെയും ഭരിച്ചു. സുന്ദരമായ പദപ്രയോഗമാണെന്ന് ചിലർക്ക് തോന്നുന്നുണ്ടാകാം. അതൊരു അസംബന്ധ പ്രയോഗമായി എനിക്ക് തോന്നുന്നു.

തുടക്കത്തിലെ എബിറ്റ, അജു എന്നീ പേരുകളുടെ ആവർത്തനം കണ്ടാൽ തന്നെ കഥയെത്ര മാത്രം എഡിറ്റ് ചെയ്യപ്പെടാത്തതാണെന്ന് മനസ്സിലാകും. ‘ആരാണീ പാതിരാ നേരത്തെന്ന്’ എഴുതി രണ്ട് വാക്യങ്ങൾക്ക് ശേഷം ‘ എന്താണീ പാതിരാ നേരത്തെന്ന്’ കഥാപാത്രത്തെ കൊണ്ട് ചോദിപ്പിക്കുന്നത് കഥയുടെ രൂപ ശില്പത്തെക്കുറിച്ച് എഴുത്തുകാരിക്ക് ശ്രദ്ധയില്ലാത്തത് കൊണ്ടാണ്.

തന്റെ കാമുകിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന അവളുടെ രണ്ടാനച്ഛനോടുളള അജുവിന്റെ പ്രതികാരബുദ്ധി എഴുത്തുകാരി വിശദീകരിക്കുന്നത് തട്ടുപൊളിപ്പൻ സിനിമയിലെ വിലകുറഞ്ഞ രംഗത്തെ നമുക്ക് ഓർമിപ്പിക്കും.

//” ജെയിംസിന്റെ ഈ കളി ഞാനങ്ങ് തീർത്തേക്കട്ടെ? ” ഗ്ലാസ് എബീറ്റയ്ക്ക് നേരെ നീക്കി വെക്കുമ്പോൾ അജു മുരണ്ടു. ഇരപിടിക്കാൻ വെമ്പുന്ന മൃഗമുരൾച്ചയും കണ്ണിൽ തിളങ്ങിയ രക്താസക്തിയും അവനിലെ മൃഗത്തെ എബിറ്റയ്ക്ക് വെളിവാക്കി.//

ജൈവികതയോടെ ഒഴുകിപ്പോകുന്നതാണോ ഈ കഥ എന്ന് നോക്കിയാൽ അല്ല എന്ന് മാത്രമേ പറയാൻ പറ്റൂ. പഴയകാല പ്രതികാര കഥയിൽ പുതു തലമുറ കുട്ടികൾ വന്നാൽ എന്ത് സംഭവിക്കും, അത് മാത്രം. സ്വാഭാവികമായി വരുന്ന സംഭാഷണങ്ങളല്ല ഇതിലുള്ളത്. അതിനാൽ സൃഷ്ടിയെ കാണുന്നതിനുപകരം സ്രഷ്ടാവിനെയാണ് കാണാനാവുക. എഴുത്തുകാർ കഥാപാത്രങ്ങളുടെ നാക്കിൽ വന്ന് പ്രസംഗിച്ചാൽ എന്തുണ്ടാകും? അതുപോലെയാണ് ഇവിടെ സംഭവിച്ചത്.

//” ഞാൻ അലക്സിയ സാമുവലിന്റെ മകളാണെന്ന് ഓർത്തോ. ഇരുപത്തി രണ്ടാം വയസ്സിൽ പള്ളിയെയും സമുദായത്തെയും അപ്പന്റെ കൊമ്പൻ മീശയെയും തോക്കിനെയും വെല്ലുവിളിച്ച് എന്നെയും ഗർഭത്തിലിട്ട് ആലക്കൽ തറവാട്ടിന്റെ മുറ്റത്ത് വന്ന് നിന്ന അവിവാഹിതയായ അലക്സിയ സാമുവലിന്റെ മകൾ”.//

ഇരുപത് വർഷങ്ങൾ എങ്കിലും മുൻപുള്ള മലയാള സിനിമയിലെയോ അത്രതന്നെ പഴക്കമുള്ള മലയാള മനോരമയിലെ തുടരൻ നോവലിലെയോ ഒരു സ്ത്രീ കഥാപാത്രത്തിന് യോജിക്കുന്ന ഒന്നാന്തരം പൈങ്കിളി ഭാഷണം ആണിത്. മടുപ്പിക്കുന്നത്. ആലക്കൽ തറവാടും കൊമ്പൻ മീശയും തോക്കും!

കഥാപാത്രങ്ങളുടെ സംഭാഷണം സ്വാഭാവികമല്ല എന്ന് പറയാനുള്ള വേറൊരു കാരണം കൂടി പറയാം. “എന്റെ ഗർഭപാത്രം എന്റേതാ…” എന്ന് തുടങ്ങി എബിറ്റ പറയുന്ന പ്രഭാഷണമാണത്. എന്ത് സർഗാത്മകതയും എന്ത് സാഹിത്യ സൗന്ദര്യവും ആണ് ആ വാചകങ്ങൾക്കുള്ളത്?

ഭാഷ പല സ്ഥലങ്ങളിലും കൃത്രിമത്വത്തിന്റെ പരകോടിയിലേക്ക് ആണ് എത്തുന്നത്.

//”വിരലുകളിലൂടെ ഒരു ചൊറിയമ്പുഴു നടക്കുന്ന അസ്വസ്ഥതയിൽ എബിറ്റയുടെ ഹൃദയം തിണർത്തു പൊന്തി രക്തമാപിനികൾ ചൊറിഞ്ഞു വീങ്ങി, എബിറ്റ ചുവന്ന് വിങ്ങി.”//

രക്തമാപിനിയോ രക്തധമനിയോ രക്തവാഹിനിയോ എന്തുമായിക്കൊള്ളട്ടെ, എന്തിനാണ് തൊലിയെ ചൊറിയുന്നതിന് പകരം അവയെയൊക്കെ ചൊറിയാൻ പോകുന്നത്? ഭംഗിയുള്ള വാചകങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അവയുണ്ടാക്കുന്ന അർത്ഥം എന്താകുമെന്ന് എഴുത്തുകാർ മനസ്സിലാക്കട്ടെ എന്നേ എനിക്ക് പറയാനുള്ളൂ.

ഇനിയെന്ത് എന്ന് ആലോചിച്ചു കൊണ്ടാണ് വായനക്കാർ കഥയിൽ മുഴുകുക. കഥാപാത്രങ്ങളുടെ സ്വഭാവത്തെയും അവരുടെ മനോവ്യാപാരങ്ങളെയും അനുവാചകനെ ധരിപ്പിക്കേണ്ടത് നെടുനീളൻ പ്രസംഗങ്ങൾ കൊണ്ടല്ല. ആ പാതിരാത്രി അജുവിന്റെ മുറിവിട്ട് പോകുന്ന സമയം വരെ ഈ കുട്ടിയുടെ പ്രഭാഷണം മാത്രമേ നമുക്ക് കിട്ടുന്നുള്ളൂ.

അടുത്ത ദിവസം ചങ്ങലയാൽ ബന്ധിതയാക്കപ്പെട്ട, അജുവിന്റെ അമ്മയെ കണ്ട് സങ്കടം പറയുന്നു ഈ കുട്ടി. ആ പറച്ചിലിൽ സ്വാഭാവികതയുണ്ട്. അതിനുശേഷം നമ്മൾ കാണുന്നത് പ്രതികാരത്തിന്റെയും സന്തോഷത്തിന്റെയും രംഗമാണ്. പക്ഷേ അപ്പോഴും സൗഹൃദത്തിന്റെ, വിശ്വാസത്തിന്റെ, അടുപ്പത്തിന്റെ ഉയർന്ന അവസ്ഥ തീരെ മനസ്സിലാക്കാൻ കഴിയാതെ പോയ കളിക്കൂട്ടുകാരനോടുള്ള നീരസം എബിറ്റയുടെ മനസ്സിലുണ്ട്എം കണ്ണടക്കുമ്പോൾ അവൾ കേൾക്കുന്ന അജുവിന്റെ വിജയച്ചിരിയോട് എബീറ്റ മുഷിച്ചിലോടെ ചെവി പൊത്തുന്നതോടെ കഥ തീരുന്നു.

കഥ തീരുന്നതിന് തൊട്ടു മുമ്പിലായി ഭ്രമകൽപ്പനയുടെ ചെറിയൊരു അന്തരീക്ഷം എഴുത്തുകാരി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഇതിന് മുൻപ് വി കെ ദീപ, ‘ഹിഡുംബി’ എന്ന കഥയ്ക്ക് ശേഷം എഴുതിയ ‘ഹൃദയഭുക്ക്’ എഡിറ്റിംഗ് പാളിച്ചകൾ ഉണ്ടെങ്കിലും ഭേദപ്പെട്ട ഒരു സൃഷ്ടിയായിരുന്നു. അതിലും അതിനുശേഷം വന്ന ‘ഷൈൻസ് ലാബറിന്ത്’ എന്ന കഥയിലും ഈ ഫാന്റസിയുടെ സ്പർശമുണ്ട്. പക്ഷേ കഥാപാത്രങ്ങളെ വ്യക്തമായി വായനക്കാരിലേക്ക് എത്തിക്കാനോ, സംഭവങ്ങളെ വിശ്വാസ്യമായി അവതരിപ്പിക്കാനോ കഴിയാത്തത് ആയിരുന്നു അവസാനത്തേത്. പിന്നീട് വന്ന ‘മിറ’ വൃഥാസ്ഥൂലത കൊണ്ട് പലയിടത്തും വിരസമായിപ്പോയതാണ്. എങ്കിലും പുതുതലമുറ കഥാകൃത്ത് എന്ന നിലയിൽ കഥ എഴുത്തിനെ ഗൗരവമായി കാണുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

:ജീവനകല’ എന്ന ഈ കഥ പക്ഷേ, അലസത, അശ്രദ്ധ, പ്രതിഭാ ദാരിദ്ര്യം എന്നിവയ്ക്ക് ഉദാഹരണമാകുന്നു. എഴുത്തിലെ ഗ്രാഫ് ക്രമത്തിൽ താഴേക്കാണ് പോകുന്നതെങ്കിൽ, കഥയെക്കുറിച്ചും രചനാരീതികളെ കുറിച്ചും ഒന്നു കൂടി ആഴത്തിൽ പഠിക്കുകയും പരിശ്രമിക്കുകയും ചെയ്യുക. പഴയ കാലത്തിലേക്ക് പോകേണ്ടതില്ല. പുതു തലമുറയിലെ എഴുത്തുകാരുടെ കഥകൾ തന്നെ വായിക്കാവുന്നതാണ്.

