കഴിഞ്ഞ രണ്ടുവാരങ്ങളിലായി മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ പത്തുകഥകളാണ് അച്ചടിച്ച് വന്നത്. അവ ഓരോന്നിനെയും കുറിച്ചുള്ള വിവരണത്തിന് പുറമെ, ആമുഖമായി കൂടുതൽ എന്തെങ്കിലും പറയുന്നത് വായനക്കാർക്ക് വിരസതയുടെ തോത് കൂട്ടാനേ ഉപകരിക്കൂ എന്നതിനാൽ നേരെ കഥകളിലേക്ക് തന്നെ കടക്കുന്നു.
നമ്മൾ ദൈനംദിന ജീവിതത്തിൽ കാണുന്ന ഒരു കൂട്ടം മനുഷ്യർ. അതിൽ തന്നെ സമപ്രായത്തിലുള്ള മൂന്ന് വൃദ്ധന്മാർ. അവരുടെ മാനസികാവസ്ഥയിലേക്കുള്ള നോട്ടം എത്രത്തോളം സുന്ദരമായിരിക്കും? ദൂരെ നിന്നുകൊണ്ട് അവരുടെ ജീവിതം കാണുന്നു കെ വി പ്രവീൺ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘മൂന്നു വൃദ്ധന്മാരുടെ സായാഹ്നം’ എന്ന കഥ വഴി. മറവിക്കാരനും ഫലിതക്കാരനും വിഭാര്യനുമാണ് കഥാപാത്രങ്ങൾ. വാചാടോപത വളരെ വളരെ കുറവാണ് ഇതിൽ.
കഥ തുടങ്ങുമ്പോൾ റെയിൽവേസ്റ്റേഷൻ ഇരിക്കുന്നു മൂന്നുപേർ. ചികിത്സക്കായി മകൻ ചെന്നൈയിലേക്ക് കൊണ്ടുപോകുമെന്നും അതിനുശേഷം നമ്മൾ കാണാനുള്ള സാധ്യത വളരെ കുറവാണ് എന്നും മറവിക്കാരൻ അവരോട് പറയുന്നതോടെ കഥ തുടങ്ങുന്നു. എല്ലാ വൈകുന്നേരവും അവരെ കാണുവാൻ വേണ്ടി മാത്രമാണ് രാവിലെ ജീവനോടെ കിടക്കയിൽനിന്നുമുള്ള എഴുന്നേൽപ്പെന്ന വിചാരമാണ് തന്റെയുള്ളിലെന്ന് മറവിക്കാരൻ പറയുന്നു.
“എന്നാൽ എനിക്ക് അങ്ങനെയല്ല. ഇന്നലത്തെ രാത്രിയിലും മരണം എന്നെ അനുഗ്രഹിച്ചില്ല. ഇനി, ഇന്നു രാത്രി വരെ കാക്കണം എന്നാണ് രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്ക് തോന്നാറ്”, എന്ന് മറുപടി പറയുന്നു ഫലിതക്കാരൻ. വിഭാര്യൻ നിശബ്ദനായി നിൽക്കുന്നു. തുടർന്ന് മൂന്നു വൃദ്ധന്മാരെയും കുറിച്ച് കഥാകൃത്ത് നമ്മോട് പറയുന്നുണ്ട്.
അയാളുടെ ഭാര്യയുടെ മരണം വിവരിച്ചിരിക്കുന്ന രംഗം കഥയെഴുത്തിലെ കയ്യടക്കം കാണിച്ചുതരുന്നു. പ്രതിഭാശാലികളായ എഴുത്തുകാർ കഥയിൽ ഉപയോഗിക്കുന്ന ഏതൊരു ഉപമയും സംഭാഷണവും ചിലപ്പോൾ പല പല അർത്ഥങ്ങളുള്ളതാകും. എന്നാലോ വായനക്കാർക്ക് സംശയങ്ങൾ ഒന്നും തോന്നിപ്പിക്കാത്ത തരത്തിൽ വായനയുടെ ഒഴുക്കിൽ ആ വാചകങ്ങളെയും സംഭാഷണങ്ങളെയും തളച്ചിടും.
മറവിക്കാരനും വിഭാര്യനും ഫലിതക്കാരനെ കുറിച്ച് അധികമൊന്നും അറിയില്ല. കുറേക്കാലം മുൻപ് മറ്റേതോ നാട്ടിൽ നിന്ന് ജോലിക്കായി അവിടെ വന്നതാണ് എന്നല്ലാതെ. അതിനാൽ തന്നെ തങ്ങൾ രണ്ടുപേരും പോയിക്കഴിഞ്ഞാൽ ഫലിതക്കാരൻ എന്ത് ചെയ്യും എന്ന് അറിയാനുള്ള കൗതുകം ഇവർ പ്രകടിപ്പിക്കുന്നു. അപ്പോൾ, അധികം വൈകാതെ താനും തന്റെ വീട്ടിലേക്ക് പോകുമെന്നായി ഫലിതക്കാരൻ. തിരിച്ചെത്തുന്ന ഇയാളെ ഭാര്യയും മക്കളും നോക്കുമോ എന്ന ചോദ്യത്തിന് ഫലിതക്കാരൻ പറയുന്ന മറുപടിയുണ്ട്.
