പൂമുഖം LITERATUREനിരൂപണം കഥാവാരം – ഭാഗം മുപ്പത്തിയെട്ട്

കഥാവാരം – ഭാഗം മുപ്പത്തിയെട്ട്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കഥയിൽ കൂടി എഴുത്തുകാർ പറയുന്നത് ഒരു ആശയമാണ്. ആശയത്തെ വികസിപ്പിക്കുന്നതിന് വേണ്ടി കഥാകാരന്മാർ സംഭവങ്ങൾ പ്രതിപാദിക്കുന്നു. ആ ദൃശ്യതയിൽ കൂടി വായനക്കാർ ചലിക്കുന്നു. ദൃശ്യത്തെ മനോഹരമാക്കുന്നതിന് ഭാഷയും വാചകങ്ങളും വളരെ സമർത്ഥമായി അയാൾ ഉപയോഗിക്കുന്നു. എഡിറ്റിങ്ങും ക്രാഫ്റ്റിങ്ങും ഇവിടെയാണ് അവയുടെ ധർമ്മം നിർവഹിക്കുന്നത്. കെട്ടിയുയർത്തപ്പെട്ട സൗധത്തെയാണ് നിറങ്ങൾ കൊണ്ടും ചുമർ ചിത്രങ്ങൾ കൊണ്ടും അലങ്കരിക്കുന്നത്. അവ കാഴ്ചയെ മനോഹരമാക്കുന്നു. എന്നാലോ, സൗധത്തിന് ഉറപ്പ് നൽകുന്നുമില്ല. ചെറിയ കാറ്റിൽ ഇളകി വീഴുന്ന ഉറപ്പില്ലാത്ത കെട്ടിടങ്ങളെ എങ്ങനെ മോടിപിടിപ്പിച്ചിട്ടും എന്ത് ഫലം?

നല്ല ഉറപ്പുള്ള കലയുടെ സൗധമല്ലെങ്കിൽ, എഡിറ്റിങ്ങും ക്രാഫ്റ്റിങ്ങും ഫലശൂന്യം തന്നെ. കലയും കരവിരുതും വ്യത്യസ്തങ്ങളാണ്. വെറും കരകൗശലപ്പണി കണ്ട് അതിനെ ഉദാത്ത കലയെന്ന് തെറ്റിദ്ധരിച്ചു പോകുന്നു ചിലർ. അത് പോലെ, കര കൗശലത്തെ കലാചാതുരി എന്ന് തെറ്റി വായിക്കുകയും ചെയ്യുന്നു.

മാതൃഭൂമിയിൽ ജിഷ്ണു ആർ എഴുതിയ “യേത്” എന്ന കഥയുണ്ട് ഈ വാരം.

ഒരാളുടെ ആത്മഗതമാണ് കഥ.

ചെളിയിൽ കമിഴ്ന്നു കിടക്കുന്ന വ്യക്തിയാണ് തുടക്കത്തിൽ ആഖ്യാതാവിനു മുമ്പിൽ. തെല്ലകലെ നിന്നുകൊണ്ട് മാത്രം നോക്കുന്നു ഇയാൾ. അതിനുശേഷം ആഖ്യാതാവ് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. ഒന്നിൽ നിന്നും വേറൊന്നിലേക്ക് ചാടിച്ചാടിക്കൊണ്ടേയിരിക്കുന്നു. കുറേ ദർശനങ്ങൾ എഴുത്തുകാരൻ വായനക്കാർക്ക് മുമ്പിൽ വയ്ക്കുന്നുണ്ട്. ആ ദർശനങ്ങളുടെ സമാഹാരമാണ് എന്ന് തോന്നും ഒരു പരിധിവരെ കഥ വായിക്കുമ്പോൾ.

”നിൽപ്പും കിടപ്പും ജീവിക്കലും ചാവലും ബന്ധവും കുന്തോമെല്ലാം വെറും കണക്കിലെ കളി. ജ്യാമിതീയ പ്രശ്നം. യേത്? ” ഇതാണ് ആഖ്യാതാവ് മുമ്പോട്ട് വെക്കുന്ന ആദ്യത്തെ ദർശനം. തികച്ചും ഗ്രാമീണനായ ഒരു വ്യക്തിയാണിയാൾ എന്ന ചിത്രം ഇതോടെ നമുക്ക് ലഭിക്കുന്നു. പണ്ടൊരിക്കൽ മാൻ ഹോളിലിരുന്ന് ബ്ലോക്ക് നീക്കം ചെയ്യുന്ന സമയത്ത് മുകളിൽ നിന്നുമുള്ള ഏതോ ഒരാൾ പറഞ്ഞതായിരുന്നുവത്രേ ഈ വാചകം. തുടർന്ന് ആ പാർപ്പിട സമുച്ചയത്തിലെ അന്തേവാസികളെയും അവിടത്തെ പ്രശ്നങ്ങളെയും കുറിച്ച് ഒരു പേജ് മുഴുക്കെ വിവരിച്ച ശേഷം വർത്തമാനകാലത്തിലേക്ക് വരുന്നു.

മരിച്ചുകിടക്കുന്നത് ആരായിരിക്കും എന്നറിയാനുള്ള ആശങ്ക ഇയാൾക്ക്.

“ബാബുവോ പട്ടാണിയോ ഏവനെങ്കിലും ഈ വഴി വന്നിരുന്നെങ്കിൽ കൃത്യമായിട്ട് കാര്യങ്ങള് അറിയാമായിരുന്നു” എന്നാശ്വസിക്കുന്നു. തുടർന്ന് സവിസ്തരം പ്രതിപാദിക്കുന്നത് ബാബുവിനെക്കുറിച്ചും അയാളെ ഒരിക്കൽ പോലീസ് പിടിച്ചതിനെക്കുറിച്ചും. പിന്നീട് പറയുന്നു മരിച്ചു കിടക്കുന്നയാളെക്കുറിച്ച് അന്വേഷിക്കുന്നതിന് കാരണമുണ്ടെന്ന്.

