പൂമുഖം LITERATUREനിരൂപണം കഥാവാരം – 41

കഥാവാരം – 41

കഴിഞ്ഞ വാരവും ചെറുകഥകൾക്ക് പഞ്ഞമൊന്നുമില്ലായിരുന്നു. മാധ്യമം പുതുവർഷപ്പതിപ്പിൽ തന്നെ അഞ്ചു കഥകൾ. ആകെ പത്തു കഥകൾ. മാതൃഭൂമി, ദേശാഭിമാനി എന്നിവയിൽ രണ്ടു വീതം. ഒന്ന് സമകാലിക മലയാളത്തിൽ.

മാതൃഭൂമി വാരികയിലെ ആദ്യത്തെ കഥ എഴുതിയത് ടി പത്മനാഭൻ ആണ്. ‘വീണ്ടും ഒരു ചെറിയ കഥ’ എന്നാണ് പേര്. ചെറിയ കഥയാണ്. നല്ലത്. ഓർമ്മക്കുറിപ്പ് പോലെ കാണപ്പെട്ട ഈ സൃഷ്ടിയുടെ മുകളിൽ തലക്കെട്ട് ‘കഥ’ എന്ന് കൊടുത്തത് നന്നായി. അല്ലെങ്കിൽ അതിന്റെ തുടക്കത്തിലെ അസഹ്യമായ ആത്മപ്രശംസ കാരണം വായനക്കാർ വിരസതയുടെ ഹിമാലയം കയറിയേനെ.

ടി പദ്മനാഭൻ

വളരെ പണ്ട് നടന്ന സംഭവം എന്ന് പറഞ്ഞാണ് കഥ ആരംഭിക്കുന്നത്. നാടുമുഴുവൻ ഒരു പ്രത്യേക വിഷയത്തിന്റെ ചർച്ചയിൽ ഇളകി മറിയുകയായിരുന്നു. എതിർത്തും അനുകൂലിച്ചും. അപ്പോൾ അതുമായി ബന്ധപ്പെട്ട മന്ത്രിതന്നെ അസംബ്ലിയിൽ വച്ച് തന്റെ പാർട്ടിക്ക് ഹിതകരമല്ലാത്ത ഒരു നിലപാടെടുക്കുന്നു. ഇതിൽ അത്യധികം ആകൃഷ്ടനായിപ്പോയ കഥാകൃത്ത് അവരെ അഭിനന്ദിക്കാൻ ഫോണിൽ വിളിക്കാൻ തീരുമാനിക്കുന്നു. സ്വയം പരിചയപ്പെടുത്തിയതിനു ശേഷം അഭിനന്ദനങ്ങൾ അറിയിച്ച് ഫോൺ വെക്കാൻ തുനിയുന്നു. അന്നേരം ആ മഹതി എഴുത്തുകാരനോട് ഒരു വമ്പൻ രഹസ്യം പറയുന്നു. ചെറുപ്പത്തിൽ ഇവരും ഒരുപാട് കഥകൾ എഴുതിയിട്ടുണ്ട് പോലും. ആ കഥകളൊക്കെ ഒരു സമാഹാരം ആക്കാൻ വേണ്ടി, തന്റെ സാഹിത്യതത്പരനായ ഒരു മാഷിനെ സമീപിക്കുന്നു. പക്ഷേ അദ്ദേഹം ഒരു ചെറിയ പുസ്തകം കുട്ടിക്ക് കൊടുക്കുകയാണ് ചെയ്തത്. അത് വായിച്ചുതോടുകൂടി കഥാസമാഹാരം ഇറക്കുന്നത് മാത്രമല്ല കഥ എഴുത്തുകൂടി ഇവർ നിർത്തി പോലും. ഇത് കേട്ടപ്പോൾ കഥാകൃത്തിന് ആഗ്രഹം. ആരായിരുന്നു ആ പുസ്തകത്തിന്റെ കർത്താവ് എന്ന്. അത് ടി പത്മനാഭൻ ആയിരുന്നുവത്രേ!
ഇത്രയുമാണ് ഈ കഥ.

പരിചയസമ്പന്നരായ, അനവധി ദശാബ്ദങ്ങളുടെ എഴുത്ത് പരിചയമുള്ള കഥാകൃത്തുക്കളുടെ സൃഷ്ടികൾ ചിലപ്പോൾ വിരസമാകാം. പുതുമയില്ലാത്ത വിഷയമാവാം. ആവർത്തനങ്ങൾ ആകാം. പക്ഷേ, അവർ ഉപയോഗിക്കുന്ന ഭാഷ, അല്ലെങ്കിൽ എഡിറ്റിംഗ് ഇതൊക്കെ ഏറെക്കുറെ പൂർണ്ണതയുള്ളതാകും.
ഫോണിന്റെ അങ്ങേത്തലക്കൽ ഇരുന്ന് സംസാരിക്കുന്ന (വീഡിയോകോൾ അല്ല) സ്ത്രീയെക്കുറിച്ച് ‘അമർത്തിപ്പിടിച്ച പുഞ്ചിരിയോടെ അവർ പറഞ്ഞു’ എന്ന അബദ്ധം ഒരു ചെറുകഥയിൽ കൊണ്ടുവരുന്നതിനേക്കാൾ നല്ലത് കഥ എഴുതാതിരിക്കുക എന്നതാണ്.

