പൂമുഖം LITERATUREനിരൂപണം കഥാവാരം – 43

കഥാവാരം – 43

മാതൃഭൂമി റിപ്പബ്ലിക്ദിന പതിപ്പിൽ (ലക്കം 46) അമൽ എഴുതിയ ‘എന്റെ അമ്മൂമ്മ ഒരു ചരിത്ര വനിത’ എന്ന കഥയാണുള്ളത്. 99 വയസ്സായ അമ്മൂമ്മ താൻ മരിക്കാൻ പോവുകയാണെന്ന് മനസ്സിലാക്കി, കൈകൾ കഥാനായകന് നേർക്ക് നീട്ടി, “എടുത്തോ, മക്കള് വെട്ടിയെടുത്തോ ” എന്ന് പറയുന്നതാണ് തുടക്കത്തിൽ. രാകി മൂർച്ച കൂട്ടിയ വെട്ടുകത്തി കൊണ്ട് ഇയാൾ ആ ചുക്കിച്ചുളിഞ്ഞ കൈകൾ രണ്ടും വെട്ടിയെടുത്ത് കൊണ്ട് പഞ്ചായത്തിലേക്ക് പോകുന്നു.
അവിടെ പ്രഭാഷണം ചെയ്യുകയാണ് എംജിഎസ് നാരായണൻ. വർത്തമാനകാലത്ത് ഭീഷണമായ രീതിയിൽ ചരിത്രത്തിന്റെ നേർക്ക് നടക്കുന്ന കടന്നാക്രമണത്തെക്കുറിച്ചുള്ളതാണ് പ്രഭാഷണം . തന്റെ അമ്മുമ്മ മഹാത്മാഗാന്ധിയുടെ ജീവനു കാരണക്കാരിയായ ചരിത്ര വനിതയാണെന്ന് അവിടെ വച്ച് പ്രഖ്യാപിക്കുന്നു ഇയാൾ. അതിന് അവർ തെളിവ് ചോദിച്ചപ്പോൾ പ്ലാസ്റ്റിക് മിഠായി കുപ്പിയിലെ അമ്മൂമ്മയുടെ വെട്ടിമാറ്റപ്പെട്ട കൈകൾ കാണിച്ചുകൊടുക്കുന്നു. കൂടിയിരുന്ന കുട്ടികൾ അയാളുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതോടെ ആദ്യ രണ്ടു ഭാഗങ്ങൾ കഴിയുന്നു.

അമൽ

മൂന്നാം ഭാഗം മുതൽ കഥാനായകനെക്കുറിച്ചുള്ള വിശദമായ ചരിത്രമുണ്ട്. ഒരിക്കൽ ടിയാന്റെ അച്ഛൻ പൊട്ടൻ ചെറുക്കനെന്ന് വിളിച്ച് അവനെ അടിച്ചു. അന്നുമുതൽ അച്ഛനും മകനും പരസ്പരം പറയുന്നത് കേൾക്കാൻ കഴിയാതായി. പോകെപ്പോകെ, ഇയാളെ വെറുക്കുന്നവരുടെ ഒച്ചകൾ അയാളിൽ നിന്നും തുടച്ചുനീക്കപ്പെട്ടു. പക്ഷേ അമ്മൂമ്മയുടെ വളരെ കുഞ്ഞു ശബ്ദവും അവനു കേൾക്കാം. ഏത് ബുദ്ധിമുട്ടിലും അവനെ തറയിൽ വെക്കാതെ സംരക്ഷിക്കുന്ന, ഏറ്റവും ഏറെ സ്നേഹിക്കുന്ന അമ്മൂമ്മ അങ്ങനെ അവന്റെ കൺകണ്ട ദൈവമായി. മൂന്നാം ഭാഗം അവിടെ തീർന്നു.
നാലാം ഭാഗത്തിൽ പയ്യൻ സ്കൂൾ മതിയാക്കിയതും, വെഞ്ഞാറമൂട്ടിൽ ഒരു അധ്യാപകൻ, താൻ ഗാന്ധിജിയെ കണ്ടതിനെ കുറിച്ച് കുട്ടികളോട് വിശദീകരിക്കുന്നതുമാണ് പറയുന്നത്. കഥാനായകൻ തിരിച്ച് വീട്ടിലെത്തി, സ്കൂളിൽ നിന്നും കിട്ടിയ ഗാന്ധി പടങ്ങളുള്ള ലഘുലേഖ കൊടുത്തപ്പോൾ, “ഓ ഇയാളോ, ഇവിടെ കുളത്തീന്ന് ഇയാളെ ഞാനല്ലേ രക്ഷിച്ചത്” എന്ന് അമ്മൂമ്മ പറയുന്നതോടെ കഥയ്ക്ക് ട്വിസ്റ്റ് വരുന്നു. അഞ്ചാം ഭാഗത്ത്, ഗാന്ധിജി കോട്ടപ്പുറം കുന്നിൽ വന്നപ്പോൾ, കുളത്തിലേക്ക് വീഴാൻ പോയ സമയത്ത് അമ്മൂമ്മ ചാടി രക്ഷിക്കുകയായിരുന്നു എന്ന കാര്യം സവിസ്തരം പ്രതിപാദിക്കുന്നു അമ്മൂമ്മ. ” എന്തായാലും ഒന്നുറപ്പ്. ഞാനില്ലായിരുന്നെങ്കിൽ അയാൾ അന്ന് തീർന്നേനെ” എന്ന അമ്മൂമ്മയുടെ പറച്ചിലാകണം കഥയുടെ തലക്കെട്ടിൽ പറയുന്നതുപോലെ അമ്മൂമ്മ ഒരു ചരിത്ര വനിത ആകുന്നതിനുള്ള കാരണം.
കഥയുടെ ആറാം ഭാഗത്ത്, അമ്മൂമ്മയുടെ വീരകൃത്യങ്ങൾ കഥാനായകൻ എല്ലാവരോടും പറയുന്നതും അവരെല്ലാം ഇവനെ കളിയാക്കുന്നതും, കളിയാക്കുന്നവരുടെ ശബ്ദം ഇവൻ കേൾക്കാതെയാകുന്നതുമാണ് കഥയിൽ. പിന്നീട് ഇയാൾ ഒരു പള്ളിയുടെ പരിസരത്ത് എത്തിപ്പെടുന്നതും ഫാദർ അവിടെയുള്ള ചെറിയ ജോലി ഇവനെ ഏൽപ്പിക്കുന്നതും പറയുന്നു. കഥയുടെ ഏഴാം ഭാഗത്തിൽ തങ്കപ്പൻ സാറിനോട് ഇക്കാര്യം പറഞ്ഞപ്പോൾ, അമ്മൂമ്മ ഗാന്ധിജിയെ രക്ഷിച്ചത് കൊണ്ടാണ് ചരിത്രം ആകാത്തത് എന്നും, ഈ നാട്ടിലെ കുളത്തിൽ വീണ് ഗാന്ധിജി മരിച്ചിരുന്നെങ്കിൽ നാടിന് കിട്ടാമായിരുന്ന ഏറ്റവും വലിയ സുകൃതമാണ് നിന്റെ അമ്മൂമ്മ നശിപ്പിച്ചത് എന്നും പറയുന്നു. തുടർന്നുള്ള രണ്ടു ഭാഗങ്ങളിൽ പത്മരാജനും സുരാജ് വെഞ്ഞാറമൂടും കടന്നുവരുന്നു.
കഥയുടെ ഒമ്പതാം ഭാഗം, എത്തുമ്പോഴേക്കും നമ്മൾ മനസ്സിലാക്കുന്നത്, മേൽപ്പറഞ്ഞതൊക്കെ പഞ്ചായത്ത് ഓഫീസിൽ നിന്നും മൊബൈലിൽ ഫോട്ടോ എടുക്കാൻ വന്ന കുട്ടികളോട് ഇയാൾ പറഞ്ഞ കാര്യമാണ് എന്നുള്ളതാണ്. അമ്മൂമ്മ വീട്ടിൽ മരിച്ചു കിടക്കുന്ന കാര്യം പെട്ടെന്ന് ഇയാൾക്ക് ഓർമ്മ വരികയും അമ്മൂമ്മയെ സംസ്കരിക്കാൻ വീട്ടിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു കഥാനായകൻ. കൈപ്പത്തിയില്ലാത്ത അമ്മൂമ്മയെ അങ്ങനെ സംസ്കരിക്കുന്നു.