കഥ എഴുത്തിന്റെ മേൽപ്പറഞ്ഞ ഏതൊരു കോണിൽ നിന്ന് നോക്കിയാലും, വായനക്കാരെ അത്ഭുതപ്പെടുത്തുകയോ ഏറ്റവും ചുരുങ്ങിയത് കുറച്ചെങ്കിലും തൃപ്തിപ്പെടുത്തുകയോ ചെയ്യുന്ന ഒരു ഘടകവും ഇക്കഥയിൽ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. കഥ എഴുത്തിന്റെ തുടക്കത്തിലുള്ളവർ അല്ലെങ്കിൽ പുതുതലമുറ എഴുത്തുകാർ ആയതിനാൽ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നറിയാം. മുഖ്യധാരാ വാരികകളിൽ ഒരു കഥ വരുമ്പോൾ അത് നല്ലതോ ശരാശരിയോ മോശമോ ആകാം. ചിലർക്ക് വളരെ നല്ലത് മറ്റു ചിലർക്ക് ശരാശരിയുമാകാം. അതേ മുഖ്യധാരയിൽ മിക്ക വായനക്കാരും ഒരു മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കുന്ന കഥകളാണ് മാതൃഭൂമിയിൽ വരിക എന്നാണ് വിശ്വാസം. ( വർഷങ്ങളുടെ അനുഭവ പാരമ്പര്യം ഉള്ളവർ – ടി പത്മനാഭൻ, സക്കറിയ തുടങ്ങിയവർ – ആഴ്ചപ്പതിപ്പിലേക്ക് ഒരു കഥ അയച്ചു കൊടുക്കുമ്പോൾ പത്രാധിപർ അത് പ്രസിദ്ധീകരിക്കുന്നത് മനസ്സിലാക്കാം.) പക്ഷേ ഇത്തരം കഥകൾ പ്രസിദ്ധീകരിക്കുക വഴി സാഹിത്യത്തോടും എഴുതി തുടങ്ങുന്നവരോടും ചെയ്യുന്നത് എന്താണെന്ന് വാരികകൾ സ്വയം തന്നെ മനസ്സിലാക്കട്ടെ.

മാതൃഭൂമി വാരികയുടെ നാല്പത്തിയഞ്ചാം ലാക്കത്തിൽ രേഖ കെ യുടെ ‘മനുഷ്യാലയ ചന്ദ്രിക’ എന്ന കഥയാണ്. പ്രണയ വിവാഹിതരായ രണ്ടുപേരുടെ ജീവിതത്തിൽ അതിപരിചയം വിരസത ഉണ്ടാക്കുന്നതും ദാമ്പത്യം തകർന്നു പോകുന്നതും ആണ് കഥ. കഥയുടെ തുടക്കത്തിൽ രജിസ്ട്രാപ്പീസിൽ തന്റെ വീട് കൈമാറ്റം ചെയ്യുന്നതിനായി വന്ന അഞ്ജനയെയാണ് കാണുന്നത്. പത്തിരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ്, വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ എങ്ങനെ കല്യാണം കഴിക്കണം എന്നത് സംബന്ധിച്ച് ആലോചനയുമായി അഞ്ജനയും ദീപുവും എത്തിച്ചേർന്ന അതേ രജിസ്ട്രാപ്പീസിൽ.

രേഖ കെ

അഞ്ജനയുടെ ഓർമ്മകളിൽ കൂടിയാണ് കഥ വികാസം പ്രാപിക്കുന്നത്. അവരുടെ ദാമ്പത്യം എന്തുമാത്രം വിഷലിപ്തമായിരുന്നു എന്ന് വായനയിലൂടെ മനസ്സിലാകുന്നു. ദീപുവിന് തുടക്കം മുതൽ തന്നെ ഒരു നല്ല ഭർത്താവ് ആകാൻ കഴിഞ്ഞിട്ടില്ല. കുട്ടികളുടെ കരച്ചിൽ പോലും അയാൾക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. പ്രസവമുറിയിലേക്ക് പോകുന്ന ഭാര്യയോട് ദേഷ്യപ്പെടുകയും കയർക്കുകയും ചെയ്ത വ്യക്തിയാണ് അയാൾ. ഇതിനൊക്കെ കാരണം ജാനറ്റ് എന്ന കാമുകിയാണ്. ജാനറ്റിൽ ദീപുവിന് കുഞ്ഞുണ്ടാകുന്നു. പക്ഷേ ആ കുട്ടി ഒരു വയ്യാത്ത കുട്ടിയായിരുന്നു. ആരാലും നിയന്ത്രിക്കാൻ പറ്റാത്ത കുഞ്ഞ്.

അഞ്ജനയുടെ ജീവിതം കഷ്ടതയേറിയതാകുന്നു. പ്രണയ നൈരാശ്യം മൂലം, ഡോക്ടർ പഠനത്തിന്റെ അവസാന വർഷങ്ങളിലൊന്നിൽ അമിതമായി ഇൻസുലിൻ കുത്തിവെച്ച് ശയ്യാവലംബി ആയി കിടക്കുന്ന മൂത്തമകൾ. തുടർ പഠനത്തിനായി വിദേശത്ത് പോകാൻ തയ്യാറെടുക്കുന്ന ഇളയ മകൻ. അതിനിടക്ക് തന്റെ തറവാട് നിർബന്ധിച്ച് വീതം വെപ്പിച്ച് കിട്ടിയ പണവും ഉപയോഗിച്ച് ഉണ്ടാക്കിയ വീട്, ദീപുവിന്, ഒരു നിശ്ചിത സംഖ്യക്ക് കൈമാറേണ്ടിവരുന്നു. അതിന്റെ അന്തരീക്ഷമാണ് രജിസ്റ്റർ ഓഫീസിൽ നമ്മൾ കണ്ടത്.

എല്ലാ ജനപ്രിയ സാഹിത്യവും പോലെ ഈ കഥയും വായനക്കാരുടെ അതിവൈകാരികതയെ മാത്രമേ ഉയർത്തുന്നുള്ളൂ. അതുതന്നെയാണല്ലോ വായനക്കാർക്ക് വേണ്ടതും.

ഒരു പ്രത്യേക സംഭവത്തെയോ ആശയത്തെയോ വികാരത്തെയോ വായനക്കാർക്ക് പകർന്നു കൊടുക്കാൻ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ കഥ പറയുക എന്നത് എഴുത്തുകാർക്ക് മുമ്പിലുള്ള വെല്ലുവിളിയാണ്.

മേൽപറഞ്ഞ കഥാസംഗ്രഹത്തിലേക്ക് എത്തുമ്പോൾ കഥാകൃത്തിന് പറയേണ്ടി വരുന്ന കാര്യങ്ങൾ ഒരിക്കലും അവസാനിക്കാത്ത പോലെ തോന്നും ഇടക്ക്.

അവരുടെ ആദ്യകാല പ്രണയത്തെ കുറിച്ച് പറയുമ്പോൾ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ വേണ്ടി എടുത്തുവച്ച ബ്ലേഡിനെക്കുറിച്ചും, പിൽക്കാലത്ത് അത് കണ്ടെത്തിയ മകൾ, തന്റെ അമ്മ വികാരജീവിയും, വികാര പരകോടിയും ആണെന്ന് കളിയാക്കുന്നതിനെ കുറിച്ചും കഥയിൽ പറയുന്നുണ്ട്. പുതിയ തലമുറയുടെ പ്രതിനിധിയാണവൾ. വികാര ജീവിയെന്ന് അമ്മയെ കളിയാക്കിയ പെൺകുട്ടി പോലും പിൽക്കാലത്ത് പ്രണയ നൈരാശ്യം മൂലം ആത്മഹത്യക്ക് ശ്രമിച്ചു എന്നും വ്യക്തമാക്കുന്നുണ്ട് കഥയിൽ. തലമുറകളായി സ്ത്രീകൾ ദുർബല ചിത്തരും, പുരുഷന്റെ സാമീപ്യം നഷ്ടപ്പെട്ടാൽ തകർന്നു പോകുന്നവരുമാണെന്ന തികച്ചും പ്രതിലോമപരമായ ആശയം സ്ഥാപിക്കുകയാണോ രേഖ കെ ചെയ്യുന്നത്?

ദാമ്പത്യത്തിലെ വിരസതയെക്കുറിച്ച് പറയുമ്പോൾ ദീപുവിന്റെ പ്രണയം പറയേണ്ടി വരുന്നു. അവിടെ ജാനറ്റിനെ പറയണം. ആ ജാനറ്റിനെ കഥയിലേക്ക് കൊണ്ടുവരുന്ന ശോഭയെ കുറിച്ച് പറയണം. ശോഭ ആരായിരുന്നു എന്തായിരുന്നു എന്നൊക്കെ വായനക്കാർ അറിഞ്ഞേ തീരൂ. ജാനറ്റിന്റെ കാര്യം ശോഭ അറിഞ്ഞത് എങ്ങനെ എന്നു കൂടി പറയണമല്ലോ. അതെല്ലാം അസ്സലായി കഥാകൃത്ത് വിവരിക്കുന്നുണ്ട്. ഒരു ആശയക്കുഴപ്പവും ആർക്കും വരില്ല.

ദീപു ഒരു നല്ല അച്ഛനോ ഭർത്താവോ ആയിരുന്നില്ല എന്ന് കാണിക്കാൻ കഥാകൃത്ത് എത്ര സ്ഥലമാണ് ഉപയോഗിച്ചതെന്ന് ഒന്ന് നോക്കുക. കഥയിൽ വൈകാരികത വേണം. പക്ഷേ ഇത് അതിവൈകാരികതയാണ്. കുഞ്ഞുങ്ങളുടെ കരച്ചിൽ സഹിക്കാൻ കഴിയാതെ ക്രൂദ്ധനാകുന്ന ഭർത്താവിന് വേണ്ടി മുറിവിട്ട് പുറത്തു പോയിരിക്കുന്നു ഭാര്യ. അവിടെ നിലാവെളിച്ചത്തിൽ കുഞ്ഞിനെ കളിപ്പിക്കുമ്പോൾ കടന്നുവരുന്നു ഒരു കള്ളൻ. അയാളും കൂടി ചേർന്ന് കുഞ്ഞിനെ കളിപ്പിക്കുന്നു. അവസാനം ഈ കള്ളന് ശർക്കര കാപ്പിയും കൊടുത്തു പറഞ്ഞുവിടുന്നു ഭാര്യ. ഇത് അസംഭവ്യമാണോ? അല്ല. പക്ഷേ കഥയിൽ, ഈ സന്ദർഭത്തിൽ ഇങ്ങനെ ഒരു കാര്യം കടന്നുവരുമ്പോൾ അത് അതിഭാഷണമായി മാറുന്നു.