ഒരു പെൺകുഞ്ഞിന് ജന്മം നൽകി അധികമാകുന്നതിന് മുൻപേ മരണപ്പെട്ടു ഗുസ്താവ് ഫ്ലോബേറിന്റെ ഏക സഹോദരി കാരോലീന (Caroline). അമ്മയുടെ അതേ പേര് തന്നെ വിളിക്കപ്പെട്ട ഈ കുട്ടിയെ ഗുസ്താവും അയാളുടെ അമ്മയുമാണ് പോറ്റിവളർത്തിയത്. മരുമകളോട് അതിരറ്റ വാത്സല്യവും സ്നേഹവുമായിരുന്നു ആ ഫ്രഞ്ച് എഴുത്തുകാരന്.

ഫ്ലോബേറിന്റെ തിരഞ്ഞെടുത്ത കത്തുകളുണ്ട്. സുഹൃത്തുക്കൾക്കും സാഹിത്യകാരന്മാർക്കും കുടുംബാംഗങ്ങൾക്കും എഴുതിയവ. അവയിൽ മരുമകൾ കരോലീനയ്ക്കുള്ള ഒരു കത്തിൽ ഇങ്ങനെ കാണാം. ‘Today is your birthday, my poor Caro! You were born amid tears- that brought you bad luck. “
ഈ വാചകം വായിച്ചു കഴിഞ്ഞ് എനിക്ക് ആഗ്രഹം ഉണ്ടാകുന്നു ഒരു കഥ എഴുതാൻ. ആ കഥ എങ്ങനെയുണ്ടാകും? ഫ്ലോബേറിന്റെ ഒരു ചെറിയ ചരിത്രം, കുറച്ച് കൂട്ടിച്ചേർപ്പുകൾ, ഇവ കാണാം അതിൽ. കഥാകൃത്തല്ലാത്ത ഞാൻ എഴുതിയാലും ഉണ്ണി ആർ എഴുതിയാലും വായനക്കാരന് യാതൊരു മെച്ചവും ഉണ്ടാവുന്നതല്ല. അതറിയണമെങ്കിൽ മാതൃഭൂമിയിലെ ഉണ്ണി ആറിന്റെ കഥ വായിക്കുക. ‘നടപ്പൻ നിഴൽ, ചിന്താഭൂതം’. വായനക്കാരിലേക്ക് എന്ത് പകർന്നുതരാനാണ് കഥാകൃത്ത് ഇക്കഥ എഴുതിയത് എന്ന് എനിക്കൊട്ടും മനസ്സിലായിട്ടില്ല. ഒരു ചരിത്ര പുരുഷന്റെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടം വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുമ്പോൾ, ജീവചരിത്രക്കുറിപ്പിനൊപ്പം കുറച്ച് കൂട്ടിച്ചേർപ്പുകൾ കൂടി ചേർത്താൽ അത് കഥയാവില്ല. കഥാകൃത്തിന്റെ ഭാവന കൊണ്ട്, വായനക്കാർ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത പുതിയൊരു അനുഭൂതിയിലേക്ക് ഒന്നിനെ ഉയർത്താൻ പറ്റുന്നില്ലെങ്കിൽ അതിനെ കലയായി കാണുന്നതെങ്ങനെ? അവതരണം കൊണ്ട് മാത്രം ഒരു സൃഷ്ടി പൂർണമാകുന്നില്ലല്ലോ.

ഉണ്ണി ആർ

ഇപ്രാവശ്യത്തെ മാധ്യമം അഞ്ച് കഥകളുള്ള പുതുവർഷപ്പതിപ്പാണ്. അതിലൊന്ന് തുടർക്കഥയായതിനാൽ ഇക്കുറി പരിഗണിച്ചിട്ടില്ല.

പ്രവീൺ ചന്ദ്രൻ എഴുതിയ ‘ഒരു പന്തയത്തിന്റെ അന്ത്യം’ ആണ് ആദ്യ കഥ. Zeno’s Paradox ലെ ട്രോജൻ പടയാളി അക്കിലസും ആമയും തമ്മിലെ ഓട്ടപ്പന്തയത്തിന്റെ ദാർശനിക ഭൂമിക കഥയിൽ വരുന്നുണ്ട്. വിശാലമായ കാൽ പാദവും അതിവേഗതയുമുള്ള അക്കിലസുമായി ദുർബലനായ ആമ പന്തയം വെക്കുമ്പോൾ, ഒരു ചെറിയ ഇളവ് നൽകുന്നുണ്ട്. ഒരു നിശ്ചിത അളവ് ദൂരം ആദ്യമേ ആമക്ക് പോകാം. അല്ലെങ്കിൽ ആ അകലത്തിനുശേഷം മാത്രമേ അക്കിലസ് മത്സരം ആരംഭിക്കുവാൻ പാടുള്ളൂ. ഈ നിബന്ധന അനുസരിച്ച് ഒരിക്കലും ആമയെ മറികടക്കാൻ സാധിക്കാത്തവൻ ആകുന്നു ട്രോജൻ പടയാളി. (നൂറ് മീറ്റർ ദൂരെ ഇരിക്കുന്ന ഒരു കുളം. ആദ്യതവണ അമ്പത് മീറ്റർ, പിന്നെ ഇരുപത്തിയഞ്ച് എന്നിങ്ങനെ, ബാക്കിയുള്ള ദൂരത്തിന്റെ പകുതിവീതം താണ്ടുന്ന ഒരു തവളയ്ക്ക് ആ കുളത്തിലേക്ക് എത്തിച്ചേരാൻ എത്ര ചാട്ടം ചാടേണ്ടി വരും എന്നതുപോലെ വിചിത്രമായ ഒരു പന്തയമായിരുന്നു അത്).

