പൂമുഖം LITERATUREനിരൂപണം കഥാവാരം – ഭാഗം മുപ്പത്തിയേഴ്‌

കഥാവാരം – ഭാഗം മുപ്പത്തിയേഴ്‌

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ചില കഥകളിൽ കഥാപാത്രങ്ങളുടെ എണ്ണം വളരെക്കൂടുതൽ ആയിരിക്കും. ചിലതിൽ ഒറ്റ കഥാപാത്രമേ ഉണ്ടാവുകയുള്ളൂ. ചെറുകഥയിലെ കഥാപാത്രങ്ങൾ വിരലിലെണ്ണാവുന്നവ ആകുന്നതാണ് ഭംഗി. ഒന്നോ രണ്ടോ കഥാപാത്രങ്ങളെക്കൊണ്ട് ജീവിതം പറയാൻ പറ്റുന്ന പ്രതിഭാധനരായ സാഹിത്യകാരന്മാർ നമുക്കുണ്ട്. പുതുതലമുറയിലെ എഴുത്തുകാരും. കഥയിലേക്ക് ഒരു വ്യക്തിയുടെ പേര് കൊണ്ടുവരുമ്പോൾ അയാൾക്ക് ആ സൃഷ്ടിയിൽ എന്താണ് പ്രസക്തി എന്നതിനെ കുറിച്ച് കഥാകൃത്തിന് വ്യക്തമായ ബോധ്യം വേണം. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ വേറൊരു പ്രശ്നമാണ് ഉത്തമ പുരുഷാഖ്യാനം. ഞാൻ എന്ന കഥാപാത്രം ആഖ്യാതാവായി വരുമ്പോൾ ആ ഞാൻ ആകണം കഥയിലെ മുഖ്യ കഥാപാത്രം. അല്ലെങ്കിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്ന്. ആഖ്യാതാവിനെ എഴുത്തുകാരായി ധരിപ്പിക്കാൻ പാകത്തിലുള്ള അവതരണം ആണെങ്കിൽ, ആ ‘ഞാൻ’ നെക്കാളും പ്രധാനപ്പെട്ട കഥാപാത്രങ്ങൾ തിരസ്കൃതരാകാതെ ശ്രദ്ധിക്കേണ്ടതുമാണ്. കഥയിലെ വിവരണങ്ങൾ, അതിലെ ജീവിതവും രാഷ്ട്രീയവും കഥാപാത്രങ്ങൾ മുഖാന്തരം വായനക്കാർ അനുഭവിക്കേണ്ടവയാണ്. കഥാകൃത്ത് ആഖ്യാതാവായി വന്ന് തല്ലിപ്പഠിപ്പിക്കേണ്ടതല്ല കഥയിലെ രാഷ്ട്രീയം. ചില കഥകളിൽ കഥാപാത്രങ്ങളെ മാത്രമേ നമ്മൾ കാണൂ. അവ വഴി സാഹിത്യത്തിന്റെ സൗന്ദര്യം നമ്മൾ ആസ്വദിക്കുന്നു. പക്ഷേ ചില കഥകളിൽ കഥാപാത്രങ്ങൾക്കും വായനക്കാർക്കും ഇടയിൽ മഹാമേരു പോലെ വളർന്ന കഥാകൃത്തിനെ കാണാം. അവിടെ നമ്മൾ വെറും വിദ്യാർത്ഥികൾ. ആസ്വാദകരല്ല. ആസ്വദിക്കാൻ പറ്റാത്തത് കലയുമല്ല.

മാതൃഭൂമിയിൽ പ്രിയ എ എസ് എഴുതിയ ‘അത്’ എന്ന കഥയുണ്ട്. “അമേരിക്കയിൽ ഒരു ചായ കുടിക്കുന്നത് പോലെയേയുള്ളു ബലാത്സംഗം. ഒരു ചായ കുടിക്കുന്നു, ഒരു ബലാത്സംഗം നടക്കുന്നു. വീണ്ടും ഒരു ചായ കുടിക്കുന്നു.” ഇ കെ നായനാർ പറഞ്ഞ ഈ പ്രസ്താവനയിലെ ‘അത്’ ആണ് കഥയുടെ തലക്കെട്ട്.

പ്രിയ എ എസ്

ആക്ടിവിസ്റ്റും കഥാകൃത്തും പ്രസംഗകകയുമായ ആഖ്യാതാവ്, അവിചാരിതമായി തന്റെ അയൽക്കാരിയായിവന്ന സൂര്യനെല്ലി അതിജീവിതയെ കണ്ടുമുട്ടുന്നതും അവരുമായി കൂട്ടാവുന്നതുമാണ് കഥ. ഇരുപത്തിയാറ് വർഷങ്ങൾക്ക് മുൻപ്, തന്റെ പതിനാറാം വയസ്സിൽ നാല്പതോളം പേരാൽ പീഡിപ്പിക്കപ്പെട്ട ‘പെൺകുട്ടി’, ആഖ്യാതാവിന്റെ അടുക്കളത്തോട്ടത്തിൽ പൂത്തു കിടക്കുന്ന കാപ്പിച്ചെടികൾ സാകൂതം നോക്കുന്നു. തുടർന്ന് അവർ തമ്മിൽ അടുപ്പമാകുന്നു. ഒന്നിച്ചുള്ള കറങ്ങാൻ പോകലും സംസാരങ്ങളും ഒക്കെ കഥാകൃത്ത് വിശദമാക്കുന്നുണ്ട്.

