പൂമുഖം LITERATUREനിരൂപണം കഥാവാരം – 36

കഥാവാരം – 36

അനുഭവങ്ങളെയും ഭാവനകളെയും അതിന്റെ ഏറ്റവും ഉന്നതമായ വൈകാരികതയിൽ കഥയായി പരിവർത്തിപ്പിക്കുന്നു നല്ല എഴുത്തുകാർ. ഒരു നല്ല കഥ വായിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ഒരു നല്ല സിനിമ കണ്ടുകഴിഞ്ഞാൽ, തനിക്ക് ലഭ്യമായ അനുഭൂതി വേറെ ആരോടെങ്കിലും പറയുക എന്ന ഒരു ത്വര പലരിലും ഉണ്ടാകുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പുസ്തകം സുഹൃത്തുക്കൾക്ക് ശുപാർശ ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്.

അതുപോലെ, അന്യഭാഷകളിൽ രചിക്കപ്പെട്ട ഏതെങ്കിലും ഒരു സർഗ്ഗസൃഷ്ടി വായിച്ചതിനുശേഷം, ആ ഒരു എഴുത്ത് ഉണ്ടാക്കിയ അനല്പമായ ആഹ്ലാദത്തിൽ നിന്നും, മാതൃഭാഷയിലേക്ക് അതിനെ പരിഭാഷപ്പെടുത്താൻ ശ്രമിക്കുന്നു പരിഭാഷകർ. മൂലകൃതിയുടെ സൗന്ദര്യവും, അതിന്റെ സാഹിത്യ മൂല്യവും ആണ് പരിഭാഷകനെ മൊഴിമാറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, രണ്ടു ഭാഷകളിൽ അവഗാഹം ഉണ്ട് എന്നതുകൊണ്ട് മാത്രം, ചിലർ ഒരു ഭാഷയിൽ നിന്നും മറ്റൊന്നിലേക്ക് കൃതികളെ വിവർത്തനം ചെയ്യാറുണ്ട്. മൂലകൃതിയും പരിഭാഷകനും തമ്മിൽ വ്യക്തിപരമായ അടുപ്പം വന്നില്ലെങ്കിൽ അത്തരം പരിഭാഷകൾ കലാപരമായ ഔന്നത്യം ഉൾക്കൊള്ളുകയില്ല. ചില പരിഭാഷകൾ വായിക്കുമ്പോൾ, പദാനുപദ തർജ്ജമ എന്നോ പരസ്പര ബന്ധമില്ലാത്ത വിവരണം എന്നോ തോന്നുന്നത് ഈ കാരണം കൊണ്ടാണ്. അന്യഭാഷയിലുള്ള കൃതിയുടെ സൗന്ദര്യം, പരിഭാഷകന്റേത് മാത്രമായ ഉൽക്കട വികാര: ഇത് രണ്ടും ഒരുപോലെ സമ്മേളിക്കുമ്പോൾ ദ്വിഭാഷിയായ വിവർത്തകൻ ഏറ്റവും നല്ല പരിഭാഷ നിർവഹിക്കുന്നു.

മാതൃഭൂമി വാരികയിൽ കെ മുഹമ്മദ് റിയാസ് എന്ന സിംഗപ്പൂർ തമിഴ് സാഹിത്യകാരന്റെ ‘മുളരി’ എന്ന കഥയുണ്ട്. പരിഭാഷ എ കെ റിയാസ് മുഹമ്മദ്.

കെ മുഹമ്മദ്‌ റിയാസ്

മുഖ്യധാരാ സാഹിത്യ ലോകത്ത് അത്രയേറെ അനുഭവസമ്പന്നത അവകാശപ്പെടാൻ ഇല്ലാത്ത എഴുത്തുകാരനാണ് കഥാകൃത്ത് എന്ന് പരിഭാഷകന്റെ അഭിമുഖത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. കഥയ്ക്ക് സ്വീകരിച്ച തലക്കെട്ടും കഥയുടെ സ്വഭാവവും തമ്മിലുള്ള ബന്ധം, തെരഞ്ഞെടുത്ത ഇതിവൃത്തത്തിലെ പുതുമ, ഒടുക്കം എന്നിവയെല്ലാം ഒരു തുടക്കക്കാരനിൽ നിന്നും പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. എങ്കിലും ഒരു അത്യസാധാരണ കഥ എന്ന് വിശേഷിപ്പിക്കുവാൻ പര്യാപ്തമല്ല എന്ന് പറയേണ്ടിയിരിക്കുന്നു.

പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയ ആഖ്യാതാവ്, ഇന്തോനേഷ്യയിലെ ദീപുകളിലെ ഗോത്രവർഗ്ഗക്കാരെ കാണാനും അവിടെനിന്നും ഫോട്ടോ എടുക്കുന്നതിനും മറ്റുമായി യാത്ര പോകുന്നതാണ് കഥ. വിനോദസഞ്ചാരികൾക്കുള്ള വഴികാട്ടിയായ ജേക്കബിനോടൊപ്പമാണ് അയാളുടെ യാത്ര. പേടിപ്പെടുത്തുന്നതും ദുരൂഹവുമായുള്ള അനവധി കാര്യങ്ങളിൽ കൂടി കഥ പോകുന്നു. നര ബലി നടത്തുന്ന ഗോത്രവർഗ്ഗക്കാരായ ഇവർക്ക് പുറംലോകവുമായി അധികമൊന്നും ബന്ധമില്ല. തങ്ങളുടേത് മാത്രമായ ലോകത്തേക്ക് കടന്നുവരുന്ന എല്ലാവരും ഏതൊരു സമൂഹത്തിലും അതിക്രമികാരികളാണ്. അവരെ ചെറുക്കുന്നത് ഒരു ജീവ വർഗ്ഗത്തിന്റെ നിലനിൽപ്പിന് ആവശ്യവുമാണ്. തങ്ങളുടെ സ്വകാര്യതകളിലേക്കും ആചാര അനുഷ്ഠാനങ്ങളിലേക്കും ഉള്ള അന്യന്റെ കടന്ന് വരവ് ആപൽക്കരമാകും എന്നതിനാൽ ഒരിക്കൽ ആ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു പോകാൻ ഗോത്രത്തിലെ ഒരു അംഗമായ ജേക്കബ് എന്ന വിനോദസഞ്ചാര വഴികാട്ടി ആഖ്യാതാവിനോട് ആവശ്യപ്പെടുന്നുമുണ്ട്.

പക്ഷേ, അവരുടേത് മാത്രമായ ചടങ്ങുകൾക്ക് ദൃക്സാക്ഷിയായിരിക്കെ പരിഷ്കൃത മനുഷ്യന് ഉൾക്കൊള്ളാൻ പറ്റാത്ത യാഥാർത്ഥ്യം കൺമുമ്പിൽ സംഭവിക്കുമ്പോൾ അതിനെ തടയുന്നു ഇയാൾ. ഇതുവരെ സ്വാഭാവികമായി കടന്നു പോകുന്നു കഥ. പക്ഷേ വിശദമായ വിവരണങ്ങളിലുള്ള കഥപറച്ചിൽ ഏതെങ്കിലും ഒന്നിലേക്ക് കേന്ദ്രീകരിക്കാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതല്ല. കഥാപാത്രങ്ങളെക്കുറിച്ചോ അവരുടെ മാനസിക വ്യാപാരങ്ങളെക്കുറിച്ചോ ഉറച്ച ബോധ്യം വായനക്കാർക്ക് വരുത്തുന്നതിലേറെ കഥാന്തരീക്ഷത്തെക്കുറിച്ചുള്ള വിവരമാണ് അധികവും. അതിനാൽ കഥാപാത്രത്തോട് വായനക്കാർക്ക് അവശ്യം വേണ്ടതുള്ള മാനസികമായ അടുപ്പം സംഭവിക്കുന്നോ എന്ന കാര്യത്തിൽ സംശയമുണ്ട്.

എന്നാൽ പിന്നീട് കഥയുടെ ഗതി വായനക്കാർ മനസ്സിലാക്കുന്നതിൽ നിന്നും വളരെ വിഭിന്നമാണ്. കഥ അവസാനിക്കുന്നത്, ഭ്രമാത്മകതയുടെ അന്തരീക്ഷത്തിലാണ്. തുടക്കത്തിലും അവസാനത്തിലും ഉള്ള കഥയുടെ സൗന്ദര്യം, ഉള്ളടക്കത്തിലെ വ്യത്യസ്തത എന്നിവയോട് പരിപൂർണ്ണമായും നീതിപുലർത്തുന്നതല്ല കഥയുടെ മധ്യഭാഗത്തെ പറച്ചിൽ. അനാവശ്യ വിവരണങ്ങൾ ഒഴിവാക്കി കഥയ്ക്ക് ഒന്നുകൂടി മുറുക്കം നൽകിയിരുന്നുവെങ്കിൽ വളരെ മനോഹരമായ സൃഷ്ടിയാകുമായിരുന്നു ഇത്. അപ്പോഴും മലയാളത്തിലേക്കുള്ള പരിഭാഷ, സുന്ദരമായിരിക്കുന്നു എന്നുതന്നെ പറയണം. പ്രതിഭയുള്ള വിവർത്തകനാണ് എ കെ റിയാസ് മുഹമ്മദ് എന്നതിൽ തർക്കമില്ല.