കഥയുടെ പ്രധാന ഘടകമാണല്ലോ വീട് കൈമാറ്റം. വീട് വില്പന വഴി ദീപുവിൽ നിന്ന് അഞ്ജനയ്ക്ക് എത്ര തുക കിട്ടുമെന്ന് പറഞ്ഞാലേ കഥ പൂർണമാകൂ. അതുമായി ബന്ധപ്പെട്ട വൈകാരിക പരിസരത്തെ ഉയർത്തുന്നതിന്, ആ വീട് എങ്ങനെ സ്വന്തമായി എന്നും, അതിനുവേണ്ടി അവൾ സ്വന്തം വീട്ടുകാരെ എത്ര ബുദ്ധിമുട്ടിച്ചു എന്നും, അവരുടെ കുടുംബ സ്വത്ത് വീതം വെപ്പിക്കുവാൻ എത്രത്തോളം കടുംപിടുത്തം നടത്തി എന്നും പറയണം. ആ വീട്ടിലെ മരക്കോണിയോടുള്ള സെന്റിമെന്റ്സ് പറഞ്ഞാലേ അത് പൂർത്തിയാകൂ. അമ്മൂമ്മ തന്ന മാല വിറ്റാണ് അത് പണി കഴിപ്പിച്ചത് എന്ന് മകനോട് പറയുമ്പോൾ വൈകാരികത നന്നായി വർദ്ധിക്കും. ഒരു ജനപ്രിയ കഥയെ വായനക്കാർ പൈങ്കിളി എന്നു പറയാതിരിക്കാൻ ‘മനുഷ്യാലയ ചന്ദ്രിക’ എന്ന ഗംഭീരൻ പേരും ചേർത്തു!

ഫോക്കസ് ഇല്ലാതെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ചാടിച്ചാടിപ്പോയ, കണ്ടതും കേട്ടതുമായ സർവ്വ കാര്യങ്ങളെയും അതിന്റെ കാരണങ്ങളെയും വിവരിച്ച കഥയാണിത്. ലളിതമായ ഭാഷയിലുള്ള കഥ പറച്ചിലും, പാരായണക്ഷമതയും കാരണം ശരാശരി എന്ന് വേണമെങ്കിൽ പറയാം. പൈങ്കിളി എന്ന ലേബലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കഥ.

മാധ്യമം വാരികയിൽ ഒരു തുടർക്കഥ ഉൾപ്പെടെ മൂന്ന് കഥകൾ ഉണ്ട്. ആദ്യത്തേത് മജീദ് സെയ്ദ് എഴുതിയ ‘കലഹപ്പെട്ടി’. കൊടുങ്കാറ്റിൽ കരിമലപ്പള്ളിയുടെ മേൽക്കൂര പറന്നു പോയി. വളരെ പവിത്രമായി കരുതിയിരുന്ന ‘പുണ്യാളൻ തടി’ കൊണ്ട് മേൽക്കൂര പണിയാമെന്ന് തീരുമാനമാകുന്നു. ആശാരിപ്പണി ഏറ്റെടുത്തത് പത്രോസും മകനും. അവർ താണജാതി ആയതിനാൽ മറ്റുള്ളവർ ആദ്യം അതിന് സമ്മതിക്കുന്നില്ല. പക്ഷേ പ്രമാണിയായ വക്കനും അച്ചനും ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമാക്കുന്നു. പുലയ പാരമ്പര്യമുള്ളതിനാൽ, പണ്ടുകാലത്ത് കൈകൊണ്ട് പുണ്യാളാന്റെ തടിയെ ഒന്ന് തൊടാൻ പോലും മറ്റുള്ളവർ പത്രോസിനെ സമ്മതിച്ചിരുന്നില്ല. അതിന്റെ പേരിൽ മുൻപൊരിക്കൽ പീലി ഇയാളെ കുത്തി കുടലെടുത്തിരുന്നു. ഭാഗ്യം കൊണ്ട് മരിക്കാതെ ബാക്കിയായി. പക്ഷേ ഇപ്പോൾ ഈ തടിയെ കാലുകൊണ്ട് അളക്കുന്നു പത്രോസ്, ഒരു പ്രതികാരം പോലെ.

മജീദ് സെയ്ദ്

മേൽക്കൂര പണിഞ്ഞു കഴിഞ്ഞതിനുശേഷം ബാക്കിവരുന്ന തടികൊണ്ട് ഒരു ശവപ്പെട്ടി പണിയാമെന്നും അതിൽ നിന്നുള്ള വരുമാനം പുതിയ പാരിഷ് ഹാൾ നിർമ്മാണത്തിന് ഉപയോഗിക്കാമെന്ന് തീരുമാനമാകുന്നു. അതിനുവേണ്ടി അവർ ഉണ്ടാക്കിയ ശവപ്പെട്ടി, അകത്ത് പുണ്യാളന്റെ രൂപം കൊത്തിയ വിശേഷപ്പെട്ട ഒന്നായിരുന്നു. അത് കണ്ടപ്പോൾ പലർക്കും തോന്നി അതിൽ അടക്കം ചെയ്യപ്പെടേണ്ടത് താനാണെന്ന്. തനിക്കോ തന്റെ വീട്ടുകാർക്കോ മുൻപേ വേറെ ആരും ഇനി ഇവിടെ മരണപ്പെടരുത് എന്ന് കരുതുന്നു എല്ലാവരും. അതിനിടയ്ക്ക് ആത്മഹത്യ ചെയ്ത പീലിയെ ഈ വിശേഷപ്പെട്ട പെട്ടിയിൽ അടക്കം ചെയ്യാൻ ശ്രമിച്ചുവെങ്കിലും ആത്മഹത്യ ചെയ്തവൻ തിരുസഭക്ക് പുറത്താണെന്നും അത്തരക്കാർക്ക് പുണ്യാളപ്പെട്ടിക്ക് മേൽ അവകാശമല്ലെന്നും തീരുമാനമായി.

പത്രോസിന്റെ പെട്ടെന്ന് ഉണ്ടാകുന്ന മരണം വർക്കിയെ പരിഭ്രാന്തനാക്കുന്നു. ആ മൃതശരീരം തന്റെ ഉടമസ്ഥതയിലുള്ള ആസ്പത്രിയിലേക്കാണ് എടുക്കപ്പെട്ടതെന്നറിഞ്ഞപ്പോൾ, മരണ വിവരം പുറത്തറിയിക്കരുത് എന്ന് ജീവനക്കാരോട് ശട്ടം കെട്ടുന്നു അയാൾ. തുടർന്ന് തന്റെ ബംഗാളി ജോലിക്കാരനോട്‌ തന്നെ കഴുത്തുഞെരിച്ച് കൊല്ലാൻ പറയുന്നു. അങ്ങനെ സവിശേഷപ്പെട്ട പുണ്യാളപ്പെട്ടിയിൽ അടക്കം ചെയ്യപ്പെട്ടവനാകാൻ മരിച്ചു കിടക്കുന്നു വർക്കി.

പക്ഷേ ആദ്യം മരിച്ചത് പത്രോസ് ആയതിനാൽ അയാളുടെ മക്കൾ പ്രശ്നമുണ്ടാക്കുന്നു. ഒരു തീരുമാനം എടുക്കാൻ കഴിയാതെ അച്ചൻ കുഴങ്ങി നിൽക്കുമ്പോൾ പീലിയുടെ, ലണ്ടനിൽ നേഴ്സായി ജോലി ചെയ്യുന്ന മകൾ ഷിജി ഒരു ഉപായം മുന്നോട്ടേക്ക് വെക്കുന്നു. കെട്ടിത്തൂങ്ങി ചത്തതിനാൽ തന്റെ അപ്പന്റെ മൃതദേഹം കാണാൻ പള്ളിയിൽ നിന്നും ആരും വന്നിട്ടില്ല എന്നും, എന്നാൽ നാളെ അപ്പന്റെ ഏഴാണെന്നും കുഴിമാട പ്രാർത്ഥന പിതാവ് ചെയ്യണമെന്നും പറയുന്നു. പുണ്യാളൻ പെട്ടിയെ ചൊല്ലിയുള്ള പോരിൽ നിന്ന് ഒഴിവാകാമെങ്കിൽ, പത്രോസിന്റെ മകനും ഒരു കാലത്ത് താൻ പ്രണയം നിരസിച്ചവനുമായ ബിനോയുമായുള്ള താലികെട്ടിന് താൻ സമ്മതിക്കുമെന്ന് അവനു വാക്ക് കൊടുത്തിട്ടുണ്ടെന്നും, അതോടെ പെട്ടി പ്രശ്നം തീർക്കാമെന്നും ഷിജി അച്ചനെ അറിയിക്കുന്നു.

അങ്ങനെ പുലയ ജാതിയിൽ പിറന്ന ബിനോ ഉയർന്ന ജാതിയിലെ ഷിജിയെ കല്യാണം കഴിക്കുന്നു. ആദ്യരാത്രി കഴിഞ്ഞ് പിറ്റേദിവസം രാവിലെ സെമിത്തേരിയിൽ ചെന്ന് വർക്കിയുടെയും അപ്പന്റെയും കുഴിമാടം തോണ്ടുന്നു ബിനോ. പുണ്യാളന്റെ ശവപ്പെട്ടിയിൽ നിന്ന് വർക്കിയുടെ മൃതദേഹം പുറത്തെടുക്കുന്നു. താണ ജാതിക്കാരനെ പോലെ വെറും പായയിൽ പൊതിഞ്ഞു കിടന്ന അപ്പന്റെ ശരീരം അതിനകത്ത് വച്ച്, വർക്കിയുടെ ദേഹത്തെ വെറും പായയിൽ പൊതിഞ്ഞ് കുഴിയിലേക്ക് ഇറക്കുന്നു.

ഇതാണ് കഥയുടെ സംഗ്രഹവും രാഷ്ട്രീയവും.

ഭേദപ്പെട്ട, ഒഴുക്കുള്ള കഥയാണിത്. വായിച്ചു പോകാം. പക്ഷേ ഒരു ചെറുകഥയ്ക്ക് ഒരിക്കലും ചേരാത്ത ദൈർഘ്യമുണ്ട് ഇതിന്. കഥയുടെ പ്രധാന ഭാഗവുമായി ഒരു ബന്ധവുമില്ലാത്ത കുറെ പറച്ചിലുകൾ ഉണ്ട്. പള്ളിപ്പറമ്പിൽ ഇറച്ചിക്കട ഇടുന്നതും മോഷ്ടിക്കാൻ വേണ്ടി രണ്ടുകൂട്ടർ പല പറമ്പിലും കറങ്ങുന്നതും, മാടുകളെ മോഷ്ടിച്ചു കൊണ്ടു വരുന്നതും അതിൽ ചെഗുവേരയുടെ പെയിന്റടിക്കുന്നതും അങ്ങനെയെങ്ങനെ.

