നൂറ്റിയൊൻപത്
സ്റ്റെല്ല മടങ്ങിയെത്തിയപ്പോൾ ജോസ് അവളുമായി കലഹമൊന്നും ഉണ്ടാക്കിയില്ല. സാധാരണയിലും കവിഞ്ഞ് കുശലം പറയുകയും വീട്ടിലെ കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. എങ്കിലും തിരിച്ചെത്തി നാലാം നാൾ സ്റ്റെല്ലക്ക് തപാലിൽ ഒരു വക്കീൽ നോട്ടീസ് കിട്ടി. വിവാഹമോചനത്തിന് അഭിഭാഷകൻ മുഖേന ജോസ് അയച്ച നോട്ടീസ് ആയിരുന്നു അത്.
അല്പം കഴിഞ്ഞ് ഹേമ വിളിച്ചപ്പോൾ അവൾ അതിനെ പറ്റി പറഞ്ഞു:
‘എനിക്ക് ജോസച്ചായന്റെ നർമ്മബോധം വളരെ ഇഷ്ടമായി. എൻ്റെ കുടുംബത്തിലേക്ക് അയക്കാതെ ഇങ്ങോട്ട് നോട്ടീസ് അയച്ചത്. നാലുദിവസമായി ഞങ്ങൾ ഒരുമിച്ചുണ്ട്. ഒരു സൂചനയും ഇതേപ്പറ്റി തന്നില്ല. ഇങ്ങനെ ഒരു നോട്ടീസ് അയക്കുന്നെങ്കിൽ എന്തെങ്കിലും പിരിമുറുക്കം സാധാരണക്കാർക്ക് ഉണ്ടാവേണ്ടതല്ലേ. ആൾ വളരെ ഹാപ്പി ആയിട്ടാണ് ഇന്നും ജോലിക്ക് പോയത്. എനിക്ക് സത്യമായും വളരെ ഇഷ്ടപ്പെട്ടു.’
‘നിൻ്റെ പ്ലാൻ എന്താണ്?’
ഹേമ ചോദിച്ചു.
‘എന്തു പ്ലാൻ? അച്ചായൻ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുക, ഇറങ്ങുക. അത്രതന്നെ.’
‘മറ്റൊരു കാര്യം പറയാനുണ്ട്.’ ഹേമ പറഞ്ഞു. ‘രാജൻ നാടുവിട്ട് കാട്ടിലേക്ക് പോവുകയാണ്.’
‘ഗ്രേറ്റ്. അവൻ രാജാവാകാൻ പോവുകയല്ലെ. അവൻ്റെ ഷാപ്പും സ്വത്തുക്കളും എന്ത് ചെയ്യും?’
‘ഷാപ്പ് എല്ലാം കിട്ടിയ വിലയ്ക്ക് കച്ചവടമാക്കി. വീടും പുരയിടങ്ങളും അനിയത്തിയുടെ പേരിൽ എഴുതിവെച്ചു.’
‘നല്ലത്. വളരെ നല്ലത്.’
സ്റ്റെല്ല പറഞ്ഞു.
രാത്രിയിൽ ജോസ് എത്തിയപ്പോൾ സ്റ്റെല്ല പറഞ്ഞു: വക്കീൽ നോട്ടീസ് ഉച്ചയ്ക്ക് കിട്ടി.
ജോസ് ഒന്നു മൂളി. സ്റ്റെല്ല അതേപ്പറ്റി പിന്നെ ഒന്നും സംസാരിച്ചില്ല. അടുത്ത ദിവസവും അതിനടുത്ത ദിവസവും സാധാരണ പോലെ കടന്നുപോയി. മൂന്നാമത്തെ ദിവസം ഞായറാഴ്ചയായിരുന്നു. അന്ന് സ്റ്റെല്ല സ്വന്തം വീട്ടിലേക്ക് പോയി.
നൂറ്റിപ്പത്ത്
‘നമ്മുടെ കുടുംബത്തിൽ വിവാഹമോചനം ഇല്ല മോളെ. നീ തിരിച്ചു പോണം. എന്നിട്ട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ജോസിനോട് മാപ്പ് പറയണം.’ സെബാസ്ററ്യൻ പറഞ്ഞു.
‘ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി ജോസച്ചായൻ പറയുന്നില്ല ഡാഡി. വിളിക്കുകയാണെങ്കിൽ പൊക്കോളാം.’
‘നീ എന്തിനാ അമ്പലത്തിലെ ഉത്സവത്തിന് പോയത്? അതും ആ ഷാപ്പുകാരൻ്റെ കൂടെ. അതല്ലേ ഈ കുഴപ്പം എല്ലാം ഉണ്ടാക്കിയത്.’
