പൂമുഖം നോവൽ പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും! ഇതൾ – അഞ്ച്

പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും! ഇതൾ – അഞ്ച്

വിവാഹം കഴിഞ്ഞിട്ട് ഒൻപത് മാസങ്ങൾ കഴിഞ്ഞിരുന്നു. സാവിത്രി ഏഴ് മാസം ഗർഭിണിയും. ഏഴാം മാസം സീമന്തം, വളകാപ്പ്. ആഘോഷമായി സാവിത്രിയെ പ്രസവത്തിനായി അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിന്‍റെ തലേന്ന് രാത്രി, തികച്ചും യാദൃശ്ചികമായ് ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു.

ആകെ ഒരു അസ്വസ്ഥത

കണ്ണുകളടച്ച് ഉറക്കത്തെ കാത്തുകിടക്കുമ്പോഴാണ് വളരെ നേർത്ത ശബ്ദത്തിൽ ഒരു കരച്ചിൽ കേട്ടത്. ഒപ്പം എന്തോ ഒന്ന് തട്ടിമറിഞ്ഞ ശബ്ദവും. അദ്ദേഹത്തെ ഉണർത്താതെ വിളക്ക് തിരി ഉയർത്തി ഞാൻ കതകുതുറന്നു..

“യാരത്? യെന്ന ചത്തം? യാരങ്കെ അഴ്കിറത്?”

ധൃതിയിൽ ആരോ നടന്നുമാറുന്നത് ഞാൻ കണ്ടു. മുഖം കണ്ടില്ല എങ്കിലും ആരെന്നത് എനിക്ക് വ്യക്തമായിരുന്നു!

തട്ടിമറിഞ്ഞ മേശയുടെ അരികിൽ നിന്നും കനകം മെല്ലെ എഴുന്നേറ്റു. പതിമൂന്നുവയസ്സുകാരിയുടെ എന്തെന്നറിയാത്ത നിസ്സഹായതയും, ഭയവും, പരിഭ്രമവും ഒപ്പം രക്ഷപെടലിന്‍റെ ആശ്വാസവും വിളക്കിന്‍റെ പ്രഭയിൽ ഞാനാ കണ്ണുകളിൽ നിന്നും വായിച്ചെടുത്തു. അവളെ ബലമായിഎന്നിലേക്ക് ചേർത്തു പിടിക്കുമ്പോഴും, അവൾക്ക് കുടിക്കാൻ വെള്ളം കൊടുക്കുമ്പോഴും,അവളെ ആശ്വസിപ്പിക്കുമ്പോഴും അവളെനിക്ക് കനകം ആയിരുന്നില്ല. ദൂരെ ഗ്രാമത്തിൽ, മാതാപിതാക്കളുടെ കരുതലിൽ സുരക്ഷിതയായി ഉറങ്ങുന്ന എൻ്റെ അനുജത്തി സരസ്വതി ആയിരുന്നു.

രണ്ട് പെൺകുട്ടികൾ എത്രപെട്ടെന്നാണ് ഉച്ച നീചത്വങ്ങളുടെ അതിർത്തികളെ മായ്ച്ചുകളഞ്ഞ് വെറും മനുഷ്യരാകുന്നത്!

പിറ്റേന്ന് സാവിത്രിയെ പ്രസവത്തിനായി കൂട്ടിക്കൊണ്ടുപോയി. ശുഭകരമായ യാത്രക്ക് അശുഭമാകും എന്നതിനാൽ കനകത്തെ അവർ കൂടെ കൊണ്ടുപോയില്ല. അല്ലെങ്കിലും പ്രസവം കഴിഞ്ഞ് സാവിത്രി ഇങ്ങോട്ടേക്ക് തന്നെയല്ലേ വരുന്നത്, നാട്ടിൽ സാവിത്രിക്ക് കനകത്തിന്‍റെ ആവശ്യവുമില്ല പരിചാരകർ ധാരാളമുണ്ട്. എന്നതായിരുന്നു മറ്റൊരു ന്യായം.