ലാക്ഷണിക കഥയായോ പ്രതിരൂപാത്മക കഥയായോ ആവശ്യമുള്ളവർക്ക് ഇതിനെ സ്വീകരിക്കാവുന്നതാണ്. അറുത്തു മാറ്റിയ കൈപ്പത്തിയെ തോന്നുംപോലെ വിശദീകരിക്കാവുന്നതുമാണ്. സ്വാഭാവികമായി കഥ വായിച്ചു പോകുന്ന ഒരാൾക്ക്, മരിക്കാൻ കിടക്കുന്ന അമ്മൂമ്മ തന്റെ കൈകൾ നീട്ടി “എടുത്തോ, മക്കള് വെട്ടിയെടുത്തോ ” എന്ന വാചകങ്ങൾക്ക് നേരെ നെറ്റി ചുളിക്കാവുന്നതും, അസംബന്ധം എന്ന് പറഞ്ഞു പോകാവുന്നതുമാണ്. കാര്യമായി വല്ലതും ഉണ്ടാകും എന്ന് വിചാരിച്ച് വായന തുടർന്നാൽ, ഭാസ്കര പിള്ള സാറിന്റെ ഒരു പേജ് നീണ്ടു നിൽക്കുന്ന പ്രഭാഷണം വായിക്കാം. ക്ഷമാ ശീലർക്ക് അതിനുശേഷം ഉള്ള മുക്കാൽ പേജ് നീണ്ടുനിൽക്കുന്ന, അമ്മൂമ്മയുടെ പ്രഭാഷണവും വായിക്കാം. കഥാനായകൻ സ്കൂളിൽ വച്ചേ പഠിപ്പു നിർത്തിയെങ്കിലും, അമ്മൂമ്മ മലയാള സാഹിത്യം ഐച്ഛികമായി എടുത്ത് ബി എ പാസായ വ്യക്തിയായിരിക്കണം. അല്ലെങ്കിൽ, കൊച്ചു മകനോട് ഭൂതകാലം പറയുമ്പോൾ, “പച്ചയുടെ പലവകകളിൽ ഇളകുന്ന കുളം. നാലുപാടും തിങ്ങിനിറഞ്ഞ തെങ്ങുകളെല്ലാം ജലോപരിതലത്തിലേക്ക് തലങ്ങും വിലങ്ങും പ്രതിബിംബങ്ങളെറിഞ്ഞ് ഇളകുകയാണ്… ” എന്നിങ്ങനെയുള്ള സാഹിത്യ ഭംഗി തുളുമ്പുന്ന അച്ചടി ഭാഷയിൽ പ്രഭാഷണം നടത്തുകയില്ലല്ലോ.

ഇതൊരു തമാശക്കഥയാണോ അലിഗറി ആണോ രാഷ്ട്രീയക്കഥയാണോ എന്നൊക്കെ ചർച്ച ചെയ്യുന്നതിന് മുൻപ്, അതേ മാതൃഭൂമി വാരികയിലുള്ള മറ്റു ഭാഷാ കഥകളെയും നോക്കുക. വിശേഷിച്ചും നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കന്നഡ, തമിഴ് കഥകൾ. കഥകളിൽ സ്വാഭാവികമായ രാഷ്ട്രീയം കൊണ്ട് വരേണ്ടത് എങ്ങനെയെന്ന്, കന്നട കഥ വഴി മനസ്സിലാക്കുക. പുതിയ പ്രമേയം കൊണ്ട് പുതിയ അവതരണ രീതി ഉണ്ടാക്കി പുതുപുത്തനായ അനുഭവം വായനക്കാരന് കൊടുക്കുന്നത് എങ്ങനെ എന്നറിയുവാൻ തമിഴ് കഥയും വായിക്കുക. ഈ രണ്ടു കഥകൾക്കിടക്ക് മലയാളത്തെ പ്രതിനിധീകരിക്കാൻ ‘എന്റെ അമ്മൂമ്മ ഒരു ചരിത്രവനിത’ എന്ന കഥയെ തെരഞ്ഞെടുത്തത്, ആ കഥയിൽ എനിക്ക് കാണാൻ പറ്റാത്ത ഗംഭീരൻ ആശയം ഉള്ളതുകൊണ്ടാണ്. ഉറപ്പാണ്. ചുരുങ്ങിയത് അതിൽ എന്തോ ഒരു കഥയുണ്ട്. അഥവാ ഉണ്ടെന്ന് കഥാകൃത്തിനും എഡിറ്റർക്കും ഉറച്ച ബോധ്യമുണ്ട്.

47 ആം ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതിയ ‘പരിഹാര സ്തുതികൾ’ എന്ന കഥയുണ്ട്. ഒരുകാലത്ത് ഭയങ്കര റൗഡിയായിരുന്ന, എന്നാൽ ഇന്ന് ദൈവവിളി കിട്ടിയ പോലെ പരിശുദ്ധാത്മാവായി മാറിയ വറീത് പഞ്ഞിക്കാരന്റെ ദൈവസ്തുതി ഗീതത്തോടെ കഥ ആരംഭിക്കുന്നു. ഒരു പോലീസുകാരനെയാണ് നമ്മൾ കാണുന്നത്. തുടർന്ന് അയാളുടെ പഴയ സഹപാഠിയായിരുന്ന മെറ്റിൽഡയെക്കുറിച്ച് പറയുന്നു. അയർലണ്ടിൽ നിന്നും നാട്ടിലേക്ക് വെക്കേഷന് വന്ന അവൾ കഥാനായകനോടൊപ്പം രമിക്കുന്നു. ഭർത്താവ് സിബിച്ചൻ ലൈംഗികതയിൽ ഒന്നും തീരെ താല്പര്യമില്ലാത്ത വ്യക്തിയാണെന്ന് മെറ്റിൽഡ വെളിവാക്കുന്നു. സംഭാഷണ മദ്ധ്യേ, പണ്ട് അവരുടെ കൂടെ പഠിച്ചിരുന്ന അപ്പിയെക്കുറിച്ച് പരാമർശം വരുന്നു. കുളക്കടവിലും കിടപ്പുമുറിയിലുമൊക്കെ എത്തി നോക്കുമായിരുന്ന അയാൾ പാണൽ പിടിച്ച് തൂങ്ങിക്കിടന്ന് ആറ്റിൽ കുളിക്കുകയായിരുന്നു ഒരു പെണ്ണിനെ നോക്കിക്കൊണ്ടിരിക്കവേ ഒരു കൈകൊണ്ട് സ്വയംഭോഗം ചെയ്യുകയും പാണൽ പറിഞ്ഞ് കരിങ്കല്ലിൽ തലയിടിച്ച് വീഴുകയും ചെയ്തു എന്നും കഥാനായകൻ മെറ്റിൽഡയെ അറിയിക്കുന്നു . പത്താം ക്ലാസിൽ പഠിക്കുമ്പോൾ രതിക്കുവേണ്ടി തന്നെ സമീപിച്ച അപ്പിയുടെ മുഖത്തു തുപ്പിയതിൽ ഇന്ന് അവൾക്ക് കുറ്റബോധം. അവരുടെ സമാഗമത്തിനുശേഷം, മെറ്റിൽഡ അയർലണ്ടിലേക്ക് തിരിച്ചു പോകുന്നു. തന്റെ ശരീരം ഒന്നു മെച്ചപ്പെടുത്തുവാൻ കഥാനായകൻ വറീതിന്റെ ജിംനേഷ്യത്തിലേക്ക് പോകുന്നതോടെ ആദ്യഭാഗം അവസാനിക്കുന്നു.

തന്റെ പൂർവകാലത്തെക്കുറിച്ച് ഈ പോലീസുകാരനോട് സവിസ്തരം പ്രതിപാദിക്കുന്നു രണ്ടാം ഭാഗത്തിൽ വറീത്. തനി ചട്ടമ്പി ആയിരുന്ന അയാൾ നാട്ടുകാരെ ഉപദ്രവിച്ചത്, പള്ളിയുടെ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് കഞ്ചാവിനുള്ള കാശിനു വക കണ്ടെത്തിയത്, പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തിയത്, തന്റെ നേർക്ക് വന്നവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത് എന്നിങ്ങനെ. മാനഹാനി കൊണ്ട് പുറത്തിറങ്ങാതായി അയാളുടെ മാതാപിതാക്കൾ. മകനെ നേർവഴിയിൽ ആക്കി തരണമെന്ന് കർത്താവിനോട് അവർ പ്രാർത്ഥിച്ചു. അവസാനം തന്റെ പന്ത്രണ്ട് പെൺ മക്കളിൽ ഒരാളെ, മകന് ഭാര്യയായ സ്വീകരിച്ചു കൊള്ളുക എന്ന കപ്യാരുടെ വാഗ്ദാന പ്രകാരം, മൂത്ത മകൾ ശോശന്ന വറീതിന്റെ ഭാര്യയായി. പക്ഷേ സ്നേഹവായ്പോടെ അയാളെ പരിചരിച്ച ശോശന്ന ആദ്യരാത്രി അടുത്തു വന്നു കിടന്നപ്പോൾ അമ്മച്ചിയാണതെന്ന് വറീതിന് തോന്നിപ്പോയി. അതുകൊണ്ടുതന്നെ പിൽക്കാലത്ത് അയാളുടെ വീട്ടിലേക്കുള്ള വരവും പോക്കും പരിമിതമായി.