അപർണ കുറുപ്പ്

അപർണ കുറുപ്പ് എഴുതിയ ‘ഫെയ്ക്ക് ഐഡി’ എന്ന കഥയാണ് മാധ്യമം വാരികയിൽ ആദ്യത്തേത്. ഒരു പുരുഷ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയും അഭിപ്രായപ്രകടനങ്ങൾ ചെയ്യുകയും ചെയ്യുന്ന നിലീന എന്ന പത്രപ്രവർത്തകയുടെ കഥ. അതിനായി നിലീന ഉണ്ടാക്കിയ സൈമൺ സി സക്കറിയ എന്ന വ്യാജ ഐഡി, പിന്നീട് യഥാർത്ഥ ലോകത്തിൽ ഇടപെടാൻ തുടങ്ങുന്നു. അക്രമികളെ കായികമായി നേരിടുന്നു. പോക്സോ കേസ് പ്രതിയായ അറുപത്തിയഞ്ചുകാരനെ കൊന്നുകളയുന്നു. ഭാര്യയെ പീഡിപ്പിക്കുന്നവനെ ബുള്ളറ്റ് കൊണ്ട് ഇടിച്ചു വീഴ്ത്തി പരിക്കേൽപ്പിക്കുന്നു.

ഇക്കാര്യങ്ങളൊക്കെ നിലീനയോട് പറയുന്നുമുണ്ട് സൈമൺ. തന്റെ മനഃശാസ്ത്രജ്ഞനോട്‌ ഇത് പറഞ്ഞപ്പോൾ അതൊക്കെ വെറും ഹാലൂസിനേഷൻ മാത്രമാണ് എന്ന് പറയുന്നു ഡോക്ടർ. അത് മാറാൻ രാത്രിയിൽ കഴിക്കാൻ ഗുളികയും കൊടുക്കുന്നു. പിന്നീട് എട്ടുവയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത വാർത്ത വരുന്നു. അതിലെ പ്രതിയായ അമ്പത്തിയാറുകാരനായ ഓട്ടോ ഡ്രൈവർ, ഞരമ്പ് മുറിച്ച് കൊല്ലപ്പെട്ടതായി കാണപ്പെടുന്നു. അത് താൻ ചെയ്തതാണ് എന്ന അവകാശവാദവുമായി വീണ്ടും സൈമൺ. കടുത്ത മാനസിക സമ്മർദ്ദത്തിൽ നിന്നും രക്ഷ നേടുവാൻ വേണ്ടി മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തുമ്പോൾ അവിടെ നിലീന കാണുന്നത് ഡോക്ടർക്ക് മുമ്പിലിരിക്കുന്ന സൈമണിനെയാണ്. തന്നെപ്പോലെ അയാളും നാലുമാസമായി ഡോക്ടറുടെ ചികിത്സയിലാണ് എന്ന കാര്യം അവിടെ വച്ച് കേൾക്കുന്നു. തന്റെ തോന്നലിൽ ഇടയ്ക്കിടെ നിലീന പ്രത്യക്ഷപ്പെടുന്നു എന്ന് പറയുന്ന സൈമൺ. ഇതാണ് കഥാസംഗ്രഹം.

രണ്ടുപേർക്ക് പരസ്പരമുള്ള തോന്നൽ. ആരാണ് യാഥാർത്ഥ്യം, ആരാണ് തോന്നൽ എന്നതിൽ വായനക്കാർക്ക് ആശയക്കുഴപ്പം. വേണമെങ്കിൽ നിലീനയും സൈമണും യാഥാർത്ഥ്യവും ഡോക്ടർ തോന്നലും എന്ന രീതിയിലും കാണാം. ദുർബലമായ കഥ. ഭ്രമകൽപ്പന കഥയിൽ സന്നിവേശിപ്പിക്കാൻ ശ്രമിക്കുമ്പോൾ, അതിന് അനുബന്ധമായ കാര്യങ്ങളിൽ അവിശ്വസനീയമായവയെ വിശ്വാസയോഗ്യം എന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കണം. അല്ലാത്തപക്ഷം വെറുമൊരു പറച്ചിൽ മാത്രമേ ആകൂ കഥ.