“അവർക്കറിയാം..” ഫലിതക്കാരൻ ചിരിച്ചു. “ഞാൻ ജോലിയൊക്കെ മതിയാക്കി ഗ്രാമത്തിൽ ഞങ്ങളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ എന്റെ കുടുംബത്തിന് കൃത്യമായി മനസ്സിലാകും എന്തു ചെയ്യണം ന്ന്… “
പിന്നീട് വായിക്കുന്നത് തമിഴ്നാട്ടിൽ നിലനിൽക്കുന്ന തലൈ കൂത്തൽ എന്ന പ്രാകൃത ആചാരത്തെ കുറിച്ചാണ്. പ്രായമായ മാതാപിതാക്കളെ ദയാവധത്തിന് ഇരയാക്കുന്ന ദുരാചാരം. നമുക്കറിയാവുന്ന ഒരു കാര്യത്തെ കഥയുടെ ചട്ടക്കൂടിൽ വളരെ സുന്ദരമായി ഒതുക്കി നിർത്തി അതിന്റെ എല്ലാ വികാരങ്ങളും അനുഭവിപ്പിക്കുന്നുണ്ട് കഥാകൃത്ത്. ഇതുകൂടി വായിച്ചതിനുശേഷം ഫലിതക്കാരന്റെ ആദ്യത്തെ സംഭാഷണം വായനക്കാരുടെ മനസ്സിലേക്ക് തിരിച്ചുവരുന്നു. അയാൾക്ക് ജീവിതം ഫലിതമായി മാറുന്നു. കഥാവസാനത്തിലെ ഖണ്ഡിക കഥയെ മനോഹരമാക്കുന്നു.
മാധ്യമം വാരിക 1295 ആം ലക്കത്തിൽ അനീഷ് ബര്‍സോം എഴുതിയ കഥയുണ്ട്. പേര് ‘ജോസൂട്ടി എന്ന കൊലയാളി’
ജോസൂട്ടിയുടെ പ്ലസ് ടുവിൽ പഠിക്കുന്ന മകൾ ആനിയെ കെമിസ്ട്രി അധ്യാപകനായ മാർട്ടിൻ പീഡിപ്പിക്കുന്നു. മാർട്ടിന്റെ കുടുംബം നശിപ്പിക്കുമെന്ന് ജോസൂട്ടി വെല്ലുവിളിക്കുന്നു. അയാളുടെ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി ശിക്ഷ ഏറ്റു വാങ്ങാൻ മാർട്ടിൻ ഉള്ള ജയിലിലേക്ക് തന്നെ ജോസൂട്ടിയും വരുന്നു. അയാളുടെ കണ്ണു കുത്തിപ്പൊട്ടിച്ച്, ലിംഗം മുറിച്ചെടുത്ത് കൊന്ന് കളഞ്ഞ ശേഷം ജോസൂട്ടി ജയിലിൽ നിന്നും രക്ഷപ്പെടുന്നു. ഇതാണ് കഥയുടെ സംഗ്രഹം.
മകളെ പീഡിപ്പിച്ചയാളോട് പ്രതികാരം ചെയ്യുന്ന ഒരച്ഛന്റെ കഥ. പ്രമേയം അറുപഴഞ്ചൻ ആയിരിക്കെ, അതിന്റെ ആഖ്യാനം പുതുമയുള്ളതായില്ലെങ്കിൽ, വായനക്കാർക്ക് അതുകൊണ്ട് എന്ത് മെച്ചം?
എത്ര കഥാപാത്രങ്ങളെയാണ് നമുക്ക് മുന്നിൽ വരിവരിയായി നിർത്തിയിരിക്കുന്നത്!
പ്രധാന സംഭവത്തിനുപരി, മറ്റു ജയിൽ പുള്ളികളുടെ ചരിത്രവും പറയുന്നു കഥാകൃത്ത്. പൈങ്കിളി സ്വഭാവം മുഴച്ചു നിൽക്കുന്നതിനാൽ, മാർട്ടിൻ എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തത ഉൾക്കൊള്ളാൻ കഥ വായനക്കാരെ പ്രേരിപ്പിക്കുന്നില്ല. അനന്തമായ വിവരണങ്ങളും, പ്രധാന കഥയിൽ നിന്നും തെന്നി മാറുന്നതും പോരായ്മ തന്നെയാണ്. പീഡകൻ എന്ന് ചിത്രീകരിക്കപ്പെട്ട മാർട്ടിന്, തല നഗ്നമാക്കപ്പെടുമ്പോൾ പോലും ഉണ്ടാകുന്ന ലജ്ജയും അസ്വസ്ഥതയും വഴി, അയാൾക്ക് കിട്ടേണ്ടിയിരുന്ന വായനക്കാരുടെ ശ്രദ്ധയെയും, വരികൾക്കപ്പുറം വായിക്കാനും ഭാവനയിൽ കാണാനുമുള്ള സ്വാതന്ത്ര്യത്തെയും നഷ്ടപ്പെടുത്തുന്നു മേല്പറഞ്ഞ പോരായ്മകൾ.