പ്രവീൺ ചന്ദ്രൻ

പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലിരിക്കുന്ന മൂന്നുപേർ. ജോസഫ്, വിനോദ് എബ്രഹാം, മജീദ്. ഇവരിൽ വിനോദ് എബ്രഹാം വിചിത്ര സ്വഭാവത്തിന് ഉടമയാണ്. തന്റെ ഭാര്യയ്ക്ക് ഒരു കാമുകൻ ഉണ്ടെന്നും, തന്നിൽ നിന്നും ഭാര്യയെ തട്ടിയെടുക്കാൻ അയാൾ തക്കംപാർത്തിരിക്കുകയാണെന്നും ഉറച്ച തോന്നലുണ്ട് ഇയാൾക്ക്. ഒരിക്കൽ ഭാര്യയ്ക്ക് അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായപ്പോൾ സഹായത്തിന് വന്ന ജോസഫോ സഹപ്രവർത്തകനായ മജീദോ ആണ് അത് എന്ന് ഇയാൾ വിശ്വസിക്കുന്നു. ഒരിക്കൽ തന്റെ കാർ കേടായി എന്ന കള്ളം പറഞ്ഞ് ജോസഫിനോട് ഓഫീസിലേക്ക് പോകാൻ തന്നെയും കൂടെ കൂട്ടണം എന്ന് പറയുന്നു. പിൻസീറ്റിലുള്ള വിനോദിന്റെ ആജ്ഞാനുവർത്തിയായി മാത്രം മാറുന്നു പിന്നീട് ജോസഫ്. തുടർന്ന് അയാൾ പറഞ്ഞതുപോലെ മജീദിന്റെ ഫ്ലാറ്റിൽ നിന്നും അയാളെയും കൂടെ കൂട്ടുന്നു. കാറിന്റെ മുൻപിൽ ഇവർ രണ്ടുപേർ. വിനോദിന്റെ കൈയിലെ തോക്കിൻ മുൻപിൽ ഭീതി പൂണ്ടവരായി അവർ ഇരുവരും ഇരിക്കുന്നു.

കഥ പറച്ചിലിന്റെ സ്വാഭാവികതയും നാടകീയതയും വിശ്വസനീയതയും ഉണ്ട് പ്രവീൺ ചന്ദ്രന്റെ അവതരണത്തിന്. നൂതനത്വമുള്ള അവതരണം. പറയുന്ന കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് എഴുത്തുകാരന്. അതുകൊണ്ടുതന്നെ വിനോദിന്റെ ആജ്ഞാശക്തിയും മറ്റു രണ്ടുപേരുടെയും ഭയവും വളരെ നന്നായി അനുഭവിക്കാൻ പറ്റുന്നുണ്ട് വായനക്കാർക്ക്. നല്ല കഥയാണിത്. അത്യാവശ്യം ചിന്തിക്കുകയും വായിക്കുകയും ചെയ്യുന്ന വിനോദിനെ Zeno’s Paradox ന്റെ വൈരുദ്ധ്യത്തിൽ തളച്ച്, ലക്ഷ്യത്തിൽ നിന്നും വ്യതിചലിപ്പിക്കുകയും കഥാന്ത്യത്തിൽ മറ്റു രണ്ടു പേർ രക്ഷപ്പെടുകയും ചെയ്യുന്നത് കാണുമ്പോൾ വായനക്കാരന് സന്തോഷം.