ഇതൊരു നോവലോ നോവലറ്റോ അല്ലാത്തതിനാൽ, അതൊക്കെ വിസ്തരിച്ചു വിശദമാക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ചെറുകഥയ്ക്കുള്ളിൽ വേറൊരു കഥ ഉണ്ടാകാം. പക്ഷേ കഥയുടെ ഗാത്രത്തെ സ്പർശിക്കാത്ത ഉപകഥകൾ കൊണ്ട് കഥയുടെ ദൈർഘ്യം കൂട്ടുന്നത് സൃഷ്ടിയെ ശ്ലഥമാക്കിക്കളയും. പ്രധാന ആശയത്തിൽ നിന്ന് തെന്നി മാറി കുറേ അവിഹിതങ്ങളും പ്രണയവും ഒക്കെ കുത്തിനിറച്ച് സിനിമാപരുവം ആക്കിയിരുന്നില്ലെങ്കിൽ ഒന്നുകൂടി മെച്ചമുണ്ടായിരുന്നേനെ കഥയ്ക്ക്.

മാധ്യമം വാരികയിൽ രണ്ടാമത്തെ കഥ ജെ ആർ അനി എഴുതിയ ‘ഷാജഹാൻ’ ആണ്. ഏറ്റവും തീവ്രമായി ഭാര്യയെ പ്രണയിക്കുകയും അവളുടെ വിയോഗത്തോടെ തകർന്നു പോവുകയും ചെയ്ത മുഗൾ ചക്രവർത്തിയെ പോലെ തന്നെയാണ് കഥാനായകനും. ഭാര്യ മരിച്ച ശേഷം ബാംഗ്ലൂരിലെ ഷാഹിനയുടെ വീട്ടിൽ നാല് ചുമരുകൾക്കുള്ളിൽ കഴിയുന്നു ഇയാൾ. കോവിഡ് കാലഘട്ടമാണ് കഥാപശ്ചാത്തലം. മകനാല്‍ വീട്ടുതടങ്കലിലാക്കപ്പെട്ട ഷാജഹാനെ പോലെയായിരുന്നു ഇയാളും എന്ന് ആഖ്യാതാവ് ഓർക്കുന്നുമുണ്ട്. ചെറുപ്പത്തിൽ തന്റെ ജീവൻ രക്ഷിച്ച അലോഷി എന്ന സുഹൃത്തിനെ കുറിച്ചുള്ള ഓർമ്മ. ഈ നാളിൽ ശ്വാസം എടുക്കാൻ വയ്യാതെ അയാൾ മരിച്ചു പോയത്. ഏറ്റവും ഉദാത്തമായ സൗഹൃദത്തിന്റെ ഓർമ്മയാണത്.

മുഗൾ ചക്രവർത്തിക്ക് തന്റെ പ്രിയതമയോട് തോന്നിയപോലെ അഗാധമായ പ്രണയമായിരുന്നു ഇയാൾക്ക് ഭാര്യയോടും എന്ന് കഥാകൃത്ത് പറയുന്നു. ഈ ലോകത്തിൽ വച്ച് ഏറ്റവും മഹനീയമായ ബന്ധം ഏതാണ്? ആ ബന്ധത്തിന്റെ മഹത്വത്തിന് നിദാനമായിട്ടുള്ളത് എന്താണ്? എന്നിങ്ങനെയുള്ള ചോദ്യങ്ങളോടുകൂടിയാണ് കഥ അവസാനിക്കുന്നത്.

അധികം ദൈർഘ്യമില്ലാതെ പറഞ്ഞു പോകുന്ന കഥയാണിത് എങ്കിലും, ഇതിന്റെ ആശയം എന്ത് എന്നതും ഈ കഥയിൽ വായനക്കാർക്ക് കിട്ടുന്ന വൈകാരികമോ ധൈഷണികമോ ആയ അനുഭൂതി എന്താണ് എന്നതും മനസ്സിലാക്കാൻ പറ്റിയിട്ടില്ല.

മാധ്യമം വാരികയിൽ ഇനി ഒരു കഥ കൂടിയുണ്ട്. വി ഷിനിലാൽ എഴുതിയ ‘അയ്യാറെട്ട്’. പ്രൈമറി സ്കൂൾ കാലം മുതൽ സുഹൃത്തായിരുന്ന ‘അയ്യാറെട്ട്’ എന്ന പേരിൽ അറിയപ്പെട്ട സജി രക്തസാക്ഷിയായ വിവരം പറഞ്ഞുകൊണ്ടാണ് കഥയുടെ തുടക്കം. അത് കേട്ട ഉടനെ കഥ പറയുന്നയാൾ നാട്ടിലേക്ക് തിരിക്കുന്നു. തുടർന്ന് അവരുടെ ബാല്യ കൗമാര കാലങ്ങളിൽ കൂടി കഥ കടന്നുപോകുന്നു. അവിടെ കാര്യമായിട്ട് ഒന്നുമില്ല. പ്രൈമറി ക്ലാസിലെ കുട്ടികൾ എന്തൊക്കെ ചെയ്യും എന്ന് നമുക്ക് കാണിച്ചു തരുന്നുണ്ട് കഥാകൃത്ത്. ബാലന്മാരാണ് കഥാപാത്രങ്ങൾ. അവരുടെ ചെയ്തികൾ ബാലിശമാകും. അതിനോട് കഥാകൃത്ത് നീതി പുലർത്തിയിട്ടുണ്ട്. നല്ല ബാലിശമായിട്ടുണ്ട്, ഫ്ലാഷ് ബാക്കിലെ അവതരണം!

ആഖ്യാതാവ് നാട്ടിലെത്തുമ്പോഴേക്കും അയ്യാറെട്ട് സജിയുടെ സംസ്കാരം കഴിഞ്ഞിരുന്നു. പിന്നീട് അവന്റെ സ്മാരകത്തിന്മേൽ പൂക്കൾക്ക് പകരം ഐ ആർ 8 ന്റെ ഒരു മണി പൂഴ്ത്തിയിട്ടു. എന്തുകൊണ്ടാണെന്ന് അറിയാമോ?

അവന്റെ കൂടി രക്തവും മാംസവും ഭുജിച്ചാണ് ഐ ആർ 8 കൾ വളർന്നു പന്തലിക്കുക പോലും!

നല്ല കഥകൾ എഴുതിയിട്ടുള്ള വി ഷിനിലാലിൽ നിന്നും തുടർച്ചയായി വളരെ നിരാശപ്പെടുത്തുന്ന കഥകൾ കിട്ടിക്കൊണ്ടേയിരിക്കുന്നു.

സമകാലിക മലയാളം വാരിക ലക്കം 35 ൽ കരുണാകരന്റെ ‘വക്കാണ്ട’ എന്ന കഥയുണ്ട്. മാർവൽ കോമിക് കഥാപാത്രമായ ബ്ലാക്ക് പാന്തറിനെ അധികരിച്ച് നിർമ്മിക്കപ്പെട്ട സിനിമയിൽ നിന്നുമുള്ള പ്രസ്താവനയാണ് കഥയുടെ ആമുഖം.

കരുണാകരൻ

ഓർമ്മ നഷ്ടപ്പെട്ടുപോയ അമ്മച്ഛനെ ഏഴാമത് വട്ടവും ബാൽക്കണിയിൽ നിന്ന് ഇരുപ്പു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആഖ്യാതാവാണ് കഥയുടെ തുടക്കത്തിൽ. ഒരിക്കൽ ടെലിവിഷനിൽ ബ്ലാക്ക് പാന്തർ എന്ന സിനിമ കണ്ടതിനു ശേഷം, ഭൂമിയിൽ ഒരിക്കലും ഇല്ലാതിരുന്ന വക്കാണ്ട എന്ന രാജ്യം അവർക്ക് പ്രിയപ്പെട്ടതായി. ഇല്ലാതിരുന്ന ഒരു രാജ്യത്തിന്റെ ശരിക്കും ഒരു നിഴൽ. തങ്ങളുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ദൂരേക്ക് നോക്കുമ്പോൾ കാണുന്ന മരങ്ങളുടെ ഇരുട്ടും ഇരുട്ടിനെ ചുറ്റുന്ന പക്ഷികളും ഉൾപ്പെടുന്ന അവ്യക്തതയിൽ അതിനെ സത്യമാണെന്നും, വക്കാണ്ട ആണെന്നും കരുതി സന്തോഷിക്കുന്നു ഈ വൃദ്ധൻ.

കഥ പുരോഗമിക്കുമ്പോൾ, ഒരുകാലത്ത് പോലീസ് ആയിരുന്ന അമ്മച്ഛനിൽ നിന്നും, അമ്മയിൽ നിന്നും കേട്ട കഥ, അമ്മച്ഛനെ കുറിച്ചുള്ള ഒരേയൊരു കഥ, ആഖ്യാതാവ് ഓർമിക്കുന്നു. പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു കുറ്റവാളി ഓടുമ്പോൾ, അയാളെ പിന്തുടർന്ന് വരുതിയിലാക്കാൻ ശ്രമിക്കുന്ന പോലീസുകാരൻ. മൽപ്പിടുത്തത്തിനൊടുവിൽ ആത്മരക്ഷാർത്ഥം കുറ്റവാളി പോലീസുകാരനെയാണ് കീഴ്പ്പെടുത്തുന്നത്. പക്ഷേ ആ യുവാവ് ഈ പോലീസുകാരനെ കൊല്ലാമായിരുന്നിട്ടും വെറുതെ വിടുന്നു. നാല്പത്തിയാറു വർഷങ്ങൾക്കു മുൻപുള്ള ഈ കഥ ആഖ്യാതാവ് ഓർമിക്കുമ്പോൾ തന്നെ, അമ്മച്ഛനെ വെറുതെവിട്ട ആ തടവുപുള്ളിയെ പിന്നീട് അവർ നേരിൽ കണ്ടതായി നമ്മളോട് പറയുന്നു. ഈ സ്ത്രീ പഠിച്ചിരുന്ന കോളേജിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ വന്നതായിരുന്നു അദ്ദേഹം.

ഈ ഒരു അന്തരീക്ഷം രൂപപ്പെടുത്തുന്നതോടുകൂടി വായനക്കാരുടെ മനസ്സിലേക്ക് അടിയന്തരാവസ്ഥ കാലഘട്ടം വളരെ പെട്ടെന്നെത്തും. നക്സൽ പ്രസ്ഥാനവും എളുപ്പം ദൃശ്യവൽക്കരിക്കപ്പെടും. ജീവിച്ചിരിക്കുന്ന പഴയ നക്സലൈറ്റുകളെ തീർച്ചയായും ഓർമിക്കും.