മാധ്യമം വാരിക ( ലക്കം 1296) യിൽ രണ്ട് കഥകൾ ഉണ്ട്. ആദ്യത്തേത് അനിത എം പി എഴുതിയ ‘സെക്കൻഡ് സെക്സ്’. കടുത്ത ഡിപ്രഷൻ അനുഭവിക്കുന്ന മകളുടെയും അമ്മയുടെയും കഥയാണിത്. വിവാഹമോചനത്തിനായി കുടുംബകോടതിയിൽ കേസ് കൊടുക്കുന്നു മകളുടെ ഭർത്താവ്. പെൺകുട്ടിക്കാണെങ്കിൽ അവനെ വേണം. ഒന്നിന്റെ പേരിലും അവനെ വിട്ടുകൊടുക്കാൻ തനിക്കൊട്ടിഷ്ടവുമല്ല എന്നവൾ പറയുന്നുണ്ട്. അമ്മയും മകളും മാത്രം കഥാപാത്രങ്ങളായിവരുന്ന ഈ കഥ, ഒതുക്കി പറഞ്ഞതുകൊണ്ട് ശ്രദ്ധയാകർഷിക്കുന്നതാണ്.
കടുത്ത മാനസിക സമ്മർദ്ദവും വിഷാദവും ഉള്ള പെൺകുട്ടിയെ നമുക്ക് കഥയിൽ കാണാം. ലിംഗ വൈജാത്യങ്ങളിൽ ‘പുരുഷൻ’ എന്നത് സ്വാഭാവികവും ‘ സ്ത്രീ എന്നത് അന്യവൽക്കരിക്കപ്പെട്ട പദവും ആയതിനെ കുറിച്ച്, പുരുഷ കേന്ദ്രീകൃതമായ ലോകം അങ്ങനെയുള്ള ഒരു നിർവചനം ഉണ്ടാക്കിയതിനെ കുറിച്ച്, സിമോൻ ദ് ബവ എഴുതിയ ‘ദി സെക്കന്റ് സെക്സ്’ എന്ന പുസ്തകം ആയിരിക്കണം കഥാകൃത്ത് തലക്കെട്ടായി ഉപയോഗിച്ചത്. ഭേദപ്പെട്ട രീതിയിൽ വായിച്ചുപോകാവുന്ന കഥയാകുമ്പോഴും, സംഭാഷണത്തിലെ കൃത്രിമത്വം കല്ലുകടിയുണ്ടാക്കുന്നു.
അമ്മയും മകളും തമ്മിലുള്ള സംഭാഷണം, സ്വാഭാവികമാണ്. അതിലെ പദങ്ങൾ ജൈവികമായിരിക്കണം.
‘ചില നേരങ്ങളിൽ പ്രാണന്റെ ഒരു കത്തിപ്പിടിക്കലുണ്ട്…’ എന്നു തുടങ്ങുന്ന സംഭാഷണം, അസ്വാഭാവികമാണ്. പ്രസംഗ രൂപത്തിൽ ഉള്ളതാണ്. കഥയിൽ വേറൊരിടത്ത് എഴുത്തുകാരിയുടെ പ്രയോഗം കണ്ടു.
“നെഞ്ചിൽ ഘനീഭവിച്ച് കിടന്നിരുന്ന അപരിമേയമായ ആധികളെ എന്നപോലെ… “
വൈകാരിക പരിസരം ഒരുക്കേണ്ടുന്ന കഥയെ, ഇത്തരം വാചാടോപത വിലകുറക്കുക മാത്രമേ ചെയ്യുകയുള്ളൂ.
അതേലക്കം മാധ്യമത്തിലെ രണ്ടാമത്തെ കഥ രമേശൻ മുല്ലശ്ശേരിയുടെ ‘പ്രാണോപകാരി’യാണ്. ജപ്തി നടപടികൾക്ക് വിധേയനാകുന്ന ഒരാൾ, അതിൽനിന്നും തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളെ ഒഴിവാക്കിത്തരണം എന്ന് പറയുന്നതാണ് കഥയുടെ സാരാംശം. വിഷയം ക്ഷുദ്രമാണെന്ന് വായനക്കാർ മനസ്സിലാക്കുന്നു. അപ്പോൾ പിന്നെ നോക്കാനുള്ളത് അതിന്റെ ആഖ്യാനമാണ്. അതിൽ പുതുമയുള്ള എന്തെങ്കിലും കഥാകൃത്ത് തരുന്നുണ്ടോ? എന്റെ വായനയിൽ ഒന്നുമില്ല എന്നേ പറയാൻ പറ്റുന്നുള്ളൂ.
