പൂമുഖം നോവൽ കാടകം (അദ്ധ്യായം -22)

കാടകം (അദ്ധ്യായം -22)

തൊണ്ണൂറ്റിയൊൻപത്

പ്രതീക്ഷിച്ച നാലിൻ്റെ സ്ഥാനത്ത് ആറു കുടുംബങ്ങളാണ് കാട്ടിൽ നിന്ന് മണ്ണടിയിൽ എത്തിയത്. ആലില മണ്ണിൽ എന്ന താഴ്ന്ന പ്രദേശത്ത് രാജന് എൺപത് സെന്റ് സ്ഥലം ഉണ്ട്. അവിടെ ആഗതർക്ക് വീടുകൾ പണിയാൻ തുടങ്ങി. അഴകുറ്റ ആറു ചെറിയ വീടുകൾ. വെങ്കിടാചലം എന്ന മണ്ണടിയിലെ പ്രധാന മേശരി തന്നെയാണ് വീടിന്റെ അളവുകൾ നിശ്ചയിച്ചതും കല്ലിട്ടതും. ധൃതഗതിയിൽ പണികൾ നീങ്ങി. രാജനും പുതിയ താമസക്കാരും ആവേശത്തോടെ പണിയിൽ പങ്കുകൊണ്ടു. വീടുകളുടെ അഴകു കൂട്ടാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ഗിരിയും സജീവമായി വന്നും പോയുമിരുന്നു. നാലഞ്ചു മാസം കൊണ്ട് ആറു വീടുകളും തയ്യാറായി. ആറു കുടുംബങ്ങളും താമസമായി.

പുരുഷന്മാരും സ്ത്രീകളും നേരത്തെ തന്നെ കുറേശ്ശെ ജോലിക്ക് പോയി തുടങ്ങിയിരുന്നു. വീടുപണി തീർന്നതോടെ അവർ സ്ഥിരമായി ജോലിക്ക് പോയിത്തുടങ്ങി. കുട്ടികൾക്കൊപ്പം അവരുടെ അമ്മമാരും അക്ഷരം പഠിക്കാൻ പോയി. മണ്ണടിയുടെ തലമുറകളെ ദശാബ്ദങ്ങളായി അക്ഷരം പഠിപ്പിക്കുന്ന അപ്പൂപ്പൻ സാർ ആളുകളോട് പറഞ്ഞു:
‘കാടർക്ക് ബുദ്ധി കുറവൊന്നുമില്ല. പെണ്ണുങ്ങൾ പിള്ളേരെക്കാൾ വേഗം പഠിക്കുന്നുണ്ട്. മിടുക്കത്തികളാണ്.’

വര: പ്രസാദ് കാനത്തുങ്കൽ

താമസം തുടങ്ങി നാലാം മാസം വന്നവർ കാട്ടിലേക്ക് യാത്ര പോയി. ആഴ്ചകളും മാസങ്ങളുമായി അവരുടെ തിരിച്ചുവരവ് നീണ്ടു. പിന്നെയും കുറെ മാസങ്ങൾ കഴിഞ്ഞ് മണ്ണടിയിലേക്ക് തിരിച്ചുവന്നത് വേറെ നാല് കുടുംബങ്ങളാണ്. ഒന്നുരണ്ട് മാസങ്ങൾക്കു ശേഷം അവരും യാത്ര പോയി. തിരികെ വന്നില്ല. പിന്നീട് രണ്ടു കുടുംബങ്ങൾ എത്തി. അവരും തിരിച്ചു വരാതായതോടെ കാട്ടിൽ നിന്ന് ഇനി ആരും വരികയുണ്ടാവില്ല എന്ന് നാട്ടുകാർക്ക് മനസ്സിലായി. നാടിനോടുള്ള കുറ്റപത്രം പോലെ ആറു ചെറിയ വീടുകൾ ആലില മണ്ണിൽ പ്രദേശത്ത് ഉയർന്നു നിന്നു.

നൂറ്

നീതുമോൾ ഓണപ്പരീക്ഷക്ക് മൂന്നു വിഷയങ്ങൾക്ക് തോറ്റു. ആ ക്ലാസ്സിൽ എന്നല്ല സ്കൂളിൽ തന്നെ ഏതെങ്കിലും വിഷയത്തിനു തോറ്റ ഏക കുട്ടിയായി നീതു. അതിനെ തുടർന്ന് ഡോക്ടർ ജോസ് സ്കൂളിലേക്ക് വിളിപ്പിക്കപ്പെട്ടു.

