തൊണ്ണൂറ്റിയൊന്ന്
നാട്ടിൽ പരക്കുന്ന കഥ ഗിരിയും ഹേമയും അറിഞ്ഞു. രാജനാണ് ഗിരിയോട് പറഞ്ഞത്.
‘കഥ തിരുത്താനൊന്നും നിൽക്കണ്ട. അതങ്ങനെ പൊയ്ക്കോട്ടെ. ഹേമയുടെ ഒരു പടം ഞാൻ വരച്ചിട്ടുണ്ട്. നീ ഇനി വീട്ടിൽ വരുമ്പോൾ കാണിക്കാം.’ ഗിരി രാജനോട് പറഞ്ഞു.
നാട്ടിൽ പരക്കുന്ന തങ്ങളുടെ കഥ കൂടി ഗിരി നോട്ടുബുക്കിൽ എഴുതി ചേർത്തു. ഹേമക്ക് അത് വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു.
‘നീ സംഭവങ്ങളിൽ അടിസ്ഥാനപരമായി മാറ്റം വരുത്തുന്നില്ലെങ്കിലും വർണ്ണനയുടെ പ്രത്യേകത കൊണ്ട് അതിന് ഫിക്ഷന്റെ സ്വഭാവം വരുന്നുണ്ട്. കൊള്ളാം. നീ കുറിപ്പുകൾക്ക് കൊടുത്തിരിക്കുന്ന ശീർഷകവും നല്ലത്- കാടകം.’ ഹേമ പറഞ്ഞു.
‘ഉള്ളിൽ നിറയെ കാടുമായി ജീവിക്കുന്ന ജീവികളാണല്ലോ നമ്മൾ നാലു പേരും. അതാണ് ആ പേരിട്ടത്. ശരിക്കും ആ പേരിൽ ഒരു സ്ഥലം വടക്കൻ കേരളത്തിൽ ഉണ്ട്. അതുപോട്ടെ, ഞാൻ പരാജയപ്പെടുന്നത് സ്റ്റെല്ലയെപ്പറ്റി എഴുതുമ്പോഴാണ്. അവൾക്ക് ചുറ്റുമുള്ള സംഭവങ്ങളെ എത്ര വർണ്ണിച്ചാലും അവളുടെ മനസ്ഥിതി ഒട്ടും രേഖപ്പെടുത്താൻ കഴിയില്ല. നമുക്ക് അറിയാവുന്ന പഴയ സ്റ്റെല്ലയല്ല ഇപ്പോൾ നിലവിലുള്ളത്. നമ്മളുടെ കൂട്ടത്തിൽ കാട് ഏറ്റവും അധികം മാറ്റം വരുത്തിയത് അവൾക്കാണ്.’ ഗിരി പറഞ്ഞു.
‘ഒരു കാര്യം ചോദിക്കട്ടെ? സ്റ്റെല്ലയുടെ യഥാർത്ഥ നില എന്താണെന്നാ നിൻ്റെ ഊഹം? അവൾക്ക് ചികിത്സിച്ചു മാറ്റാൻ പ്രയാസമുള്ള അസുഖമാണെന്നാ ജോസ് കരുതുന്നത്.’
‘ചിലപ്പോൾ ശരിയായിരിക്കും. അയാൾ മന:ശ്ശാസ്ത്രം പഠിച്ച ആളല്ലേ. എനിക്ക് പക്ഷേ തോന്നാറുള്ളത് സ്റ്റെല്ല സാധാരണ ആൾക്കാരെക്കാളെല്ലാം നോർമലായ വ്യക്തിയാണെന്നാണ്. ഏതു മനുഷ്യനും എന്തെങ്കിലുമൊക്കെ കണ്ടീഷണിങ് കാണും. അതുകൊണ്ടാണ് വിനയം കാണിക്കുന്നതും ഉപചാരം കാണിക്കുന്നതുമെല്ലാം. സ്റ്റെല്ല അത്തരം കണ്ടീഷനിങ്ങുകളിൽ നിന്നെല്ലാം മോചനം നേടിക്കഴിഞ്ഞു. അതുകൊണ്ടാ അവൾക്ക് ഒട്ടും ധൃതി ഇല്ലാതെ ദിവസം മുഴുവൻ പൂച്ചയുമായി കളിക്കാൻ കഴിയുന്നത്. അല്ലെങ്കിൽ അവളുടെ ഗാർഡനിൽ നിൽക്കുന്ന ഒരു ചെടിയോട് മണിക്കൂറുകളോളം സംസാരിച്ചു നിൽക്കാൻ കഴിയുന്നത്.’