ഒരുപാട് വട്ടം കേട്ടുകഴിഞ്ഞ ഒരേയൊരു കഥ വീണ്ടും ആഖ്യാതാവിന്റെ ഓർമ്മയിൽ തെളിഞ്ഞുവരുന്നു. തങ്ങളുടെ കയ്യിൽ നിന്നും രക്ഷപ്പെടുന്ന കുറ്റവാളിയെ കണ്ടുപിടിക്കാൻ വേണ്ടി ചൂളം വിളിക്കുന്ന പോലീസുകാർ. ഒരു പോലീസുകാരന്റെ നെഞ്ചിൽ കയറിയിരുന്ന് കഴുത്ത് ഞെക്കിപ്പിടിക്കുന്ന കുറ്റവാളി. മരണത്തെ മുഖാമുഖം കാണുന്നയാൾ. ഒരു പോലീസുകാരനെ കൊല്ലാനായി തനിക്ക് കിട്ടിയ നിയോഗം ഉപേക്ഷിച്ചു താൻ കീഴടങ്ങുകയാണ് എന്ന് അതേ പോലീസുകാരനോട് പറയുന്ന യുവാവ്. ഇത്രയും ഓർമ്മിച്ചുകൊണ്ടിരുന്നപ്പോൾ, ഇതേ കഥയാണല്ലോ നീണ്ടുനിൽക്കുന്ന ഒരു ദുസ്വപ്നമായി, ഒരുപക്ഷേ മരണ ഭയം തന്നെയായി അമ്മച്ഛനെ മറവികളുടെ കാലത്തും വീണ്ടും വീണ്ടും സന്ദർശിക്കുന്നത് എന്ന് ആഖ്യാതാവ് ഓർക്കുന്നു.
അതിനുശേഷം പറയുന്ന രംഗം നോക്കുക.

//”അമ്മച്ഛനെ കാണാൻ ഞാൻ ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് ചെന്നു. അവിടെ അതേ സ്വപ്നത്തിൽ നിന്നും രക്ഷപ്പെടാനാകും, കട്ടിലിനടിയിൽ നിന്നും വലിച്ചെടുത്ത പെട്ടി നിലത്തു തുറന്ന് വെച്ച് വായിൽ വിരലുകളിട്ട് വിസിൽ വിളിക്കാൻ മറന്നതുപോലെ ഇരിക്കുന്ന അമ്മച്ഛനെ കണ്ടു.
ഇപ്പോൾ എനിക്ക് കരച്ചിൽ അടക്കാൻ ആയില്ല.”//

മനോഹരമാണ് ഈ ഭാവന. വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് തീവ്രവികാരം ഉളവാക്കുന്നുണ്ട് ഈ ചിത്രീകരണം. സ്മൃതിനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അമ്മച്ഛന്റെ ഭൂതകാല ഓർമ്മകളിൽ നിന്നു കൊണ്ട്, മരണഭയവും, മരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള നിസ്സഹായമായ ശ്രമവും അവതരിപ്പിച്ച വിധം സുന്ദരം തന്നെ. കഥ അവസാനിക്കുമ്പോൾ, ഒരിക്കൽ വിലക്കിയിരുന്ന ഇല്ലാത്ത ആ രാജ്യത്തിന്റെ കാഴ്ചയിലേക്ക് അമ്മച്ഛനെയും കൊണ്ടുപോകുന്നു കൊച്ചുമകൾ.

പുറം വായനയിൽ സുന്ദരമായ ഒരു കഥയാണിത്. കഥയ്ക്ക് വേണ്ടാത്തതൊന്നും എഴുത്തുകാരൻ പറയുന്നില്ല. വൈകാരിക പരിസരം ഒരുക്കുന്നതിന് അതിഭാഷണമേ ഇല്ല. സാഹിത്യഭംഗി ഉയർന്നു നിൽക്കുമ്പോഴും അലങ്കാരപ്പണികൾ ഒന്നുംതന്നെയില്ല എന്ന് പറയാം. കൃത്രിമമായ, നിർമ്മിച്ചെടുത്ത വാക്യങ്ങളൊന്നും കാണാൻ കഴിയില്ല. കൗതുകകരമായി തോന്നിയത്, കഥയുടെ മധ്യഭാഗത്ത് എത്തും വരെയും, കഥ പറയുന്നയാൾ സ്ത്രീയാണോ പുരുഷനാണോ എന്ന കാര്യത്തെക്കുറിച്ച് കഥാകൃത്ത് ഒരു സൂചനയും നൽകുന്നില്ല എന്നുള്ളതാണ്. വായനക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടുന്ന കഥാപാത്രം ഏതാണ് എന്ന് എഴുത്തുകാരൻ പറയാതെ പറയുകയാണ് ഇവിടെ.

ഓർമ്മകളാണ് കഥയുടെ കാതൽ. തന്റെ യുവത്വത്തിൽ താൻ ഏതൊരു പ്രത്യയശാസ്ത്രത്തിന് വേണ്ടി പരിശ്രമിച്ചുവോ, അതിനോട് ഇന്ന് നിസ്സംഗനായി നിൽക്കുന്ന വിപ്ലവകാരി. അയാൾക്ക് ചിലപ്പോൾ ഇന്ന് ആ ആശയം വക്കാണ്ട ആയിരിക്കാം. യാഥാർത്ഥ്യങ്ങളുടെ ലോകത്ത്, അത് ഒരു ഓർമ്മ പോലും ആകുന്നില്ല. അല്ലെങ്കിൽ അയാൾ നിസ്സംഗമായി അതിനു നേർക്ക് മുഖം തിരിക്കുന്നു. പക്ഷേ, അന്ന് ആ വിപ്ലവകാരിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച പോലീസുകാരൻ ഇല്ലാത്ത വക്കാണ്ടയിൽ ആനന്ദിക്കുന്നു. ചിലർ മറക്കാൻ ശ്രമിക്കുന്ന ചരിത്രത്തെ ഓർമ്മിപ്പിക്കുന്നു കരുണാകരൻ. മൂർച്ചയുള്ള രാഷ്ട്രീയമുണ്ട് ഈ കഥയ്ക്ക്. But in times of crisis, the wise build bridges, while the foolish build barriers. We must find a way to look after one another as if we were one single tribe. ആദ്യത്തെ വാചകം, കൊച്ചുമകൾ അമ്മച്ഛന് വക്കാണ്ടയിലേക്കുള്ള കാഴ്ചയെ അനുഭവവേദ്യമാക്കുന്നതിനെ സാധൂകരിക്കുന്നുവെങ്കിൽ, ഇരു വാചകങ്ങളും ചേർന്ന് സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ പരിസരങ്ങളെ ഓർമ്മിപ്പിക്കുന്നു.

കഥയിലെ പോരായ്മയായി തോന്നിയത് ആവർത്തനങ്ങളാണ്. അമ്മച്ഛൻ എന്ന പദത്തിന്റെ ആവർത്തനം, രംഗ സജ്ജീകരണവും പാത്ര ചിത്രീകരണവും കൊണ്ട് വായനക്കാർക്ക് മുൻപേ പിടികിട്ടിയ കുറ്റവാളി നക്സലൈറ്റ് ആണെന്ന് വീണ്ടും പറയുന്നത് തുടങ്ങിയവ. അതുകൂടാതെ, “ഞങ്ങൾ മൂന്നുപേരുടെ കൂടെ ഇപ്പോഴും അമ്മച്ഛൻ ഉണ്ടല്ലോ എന്ന സന്തോഷം കൊണ്ടോ അതോ… ” എന്ന് കൊച്ചുമകൾ ആത്മഗതം ചെയ്യുമ്പോൾ അമ്മയും മകളും അല്ലാതെ വേറെ ആരാണ് ഉള്ളത് എന്ന ആശയക്കുഴപ്പം. വളരെ മനോഹരമായ ഈ കഥയ്ക്ക്, മേൽപ്പറഞ്ഞ കുറവുകൾ, കുറവുകൾ തന്നെയായിട്ടാണ് അനുഭവപ്പെടുക.
(മേൽപ്പറഞ്ഞ ആവർത്തനം രസകരമല്ലാതാവുമ്പോഴും, താഴെ പറയുന്ന ഈ ഒരു വാക്യം ശ്രദ്ധിക്കുക. “ആ കഥയാവട്ടെ ആദ്യം അമ്മയിൽ നിന്നും, പിന്നെ എത്രയോ പ്രാവശ്യം അമ്മയിൽ നിന്നും അമ്മച്ഛനിൽ നിന്നും ഞാൻ കേട്ടതുമാണ്. ” ഈ ആവർത്തനത്തിൽ ഒരു സൗന്ദര്യമുണ്ട്).

36 ആം ലക്കം സമകാലിക മലയാളം വാരികയിലെ കഥ സുസ്മേഷ് ചന്ദ്രോത്തിന്റെ ‘ജോണി’ ആണ്. രസകരമാണ് ആഖ്യാന രീതി. ജോണി എന്ന ഹോട്ടൽ ജീവനക്കാരന്റെ സുഹൃത്തിനോടുള്ള ഒരാളുടെ ഭാഷണമാണ് കഥയെന്ന് മനസ്സിലാകുന്നു. നക്ഷത്ര ഹോട്ടലിലെ പുല്ലാങ്കുഴൽ വായനക്കാരനുമായി സൗഹൃദത്തിലാകുന്നു കഥാനായകൻ. ജീവിതത്തിൽ സംഭവിക്കുന്ന ചില അടുപ്പങ്ങളെയും അകൽച്ചയെയും കുറിച്ച് മധുരമായി ഇയാൾ സംസാരിച്ചു. തന്നോട് അത്യധികമായ വികാരവായിപ്പ് ജോണിക്ക് ഉണ്ട് എന്ന് ഇയാൾ മനസ്സിലാക്കുന്നു. ഇണങ്ങിയും പിണങ്ങിയും ഒന്നര പതിറ്റാണ്ട് നീങ്ങിയതിനുശേഷം പതിയെപ്പതിയെ ജോണിയെ അയാൾ അകറ്റുന്നു.