താലൂക്ക് ഓഫീസിലോ വില്ലേജ് ഓഫീസിലോ ഗുമസ്തപ്പണി ചെയ്യുന്ന ഒരാൾ തന്റെ ദൈനംദിന ഫയൽ ജോലികളിൽ ഉപയോഗിക്കുന്ന പദാവലികൾ ആദ്യത്തെ രണ്ടുമൂന്നു പേജുകളിൽ കാണാം. അതുമായി ബന്ധമില്ലാത്തവർക്ക് ഈ പദങ്ങളിൽ കൗതുകം ഉണ്ടാകും. അതിനപ്പുറം വളരെ ശുഷ്‌കമാണിത്. ഏതെങ്കിലും ഒരു തരം പദാവലിയെക്കുറിച്ചോ സാങ്കേതിക സംജ്ഞകളെക്കുറിച്ചോ വായനക്കാർക്ക് അറിവ് നൽകാൻ വേണ്ടിയല്ലല്ലോ കഥകൾ എഴുതുന്നത്. ഇക്കാര്യത്തിൽ കഥാകൃത്ത് ഒന്നുകൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാര്യമായിട്ട് ഒന്നും പറയാനില്ലാത്ത അവസ്ഥ വരുമ്പോൾ വാക്കുകൾ കൊണ്ട് ട്രപ്പീസ് കളിക്കാൻ ശ്രമിക്കുന്നത് അതിലേക്ക് മാത്രം ഫോക്കസ് ചെയ്തവർക്ക് ഇഷ്ടപ്പെട്ടേക്കാം.
സ്വാഭാവികതയിൽ നിന്ന് തെന്നിമാറുന്ന ഇത്തരം കൃത്രിമങ്ങൾ രംഗ വർണ്ണനയിൽ അതി നാടകീയതയാണ് കുറിക്കുക.
കഥ അവസാനിപ്പിച്ച ഖണ്ഡികയിൽ ഈ ഒരു അസ്വാഭാവികമായ അതിനാടകീയത, അലങ്കാരം കൊണ്ടുള്ള കളി നമുക്ക് കാണാം.
“ചെറുകാറ്റിൽ തലകുമ്പിട്ടിരുന്നൊരാൾരൂപം പോലെ മാവിൻ ചുവട്ടിലെ നിഴലുകളനങ്ങി. ചാരെ ഉയർന്ന നിന്ന ഗൗളിപാത്രത്തെങ്ങിന്റെ ഓലത്തുഞ്ചം വിടർത്തിപ്പിടിച്ചൊരു ക്ഷൗര കത്തിയായി നാട്ടുമാവിന്റെ കരിനീലയിലകളെ തൊട്ടു. മുറിച്ചിട്ട മുടിത്തുണ്ടുകൾ പോലെ നീലമാവിലകൾ താഴെ വീണ നേരം അന്നുവരെ അനുഭവിച്ചിട്ടില്ലാത്തൊരു കാറ്റു വന്ന് മനുവിനെ നേരിയ തണുപ്പിന്റെ മേലാവരണമിട്ടു മൂടി. ചെറുകാറ്റ് മറ്റാരും കേൾക്കാതെ മന്ത്രിച്ചു. “പ്രാണോപകാരി”.
എന്തിനാണ് ഇങ്ങനെ അസ്വാഭാവികവും കൃത്രിമത്വം തുളുമ്പുന്നതും ആയിട്ടുള്ള വാക്കുകൾ? സ്വാഭാവികമായി ഒഴുകിവന്ന പദങ്ങൾ അല്ല ഇവ.
ഏച്ചു കെട്ടിയ പറച്ചിലുകൾ മാത്രം.
സമകാലിക മലയാളം വാരിക ലക്കം 32ൽ അനിൽ ദേവസ്സി എഴുതിയ ‘അർപ്പുതമേരീ ദാസ്’ എന്ന കഥയാണ്. ഇൻഷുറൻസ് കമ്പനിയിൽ പുതുതായി ചാർജ്ജെടുത്ത കഥാനായകൻ, കമ്പനിയിൽ ഉദ്ദേശിച്ച വില്പന കൊണ്ടു വരാത്തവരെ ഒഴിവാക്കാൻ തീരുമാനിക്കുന്നു. കൂട്ടത്തിൽ അവിടെയുള്ള പഴയ ചില ആൾക്കാരെയും. പഴഞ്ചനായ ദാസനെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും, കമ്പനി മുതലാളിമാരുടെ ഇഷ്ടക്കാരനായതിനാൽ അത് നടക്കുന്നില്ല. ഇൻഷ്വറൻസിലേക്ക് ആളെ പിടിക്കാൻ ഓരോ തൊഴിലാളിക്കും നിശ്ചിത ലക്ഷ്യം നൽകുകയും അത് കൈവരിക്കാൻ പറ്റാത്തവരെ പുറത്താക്കുകയും ചെയ്യുക എന്ന പദ്ധതി തയ്യാറാക്കുന്നു ഇയാൾ. പക്ഷേ, ആ ബിസിനസ് പരീക്ഷയിൽ ദാസൻ എളുപ്പത്തിൽ ആവശ്യമായ എണ്ണം ആൾക്കാരെ ചേർക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു.