നിഷ അനിൽകുമാർ

രണ്ടാമത്തെ കഥ നിഷ അനിൽകുമാർ എഴുതിയ ‘ഗാന്ധിജിയുടെ കാമുകി’. ഉത്തരേന്ത്യയിൽ ജോലി ചെയ്തുകൊണ്ടിരുന്ന പിതാവിന്റെ മരണശേഷം സ്വത്ത് ഭാഗം വെക്കേണ്ടുന്ന ഘട്ടമെത്തിയപ്പോൾ, ആഭേരി എന്ന പേരുള്ള സ്ത്രീ അച്ഛന് അയച്ചുകൊണ്ടിരുന്ന കത്തുകളെ ക്കുറിച്ചും മാസം തോറും അച്ഛൻ അവർക്കയച്ചിരുന്ന മണി ഓർഡറിനെക്കുറിച്ചും ചർച്ചയുണ്ടാവുന്നു. അഹമ്മദാബാദിലെ ഏതോ ഒരു സ്ത്രീയുമായി അച്ഛന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്ന് ആദ്യമേ അമ്മ ഉറച്ച് വിശ്വസിച്ചിട്ടുണ്ട്. അതിനാൽ സ്വത്തിന് വേറെ അവകാശികൾ ആരുമില്ല എന്ന് ഉറപ്പുവരുത്തിയിട്ട് മതി ബാക്കിയൊക്കെ എന്ന് അമ്മ പറയുന്നു. മരണത്തിന്റെ അഞ്ചാം ദിവസം ആഖ്യാതാവിന് അച്ഛന്റെ മുറിയിൽ നിന്നും കിട്ടുന്ന ഡയറിയോടെ കാര്യങ്ങളിൽ വ്യക്തത വരുന്നു. ഇതാണ് കഥയുടെ പുറംതോട്.

അച്ഛൻ പറയുന്ന കാര്യങ്ങൾ ഡയറിക്കുറിപ്പ് ആയിട്ടല്ല പറഞ്ഞിരിക്കുന്നത്. ഒരു നീണ്ട കഥയായിട്ടാണ്. ഡയറിയിൽ എഴുതിവെച്ച കഥ എന്ന് വേണമെങ്കിൽ പറയാം. ആ കഥയിൽ കൂടി പോകുമ്പോൾ നമ്മൾ അറിയുന്നത്, ഗുജറാത്തിൽ, സർക്കാർ സർവീസിലിരിക്കെ, അച്ഛന് പരിചയപ്പെടേണ്ടിവന്ന സ്ത്രീയെ കുറിച്ചാണ്. കുടിയൊഴിപ്പിക്കലിന് വിധേയയായ ഒരു സ്ത്രീ. തികഞ്ഞ ഗാന്ധിഭക്ത. അധ്വാനിച്ചതൊന്നും സ്വന്തമായി എടുത്തുവെക്കാതെ മറ്റുള്ളവർക്ക് ദാനം ചെയ്യുന്ന, സ്വയം ഗാന്ധിജിയുടെ കാമുകിയായി വിശേഷിപ്പിക്കുന്ന ഒരു മഹതി. തെരുവിൽ നിന്നും എടുത്തു വളർത്തിയ കുട്ടിക്ക് മോഹൻദാസ് എന്ന പേരിടുന്നു ഇവർ. ദിവസങ്ങൾക്ക് ശേഷം ഏൽപ്പിക്കപ്പെട്ട ദൗത്യം പൂർത്തീകരിക്കുന്നതിനായി അവരുടെ വീട്ടിലേക്ക് എത്തുമ്പോൾ കഥാനായിക മരിച്ചുപോയതായി അച്ഛൻ മനസ്സിലാക്കുന്നു. പിന്നീട് ഗുജറാത്തിൽ നിന്നും സ്ഥലം മാറിപ്പോയി കുറെ കാലങ്ങൾക്ക് ശേഷം തിരിച്ചെത്തുമ്പോൾ, മോഹൻദാസ്, ആഭേരി എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നതായി കാണുന്നു.

നാട്ടിലേക്ക് പോകാൻ വേണ്ടിയുള്ള തിരക്കിനിടക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ അച്ഛൻ മോഹൻദാസിനെ ചുമതലപ്പെടുത്തുന്നു. അന്നേരമാണ് 2002ലെ ഗുജറാത്ത് കലാപം. ആ കലാപത്തിൽ മോഹൻദാസും മകളും നഷ്ടപ്പെടുന്നു. ആഭേരിയും കുഞ്ഞും ദുരിതാശ്വാസ ക്യാമ്പിലാവുന്നു. രണ്ടു ജീവനുകൾ അനാഥമാകാൻ അറിയാതെയാണെങ്കിലും കാരണക്കാരനായി എന്ന കുറ്റബോധം കൊണ്ട് എല്ലാ മാസവും ആഭേരിക്ക് പണം അയക്കുന്നു അച്ഛൻ. ഇത് പക്ഷേ പരസ്ത്രീ ബന്ധമാണെന്ന് നാട്ടിൽ പ്രചരിപ്പിക്കപ്പെടുന്നു. അച്ഛന്റെ ഡയറിക്കുറിപ്പോടുകൂടി മക്കൾക്ക് സത്യാവസ്ഥ മനസ്സിലാകുന്നു.

കഥയ്ക്ക് അകത്ത് ചില വ്യത്യസ്തതകൾ എഴുത്തുകാരി പറയുന്നുണ്ട് എങ്കിലും, അതിന്റെ ആകെത്തുക, അഥവാ പ്രധാന പ്രമേയം പൈങ്കിളി തന്നെയാണ്. കഥയുടെ സംഗ്രഹം പറയുമ്പോൾ ഇത് എത്രയെത്രയായി നമ്മൾ കേൾക്കുന്ന കാര്യമാണെന്ന് ഒരാൾക്ക് തോന്നാം. മുഖ്യ ആശയം സുശക്തമല്ലെങ്കിൽ, അതിനകത്ത് പ്രസ്താവിക്കുന്ന രാഷ്ട്രീയമോ നാടകമോ വൈകാരിക പരിസരങ്ങളോ അധികമൊന്നും ഫലവത്താവുകയില്ല.