സുസ്മേഷ് ചന്ദ്രോത്ത്

കുറേയേറെ വർഷങ്ങൾക്ക് ശേഷം ഇയാൾക്കൊരു സ്വപ്നമുണ്ടാകുന്നു. സ്വപ്നത്തിൽ ജോണിയുടെ വീട് തേടി പോകുന്നു ഇയാൾ. അയാൾ പരിപാലിച്ചിരുന്ന ഉദ്യാനത്തെക്കുറിച്ചാണ് ഓർമ്മ. അവസാനം ജോണിയുടെ വീട്ടിലെത്തുമ്പോൾ, യുവാക്കളായി മാറിയ മക്കളിൽ നിന്ന്, മഞ്ഞ നിറമുള്ള മുള വെട്ടാൻ കാലങ്ങൾ മുൻപേ ജോണി കാട്ടിലേക്ക് പോയി എന്ന് കേൾക്കുന്നു. ജോണി നട്ടു നനച്ച ഉദ്യാനത്തിൽ ഇപ്പോൾ വെറും മുളംകുറ്റികൾ മാത്രം. സ്വന്തം പ്രാണവായു ഊതിക്കാറ്റി ഉണ്ടാക്കിയ സംഗീതത്തിൽ സുഹൃത്തിനെ സന്തോഷിപ്പിച്ച ജോണി ഇപ്പോൾ വെറും ഉണങ്ങിയ മുളന്തണ്ട് പോലെയായി എന്നതോർത്ത് ഇയാൾക്ക് കുറ്റബോധം ആണെന്ന് അവതാരകൻ പറയുന്നു. സ്വപ്നത്തിൽ നിന്നും ഉണർന്നതിനുശേഷം ആ കുറ്റബോധത്തോടുകൂടി വീണ്ടും നഗരം വിട്ടു പോകാൻ തുനിയുന്ന കഥാ നായകനിൽ കഥ തീരുന്നു.

രസകരമായി തുടങ്ങിയ കഥ മധ്യഭാഗത്തോളം ഒഴുക്കോടെ പോകുന്നുവെങ്കിലും, ഒരാൾ ഭാഷണം ആയതിനാലാകണം, പോകെപ്പോകെ വിരസമാകുന്നു. വസ്തുതാവിവരണം, കഥാനായകനെ കുറിച്ചും ജോണിയെക്കുറിച്ചുള്ള സവിസ്തരപ്രതിപാദനം, തുടങ്ങിയവ ഇനി ബാക്കി എത്ര പേജുകൾ ഉണ്ട് എന്ന് വായനക്കാരെ കൊണ്ട് നോക്കിപ്പിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല. സ്വപ്നത്തിന്റെ കുരുക്കിൽ തളച്ചിടപ്പെട്ട ഒരു കഥാപാത്രത്തെക്കുറിച്ചും, നഷ്ടപ്പെട്ടുപോയ സൗഹൃദത്തെ തിരയുന്ന വിചിത്രമായ മാനസികാവസ്ഥയെ കുറിച്ചും ഭേദപ്പെട്ട രീതിയിൽ പറയാമായിരുന്നല്ലോ എന്നാണ് കഥ വായിച്ച് കഴിഞ്ഞപ്പോൾ തോന്നിയത്.

ദേശാഭിമാനി, ലക്കം 36 ൽ രണ്ടു കഥകളുണ്ട്. ആദ്യത്തേത് സോണിയാ റഫീക്ക് എഴുതിയ ‘കുഴിമന്തി’.

സോണിയ റഫീഖ്

കുവൈറ്റ് പ്രവാസിയായിരുന്ന മത്തായിച്ചായൻ നാട്ടിലെത്തി കാലങ്ങൾക്ക് ശേഷം കുഴിമന്തി റസ്റ്റോറന്റ് തുടങ്ങുന്നതാണ് കഥ. ഈ സംഭവത്തിലേക്ക് നമ്മൾ എത്തണമെങ്കിൽ ആദ്യം അറുപത്തെട്ട് വയസ്സുകാരിയും റിട്ടയർ ചെയ്ത ഹെഡ്മിസ്ട്രസ്സുമായ മോളിക്കുട്ടി ഫിലാഡൽഫിയയിൽ നിന്നും തിരിച്ചു വന്ന കഥ കേൾക്കണം. ഡിസ്ക് വേദന വന്ന മരുമകളെ ശുശ്രൂഷിക്കാൻ വേണ്ടിയായിരുന്നു ആ പോക്ക് എന്നറിയണം. എങ്കിൽ വായനക്കാർക്ക് സംശയം വരും, ഒറ്റ മകനേയുള്ളുവോ എന്ന്. അതിനുള്ള മറുപടിയും ഉണ്ട്. കാനഡയിൽ വേറൊരു മകൾ കൂടിയുണ്ട്. അവളുടെ പ്രസവത്തിന് കാനഡയിലും കൂടി ഈ അമ്മച്ചി പോയിട്ടുണ്ട്. അപ്പോൾ അവരുടെ ഭർത്താവ് മത്തായി വീട്ടിൽ ഒറ്റക്കായില്ലേ എന്ന് ചോദ്യത്തിനുള്ള മറുപടിയും കഥാകൃത്ത് എഴുതി വച്ചിട്ടുണ്ട്. അടുത്തു തന്നെയാണ് കുടുംബ വീട്. മത്തായി അവിടെ പൊയ്ക്കോളും. എങ്കിൽ പിന്നെ ആ വീട്ടിൽ ആരൊക്കെയുണ്ട് എന്ന് പറയണ്ടേ? അവിടെ ലാലി എന്ന സഹോദരിയും ഒരു വേലക്കാരിയുമുണ്ട്. സ്വാഭാവികമായും കേൾക്കുന്നവർക്ക് ഒരു സംശയം തോന്നും. ഈ പെങ്ങൾ കല്യാണം കഴിച്ചില്ലേ? ഉത്തരം ഉണ്ടല്ലോ കഥയിൽ. കല്യാണം കഴിച്ചിട്ടില്ല. ഇത് വെറുതേ പറഞ്ഞു പോയാൽ പോരല്ലോ എന്ന് കഥാകൃത്തിന് ഒരു തോന്നൽ. അതിനാൽ അതിന്റെ കാരണവും പറയുന്നുണ്ട്. ഇത്രയൊക്കെ പറഞ്ഞിട്ടും നമ്മൾ കഥയിലേക്ക് എത്തിയോ? ഇല്ല. അതിനാൽ സംഗ്രഹം പറയാം.

മത്തായീസ് കുഴിമന്തി എന്ന പേരിൽ ഒരു മന്തി റസ്റ്റോറന്റ് തുടങ്ങുന്നു മത്തായിച്ചായൻ. ഇതറിഞ്ഞ പള്ളിക്കാരും ചില നാട്ടുകാരും അയാളോട് ആ ഉദ്യമത്തിൽ നിന്നും പിന്മാറാൻ പറയുന്നു. മന്തി ഉണ്ടാക്കാൻ വെട്ടിയ കുഴിയിൽ വിസർജിക്കുമെന്ന് കൂട്ടത്തിൽ ഒരാൾ. എങ്കിലും ധൈര്യസമേതം ഇതുമായി മുന്നോട്ടു പോകുന്നു, ഒരിക്കൽ കുവൈത്തിൽ മന്തിക്കട ഉണ്ടായിരുന്ന കഥാനായകൻ. പക്ഷേ നാട്ടുകാരാരും ആ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ല. ഇടവകക്ക് ചേരാത്ത ഭക്ഷണമാണതെന്ന് പ്രഖ്യാപിക്കപ്പെടുന്നു. മത്തായി വിട്ടു കൊടുക്കുന്നില്ല. മോളിക്കുട്ടി തളർന്ന് ആശുപത്രിയിലാകുന്നു. അവസാനം ഇതിനൊരു തീരുമാനം ഉണ്ടാക്കാൻ മത്തായിച്ചായനെയും മോളിക്കുട്ടിയെയും മക്കൾ വിദേശത്തേക്ക് കൊണ്ടു പോകുന്നു. ഇതാണ് കഥ. തുടക്കത്തിൽ പറഞ്ഞ സില്‍വിയാ പ്ലാത്തിന്റെ Who എന്ന കവിതയിൽ നിന്നുമുള്ള otherness ഇങ്ങനെയാണ് കഥയിൽ കടന്നുവരുന്നത്.

കഥയിൽ ആവശ്യമുള്ളത് മാത്രം പറയുക എന്നത് എഴുത്തുകാരിയെ തീരെ ബാധിക്കാത്ത പോലെയാണ് കഥപറച്ചിൽ. മത്തായിച്ചായൻ കുഴിമന്തി റസ്റ്റോറന്റ് തുടങ്ങാൻ കാരണമെന്താണെന്ന് പറയണ്ടേ? അത് വെറുതെ പറഞ്ഞാൽ പോരല്ലോ, കാര്യകാരണസഹിതം വിശദീകരിക്കണ്ടേ? അതും വളരെ നന്നായി പരത്തി പറഞ്ഞിട്ടുണ്ട് സോണിയ റഫീക്ക്.

അപ്പോഴാണ് ഒരു പുതിയ കഥാപാത്രം വരുന്നത്, അയൽപക്കത്തെ ജയൻ. ജയൻ ആരാണ്, എന്താണ്, എത്തരക്കാരനാണ്, മോളിക്കുട്ടിക്ക് അയാളെ അറിയുമോ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ വിശദീകരിച്ചിരിക്കുന്നു അവിടെ. ആ പറമ്പിലെ കക്കൂസ് കുഴിയിൽ നിന്നും ജയന്റെ പറമ്പിലേക്ക് മലിനജലം കിനിഞ്ഞിറങ്ങുന്നു. അതിനാൽ കക്കൂസ് കുഴി വൃത്തിയാക്കണം. വാഗ്വാദങ്ങൾക്കൊടുവിൽ കക്കൂസ് വൃത്തിയാക്കാൻ നോക്കുമ്പോൾ അതിനകത്ത് ഒന്നുമില്ല. ആയതിനാൽ പറമ്പിൽ വേറെ വല്ല കുഴിയും കാണും മൂടിയത്. അതിൽ നിന്നും കിനിഞ്ഞിറങ്ങുന്നതാവും എന്ന് ജയൻ. പിന്നെ ജോലിക്കാർക്ക് മുഴുവൻ, പറമ്പ് മൊത്തം കിളച്ചു നോക്കുന്നതായി പണി. അങ്ങനെ കിളക്കുമ്പോൾ ഒരു കുഴി കിട്ടുന്നു. പ്രവാസം മതിയാക്കി നാട്ടിലേക്ക് വന്ന ആദ്യ വർഷങ്ങളിൽ കുഴിമന്തിക്കട തുടങ്ങാൻ വേണ്ടി കുഴിച്ച കുഴി. പക്ഷേ കർക്കശക്കാരനായ അപ്പന്റെ കുഴിമന്തിയോടുള്ള എതിർപ്പ് കാരണം ആ കുഴി, കുഴിച്ചതുപോലെ മൂടേണ്ടി വന്നു. ഇന്ന് വീണ്ടും ആ കുഴി കണ്ടപ്പോൾ മത്തായിച്ചായനിൽ കുഴിമന്തിയുടെ ആഗ്രഹം വീണ്ടും ഉണർന്നു. ഇതോടുകൂടി മത്തായിച്ചായൻ കുഴിമന്തിക്കട തുടങ്ങാനുള്ള കാരണം വായനക്കാർക്ക് മനസ്സിലായല്ലോ. കഥയുടെ ഒടുക്കം, ഫ്ലൈറ്റിൽ ഇരുന്നപ്പോൾ മത്തായിച്ചായന് ആഗ്രഹം, അമേരിക്കയിൽ മന്തി ഉണ്ടാക്കാൻ ഉള്ള കുഴി കുത്താൻ സ്ഥലം കിട്ടുമോ എന്ന്!