ഒരിക്കൽ കടപ്പുറത്ത് വെയിൽ കൊള്ളുകയായിരുന്ന റോക്ക് മ്യൂസിഷ്യന്മാരോടൊത്ത് കുടിച്ചു കൂത്താടി നൃത്തം വയ്ക്കുന്നു ഇയാൾ. കടപ്പുറത്ത് ആണുങ്ങളെ പാട്ടിലും ഡാൻസിലും തളച്ച്, വിദേശികളോടൊപ്പം അരയപ്പെണ്ണുങ്ങളെ പ്രാപിക്കുന്നു. ചോദിക്കാൻ വന്ന ആണുങ്ങളെ പങ്കായം കൊണ്ട് മർദ്ദിച്ചവശരാക്കുന്നു. അവസാനം അവരിൽ ആരോ ഒരാൾ, മീൻ പിടിക്കുന്ന വലവീശി ഇയാളെ കുരുക്കുന്നു. തുഴകൾ കൊണ്ടും കൈകൾ കൊണ്ടും മാരകമായി പ്രഹരിച്ച് ജീവച്ഛവമാക്കി പാറക്കെട്ടിൽ അയാളെ ഇവർ ഉപേക്ഷിച്ചു പോകുന്നു.
എങ്ങനെയോ വീട്ടിലേക്ക് എത്തിക്കപ്പെട്ട വറീതിനെ ശോശന്ന യാതൊരു കുറവും കൂടാതെ പരിചരിക്കുന്നു. ഒടിവും ചതവും എല്ലാം ഭേദപ്പെട്ട്, ആറുമാസം കൊണ്ട് തന്നെ പന്നിയെപ്പോലെ പെറ്റപെരുകിയ പകയുമായി അയാൾ പൂർവാധികം കരുത്തോടെ എഴുന്നേൽക്കുന്നു. ഒരു രാത്രി ശോശന്ന ഗാഢനിദ്രയിൽ ആയിരുന്നു എന്ന് ഉറപ്പുവരുത്തി തന്റെ വാളുമായി പക വീട്ടാൻ ഇരുട്ടിലേക്ക് ഇറങ്ങുന്നു. പക്ഷേ, “എത്ര ഇരുട്ടിലേക്ക് പോയാലും വെളിച്ചം നിങ്ങടെ പിറകേ വരും. നിങ്ങളെയും കാത്തു ഞാൻ ഈ തിണ്ണയിൽ ഉണ്ടാകും.” എന്ന വാക്കോടെ ശോശന്ന അയാളെ യാത്രയാക്കുകയായിരുന്നു ചെയ്തത്.
കടപ്പുറത്തുള്ളവരോട് പകരം ചോദിക്കുവാൻ ചെന്ന വറീതിന് അത്ഭുതകരമായ രീതിയിൽ വഴിക്ക് വെച്ച് ദൈവവിളി കിട്ടുന്നു. അസാധാരണമായ സംഭവ വികാസങ്ങൾ ഉണ്ടാകുന്നു. ഭാര്യയെ ഗർഭിണിയാക്കാൻ ആരോ ഉപദേശിച്ച പോലെ ഇയാൾക്ക് തോന്നുന്നു. അതോടെ വറീത് നന്നാവുന്നു. ഭാര്യ ഗർഭിണിയാവുന്നു. അതിൽ ഉണ്ടായ കുഞ്ഞാണ് അപ്പി. ഇതാണ് സവിസ്തരം വറീത് പറഞ്ഞ അയാളുടെ ആത്മകഥ.

കഥയുടെ മൂന്നാം ഭാഗത്തിലേക്ക് കടക്കുമ്പോൾ വായനക്കാർ അയർലണ്ടിലാണ്. ടാക്സി ഇറങ്ങി വീട്ടിലെത്തുന്ന മെറ്റിൽഡയെ സിബിച്ചൻ സ്വീകരിക്കുന്നു. പിന്നീട് നമ്മളൾ കാണുന്നത് പരിപൂർണ്ണമായി മാറിയ സിബിച്ചനെയാണ്. അവൾക്ക് ജന്മദിന സമ്മാനങ്ങൾ നൽകുന്ന, വളരെ നന്നായി പരിഗണിക്കുന്ന ഒരു ഭർത്താവ്. അതിനിടയ്ക്ക് യാത്രാക്ഷീണം കൊണ്ട് ഉറങ്ങിയ മെറ്റിൽഡ അപ്പിയെ സ്വപ്നം കാണുന്നു. പിന്നീട് ആശുപത്രിയിൽ ജോലിക്ക് പോകുമ്പോൾ, ഒരിക്കൽ പ്രോത്സാഹിപ്പിച്ച ഡോക്ടറുടെ സ്പർശനം അരോചകമാകുന്നു അവൾക്ക്. അപ്പിയും സിബിച്ചനും മനസ്സിൽ നിറയുന്നു.

നാലാം ഭാഗത്തിൽ പോലീസുകാരനെയാണ് വായനക്കാർ കാണുന്നത്. അടുത്ത പ്രാവശ്യം വരുമ്പോൾ കൂടെ കിടക്കുന്ന മെറ്റിൽഡയെ സുഖിപ്പിക്കുവാൻ, ജിമ്മിൽ പോയി ശരീരം പുഷ്ടിപ്പെടുത്തിയിട്ടുണ്ട് ഇയാൾ. പോയി മൂന്നു വർഷമായിട്ടും തിരിച്ചുവരാത്ത അവളുടെ എഫ് ബി പേജിൽ തന്റെ ഭർത്താവിനെയും കെട്ടിപ്പിടിച്ചു നിൽക്കുന്ന മെറ്റിൽഡയെ ഇയാൾ കാണുന്നു. തുടർന്ന് ഒന്നൊന്നര വയസ്സുള്ള ഒരു കുട്ടിയുടെ ഫോട്ടോയും. ആ കുട്ടിക്ക്, വറീത് പഞ്ഞിക്കാരന്റെ ആൽബത്തിലെ കുഞ്ഞപ്പിയുടെ അതേ മുഖച്ഛായ ആണെന്ന് കണ്ട് അന്തംവിട്ട് പോകുന്നു ഇയാൾ. വറീത് എഴുതി വച്ച സ്തുതി ഗീതങ്ങൾ ഈ കുട്ടിക്ക് കേൾപ്പിച്ചാലോ എന്ന വാട്സ്ആപ്പ് സന്ദേശം അയാൾക്ക് അയക്കാൻ തുനിയുമ്പോൾ, അവിചാരിതമായി അവിശ്വസനീയമാം വിധം, വറീത് പഞ്ഞിക്കാരന്റെ കോൾ വരുന്നു ഇയാൾക്ക്. ആ ഫോൺ വിളി അറ്റൻഡ് ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു.

ഉണ്ണികൃഷ്ണൻ കിടങ്ങൂർ

ദൈവത്തിന്റെ ഏകാന്തത എന്ന ഭേദപ്പെട്ട കഥ എഴുതിയിട്ടുള്ള ഉണ്ണികൃഷ്ണൻ കിടങ്ങൂർ പാരായണക്ഷമമായ ഒരു കഥ കൂടി തന്നു എന്ന് പറയാം. ശരാശരിക്ക് മുകളിൽ നിൽക്കില്ല ഇത്. ദൈർഘ്യം. ഈ ദൈർഘ്യത്തെയാണ് “വൃഥാസ്ഥൂലത” എന്ന് പറയാൻ പറ്റുക.
കഥയുടെ തുടക്കത്തിൽ പോലീസ് ക്വാർട്ടേഴ്സും, കുറച്ചു പോലീസുകാരും ഉന്നത ഉദ്യോഗസ്ഥനായ നമ്പൂരിശ്ശനും, എസ് പി യും ഒക്കെ വരുന്നുണ്ട്. അവരെയെന്തിനാണ് കൊണ്ടുവന്നത്, കഥയിൽ അവർക്കുള്ള സ്ഥാനമെന്ത് എന്നുള്ളതൊക്കെ ചോദ്യമാണ്. പ്രധാന കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകൾ വ്യക്തമാക്കാൻ ഒരുപാട് കഥാപാത്രങ്ങളെയും ഒരുപാട് കാര്യങ്ങളെയും വിശദീകരിക്കുന്നത് വിരസത ഉണ്ടാക്കാനേ ഉപകരിക്കൂ.

നാലു ഭാഗങ്ങളുള്ള കഥയിൽ ഓരോ ഭാഗവും നോക്കുമ്പോൾ വളരെ അയഞ്ഞ രീതിയിൽ പറഞ്ഞ ജനപ്രിയ സാഹിത്യമാണെന്നാണ് തോന്നുക. കഥകളിൽ വികാരങ്ങൾ ഉണ്ടാകുമ്പോൾ വായനക്കാർക്ക് സന്തോഷം. അത് വികാര ചാപല്യമാകുമ്പോൾ നീരസം. ഒന്നാം ഭാഗത്തിൽ മെറ്റിൽഡയും പോലീസുകാരനും തമ്മിലുള്ള രതിയെക്കുറിച്ച് പറഞ്ഞത് പേജ് നിറക്കാൻ വളരെ ഉപകാരപ്പെട്ടു. നല്ല “വികാരം” മുറ്റി നിൽക്കുന്നുണ്ട് അതിൽ. രണ്ടാം ഭാഗത്തിൽ വറീതിന്റെ ആത്മകഥ, ഒരു കൊമേഴ്സ്യൽ സിനിമയുടെ പ്ലോട്ട് ആയിപ്പോയി. കഥാപാത്രങ്ങളിൽ പലതും വളരെ സ്റ്റീരിയോ ടൈപ്പ് ആണ്. അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണം ശോശന്ന തന്നെ. ദുർവൃത്തനും സ്ത്രീലമ്പടനും അക്രമിയും ആയിട്ടുള്ള ഏതൊരാളുടെയും ഭാര്യ എന്നെന്നും ഒരു ശോശന്ന ആയിരിക്കും. കഥാന്ത്യം ഒരു ചെറിയ ഫാന്റസി. അതോടെ കഥ തീർന്നു. സെക്സും വയലൻസും മാറ്റിനിർത്തിയാൽ മൂന്നു പേജിൽ ഒതുങ്ങുന്ന ഈ കഥയെ ശരാശരി എന്നേ പറയാൻ പറ്റുന്നുള്ളൂ.