നിരന്തരമായ ലൈംഗിക ആക്രമണങ്ങളാൽ പഴുത്തൊലിച്ച ഗർഭപാത്രം ഊരി മാറ്റിയതിനെക്കുറിച്ചും, നീതി നിഷേധിക്കപ്പെടുക മാത്രമല്ല, ജീവിതം തന്നെ ദുസഹമായതിനെക്കുറിച്ചും എല്ലാം കഥയിൽ നമ്മൾ കാണുന്നു. ഒരിടത്തും സുരക്ഷിതമായി താമസിക്കാൻ കഴിയാതെ ആട്ടിയോടിക്കപ്പെട്ട കുടുംബം. പെൺകുട്ടിയുടെ അവസ്ഥ ഇങ്ങനെ ആയതുകൊണ്ട് തന്നെ അവരുടെ സഹോദരിക്ക് മിന്നുകെട്ടിനുള്ള ഭാഗ്യമില്ലാതെ പോകുന്നതും അവൾ ആഖ്യാതാവിനോട് പറയുന്നു. ബസ് ജീവനക്കാരനോട് പ്രണയത്തിലാകുന്നതും അയാൾ ഒറ്റക്ക് അവളെ കൊണ്ടുപോകുന്നതും പിന്നീട് പലരിലേക്കും അവൾ എത്തിച്ചേരുന്നതും എല്ലാം. അതിനിടയ്ക്ക് അവളെപ്പോലെ പീഡനങ്ങൾ അനുഭവിച്ച ഐസ്ക്രീം പെൺകുട്ടികളെപ്പോലുള്ളവരെ കുറിച്ചും പറയുന്നുണ്ട്.

കഥ അവസാനിക്കുമ്പോൾ, ഇന്നത്തെ കാലത്ത് പെൺകുട്ടികൾ അത്തരം ഒരു പീഡനത്തിൽ കൂടി കടന്നുപോവുകയാണെങ്കിൽ, അവരുടെ പ്രതികരണത്തെക്കുറിച്ചും ചെറിയ സൂചനയുണ്ട്. സ്വതന്ത്രരായി നടക്കാൻ പറ്റുന്ന പെൺകുട്ടികൾ, എന്നൊരു സ്വപ്നമുണ്ട് അവൾക്ക്. ഇത്രയുമാണ് കഥയുടെ സംഗ്രഹം. പക്ഷേ ഇതൊക്കെ നമ്മൾ വർത്തമാന പത്രത്തിൽ വായിച്ചതല്ലേ എന്നാണ് വായനക്കാർ ആത്മഗതം ചെയ്യുക!

കഥ എന്നാൽ ഭാവനയുടെ സൃഷ്ടിയാണ്, യഥാതഥ സംഭവങ്ങളുടെ പത്ര റിപ്പോർട്ടിംഗ് അല്ല. സംഭവങ്ങളുടെ കാഴ്ചയിൽ നിന്നും, വായനക്കാർക്ക് ഉൾക്കാഴ്ച നൽകുന്ന വിധം പ്രതിഭ കൊണ്ട് മനോഹരമാക്കാത്ത എഴുത്തുകൾ കഥകൾ ആകുന്നതെങ്ങനെ? ദശാബ്ദങ്ങൾ ആയി എഴുതിക്കൊണ്ടിരിക്കുന്ന ഒരാളുടെ രചനയാണ് എന്ന് വിശ്വസിക്കാൻ പറ്റാത്ത വിധം അമ്പേ പരാജയപ്പെട്ടതാണ് ഇക്കഥയുടെ എഡിറ്റിംഗ്.

പത്തു വാക്യങ്ങൾ ഉണ്ട് ആദ്യത്തെ പേജിൽ. അതിൽ ‘ഞാൻ’ എന്ന ഉത്തമ പുരുഷ പദം (എന്റെ, എനിക്ക്, എന്നോട് തുടങ്ങിയവ ഉൾപ്പെടെ) പതിനേഴു വട്ടമാണ് ആവർത്തിക്കുന്നത് ! ബോറടിപ്പിക്കുന്ന ഇത്തരം വാക്യഘടനകൾ കണ്ടുകണ്ട് കഷ്ടപ്പെട്ടാണെങ്കിലും വായന മുൻപോട്ടു കൊണ്ടുപോകുന്നു.
രണ്ടാമത്തെ പേജ് തുടങ്ങുന്നത് ഈ വാക്യം കൊണ്ടാണ്.