പോസ്റ്റുമാൻ ഒരു കത്തുമായി വന്നു.
‘വീട്ടുകാരിക്കാണ്.’ അയാൾ ഹേമയെ നോക്കാതെ ഗിരിയോട് പറഞ്ഞു.
തങ്ങളുടെ രണ്ടുപേരുടെയും മുന്നിൽ നിൽക്കുന്നതിൽ അയാൾ അസ്വസ്ഥനാണെന്ന് ഗിരിക്ക് തോന്നി. അയാൾ വേഗം കത്തു നൽകി യാത്രയായി.
ഹേമ കത്ത് പൊട്ടിച്ചു.
‘ലില്ലിയുടെ കത്താണ്. അവൾ ഇങ്ങോട്ട് വരുന്നെന്ന്.’
‘ഏത്, നിൻ്റെ കൂടെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന സ്ത്രീയോ?’
‘അതെ. അവൾക്ക് എന്തോ പ്രശ്നമുണ്ട്. കുറച്ചു ദിവസം നമ്മളുടെ കൂടെ നിൽക്കണമെന്ന്.’
‘വരട്ടെ.’ ഗിരി പറഞ്ഞു.
തൊണ്ണൂറ്റിരണ്ട്
നാലു ദിവസം കഴിഞ്ഞ് ലില്ലി എത്തിച്ചേർന്നു. അവൾക്ക് പഴയ തേജസ്സ് തോന്നിച്ചില്ല. തനിക്കായി ഒരുക്കിയ മുറിയിൽ അവൾ സ്വാതന്ത്ര്യത്തോടെ ബാഗും മറ്റു സാമഗ്രികളും നിരത്തിവച്ചു. കുളിച്ചു റെഡിയായി ഉച്ചഭക്ഷണം കഴിച്ചു. എന്നിട്ട് പറഞ്ഞു: ‘എനിക്ക് നന്നായി ഒന്ന് ഉറങ്ങണം. എഴുന്നേറ്റ ശേഷം മറ്റു കാര്യങ്ങൾ എല്ലാം പറയാം.’
ഏറെ ദിവസങ്ങളായി ഉറക്കം കിട്ടിയിട്ടില്ലാത്തതു പോലെ വൈകുന്നേരം വരെ ലില്ലി കൂർക്കം വലിച്ചുറങ്ങി. എഴുന്നേറ്റിട്ടും വന്ന കാര്യം പറഞ്ഞില്ല. ഹേമയും ഗിരിയും ചോദിച്ചതുമില്ല.
‘നടക്കാൻ പോകാം.’ ഹേമ പറഞ്ഞു.
‘വിസ്തൃതമായ ഒരു വയൽ ഉണ്ട്. താഴത്തുവയൽ. അതിൻ്റെ അറ്റത്തുള്ള അസ്തമയ സൂര്യൻ ഗംഭീരൻ കാഴ്ചയാണ്. നമുക്ക് പോയി കാണാം.’
മണ്ണടിയിലെ പ്രധാന ജംഗ്ഷനാണ് താഴത്ത്. അവിടെനിന്ന് വടക്കോട്ട് വെട്ടുവഴിയിലൂടെ പോയാൽ താഴത്തു വയലിലെത്താം. ജംഗ്ഷനിലൂടെ ലില്ലിയുമായി പോയപ്പോൾ കടകളിലുള്ള സകലരും അവരെ തന്നെ നോക്കി.

‘എല്ലാവരും എന്താണ് നമ്മളെ നോക്കുന്നത്? പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ!’
‘നോക്കുന്നത് എന്നെയാ. ഞാനിപ്പോൾ ഇവിടെ ഒരു താരമാ ലില്ലി.’
ഹേമ ആൻ്റണിയിലൂടെ പ്രചരിച്ച കഥ ലില്ലിയോട് പറഞ്ഞു.
‘എന്നിട്ട് ആ മൂപ്പിലാൻ എവിടെ?’ ലില്ലി തിരക്കി.
‘ആ സാധു നാടുവിട്ടുപോയി എന്ന് പറയുന്നു. കഷ്ടമായി.’
വയലിലെത്തിയപ്പോൾ അസ്തമയ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ജ്വലിച്ചിറങ്ങുന്നുണ്ടായിരുന്നു. രണ്ടുപേരും ആ കാഴ്ച നോക്കി ഏറെനേരം നിന്നു.