വൈകുന്നേരങ്ങളിൽ പാർപ്പിടത്തിലെ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന പതിവുണ്ട് ആഖ്യാതാവിന്. കുട്ടികൾ മാത്രമല്ല മുതിർന്നവരും വരും കഥ കേൾക്കാൻ. അതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു കൊണ്ട് പിന്നീട് കഥാകൃത്ത് പോകുന്നത്, തന്റെ വാചകങ്ങൾക്കൊടുവിൽ “യേത്” എന്ന പദം വരുന്നതിനെ കുറിച്ചാണ്. അതിന് കാരണക്കാരനായ ആശാനെക്കുറിച്ച് അര പേജ് പ്രതിപാദനം. ഈ വിശദീകരണങ്ങളൊക്കെ അവതരിപ്പിച്ചിരിക്കുന്ന വിധം കൊള്ളാം. തുടർന്ന് നേരെ എഴുത്തുകാരൻ പോകുന്നു സ്വന്തം കഥയിലേക്ക്. എന്നുവെച്ചാൽ ഒരു ദിവസം ആരംഭിക്കുമ്പോൾ നേരെ ആഷിക്കണ്ണന്റെ കടയിൽ ചെന്ന് ചായക്ക് പറയുന്നത്, അയാളുടെ ചായ അടിയിലെ നീളം, അതിന്റെ രസം കണ്ട വേറെ ആരോ കൗതുകത്തോടെ നോക്കി നിന്നത്, അഭിനന്ദിച്ചത്…

ഇങ്ങനെയുള്ള പ്രതിപാദനം സമഗ്രമായി പറയുമ്പോൾ തീർച്ചയായിട്ടും വായനക്കാർക്ക് തോന്നും ഇതെന്തൊരു ബോറൻ കഥയാണെന്ന്. പരസ്പര ബന്ധമില്ലാത്ത പ്രസംഗം പോലെ പറഞ്ഞ് ഇടക്ക് കുറെ നിരീക്ഷണങ്ങൾ തിരുകിക്കയറ്റിയ സൃഷ്ടിയായിട്ട് മാത്രമേ തോന്നുകയുള്ളൂ. അത് വായനക്കാരന്റെ തെറ്റല്ല. കാര്യമായ എന്തോ ഒന്ന് ഉണ്ട് എന്ന് വിശ്വസിപ്പിക്കാൻ മാത്രമുള്ള ആനുകൂല്യം മുൻകാല രചനകളുടെ ബലത്തിൽ വായനക്കാരിൽ കഥാകൃത്ത് തോന്നിച്ചിരിക്കണം. എങ്കിൽ മാത്രമേ വായന അവർ പൂർത്തിയാക്കുകയുള്ളൂ. കഥയുടെ അവസാനത്തോടുകൂടി നമ്മൾ അറിയുന്നു കൊല്ലപ്പെട്ട വ്യക്തിയുടെ ആത്മഗതമാണ് ഇത് എന്ന്. അതിനാലാണ് അയാളുടെ ജീവിതത്തിൽ ഓർമ്മയുള്ള ചില കാര്യങ്ങൾ തുടർച്ചയായിട്ട് പറഞ്ഞുകൊണ്ടു പോകുന്നത് എന്ന്. അപ്പോൾ മാത്രമേ ഈ പറച്ചിലുകൾക്ക് സാധൂകരണം ഉണ്ടാകുന്നുള്ളൂ. പക്ഷേ വായനക്കാർ പുറകിൽ നിന്നും മുന്നോട്ടു വായിക്കുന്നില്ലല്ലോ!

വായന പൂർത്തിയാക്കിപ്പിക്കുക എന്ന പ്രധാനപ്പെട്ട കടമയുണ്ട് എഴുത്തുകാരനു മുന്നിൽ. അതിന് മാത്രമുള്ള ലാളിത്യം കഥയിൽ കാണുന്നില്ല. അതുകൊണ്ടുതന്നെ ആദ്യ വായനയിൽ കാണുന്ന പല നിരീക്ഷണങ്ങളും നിർമ്മിക്കപ്പെട്ടതാണെന്ന് വായനക്കാർ അനുമാനിക്കുന്നു. വികസ്വരസ്വഭാവമില്ലെങ്കിൽ കഥ, സംഭവങ്ങളുടെ പ്രതിപാദനം മാത്രമാകും. കേവലമൊരു പ്രതിപാദനത്തെ കഥയാക്കണമെങ്കിൽ അസാമാന്യമായ പ്രതിഭ വേണം. പൂർണതയിൽ അനുവാചകന് മനസ്സിലാകുന്നത്, ഒരു കാരണവും കൂടാതെ ( അല്ലെങ്കിൽ, നന്മയ്ക്കു വേണ്ടി നിലകൊണ്ടതിനാൽ ) കൊല്ലപ്പെട്ട ഒരാളുടെ ജീവിതത്തിലെ ചില ഏടുകൾ പറയുകയായിരുന്നു ഇദ്ദേഹം എന്നാണ്. കഥയുടെ ആശയം അതാകുമ്പോൾ, കൊല്ലപ്പെട്ടവനോട് വായനക്കാർക്ക് പ്രഥമമായും തോന്നേണ്ടുന്ന അടുപ്പം തോന്നുന്നില്ല. ജീവിതവും മരണവും ലോകവുമുണ്ട് കഥയിൽ. എന്നാലോ, അവയുടെ സങ്കീർണതകളോ, അനിശ്ചിതത്വങ്ങളോ ഒന്നുമില്ലതാനും.

മനസ്സ് കാണിച്ചു തരുന്നില്ല കഥ. കൊല്ലപ്പെട്ടയാൾ ചെറിയ ലോകത്തിലെ ചെറിയ മനുഷ്യൻ മാത്രമാകെ, മനുഷ്യസ്നേഹത്തിന്റെ ഊഷ്മളത അനുഭവിപ്പിക്കാൻ പ്രാപ്തമായ ഗ്രാമീണ സ്വഭാവത്തിലുള്ളയാളെന്ന് വ്യക്തമായി കഥയിൽ പറഞ്ഞിട്ടും, മരണപ്പെട്ടയാളോട് – കൊല ചെയ്യപ്പെട്ടയാളോട് – ഒരാൾക്ക് തോന്നേണ്ടുന്ന സാഹോദര്യ ഭാവമോ, അനുതാപമോ ഉയർത്തുന്നതിന് പര്യാപ്തമായിട്ടില്ല ഈ സൃഷ്ടി.

“താനേതിരിഞ്ഞു വ്യഥയാര്‍ന്നെന്റെ മാര്‍ഗ്ഗത്തില്‍
ഞാനേകനായി നടകൊള്‍കെ,
ആരോ നിഗൂഢമൊരു നിശ്ശബ്ദമാം മൊഴിയില്‍
ആര്‍ക്കുന്നിതായെന്റെ ചെവിയില്‍;
‘നീയാണു പോയതു നിനക്കാണു പോയതു
നമുക്കാണു പോയതൊരു തരുണന്‍’ “

ആ വികാരങ്ങളൊക്കെ നമ്മുടെ ഉള്ളിലേക്കിട്ട് അസ്വസ്ഥപ്പെടുത്താൻ പി ഭാസ്കരന് ഈ ആറു വരികൾ മാത്രം മതിയായിരുന്നു.