“കമ്പു മുഴുവൻ വെള്ളപ്പൂവും താങ്ങി അത് നിൽക്കാൻ തുടങ്ങിയാലോ, പിന്നെ എനിക്ക് എന്നെ പിടിച്ചാൽ കിട്ടാതാവും. എന്നെ അറിയുന്നതിൽ പരാജയപ്പെട്ട മൂന്ന് സ്റ്റെയിങ് റ്റുഗെദർ അറേഞ്ച്മെന്റ്സും അതെന്നിൽ ഏൽപ്പിച്ച മങ്ങലും എന്ന ഏട് ഞാനപ്പാടെ മറന്നു പോകും. എനിക്ക് ചേർന്നവർ ആരുമില്ലേ ഈ ഭൂമിയിൽ എന്ന എന്റെ അസ്വാസ്ഥ്യത്തരികളപ്പാടെ മാഞ്ഞുപോകും.

ഞാൻ ഞാൻ ഞാൻ…. ഞാൻ എന്നതിന്റെ വകഭേദങ്ങളും. ഇതിനെ അവിദഗ്ധം എന്ന് മാത്രം പറഞ്ഞാൽ പോരാ, ദുരന്തം എന്നു കൂടി പറയണം.

ചില പദങ്ങൾ, നിർമ്മിക്കപ്പെട്ട പദങ്ങൾ, ആദ്യ വായനയിൽ കൗതുകം നൽകുന്നവയാണ്. എഴുത്തുകാരിയുടെ പല കഥകളിലും ഇത്തരം പദപ്രയോഗങ്ങൾ കാണാം. “അസ്വാസ്ഥ്യത്തരികളപ്പാടെ” എന്ന പദത്തിനൊരു പുതുമയുണ്ട്. ക്രാഫ്റ്റിങ്ങിന്റെ ഭാഗമായി അത്തരം പദങ്ങൾ ഉപയോഗിക്കുന്നത് കൊള്ളാം. പക്ഷേ, കൃത്രിമത്വം തുളുമ്പുന്ന അത്തരം നിർമ്മിത പദങ്ങൾ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നത് സാഹിത്യത്തിൽ ആഴമുള്ള കലയുടെ അംശം കൊണ്ടുവരുന്നതല്ല തന്നെ. വെറും വാക്കുകൾ കൊണ്ടുള്ള ഗിമ്മിക്ക് ഉൽകൃഷ്ട സൃഷ്ടി ആകുന്നില്ല.

പത്തു പേജുകളുള്ള കഥയിൽ ആദ്യത്തെ മൂന്നു പേജുകളിൽ കാപ്പിച്ചെടി, കാപ്പിപ്പൂ, കാപ്പിത്തോട്ടം എന്നിങ്ങനെയുള്ള വിവരണങ്ങളും ഇടയ്ക്ക് ആ പെൺകുട്ടി വരുന്നതും ആണ്. സാമാന്യത്തിൽ അധികം വിരസമാണ് ഈ ഭാഗം വരെ. കഥയുടെ പ്രധാന ഘട്ടത്തിലേക്ക് കടന്നതിനുശേഷവും അനവസരത്തിലുള്ള വാചാടോപത പുതിയ സിദ്ധാന്തം എന്ന മട്ടിൽ ആവിഷ്കരിച്ചിരിക്കുന്നത് കാണാം.

“ചില അടിസ്ഥാന ശിലകൾ പിഴുത് മാറ്റാൻ വലിയ പാടാണ് എന്ന് ഞാൻ എന്നെ അളന്ന് വിഷമിച്ചു”.

അതുകഴിഞ്ഞാണ് ഒരു ഗംഭീരൻ ആവിഷ്കാരം വരുന്നത്. സൂര്യനെല്ലി പെൺകുട്ടിയുടെ ആത്മഗതം എന്നപോലെ. “വേദനയ്ക്കല്ലേ ഏറ്റവും വലിയ വേദന? ” ഈ വാചകം വായിച്ചിട്ട് “വൗ” എന്ന് പറഞ്ഞുപോവും വായനക്കാർ. പക്ഷേ അതിനവർ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’. വായിക്കാത്തവരാകണം. അതിലെ “വെളിച്ചത്തിന് എന്തൊരു വെളിച്ചം!” എന്ന മനോഹരമായ വാചകം ദശാബ്ദങ്ങൾക്ക് മുമ്പേ വായിച്ചിട്ടുള്ളതിനാൽ ഇക്കഥയിലെ മേൽ വാചകം വെറും കോപ്പിയടി മാത്രമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അതിനുശേഷം ഒരു ശരാശരി കണ്ണീർ സീരിയലിന്റെ പ്രതീതി സൃഷ്ടിക്കുന്ന വിധം ” മറവി വന്നിരുന്നെങ്കിൽ എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം” എന്ന് കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കുന്നുമുണ്ട്.