അത്തയോട് തലേന്ന് രാത്രിയിലത്തെ സംഭവം പറയാൻ തിരക്കുകൾക്കിടയിൽ എനിക്ക് അവസരം ലഭിച്ചിരുന്നില്ല.. അതിനൊരു അവസരം കാത്ത്, ഞാൻ അത്തക്ക് പിന്നാലെ നടക്കുമ്പോൾ, എൻ്റെ വിധിയെ മാറ്റി എഴുതുന്നതിനാണ് ഞാൻ ശ്രമിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു!

…………………………………………………………………..

ജനാലകളില്ലാത്ത, പുറമെനിന്ന് വാതിലുകളടച്ചുപൂട്ടിയ ഈ മുറിക്കുള്ളിൽ എൻ്റെ എത്രാമത്തെ ദിവസമാണിത്? അറിയില്ല! രാവും പകലും അറിയാത്തവണ്ണം ഞാനിതിനുള്ളിൽ കുടുങ്ങിപ്പോയിരിക്കുന്നു. ജാറിനുള്ളിലെ കുടിനീരിൻ്റെ അളവ് കുറയുന്നു. അത് തീരുന്നതിനുള്ളിൽ അവർ തിരിച്ചെത്തുമായിരിക്കും. എൻ്റെ മരണം അവർ ആഗ്രഹിക്കുന്നില്ല എന്നതിൽ എനിക്കുറപ്പുണ്ട്.

വര: പ്രസാദ്‌ കാനത്തുങ്കല്‍

മരണം! സ്വയം ജീവിതം അവസാനിപ്പിച്ചവരുടെ ധാരാളം കഥകൾ ഞാൻ കേട്ടിട്ടുണ്ട്. എന്തിനേറെ, എനിക്കേറെ പരിചയമുള്ള എൻ്റെ ജനിതകകോശങ്ങളിലൊന്നിലൂടെ ഇന്നും ജീവിച്ചിരിക്കുന്ന ഒരുവൾ; അവളും സ്വയം മരണത്തെ തിരഞ്ഞെടുത്തവളാണ് എന്നാണ് കഥ. നേരറിവില്ലാത്തതൊക്കെയും കഥകളാണല്ലോ. നാളെ ആർക്കൊക്കെയോ ഞാനും ഒരു കഥയായിരിക്കും. യാഥാർത്ഥ്യത്തിൽ നിന്നും വിട്ടുമാറി എത്രയെത്ര കൂട്ടിചേർക്കലുകളുണ്ടാകും ആ കഥയിൽ? ഒരുപക്ഷേ ഞാനിപ്പോൾ ഇവിടെ മരണപ്പെട്ടുപോയാൽ നാളത്തെ കഥകൾ എന്താവും ?

മാനസികരോഗിയായ ഗർഭിണിയുവതി ആത്മഹത്യചെയ്തു?
ഗർഭിണിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു?
എന്തൊക്കെയാവാം കഥകൾ.

ആത്മഹത്യ! എന്നെക്കൊണ്ട് ഒരിക്കലും അതിന് സാധിക്കില്ല. വയറ്റിൽക്കിടക്കുന്ന എന്‍റെ കുഞ്ഞ്, അതിൻ്റെ ജീവിക്കാനുള്ള അവകാശത്തെ എനിക്ക് ഇല്ലാതാക്കാനാവില്ല. ഞാൻ എന്ന ചിന്തയിൽ എൻ്റെ സൗഭാഗ്യങ്ങളുടെ സന്തോഷത്തിൽ കഴിയുന്ന അമ്മ. അമ്മയുടെ ഇത്രകാലത്തെ ജീവിതം, ത്യാഗം..

എൻ്റെ ആത്മഹത്യ അമ്മക്ക് നൽകുന്നതെന്താവും എന്ന തിരിച്ചറിവ് .
ഒന്ന് ഞാൻ പറയട്ടെ; മരണമാണ് ഏക രക്ഷാമാർഗ്ഗം എന്നുറപ്പുണ്ടെങ്കിൽ പോലും അങ്ങനെ തോന്നുമ്പോൾ, തോന്നുംപോലെ അവസാനിപ്പിക്കാൻ പറ്റുന്ന ഒന്നല്ല ചിലർക്കെങ്കിലും ജീവിതം. അനുഭവിച്ച് തീർത്തേ പറ്റൂ. അല്ലായിരുന്നെങ്കിൽ ആ രാത്രിയിൽ, ആ കാഴ്ചയിൽ, എല്ലാം.. എല്ലാം ഞാൻ അവസാനിപ്പിച്ചേനെ!