“പൊതിഞ്ഞുകെട്ടിക്കൊണ്ട് പോയ കുഞ്ഞിപ്പോണിച്ചെരുവവും പിരിച്ചെടുത്ത തുകയുമൊക്കെ കൊടുത്തപ്പോൾ മുഞ്ഞികൊണ്ടൊരു കള്ളക്കെറുവ് കാണിച്ചെങ്കിലും കണ്ണുകൊണ്ടണ്ണൻ ചിരിച്ച്. “

പദ്യ രൂപത്തിലുള്ള ഇത്തരം പറച്ചിലുകൾ അനുവാചകനെ ആകർഷിക്കുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞുവെന്ന് എഴുത്തുകാരന് അറിയില്ലെന്ന് തോന്നുന്നു.

ഏതു സൃഷ്ടിയും വായനക്കാരെ ആദ്യം ആകർഷിക്കുന്നത് അതിന്റെ ഒഴുക്ക് കൊണ്ടാണ്. വായനയിൽ പിടിച്ചിരുത്തുന്നവണ്ണം ലളിതവും ഋജുവുമായ ആഖ്യാനമല്ലെങ്കിൽ, വായന മടുക്കും. സുദീർഘമായ വാചകങ്ങൾ മാത്രമല്ല, അസാധാരണമായ നീളമുള്ള വാക്കുകളും വായനയുടെ ഒഴുക്കിനെ ബാധിക്കുന്ന ഘടകങ്ങളാണ്.

“പള്ളിക്കൂടപ്പടി കാണാത്തൊരുത്തൻ കനപ്പെട്ടൊരു വാക്കെടുത്ത് വീശുമ്പോൾ ആളുകൾക്കൊന്നുകിൽ കള്ളുമണക്കും. അല്ലെങ്കിൽ കള്ളം.

നേര് നേരായിത്തന്നെ മൊഴിഞ്ഞാലപ്പം ചോദ്യം വരും, എവിടുന്നെന്തിനെപ്പോൾ? ” കഥ തുടങ്ങിയതേയുള്ളൂ. കഥയുടെ അന്തരീക്ഷം വ്യക്തമാക്കുന്നതേയുള്ളൂ. കഥാപാത്രങ്ങളെക്കുറിച്ച് യാതൊന്നും വായനക്കാർ അറിഞ്ഞിട്ടേയില്ല. അതിനുമുമ്പ് സുദീർഘങ്ങളായ ഇത്തരം വാക്കുകൾ, ആയാസത്തോടുകൂടി മാത്രം വായിച്ചു പോകാൻ പറ്റുന്നവ, ഉപയോഗിക്കുമ്പോൾ തുടക്കത്തിൽ നിർബന്ധമായും വേണ്ട അനായാസത വായനക്കാരന് ലഭ്യമാകുന്നില്ല. സമകാലികരുടെ പദപ്രയോഗ രീതിയുടെ അതേപടിയുള്ള അനുകരണമായിത്തോന്നി എനിക്കിവ.

മാധ്യമം വാരികയിൽ വി പ്രവീണ എഴുതിയ കഥയുടെ പേര് ‘പ്രകാശം പരത്താത്ത പെൺകുട്ടി’ എന്നാണ്. അടുത്തടുത്ത ദിവസങ്ങളിൽ പുലർച്ചയോടടുത്ത നേരങ്ങളിൽ ഒരു പെൺകുട്ടി കാണുന്ന സ്വപ്നമാണ് കഥയുടെ തുടക്കത്തിൽ. ജിത്തു ജോസഫ്, ബേസിൽ ജോസഫ്, ടോവീനോ തോമസ് എന്നിവരെ സ്വപ്നം കാണുന്നു. മൂന്നു രാത്രികളിലായി മുടങ്ങിയ ഉറക്കക്ഷീണം മാറ്റുവാൻ വേണ്ടി തന്റെ കാറിൽ യാത്രയാകുന്നു. യാത്രക്കിടക്ക് എഫ് എം റേഡിയോയിൽ ആർ ജെ, ലാറയെ കുറിച്ച് പറയുന്നു. തൊട്ടടുത്ത കാണുന്ന പറമ്പിൽ ചാണകം മെഴുകിയ ക്രീസിൽ കാണുന്നത് ലാറയുടെ ബാറ്റ് ആണോ എന്ന് കഥാനായികയ്ക്ക് സംശയം. താൻ ഇപ്പോൾ ട്രിനിഡാഡിൽ ആണോ എന്ന സന്ദേഹം. കുറച്ചുകൂടി കഴിഞ്ഞപ്പോൾ മുൻപിൽ വേറൊരു പറമ്പിൽ സുനി എന്ന പഴയ സുഹൃത്ത് പട്ടിയെ കുളിപ്പിക്കുന്നു. പക്ഷേ അതും മായക്കാഴ്ചയായിരുന്നു.