ഉണ്ണികൃഷ്ണൻ കളീക്കൽ

ഉണ്ണികൃഷ്ണൻ കളീക്കൽ എഴുതിയ ‘ഹോട്ടൽ രാജഗോപാൽ’ ആണ് മാധ്യമത്തിലെ രണ്ടാമത്തെ കഥ. പഴയകാല ചായക്കട നടത്തിപ്പിലെ മാനുഷിക മൂല്യങ്ങളും പുതിയകാലത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരവും പറയുന്ന കഥ. ഒറ്റവാക്യത്തിലുള്ള സംഗ്രഹം ഇതാണ്. അച്ഛൻ ചായക്കട നടത്തുമ്പോൾ നന്മയുടെ നിറകുടം. മകൻ അധികാരമേറ്റെടുക്കുമ്പോൾ മൂല്യച്യുതി. അതിഭാഷണം കൊണ്ട് ദൈർഘ്യമേറുകയും വെറുതെ ഒരു കഥ എന്ന നിലയിലേക്ക് മാത്രം ചുരുങ്ങുന്നതുമായ ഒരു സൃഷ്ടി.

കഥയുടെ സംഗ്രഹം ഇതായിരിക്കെ, എന്തൊക്കെ കാര്യങ്ങളാണ് എഴുത്തുകാരൻ പറയുന്നത് എന്ന് ശ്രദ്ധിച്ചാൽ അതിഭാഷണത്തിന്റെ സ്ഥൂലത വ്യക്തമാകും. കഥയുടെ കാലഘട്ടത്തെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും ഒരു ഏകദേശ ധാരണ വായനക്കാർക്ക് നൽകാൻ വേണ്ടി ആദ്യത്തെ ഖണ്ഡിക കഥാകൃത്ത് പറയുന്നത് മനസ്സിലാക്കാം. പിന്നീട് ആ ഹോട്ടലിലെ ജീവനക്കാരെയും മറ്റുമുള്ള വിവരണം പരന്നുകിടക്കുന്നുണ്ട്. അതിൽ ഓരോ കഥാപാത്രങ്ങളും എത്രത്തോളം ഈ കഥയിൽ പ്രാധാന്യമുള്ളവയാണ് എന്ന് വിശ്വസിപ്പിക്കാൻ പര്യാപ്തമാകണം ഈ വിവരണം. ആ ഹോട്ടലിലെ പലഹാരങ്ങളെക്കുറിച്ചും അച്ചാറിനെക്കുറിച്ചും പെരുന്നാള് കൂടുന്നതിനെക്കുറിച്ചും കുറെയേറെ. ഉണ്ണിക്കുട്ടൻ, രാജശ്രീ, അജയൻ എന്നീ മക്കളെക്കുറിച്ച്. അവർ സ്കൂളിൽ പോകുന്ന വിധം. തൊട്ടപ്പുറത്തുള്ള പോലീസുകാരന്റെ വീട്, കുടുംബം. സ്കൂളിൽ പോകുമ്പോൾ ഈ കുട്ടികൾ മിഠായി കൊണ്ടുപോകുന്നത്. കുറേ കാലങ്ങൾക്ക് ശേഷം മൂത്ത മകനെ പോലീസ് പിടിക്കുന്നത്. മർദ്ദിച്ചവശനാക്കി തിരിച്ചു വീട്ടിലാക്കുന്നത്. പിന്നീട് വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതും അനുബന്ധമായി കിണറ്റിൽ ചാടി അവൻ ആത്മഹത്യ ചെയ്യുന്നതും. പിന്നെ രാജശ്രീ പ്രീഡിഗ്രിയിൽ തോൽക്കുന്നത്. അവളെ കോയമ്പത്തൂർക്ക് കെട്ടിച്ചയക്കുന്നത്. വായനക്കാർ അറിയുക, ഇതൊരു നോവൽ അല്ല, ചെറുകഥയാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾക്കൊക്കെ കഥയിൽ എന്തു പ്രസക്തിയാണുള്ളത്?
അല്ലെങ്കിൽ മേൽ സംഗ്രഹം അല്ലാത്ത പുതിയ ഭാവതലം എന്താണ് കഥയ്ക്കുള്ളത് എന്ന് കഥാകൃത്ത് വായനക്കാരെ അറിയിക്കേണ്ടതുണ്ട്. കഥ വായിച്ചു കഴിഞ്ഞപ്പോൾ ഭേദപ്പെട്ട രചനകൾ നടത്തിയിട്ടുള്ള ഉണ്ണികൃഷ്ണൻ കളീക്കൽ നിരാശപ്പെടുത്തി എന്ന് മാത്രമേ പറയുന്നുള്ളൂ.