തീർന്നില്ല, വികല പ്രയോഗങ്ങളും അനവസരത്തിലുള്ള, കൃത്രിമത്വത്തിന്റെ അങ്ങേത്തലയിലുള്ള വാചകങ്ങളും അനവധിയുണ്ട്. നീതി നിഷേധിക്കപ്പെട്ട, സ്ത്രീ എന്ന അസ്തിത്വത്തിന്റെ പരമാവധി ദുരിതങ്ങൾ താണ്ടിയ പെൺകുട്ടിയെക്കുറിച്ച് പറയുന്ന ഒരു രംഗം നോക്കുക. “പെട്ടെന്ന് സൂര്യൻ അങ്ങ് ദൂരെയുള്ള രണ്ടുമൂന്ന് തെങ്ങുകൾക്കുമപ്പുറത്ത് നിന്ന് അവളുടെ മുഖത്തേക്ക് തന്റെ ക്യാമറ സൂം ചെയ്ത് കൊണ്ടെന്നപോലെ താണിറങ്ങി നിന്നു.”

പ്രിയപ്പെട്ട വായനക്കാരേ, എങ്ങനെയുണ്ട്?

മൂന്നാറിനെയും പരിസരപ്രദേശങ്ങളെയും വ്യക്തമാക്കുവാൻ വേണ്ടി, അഥവാ കഥാനായകയെക്കുറിച്ച് ഒരു സൂചന നൽകാൻ വേണ്ടി കാപ്പിച്ചെടിയെ കുറിച്ച് മൂന്ന് പേജ് ഉപന്യസിക്കുക എന്നത് സാഹസമാണ്. അതിനപ്പുറം നേരെ ചൊവ്വേ ഉള്ള പ്രസ്താവിക്കൽ അല്ലാതെ വേറൊന്നും പറയാൻ പറ്റിയിട്ടില്ല എഴുത്തുകാരിക്ക്. കഥാവസാനം എഴുത്തുകാരിയും അതിജീവിതയും വെളിച്ചം ചിന്നിച്ചിതറുന്ന തിരകളെ കാണുന്നു. അവയെ നഗ്നരായ പെൺകുട്ടികൾ നീന്തുന്നതിനോട് ഉപമിക്കുന്നുണ്ട് പെൺകുട്ടി. ആഖ്യാതാവിന് അത്ഭുതം. ആ ഒരു ഉപമ, കഥാകാരി ആയിട്ടും തനിക്കിതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്ന്.

കൃത്രിമ സംഭാഷണങ്ങളും സാഹചര്യം ആവശ്യപ്പെടാത്ത നാടകീയതയും പ്രധാന കഥാപാത്രത്തെ തമസ്കരിക്കുന്ന വിധത്തിലുള്ള, ആഖ്യാതാവിനെ കേന്ദ്രീകരിച്ച പറച്ചിലുകളും, ഏറ്റവും ദുർബലമായ വിധത്തിലുള്ള വൈകാരിക പരിസരവും എല്ലാം ‘അത്’ എന്ന കഥയെ സാഹിത്യസൃഷ്ടി എന്ന നിലയിൽ നിന്നും ഗളഹസ്തം ചെയ്യുന്നു.

ആ മരണം ഉറപ്പുവരുത്താൻ എന്നവണ്ണം, ” ജീവിതത്തിനും ഓട്ടോ ഗിയർ ഉണ്ടായിരുന്നെങ്കിൽ ജീവിക്കാൻ എന്തെളുപ്പമായിരുന്നു” എന്നിങ്ങനെയുള്ള ഒന്നാന്തരം അസംബന്ധഭാഷണങ്ങൾ കൂടി ചേർത്തിരിക്കുന്നു. വീണുപോയ ഇക്കഥയെ എഴുന്നേൽപ്പിച്ച് നിർത്താൻ, ‘ “കമ്പിൽ നിറയെ നിറയെ പൂപ്പറ്റം”, ” “അസ്വസ്ഥത്തരി” തുടങ്ങിയ ഗിമ്മിക്കുകൾ പര്യാപ്തമേ അല്ല. ഇംഗ്ലീഷിൽ ‘ജാർഗൺ’ എന്ന പദം മാത്രമാണ് ഞാൻ ഇവിടെ പ്രയോഗിക്കുക.

ട്രൈബി പുതുവയൽ എഴുതിയ ‘പശുപഥം’ ആണ് ഇക്കുറി മാധ്യമത്തിലെ കഥ. പശുവളർത്തുകാരനായിരുന്ന യൂസഫിന്റെ മരണശേഷം, ബാപ്പയുടെ തൊഴിൽ ഏറ്റെടുക്കുന്ന ജമാലും അയാളുടെ ചന്ദ്രി എന്ന വെച്ചൂർ പശുവും ആണ് കഥയുടെ കേന്ദ്രം.