ഒരു ഓഫീസിന് ചേരാത്ത വിധത്തിൽ വൃത്തിഹീനമായ വസ്ത്രധാരണവും പെരുമാറ്റവുമുള്ള ഇയാൾക്ക് എങ്ങനെയാണ് ബിസിനസ് കൊണ്ട് വരാൻ കഴിയുന്നത് എന്ന അന്വേഷണത്തിൽ, രഹസ്യമായി അയാളെ പിന്തുടരുന്നു കഥാനായകനും ഓഫീസിലെ മേലുദ്യോഗസ്ഥൻ കുട്ടിസാറും. കുറേ പിന്തുടർന്ന ശേഷം, ദാസൻ ഇവരെ കാണുമ്പോൾ, ഉച്ച മുതൽ തങ്ങൾ അയാളുടെ പിന്നാലെയുണ്ട് എന്ന് പറയുന്നു. ഒരു പുഞ്ചിരിയോടെ, ഉച്ച മുതൽ താൻ അവരുടെ മുൻപിലുണ്ട് എന്നതാണ് ശരി എന്ന് തിരുത്തുകയാണ് ദാസൻ. വായനക്കാർ പ്രതീക്ഷിക്കാത്ത എന്തോ ദുരൂഹത എഴുത്തുകാരൻ ഒളിപ്പിച്ചു വെച്ചതായി ഇവിടെ അനുഭവപ്പെടും. ദൂരെ കേൾക്കുന്ന, ‘യേശുവേ യേശുവേ’ എന്ന സ്ത്രീ ശബ്ദം തന്റെ അമ്മയാണെന്നും, മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയാണവരെന്നും ദാസൻ പറയുന്നു.
കായൽപരപ്പിനു മീതേ കൂടി നഗ്നയായി ഒരു സ്ത്രീ രൂപം വരുന്നതാണ് പിന്നീട് അവരുടെ കാഴ്ച. ചോരയും നീരുമുള്ള രണ്ട് ആണുങ്ങളെ അമ്മയ്ക്ക് വേണ്ടി പിടിച്ചു കൊണ്ട് വന്നിട്ടുണ്ടെന്ന് ദാസൻ ഉറക്കെ പറയുമ്പോൾ വീട് കുലുങ്ങുന്നു. ഇരുവർക്കും ഭയം. ‘പോകല്ലേ സാറന്മാരേ, ആളെപ്പിടിക്കുന്ന സൂത്രമറിയണ്ടേ’ എന്ന് ദാസൻ ചോദിക്കുന്നു. കായലിലൂടെ ഒഴുകിവരുന്ന അർപ്പുത മേരീ ദാസ് എന്ന കെട്ടു വഞ്ചിയുടെ അമരത്ത് ഇതേ ദാസൻ ഇരിക്കുന്നതും തെല്ലിട കഴിഞ്ഞ് ഇവർ കാണുന്നു. ‘എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” എന്ന വചനം ആ കെട്ടുവഞ്ചിയിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു.
മാത്യുവിന്റെ സുവിശേഷത്തിൽ നിന്നുമുള്ള ഒരു വചനം. അതിനുശേഷം കഥയുടെ തുടക്കത്തിലേക്ക് ഒന്നുകൂടി പോകുമ്പോൾ ദാസൻ താമസിക്കുന്നത് ഗലീലി ദ്വീപിലാണെന്ന് മനസ്സിലാകുന്നു. ബൈബിൾ പശ്ചാത്തലത്തിൽ ഒഴുക്കോടെ പറഞ്ഞുപോയ ഒരു കഥ. വായിച്ച് അവസാനം അയുക്തികമായ അന്തരീക്ഷത്തിലേക്ക് കഥാകൃത്ത് നമ്മളെ കൊണ്ടുപോകുന്നുണ്ട്. പക്ഷെ, ഭ്രമകൽപ്പനയുടെ സൗന്ദര്യം പരിപൂർണ്ണമായും വായനക്കാരെ അനുഭവിപ്പിക്കുന്നതിൽ പോരായ്മ കാണാം കഥാന്ത്യത്തിൽ. എങ്കിലും കഥയുടെ ഒഴുക്ക്, വായിച്ചുപോകാൻ പ്രേരിപ്പിക്കുന്നു എന്ന് പറയാം.
സമകാലിക മലയാളം വാരികയിൽ ബി രവികുമാർ എഴുതിയ ‘കിരാതവൃത്തം’ എന്ന കഥ, കുഞ്ചൻ നമ്പ്യാരുടെയും രാമപുരത്ത് വാര്യരുടെയും ജീവിതകാലയളവിലെ ചില കാര്യങ്ങൾ പറയുന്നു. മലയാള സാഹിത്യ ചരിത്ര വിദ്യാർത്ഥികൾക്ക് താല്പര്യമുളവാക്കുന്ന രചനയാണിത്. കുറുപ്പന്മാരുടെ കളരിയിൽ ആയോധന വിദ്യ പഠിക്കാൻ വരുന്ന നമ്പ്യാരിൽ നിന്നുമാണ് കഥയുടെ ആരംഭം. തുടർന്ന് സുഹൃത്തിനോടൊപ്പമുള്ള വഞ്ചി യാത്ര. ആ സമയത്ത് വഞ്ചിപ്പാട്ടിന്റെ താളത്തിൽ നമ്പ്യാരുടെ മനസ്സിൽ രൂപപ്പെട്ടുവരുന്ന കവിതാ ശകലങ്ങൾ. സന്ദർഭത്തിന് അനുസരിച്ച് അതേ വൃത്തത്തിൽ അദ്ദേഹം രചിക്കുന്ന നാലുവരിക്കവിതകൾ. മാർത്താണ്ഡവർമ്മയും പടയും. പിൽക്കാലത്ത് മാർത്താണ്ഡവർമ്മയുടെ സദസ്സിലെ സ്ഥാനം. അവിടേക്ക് അവസാനം എത്തിപ്പെടുന്ന രാമപുരത്തു വാര്യർ. ഇതൊക്കെയാണ് കഥയിലെ പ്രധാന വസ്തുതകൾ.