മരുമക്കത്തായ ആചാരമനുസരിച്ച്, പെങ്ങൾക്കും അനന്തരവന്മാർക്കും വേണ്ടി ജീവിക്കുകയും, അവസാനകാലത്ത് കഷ്ടപ്പാടു നാളുകളിൽ അവരാൽ തന്നെ തള്ളി പറയപ്പെടുകയും ചെയ്ത ഗൃഹനാഥന്റെ കഥയാണ് സമകാലിക മലയാളം വാരികയിൽ രാജേഷ് ആർ വർമ്മ എഴുതിയ ‘തായം’. ഇക്കഥയിൽ ആവശ്യത്തിന് കഥാപാത്രങ്ങളെയുള്ളൂ. വിവരണങ്ങളിൽ അനാവശ്യമെന്ന് പറഞ്ഞ് ഒഴിവാക്കേണ്ടുന്നവ കുറവ്. പക്ഷേ കഥയിൽ പുതുമ തേടുന്നവർക്ക് ഇത് പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യുമെന്ന് തോന്നുന്നില്ല. വെറുതെ വായിച്ചു പോകാം.

രാജേഷ് ആർ വർമ്മ

സാമ്പ്രദായിക രചനാ ശൈലിയിൽ നിന്നും വ്യത്യസ്തമായ അവതരണമോ, രണ്ടുവട്ടം വായിച്ചു പോകാവുന്ന വിധത്തിലുള്ള ക്രാഫ്റ്റിങ്ങോ ഓർമ്മയിൽ സൂക്ഷിച്ചു വെക്കാവുന്ന വാക്യങ്ങളോ ഒന്നും ഇക്കഥയിൽ കാണില്ല. തന്റെ കുടുംബത്തെ എന്നതുപോലെ സഹോദരിയുടെ കുടുംബത്തെയും പരിപാലിച്ചു പോന്നിരുന്ന ഗൃഹനാഥൻ, അതിന്റെ പേരിൽ അദ്ദേഹത്തോട് നീരസം പ്രകടിപ്പിക്കുന്ന ഭാര്യ, മാതാപിതാക്കൾക്കിടയിൽ ഉള്ള ചെറിയ ചെറിയ കലഹങ്ങൾക്കിടയിൽ മധ്യവർത്തിയായി വരുന്ന ചെറുപ്രായത്തിലുള്ള മകൻ, ഇങ്ങനെ നമ്മൾ കണ്ടും കേട്ടും പരിചയിച്ച ചില രംഗങ്ങൾ. പക്ഷേ ഇതേ സഹോദരന്റെ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലാകുന്ന സമയത്ത് ഇയാളെ ആശ്വസിപ്പിക്കാൻ അവരൊന്നും എത്തുന്നില്ല എന്ന പതിവ് ക്ലീഷേ തന്നെയല്ലേ ഈ കഥ. മകൻ അമ്മയുടെ കുടുംബത്തെ പോലെ പഠിച്ചു പഠിച്ച് സർക്കാർ ഉദ്യോഗസ്ഥനാകുന്നു. അപ്പോഴും അച്ഛന്റെ ബോധ ഉപബോധ മനസ്സുകളിൽ പെങ്ങളും മരുമകനും മരുമകളും മാത്രമാണുള്ളത്. അതിനുമുമ്പ് തങ്ങളുടെ സ്വത്ത് അധീനപ്പെടുത്താൻ ശ്രമിച്ച അച്ഛന്റെ കുടുംബക്കാരെ കുറിച്ച് അപ്പോഴും ഒന്നുമറിയാത്ത പോലെ ഇരിക്കുന്നു ആ പിതാവ്. പിന്നീട് അച്ഛൻ മരിച്ചപ്പോൾ പതിവുപോലെ ഏറ്റവും അലമുറയിട്ട് കരയുന്നത് ഈ പെങ്ങൾ തന്നെ.