ട്രൈബി പുതുവയൽ

കഥയാരംഭിക്കുമ്പോൾ അഞ്ചുദിവസമായി കാട്ടിൽ ഒറ്റപ്പെട്ടുപോയ ചന്ദ്രിയേയും ജമാലിനെയും ആണ് വായനക്കാർ കാണുന്നത്. ഏതോ കാരണം കൊണ്ട് എങ്ങോട്ടോ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ക്ഷീണിതരായി കാട്ടിലകപ്പെട്ടുപോയ രണ്ടു ജീവികൾ. പിന്നെ കഥ പുരോഗമിക്കുമ്പോഴാണ് അതിന്റെ കാരണം വായനക്കാർക്ക് മനസ്സിലാകുന്നത്. കേരളത്തിൽ അവശേഷിക്കുന്ന അപൂർവ്വ ജനുസ്സിൽ പെട്ട – വെച്ചൂർ- പശുവാണ് ചന്ദ്രി. എറണാകുളം വൈറ്റിലക്കാരനാണെങ്കിലും, തികച്ചും ഗ്രാമീണനാണ് ജമാൽ. പാലുൽപാദനത്തിനു വേണ്ടി മാത്രം അവയെ പോറ്റുന്നു, പരിപാലിക്കുന്നു
.
ചെറിയ കുടുംബം സന്തുഷ്ടകരമായി കഴിഞ്ഞു പോകുന്നതിനിടയ്ക്ക്, രണ്ട് എസ്പിസിഎ ഉദ്യോഗസ്ഥർ ജമാലിനെ അന്വേഷിച്ചു വരുന്നു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയിൽ നിന്നും അവയ്ക്ക് സംരക്ഷണം നൽകുന്ന കേന്ദ്രസർക്കാർ ഏജൻസിയിൽ നിന്നുമുള്ള ഈ ഉദ്യോഗസ്ഥരുടെ വരവ് ജമാലിന്റെ പശുക്കളെ ഏറ്റെടുക്കാൻ ആയിരുന്നു. ഏതോ ഒരു സംഘടന കൊടുത്ത കേസിന്റെ പിൻബലത്തിൽ കോടതി അവയെ ഏറ്റെടുക്കാൻ ഉത്തരവാകുന്നു. ജീവിതം പ്രതിസന്ധിയിലായ ജമാൽ നിമ എന്ന അഡ്വക്കേറ്റിനെ കാണുകയും അതിനെതിരെ സ്റ്റേ വാങ്ങുകയും ചെയ്യുന്നു. പക്ഷേ അതിന് അൽപായുസ്സായിരുന്നു. ഏതു നിമിഷവും ഉദ്യോഗസ്ഥർ ചന്ദ്രിയെ കൊണ്ടുപോയേക്കാം എന്ന ഘട്ടം വന്നപ്പോൾ അതിനെയും കൊണ്ട് നാടുവിട്ടതാണ് ജമാൽ . അതാണ് കഥാരംഭത്തിൽ നമ്മൾ കണ്ടത്. അവർ കാട്ടിൽ അകപ്പെട്ട കാര്യം നാട്ടിൽ അറിയുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസുകാരും എല്ലാം തന്നെ ഇവരെ തിരയാൻ തീരുമാനിക്കുകയും ചെയ്യുന്നു.

കഥാപാത്രങ്ങൾ മനുഷ്യർ മാത്രമല്ല. ഒരു പശു കൂടിയാണ് അപ്രത്യക്ഷമായത്. സമകാലിക ഇന്ത്യയിൽ പശു എന്താണ് എന്നതിന്റെ നേർക്കാഴ്ചയാണ് കഥയിലങ്ങോട്ട് പിന്നീട്. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ ഉൾക്കാട്ടിൽ എവിടെയോ തല കുമ്പിട്ടിരിക്കുന്ന ജമാലിനെയും, അടുത്തുതന്നെയുള്ള ചന്ദ്രിയുടെ ശരീരാവശിഷ്ടങ്ങളെയും കണ്ടെത്തുന്നു.

അധികാരം എങ്ങനെയാണ് തെളിവുകൾ ഉണ്ടാക്കുന്നത് എന്നതിന്റെ നേർക്കാഴ്ചയാണ് ശേഷം. കാട്ടിനുള്ളിൽ മദ്യസേവയും വെടിയിറച്ചിയുമായി ആഘോഷിക്കുന്നു പോലീസുകാർ. ജമാലിനെ കണ്ടെത്തിയതിനു ശേഷം അയാളെ വിലങ്ങണിയിക്കുന്നു ഒരു പോലീസുകാരൻ. ഷിസൊഫ്രീനിയ രോഗിയായ ജമാൽ ഇടക്കെന്തോ അസ്വസ്ഥത കാണിക്കുകയും ഓടിപ്പോവുകയും ചെയ്യുന്നു. വർത്തമാനകാലത്ത് വളരെ സ്വാഭാവികമായ രീതിയിൽ അയാളുടെ തുടയെ ലക്ഷ്യമാക്കി ഡി വൈ എസ് പി തൊടുത്തുവിട്ട ബുള്ളറ്റ് ജമാലിന്റെ ശിരസ്സ് തുളയ്ക്കുന്നു. പാറക്കെട്ടിനു മുകളിൽ നിന്നും അലർച്ചയോടെ അയാൾ താഴേക്ക് പതിക്കുന്നു.