മാധ്യമം വാരികയുടെ ലക്കം 1300 ൽ വിജയശങ്കർ വി എഴുതിയ ജഗനിസം എന്ന കഥയുണ്ട്. പ്രണയ വിവാഹിതരായ ജാനിയും ജഗദ് പ്രസാദും. പരസ്പര വിരുദ്ധമാണ് അവരുടെ സ്വഭാവങ്ങൾ. ഒരു കാര്യവും ഇല്ലെങ്കിലും ആഹ്ലാദിച്ചും പാട്ടുപാടിയും നടക്കുന്നതാണ് ജാനിയുടെ പ്രകൃതം. ദുഃഖിക്കാൻ ഇഷ്ടം പോലെ കാരണങ്ങൾ. കുറേ ശ്രമിച്ചിട്ടും ഒരു ജോലി സമ്പാദിക്കാൻ കഴിയാത്തത്. ശ്വാസംമുട്ടൽ ഉൾപ്പെടെ പല രോഗങ്ങളും ജന്മനാകൂടെ. പക്ഷേ സന്തോഷം അവളുടെ ശീലമാണ്. എന്നാലോ, ഇഷ്ടപ്പെട്ട ജോലിയും നല്ലൊരു കുടുംബവും ബന്ധു ബലവും ഉണ്ടായിട്ടും ദുഃഖമാണ് ജഗന്റെ സ്വഭാവം. ആകാംക്ഷ, ഉത്കണ്ഠ, നിമിത്തങ്ങളിലുള്ള അന്ധമായ വിശ്വാസം ഇതൊക്കെയുള്ള ദുർബലമാനസൻ. കഥയുടെ ആദ്യഭാഗത്ത് പിഎസ്‌സി പരീക്ഷ എഴുതി, അതിൽ കട്ട് ഓഫ് മാർക്ക് നേക്കാൾ കൂടുതൽ ഉള്ളതിനാൽ റാങ്ക് ലിസ്റ്റിൽ കയറിക്കൂടുമെന്ന് പ്രതീക്ഷിക്കുന്നു രണ്ടു പേരും. സന്തോഷത്തോടെ പിരിഞ്ഞുവെങ്കിലും രാത്രി പെട്ടെന്നൊരു ഭൂതോദയം. ഉത്തരക്കടലാസിലെ രജിസ്റ്റർ നമ്പറിൽ തെറ്റ് പറ്റി പോയിരിക്കുന്നു. അതോടെ അയാൾ തകരുന്നു. മിണ്ടാട്ടമില്ല. ഉത്കണ്ഠയുടെ അങ്ങേയറ്റം. പിറ്റേദിവസം പനിപിടിച്ച് കിടപ്പിൽ. പിന്നീടുള്ള ദിവസങ്ങളിൽ ജാനിയുടെ ഫോണുകൾ ഇവനെടുക്കാതെയായി. മൂന്നാം ദിവസം ജാനി ജഗന്റെ വീട്ടിലേക്ക് പോയപ്പോൾ ചുമരും ചാരി, ഷീറ്റും പുതച്ച് പനിപിടിച്ചവരെ പോലെ കട്ടിലിലിരിക്കുന്നു ജഗൻ. പക്ഷേ പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ അത്ഭുതം. ജഗൻ ലിസ്റ്റിലുണ്ട്. ജാനി ഇല്ല!
ഒന്നാം ഭാഗം ഇതോടെ തീരുന്നു. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ കുറിച്ച് വ്യക്തമാക്കാൻ വേണ്ടിയാവണം കഥാകൃത്ത് ഒന്നാം ഭാഗത്തിൽ ശ്രദ്ധിച്ചിട്ടുണ്ടാവുക. ജഗന്റെ അകാരണമായ ഉത്കണ്ഠയെക്കുറിച്ച് വ്യക്തമായി വായനക്കാരന് മനസ്സിലാകുന്നു ഈ ഭാഗം വഴി. പക്ഷേ, ഇതിനുവേണ്ടി മാത്രം നാലു പേജുകൾ ഉപയോഗിക്കുക എന്നത് സാഹസമാണ്.
കല്യാണം കഴിഞ്ഞ് നാലുവർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ അതിന്റെ കാരണത്തെക്കുറിച്ചുള്ള ആധിയാണ് രണ്ടാം ഭാഗം. ക്ലൈൻ ഫെൽറ്റർ സിൻഡ്രോം എന്ന പേരിൽ. തനിക്ക് ഈ രോഗമാണെന്നും, തന്റെ ലൈംഗിക താല്പര്യക്കുറവ് ഇക്കാരണത്താലാണെന്നും അതിനാലാണ് കുട്ടികൾ ഉണ്ടാകാത്തത് എന്നും ജഗൻ പ്രഖ്യാപിക്കുന്നു. നെറ്റിൽ നിന്നും കണ്ടെത്തിയ വിശദവിവരങ്ങൾ എല്ലാം തന്നെ കുറെ പ്രിന്റ് ഔട്ടിലായി അയാൾ ജാനിയെ കാണിക്കുന്നു. തന്റെ ഓരോ അവസ്ഥകളും അതിൽ പറഞ്ഞതുപോലെ തന്നെയാണ് എന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. ജാനിയുടെ നിർബന്ധത്തിനു വഴങ്ങി ഡോക്ടറെ കാണുകയും രോഗിയുടെ നിർബന്ധപ്രകാരം ആവശ്യമായ ക്രോമസോം അനാലിസിസ് പരിശോധനയ്ക്ക് ഡോക്ടർ സമ്മതിക്കുകയും ചെയ്യുന്നു. ഒരാഴ്ച റിസൾട്ടിനായി അവർ കാത്തിരിക്കുന്നു. കുറച്ചു ദിവസങ്ങൾ ശേഷം വീട്ടിലെത്തിയപ്പോൾ പരിശോധനാ റിപ്പോർട്ട് നെഗറ്റീവ് ആയ കാര്യം ജാനി അയാൾക്ക് കാണിച്ചു കൊടുക്കുന്നു. അത്ഭുതകരമായ മറ്റൊരു കാര്യം അവൾ ചെയ്ത പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആണെന്നുള്ളതായിരുന്നു. അങ്ങനെ രണ്ടാം ഭാഗം കഴിഞ്ഞു