എന്നിരുന്നാലും ഇതിനു ശേഷം കഥാവസാനത്തിൽ പറയുന്ന കുറച്ച് കാര്യങ്ങൾ രസകരമാണ്.
“രണ്ടുമാസം കൂടി കഴിഞ്ഞപ്പോൾ വാഴ കുലച്ചു. നല്ല മുഴുപ്പും ഭംഗിയുമുള്ള ഒന്നാം തരം പടറ്റിക്കുല.പ്രതീക്ഷിച്ചത് പോലെ തന്നെ, മതിലിനപ്പുറത്ത് വല്യപ്പച്ചിയുടെ മുറ്റത്തേക്ക് ചാഞ്ഞു കിടക്കുന്നു.”
കഥ സുന്ദരമായി അവസാനിപ്പിച്ചു എന്ന് പറയുന്നതിന് ഈ വാചകങ്ങൾ അടിവരയിടുന്നു.

ദേശാഭിമാനി വാരികയിൽ രണ്ട് ലക്കങ്ങളിലായി തോമസ് ചെറിയാൻ എഴുതിയ കഥയാണ് ‘കാണാതായവരുടെ മ്യൂസിയം’. വളരെ ഉച്ചത്തിൽ രാഷ്ട്രീയം പറയുന്ന കഥയാണിത്. പൗരത്വ പ്രക്ഷോഭകാലത്ത് നമ്മൾ ദിനേന എന്നോണം വർത്തമാന പത്രങ്ങളിൽ കണ്ടുകൊണ്ടേയിരുന്ന കാര്യം ഒരു കഥയുടെ രൂപത്തിൽ പറഞ്ഞിരിക്കുന്നു.

തോമസ് ചെറിയാൻ

അനുഭവങ്ങളെ, ഭാവനകൊണ്ട് ചലനാത്മകമാക്കുന്നതിൽ വിജയിച്ച സൃഷ്ടിയാണ് ഇത് എന്ന് പറയുക വയ്യ. കഥയിൽ പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ വായനക്കാരന് പുതുമ സമ്മാനിക്കുന്നവയും അല്ല. ആശയത്തിലെ ഈ ഒരു ദുർബലത ഒഴിച്ച് നിർത്തിയാൽ അവതരണത്തിൽ സവിശേഷതയുണ്ടോ എന്നാണ് രണ്ടാമത് നമ്മൾ നോക്കുക. ഏതൊരു സൃഷ്ടിയും വായനക്കാരനെ സ്വാധീനിക്കുന്നത് അല്ലെങ്കിൽ, അവനിൽ വൈകാരികമായ ചലനമുണ്ടാക്കുന്നത്, പറച്ചിലിലെ സ്വാഭാവികത കൊണ്ടാണ്. പ്രഗൽഭരായ എഴുത്തുകാരുടെ വർണ്ണനകൾ ചില പ്രതിപാദനങ്ങളെ സുന്ദരമാക്കുന്നു. എന്നാൽ അത്രത്തോളം പ്രാഗത്ഭ്യമില്ലാത്തവർ ചെയ്യുമ്പോൾ ചിലപ്പോൾ അനാവശ്യവും അരോചകവുമായി തോന്നുന്നു അത്തരം മിനുക്ക് പണികൾ. ദുഖകരമായതോ സഹതാപം അർഹിക്കുന്നതോ ആയ രംഗങ്ങളിൽ കൃത്രിമത്വം തുളുമ്പുന്ന പദപ്രയോഗങ്ങൾ തീർച്ചയായും അരോചകം തന്നെ.