‘എന്തു മനോഹരമായ സ്ഥലം!’ ലില്ലി പറഞ്ഞു.
‘ഇനി ലില്ലിയമ്മ വന്ന കാര്യം പറയൂ.’
‘ഞാൻ ഒരു പ്രശ്നത്തിൽ പെട്ടുപോയി. അത് പരിഹരിച്ചുവെങ്കിലും നാണക്കേട് ബാക്കി നിൽക്കുന്നു. അതുകൊണ്ട് കുറച്ചു കാലം നാട്ടിൽ നിന്ന് മാറി നിൽക്കാം എന്ന് കരുതി.’
‘അത് നന്നായി. അതുകൊണ്ട് എനിക്ക് നിന്നെ കാണാൻ കഴിഞ്ഞല്ലോ. എന്തായിരുന്നു പ്രശ്നം?’
‘എനിക്ക് ഒരു പ്രശ്നം ഉള്ളത് നിനക്കറിയുമോ എന്നറിയില്ല. വിലപിടിപ്പുള്ള സാധനങ്ങൾ കണ്ടാൽ എനിക്ക് ചൂണ്ടാൻ തോന്നും. ചൂണ്ടിക്കഴിഞ്ഞാൽ അതിന്റെ കമ്പവും തീരും. ഈയിടെ ഒരു ഫാഷൻ ഷോപ്പിൽ വച്ച് ഒരു പ്രതിമ ഞാൻ, ഞാൻപോലുമറിയാതെ ബാഗിൽ കയറ്റിയത് അവിടത്തെ വാച്ച്മാൻ കണ്ടു. അവർ പോലീസിനെ അറിയിച്ചു. പോലീസിനൊക്കെ പൈസ കൊടുത്ത് ഞാൻ എല്ലാം തീർപ്പാക്കി. പക്ഷേ എല്ലായിടത്തും സംഭവം അറിഞ്ഞു. എനിക്ക് ഉടനെ ഓഫീസിൽ പോകാൻ ഒരു മടി. അതാ നിൻ്റെയടുത്തേക്ക് വന്നത്.’
‘നിനക്ക് ചികിത്സിക്കണോ? എൻ്റെ കൂട്ടുകാരിയുടെ ഭർത്താവ് സൈക്യാട്രിസ്റ്റ് ആണ്.’
‘വേണ്ട ആ പരീക്ഷണം ഒക്കെ പണ്ടേ കഴിഞ്ഞതാ. നിനക്ക് പേടിയുണ്ടോ?’
‘എന്തിന്?’
‘ഞാൻ വീട്ടിൽ നിന്ന് എന്തെങ്കിലും ചൂണ്ടുമെന്ന്?’
‘എൻ്റെ ഭർത്താവിനെ ഒഴികെ എന്തും എടുത്തുകൊള്ളൂ. വീടുതന്നെ നീ എടുത്തു കൊണ്ടു പൊക്കോളൂ.’
തൊണ്ണൂറ്റിമൂന്ന്
‘ഇന്ന് കളമലക്കാഴ്ചയാണ്.’
ഹേമ അടുത്ത ദിവസം രാവിലെ ലില്ലിയോടു പറഞ്ഞു.
‘അതെന്താ സംഗതി?’
‘ഒരു ഉത്സവം. വൈകിട്ടാണ്. ഇവിടെനിന്ന് ആറ് കിലോമീറ്റർ അകലെയുള്ള കളമലയിലെ മുസ്ലീം പള്ളിയിലേക്ക് വലിയ ഒരു ഘോഷയാത്ര ഉണ്ടാകും. കുട്ടികൾക്ക് വാങ്ങാനുള്ള കളിപ്പാട്ടങ്ങളുമായി ഒരുപാട് കച്ചവടക്കാർ കൂടെ കാണും. കളമലക്കാഴ്ചയും അമ്പലത്തിലെ ഉച്ചബലിയുമാണ് ഈ നാട്ടിലെ പ്രധാന ഉത്സവങ്ങൾ. മണ്ണടിക്കാരായ മണ്ണടിക്കാരെല്ലാം രണ്ടുത്സവത്തിനും നാട്ടിലെത്തും. ഞങ്ങളുടെ കൂട്ടുകാർ- രാജനും സ്റ്റെല്ലയും- ഇന്ന് ഇവിടെ വരും.’
‘എന്നെ അവർക്ക് എങ്ങനെ പരിചയപ്പെടുത്തും, മോഷണക്കാരിയെന്നോ?’