ശ്രീകണ്ഠൻ കരിക്കകം

ശ്രീകണ്ഠൻ കരിക്കകം എഴുതിയ ‘പീ….കോക്ക്’ ആണ് അടുത്ത കഥ. പരിസ്ഥിതിസന്തുലനത്തിന് കോട്ടം തട്ടുന്ന വിധത്തിൽ വികസനം മുദ്രാവാക്യമാകുമ്പോൾ, കാട്ടിലെ ജീവികൾ നാട്ടിൽ വരും. മനുഷ്യന്റെ സ്വസ്ഥത നശിപ്പിക്കും. വാചകങ്ങൾ ഇഷ്ടം പോലെ ഉണ്ട് ഇതിൽ. വികാരങ്ങൾ കമ്മി. ലേഖനസ്വഭാവത്തിലുള്ള എഴുത്ത്. കഥയുടെ അവസാനത്തിലെ കുട്ടികളുടെ പറച്ചിൽ കഥയെ കുട്ടിക്കളിയാക്കുന്നു. മയിലുകളെ എങ്ങനെയെങ്കിലും കൊല്ലണം എന്ന് പറയുന്ന അച്ഛന്റെ വാക്കുകൾക്ക് കുട്ടികളുടെ മറുപടി നോക്കിക്കോളൂ.

“ഞങ്ങളുടെ മാംസത്തിന് അതിനെക്കാൾ രുചിയാണ്. കൊല്ലുന്നെങ്കിൽ ആദ്യം ഞങ്ങളെ കൊല്ലച്ഛാ. പിന്നീട് മതി അവറ്റകളെ. “
ഈ വരികൾ വായിച്ച് കരഞ്ഞുപോയവർ എത്രയുണ്ടാകും എന്ന് പറയാൻ പറ്റില്ല. പക്ഷേ ചിരിച്ചുപോയ ഒരാളെങ്കിലും ഉണ്ട് എന്ന് ഉറപ്പിച്ചു പറയാം. കൂടുതലൊന്നും പറയാനില്ല.

ഗോവിന്ദൻ

മാധ്യമം പുതുവർഷ പതിപ്പിലെ അവസാനത്തെ കഥ ഗോവിന്ദന്റെ ‘മസിൽ ബാരലാ’ണ്. തലക്കെട്ട് വായിച്ച് കഥയിലേക്ക് പോകുമ്പോൾ, നിറ, പൊട്ടാസ്, കുതിര, കാഞ്ചി, ഉന്നം എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി തിരിച്ചത് കാണാം. ഒരു വെടിവെപ്പുമായി ബന്ധപ്പെട്ട കഥയാണെന്ന് തോന്നും. കഥ അവസാനിപ്പിക്കുമ്പോൾ തീർച്ചയായും തോന്നും.

തുടക്കത്തിൽ പേരുകൾ അനാവശ്യമായി ആവർത്തിക്കുന്നത് മാറ്റിവെച്ചാൽ, കഥയുടെ ഭാഷയും അവതരണവും നല്ലതാണ് . ആശയത്തെ, വളരെ പതുക്കെ മാത്രം വെളിവാകുന്ന തരത്തിൽ പൊതിഞ്ഞു വെച്ചതും സുന്ദരം തന്നെ. ഒടുക്കത്തിൽ കഥ പറച്ചിൽ ഒന്നുകൂടി കാവ്യാത്മകമാകുന്നുമുണ്ട്.

ലാലനെ പ്രസവിച്ച ഉടൻ അമ്മ മരണപ്പെടുന്നു. തുടർന്ന് അപ്പൻ ജോസഫ് ആണ് അവനെ നോക്കി വളർത്തിയത്. വേറൊരു കല്യാണം ആലോചിച്ചു വന്നവരെയൊക്കെ അയാൾ ഓടിച്ചു വിട്ടു. മുതിർന്നപ്പോൾ ലാലൻ ലണ്ടനിലേക്ക് വിമാനം കയറി. അവിടെത്തന്നെ ജനിച്ചു വളർന്ന ബിയാസിനെ കല്യാണം കഴിച്ചു. നാട്ടിലാണെങ്കിൽ അച്ഛൻ ജോസഫ് വേറെ ആരോടും അധികം ബന്ധമില്ലാതെ പറമ്പും റബ്ബറും നോക്കി നടത്തി. കൈകാര്യക്കാരനായ കുര്യൻ മാപ്പിളയുമായി മാത്രം കളിയും ചിരിയും നിലനിന്നു.

ലാലന്റെ വീട് പണി അയാൾ ഭംഗിയായി നോക്കി നടത്തി തീർത്തു. പണി പൂർത്തിയാക്കിയ വീട്ടിൽ താമസിക്കാൻ വന്നില്ലെങ്കിലും അവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് വീടിനകത്ത് നടക്കുന്ന കാര്യങ്ങൾ കണ്ടിരിക്കുക എന്നതായി ലണ്ടനിൽ ലാലന്റെ പിന്നീടുള്ള ഹോബി. കുറച്ചു കഴിഞ്ഞ് അയാൾക്കത് മടുത്തപ്പോൾ ഭാര്യ ബിയാസ് ഇത് തുടർന്നു. അങ്ങനെ ഒരു വട്ടം നോക്കിക്കൊണ്ടിരിക്കുമ്പോൾ ജോസഫ് വീഴുന്നതും കുര്യൻ മാപ്പിളയും മറ്റും അയാളെ താങ്ങിപ്പിടിച്ച് ആസ്പത്രിയിൽ കൊണ്ടുപോകുന്നതും കണ്ടപ്പോൾ അവരിരുവരും നാട്ടിലേക്ക് വരാൻ തീരുമാനിക്കുന്നു. വന്ന പാടെ ലാലൻ ചെയ്തത്, ജോലിക്കാരി സ്ത്രീയോട്, മേലിൽ ചാച്ചന് നേരെ ചെല്ലരുതെന്നും ചെന്നാൽ ഇടിച്ച് നാശമാക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു. കച്ചവടത്തിന്റെ കണക്കുകൾ വ്യക്തമാക്കാതെ ഇനി വരേണ്ടതില്ല എന്ന് പറഞ്ഞ് കുര്യൻ മാപ്പിളയെയും അയാൾ പിരിച്ചുവിടുന്നു.

കഥയുടെ അവസാനമാകുമ്പോഴേക്കും ആസ്പത്രിയിൽ നിന്നും ബിയാസിനോടൊപ്പം വരുന്ന ജോസഫ്, അയാളുടെ നെഞ്ചിലെ വെളിച്ചത്തെ കൂടെ കൂട്ടുന്നതാണ് നമ്മൾ കാണുക.

ലാലന്റെ വീട്ടിലേക്ക് എത്തുമ്പോൾ, കാറിൽ നിന്നും ബിയാസ് ഇറങ്ങുന്നു. തോളിൽ കയ്യിട്ട് അരയിൽ ചുറ്റിപ്പിടിച്ച് ജോസഫിന്റെ കൂടെ ഇറങ്ങിവരുന്ന വെളിച്ചത്തെ കണ്ട് ലാലൻ “കുര്യൻ മാപ്പളേ” എന്നലറുന്നു. ആരും അത് കേൾക്കുന്നില്ല. രണ്ടുപേരും ചവിട്ടുപടികൾ കയറി മുകളിലേക്ക് പോകുന്നു. ആ മുറി ഇരുട്ട് കൊണ്ട് പൂട്ടുന്നു. “ഇനിയെങ്കിലും അവർ അവിടെ കയറി താമസിക്കട്ടെ. ക്യാമറ വെക്കാൻ നമ്മൾ ആരാ” എന്ന് പറഞ്ഞുകൊണ്ട് ലാലനെയും കൂട്ടി കാറിൽ ബിയാസ് പുറപ്പെടുന്നു.

വളരെ ഒതുക്കി പറഞ്ഞ, നല്ല കഥയാണിത്.

എം നന്ദകുമാർ

മലയാളം വാരികയിലെ കഥ എം നന്ദകുമാറിന്റെ ‘അവസാനത്തെ അനുയായി’ ആണ്. താൻപോരിമ, സ്വം/അഹം എന്ന ബോധം, – ആ ഒരു അധികാര കേന്ദ്രം ആണ് കഥാവിഷയം. നമുക്കുള്ളിലും പുറത്തും പലപല രൂപഭാവങ്ങളിൽ വാഴുന്ന അധികാര ശക്തികളെ ആഴത്തിൽ അന്വേഷിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്. ഭയഭക്തി ബഹുമാനാദരങ്ങളോടെ മാത്രം അയാളെ ദൂരെനിന്നും ആരാധിച്ചിരുന്ന അനുയായി കാലങ്ങൾക്ക് ശേഷം അദ്ദേഹത്തെ കാണാൻ വരുന്നു. പൂമുഖത്തെ ചാരുകസേരയിൽ അദ്ദേഹം ഇരിക്കുന്നതായി അനുയായിക്ക് തോന്നുന്നു. പക്ഷേ നേതാവ് ഒരാഴ്ച മുന്നേ മരിച്ചു പോയതാണെന്ന് അയൽക്കാരൻ വന്ന് പറയുന്നു.