കഥയുടെ കാലഘട്ടത്തിനോട് ഏറെക്കുറെ ചേരുന്ന വിധത്തിലുള്ളതാണ് ഇതിലെ ഭാഷ. പുരാണങ്ങളും ഭക്തിയും സന്ദർഭത്തോട് ചേരും വിധം പറയാനും കഴിഞ്ഞിട്ടുണ്ട് എഴുത്തുകാരന്. എങ്കിലും, ഒരു ചരിത്ര സന്ദർഭത്തെ അല്ലെങ്കിൽ ചരിത്ര വ്യക്തികളുടെ ജീവിതത്തെ പ്രമേയമാക്കി രചിക്കപ്പെടുന്ന കൃതികളിൽ ഫിക്ഷന് എത്രത്തോളം സാധ്യതയുണ്ട്?
ആ സാധ്യത എത്രത്തോളം ഈ കഥയിൽ ഉപയോഗിച്ചിട്ടുണ്ട് എന്നത് ചിന്താവിഷയമാകുന്നു.
കഥാകൃത്തിന്റെ ഭാവന കൊണ്ട് പ്രമേയത്തെ ഉയർന്ന വിതാനത്തിലേക്ക് ഉയർത്തുകയും, വായനക്കാർ കാണാത്ത, കേൾക്കാത്ത, അനുഭവിക്കാത്ത അനുഭൂതികൾ അവർക്ക് പകർന്നുകൊടുക്കുകയും ചെയ്യാൻ കഴിഞ്ഞാൽ കഥ അതിമനോഹരം എന്ന് പറയാം. ആ അർത്ഥത്തിൽ കിരാതവൃത്തം എന്ന ഈ കഥ എവിടെ ഉൾക്കൊള്ളിക്കണം എന്ന് വായനക്കാർ ആലോചിക്കട്ടെ.
ദേശാഭിമാനി വാരിക ലക്കം 33 ൽ വി ജെ ജയിംസ് എഴുതിയ ‘പളനിവേൽ പൊൻകുരിശ്’ എന്ന കഥയാണുള്ളത്. മുപ്പത് വർഷങ്ങൾക്ക് മുൻപ് തന്നിൽനിന്നും പിരിഞ്ഞുപോയ ബാല്യകാല സുഹൃത്ത് മുരുകനെ കണ്ടെത്താൻ ശ്രമിക്കുന്ന ആഖ്യാതാവാണ് ഇതിൽ. തമിഴ്നാട്ടിൽ നിന്നുമെത്തിയ നിർദ്ധന കുടുംബത്തിലെ കുട്ടിയോട് ചങ്ങാത്തമാകുന്നതും, വർഷാവർഷം പളനിയിലേക്ക് പോകുന്ന അവൻ പറയുന്ന അത്ഭുതങ്ങൾ കേട്ട് തനിക്കും പളനിയിലേക്ക് പോകണമെന്ന് പറയുന്നതും ആയ കഥാനായകനിൽ നിന്നും കഥ വികസിച്ചു കൊണ്ടേ പോകുന്നു. ക്രിസ്ത്യാനികൾക്ക് പളനി പുണ്യസ്ഥലം അല്ലാത്തതിനാൽ കുട്ടിയുടെ വാശി കാരണം മലയാറ്റൂർ പോകുവാൻ ആ കുടുംബം തീരുമാനിക്കുന്നു. പളനിയിൽ പോയിവന്ന മുരുകൻ നൂറ് മയിലുകളെ കണ്ട കഥ പറയുമ്പോൾ, മലയാറ്റൂരിൽ നൂറ് ആനകളെ കണ്ട കാര്യം പറയുന്നു കുട്ടിയായ ആഖ്യാതാവ്.
വായനക്കാരുടെ മനസ്സിലേക്കാണ് വി ജെ ജെയിംസ് കഥ പറഞ്ഞ് ചെല്ലുന്നത്. ബാല്യത്തിന്റെ എല്ലാ നിഷ്കളങ്കതയും വളരെ മനോഹരമായി പകർത്തിവെക്കുന്നുണ്ട് കഥയിൽ. ഏതോ ഒരു സമയത്ത് പെട്ടെന്നാണ് പളനിയെ കണ്ടു പിടിക്കാൻ ഇയാൾക്ക് തോന്നുന്നത്. അതിനുവേണ്ടി ഫേസ്ബുക്കിലും മറ്റും നടത്തിയ അന്വേഷണം ആദ്യം ഫലം കാണുന്നില്ല. തൃശ്ശൂരിൽ ഒരു ഹോട്ടൽ നടത്തുന്ന ആൾ, ഫേസ്ബുക്കിൽ സൂചിപ്പിച്ച വ്യക്തി ആകാമെന്ന് ആരോ അറിയിക്കുന്നു. അവിടെവച്ച് ബാല്യകാല സുഹൃത്തിനെ രണ്ടാമത് കാണുമ്പോഴുണ്ടാകുന്ന ഇരുവരുടെയും വൈകാരികതയാണ് കഥാവസാനം കാണാനാവുന്നത്.