‘ഡോക്ടറുടെ മകളായതുകൊണ്ടാണ് കഴിഞ്ഞ രണ്ടു വർഷമായി നീതുവിനെ ഇവിടെ നിലനിർത്തുന്നത്.’
ഹെഡ്മിസ്ട്രസ് പറഞ്ഞു.
‘ഇനി പ്രയാസമാണ്. ഞങ്ങളുടെ അഭിപ്രായത്തിൽ മലയാളം മീഡിയം ആയിരിക്കും മോൾക്ക് നല്ലത്. നല്ല ട്യൂഷനും കൊടുക്കണം. നല്ല ബുദ്ധിയുണ്ട് എന്നാണ് ക്ലാസ് ടീച്ചർ പറയുന്നത്. അതങ്ങനെയായിരിക്കണമല്ലോ, ഡോക്ടറുടെ മകളല്ലേ. പക്ഷേ പഠനത്തിൽ തീരെ ശ്രദ്ധയില്ല. അതിൻ്റെ കാരണം കണ്ടുപിടിക്കാൻ ഡോക്ടറെക്കാൾ മികച്ചയാൾ കാണില്ലല്ലോ. എത്രയെത്ര കുട്ടികളെ കണ്ടിട്ടുള്ള ആൾ ആയിരിക്കും! അതുകൊണ്ട് മോളെ ഒന്നു കാര്യമായി ശ്രദ്ധിക്കൂ. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഓഫീസിൽ എഴുതി വച്ചിട്ടുണ്ട്. അത് വാങ്ങിക്കൂ. നല്ലത് വരാൻ കർത്താവ് അനുഗ്രഹിക്കട്ടെ!’

വേണമെങ്കിൽ തർക്കിക്കാം. വർഷം അവസാനിക്കുന്നതിനു മുമ്പ് കുട്ടിയെ പറഞ്ഞുവിടാൻ നിയമമില്ല എന്നൊക്കെ പറയാം. പക്ഷേ അതിലൊന്നും കാര്യമില്ല. അവർ പറയുന്നതാണ് സത്യം. ജോസ് മകളുമായി മടങ്ങി. നീതുവിനെ ജോസ് ഒരിക്കലും ശകാരിച്ചിട്ടില്ല. കുട്ടിയുടെ മനസ്സ് നോവാതിരിക്കാനും ആത്മവിശ്വാസം കുറയാതിരിക്കാനും അയാൾ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ അന്ന് നിയന്ത്രണം പോയി. കാറിൽ വച്ച് ജോസ് നീതുവിനെ വീടെത്തും വരെ കലശലായി ശകാരിച്ചു. വീടിന്റെ ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ അയാൾ മകളെ നോക്കി. ഒരു കുലുക്കവുമില്ലാതെ അവൾ അയാളെ തിരിച്ചു നോക്കി ഏറ്റവും നിഷ്കളങ്കമായ ഒരു പുഞ്ചിരി സമ്മാനിച്ചു. ആ നിഷ്കളങ്കത അയാളെ വല്ലാതെ ഭയപ്പെടുത്തി. ഒരു നായയുടെയോ ആടിന്റെയോ മുഖത്ത് മാത്രം കാണാവുന്ന പരിശുദ്ധമായ ഭാവമായിരുന്നു കുട്ടിയുടേത്.

നീതുവിനെ മുറിയിലേക്ക് പറഞ്ഞുവിട്ട ശേഷം ജോസ് സ്റ്റെല്ലയെ വിളിച്ചുകൊണ്ട് വീടിന് പുറത്തിറങ്ങി.

‘നിൻ്റെ മോളെ സ്കൂളിൽനിന്ന് പറഞ്ഞു വിട്ടു, കേട്ടോ. മൂന്നു വിഷയങ്ങൾക്ക് തോറ്റു. മറ്റുള്ളതിനും മാർക്ക് തീരെ കുറവ്. അത്തരം ഒരു കുട്ടിയെ അവർക്ക് വേണ്ട. മലയാളം മീഡിയത്തിൽ വിടാനാണ് അവർ ഉപദേശിക്കുന്നത്. നീ തന്നെ പറ, എന്താ വേണ്ടത്?’

‘മലയാളം മീഡിയത്തിൽ വിടാം. ഞാൻ പഠിപ്പിക്കാം.’

‘നീ പഠിപ്പിച്ചതൊക്കെ മതി. ഇന്നുമുതൽ നീയും അവളും വേറെ വേറെ മുറിയിൽ കിടക്കണം. കൊച്ചിന് ട്യൂഷൻ ഏർപ്പാടാക്കാൻ പോവുകയാണ്. രാത്രി എട്ട്, ഒമ്പതു വരെ ട്യൂഷൻ പഠിക്കട്ടെ.’