വി പ്രവീണ

പിന്നെ നമ്മൾ കാണുന്നത് കാർ അപകടത്തിൽ പെട്ട് കയ്യിൽ നമ്പർ പ്ലേറ്റുമായി റോഡിലെ ഗട്ടറിൽ ഇരിക്കുന്ന ആഖ്യാതാവിനെയാണ്. കൈയിലെ നമ്പർ പ്ലേറ്റ് പിടിച്ചുകൊണ്ട് നേരെ പോകുന്നു, താൻ ജോലി ചെയ്യുന്ന പത്രത്തിന്റെ ഓഫീസിലേക്ക്. അവിടെ വെച്ച് സഹപ്രവർത്തകൻ സൂരജിന്റെ കുശലാന്വേഷണം കേട്ടപ്പോൾ മായക്കാഴ്‌ചകളിൽ നിന്നും സ്ഥിരബോധം വീണ്ടെടുത്തപോലെ തോന്നുന്നു കഥാനായികയ്ക്ക്. പിന്നെ, ആ അവസ്ഥയിൽ നിന്നും കവിതയെ ( അതാണ് കഥാപാത്രത്തിന്റെ പേര് ) രക്ഷപ്പെടുത്താൻ ഈ ഭൂമി മലയാളത്തിൽ ടി പദ്‌മനാഭന് മാത്രമേ പറ്റുള്ളൂ എന്ന സൂരജിന്റെ ഉപദേശം അംഗീകരിച്ച്, അയാൾക്കൊപ്പം ബൈക്കിൽ പദ്‌മനാഭനെ കാണാൻ പോകുന്നു ഇരുവരും. കഥാകൃത്ത് ഒരു വർത്തമാന പത്രം എടുത്ത് പല മടക്കുകളാക്കി രൂപങ്ങൾ ഉണ്ടാക്കാൻ തുടങ്ങുന്നു. ഈ ഒറിഗാമി കല, ഇടക്ക് ശ്രദ്ധ പാളിപ്പോയതിനാൽ കവിതയ്ക്ക് മനസ്സിലാവുന്നില്ല. അവൾ ഒറ്റയ്ക്ക് ഒരു പേപ്പർ മടക്കി ശ്രമിച്ചു നോക്കിയെങ്കിലും അത് വെറും ചുളിവുകൾ മാത്രമുള്ള പത്രക്കടലാസ് മാത്രമേ ആവുന്നുള്ളൂ, കലാരൂപം ആവുന്നില്ല. അതിനെ കഥാകൃത്ത് മൂലയ്ക്കലെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുന്നു. ഇതാണ് കഥയുടെ സംഗ്രഹം. ‘പ്രകാശം പരത്താത്ത പെൺകുട്ടി’ എന്ന് കഥയ്ക്ക് തലക്കെട്ട് കൊടുത്തിട്ടുണ്ട്.

ഇത്രയും വായിച്ചിട്ട് അനുവാചകൻ ചിന്തിക്കുന്നു, എന്താണ് ഈ കഥ എന്ന്. നേർക്ക് നേരെ വായിച്ചു പോയാൽ, കഥാനായിക ഉണ്ടാക്കിയ ഒറിഗാമി പോലെ അനുഭവപ്പെടും. എങ്കിൽ ടി പത്മനാഭൻ ചെയ്തത് പോലെ, മൂലയിലെ ട്രാഷ് കാനിൽ ഇടേണ്ടി വരും.

ലാക്ഷണിക കഥയോ പ്രതിരൂപാത്മകമോ ആണെങ്കിൽ ഇതിന് ഒരു വമ്പൻ സെൽഫ് ട്രോൾ ഇഫെക്ട് ആണ് ഉണ്ടാവുക. കഥ മൂന്ന് സ്വപ്നങ്ങൾ പ്രതിപാദിച്ചു കൊണ്ട് തുടങ്ങുന്നു. ആ സ്വപ്നങ്ങളെ, കഥയുടെ ആശയത്തിലേക്ക് പിന്നീട് ബന്ധിപ്പിക്കുന്ന ഘടകം എന്താണ്? വെറും സ്വപ്നം അല്ലെങ്കിൽ തോന്നൽ ആണെങ്കിൽ, ആ ഫാന്റസിയെ യാഥാർത്ഥ്യം എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ, യുക്തിയെ മയക്കിക്കിടത്തുന്ന ഒരു പ്രാഗത്ഭ്യവും കഥയിൽ പ്രകടമല്ല. സ്വപ്നം കണ്ട ശേഷം കാറിൽ കയറി പോകുന്നു. അപകടത്തിൽ പെടുന്നു. വണ്ടിയുടെ നമ്പർ പ്ളേറ്റ് കയ്യിൽ പിടിച്ച് ഓഫീസിൽ പോവുന്നു. അതിനെ ശരിപ്പെടുത്താൻ ടി പത്മനാഭനെ കാണാൻ പോവുന്നു. അവിടെ നിന്ന് അദ്ദേഹം ഉണ്ടാക്കിയ പോലെ ഒറിഗാമി ഉണ്ടാക്കാൻ ശ്രമിക്കുന്നു. പരാജയപ്പെടുന്നു.

ഉപരിതലത്തിൽ വായനക്കാരെക്കൊണ്ട് അസംബന്ധം എന്ന് പറയിപ്പിക്കുന്നു കഥ. അതിനാൽ, ഇക്കഥയെ ലാക്ഷണിക കഥയായോ, പ്രതിരൂപാത്മക സൃഷ്ടിയായോ അനുവാചകർ വായിക്കാൻ ശ്രമിക്കുന്നു. തുടക്കത്തിലെ സിനിമാതാരങ്ങളുടെ സ്വപ്നത്തിൽ എന്താണുള്ളത് എന്ന് ഗാഢമായി അവർ ആലോചിക്കുന്നു. ഒന്നും കിട്ടാത്തതിനാൽ പിന്നെയും വായിച്ചു കൊണ്ടേ പോകുന്നു. ടി പത്മനാഭൻ ഒറിഗാമി ഉണ്ടാക്കുന്നതു മുതൽ വായനക്കാർ ഊഹിക്കുന്നു, കഥയെഴുത്തിന്റെ ഉന്നതങ്ങളിൽ വിഹരിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്വപ്നജീവിയായ എഴുത്തുകാരി, കഥ എഴുതാൻ ശ്രമിക്കുന്നു. കൺമുമ്പിലെ കാഴ്ച യഥാവിധി ഉൾക്കൊള്ളുന്നതിൽ പൂർണ്ണമായ ശ്രദ്ധ ചെലുത്താൻ കഴിയാത്തതിനാൽ, നല്ല കഥ അവൾക്ക് എഴുതാൻ കഴിയുന്നില്ല. അതിനാൽ അതൊക്കെ ചവറ്റുകുട്ടയിൽ വിശ്രമിക്കുന്നു. അങ്ങനെ വായിച്ചാലും കഥയിൽ എന്തുണ്ട് എന്ന് ഒന്നുകൂടി മനസ്സിരുത്തി ചോദിച്ചു പോകും വായനക്കാർ.

ഉപരിതലത്തിൽ ഒരു കഥ പറഞ്ഞു, അഗാധതയിൽ ഉന്നതമായ ദർശനങ്ങളാണ് വായനക്കാർക്ക് നൽകുന്നത് എങ്കിൽ, ആദ്യത്തെ കഥയ്ക്ക് തെളിച്ചം വേണം. ആ തെളിമയിൽ കൂടിയാകണം പ്രതിരൂപങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ സ്വാഭാവികമായി പതിയേണ്ടത്. മണ്ണ് കുഴച്ച് കലക്കിയ വെള്ളത്തിൽ നോക്കിയാൽ അടിത്തട്ട് കാണാൻ കഴിയില്ല.