ഒന്നും രണ്ടും ഭാഗങ്ങൾ ഓടിച്ചു വായിക്കാവുന്നതുമാത്രം. വായനക്കാരനെ അത്യധികമായി രസിപ്പിക്കുന്ന പുതുമയൊന്നും അവയ്ക്ക് അവകാശപ്പെടാനില്ല.
ഇത് കഴിഞ്ഞ് കഥയുടെ അവസാന ഘട്ടമായ മൂന്നാം ഭാഗം ‘പെപ്പർ സ്പ്രേ’ എന്ന പേരിൽ കഥാകൃത്ത് നമുക്ക് നൽകുന്നുണ്ട്. തന്റെ വീടിനോട് ചേർന്നുള്ള മതിലിൽ അസാധാരണമായി ചില വരകൾ, ഒരു വട്ടം, കുറുകനെ മൂന്നു വരകൾ അതിൽ ഒരെണ്ണം ചെറുത് പിന്നെ ഈ പി എസ് എന്നീ അക്ഷരങ്ങളും കാണുന്നു. ഏതോ കള്ളന്മാരോ കൊള്ളക്കാരോ കോഡ് ഭാഷയിൽ എഴുതിയ കാര്യമായ എന്തോ സന്ദേശമാണത് എന്ന് ജഗൻ ഉറപ്പിക്കുന്നു. അതിലെ ഈ പി എസ് എന്നീ അക്ഷരങ്ങൾ എന്താകുമെന്ന് ആലോചിച്ച് വ്യാകുലപ്പെടുന്നു. ഇതിനെക്കുറിച്ച് നെറ്റിൽ നിന്നും കിട്ടിയ വിവരങ്ങൾ വച്ച് കൊള്ളസംഘം രണ്ടുമൂന്നു ദിവസത്തിനകം അവിടെയെത്തുമെന്ന് ഉറപ്പിക്കുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെടാൻ ഭാര്യയേയും കുട്ടിയെയും അടിയന്തരമായി ആ വീട്ടിൽ നിന്നും മാറ്റാനായി പിന്നീട് അയാളുടെ തീരുമാനം. ജാനിയുടെ അമ്മാവൻ അടിയന്തിരമായി അന്ന് വൈകുന്നേരം അവിടെ എത്താൻ പറഞ്ഞിട്ടുണ്ട് എന്നൊരു കള്ളം കൂടി തട്ടി വിടുന്നു. സംശയം തോന്നിയെങ്കിലും അങ്ങോട്ട് പോയ ജാനി കണ്ടത് വീണ് കാലിനു പരിക്കേറ്റ് പ്ലാസ്റ്ററിട്ട് കിടക്കുന്ന അമ്മാവനെയാണ്.
അന്ന് രാത്രി ഒരു കയ്യിൽ പെപ്പർ സ്പ്രേയും മറുകൈയിൽ ഒരു കത്തിയുമായി ജഗൻ വാതിലിന് പിറകിൽ ജാഗരൂകനായി നിലകൊണ്ടു. കള്ളന്മാരെ കാത്തു കാത്തിരുന്ന് ബോറടിച്ചു. ഫേസ്ബുക്കിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു. ഇടയ്ക്കെപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി. രാവിലെ എണീറ്റ് നോക്കിയപ്പോൾ അയൽവക്കത്തുള്ള കുട്ടികൾ മതിലിൽ എന്തൊക്കെയോ എഴുതുന്നത് കാണുന്നു. ഈ പിഎസ് എന്നത് അവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ആണെന്ന് മനസ്സിലായതോടെ ജഗൻ അസ്തപ്രജ്ഞനാകുന്നു. ഓഫീസിൽ പോയി തിരിച്ചുവന്ന് കുറെ നടന്ന് വീട്ടിലെത്തി ടിവിയും കണ്ടു എഫ്ബി ലൈക്കുകളും കമന്റുകളും ഓടിച്ചു നോക്കി. തലേനാളത്തെ ഉറക്കക്ഷീണം കൊണ്ട് കണ്ണുകൾ അടഞ്ഞു പോയി. ഉറക്കത്തെപ്പറ്റി ഒരു ഗംഭീരൻ പോസ്റ്റും ഇട്ട് കണ്ണുകൾ അടച്ചു. രാവിലെ കണ്ണ് തുറന്ന് മൊബൈലിനായി നോക്കിയപ്പോൾ കാണ്മാനില്ല. പേഴ്‌സിലെ കാശു പോയി. അലമാരയിൽ വച്ചിട്ടുണ്ടായിരുന്ന കുറച്ചു രൂപയും കള്ളൻ കൊണ്ടുപോയി. കുട്ടികളുടെ കുത്തിവരയിൽ ഇളിഭ്യനാക്കപ്പെട്ടതിനാൽ ജാനു തിരിച്ചുവരുമ്പോൾ ഓവർ തിങ്കിങ് എന്ന് പറയുമല്ലോ എന്ന ഒരു ചമ്മൽ, കള്ളൻ വന്നതോടുകൂടി അങ്ങനെ ഇല്ലാതാകുന്നു.

വളരെ ചെറിയ കഥാതന്തു നീട്ടി നീട്ടി പരത്തി പറഞ്ഞിരിക്കുന്നതിനാൽ കഥയുടെ സുഖം അനുഭവിപ്പിക്കുന്നതിൽ അത്രകണ്ട് വിജയിക്കാത്ത ഒരു തമാശക്കഥ. ആദ്യ രണ്ടു ഭാഗങ്ങളിൽ പറയുന്ന കഥയ്ക്ക് യാതൊരു പുതുമയും ഇല്ലെന്ന് മാത്രമല്ല വിസ്താരം വളരെ കൂടുതലാണ് താനും. കഥാന്ത്യത്തിൽ വേണമെങ്കിൽ വായനക്കാർക്ക് ചിരിക്കാം. അപ്പോഴും വളരെ ദുർബലമാണ് ഇതിലെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളുടെ ആവിഷ്കരണം.

പ്രവീൺ ചന്ദ്രൻ

‘സ്വപ്ന ശ്രേണികളുടെ രാത്രി’യാണ് സമകാലിക മലയാളം 37ആം ലക്കത്തിലെ കഥ. കഥാകൃത്ത് പ്രവീൺ ചന്ദ്രൻ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായ വിശ്വനാഥൻ, കടുത്ത ഹൃദയസ്തംഭനത്തിനുശേഷം ഐസിയു വിൽ പ്രവേശിക്കപ്പെട്ടതിനെ തുടർന്ന് അയാൾ കാണുന്ന മായക്കാഴ്ചകളാണ് ആരംഭത്തിൽ. സ്ഥലകാല ബോധം നഷ്ടപ്പെടുകയും ഇല്ലാത്ത വ്യക്തികൾ ഉണ്ടെന്ന് തോന്നുകയും ചെയ്യുമ്പോൾ, കടുപ്പമേറിയ മരുന്നുകളുടെ ഫലമായിട്ടാണത് എന്ന് ഡോക്ടർ പറയുന്നു. ഡിസ്ചാർജ് ചെയ്ത് ഒരു മാസത്തിനുശേഷം ആവശ്യമായ വിശ്രമത്തിനൊടുവിൽ രജിസ്ട്രാറായി പ്രമോഷൻ കിട്ടി പുതിയ സ്ഥലത്തേക്ക് ജോലിക്കായി എത്തിച്ചേർന്നു ഇയാൾ.

അധികം പരിചയമില്ലാത്ത നാട്ടിൽ, ഒരു വൈകുന്നേരം നടക്കാൻ ഇറങ്ങിയപ്പോൾ എവിടെയോ എത്തിച്ചേരുന്നു. വിചിത്രവും പേടിപ്പെടുത്തുന്നതുമായ കാഴ്ചകളാൽ ചകിതനായി പോകുന്നു. ഒരു വലിയ ബംഗ്ലാവിന്റെ മുറ്റത്ത് നിന്നും മുതിർന്ന ഒരു പെൺകുട്ടി കയ്യിലൊരു പൂച്ചയുമായി നടക്കുന്നതും തീക്കുണ്ഡം ഉണ്ടാക്കി അതിലേക്ക് പൂച്ചയെ എറിയുന്നതും ഇയാൾ കാണുന്നു. അന്നേരം പൊടുന്നനെ പൊട്ടിമുളച്ച പോലെ തന്റെ തൊട്ടടുത്ത് ഒരു വൃദ്ധൻ നിൽക്കുന്നതായി വിശ്വനാഥൻ മനസ്സിലാക്കുന്നു. അയാളോടൊപ്പം നടന്ന കഥാനായകൻ ഒരു വീടിനുമുമ്പിലെ ഗേറ്റിലാണ് എത്തിച്ചേരുന്നത്. മഴപെയ്യാൻ തുടങ്ങിയതിനാൽ വൃദ്ധന്റെ ക്ഷണം സ്വീകരിച്ച്, കോലായിൽ നീക്കിവെച്ച കസേരയിൽ അയാൾക്കൊപ്പം കഥാനായകൻ ഇരിക്കുന്നു. 70 വയസ്സ് പ്രായം തോന്നിക്കുന്ന വൃദ്ധന് തന്നെക്കാൾ ആരോഗ്യവും ഊർജവും ഉണ്ട് എന്ന് ഇയാൾ മനസ്സിലാക്കുന്നു. സംഭാഷണത്തിനിടയിൽ ആ വീട്ടിൽ ആരുമില്ലേ എന്ന ചോദ്യത്തിന്, സ്വല്പം നീരസത്തോടെ, “ഇവിടെ ഒരുപാട് പേരുണ്ട്. ഇവിടെ എന്നല്ല എവിടെയും. പക്ഷേ പലരും പല കാലങ്ങളിൽ ചിതറിക്കിടക്കുകയാണ്” എന്നിങ്ങനെയുള്ള മറുപടിയാണ് അയാൾക്ക് ലഭിക്കുന്നത്. കുറച്ചുനേരം സംസാരിച്ചതിനു ശേഷം വൃദ്ധൻ ഉറങ്ങിപ്പോകുന്നതും ഇടിയും മഴയും രൂക്ഷമാകുന്നതും, സമയം നീണ്ടു പോകുന്നതും കഥാനായകൻ അറിയുന്നു. വൃദ്ധന്റെ രൂപം വിളറി വെളുത്ത് അസ്വാഭാവികമായി തോന്നിയതിനാൽ, അസ്വസ്ഥത ഒഴിവാക്കാൻ അയാൾ ലൈറ്റ് ഓൺ ചെയ്യാൻ ശ്രമിക്കുന്നു. വർഷങ്ങളായി ആരും സ്പർശിക്കാത്ത സ്വിച്ച് പോലെ അത് തോന്നപ്പെട്ടു. അകത്ത് ഒരു സ്ത്രീയും പെൺകുട്ടിയും ഉള്ളതായി മനസ്സിലാകുന്നു. പെൺകുട്ടിയുടെ അച്ഛൻ വന്നതിനുശേഷം പോകാമെന്ന് പറഞ്ഞതിനാൽ അതുവരെ ഇയാളവിടെ കാത്തുനിൽക്കുന്നു. കുറേസമയത്തിനുശേഷം അയാൾ വന്നപ്പോൾ അയാളോടൊപ്പം മഴയത്ത് തിരിച്ചുപോകുന്നു. താൻ ആ വീട്ടിൽ കണ്ടത് ഇയാളുടെ അച്ഛൻ അല്ലായിരുന്നു എന്നും അദ്ദേഹം മാസങ്ങൾക്കു മുൻപേ കോവിഡ് ബാധിച്ച് മരിച്ചു പോയെന്നും അയാൾ പറയുന്നതോടെ കഥാനായകന്റെ ഹൃദയം പിടയ്ക്കുന്നു. വീട്ടുകാരുടെ പെരുമാറ്റത്തിലെ പല അസ്വാഭാവികതകളും കൊണ്ട് വിശ്വനാഥൻ അയാളിൽ നിന്നും പെട്ടെന്ന് മാറാൻ ശ്രമിക്കുന്നു. ഒരു ഇടവഴി എത്തിയപ്പോൾ വീട്ടുകാരനോട് നന്ദി പറഞ്ഞ് കടത്തിണ്ണയിൽ വാഹനങ്ങൾക്ക് വേണ്ടി കാത്തുനിൽക്കുന്നു. തുടർന്ന് താൻ ഒറ്റയ്ക്ക് വസിക്കുന്ന വാടക വീട്ടിലേക്ക് ഇയാൾ എത്തിച്ചേരുന്നു.