നൂറ്റിയൊന്ന്

ഗവൺമെന്റ് ചാരായം നിരോധിച്ചു. മറ്റു ഷാപ്പുകാർക്കെല്ലാം അത് അപ്രതീക്ഷിതമായ പ്രഹരമായിരുന്നെങ്കിലും രാജന് അനുഗ്രഹമായാണ് തോന്നിയത്. ഷാപ്പ് ഇടപാട് രാജന് കുറച്ചുകാലമായി നന്നായി മടുത്തു തുടങ്ങിയിരുന്നു.

‘വലിയ സന്തോഷോം ആശ്വാസോം.’
രാജൻ ഗിരിയോട് പറഞ്ഞു.
‘മൂന്ന് ഷാപ്പിലും ദിവസവും ഒന്ന് രണ്ട് വഴക്കെങ്കിലും ഉണ്ടാവാറുണ്ട് കുടിയന്മാരുമായി. ചെലപ്പോ തല്ലിത്തീർക്കേണ്ടി വരും. തേനിക്ക് ഇതൊന്നും വേണ്ടാതാനും.’

‘കാട്ടിൽ നിന്ന് ഇവിടെ വന്ന് താമസിച്ചു തിരിച്ചു പോയവർ എന്താ പറയുന്നത്? എന്താ അവർ തിരികെ വരാത്തത്?’ ഗിരി ചോദിച്ചു.

‘ആരും ഒന്നും പറഞ്ഞില്ല. അവരൊന്നും ഒരു കാര്യവും പറയില്ല. എങ്കിലും എനിക്ക് മനസ്സിലായത് ചില കാര്യങ്ങളാ. അവർക്ക് കാടില്ലാതെ ഒക്കില്ല. മരങ്ങളും മൃഗങ്ങളും കാട്ടുചെടികളും ഇല്ലാതെ അവർക്ക് കഴിയില്ല. എത്ര പൈസ കൊടുത്താലും അവർ നിൽക്കില്ല. വലിയ ആവേശത്തിലാ ഇങ്ങോട്ട് വന്നത്. ഇവിടെ ഒരു കൊറവും ഒണ്ടാരുന്നില്ല-ശാപ്പാടും തുണീം എല്ലാം ഞാൻ തന്നെ കൊടുത്തു. എന്നിട്ടും…’

‘ആറു വീടുകൾ. നിന്റെ പൈസ പൊട്ടിച്ചതിനെ പറ്റി അവർക്ക് വിഷമമില്ലേ?’

‘ഒട്ടുമില്ല. ഞാൻ ആവശ്യമില്ലാതെ ഓരോ പത്രാസു കാട്ടി അവരെ പ്രലോഭിപ്പിച്ചെന്ന മട്ടിലാ ഇപ്പോ സംസാരിക്കുന്നേ.’

‘വിചിത്രം തന്നെ.’ ഗിരി പറഞ്ഞു.

‘ചെന്ന് അവിടത്തെ രാജാവാകണമെന്നും പറയുന്നൊണ്ട്. ഐഡിയ കൊടുക്കുന്നത് എൻ്റെ അച്ഛൻ രാജാവാ.’

‘അപ്പോ വൈകാതെ നിൻ്റെ പട്ടാഭിഷേകം നടക്കും അല്ലേ?’
ഗിരി ചിരിച്ചുകൊണ്ട് ചോദിച്ചു.