പിതാവിനെ, പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ട് പോയ സമയത്ത്, അമ്മയുടെയും മകന്റെയും അവസ്ഥ കഥാകൃത്ത് വർണ്ണിച്ചിരിക്കുന്നത് നോക്കുക.
“അവന്റെ ക്ഷീണിച്ച കണ്ണുകളിലും ഇളം കവിളിലുമെല്ലാം വിഷാദം കൂടുകൂട്ടിയത് ആലിയ ശ്രദ്ധിച്ചു. ആകുലതകളിൽ നീറിപ്പിടഞ്ഞ ഷംസ്‌ ക്ഷീണത്താൽ മയക്കത്തിന്റെ തേരിലേറി. വിശപ്പും ദാഹവും കാര്യമാക്കാതെ അസ്വസ്ഥയായിരുന്ന ആലിയയിൽ ചിന്തകളുടെ കടലിരമ്പി. ഉറക്കം കൃഷ്ണമണികളെ തഴുകാത്തതിനാൽ കൺപോളകൾ പണിമുടക്കി”.
അവിദഗ്ധമായ ശില്പ വൈഭവത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ എഴുത്ത്. പദങ്ങൾ സുന്ദരമാണ് എന്ന തോന്നലിൽ സാഹചര്യം ആവശ്യപ്പെടാത്ത അലങ്കാരപ്പണി. നിഷേധ രൂപത്തിലുള്ള സന്ദർഭം പറയുമ്പോൾ ‘തേരിലേറി’ എന്ന പദം ഉപയോഗിക്കുന്നത് സാഹസമെന്നേ പറയാനുള്ളൂ!

കഥാവായനയിൽ വമ്പൻ കല്ലുകുടി അനുഭവപ്പെട്ട വേറെയും കാര്യങ്ങളുണ്ട്. വളരെ ഗൗരവത്തിൽ പറയുന്ന രാഷ്ട്രീയ സ്വഭാവമുള്ള കഥയാണല്ലോ ഇത്. അതുകൊണ്ടുതന്നെ ഇതിലെ സംഭാഷണങ്ങൾ പോലും പ്രസംഗ രൂപത്തിൽ നമുക്ക് കാണാൻ കഴിയുന്നു. (ആലിയയുടെയും ഫരീദിന്റെയും സംഭാഷണങ്ങൾ). പക്ഷേ അവയ്ക്ക് ശേഷമുള്ള കമന്ററി സ്വാഭാവികമായും ഒരു എഴുത്തു ഭാഷയിൽ തന്നെയാണ് വേണ്ടത്. ‘ഫരീദിന്റേം ആലിയയുടേം ഉപ്പേം ഉമ്മേം രാവിലെ തന്നെ ഫ്ലാറ്റിലെത്തി വിവരങ്ങൾ അന്വേഷിച്ചു’. എന്ന കാര്യം ഒരു കമന്ററിയായി ചേർക്കുമ്പോൾ “ഫരീദിന്റെയും ആലിയയുടെയും ഉപ്പയും ഉമ്മയും രാവിലെ തന്നെ ഫ്ലാറ്റിലെത്തി വിവരങ്ങൾ അന്വേഷിച്ചു” എന്ന് തന്നെ പറയണം. ആദ്യത്തേത് സംസാരഭാഷയിൽ മാത്രം ശരി.

അതുപോലെ പ്രസ്താവനകൾക്ക് ഭാഷയിൽ പൂർണ്ണരൂപം വേണം. ‘മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാ.’ ഈയൊരു പ്രസ്താവന ഭാഷയിൽ അപൂർണ്ണമാണ്. പക്ഷേ സംസാരത്തിൽ വികല പ്രയോഗം എന്ന് പറയാൻ പറ്റില്ല. അതിനാൽ എഴുത്തു ഭാഷയിൽ, ‘മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാണ്’ എന്ന പ്രസ്താവിച്ചാൽ മാത്രമേ പൂർണാർത്ഥമുള്ള വാക്യം ആകുന്നുള്ളൂ. അതിനാൽ, ‘അവരുടെ പപ്പ ചരിത്രകാരനും പ്രസംഗകനുമായ മാത്യു അലക്സാണ്ടർ റിട്ടയർ ചെയ്ത ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് ഹെഡാ.’ എന്ന വാക്യം ഭാഷാപരമായി അപൂർണ്ണമായ പ്രസ്താവനയാണ്. (റിട്ടയർ ചെയ്ത ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് എന്നതിലെ ഘടനാ വൈകല്യം മാറ്റിവെക്കാം).

ചുരുക്കിപ്പറഞ്ഞാൽ; വളരെ അശ്രദ്ധമായി കൈകാര്യം ചെയ്ത, പുതുമ തീരെ കാണാൻ കഴിയാത്ത, കൃത്രിമത്വവും വൈകല്യങ്ങളും ഏറെയുള്ള ഒരു കഥയായി മാത്രമേ ‘കാണാതായവരുടെ മ്യൂസിയം’ അനുഭവപ്പെട്ടുള്ളൂ.

Comments
Print Friendly, PDF & Email

You may also like