അല്ലെങ്കിൽത്തന്നെ ഇനിയെന്താണ് എന്നിൽ അവസാനിക്കാനായുള്ളത്? ആത്മാവ് മരണപ്പെട്ട ഈ ശരീരമോ ???

…………………………………………………………………..

“മാക്കാ.

എന്നെ മറന്തിട്ടയാ മാക്കാ?

എന്നെ ജ്ഞാപകമേ ഇല്ലയാ?

എനക്ക് അഴ്കയാ വരുത് മാക്കാ.. ഏൻ മാക്കാ, നീ ഏൻ പേസാമ ഇരിക്കിറേൻ?
ഇത്ക്കാ മാക്കാ നീ ചിത്തിക്കിട്ടേന്ത് എന്നെ കൂട്ടീട്ട് വന്തത്?

നാൻ നിജമാവേ ഉന്നോടെ തങ്കച്ചിയായിരുന്തിന്നാ ഇന്തമാതിരി പണ്ണിയിരിപ്പയാ മാക്കാ?
ഉന്നോടെ പൊണ്ണായിരുന്തിന്നാ??

ഉനക്ക് പൊമ്പിളപ്പിള്ളയെ വേൺമാ മാക്കാ?”

അമ്മാ ആ.. ഞാനല്ല ഞാനറിഞ്ഞുകൊണ്ടല്ല.

എന്‍റെ ഗതികേടുകൊണ്ടാണ്. എന്നോട് ക്ഷമിക്ക് ശങ്കരി. എന്നെ ഒന്നും ചെയ്യല്ലേ.

“ഏയ് മായാ! നീ എന്തിനാണ് ഒച്ചയിടുന്നത്?
ചീത്ത സ്വപ്നം എന്തെങ്കിലും കണ്ടോ?
മനുഷ്യൻ്റെ ഉറക്കം കളയാൻ….”

“ഇല്ല . ഒന്നൂല്ല.. എന്നതോ സ്വപ്നം.”

“ഇതിപ്പോ കുറച്ച് ദിവസമായല്ലോ നിനക്കിങ്ങനൊക്കെ, മനസ്സിലെന്തെങ്കിലുമുണ്ടോ?എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ?”

“ഇല്ല.. ഒന്നൂല്ല.. ഉറക്കത്തിൽ ചീത്തസ്വപ്നം.. എന്തൊക്കെയോ.”

“ഉവ്വുവ്വ്. നാട്ടിൽ നിന്ന് കത്ത് വന്നതിന് ശേഷമാണിതൊക്കെ. എനിക്ക് മനസ്സിലാകുന്നുണ്ട്.”

“ഏയ് അങ്ങനൊന്നൂല്ല.”

“മനസ്സ് വിഷമിപ്പിക്കാൻ പാടില്ലാത്ത സമയമാണ്. നിന്‍റെ ആരോഗ്യം നീ ശ്രദ്ധിച്ചാൽ കൊള്ളാം. എനിക്ക് പറയാനേ പറ്റൂ. നിനക്ക് കുറച്ച് ദിവസം നാട്ടിൽപ്പോയി നിൽക്കണോ? ഞാൻ ഏർപ്പാട് ചെയ്യട്ടെ?”

“ഏയ് അത് വേണ്ട. എനിക്ക് പോകേണ്ട. പോകേണ്ട. “

“നാട്” എന്നോർക്കുമ്പോൾത്തന്നെ അവളുടെ മുഖമാണ് മനസ്സിൽ. ഇനി ഒരിക്കലും ആ നാട്ടിലേക്ക് പോകാൻ ഞാനാഗ്രഹിക്കുന്നില്ല! തെറ്റ് ചെയ്തുപോയി. ഒരിക്കലും തിരുത്താനാവാത്ത തെറ്റ്. മാപ്പർഹിക്കാത്ത തെറ്റ്.

എൻ്റെ വയറ്റിൽക്കിടക്കുന്ന കുഞ്ഞ്… അതിനെ ഞാൻ ഭയപ്പെടുകയാണോ..

പോസ്റ്റര്‍ ഡിസൈന്‍ : സി പി ജോണ്‍സണ്‍

Comments
Print Friendly, PDF & Email

You may also like