പ്രകാശം പരത്താത്ത പെൺകുട്ടി എന്ന മാധ്യമത്തിലെ കഥ വായിച്ചശേഷം എനിക്കോർമ്മ വന്നത് ടി പത്മനാഭന്റെ ചെറുകഥയിലെ അതേ വരികളാണ്.

“കഴിഞ്ഞുപോയതൊക്കെ ഒരു പുക പോലെ മാത്രമേ കാണുവാൻ കഴിയുന്നുള്ളൂ. അതിൽ യുക്തിക്ക് ഒരു സ്ഥാനവുമില്ല.”

പ്രവീണയുടെ കഥയ്ക്ക് ‘പ്രകാശം പരത്തുന്ന പെൺകുട്ടി’യിലെ ഈ വരികൾ നന്നായി ചേരും, വെറും പുക!

സമകാലിക മലയാളം വാരികയിൽ ഇക്കുറി മനോഹരൻ വി പേരകം എഴുതിയ ‘മീങ്കുളങ്ങൾ’ എന്ന കഥയാണ്. തലക്കെട്ട് പോലെ തന്നെ ചില കുളങ്ങളുടെയും മീനുകളുടെയും വിശദീകരണം നൽകുന്നു ഇതിൽ. ഓടയൂതി മീൻ പിടിക്കുന്ന ഉറുവാടന്റെ കഥ. കുറച്ച് കുളങ്ങൾ, വിവിധ തരം മീനുകൾ, അവയെ ഉളി കൊണ്ട് പിടിക്കുന്ന വിദ്യ തുടങ്ങിയവയാണ് പ്രതിപാദ്യ വിഷയം.

മനോഹർ വി പേരകം

രണ്ടുമൂന്ന് കുളങ്ങളിലെ മീൻപിടുത്തത്തിന് ശേഷം ഉറുവാടൻ വരുമ്പോൾ പട്ടിയെ കാണുന്നു. ആ പട്ടിയെ മിക്കവാറും ദിവസങ്ങളിൽ അയാൾ കല്ലെറിഞ്ഞോടിക്കാറാണ് പതിവ്. അതുപോലെ അന്നും പിന്തിരിഞ്ഞോടി പട്ടി. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ പൂക്കൈത പൂത്തത് കാണിക്കുന്നു. കൈതപ്പൂവിന്റെ മണം ഉള്ളിലേക്ക് എടുത്ത് “യെന്തൊരു മണമാണപ്പാ” എന്ന് പറയുന്നത്രേ ഉറുവാടൻ. പിന്നെ അയാളുടെ കുറച്ച് തോന്നലുകളെക്കുറിച്ച് എഴുത്തുകാരൻ പറയുന്നുണ്ട്.

‘ കൈതകൾ തങ്ങളുടെ മുള്ള് പാഞ്ഞ നീളൻ ഇലകളിട്ടാട്ടുന്നത് പോലെ ഉറുവാടന് തോന്നി.’ അതിനു ശേഷം, ‘ തലവണ്ണിച്ച ബ്രാലിനെ കൂട്ടിപ്പിടിച്ച ഉറുവാടന് കൈ വേദനിക്കുന്നത് പോലെ തോന്നി.’

ഇതുവരെയും കഥയുടെ പ്രധാന ഭാഗം ഏതാണ് എന്ന് ആശയക്കുഴപ്പമാണ് വായനക്കാർക്ക് . കഥ അവസാനിപ്പിക്കുമ്പോൾ എന്തായിരിക്കും നമുക്ക് മുമ്പിലുള്ളത് എന്ന് പ്രതീക്ഷയോടെ അവർ കാത്തിരിക്കുന്നു.

‘തോട്ടിലെ നനുത്ത വെള്ളച്ചാലിൽ മക്കൾ രണ്ടാളും വെള്ളം തേവി ചെറുമീനുകളെ പിടിക്കുന്നത് കണ്ടപ്പോൾ രണ്ടാളും ഭാവിയിൽ നല്ല ഊത്തുകാരാകുമെന്ന് ഉറുവാടൻ കണക്കാക്കി.’ തീരെ എഡിറ്റ് ചെയ്യപ്പെടാത്ത, വളരെ അനാകർഷകമായ ഈ ഒരു വാചകത്തോടെ പ്രതീക്ഷ കുറയുന്നു. അതിനുശേഷം പറയുന്ന വാചകം നോക്കുക. “ഉറുവാടനെ കണ്ടതും മക്കൾ ചാളയിലേക്ക് പാഞ്ഞതും ഉറുവാടൻ ചട്ടിയോടെ തുപ്പലം കൊല്ലികളെ വെള്ളത്തിലേക്കിട്ടു.”

ബോറിങ് ആണ് ഈ വാചകം. ഒടുക്കം പറയുന്ന സിദ്ധാന്തവും വായനക്കാരനെ ആകർഷിക്കാൻ പര്യാപ്തമേ അല്ല.

തുടർച്ചയായി വിവരിക്കൽ ഉള്ളത്, കഥാഗാത്രത്തെ വലുതാക്കാൻ ഉതകും. ഉറുവാടനും വള്ളിയും അവരുടെ മക്കൾ ഇട്ടപ്പനും നെട്ടപ്പനും. അവരൊക്കെ കഥയിൽ എന്തു ചെയ്യുന്നു?

എവിടെയാണ് കഥ അവസാനിക്കുന്നത്? കഥയുടെ പ്രമേയം എന്ത്?

പൂർണതയുള്ള കഥയെന്താണതിൽ എന്നിങ്ങനെ കുഴപ്പിക്കുന്ന കുറേ ചോദ്യങ്ങൾ മാത്രമാണ് കഥാവായന നമുക്ക് നൽകുന്നത്.

ദേശാഭിമാനി വാരികയിൽ ആദ്യത്തെ കഥ വി കെ സുധീർ കുമാർ എഴുതിയ ‘സഡൻ ഡെത്ത്’ ആണ്. ഫുട്ബോൾ ലോക കപ്പിന്റെ പശ്ചാത്തലത്തിൽ, ഫസ്റ്റ് ഹാഫ്, ഹാഫ് ടൈം, ഫൈനൽ വിസിൽ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാക്കിയ കഥ, ഒറ്റ നോട്ടത്തിൽ വിനോദസ്വഭാവമുള്ള ആശയമാകും എന്ന ധാരണ നൽകുന്നു. പക്ഷെ വായനയിൽ മനസ്സിലാകുന്നു, ദുരന്തമാണ് ഇതിവൃത്തം എന്ന്. ദുരിതങ്ങളും, വേദനകളും ആദ്യന്തം നിറഞ്ഞു നിൽക്കുന്ന കഥയ്ക്ക് ഇങ്ങനെയൊരു തലക്കെട്ട് നൽകിയത് തന്നെ ഔചിത്യമില്ലായ്മയെന്ന് തോന്നി.