ഇക്കാര്യം പറയാൻ വേണ്ടിയാണ് എഴുത്തുകാരി കണക്കില്ലാത്ത കഥാപാത്രങ്ങളെ നിരത്തി വച്ചിരിക്കുന്നത്. വർത്തമാനവും ഭൂതവും ചരിത്രവും തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത്ര പറഞ്ഞിട്ടും കഥയിൽ രസകരമായതോ പുതുമയുള്ളതോ ആയി വല്ലതുമുണ്ടോ? അതുമില്ല.

ഒരാളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അതേപടി പകർത്തിയാൽ കഥയാകില്ല എന്ന് പറയാറുണ്ട്. ഒരാളുടെ ജീവിതവും, അവരുടെ ഭർത്താവിന്റെ ജീവിതവും ഭർത്താവ് എത്തിപ്പെട്ട സ്ഥലവും അവിടുത്തെ ആൾക്കാരും അയൽക്കാരും പള്ളിയും പട്ടക്കാരും എല്ലാവരെയും കുറിച്ച് വിശദമായി പ്രസ്താവിച്ചാൽ കഥയുടെ കേന്ദ്ര ആശയം എന്താണ് എന്ന് വായനക്കാർക്ക് പിടികിട്ടില്ല. തുടക്കത്തിൽ പറഞ്ഞിരിക്കുന്ന സിൽവിയ പ്ലാത്തിന്റെ വരികൾ, അതുണ്ടാക്കുന്ന ഏറ്റവും അഗാധമായ വികാരം, ഇത്തരം തൊലിപ്പുറ കഥയ്ക്ക് തുടക്കമായി കൊടുത്തതിന്റെ യുക്തിയും പിടികിട്ടുന്നില്ല. ഭക്ഷണത്തിൽ പോലും കാണിക്കുന്ന അന്യതാത്വം ആണെങ്കിൽ, ആ വിഷയത്തെ അവതരിപ്പിച്ചത് വളരെ വളരെ അവിദഗ്ധമായ രചന കൊണ്ടായിപ്പോയി എന്ന് പറയാം.

‘ലൂയീസിന്റെ ആദ്യകൂദാശയും പ്രൊഫസർ ഹാരിസും’ എന്നാണ് മുഹമ്മദ് റാഫി എൻ വി ദേശാഭിമാനി വാരികയിൽ എഴുതിയ കഥയുടെ പേര്. തലക്കെട്ടും കഥയും തമ്മിലുള്ള ബന്ധം അന്വേഷിച്ചു പോകുമ്പോൾ, അതിനെ സാധൂകരിക്കുന്ന കാര്യങ്ങളിൽ ആദ്യത്തേത് വായനയിൽ നിന്ന് ലഭ്യമാകുന്നത് ലൂയീസ് വെർണാഡ് എന്ന മദ്യമാണ്. ചലച്ചിത്ര നാടക പ്രവർത്തകനും നിരൂപകനും ആയിരുന്നു പ്രൊഫസർ വിസി ഹാരിസാകാം ചിലപ്പോൾ കഥയിലെ ഒരു കഥാപാത്രം.

മുഹമ്മദ് റാഫി എൻ വി

അടിയന്തരാവസ്ഥയെ തുടർന്ന് നാട്ടിൽ നിൽക്കാൻ കഴിയാത്തതിനാൽ കോടമ്പാക്കത്തേക്ക് നാടുവിട്ടുപോയ ശ്രീകുമാർ നാട്ടിൽ തിരിച്ചെത്തുന്നതും തുടർന്ന് പഴയ സഹപാഠികളെ കാണാൻ പോകുന്നതുമാണ് കഥയുടെ തുടക്കം. പണ്ട് നാടുവിട്ട് കോടമ്പാക്കത്ത് എത്തുന്നതും അവിടെ നിന്നും ചില സിനിമകളിൽ എക്സ്ട്രാ നടനായി അഭിനയിക്കുന്നതും പറയുന്നു. പിന്നീട് ശ്രീകുമാർ എത്തിപ്പെടുന്നത് പ്രൊഫസറുടെ വീട്ടിലാണ്.

കഥയുടെ ആരംഭത്തിൽ കൊടുത്തിട്ടുള്ള ഉല്പത്തി പുസ്തകത്തിലെ 4 :17 ഭാഗം ഇവിടെ സംഗതമാകുന്നു. “കയീൻ ഭാര്യയുമായി സംഗമിച്ചു. അവൾ ഗർഭം ധരിച്ച് ഹനോക്കിനെ പ്രസവിച്ചു.” കയീൻ തന്റെ ഭാര്യയുമായി സംഗമിക്കുന്നതിന് മുൻപ് ഹവ്വയല്ലാതെ മറ്റൊരു പെണ്ണിനെക്കുറിച്ചും ഉല്പത്തിയിൽ വെളിപാടില്ല. ഈ കുഴക്കുന്ന പ്രശ്നത്തെക്കുറിച്ച് ആലോചിച്ചാലോചിച്ചിരിക്കുമ്പോൾ ആണത്രേ പ്രൊഫസറുടെ അടുത്തേക്ക് ശ്രീകുമാർ എത്തുന്നത്. അതിനുശേഷം പ്രൊഫസറോടൊത്ത് കുറച്ചുനേരം സംസാരം. കൂടെ ഇരുന്നുള്ള മദ്യപാനം. അതിനിടയ്ക്ക് ഭൂതകാലം ഓർക്കാൻ സൈഗാളിന്റെ പാട്ട്.

തുടർന്ന് വീട്ടിൽ തിരിച്ചെത്തുന്നു ശ്രീകുമാർ. പിന്നെ കഥാകൃത്ത് പറയുന്നത് സിനിമയിൽ ഹാസ്യവേഷം ചെയ്യാൻ ശ്രീകുമാറിന് താല്പര്യമുണ്ടാകുന്നു എന്നാണ്. അതുകാരണം ജഗതി ശ്രീകുമാറിനെ അനുകരിക്കാൻ തുടങ്ങി. അദ്ദേഹം അഭിനയിച്ച പല പല വേഷങ്ങളിലും ജീവിച്ചു. അടിക്കുറിപ്പ് എന്ന സിനിമയിൽ ജഗതി അവതരിപ്പിച്ച ബഷീർ എന്ന കഥാപാത്രമായി കുറച്ചു സമയം. ബഷീർ മുസൽമാൻ ആയതുകൊണ്ട് അധികം ഒന്നും മിണ്ടാൻ ശ്രീകുമാർ പേടിച്ചു.

മുൻപത്തെ സന്ദർശനത്തിൽ പ്രൊഫസറോട് ചോദിക്കാൻ മടിച്ചിരുന്ന, സിനിമയിലെ ഒരു വേഷം ചോദിക്കാൻ വേണ്ടി വീണ്ടും ശ്രീകുമാർ പ്രൊഫസറെ തേടി യാത്ര പുറപ്പെടുന്നു. അവിടെ തെരുവിലും കടയിലും ഓട്ടോറിക്ഷയിലും ഒക്കെ കറുത്ത കൊടി കാണുന്നു. അപ്പോൾ മനസ്സിലാകുന്നു പ്രൊഫസർ മരിച്ചുപോയി എന്ന്. പ്രൊഫസർ ആശ്രയിച്ചിരുന്ന ആ നാട്ടിലെ മദ്യശാലയിൽ ചെന്ന് അദ്ദേഹത്തിന് സമ്മാനമായി കൊണ്ടുവന്നിരുന്ന മദ്യക്കുപ്പിയുടെ സാന്നിധ്യത്തിൽ വേറെ മദ്യം ഓർഡർ ചെയ്ത് കുടിക്കുന്നു ഇയാൾ. അപ്പോൾ ശ്രീകുമാറിന് തോന്നുന്നു, താൻ അന്ന് കണ്ടപ്പോൾ തന്നെ പ്രൊഫസറോട് വേഷം ചോദിച്ചിരുന്നുവെന്നും, അതിൽ അദ്ദേഹം നിത്യവാഗ്ദത്തം ഉറപ്പിച്ചിരുന്നുവെന്നും. ആ സംശയം ഇയാൾക്ക് പിന്നെ അസ്തമിച്ചതേയില്ല.

കഥയുടെ ആശയം സംഗ്രഹത്തോടെ വായനക്കാർക്ക് പിടികിട്ടിക്കാണുമെന്ന് വിചാരിക്കുന്നു. തുടർച്ചയായ പറച്ചിലാണ് ഈ കഥ. വാക്കുകളും വാചകങ്ങളും കൊണ്ടുള്ള കളി. അതിൽ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒഴുക്ക്. എഡിറ്റിംഗ് തീരെ ഇല്ലാത്ത സൃഷ്ടിയാണിത്. അമിതാഖ്യാനത്തിന്റെ, അനാവശ്യ വിവരണത്തിന്റെ എല്ലാ ദോഷങ്ങളും ഉള്ള കഥ. ഉല്പത്തി പുസ്തകത്തിലെ ആ വചനം എന്തിനാണ് ചേർത്തത് എന്നും, കഥയുടെ പ്രധാനഘടകമായി അത്തരമൊരു ആലോചന കൊണ്ടുവന്നത് എന്തിന് എന്നും എനിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല. അതിനുശേഷം കഥയുടെ തുടക്കത്തിൽ തന്നെ പറയുന്ന വാചകം നോക്കുക.

//”ശ്രീകുമാർ മാഹി കോളേജിൽ പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് രാജ്യത്ത് അടിയന്തരാവസ്ഥയും പോലീസ് രാജും വന്നത്. അതിൽ പങ്കെടുത്ത് നാട്ടിൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ അയാൾ കോടമ്പാക്കത്തേക്ക് നാട് വിട്ടു.”//

‘അടിയന്തരാവസ്ഥ’ എന്നത് ഒരു അവസ്ഥയാണ്. ഒരു അവസ്ഥയിൽ പങ്കെടുത്തു എന്ന് പറഞ്ഞാൽ അത് എത്രമാത്രം വിഡ്ഢിത്തം ആണെന്ന് എഴുതിയ കഥ വായിച്ചു നോക്കിയാൽ മനസ്സിലാക്കാം.