“മുപ്പതു വർഷം മുമ്പുള്ള ഒരു ആശ്ലേഷത്തിന്റെ കടം വീട്ടുമ്പോൾ, ബാല്യത്തിൽ അവനെനിക്ക് നൽകിയ പളനിയാണ്ടവന്റെ വേൽ പിളർന്ന് വടക്കും നാഥൻ സാക്ഷിയായി ആദ്യം ത്രിശൂലവും തുടർന്ന് കുരിശുമായി മാറുന്ന രഹസ്യം എനിക്ക് രഹസ്യമേയല്ലാതായി!”
ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്നുമുള്ള ഒരു സംഭവത്തെ അവലംബിച്ച് എത്ര മനോഹരമായാണ് ദാർശനിക മാനത്തിലേക്ക് കഥയെ എഴുത്തുകാരൻ ഉയർത്തുന്നത് എന്ന് നോക്കുക..!
കഥയോടൊപ്പം ഉൾച്ചേർത്ത രാഷ്ട്രീയം സൃഷ്ടിയെ ഒന്നുകൂടി മനോഹരമാക്കുന്നു.
ദേശാഭിമാനിയുടെ മുപ്പത്തി നാലാം ലക്കത്തിൽ രണ്ടു കഥകളുണ്ട്. ആദ്യത്തേത് വർഗീസ് അങ്കമാലിയുടെ ‘സഹയാത്രിക’
പഞ്ചനക്ഷത്ര സൗകര്യമുള്ള റിട്ടയർമെന്റ് ഹോമിലെ അന്തേവാസികളായ പയസ്സിന്റെയും ലിസമ്മയുടെയും കഥ പറയുന്നു. കാഴ്ച തീരെ കുറഞ്ഞുപോയ ലിസമ്മയെ എല്ലാ കാര്യത്തിലും സഹായിക്കുന്ന പയസ്. രാത്രിയിൽ ഒന്നോ രണ്ടോ പെഗ് അടിച്ച് മൊബൈൽ ഫോണിൽ ‘ചോരയും നീരും ഉള്ളവർക്ക് വേണ്ടിയുള്ള’ കാര്യങ്ങൾ കാണുന്ന പയസ്. അതിനോടൊക്കെ നീരസം പുലർത്തുന്ന ഭാര്യ.
തങ്ങളുടെ യൗവനകാലത്തെ കുറിച്ചൊക്കെ ലിസമ്മ ഓർക്കുന്നുണ്ട്. കല്യാണം കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ തന്നോടു ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും,ഖത്തറിലേക്ക് തിരിച്ചു പോയതിനുശേഷം പിരിഞ്ഞിരിക്കുന്നതിന്റെ വിഷമം പങ്കുവെക്കുന്ന കാര്യവും, പിന്നീട് രണ്ടു മക്കളുണ്ടാവുന്നതും, മൂത്തമകൾ ടെൽമ ഭർത്താവിനോടൊപ്പം അമേരിക്കയിൽ താമസിക്കുന്നതും കഥയിൽ വരുന്നുണ്ട്. പക്ഷേ മകൻ ഒരു ഈഴവ പെൺകുട്ടിയെ വിവാഹം ചെയ്യുന്നതോടെ ലിസമ്മ മകനിൽ നിന്നും അകലുന്നു. വാർദ്ധക്യം വരെ അതേ അകൽച്ചയിൽ തന്നെയായിരുന്നു എങ്കിലും അച്ഛൻ പയസ് കൂടെക്കൂടെ മകനോട് മിണ്ടുമായിരുന്നു. സമൂഹത്തിന്റെ കുത്തുവാക്കുകൾ ഭയന്ന് മകനെ അകറ്റിനിർത്തിയ അമ്മയുടെ ചെയ്തിയോട് പയസ്സിന് നീരസവും ഉണ്ട്.
റിട്ടയർമെന്റ് ഹോമിലെ അടുത്ത കൂട്ടുകാരി മരിച്ചുപോയത്, അത്രയ്ക്ക് കാഴ്ചയില്ലാത്ത ലിസമ്മ മനസ്സിലാക്കുന്നത് പയസിന്റെ കണ്ണിൽ കൂടിയാണെന്നും പറയുന്നു. അവസാനം, കടുത്ത പനിയിൽ കിടു കിടാ വിറക്കുന്ന പയസിനെ ആംബുലൻസിൽ കയറ്റിക്കൊണ്ടു പോകുന്നു. ആധിയോടെ ലിസമ്മ അയാളുടെ വിളിക്കായി കാത്തു നിൽക്കുന്നു.
വാർദ്ധക്യത്തിന്റെ വിഹ്വലതകൾ ഇതിന് മുൻപും പലരും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. വർഗീസ് അങ്കമാലിയും പറഞ്ഞിട്ടുണ്ട്. സവിശേഷമായ ഒരു അനുഭൂതി അല്ലെങ്കിൽ പുതിയ ഒരു കഥയായി അനുഭവപ്പെടുന്ന തരത്തിൽ കാര്യമായിട്ട് ഒന്നും ഇക്കഥയിൽ ഇല്ല. പക്ഷേ വളരെ നന്നായി എഡിറ്റ് ചെയ്യപ്പെട്ട കഥ എന്ന് പറയാതിരിക്കാൻ നിർവാഹമില്ല.