വി കെ സുധീർ കുമാർ

ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടു പോയവരെ മണ്ണിനടിയിൽ നിന്നും കണ്ടെടുക്കുന്ന രംഗത്തോടുകൂടിയാണ് ആദ്യ ഭാഗമാരംഭിക്കുന്നത്.

പ്രവാസ ജീവിതത്തിനിടക്കുള്ള അവധി ദിനങ്ങളിൽ നാട്ടിലേക്ക് എത്തിയ നൗഫലിന്റെ കുടുംബവും കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടു പോകുന്നു. ഭാര്യയും ഉമ്മയും ചെറിയ മകനുമാണ് മരിച്ചത്. മകന്റെ മൃതദേഹം പിറ്റേദിവസവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവസാനം മണ്ണ് മാന്തിയന്ത്രം ആ കുഞ്ഞിനെ കണ്ടെത്തുന്നതോടുകൂടിയാണ് കഥ പുരോഗമിക്കുന്നത്. ആദ്യഭാഗം വായിച്ചു പോകാവുന്നതാണ്. എങ്കിലും അനവധി തവണ ഉപയോഗിച്ച് പഴക്കം വന്ന വാചകങ്ങളും രംഗങ്ങളും ആവർത്തിക്കുമ്പോൾ, അവ വികാരഹിതമായി പോകുന്നു എന്ന യാഥാർത്ഥ്യമുണ്ട്. മണ്ണിനടിയിൽ പെട്ടുപോയ കുഞ്ഞിന്റെ മുഖം കാണേണ്ട എന്ന് വെക്കുന്ന പിതാവ്, ചിലപ്പോൾ യഥാർത്ഥമാകാം. ” വേണ്ട ഈ മുഖം കണ്ടാൽ പിന്നെയെന്റെയുള്ളിലെ അവന്റെ കളിചിരിയുള്ള മുഖം മാഞ്ഞുപോകും. “

ക്ലീഷേ ആകുന്ന ഇത്തരം രംഗ നിർമ്മിതി, പറച്ചിലുകൾ തുടങ്ങിയവ ഒഴിവാക്കാൻ ശ്രമിച്ചില്ലെങ്കിൽ കഥ സുന്ദരമാവുകയില്ല.

ഹാഫ് ടൈം എന്ന രണ്ടാമത്തെ ഭാഗത്തിലെ ചില പദപ്രയോഗങ്ങൾ, സാഹചര്യങ്ങൾ ആവശ്യപ്പെടാത്ത വിധം, ദുഃഖ സാന്ദ്രവും സഹതാപാർദ്രവുമായ അന്തരീക്ഷത്തെ, വിനോദവത്കരിക്കുന്നത് നോക്കുക. ഏറ്റവും ദുരന്തപൂർണമായ ഓർമ്മകളിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി മറ്റു പലതും ചിന്തിക്കുന്നതിന് കഥാകൃത്ത് വ്യക്തമാക്കുന്ന ഭാഗം നോക്കുക. ‘കൂട്ടുകാരൻ താമസിച്ച ഗൾഫിലെ ഇടുങ്ങിയ മുറിയിലെ ഓർമ്മകളിലേക്ക് അയാൾ ബാക്ക് പാസ് നൽകി’. വളരെ വളരെ അനാവശ്യമാണ് ഈയൊരു വാക്കിന്റെ ഉപയോഗം.

രണ്ടാം ഭാഗത്തിൽ പറയുന്നത് അദ്ദേഹം ഗൾഫിൽ ഉണ്ടാകുമ്പോൾ ഉണ്ടായിരുന്ന സുഹൃത്തുക്കളെക്കുറിച്ചും, നാട്ടിൽ വരുമ്പോൾ സഹ മുറിയന്മാരുടെ യാത്രയയപ്പും ഒക്കെയാണ്. പിന്നീട് വീട്ടിലെത്തുന്നതും മകനുമായുള്ള സംഭാഷണവും അവന്റെ ഫുട്ബോൾ കളിയും ഒക്കെ. അത്യാവശ്യം ഭേദപ്പെട്ട രീതിയിൽ തുടങ്ങിയ കഥ, പൈങ്കിളിപ്പരുവം ആകുന്നത് ഈ ഭാഗത്ത് വച്ചാണ്. അതുകൂടാതെ കുത്തിത്തിരുകിക്കയറ്റിയ രാഷ്ട്രീയ പ്രഘോഷണവും ഉണ്ട്. ഫുട്ബോൾ കളിച്ച് കാലിൽ പരുക്ക് പറ്റിയ മകൻ, കളിക്കാർ പരിക്കേറ്റാൽ ഉപയോഗിക്കുന്ന സ്പ്രേ വേണമെന്ന് പറയുന്നു. ലേശം ചായപ്പൊടിയിട്ടാൽ നാളെത്തന്നെ പരിക്ക് മാറുമെന്ന് ഉമ്മ. അതിനുശേഷം പറയുന്ന കാര്യങ്ങളൊക്കെ വളരെ ബാലിശമാകുന്നു. കഥാകൃത്തിന്റെ വാചകങ്ങൾ തന്നെ ആവർത്തിക്കുന്നതാണ് നല്ലത്.

‘’എനിക്കും ഒരു ഫുട്ബോൾ ബൂട്ട് വാങ്ങി തരണം. എന്നാൽ പിന്നെ ധൈര്യായി കളിക്കാലോ.” മാറ്റിയിടാനില്ലാതെ തേഞ്ഞ ബൂട്ടിട്ട് ചോര പൊടിഞ്ഞ കാലുമായി കളിച്ച പോർച്ചുഗലിന്റെ യൂസേബിയസിനെക്കുറിച്ചും, കറുത്തവന് കളിക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് അരിമാവ് ദേഹത്ത് പുരട്ടി കളിക്കുകയും വിയർത്തപ്പോൾ അരിമാവിളകി തനിനിറം പുറത്തായപ്പോൾ കളിക്കളത്തിൽ പരിഹാസ്യനാവുകയും ചെയ്ത കറുത്ത കളിക്കാരനെക്കുറിച്ചുമുള്ള കാൽപന്തുകളിയുടെ ഇന്നലെകളെപ്പറ്റി അപ്പോഴവനോട് പറയാൻ വിചാരിച്ചെങ്കിലും, വാങ്ങി കൊടുക്കാതിരിക്കാനുള്ള ഒരച്ഛന്റെ സൈക്കോളജിക്കൽ മൂവായി അവൻ കരുതുമെന്നും കുറച്ചുകൂടി വലുതാകുമ്പോൾ പറഞ്ഞു കൊടുക്കാമെന്നും വിചാരിച്ച്, അയാൾ ആ ചിന്തയെ ഗ്രൗണ്ടിന് പുറത്തേക്കടിച്ചു കളഞ്ഞു.”