അതിനുശേഷം ബെല്ലും ബ്രേക്കും ഇല്ലാതെ വാക്കുകളുടെ ഒഴുക്കാണ്. വായന തുടർന്ന് പോകുമ്പോൾ എനിക്ക് തോന്നിയത് വികെഎൻ കഥകളുടെ വളരെ വികലമായ അനുകരണം ആയിട്ടാണ്. വാക്കുകൾ കൊണ്ടുള്ള കളി. പ്രൊഫസറെ കണ്ടതിനുശേഷം മദ്യക്കുപ്പി തുറക്കുന്ന രംഗം വിശദീകരിക്കുന്നുണ്ട് കഥാകൃത്ത്. ലൂയിസും വെർനാഡും കണക്കില്ലാതെ ആവർത്തിക്കുന്നത് മാത്രമല്ല, ഒരു മദ്യക്കുപ്പി തുറക്കുന്നതിനെ പറയാൻ കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്ന വാചകങ്ങളുടെ ധാരാളിത്തം, അസഹ്യമാണത്. അതിനു ശേഷം ശ്രീകുമാർ ജഗതിയുടെ വേഷം കെട്ടുന്നത്! എത്രയെത്ര കഥാപാത്രങ്ങളുടെ അനുകരണ വിവരണം! എത്ര സ്ഥലമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് എന്ന് നോക്കുക! അതിനിടക്ക് രാഷ്ട്രീയബോധം കൊണ്ട് ബഷീറും വരുന്നു. എന്നിട്ടെന്തു പറ്റി? സിനിമയിൽ വേഷം കിട്ടാൻ പ്രഫസറെ കാണാൻ പോയി. പോയതിന്റെ വിവരണവുമുണ്ട് വിശാലമായിട്ട്. അപക്വമായ എഴുത്ത്. വെറും വാചകക്കസർത്ത്.

ദേശാഭിമാനി, ലക്കം 37 ലുമുണ്ട് രണ്ടു കഥകൾ. ആദ്യത്തേത് ടിപി വേണുപോലൻ എഴുതിയ ‘ഫാന്റസി ഫാക്ടറി’. മരം വെട്ടുന്നതിനിടയിൽ കാൽ തെറ്റി വീണ് ജീവച്ഛവമായി കിടക്കുന്ന അച്ഛന് കട്ടിൽ വാങ്ങാൻ പോകുന്ന മകനാണ് കഥാനായകൻ. വർഷങ്ങളായി ഒരേ കിടപ്പ് കിടക്കുന്ന അച്ഛന്റെ കട്ടിൽ ദ്രവിച്ചിരിക്കുന്നു. “വായിൽ ഉമിനീർ അധികം ബാക്കിയില്ലാത്ത” അമ്മ സ്വരുക്കൂട്ടി വെച്ച തുച്ഛമായ പൈസയും കൊണ്ട് അച്ഛന്റെ സുഹൃത്തായ നാണുവേട്ടൻ എന്ന ആശാരിയെ കാണാൻ പോകുന്നു. ആ പണം കൊണ്ട് പുതിയ കട്ടിൽ ഒന്നും ഉണ്ടാക്കാൻ കഴിയില്ല എന്നറിഞ്ഞതിനാൽ ഒരു യൂസ്ഡ് ഫർണിച്ചർ കടയിലേക്ക് കഥാനായകനെ അയാൾ കൊണ്ടു പോകുന്നു. പലപല വിശേഷപ്പെട്ട കട്ടിലുകൾ കണ്ടുവെങ്കിലും എത്രയോ ജന്മം അധ്വാനിച്ചാലും ഉണ്ടാക്കാൻ പറ്റാത്ത വിലയായിരുന്നു അവയ്ക്ക്. അവസാനം കടക്കാരൻ കാണിച്ചു കൊടുത്ത വിലകുറഞ്ഞ കട്ടിൽ പക്ഷേ പണിഞ്ഞത് നാണുവേട്ടൻ തന്നെയായിരുന്നു. സാമൂപ്പൻ എന്ന ജന്മിക്കുവേണ്ടി പണികഴിപ്പിച്ച ഒന്നാന്തരം കട്ടിൽ. പ്രേതബാധയുണ്ട് എന്ന് പ്രശ്നം വെച്ചുനോക്കിയപ്പോൾ കണ്ടതിനാൽ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കുകയായിരുന്നു അയാൾ ഈ കട്ടിലിനെ.

ടി പി വേണുഗോപാലൻ

ഫർണിച്ചർ കടക്കാരനുമായുള്ള സംഭാഷണമധ്യേ, മെലിഞ്ഞ, കവിളൊട്ടി, വൈരൂപ്യത്തിനാസ്പദമായതായി സമൂഹം കാണുന്ന കഥാനായകന് ഒരു ഫോൺ വിളി വരുന്നു. സ്കൂളിൽ ഒന്നിച്ചു പഠിച്ച ഇപ്പോഴത്തെ യൂട്യൂബർ. ‘പാരാ നോർമൽ ആക്ടിവിറ്റിയെയും’ പ്രേതങ്ങളെയും കുറിച്ചുള്ള വീഡിയോ ചെയ്യുന്നതിനാൽ വളരെയേറെ പോപ്പുലർ ആയിരിക്കുന്നു തന്റെ ചാനലെന്നും, അതിന്റെ പുതിയ എപ്പിസോഡിലേക്ക് പ്രേതമായി അഭിനയിക്കാൻ താല്പര്യമുണ്ടെങ്കിൽ വരണമെന്നും, ഒരു ചെറിയ പ്രതിഫലം തരാമെന്നും ഇയാൾ കഥാനായകനെ അറിയിക്കുന്നു.

അന്ധവിശ്വാസത്തിന്റെ പരകോടിയിലെത്തിരിക്കുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികളായ രണ്ടുപേർ, ഫർണിച്ചർ കടക്കാരനും പഴയ സഹപാഠിയും, ഒരേസമയം “എന്തു പറയുന്നു?” എന്ന് ആഖ്യാതാവിനോട് ചോദിക്കുന്നതോടെ കഥ അവസാനിക്കുന്നു.

സമകാലിക അവസ്ഥകളോട് ക്രിയാത്മകമായി സംവദിക്കുന്നതാണ് കഥയുടെ പ്രമേയം. അതിനുമപ്പുറം ഗംഭീരമാണ് ഇതിന്റെ അവതരണം. പ്രത്യേകിച്ചും കഥയുടെ അവസാനഭാഗത്തോട് അടുക്കുമ്പോൾ. സംഭാഷണങ്ങളെ ഇടക്ക് വെച്ച് നിർത്തിക്കൊണ്ടുള്ള കഥാനായകന്റെ ഓർമ്മയും, അത് കൂടുതൽ നീണ്ടു പോകുന്നതിനു മുൻപേ സുഹൃത്തിന്റെ സംഭാഷണവും ഇഴ ചേർത്ത് വെക്കുന്നത് രചനാകൗശലത്തിൻറെ മികവാണ്. ഒരു കഥ, എത്ര വിശദമായി കാര്യങ്ങൾ പറയുമ്പോഴും വിരസത ഉണ്ടാക്കാതെ വായനക്കാരെ കഥയിൽ ലയിപ്പിക്കുക എന്നത് പ്രതിഭയാണ്. ആ പ്രതിഭ വേണ്ടുവോളമുണ്ട് എഴുത്തുകാരന്.

ദേശാഭിമാനിയിലെ രണ്ടാമത്തെ കഥ എം കെ മനോഹരൻ എഴുതിയ ‘ചാരു മജുംദാറിന്റെ വരവും പോക്കും’ ആണ്. 1970ൽ ചാരൂ മജുംദാർ കേരളത്തിൽ വന്നതിനെ കുറിച്ചാണ് പറയുന്നത്. ആ ചരിത്ര പശ്ചാത്തലത്തിൽ ഒരു പത്രക്കുറിപ്പ് അല്ലെങ്കിൽ ഫീച്ചർ തയ്യാറാക്കിയതിനെക്കാൾ അപ്പുറം ഒരു കല്പിതകഥയുടെ സൗന്ദര്യം ഒന്നും ഇതിൽ കാണുക വയ്യ. ആകെ പറയാനുള്ളത് ജാനകി എന്ന പെൺകുട്ടി അദ്ദേഹത്തിന് എഴുതിയ ഇൻലന്റും, അത് സ്വീകരിക്കുന്നതിനു മുൻപേ ജയിൽ വെച്ച് അദ്ദേഹം മരണപ്പെട്ടുപോയി എന്ന വസ്തുതയുമാണ്. മൂന്നു പതിറ്റാണ്ടായി മലയാള സാഹിത്യലോകത്തുള്ള ഒരു എഴുത്തുകാരൻ നിന്ന് ഇതിനെക്കാൾ എത്രയെത്രയോ അപ്പുറമുള്ള ഒരു സൃഷ്ടിയാണ് വായനക്കാർ പ്രതീക്ഷിക്കുന്നത്.

എം കെ മനോഹരൻ

വളരെ വിചിത്രമായ കാര്യം അതല്ല. പരിചയസമ്പന്നനായ എഴുത്തുകാരന് സംഭവിച്ച പിശക് ആകാൻ തീരെ സാധ്യതയില്ലാത്ത ഒരു കാര്യമാണ്. മജുംദാർ എന്നല്ല കഥയിൽ. ‘മഞ്ജുംദാർ ‘ എന്നാണ്. വെറുമൊരു അക്ഷരത്തെറ്റല്ലേ, ഒരു പേരിന്റെ കാര്യമല്ലേ എന്ന് ചോദിച്ചേക്കാം. ചരിത്ര ബോധമോ രാഷ്ട്രീയ സാക്ഷരതയോ ഇല്ലാത്ത കുട്ടികളാണ് ഒരു ഇടതുപക്ഷ സ്വഭാവമുള്ള വാരികയിൽ ടൈപ്പ് ചെയ്യുന്നതിനും പ്രൂഫ് റീഡിങ്ങിനും ഇരിക്കുന്നത് എങ്കിൽ വളരെ ഖേദമുണ്ട്. അതിനേക്കാൾ, കഥയുടെ തലക്കെട്ടും, ഉള്ളടക്ക സൂചികയും ഒന്ന് വായിക്കാനെങ്കിലും മെനക്കെടാതെയാണ് പ്രസാധകർ വാരിക പുറത്തിറക്കുന്നതെങ്കിൽ, വലിയ തോതിലുള്ള എതിർപ്പും.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email