നൂറ്റിരണ്ട്‍

‘സ്റ്റെല്ലയുടെ സ്വഭാവം കാരണം വീട്ടിൽ എന്തെങ്കിലും അത്യാഹിതം നടക്കുമെന്നൊരു തോന്നൽ എനിക്കുണ്ട്’ -ഈയൊരു പറച്ചിൽ അന്നമ്മയുമായുള്ള ഫോൺ സംഭാഷണങ്ങളിൽ പലപ്പോഴും ജോസ് ആവർത്തിച്ചിട്ടുള്ളതാണ്. അതു പറയുന്ന ഓരോ തവണയും അന്നമ്മ ജോസിനെ തിരുത്തും. അന്ധവിശ്വാസികളെ പോലെ സംസാരിക്കാതിരിക്കൂ എന്ന് ശാസിക്കും. അന്ധവിശ്വാസമല്ല മറിച്ച് യുക്തിയുടെ പിൻബലമുള്ള ഭയമാണ് തനിക്കുള്ളതെന്ന് ജോസ് വിശദീകരിക്കും. സ്റ്റെല്ലയ്ക്ക് ഭയത്തിന്റെ കണിക പോലുമില്ല എന്നതാണ് ജോസിനെ ഭയപ്പെടുത്തുന്നത്. പന്ത്രണ്ടു വർഷത്തെ ദാമ്പത്യത്തിൽ പലതവണ സ്റ്റെല്ലയോട് അയാൾക്ക് ആക്രോശിക്കേണ്ടി വന്നിട്ടുണ്ട്. ഒരുതവണ മർദ്ദിക്കാൻ പോലും തുനിഞ്ഞിട്ടുണ്ട്. സ്റ്റെല്ല ആ സന്ദർഭങ്ങളിലെല്ലാം പരമശാന്തയായി പെരുമാറി. നാലുവർഷം മുൻപ് സ്റ്റെല്ലക്കും മോൾക്കുമൊപ്പം നാട്ടിലായിരുന്നപ്പോൾ അവിടെ വെള്ളപ്പൊക്കം ഉണ്ടായി. വീടിനു ചുറ്റും വെള്ളം ഉയർന്നുതുടങ്ങി. അമ്മച്ചി ഉൾപ്പെടെ സകലരും ഭയന്നു. സ്റ്റെല്ലയും നീതുവും മാത്രം ഒരു പരിഭ്രാന്തിയുമില്ലാതെ ഉയർന്നുവന്ന വെള്ളത്തെ നോക്കി ആനന്ദിച്ചു നിന്നു. അതാണ് അയാളുടെ ഭയത്തിന്റെ അടിസ്ഥാനം.

ജോസ് അവസാനമായി ആ വിഷയം അവതരിപ്പിച്ച ദിവസം അന്നമ്മ അല്പം ശക്തമായി തന്നെ അയാളെ ശകാരിച്ചു. അയാളുടെ ഉപബോധമനസ്സ് അത്തരം ഒരു അപകടം ആഗ്രഹിക്കുന്നുണ്ടാകാം എന്ന് അവൾ കുറ്റപ്പെടുത്തി. താൻ പിടികൂടപ്പെട്ട പോലെ ഒരു തോന്നൽ അയാൾക്ക് ഉണ്ടായി. ഇനി ഒരിക്കലും അന്നമ്മയുമായി ആ വിഷയം സംസാരിക്കില്ല എന്നയാൾ നിശ്ചയിച്ചു. അയാൾക്ക് നല്ല ജാള്യത തോന്നി.

രോഗികൾ കുറവുള്ള ദിവസമായിരുന്നു പിറ്റേന്ന്. ജോസ് അന്നമ്മയുമായി ഉണ്ടായ സംഭാഷണത്തെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്റ്റെല്ലയുടെ ഫോൺ വന്നത്. പതിവുള്ള പരമശാന്തതയിൽ മുങ്ങിയ ശബ്ദം തന്നെ. അടുത്തുള്ള ആശുപത്രിയിൽ നിന്നാണ്, നീതു സ്റ്റെപ്പിൽ തട്ടി വീണു ബോധം പോയി എന്ന് സ്റ്റെല്ല പറഞ്ഞു. ഡോക്ടർമാർ എന്തു പറഞ്ഞു എന്ന ചോദ്യത്തിന് അവർ നോക്കുന്നുണ്ട്, കൂടുതൽ അറിയില്ല എന്നാണ് സ്റ്റെല്ല പറഞ്ഞത്. ജോസ് ആ ആശുപത്രിയിലേക്ക് ഫോൺ ചെയ്തെങ്കിലും കിട്ടിയില്ല. നോക്കാൻ ബാക്കിയുള്ള നാലഞ്ചു രോഗികളെക്കൂടി കണ്ടശേഷം ജോസ് കാറെടുത്ത് പുറപ്പെട്ടു. ആശുപത്രിയിലെത്തിയപ്പോൾ പരിചയമുള്ള ധാരാളം പേർ മുറ്റത്തു നിൽക്കുന്നു. സുഹൃത്തായ ഒരു ഡോക്ടറും ഉണ്ട്. ജോസിനെ കണ്ട് അയാൾ വന്നു കൈപിടിച്ചു. അതോടെ ജോസ് അത്യാഹിതം ഊഹിച്ചു. ഊഹം ശരിയായിരുന്നു.

കവർ: വിൽസൺ ശാരദ ആനന്ദ്

Comments

You may also like