വീട്ടിലെത്തിയതിനുശേഷം അയാൾ കാണുന്ന തുടർച്ചയായ സ്വപ്നങ്ങളാണ് കഥയുടെ പ്രധാനപ്പെട്ട ഭാഗം. സ്വപ്നങ്ങൾ എന്നതിനേക്കാൾ സ്വപ്നങ്ങൾക്കുള്ളിലെ സ്വപ്നങ്ങൾ എന്ന് പറയുന്നതാകും ശരി. നേരത്തെ താൻ പോയ വീടും പെൺകുട്ടിയെയും സ്വപ്നത്തിൽ കാണുന്നു. തീ കൂട്ടി അതിലേക്ക് എന്തോ എറിയുന്നു. അന്നേരം വൃദ്ധൻ ചിരിയോടെ അടുത്ത് വരുന്നു. പക്ഷേ അയാളുടെ ഒരു കൈ മുഴുവനായും മുറിച്ചു മാറ്റപ്പെട്ടിരുന്നു. ചോരയൊലിപ്പിച്ചു കൊണ്ട് വൃദ്ധൻ കോലായിലേക്ക് വിശ്വനാഥനെ കൊണ്ടു പോകുന്നു. അവിടെയിരുന്ന് മയങ്ങുമ്പോൾ പിന്നെയും ആ പെൺകുട്ടിയെ സ്വപ്നം കാണുന്നു. ഇക്കുറി അവൾ വൃദ്ധന്റെ രണ്ടാമത്തെ കൈയും തീയിൽ എറിയുന്നു. സ്വപ്നം ശ്രേണിയായി ആവർത്തിക്കുന്നു. വൃദ്ധന്റെ അവസാന ശരീര ഭാഗവും കത്തിച്ചു കഴിഞ്ഞ ശേഷം സ്വപ്നങ്ങളിൽ നിന്നും അയാൾ ഉണരുന്നു. അപ്പോൾ നേരം വെളുത്തിരുന്നു. തന്റെ അവസ്ഥയെ കുറിച്ച് ഡോക്ടറോട് ഫോണിൽ പറഞ്ഞപ്പോൾ, അയാൾ കണ്ട വൃദ്ധൻ യഥാർത്ഥ മനുഷ്യൻ തന്നെയാണെന്നും മരിച്ചയാൾ അല്ലെന്നും മറുപടി കൊടുക്കുന്നു. വിശ്വാനാഥന് മതിഭ്രമമൊന്നുമില്ല എന്ന് ഡോക്ടർ ഉറപ്പിച്ചു പറയുന്നത് കേട്ട ശേഷം , ഒരു യാഥാർത്ഥ്യവും സ്വപ്നത്തിൽ കാണാതെ അയാൾ ഉറങ്ങി എന്ന പ്രസ്താവനയോടെ കഥ തീരുന്നു.

മൂന്ന് ഭാഗങ്ങളുള്ള ഈ കഥയ്ക്ക് തടസ്സപ്പെടുത്താത്ത തുടർച്ചയുണ്ട്. പഴഞ്ചൻ എന്ന് പറയാവുന്നതല്ല പ്രമേയം. എന്നിട്ടും, എന്ത് കൊണ്ട് ഇടയ്ക്ക് വിരസത അനുഭവപ്പെടുന്നു എന്ന് ചോദിച്ചാൽ, സ്ഥൂലാർത്ഥത്തിലുള്ള എഡിറ്റിങ് പാളിച്ച തന്നെ. കഥയുടെ തുടക്കത്തിൽ മതിഭ്രമത്തെ സൂചിപ്പിക്കാൻ പറഞ്ഞ കാര്യങ്ങൾ അതിവിവരണമായി തോന്നുന്നു. ആദ്യഭാഗത്ത് നന്നായി കത്രിക വെക്കാത്തതിനാൽ, വായനക്കാർ റവന്യൂ ആപ്പീസിൽ എന്നത് പോലെ, കഥയുടെ ഒഴുക്ക് കാത്ത് കെട്ടിക്കിടക്കുന്നു. മധ്യഭാഗത്ത്, നിഗൂഢതയുടെ അന്തരീക്ഷം കൊണ്ടു വന്നു എങ്കിലും, അത് വളരെപ്പെട്ടെന്ന് കെട്ടു പോവുകയും ചെയ്യുന്നു. സന്ദർഭത്തിന് അത്രത്തോളം അത്യാവശ്യമല്ലാത്ത സംഭാഷണങ്ങളും, വിശ്വനാഥന്റെ പറച്ചിലുകളും. സൂക്ഷ്മതക്കുറവ് കൊണ്ട് മാത്രം ശരാശരി ആയിപ്പോയ നല്ല കഥ. കഥയുടെ ഏറ്റവും പ്രധാന ആശയമെന്ത് എന്ന് നിർവചിച്ച്, അതിലേക്ക് കേന്ദ്രീകരിച്ച് അവതരിപ്പിച്ചിരുന്നുവെങ്കിൽ, വായനക്കാരുടെ ഭാവനയ്ക്ക് ഇടം ഉണ്ടാകുമായിരുന്നു കഥയിൽ .

വി. സുരേഷ് കുമാർ

സമകാലിക മലയാളം 37ആം ലക്കത്തിൽ വി സുരേഷ് കുമാർ എഴുതിയ ‘സ്വർഗ്ഗത്തിന്റെ മണം’ എന്ന കഥയാണ്. രണ്ടുമൂന്ന് കാര്യങ്ങളാണ് കഥാകൃത്ത് ഈ കഥ വഴി വ്യക്തമാക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കുള്ള കാന്റീനിൽ ഭക്ഷണ ശാല നടത്തിയാൽ, അവരിൽ പലരും തന്നെ പൈസ കൊടുക്കില്ല എന്നത് ഒന്ന്. മണി ചെയിൻ പോലുള്ള പണമിരട്ടിപ്പ് പരിപാടി വൻ തട്ടിപ്പാണ് എന്നത് രണ്ടാമത്തെ കാര്യം. ഈ തട്ടിപ്പുകൾക്കെതിരെ പരാതി കൊടുത്താൽ പോലീസുകാർ അധികാരസ്ഥാനത്തിരിക്കുന്ന പ്രതികൾക്ക് വേണ്ടി, പരാതിക്കാരെ കള്ളക്കേസിൽ കുടുക്കും എന്നത് മൂന്നാമത്തെ കാര്യം. ഇത്രയും കാര്യങ്ങൾ ഒരു കഥ പോലെ പറഞ്ഞാൽ ആവശ്യത്തിന് ‘പഞ്ച്’ കിട്ടുന്നതല്ല. അതു കൊണ്ട്, കറുപ്പ് നിറത്തെ വെളുപ്പിക്കുക, വെളുപ്പിന് കറുത്ത നിറം നൽകുക തുടങ്ങിയ രാഷ്ട്രീയ ഇടപെടൽ കൂടി ആവാം. അതിനു ശേഷം, പല മണങ്ങൾ നിറച്ച കൂജകൾ നിരത്തി വെച്ചിരിക്കുന്ന വൃദ്ധനെ കാണിച്ചു കൊണ്ട് കഥയിൽ കാര്യമായ എന്തോ ഉണ്ടെന്ന് തോന്നിക്കുകയുമാവാം. എങ്ങനെയൊക്കെ തല കുത്തി മറിഞ്ഞാലും, ഒന്നുമില്ല ഇക്കഥയിൽ എന്നേ എനിക്ക് പറയാൻ പറ്റുന്നുള്ളൂ.