തൂണിന് പിറകെ മറഞ്ഞുനിൽക്കുന്ന ശിഷ്യന്റെ കണ്ണിൽ അപ്പോഴും നേതാവ് അവിടെ തന്നെയുണ്ട്. പെട്ടെന്ന് അയാൾക്കൊരു തോന്നൽ. ‘നേതാവ് സമസ്ത അധികാരചിന്തയും അവസാനിപ്പിച്ച് കസേരയിൽ നിന്നും എഴുന്നേറ്റാലോ?’.
സ്ഥലകാല നൈരന്തര്യത്തിനും അപ്പുറത്തുള്ള യഥാർത്ഥ ഇരിപ്പിടത്തിലേക്ക് എന്നെന്നേക്കുമായി മടങ്ങിപ്പോയാലോ?
എങ്കിൽ..
എങ്കിൽ ആ കസേരയിൽ എനിക്കൊന്ന് ചെന്നിരിക്കണം”

ഇതാണ് കഥയിലെ മനോഹരമായ ഭാഗം. ഗംഭീരമായ ദാർശനിക തലം. പക്ഷേ, ഇത് ഒഴിവാക്കിയാൽ കഥയിൽ വേറെ എന്തുണ്ട്? ദർശനം കഥയാവില്ലല്ലോ. തുടക്കം മുതൽ ഏറെക്കുറെ കഥ അവസാനിക്കുന്നതിന് തൊട്ട് മുൻപ് വരെ പ്രസ്താവനകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ കഥ അപ്പാടെ വരണ്ടതായി തോന്നുന്നു. ജൈവികത, ചലനം, വാക്കുകളിൽ വേണ്ടുന്ന ജീവൻ എന്നിവ കാണുക ദുഷ്കരം.

എസ് ശശികുമാർ

‘സ്റ്റാറ്റ്യൂട്ടറി വാണിങ്‌’ എന്നാണ് ദേശാഭിമാനി വാരികയിൽ എസ് ശശികുമാർ എഴുതിയ കഥയുടെ പേര്. ഫാഷിസം, ഹിന്ദുത്വ, രാഷ്ട്രീയം, ഇടക്കൊരു ഹിന്ദു മുസ്ലിം സൗഹൃദം ഈ പതിവ് ചേരുവ തന്നെയാണ് കഥയിലും. ഹിജാബിനുള്ളിൽ തടവിലാക്കപ്പെട്ട സൈനബ എന്ന പെൺകുട്ടിയും രാമകൃഷ്ണനും ഉണ്ട് പ്രണയിതാക്കൾ ആയിട്ട്. ബുർഖ ധരിച്ച യുവതിക്ക് തന്റെ ബാങ്ക് അക്കൌണ്ട് ട്രാൻസ്ഫർ ചെയ്യേണ്ടി വരുമ്പോൾ, ക്ലാർക്കിന്റെ കപട ദേശസ്നേഹം ബുദ്ധിമുട്ടുണ്ടാക്കുന്നതും, രക്ഷകനായി അവിടെ രാമകൃഷ്ണൻ എത്തുന്നതും കഥയിൽ വായിക്കാം. ഡ്രസ്സ് കോഡിനെതിരെയുള്ള സമരം രൂക്ഷമാകുന്നതോടുകൂടി കഥ വികസിക്കുന്നു. പർദ്ദ ധരിച്ചതിനാൽ, കലാപകാരികൾ അവൾ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന സ്ഥലത്ത് വന്ന് ബഹളം വെക്കുന്നു. സൈനബക്ക് ഒരു പാർപ്പിടം കണ്ടെത്താനാകാതെ രാമകൃഷ്ണൻ കഷ്ടപ്പെടുന്നു. അവസാനം സുഹൃത്തായ ബാങ്ക് മാനേജർ മൂർത്തിയുടെ വീട്ടിലേക്ക് പോകുന്നു.

വളരെയധികം ആചാരങ്ങൾ പാലിക്കുന്ന മൂർത്തിയുടെ അമ്മ. ഭർത്താവിന്റെ മരണശേഷം തല മുണ്ഡനം ചെയ്ത് പൂജകൾ മാത്രമായി കഴിയുന്ന സ്ത്രീ. പക്ഷേ അവർ മാത്രമായിരുന്നു ഈ മുസ്ലിം പെൺകുട്ടിക്ക് അഭയം കൊടുത്തത്. ഇതാണ് കഥ. പതിനായിരം വട്ടം പറഞ്ഞാലും ഇത്തരം കഥകൾക്ക് ദേശാഭിമാനിയിൽ ഒരു ക്ഷാമവും ഉണ്ടാകുന്നില്ല.