ദീനാമ്മ ചോദിച്ചു.
സ്റ്റെല്ല പൊട്ടിച്ചിരിച്ചു. സെബാസ്ററ്യനും ദീനാമ്മയും പരസ്പരം നോക്കി.
‘ഞങ്ങളുടെ കാലം കഴിഞ്ഞാൽ നീ എങ്ങനെ ജീവിക്കും മോളെ?’ സെബാസ്ററ്യൻ ചോദിച്ചു.
‘ഹാവ് നോ തോട്സ് ഫോർ ദ മോറോ എന്നല്ലേ ഡാഡീ നമ്മുടെ കർത്താവ് പറഞ്ഞിരിക്കുന്നെ?’
മഹാന്മാരും ദൈവങ്ങളും അങ്ങനെയൊക്കെ പറയും, അതൊന്നും നമ്മളെപ്പോലെയുള്ളവർക്ക് ബാധകമല്ല എന്ന് സെബാസ്ററ്യന് പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല. സ്റ്റെല്ല മുറിക്കകത്തേക്ക് കയറിപ്പോയി.
ദീനാമ്മ റെയ്ച്ചലിനെ ഫോൺ ചെയ്തു.
‘ഉത്സവത്തിൻ്റെ ദിവസത്തെ കാര്യം ഞങ്ങളെല്ലാം കേട്ടിരുന്നു. വല്ലാതെ പേടിച്ചിരിക്കുവാരുന്നു. ഇപ്പോ പേടിച്ച പോലെ തന്നെ നടന്നല്ലോ. ഞാൻ ഏതായാലും അവനുമായി ഒന്ന് സംസാരിക്കട്ടെ അമ്മച്ചീ.’
റെയ്ച്ചൽ പറഞ്ഞു.
നൂറ്റിപ്പതിനൊന്ന്
‘വെള്ളിയാഴ്ച രാജൻ മണ്ണടിയോട് വിട പറയും.’
ഹേമ സ്റ്റെല്ലയെ വിളിച്ചു പറഞ്ഞു.
‘തനിച്ചാണോ പോകുന്നത്?’
‘ഞങ്ങളും കൂടെ പോകും. ഒന്നു രണ്ടാഴ്ച അവിടെ നിൽക്കണം എന്ന് വിചാരിക്കുന്നു.’
‘എങ്കിൽ ഞാനും വരാം.’
‘ഇപ്പോഴത്തെ സാഹചര്യത്തിൽ നിനക്ക് അത് എളുപ്പമാണോ?’
‘ഒരു പ്രശ്നവുമില്ല. ഞാനും വരും.’
‘നീ വരുമെങ്കിൽ വലിയ സന്തോഷം. പക്ഷേ…’
‘ഒരു പക്ഷേയുമില്ല. ഞാനും വരുന്നു.’
യാത്ര പുറപ്പെടുന്നതിന്റെ മൂന്ന് ദിവസം മുമ്പ് രാത്രിയിൽ ഗിരി ഹേമയോട് പറഞ്ഞു:
‘രാജൻ ഇന്ന് രാവിലെ മുതൽ സ്കൂട്ടറിൽ കറങ്ങുകയായിരുന്നു. മണ്ണടിയുടെ ഓരോ മുക്കും മൂലയും അവൻ പോയിക്കണ്ടു. അവന്റെ സ്കൂട്ടർ കഴിഞ്ഞ ആഴ്ച തന്നെ കച്ചവടം ആക്കിയതാ. വൈകുന്നേരം അത് കൊണ്ടുക്കൊടുത്തു. ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ എൻ്റെ കടയിൽ വന്നു. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്നോട് പറഞ്ഞ കാര്യങ്ങൾ അങ്ങേയറ്റം പ്രകോപനപരമായിരുന്നു. ഞാൻ പ്രകോപിതനാകുന്നുണ്ടോ എന്നറിയാൻ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാ സംസാരിച്ചിരുന്നെ. എന്നോട് കാര്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യത്തിനാ മദ്യപിച്ചത് എന്നും പറഞ്ഞു.’

‘എന്താ അവൻ പറഞ്ഞത്?’
‘അവനൊപ്പം യാത്രക്കു വരുന്നതിനുമുമ്പ് ചില കാര്യങ്ങൾ വ്യക്തമായി നമ്മൾ അറിഞ്ഞിരിക്കണം എന്നു പറഞ്ഞു. ഒന്നാമത്, അവൻ ഇപ്പോഴും നിന്നെ പ്രണയിക്കുന്നു. പക്ഷേ നമ്മൾ ദാമ്പത്യത്തിൽ ആയതുകൊണ്ട് അതിൽ ഇനി കൈ കടത്തുന്നില്ല എന്ന് പറഞ്ഞു.’