ശ്വാസം വിട്ട് വിശ്രമിക്കാൻ തോന്നുന്നില്ലേ വായനക്കാർക്ക്? അതിനുശേഷം നമ്മൾ ആത്മഗതം ചെയ്യുന്നു ഇത് വളരെ അവിദഗ്ധമായിട്ടുള്ള ആഖ്യാനമാണ് എന്ന്. ഇതും ഇതിനുശേഷം വരുന്ന ചില രാഷ്ട്രീയ പ്രസ്താവനകളും വളരെ വളരെ അനാവശ്യമാണ് കഥയ്ക്ക്.

അതിനാൽ തന്നെ ആരംഭത്തിൽ ഒരുതരം പ്രത്യേക വികാരം തോന്നിപ്പിച്ച കഥ, കൃത്രിമമായി നിർമ്മിക്കപ്പെട്ടതാണ് എന്നുള്ള ബോധം ഉണ്ടാകുന്നു വായനക്കാർക്ക്. ഫ്ലാഷ് ബാക്കിലുള്ള, ഓർമകളുടെ പറച്ചിലിന് ശേഷം കഥയുടെ അവസാന ഭാഗം, ഫൈനൽ വിസിൽ.

കഥാവസാനത്തിൽ, ദുരിതാശ്വാസ ക്യാമ്പിൽ നിന്നും, തന്റെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേക്ക് പോകുന്ന നൗഫലിനെ എഴുത്തുകാരൻ കാണിച്ചു തരുന്നു. എല്ലാം നഷ്ടപ്പെട്ട വ്യക്തിയുടെ മനസ്സിന്റെ നിസ്സംഗതയോ താളം തെറ്റലോ, എന്തു തന്നെയാവട്ടെ, ഒടുക്കം പറയുന്ന ഖണ്ഡികയ്ക്ക് മനോഹാരിതയുണ്ട്. ശക്തമാണ് അവിടെ ആഖ്യാനം. ആ ഒരു ഒടുക്കത്തിന്റെ വശ്യതയോട് അനുരൂപമാകുന്നില്ല, ഇടയിൽ പറഞ്ഞ ഒരു പാട് വിശദീകരണങ്ങൾ. ഒതുക്കേണ്ടവയെ ഒതുക്കിയും, കളയേണ്ടവയെ കളഞ്ഞും, വായനക്കാർക്കുള്ള പൊതു വിജ്ഞാന – രാഷ്ട്രീയ ബോധവത്കരണങ്ങൾ വെട്ടി മാറ്റുകയും ചെയ്തിരുന്നെങ്കിൽ, മുഴുവനും കഥയെന്ന് പറയാവുന്ന സൃഷ്ടി ആകുമായിരുന്നു ഇത്.

ദേശാഭിമാനിയിൽ രണ്ടാമത്തെ കഥ ‘മലമുകളിലെ മാന്ത്രികക്കാലുകൾ’ എന്ന തലക്കെട്ടിൽ ഷാഹുൽ ഹമീദ് കെ. ടി എഴുതിയതാണ്. മലപ്പുറവും കോഴിക്കോടും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിൽ, മലപ്പുറത്തിന് വേണ്ടി കളിക്കേണ്ടിയിരുന്ന ആഫ്രിക്കക്കാരനെ, കളി നടക്കുന്ന ദിവസം തട്ടിക്കൊണ്ടു പോയി ബന്ദിയാക്കുന്നു. കൂറിലോസും അണലിയുമാണ് ഇതിൽ പ്രധാനികൾ. ആഫ്രിക്കക്കാരൻ കളിക്കാത്തതിനാൽ മലപ്പുറം തോൽക്കുന്നു. സംഗ്രഹം ഇതാണ്. ഫുട്ബോളും, വാതുവെപ്പും തട്ടിപ്പും പറയാൻ ശ്രമിച്ചു കഥാകൃത്ത്.

മലമുകളിലെ മാന്ത്രികക്കാലുകൾ എന്ന കഥയുടെ ആദ്യഭാഗത്ത് ഇങ്ങനെ കാണാം.

“മരങ്ങൾക്കിടയിലൂടെ ചിറകുകൾ വീശിയടിച്ചു നീങ്ങുമ്പോൾ കാറ്റിൽ ചില്ലകളൊടിഞ്ഞു കൊണ്ടിരുന്നു. കൊച്ചു വീടിന് ചുറ്റും പാറിപ്പറക്കുമ്പോൾ ഓടുകളെ ചിതറിത്തെറിപ്പിച്ചു കൊണ്ടുയർന്ന നിലവിളിക്കൊപ്പം കൂറിലോസിന്റെ തൂവലുകൾ പൊഴിഞ്ഞു. വെട്ടിത്തിളങ്ങുന്ന കറുത്ത കാലുകൾ പന്തുമായി മറ്റുകാലുകളെ ഒന്നൊന്നായി മറികടന്ന്, പന്തിനെ ഗോൾപോസ്റ്റിലേക്കാഞ്ഞടിക്കുമ്പോള്‍, ഗാലറിയിലെ ഗോൾ… എന്ന ആരവങ്ങൾ.”

ഇനി കുറിപ്പുകാരൻ പറയട്ടെ,

തുടക്കത്തിൽ തന്നെ മൂന്ന് വാക്യങ്ങളും സങ്കീർണവാചകങ്ങളായി കണ്ടപ്പോൾ, കഥാവാരംകാരന് മടുപ്പ്.

മ്പോൾ, പ്പോൾ എന്നീ സംയോജനപദങ്ങളുടെ ആവർത്തനം കണ്ടപ്പോൾ അയാൾക്ക് വിരസത. ഇനിയിപ്പോൾ എന്തു ചെയ്യുമെന്നോർത്തപ്പോൾ പിന്നെയും വായന തുടർന്നു.