ദേശാഭിമാനിയിലെ രണ്ടാമത്തെ കഥ ജേക്കബ് എബ്രഹാമിന്റെ ‘ക്രിസ്മസ് കിസ്’ ആണ്. കഥയുടെ തുടക്കത്തിൽ, വിവരണങ്ങളുടെ അതി പ്രസരമുണ്ട്, ആവർത്തനങ്ങളും. പൂവൻമല എന്ന ഒരൊറ്റ സ്ഥലത്ത് നടക്കുന്ന കഥ. പക്ഷേ, തുടക്കം മുതൽ സ്ഥലപ്പേരിന്റെ ആവർത്തനം. എഡിറ്റിങ്ങിലെ വൈദഗ്ദ്ധ്യമില്ലായ്മ വീണ്ടും കാണാം.
“സാധാരണ ദിവസങ്ങളിൽ റബ്ബർ തോട്ടച്ചെരിവുകളിലൂടെ സൂര്യൻ സാധാരണ വന്നെത്തിനോക്കി മടങ്ങുന്ന പൂവൻ മലയിൽ മൊത്തത്തിൽ ഒരു ക്രിസ്മസ് ആവേശം പടർന്ന പോലെ തോന്നി.”
വളരെ വളരെ അപക്വമാണ് ഈ എഴുത്ത്.
ശേഷം കഥാകൃത്ത് പറയുന്നത് നാട്ടിൽ നിന്നും പല വിദേശങ്ങളിലേക്കും ജോലിക്കായി പോയവരുടെ വീടുകളിലെ ക്രിസ്മസ് തയ്യാറെടുപ്പുകളെ കുറിച്ചാണ്. അവരൊക്കെ ഈ സമയത്ത് നാട്ടിൽ വരുന്നതും, ക്രിസ്മസ് കരോൾ യാത്രയും, ആ കരോളിൽ അപ്പൂപ്പന്റെ വേഷം കെട്ടുന്നവർ മനപ്പൂർവം തങ്ങളുടെ കാമുകിമാരുടെ വീടുകളിലേക്ക് എത്തുമ്പോൾ അവരോടൊപ്പം നൃത്തം ചെയ്യുന്നതും പറയുന്നു. അവിടെയൊക്കെ ഭേദപ്പെട്ട ഒഴുക്കുണ്ട് കഥയ്ക്ക്. ആ കരോൾ രാവുകൾക്ക് വീര്യം പകരുന്ന അഞ്ചാറു ചെറുപ്പക്കാരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ.
അതിലൊരാളാണ് ടാക്സിക്കാരൻ ജോസ്. അയാളുടെ കാമുകിയായിരുന്നു ആനി. തന്നോടൊപ്പം കാനഡയിലേക്ക് പോകാൻ കൂട്ടാക്കാത്തതിനാൽ ആനി ജോസിനെ ഒഴിവാക്കി വേറെ കല്യാണം കഴിച്ചു. ക്രിസ്മസിന് നാട്ടിൽ വന്ന ആനിയോടൊത്ത് ഒരു വട്ടം ശയിക്കുന്നു ജോസ്. പിന്നെ കഥയിൽ കാണാവുന്നത് നാട്ടിൽ നിന്നും അയർലണ്ടിലേക്ക് രക്ഷപ്പെട്ട റോണിയെ വീഡിയോ കോൾ ചെയ്യുന്നതാണ്. അതിനിടയിൽ ഒരു വിദേശിപ്പെൺകുട്ടി അയാളെ ചുംബിക്കുന്നു. നേരത്തെ പറഞ്ഞ അഞ്ചാറു യുവാക്കളിൽ ഒരാളായ രഘു, ” ഇതിലിങ്ങനെ അസൂയപ്പെടാൻ എന്തുവാ… നമ്മുടെ ഒരു കൂട്ടുകാരൻ ഒരു മദാമ്മ പെണ്ണിനെ ഉമ്മ വച്ചു എന്നു പറഞ്ഞാ സന്തോഷിക്കയല്ലേ വേണ്ടത്” എന്ന് പറയുന്നു. അത് കേട്ട് എല്ലാവരും ചിരിക്കുന്നു.
ഇതാണ് കഥ!
ഇതിലെ കഥ എന്താണെന്ന് ഒരു പിടിയുമില്ല. അഥവാ എന്തെങ്കിലും ഉണ്ട് എന്ന് തോന്നുന്നുവെങ്കിൽ അത് വളരെ വളരെ പൈങ്കിളി നിലവാരത്തിലുള്ള പ്രണയ രതി ചാപല്യങ്ങൾ മാത്രം. കഥ അവസാനിക്കുന്ന ഖണ്ഡികയാവട്ടെ, നിർമ്മിക്കപ്പെട്ട കുറച്ച് വാക്കുകളുടെ പ്രയോഗങ്ങളും.
കവർ : വിത്സൺ ശാരദാ ആനന്ദ്