‘കൊള്ളാം. എന്നിട്ട്?’
‘അടുത്തത് സ്റ്റെല്ലയുടെ കാര്യം. സ്റ്റെല്ലയുടെയും ജോസിന്റെയും ബന്ധം തകരുന്നതിൽ അവന് ആഹ്ളാദമുണ്ട്. അതേസമയം അതിന് വഴി വച്ചതിൽ ദുഃഖവും ഉണ്ട്. കാട്ടിൽ വച്ച് നിന്നെ ലഭിക്കുകയില്ല എന്നറിഞ്ഞപ്പോൾ മുതൽ എങ്ങനെയോ അവന് സ്റ്റെല്ലയിൽ പ്രേമം തുടങ്ങി. അതിന്റെ യുക്തി അവനറിഞ്ഞുകൂടാ. അതേസമയം ജീവിതത്തിൽ അവനെ ചെറുതാക്കാനും അടിച്ചമർത്താനും ശ്രമിച്ച എല്ലാത്തിന്റെയും പ്രതീകമായിട്ടാണ് അവൻ സ്റ്റൈല്ലയെ കാണുന്നത്. അതുകൊണ്ടുതന്നെ സ്റ്റെല്ലയെ ഒരു തവണയെങ്കിലും കീഴടക്കാനും പ്രാപിക്കാനും അവൻ ആഗ്രഹിക്കുന്നു. ജീവിതം തീർത്തും ഹീനവും അർത്ഥശൂന്യവുമാണെന്ന് അവൻ അടിയുറച്ച് വിശ്വസിക്കുന്നു. സ്റ്റെല്ലയോടുള്ള വൈരം കലർന്ന പ്രണയമാണ് അതിന് അല്പമെങ്കിലും അർത്ഥം നൽകുന്നത്. അതാണ് സ്റ്റെല്ലക്ക് അവന്റെ ജീവിതത്തിൽ ഉള്ള പ്രാധാന്യം.’
‘തേനിയുമായുള്ള ജീവിതത്തെപ്പറ്റിയും കാട്ടിലെ രാജാവാകുന്നതിനെപ്പറ്റിയും അവൻ സംസാരിച്ചു. തേനിയെ അവന് സ്നേഹമാണ്. തേനിയിലുള്ള അവൻ്റെ മകൻ അവൻ്റെ രക്തത്തിന്റെ മകനാണ്. അതേസമയം സ്റ്റെല്ലയിൽ അവന് മകനുണ്ടാവുകയാണെങ്കിൽ അത് അവൻ്റെ അഹന്തയുടെയും അഭിനിവേശത്തിന്റെയും മകൻ ആയിരിക്കും. ആ മകനെ അവൻ എല്ലാത്തിനും മീതെ സ്നേഹിക്കും.’
‘കാട്ടിലെ രാജാവാകുന്നതിനെ പറ്റി?’
‘അവന് അതിൽ അശേഷം താല്പര്യം ഇല്ല എന്ന് പറഞ്ഞു. നാടുവിട്ട് കാട്ടിലെത്തിയാൽ അവൻ്റെ കടുത്ത വിഷാദത്തിന് ആശ്വാസം ലഭിച്ചേക്കും എന്ന തോന്നലാണ് അങ്ങോട്ട് പോകുന്നത്. ഗത്യന്തരമില്ലാത്തതുകൊണ്ട് രാജാവാകുകയാണ് എന്നു പറഞ്ഞു.’
‘ഇത്രയൊക്കെയാ അവൻ പറഞ്ഞത്. അവൻ്റെ മനസ്സ് ഏറ്റവും മലിനമാണെന്നു കൂടെക്കൂടെ പറയുന്നുണ്ടായിരുന്നു. അവൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ആലോചിച്ചിട്ട് യാത്ര തീരുമാനിച്ചാൽ മതി എന്നു പറഞ്ഞ് ഇറങ്ങിപ്പോയി.’
അല്പസമയം രണ്ടുപേരും ഒന്നും മിണ്ടിയില്ല. രാജൻ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു.
‘എന്തു പറയുന്നു, യാത്ര പോകുന്നോ? ഗിരി ചോദിച്ചു.
‘തീർച്ചയായും.’ ഹേമ പറഞ്ഞു.
‘സ്റ്റെല്ലയുടെ കാര്യം?’
‘അവൾ രാവിലെ വരുമ്പോൾ എല്ലാം പറയാം. സ്വയം തീരുമാനിക്കട്ടെ.’