‘തലയിണക്കടയിലെ ഫോണെടുത്ത് കിതപ്പോടെ കറുത്തു തടിച്ച കുറിയ ശരീരവുമുലച്ച് മുറിയിൽ നിന്ന് പുറത്തേക്ക് പായുമ്പോൾ കാൽ തട്ടി മൺകൂജ നിലത്ത് വീണുടഞ്ഞു.’

അരോചകമാകുന്ന ഇത്തരം വാക്യങ്ങൾക്ക് ശേഷം തൊട്ടടുത്ത കാണുന്ന സംഭാഷണം നോക്കാം.

ഇതെങ്ങോട്ടേക്കാ ഈ പന്നിപ്പാച്ചില്.. പന്നിയെ നെന്റെ അപ്പനാ…. കാട്ടുപന്നി. കൂറിലോസ് മുറ്റത്തേക്കിറങ്ങുമ്പോൾ കഷണ്ടി ചൊറിഞ്ഞു പറഞ്ഞു.

ഈ ഖണ്ഡിക വായിക്കുമ്പോൾ വായനക്കാർക്ക് എന്താണ് തോന്നുക? രണ്ടുപേർ തമ്മിലുള്ള സംഭാഷണം ആകണം ഇത്. ആരോട് പറയുന്നു, ചോദ്യം എന്താണ്, ഏതാണ് മറുപടി, രണ്ട് സംഭാഷണങ്ങൾ ആണെങ്കിൽ അവയ്ക്കിടയിൽ, പറയുന്ന ആളെ വേർതിരിച്ച് കാണാനുള്ള ഒന്നും ഇതിലില്ല. എന്നുവെച്ചാൽ എഡിറ്റിങ്ങിന്റെ അടിസ്ഥാനം പോലുമില്ല.

പ്രിയ വായനക്കാരോട് ഒരു അപേക്ഷയുണ്ട്. നിങ്ങൾ ഒരു കഥയും ജീവിതത്തിൽ വായിച്ചിട്ടില്ലെങ്കിലും കഥയെഴുതുന്നത് മഹാപാപം ഒന്നുമല്ല. പക്ഷേ, ടൈപ്പ് ചെയ്യുന്ന കീ ബോർഡിൽ അക്ഷരങ്ങൾ കൂടാതെ ചിഹ്നങ്ങൾ കൂടിയുണ്ട്. അതൊക്കെ ആവശ്യത്തിന് ഉപയോഗിക്കാം.

ഒരാൾ പറയുന്നത് പ്രഭാഷണം. രണ്ടുപേരുടേത് സംഭാഷണം. സംഭാഷണത്തെ പ്രഭാഷണമായാണ്, അതായത് ഒരാൾ മാത്രം സംസാരിക്കുന്നതായാണ് കഥയിൽ പല സന്ദർഭങ്ങളിലും നമുക്ക് അനുഭവപ്പെടുക. വാരികയിലേക്ക് അയച്ചു കിട്ടിയ സൃഷ്ടി അതുപോലെ കമ്പോസിംഗിന് കൊടുത്തതുപോലെ തോന്നും ഇത് കണ്ടാൽ. വായനക്കാരെ പരിഹസിക്കുന്നതാണത്. ദേശാഭിമാനി പോലുള്ള ഒരു വാരികയിൽ ഇക്കഥ കണ്ടത് എന്നെ അത്ഭുതപ്പെടുത്തുന്നു.

സർഗ്ഗസൃഷ്ടികളിലെ വൈകാരികപരിസരം തീവ്രമായി അനുഭവിപ്പിക്കേണ്ടതാണല്ലോ. രമേശൻ മുല്ലശ്ശേരി ഭാഷാപോഷിണിയിൽ എഴുതിയ ‘ഒറ്റമുലച്ചി’ എന്ന കഥ, അത്തരം തീവ്രാനുഭൂതി ഉണ്ടാക്കുന്ന ഒന്നായി അനുഭവപ്പെട്ടില്ല. തെയ്യവും കോലങ്ങളും വിശദീകരിച്ച് പറയേണ്ടി വരുന്നു. അതിന്റെ സാങ്കേതികാംശങ്ങളും കഥയിൽ മുഴച്ചു നിൽക്കുന്നു. അങ്ങനെ വരുമ്പോൾ പലതും വിശദീകരിക്കേണ്ടുന്ന അവസ്ഥയാണ് സംജാതമാവുക. അറിയാത്ത ഒന്നിനെ അറിയിക്കുക എന്നത് ചെറുകഥയുടെ ധർമ്മം അല്ലാത്തതിനാൽ ആസ്വാദനം ഇക്കഥയിൽ പരിമിതമാകുന്നു. പ്രതികാരം എന്നത് പുതുമ ഒന്നുമില്ലാത്ത വിഷയം ആയതിനാൽ കഥാകൃത്തിന് കുറച്ചു കൂടി ജാഗ്രതയാകാമായിരുന്നു എന്നാണ് തോന്നിയത്.

രമേശൻ മുല്ലശ്ശേരി

ഭാഷ എഡിറ്റിംഗ് തുടങ്ങിയവ, ആശയത്തെ പ്രകടിപ്പിക്കുന്നതിന് വേണ്ടിയുള്ള, അല്ലെങ്കിൽ കഥയുടെ കലാഭംഗിയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള സങ്കേതങ്ങളാണ്. ആശയം വളരെ ദുർബലമായാൽ ആ സങ്കേതങ്ങൾ കാര്യമായ പ്രയോജനം ഇല്ലാതെ ഭവിക്കും. കഥയുടെ പൂർണ്ണതയ്ക്ക് വേണ്ടി കഥാശേഷം കൊടുക്കുന്ന സൂചനകൾ വിജ്ഞാനദായകമാണ്. അത് പത്തെണ്ണം ടിപ്പണിയായി കൊടുത്തിട്ടുണ്ട്. അത്തരം ടിപ്പണി കൊടുക്കേണ്ടി വരുമ്പോൾ, കഥയുടെ ആസ്വാദനത്തിന് വിഘാതം ഉണ്ടാക്കുന്ന, പരിചിതമല്ലാത്ത സാങ്കേതിക സംജ്ഞകൾ ഒരുപാട് എണ്ണം ഉപയോഗിച്ചിരിക്കുന്നു എന്ന് കഥാകൃത്ത് സമ്മതിക്കുന്നതുപോലെയാണ്. വായനക്കാർക്ക് കഥയിൽ കൂടി തന്നെ അതിനെ ആസ്വദിക്കാനാവുമ്പോഴേ ഉദ്ദേശിച്ച ഫലം എഴുത്തുകാരന് ലഭിക്കൂ.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like