വി പ്രവീണ

ദേശാഭിമാനിയിലെ രണ്ടാമത്തെ കഥ വി പ്രവീണ എഴുതിയ ‘മിസ്സ് മോളി’യാണ്. മുളങ്കുന്നത്തെ മത്തായി വറീതിന് നാല് മക്കൾ. രണ്ടു പെണ്ണും രണ്ടാണും . ഏറ്റവും ഇളയ പെൺകുട്ടിയാണ് മിസ് മോളി. ആ കുട്ടിയെ കന്യാസ്ത്രീ ആക്കാമെന്ന് നേർച്ചയുണ്ടായിരുന്നു. ഇനി കന്യാസ്ത്രീ ആയില്ലെങ്കിൽ പേരിലെങ്കിലും ആ കന്യകാത്വമിരിക്കട്ടെ എന്ന് വച്ച് മോളിയുടെ മുൻപിൽ മിസ് എന്നുകൂടെ ചേർത്ത് കുട്ടിക്ക് പേരിട്ടു. കാലം കടന്നുപോയി. ഇലക്ട്രിസിറ്റി വകുപ്പിലെ ഓവർസിയർ ആയി ബിജു പാപ്പച്ചൻ മിസ് മോളിയെ കല്യാണം കഴിച്ചു. തുടർന്ന് ഗാഗയെയും ഡിലനെയും പ്രസവിച്ചു. സർക്കാർ ജോലിയിൽ കയറിപ്പറ്റി. അതിനിടക്ക് സ്ഥലംമാറ്റം വന്നപ്പോൾ മിസ് മോളിയുടെ ചിന്തകൾ വർദ്ധിച്ചു. ചിന്തകൾ വർദ്ധിച്ച് വർദ്ധിച്ച് അനിയന്ത്രിതമായി. ജോലിയിൽ നിന്നും ഇടയ്ക്കിട ലീവ് എടുക്കാൻ തുടങ്ങി. അതുകഴിഞ്ഞാൽ ചിന്തകളിൽ നിന്നും മുക്തി നേടാൻ വേണ്ടി ധ്യാനം കൂടാൻ പോയി. സഹജീവികളെ പറ്റി ചിന്തിക്കൂ എന്ന ധ്യാന ഗുരുവിന്റെ പ്രഭാഷണം കേട്ടതിനു ശേഷം മിസ് മോളിയുടെ ജീവിതം അപ്പാടെ മാറി. ഇതുവരെ തരക്കേടില്ലാതെ നമ്മൾ കഥ വായിച്ചു കൊണ്ടേ പോകുന്നു.

ശേഷം, എഴുത്തുകാരി ഒറ്റയടിക്ക് വായനക്കാർക്ക് ഇട്ടുകൊടുക്കുന്നത് ഫാന്റസിയുടെ അത്യത്ഭുതമാണ്. പിറ്റേന്ന് മുതൽ അന്യരുടെ മനസ്സ് വായിക്കാൻ പറ്റുന്നു ഈ കുട്ടിക്ക്. വന്നുവന്ന് കാണുന്ന എല്ലാവരുടെയും മനസ്സിന്റെ നിഗൂഢ രഹസ്യങ്ങൾ മിസ് മോളി അറിയാൻ തുടങ്ങി. കഥയുടെ അവസാനം സ്വന്തം മകൾ ജീവിതനൈരാശ്യം മൂലം ആത്മഹത്യ ചെയ്യാൻ പോകുന്നത് മോളി കാണുന്നു. മതിലിൽ അപ്പുറത്തെ മൂവാണ്ടൻ മാവിന്റെ ചില്ല തൂങ്ങിമരണം. അലക്ക് കല്ലിന് മീതെ നിന്ന് അവൾ അങ്ങോട്ട് നോക്കുന്നു. അവളോടൊപ്പം ബിജു പാപ്പച്ചനും ചേരുന്നു. പക്ഷേ അവർ അവിടെ കാണുന്നത് ആത്മഹത്യയല്ല. അപ്പുറത്തെ ചൊറിയണക്കാട്ടിൽ ചുണ്ടുകൾ കൊരുത്ത് ഉമ്മ വെക്കുന്നു ഗാഥയും ഒരു യുവാവും. തന്റെ കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു, ഇതാണ് യഥാർത്ഥ പ്രേമം എന്ന് പറഞ്ഞു തിരിഞ്ഞുനിന്ന് തന്റെ ഭർത്താവിനെ ചുംബിക്കുന്നു മിസ് മോളി. കഥ തീർന്നു.

എന്തിനാണ് ഇത്രക്ക് അലസമായി കഥയെഴുതുന്നത് എന്ന് മനസ്സിലാകുന്നില്ല. റിയലിസ്റ്റിക് ആയി കഥ പറഞ്ഞുപോകുന്നതിന് ഇടയ്ക്ക്, പെട്ടെന്ന് വായനക്കാരന്റെ യുക്തിയെ ചോദ്യം ചെയ്യുക. എന്നിട്ട് അതിന് ഫാന്റസി എന്ന് പേരിടുക. ഇതു മാത്രമേ കഥാകൃത്ത് ഇവിടെ ചെയ്തിട്ടുള്ളൂ. കഥയെ ഭ്രമകൽപ്പനയിലേക്ക് കൊണ്ടുപോകുമ്പോൾ, അത്തരമൊരു അന്തരീക്ഷം നിർമ്മിച്ചിരിക്കണം. “നിങ്ങൾ സഹജീവികളിലേക്ക് നോക്കൂ” എന്ന ധ്യാന ഗുരുവിന്റെ പ്രഭാഷണം കേട്ട ഉടനെ ഒരു വീട്ടമ്മയ്ക്ക് അമാനുഷികമായ കഴിവ് ലഭിച്ചു എന്ന് പറയണമെങ്കിൽ, ആ കഥ കൊച്ചുകുട്ടികൾക്ക് വേണ്ടി എഴുതപ്പെടുന്നതായിരിക്കണം

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like