നൂറ്റിപ്പന്ത്രണ്ട്
ഹേമയുടെയും ഗിരിയുടെയും കൂടെ രണ്ടാഴ്ച യാത്ര പോവുകയാണെന്നു സ്റ്റെല്ല പറഞ്ഞപ്പോൾ സെബാസ്ററ്യനും ദീനാമ്മയും അമ്പരന്നു.
‘എങ്ങോട്ടാണ് പോകുന്നത്?’ ദീനാമ്മ ചോദിച്ചു.
‘നീലഗിരിയിലേക്ക്. പണ്ട് ഞങ്ങൾക്ക് ആതിത്ഥ്യം നൽകിയ ആളുകളെ കാണണം. പോരാത്തതിന് നമ്മുടെ രാജൻ അവിടത്തെ മൂപ്പൻ ആകുകയാണ്. അതിന്റെ ചടങ്ങുകൾ കാണണം.’
‘പോകണ്ട മോളെ,’ ദീനാമ്മ പറഞ്ഞു. ‘ജോസും വീട്ടുകാരുമറിഞ്ഞാൽ പിന്നെ കാര്യങ്ങൾ ഇപ്പോഴത്തേക്കാൾ മോശമാകും.’
‘അവൾ പോകട്ടെ,’ സെബാസ്ററ്യൻ പറഞ്ഞു.
‘അതെന്താ അങ്ങനെ പറയുന്നേ?,’ ദീനാമ്മ അതിശയത്തോടെ ചോദിച്ചു.
‘അവൾ എങ്ങനെയാണോ അങ്ങനെ ജീവിക്കട്ടെ. ജോസിനും വീട്ടുകാർക്കുമായി അത് മാറ്റണ്ട.’ സെബാസ്ററ്യൻ ദൃഢമായി പറഞ്ഞു.
സ്റ്റെല്ല യാത്ര പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോൾ സെബാസ്ററ്യനും ദീനാമ്മയും പരസ്പരം സംസാരിച്ചു. ‘സ്റ്റെല്ല ജോസിന്റെ അടുത്തുനിന്ന് വന്നിട്ട് എനിക്ക് വലിയ ദുഃഖം ഒന്നും തോന്നുന്നില്ല. ഇപ്പോൾ അവൾ രണ്ടാഴ്ച യാത്ര പോകുവാണ് എന്ന് പറഞ്ഞു പോകുമ്പോൾ പേടിയും തോന്നുന്നില്ല.’ സെബാസ്ററ്യൻ പറഞ്ഞു.
‘എനിക്കും അങ്ങനെ തന്നെ,’ ദീനാമ്മ പറഞ്ഞു. ഒന്നിനെപ്പറ്റിയും വലിയ ചിന്ത തോന്നുന്നില്ല. ചിന്തിച്ചിട്ടും വലിയ കാര്യമൊന്നുമില്ല എന്നൊരു തോന്നൽ.’
വളരെക്കുറച്ചു സാധനങ്ങൾ ബാഗിൽ നിറച്ച് സ്റ്റെല്ല ഇറങ്ങി. അതിനു മുൻപ് അവൾ അച്ഛനെയും അമ്മയെയും ആലിംഗനം ചെയ്തു ചുംബിച്ചു.
സ്റ്റെല്ല വീട്ടിലെത്തിയപ്പോൾ ഹേമ തലേന്ന് രാജൻ പറഞ്ഞ കാര്യങ്ങൾ സ്റ്റെല്ലയോട് പറഞ്ഞു. കേട്ടപ്പോൾ സ്റ്റെല്ല പൊട്ടിപ്പൊട്ടി ചിരിച്ചു.
‘സത്യസന്ധതയിൽ ഇവൻ ഗാന്ധിജിയെ മറികടക്കുമല്ലോ!’ ചിരിച്ചുകൊണ്ട് സ്റ്റെല്ല പറഞ്ഞു.
‘നീ എന്തു തീരുമാനിച്ചു, ഞങ്ങൾക്കൊപ്പം വരുന്നോ?’
‘എന്താ സംശയം? ഞാൻ വരുന്നു.’
‘രാജൻ പറഞ്ഞതിനെ പറ്റി നിനക്ക് ആശങ്കയില്ലേ?’
സ്റ്റെല്ല കുറച്ചു നേരം നിശ്ശബ്ദയായിരുന്നു. പിന്നെ പറഞ്ഞു: ‘പഴയതു പോലെ ശരീരത്തെപ്പറ്റിയുള്ള വലിയ പേടി എനിക്കിപ്പോൾ ഇല്ല ഹേമ. നമുക്ക് പോകാം.’
കവർ: വിൽസൺ ശാരദ ആനന്ദ്