വിശ്വസനീയതയുണ്ട് ഇതുവരെ പറയുന്ന കഥയ്ക്ക്. അസംഭവ്യം എന്ന് തോന്നാത്തവണ്ണം പറയാൻ പറ്റിയിട്ടുണ്ട് എഴുത്തുകാരന്. അതിനുശേഷമാണ് നമ്മൾ മനസ്സിലാക്കുന്നത് ഇതൊക്കെ ജമാലിന്റെ സ്വപ്നമായിരുന്നു എന്ന്. ‘ജമാൽ’ എന്ന് പേരുള്ള ഏതൊരു വ്യക്തിക്കും ഇന്നത്തെ ഇന്ത്യയിൽ കാണാൻ പറ്റിയ പേക്കിനാവ് തന്നെ. എഡിറ്റിങ്ങിൽ, കഥയുടെ തുടക്കത്തിൽ കുടുംബത്തെയും അംഗങ്ങളെയും കുറിച്ചുള്ള പറച്ചിലിൽ കുറച്ച് സ്ഥൂലത ഉണ്ടായത് ഒഴിവാക്കിയാൽ ഭേദപ്പെട്ട കഥ തന്നെയാണിത്.

സമകാലിക മലയാളം വാരികയിൽ ബിജു സിപി എഴുതിയ ‘പത്തു കഥകൾ’ ഉണ്ട്. ആദ്യത്തെ രണ്ട് കഥകളെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ അശക്തനാണ്. അവ രണ്ടും ബുദ്ധിജീവികൾക്കുള്ള കഥയാണ്. ആ കഥകളുടെ സൗന്ദര്യം മനസ്സിലായ കുമാരപിള്ള സാറിനെയോ കോട്ടപ്പള്ളിയെയോ കാണുന്ന പക്ഷം വിശദമായ ആസ്വാദനത്തിന് വേണ്ടി ശ്രമിക്കാം. മൂന്നാമത്തെ കഥയിൽ, നിറയെ യാത്രക്കാർ വന്നുപോകുന്ന ഇടത്ത് വെറുതെയിരുന്നിരുന്ന ഒരാളെ പോലീസ് പിടിച്ചു കൊണ്ടുപോകുന്നു. സ്റ്റേഷനിലും അയാൾക്ക് വെറുതെ ഇരുത്തം. പിന്നീട് വിട്ടയക്കുമ്പോൾ പിടിക്കപ്പെട്ടവൻ പറയുന്നു,തനിക്ക് എവിടെയും പോകാനില്ല ഇവിടെ ഇരുന്നോളാം എന്ന്. പോലീസുകാർ അയാളെ ഓടിക്കുന്നു. കഥ തീർന്നു. കഥയുടെ പേര് ‘മെനക്കേട്’. അഞ്ചു മുതൽ ഒൻപത് വരെയുള്ള കഥകൾ വാക്കുകൾ കൊണ്ടുള്ള, വാചകങ്ങൾ കൊണ്ടുള്ള ട്രപ്പീസ് കളിയായിട്ടാണ് സാധാരണക്കാർക്ക് തോന്നുക. ബുദ്ധിജീവികൾക്ക് അതിലെ വമ്പൻ മാനങ്ങൾ മനസ്സിലാകും.

ബിജു സി പി

പത്താമത്തെ കഥ, അക്ഷരാർത്ഥത്തിൽ വീ കെ എൻ കഥകളുടെ മിമിക്രി. മിമിക്രി ഒരു കലാരൂപമാണ്. മോശം അഭിപ്രായമൊന്നുമില്ല. പക്ഷേ സാഹിത്യം മിമിക്രി അല്ല. മിമിക്രി സാഹിത്യവും അല്ല. ഒരാളുടെ കയ്യൊപ്പ് പതിഞ്ഞ ആഖ്യാനരീതി അതുപോലെ പകർത്തി വെക്കുന്നത് ഉൽകൃഷ്ട സാഹിത്യത്തിന് ഉദാഹരണവും അല്ല.

എം പ്രശാന്ത് എഴുതിയ ‘പിയാനോയുടെ വിരലുകൾ’ ആണ് ദേശാഭിമാനി വാരികയിലെ ആദ്യത്തെ കഥ. നാലഞ്ചു കഥാപാത്രങ്ങൾ പെട്ടെന്ന് തന്നെ കഥയുടെ തുടക്കത്തിൽ നമ്മൾ കാണുന്നു. അവർ എന്താണ് ഏതാണ് എവിടെയാണ് എന്നതൊക്കെ ആശയക്കുഴപ്പം മാത്രമേ സമ്മാനിക്കുന്നുള്ളൂ. ബസ്സിനു മുകളിൽ കയറി ഇരിക്കുന്ന ബേബി. വെളുത്ത തലയുള്ള വേലുട്ടി. ആകാശം നോക്കുന്ന പ്രാഞ്ചി. തിമോത്തിയോസച്ചൻ. അച്ഛന്റെ അകന്ന ബന്ധുവായ ബഹനാൻ സാറ്. അയാളുടെ കമ്പനിയിൽ ജോലി ചെയ്യുന്ന വിൻസി. ഈ കഥാപാത്രങ്ങളെ കുറിച്ചൊക്കെ പറയുമ്പോൾ അവർ തമ്മിലുള്ള ബന്ധത്തെ വായനക്കാരുടെ മനസ്സിൽ ഉറപ്പിക്കാവുന്ന സംഭവങ്ങൾ ഒന്നും പറയുന്നില്ല. എങ്കിലും അലങ്കാരങ്ങൾ ആവശ്യത്തിൽ കൂടുതലുണ്ട് താനും. കഥയുടെ തുടക്കത്തിൽ തന്നെ അതിമനോഹരം അല്ലാത്ത ഉപമകൾ, അത്യാവശ്യം അല്ലെങ്കിൽ ഉപയോഗിക്കുന്നതെന്തിന്?