‘അങ്ങനെ പരിചയപ്പെടുത്തിയാലും അവരിൽ നിന്ന് നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. എങ്കിലും ഞാൻ നിന്റെ അഭിമാനം സംരക്ഷിക്കും. എന്റെ കൂട്ടുകാരി ആണെന്നേ പറയൂ.’
സ്റ്റെല്ല ഉച്ചയോടെ എത്തി. ഹേമ സ്റ്റെല്ലക്ക് ലില്ലിയെ പരിചയപ്പെടുത്തി. സ്റ്റെല്ല ലില്ലിയുടെ കയ്യിൽ സ്നേഹത്തോടെ പിടിച്ചു. ആ ഹസ്തഗ്രഹണത്തിൽ ലില്ലി വല്ലാതെ തരളിതയായതായി ഹേമക്കു തോന്നി. അതിൽ അവൾക്കു വലിയ ആശ്ചര്യം തോന്നി. ഒന്നിലും കൂസാത്ത, ആരോട് സംസാരിച്ചാലും ഒരു പടി മുകളിൽ കയറി നിന്ന് സംസാരിക്കാൻ ശ്രമിക്കുന്ന സ്വഭാവമുള്ള ലില്ലി സ്റ്റെല്ലയുടെ മുന്നിൽ ഒരു പൂച്ചക്കുട്ടിയെ പോലെ പതുങ്ങുന്നു.
‘നീതുമോളെ കൊണ്ടുവരാഞ്ഞതെന്ത്?’ ഹേമ ചോദിച്ചു.
‘അവളെ അമ്മച്ചിയും പപ്പയും പിടിച്ചു വച്ചിരിക്കുകയാണ്.’
‘ജോസച്ചായൻ ജോലിക്ക് പോയോ?’
‘ഇന്ന് അവധിയാണ്. തിരുവനന്തപുരത്ത് തന്നെയുണ്ട്.’
‘അവധിയാണെങ്കിൽ ഇങ്ങോട്ട് വരാമായിരുന്നില്ലേ?’
‘ഇന്നൊരു അതിഥിയുണ്ട്. സ്പെഷ്യൽ ഗസ്റ്റ്.’
‘ആരാ?’
‘ ഡോക്ടർ അന്നമ്മ.’ സ്റ്റെല്ല ചിരിച്ചു.
‘ആഹാ എന്നിട്ട് നീ ഇങ്ങ് പോന്നോ?’
‘അവിടെ നിൽക്കണം എന്ന് പറഞ്ഞ് ജോസച്ചായൻ കുറെ ബഹളം ഉണ്ടാക്കി. ഞാൻ ഇറങ്ങുകയാണ് എന്ന് മനസ്സിലായപ്പോൾ അടങ്ങി. ഉള്ളിൽ ഞാൻ പോകണമെന്നാ ആഗ്രഹം എന്നെനിക്കറിയില്ലെ.’
സ്റ്റെല്ല ചിരിച്ചുകൊണ്ട് പറഞ്ഞു.
തൊണ്ണൂറ്റിനാല്
സ്റ്റെല്ലയെ എങ്ങനെ അഭിമുഖീകരിക്കും എന്ന ആശങ്കയോടെയാണ് അന്നമ്മ ജോസിന്റെ വീട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചത്. ജോസ് മൂന്നു മാസത്തിലേറെയായി കൂടെക്കൂടെ നിർബന്ധിക്കുന്നു. തന്നെ വലിയൊരു ബുദ്ധിമുട്ടിലേക്ക് വലിച്ചിടുകയാണ് എന്ന ചിന്തയില്ലാതെയാണ് നിർബന്ധിക്കുന്നത്. മടിച്ചുമടിച്ച് ഒടുവിൽ പോകാൻ തീരുമാനമെടുത്തതിൻ്റെ പ്രധാന കാരണം മറ്റൊന്നാണ്. ആ വീട്ടിൽ ഒരിക്കൽ കൂടി കയറണം. ഒരുകാലത്ത് താൻ പ്രാണനെപ്പോലെ സ്നേഹിച്ച വീടാണ്. അതിൻ്റെ പരിസരം ഒരുതവണകൂടി കാണണം. താൻ നട്ടു വളർത്തിവിട്ട മാവ് മുതിർന്ന മാവായി നിൽക്കുന്നത് കാണണം. ജോസും താനുമായി നടക്കുന്ന ഫോൺവിളികളുടെ രീതിയെക്കുറിച്ച് അന്നമ്മ ഓർത്തു. ജോസ് മാത്രമാണ് വിളിക്കാറുള്ളത്. എത്ര തിരക്കിലാണെങ്കിലും ജോസിന്റെ ഫോൺ എടുക്കാൻ ശ്രമിക്കും. എപ്പോഴും ഫോൺ വെക്കുന്നത് ജോസ് ആയിരിക്കും. ഒരു നെടുങ്കൻ ഫോൺവിളി കഴിഞ്ഞാൽ പിന്നെ പത്തു ദിവസത്തേക്ക് ജോസ് വിളിക്കില്ല. ഏഴുവർഷം ഒരുമിച്ച് ജീവിച്ചത് കൊണ്ട് അതിൻ്റെ കാരണം തനിക്കറിയാം. ജോസിന് എല്ലാം പെട്ടെന്ന് മടുക്കും. മടുപ്പ് മാറുമ്പോഴാണ് പിന്നെയും വിളിക്കുക. അല്ലെങ്കിൽ എന്തെങ്കിലും വൈകാരിക പ്രശ്നമുള്ളപ്പോൾ. സാധാരണ മനുഷ്യൻ അനായാസം മറികടക്കുന്ന സംഗതികളിൽ പോലും ജോസിന് ഒരു പിന്തുണ ഇല്ലാതെ കഴിയില്ല. തൻ്റെ രണ്ട് മുൻ ഭർത്താക്കന്മാരെയും അന്നമ്മ മനസ്സിൽ താരതമ്യപ്പെടുത്തി. ജോസ് ദയാലുവും സത്യസന്ധനും തന്നിൽതന്നെ ചുറ്റിത്തിരിയുന്ന ചിന്തകളോട് കൂടിയവനുമാണ്. മാത്യൂസ് മാനസികമായി വളരെ കരുത്തനും എല്ലാം പദ്ധതിയിട്ട് ചെയ്യുന്ന പ്രകൃതക്കാരനും. കാര്യസാധ്യത്തിനു വേണ്ടിയാണെങ്കിലും തന്നെ കൂടുതൽ ശ്രദ്ധിച്ചിരുന്നത് മാത്യൂസ് ആയിരുന്നു. ജോസ് അടിസ്ഥാനപരമായി ഒരു ശിശുവാണ്. ഡോക്ടർമാരുടെ മാഗസിനിൽ താൻ കഴിഞ്ഞ മാസം എഴുതിയ കുറുങ്കവിത എല്ലാവരും അഭിനന്ദിച്ചിരുന്നു. യഥാർത്ഥത്തിൽ അത് ജോസിനെ കുറിച്ചായിരുന്നു.
I was always vaguely suspecting
Something like that….
Have no qualms now….
Between the cradle and grave
There’s only the child….
‘സ്റ്റെല്ലയോട് പറഞ്ഞോ ഞാൻ വീട്ടിലേക്ക് വരുന്നത്?,’ മൂന്നുതവണ ജോസിനോട് ചോദിച്ചിരുന്നു.
‘പറഞ്ഞു. അവൾക്ക് പ്രശ്നമൊന്നുമില്ല.’
രാവിലെ ജോസ് പെട്ടെന്ന് വിളിച്ചു.
‘സ്റ്റെല്ല മണ്ണടിക്ക് പോയി. അവിടെയിന്ന് കളമലക്കാഴ്ചയാണ്. പോകണ്ട എന്ന് ഞാൻ പറഞ്ഞിട്ടും കേട്ടില്ല.’
‘ഇനി എന്ത് ചെയ്യും! ഞാൻ അവധിയെടുത്തു പോയി.’
‘ഞാനും. ബുദ്ധിമുട്ടില്ലെങ്കിൽ നീ പോരൂ.മക്കളെയും കൊണ്ടുവരൂ.’
‘അവർക്ക് സ്കൂളിൽ പോകണം. ഇന്ന് തിരുവനന്തപുരത്ത് വരാൻ തീരുമാനിച്ചതു കൊണ്ട് വേറെയും രണ്ട് പ്രോഗ്രാം വച്ചിട്ടുണ്ട്.’
‘എങ്കിൽ നീ വരൂ. നമുക്ക് സംസാരിച്ചിരിക്കാം.’
‘സ്റ്റെല്ല ഇല്ലാതെ ഞാൻ വന്നാൽ?’
‘ഒരു ചുക്കുമില്ല.’
കവർ: വിൽസൺ ശാരദ ആനന്ദ്