സൈബർ സെല്ലിലെ പോലീസുകാരനെ കാണാൻ വേണ്ടി സ്റ്റേഷനിലേക്ക് എത്തുന്ന അനൂപിലാണ് കഥ തുടങ്ങുന്നത്. സുമോദ് എന്ന പോലീസുകാരനെ കണ്ട്, തന്റെ പരാതി ബോധിപ്പിക്കുന്നു ഇയാൾ. ഗോപാലകൃഷ്ണൻ സാർ എന്നയാൾ ഓൺലൈൻ തട്ടിപ്പിൽ ചേർത്ത് തന്റെ അച്ഛന്റെ അമ്പതിനായിരം രൂപ കൈക്കലാക്കി എന്നായിരുന്നു പരാതി. ഇക്കാര്യം അവതരിപ്പിക്കുന്നതിന്, തന്റെ അച്ഛന്റെ ചരിത്രം പൂർണമായി പറയേണ്ടി വരുന്നു എന്നതാണ് മകന്റെ ദുരവസ്ഥ. അച്ഛൻ കേശവൻ, വളരെ ചെറുപ്പത്തിലേ അമ്മാവന്റെ ഹോട്ടലിൽ എച്ചിലെടുക്കാനും ഗ്ലാസ്സ് കഴുകാനും കൂടി. അടിമയെപ്പോലെ പണിയെടുത്തു. അമ്മാവന്റെ മരണശേഷം ഹോട്ടൽ നടത്തുന്നത് താനായിരിക്കുമെന്ന് അയാൾ വിചാരിച്ചിരുന്നു. പക്ഷേ വിദേശത്തുള്ള ഏക മകൻ വന്ന് ഹോട്ടലിനെ പുതുപുത്തനാക്കി തന്റെ സുഹൃത്തിന് നടത്താൻ കൊടുത്തു. അച്ഛൻ അങ്ങനെ വഴിയാധാരമായി. പിന്നെ ജീവിക്കുവാൻ വേണ്ടി അച്ഛനും അമ്മയും വീട്ടിൽ ഭക്ഷണം ഉണ്ടാക്കി നഗരത്തിൽ കൊണ്ടുപോയി വിറ്റു. കാലക്രമത്തിൽ ടൗണിലെ കാന്റീൻ ഏറ്റെടുത്ത് നടത്താൻ തുടങ്ങി.
സംഗ്രഹം തൽക്കാലം ഇവിടെ ഞാൻ നിർത്തുന്നു. വളരെ തിരക്കുപിടിച്ച, മുൻകോപിയാണെന്ന് ആദ്യവും ക്രൂരനാണെന്ന് അവസാനവും കഥാകൃത്ത് വ്യക്തമാക്കുന്ന ഒരു പോലീസുകാരന് ഇത്രക്ക് ക്ഷമയോ എന്ന് വിചാരിച്ച് എനിക്ക് അത്ഭുതം. മട്ടൻ പൊരിച്ചതും കല്ലുമ്മക്കായ പൊരിച്ചതും ഉൾപ്പെടെ പല വിഭവങ്ങളും ഉണ്ടാക്കി വിൽക്കുന്ന ആ കാന്റീൻ ആലോചിച്ച് പിന്നെയും അത്ഭുതം. അതൊക്കെ കഴിച്ച് പലരും കാശ് കൊടുക്കാഞ്ഞിട്ടും, പിന്നെയും ഉണ്ടാക്കി വെക്കാനുള്ള പണം എവിടന്ന് കിട്ടി എന്ന് ചോദിക്കാൻ മാത്രം വിവരമില്ലാത്ത പോലീസുകാരനോ എന്നോർത്തു വീണ്ടും അത്ഭുതം. കുറേ പേർക്ക് ഭക്ഷണം കടം കൊടുക്കുന്നുവെങ്കിലും, മിടുക്കിയായ മകൾക്ക് ചക്രക്കസേര വാങ്ങാൻ ഒരു ലക്ഷം രൂപ ‘മറിക്കാൻ’ പറ്റാത്ത ഹോട്ടൽ കച്ചവടക്കാരനെ ഓർത്ത് അത്ഭുതം. ഇനിയും അത്ഭുതപ്പെടാൻ ശേഷിയില്ലാത്തതിനാൽ,
യുക്തിയെയും യാഥാർത്ഥ്യ ബോധത്തെയും പരിഹസിക്കും വിധം ഇത്രക്ക് ബാലിശമായ കഥ മലയാളം വാരികയിൽ അച്ചടിച്ചുവന്നതിൽ, പക്ഷേ ഒരു അത്ഭുതവുമില്ല.

കഴിഞ്ഞ ലക്കത്തെ ദേശാഭിമാനി വാരികയിൽ രണ്ട് കഥകളുണ്ട്. ആദ്യത്തേത് ഐശ്വര്യ കമലം എഴുതിയ ‘പപ്പി പാസിഫൈ’. ടി എസ് എലിയറ്റിന്റെ
‘The Naming of Cats’ എന്ന കവിത, മാർജാര സ്വഭാവത്തിൽ നിന്നും വിഭിന്നനായ ഒരു പൂച്ച, സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭർത്താവിനാൽ ശ്വാസംമുട്ടിക്കപ്പെടുന്ന ഭാര്യ എന്നിവയാണ് കഥയിലെ പ്രധാന ഘടകങ്ങൾ.

ഐശ്വര്യ കമലം

കണ്ണു രണ്ടും കുത്തിപ്പൊട്ടിക്കപ്പെട്ട അവസ്ഥയിൽ വൃത്തിഹീനനായി തെരുവിൽ കിടക്കുന്ന ഒരു പൂച്ചയാണ് കഥ പറയുന്നത്. തന്റെ ജനനം മുതലുള്ള എല്ലാ ചരിത്രവും, പേർഷ്യൻ പൂച്ച എന്ന പാരമ്പര്യത്തിന്റെ അഭിമാനത്തോടുകൂടി പൂച്ച നമുക്ക് കാണിച്ചു തരുന്നു. എലിയറ്റിന്റെ കവിതയിൽ പറയുന്നതുപോലെ ഇതിനും മൂന്നു പേരുകളുണ്ട്. ഒരു കമ്പനിയിൽ വളരെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന മനുവും, ഒരിടത്തും ജോലി ചെയ്യാൻ എന്നല്ല, ഒരു സ്വതന്ത്ര വ്യക്തിയായിട്ട് പോലും അയാൾക്ക് അംഗീകരിക്കാൻ വയ്യാത്ത ഭാര്യ മീരയുമുള്ള വീട്ടിലാണ് പൂച്ച എത്തുന്നത്. പുരുഷന്റെ തണലിൽ അവനെ മുട്ടിയുരുമ്മി, എല്ലായ്പ്പോഴും പ്രേമബദ്ധ ആയിരിക്കാൻ ആഗ്രഹിക്കുന്ന പൂച്ചയും, സദാ ദുഖിതയായി കാണപ്പെടുന്ന മീരയും. പുറത്തു പോകാനോ ജോലിക്ക് പോകാനോ ഫേസ്ബുക്കിൽ വല്ലതും പോസ്റ്റ് ചെയ്യാനോ അവൾക്ക് അനുവാദമില്ല. പക്ഷേ, അതിഭയങ്കരമായി സ്നേഹിക്കുന്നു എന്ന് തോന്നിപ്പിച്ചു കൊണ്ടാണ് മനു അവളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നത്. കുട്ടികൾ ഇല്ലാതായതിന്റെ മനക്ലേശമാണ് ഇവൾക്ക് എന്ന് മനു കരുതുന്നു. തുടർച്ചയായി പറയുന്ന രീതിയല്ല കഥയിൽ ഉള്ളത്. ഒരു പൂച്ചയുടെ കണ്ണിൽ കൂടി കാണുന്ന കാര്യങ്ങൾ മാത്രം. മീരയുടെ സുഹൃത്തുക്കൾ വീട്ടിൽ വരുന്നതോ അവൾ പുറത്തു പോകുന്നതോ ഒന്നും മനുവിന് ഇഷ്ടമല്ല. മീര ചെയ്യുന്ന ഏതൊരു കാര്യത്തിലും അയാൾ തന്റെ ഇഷ്ടക്കേട് പ്രകടിപ്പിക്കുന്ന നിമിഷം തന്നെ മീര അവളുടെ ഇഷ്ടം ഉപേക്ഷിക്കുന്നു. എന്നുവെച്ചാൽ ഭർത്താവിന്റെ അധികാരത്തോട് വിധേയത്വം കാണിക്കുന്നു. അല്ലെങ്കിൽ അയാളുടെ ഈ മനോഭാവത്തെ സ്നേഹം എന്ന് തെറ്റിദ്ധരിക്കുന്നു. കഥ അവസാനിക്കുമ്പോൾ മീര കുളിമുറിയിൽ തൂങ്ങിമരിക്കുന്നു.
ഭാര്യാ ഭർത്താക്കന്മാരെ മാത്രം പ്രധാന കഥാപാത്രങ്ങളായി എടുത്താൽ കിട്ടുന്ന കഥാസംഗ്രഹം ഇതാണ്. പക്ഷേ, ദശാബ്ദങ്ങളായി സർവ്വംസഹ എന്ന് പറഞ്ഞ് കാണിച്ചുകൊണ്ടേയിരിക്കുന്ന സ്ത്രീ എന്ന അസ്തിത്വത്തിന്റെ, ഭാര്യ എന്ന ജീവിതത്തിന്റെ പൈങ്കിളിക്കാഴ്ച മാത്രമാകും ഇങ്ങനെ പറഞ്ഞാൽ.

നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട മീരയുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയാണ് വിലകൂടിയ പൂച്ചയെ അയാൾ കൊണ്ടുവന്നത്. രാജകീയമായ രീതിയിൽ ആ പൂച്ചയെ മീര പരിപാലിക്കുന്നു. വീട്ടിൽ ഓരോ ദിവസവും സംഭവിക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ പൂച്ച നമ്മോട് പറയുന്നു. മനു എന്ന പുരുഷനോട് തോന്നുന്ന പ്രണയവും കാമവും എല്ലാം. അയാളുടെ പരിഗണന അല്ലാതെ വേറെ ഒന്നും ഈ പൂച്ചയ്ക്ക് ആവശ്യമില്ല. പക്ഷേ മനു പലപ്പോഴും പൂച്ചയെ പരിഗണിക്കുന്നതേ ഇല്ല. എങ്കിലും അയാൾക്ക് പിന്നാലെ ഇത് നടന്നു കൊണ്ടേയിരിക്കും. ആ വീട് വിട്ട് പുറത്തു പോകാൻ തീരെ ആഗ്രഹമില്ലാത്ത പൂച്ചയും, വീടിനകത്ത് മാത്രമായി ശ്വാസം മുട്ടിപ്പോകുന്ന മീരയും. കുറച്ചു ദിവസങ്ങൾക്കുശേഷം ആ വീട്ടിലേക്ക് ഒരു തത്ത വരുന്നു. കൂട്ടിൽ അടയ്ക്കപ്പെട്ട ആ തത്തയ്ക്ക് പറന്നു പോകാൻ ആഗ്രഹം. സദാസമയവും സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന, ആണുങ്ങളോട് ദേഷ്യപ്പെടുന്ന ഇതിനോട് പൂച്ചയ്ക്കും ദേഷ്യം. ഒരിക്കൽ ആ കൂട് തുറന്ന് അതിനെ ഉപദ്രവിക്കാൻ നോക്കിയ സമയത്ത്, പൂച്ചയുടെ രണ്ടു കണ്ണും കുത്തിപ്പൊട്ടിച്ച് അത് മറന്നുപോകുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് മീര കുളിമുറിയിൽ ആത്മഹത്യ ചെയ്യുന്നത്. പിന്നെ അവിടെ നിന്ന് പുറന്തള്ളപ്പെടുന്നു പൂച്ച.

താരതമ്യേന അധികമാരും പറയാത്ത വിധത്തിൽ പറഞ്ഞ ഈ കഥ, തുടക്കം മുതൽ ഒരു പരിധിവരെ ഭേദപ്പെട്ട രീതിയിൽ ഒഴുകിയതാണ്. നന്നായി എഡിറ്റ് ചെയ്യപ്പെട്ട, ശില്പഭംഗിയുള്ള ഒരു കഥ. പക്ഷേ പുറമേക്ക് കാണുന്ന അവതരണത്തിനപ്പുറം കഥയുടെ ഉള്ളിൽ ഒന്നുമില്ല.

എലിയറ്റിന്റെ കവിതയുടെ ഒട്ടുമിക്ക വരികളും കഥയിൽ കാണാം. പക്ഷേ ആ കവിത പോലെ, പൂച്ച എന്ന രൂപകം കൊണ്ട്, മനുഷ്യാസ്തിത്വത്തിന്റെ രഹസ്യാത്മകതയെയോ മനസ്സിന്റെ നിഗൂഢതയേയോ കാണിക്കുന്ന ഒന്നല്ല ഈ കഥ. പൂച്ച എന്ന പേര് ഒഴികെ ബാക്കിയെല്ലാം കവിതയിൽ നിന്നും വേറിട്ട് നിൽക്കുന്ന കഥയാണിത്.

കഥയുടെ പ്രധാന ആശയം നേരത്തെ പറഞ്ഞു കഴിഞ്ഞു. പ്രമേയം പുതുമയുള്ളതും സുശക്തവും ആകുമ്പോൾ സുന്ദരമായ രചനാ ശൈലിയും , തെറ്റ് പറയാനില്ലാത്ത എഡിറ്റിംഗും കഥയുടെ നിലവാരം ഏറെ ഉയർത്തും. മനോഹരമായ ഒരു സൃഷ്ടി അങ്ങനെ രൂപപ്പെടും. ആശയം ബലവത്തല്ലെങ്കിൽ, എഡിറ്റിങ്ങും ശില്പ ഭംഗിയും കഥ വായിപ്പിക്കാൻ പ്രേരിപ്പിക്കും എന്നല്ലാതെ, കഥയ്ക്ക് ആയുസ്സ് കൂട്ടുകയില്ല. കലയുടേതായ ഗുണം അതിനുണ്ടാവുകയുമില്ല. മുക്കുപണ്ടവും സ്വർണാഭരണവും കാഴ്ചയ്ക്ക് ചിലപ്പോൾ കുട്ടികൾക്ക് ഒരുപോലെ തോന്നാം. പക്ഷേ മുതിർന്നവർക്ക് രണ്ടും രണ്ടാണ്. പുതിയ എഴുത്തുകാർ വിഷയ സ്വീകരണത്തിൽ കുറച്ചുകൂടി ജാഗ്രത കാണിച്ചാൽ പ്രതീക്ഷയ്ക്ക് വകയുണ്ട്.

റഫീഖ് തറയിൽ

ദേശാഭിമാനി വാരികയിലെ രണ്ടാമത്തെ കഥ റഫീഖ് തറയിൽ എഴുതിയ ‘ഒളിപ്പോര്’ ആണ്. വളരെ നിഷ്കളങ്കനും അമ്മയോട് അധികം അടുപ്പമുള്ളവനുമായ ഒരു കുട്ടിയിൽ കൂടി വികസിക്കുന്ന കഥ. അത്യാവശ്യം പിശുക്കുള്ള അച്ഛൻ. യൂണിവേഴ്സിറ്റി അധ്യാപകൻ. അയാൾക്ക് അമ്മയോട് അത്രയധികം മാനസികമായി അടുപ്പമുള്ളതായി കഥയിൽ കാണാൻ വയ്യ. ഡോക്ടറോ എൻജിനീയറോ ആകാൻ വയ്യാത്ത, അമ്മയോടും സാഹിത്യത്തോടും മാത്രം അഗാധമായ ഇഷ്ടമുള്ള ചെറിയ മകനോട് ഇഷ്ടക്കേടോ പരിഹാസമോ ആയിരുന്നു ഇയാൾക്ക്. പക്ഷേ മെഡിസിനു പഠിക്കുന്ന മൂത്ത മകനോട് നേരെ തിരിച്ചും.
അമ്മ രോഗിയാകുന്നതും മരിച്ചുപോകുന്നതും കഥയിലുണ്ട്. കുറേ കാലങ്ങൾക്കുശേഷം 30 വയസ്സായ സമയത്ത് അടിയന്തരമായി ഇയാൾ നാട്ടിൽ വരുന്നു അച്ഛനെ കാണാൻ. കയ്യിൽ പണ്ടുമുതലേ എഴുതാൻ തീരുമാനിച്ചിരുന്ന മാതാപിതാക്കളുടെ ജീവിതത്തെ കുറിച്ചുള്ള നോവലുണ്ട് ‘ഒളിപ്പോര്’ എന്ന പേരിൽ. അച്ഛന്റെ കൂടെ പണ്ട്, അവരിരുവരും സൂപ്പർമാർക്കറ്റിൽ പോയപ്പോൾ പരിചയപ്പെട്ട സ്ത്രീയും ഉണ്ട്. അച്ഛന്റെ ഭാര്യയാണ് അവരിപ്പോൾ. മരണം കാത്തു കിടക്കുന്ന അച്ഛൻ തന്നെ വിളിച്ചതായി മകനു തോന്നുന്നു. അയാളുടെ അരികിലേക്ക് എത്തുമ്പോൾ, ആ ദൃഷ്ടികൾ ഇരുളിലേക്ക് മറഞ്ഞു. മകന്റെ കയ്യിൽ നിന്നും പുസ്തകം താഴെ വീണു. ഇത്രയുമാണ് കഥ. അവ്യക്തമായ പ്രമേയം. കുറച്ചു സംഭവങ്ങളുടെ വിവരണം. മുതിർന്നതിനുശേഷം കുട്ടിയുടെ മനസ്സുള്ള, അത്രയും നിഷ്കളങ്കത ഉള്ളിൽ വെക്കുന്ന ഒരാളുടെ അന്തർഗതങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോയതായി തോന്നിച്ചില്ല കഥ.

കവർ : മനു പുതുമന

Comments
Print Friendly, PDF & Email

You may also like