എം പ്രശാന്ത്

“കണ്ടൽ വനത്തിലേക്ക് ഇരുട്ടിനെ പിടിക്കാനെന്നോണം നിലാവ് ചിരിക്കുന്നത് പ്രാഞ്ചി കണ്ടു”.

” അനുസരണയില്ലാത്ത തടവുപുള്ളിയെപ്പോലെ ജലം.” രണ്ട് ഉപമകൾ. അതിനോട് ചേർന്ന് തന്നെ മൂന്നാമതൊന്നും.

“കായലിലേക്ക് അരക്കെട്ട് ഇറക്കി വച്ചതുപോലുള്ള ഹവ്വാതുരുത്ത്..

പ്രധാന സംഭവങ്ങളിലേക്ക് വായനക്കാരെ എത്തിക്കാൻ ശ്രമിക്കുന്നതിനു പകരം ഇങ്ങനെയുള്ള അലങ്കാരപ്പണികൾ ചെയ്താൽ ചിലർക്ക് വായന മടുക്കും.
കനത്ത ദാരിദ്ര്യത്തിൽ നിന്നും പലിശയടവിൽ നിന്നും രക്ഷപ്പെടാൻവേണ്ടി, നിത്യ വൃത്തിക്കോ മരുന്നിനോ വകയില്ലാത്ത പ്രാഞ്ചി മകളെ എവിടെയോ ജോലിക്ക് പറഞ്ഞയക്കുന്നു. പ്രാഞ്ചിയുടെയും മകളുടെയും സ്ഥിരം യാത്ര ദേവമാതാ ബസ്സിലാണ്. അതിന്റെ ഡ്രൈവറാണ് നമ്മൾ കഥയിൽ ആദ്യം കണ്ട ബേബിച്ചൻ. ദേവപ്രിയ ബസ്സുമായുള്ള മത്സര ഓട്ടത്തിൽ കളക്ഷൻ കുറയുന്നതും, അതിനാൽ മുതലാളി ബേബിയെ വഴക്ക് പറയുന്നതും കഥയിലുണ്ട്. അടുത്ത ദിവസം തന്നെ ആ ബസ്സ്‌ ഡ്രൈവറെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു ബേബി.

കഥയിൽ എന്താണ് ഉള്ളത് എന്ന് മനസ്സിലാക്കാൻ വല്ലാത്ത പ്രയാസമാണ്. മുൻപേ പറഞ്ഞതുപോലെ നാലഞ്ച് കഥാപാത്രങ്ങളെ നമ്മൾ ആദ്യം കണ്ടു. പിന്നീട് കക്ഷത്തിൽ കറുത്ത ബാഗുമായി വന്ന പലിശക്കാരനെക്കുറിച്ചുള്ള പ്രതിപാദനം സാമാന്യം ദീർഘമായിട്ട് തന്നെ. അതിന്റെ ആവശ്യകത മനസ്സിലാകുന്നതേയില്ല. ഒന്ന് രണ്ട് ഖണ്ഡികകളിൽ ബസ് മുതലാളിയെ കുറിച്ച് പറയുന്നുണ്ട്. അതിനുശേഷം വായനക്കാർ വല്ലാത്ത ആശയക്കുഴപ്പത്തിലാകുന്നു. ശൂന്യതയിൽ നിന്നും പൊട്ടി വീഴുന്നു ശേഖരൻ കുട്ടി എന്ന കഥാപാത്രം. അയാൾ മാത്രമല്ല അയാളുടെ അമ്മ കല്യാണി ഉണ്ട്. ദേവമാതാ ബസ്സിൽ പോകുന്ന ഒരു പെൺകുട്ടിയെ മകൻ നോക്കി വച്ചിരിക്കുന്നു എന്ന് അറിയിച്ച തുണിക്കടയിലെ ജീവനക്കാരിയായ വസന്തയുണ്ട്. ഇത്രയും പറഞ്ഞാൽ മതിയാവില്ലല്ലോ. ശേഖരൻ കുട്ടിയുടെ അച്ഛന്റെ പേര് ചന്ദ്രശേഖരൻ.

ഇനി വീണ്ടും ആ ബസ് യാത്ര. വിൻസിയും പ്രാഞ്ചിയും യാത്രചെയ്യുന്ന ബസ്സിലെ ഡ്രൈവർ ബേബിച്ചന്റെ മോഹമായ പങ്കജവല്ലി ദാ കടന്നുവരുന്നു. ബസ് ക്ലീനർ പീപ്പി രാജനാണ്. അങ്ങനെ ബസ് യാത്ര തുടരുന്നു. പുറകിൽ ദേവപ്രിയ ബസ് വരുന്നു. ഉരസലും തട്ടലുമൊക്കെയായി അങ്ങനെ പോകുന്നേരം വിൻസി കാത്തു കാത്തിരിക്കുന്ന ആ ബൈക്ക് യാത്രക്കാരൻ – ശേഖരൻ കുട്ടി – വരുന്നു. പുഞ്ചിരി, പ്രണയത്തിന്റെ അന്തരീക്ഷം. ഇടറോഡ് എത്തുമ്പോൾ മുൻപിൽ ഒരു സ്വിഫ്റ്റ് കാർ. അവിടെ തീരുന്നു. കാറടിച്ച് ശേഖരൻ കുട്ടി മരിച്ചു എന്ന് വായനക്കാർ അനുമാനിക്കുന്നു.

കഥ വായിച്ചു കഴിഞ്ഞതിനുശേഷം നമ്മൾ ചിന്തിക്കേണ്ടത് എത്ര പേരുകൾ ഈ കഥയിലുണ്ട് എന്നാണ്. അതിൽ ആർക്കൊക്കെ കഥയിൽ സ്ഥാനമുണ്ട് എന്നാണ്. കഥയുടെ പ്രധാന ആശയം എന്താണ് എന്നും, അതിൽ വല്ല ഉപകഥയും ഉണ്ടോ എന്നും. പുതിയ വിഷയമോ, പുതിയ അവതരണമോ, വായനയിൽ കൂടി പര്യാപ്തമാകേണ്ടുന്ന അനുഭൂതിയോ കഥാകൃത്ത് നൽകുന്നുണ്ടോ എന്നും കൂടി ആവർത്തിച്ചാവർത്തിച്ചു നോക്കുന്നു. തികഞ്ഞ നൈരാശ്യമാണ് ഈ കഥ വായിച്ചിട്ട് എനിക്ക്. (ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരങ്ങൾ എത്രത്തോളം വിരസമാണ് എന്നറിയണമെങ്കിൽ ‘…യെന്നോണം’, ‘പോലെ’ എന്നീ പദങ്ങളുടെ ആകെ എണ്ണം എടുക്കുക. )

ദേശാഭിമാനിയുടെ രണ്ടാമത്തെ കഥ ഏമി മാത്യു എഴുതിയ ‘ദയാവധം’ ആണ്. കഥ ആരംഭിക്കുമ്പോൾ രാവിലെ നടക്കാൻ ഇറങ്ങുന്നു ഒരു സ്ത്രീ. അരികിൽ പോകുന്ന പയ്യൻ കാണിച്ചുകൊടുക്കുന്നു, അവർക്കരികിൽ ഒരു കൂട്ടം പട്ടികൾ ഉണ്ട് എന്ന്. പതുക്കെ നടന്നുനടന്ന്, അവർ നിത്യേന സന്ദർശിക്കാറുള്ള ബേക്കറിയിൽ നിന്നും സോഫ്റ്റ്‌ബണ്ണും ഇൻസ്റ്റന്റ് കോഫിയും കഴിക്കുന്നു. കൂടെ അതുവരെ വന്ന പയ്യനും കൊടുക്കുന്നു. പിന്നെ ബേക്കറിക്കാരൻ ഉൾപ്പെടെ മൂന്നുപേരും ചേർന്ന് പഴയകാല പട്ടി ഓടിക്കൽ കഥകൾ അയവിറക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരുപാട് പട്ടികൾ ആ ബേക്കറിയിലേക്ക് വരുന്നു. ബേക്കറിയ്ക്കാരൻ നീണ്ട ഒരു മുളവടിയെടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ ആ പട്ടികളെല്ലാം തന്നെ ലക്ഷ്യം മാറ്റിപ്പിടിച്ചു. ബേക്കറിയിൽ കയറാതെ വേറെ എങ്ങോട്ടോ പോയി. പല പല നിറത്തിലും പലവിധ ആകാരത്തിലുമുള്ള പട്ടികളെ ആഖ്യാതാവ് സൂക്ഷിച്ചുനോക്കി കൊണ്ടേയിരിക്കുന്നു. അതിലൊന്ന് നേരത്തെ കണ്ട കുട്ടി എന്നതുപോലെ ഇവർക്ക് തോന്നുന്നു.
കഥയുടെ ഏറ്റവും അവസാനം ഒരു കുഞ്ഞു ഖണ്ഡിക ആയിട്ട് കഥാകൃത്ത് പറയുന്നു, “ആ പ്രഭാതത്തിനുശേഷം ഞാൻ നടക്കാൻ ഇറങ്ങാറില്ല. എനിക്ക് മാനസിക വിഭ്രാന്തിയാണെന്ന് നാട്ടുകാർ പറയുന്നു. അല്ലെന്നു ഞാനും.”

ഇതൊരു കഥയാണെങ്കിൽ അഭിപ്രായം പറയാനുള്ള വിശാലമായ സ്പേസ് ഞാനെന്റെ വായനക്കാർക്ക് വിട്ടു നൽകുന്നു.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like