പൂമുഖം നോവൽ കാടകം (അദ്ധ്യായം-26)

കാടകം (അദ്ധ്യായം-26)

മലയാളനാടിൽ രാഹുൽ ശങ്കുണ്ണി എഴുതുന്ന നോവൽ അടുത്ത ലക്കത്തോടെ അവസാനിക്കുകയാണ്. തികച്ചും പ്രോത്സാഹന ജനകമായ വായനയാണ് നോവലിനു ലഭിച്ചത്. പ്രസാദ് കാനത്തുങ്കലിന്റെ ചിത്രങ്ങളും വിൽസൺ ശാരദ ആനന്ദിന്റെ മുഖചിത്രങ്ങളും ഉടനീളം അഭിനന്ദിക്കപ്പെട്ടതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. തികച്ചും മൗലികമായ കഥാതന്തുവിന്റെ ഗരിമയും സൗന്ദര്യവും ധ്വനിപ്പിക്കുന്നതായിരുന്നു നോവലിസ്റ്റ് നൽകിയ പേര്. വായനക്കാർക്ക് നന്ദി. നോവലിസ്റ്റിനും കലാകാരന്മാർക്കും അഭിനന്ദനം.

നൂറ്റിപ്പതിമൂന്ന്

ഞായറാഴ്ച ഉച്ചയോടെയാണ് പുറപ്പെട്ടത് ആദ്യം അടൂരിലുള്ള രാജന്റെ അനിയത്തി രാജിയുടെ വീട്ടിലേക്ക് പോയി. അവിടെവച്ച് വീട്ടിലെ സകല അംഗങ്ങളും രാജനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

‘അണ്ണൻ എപ്പോ തിരിച്ചു വന്നാലും എനിക്കു തന്നതെല്ലാം ഞാൻ തിരിച്ചു തരും.’
രാജി ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു.

പിരിയുന്നതിനു മുൻപ് രാജൻ ആയിരം രൂപ വീതം പൊടിയനും ഗോമതിക്കും നാണിക്കും നൽകി.

പിറ്റേന്ന് ഉച്ചയോടെ ഹസനൂരിൽ എത്തി. അവിടെ നിന്ന് ചുപ്പന്റെ കാളവണ്ടിയിൽ കാട്ടിലേക്കും.

ഉത്സവാന്തരീക്ഷം ആയിരുന്നു കാട്ടിലാകെ. രാജൻ എത്തിച്ചേർന്നതോടെ ആബാലവൃദ്ധം ജനങ്ങളും അവിടെ കൂടി. നേരത്തെ സുഹൃത്തിനെ പോലെ കണ്ടിരുന്ന ചെറുപ്പക്കാർ രാജനെ കണ്ടപ്പോൾ വായ പൊത്തി ബഹുമാനം കാണിച്ചു.

‘എന്തൊരു ഭോഷ്ക്കാണ്!’
രാജന് അസ്വസ്ഥത തോന്നി.

ചടങ്ങുകൾക്ക് മുന്നോടിയായി വനദേവതകളുടെ പൂജ ഒരാഴ്ചയായി നടക്കുന്നുണ്ടായിരുന്നു. കാന്തിയും തേനിയും അതിന്റെ പ്രസാദവുമായി വന്നു. രാജനും ഗിരിയും ഹേമയും സ്റ്റെല്ലയും അത് സ്വീകരിച്ചു.

‘എനിക്ക് ഒന്നുറങ്ങണം. ഇവർക്കും കിടക്കാനുള്ള സ്ഥലം കാണിച്ചു കൊടുക്കൂ.’ രാജൻ തേനിയോട് പറഞ്ഞു.

തേനിയുമായി കുടിലുകളിലേക്ക് നടക്കുമ്പോൾ അവൾ പെട്ടെന്ന് മാറിയതായി ഹേമക്ക് തോന്നി. മൂപ്പത്തിയാവാൻ പോകുന്നതിന്റെ തയ്യാറെടുപ്പിലാവാം. മുഖത്ത് സദാ തെളിഞ്ഞുനിന്ന കുട്ടിത്തം ഇപ്പോൾ കാണാനില്ല.

യാത്ര കഴിഞ്ഞെത്തിയവർ വൈകിട്ടു വരെ കൂർക്കം വലിച്ചുറങ്ങി. പിന്നീട് ചോലയിൽ പോയി കുളിച്ചു വന്നു.

രാത്രിയായപ്പോൾ ഹേമയ്ക്ക് നന്നായി പനിച്ചു. ഗിരി കയ്യിൽ കരുതിയിരുന്ന ഗുളിക കൊടുത്തെങ്കിലും പനിയും തലവേദനയും കുറഞ്ഞില്ല. കേട്ടറിഞ്ഞ് ആളുകളെല്ലാം ഗിരിയുടെ കുടിലിനു മുന്നിൽ കൂടി. അല്പം കഴിഞ്ഞ് ഔഷധക്കൂട്ടുകളുമായി മൂപ്പത്തി എത്തി. അവർ ഹേമയുടെ നാഡി പിടിച്ചുനോക്കി. രണ്ടു തവണ വ്യത്യസ്തമായ ഔഷധങ്ങളുമായി വന്നു.

‘രാവിലെ ആകുമ്പോൾ കുറയും. ഇല്ലെങ്കിൽ ഇംഗ്ലീഷ് മരുന്ന് കൊടുക്കാൻ ആശുപത്രിയിൽ കൊണ്ടു പോകണം.’
മൂപ്പത്തി പറഞ്ഞു. രാത്രിയിൽ ഗിരിയും സ്റ്റെല്ലയും ഊഴം വെച്ച് ഉറക്കമൊഴിഞ്ഞ് ഹേമയ്ക്ക് കാവൽ ഇരുന്നു.

നൂറ്റിപ്പതിനാല്

അടുത്തദിവസം ഉച്ചയോടെ സ്റ്റെല്ലക്കും പനിച്ചു. ഹേമയും സ്റ്റെല്ലയും അടുത്തടുത്ത കിടക്കകളിൽ കിടന്ന് മൂപ്പത്തിയുടെ ചികിത്സ കൈക്കൊണ്ടു. ഗിരിയും രാജനും മൂപ്പന്റെ കുടിലിൽ എത്തി. പനിച്ചു കിടക്കുന്നവരെ ആശുപത്രിയിൽ കൊണ്ടു പോണോ എന്ന് ചോദിക്കാനാണ് ചെന്നത്.

‘വേണ്ട,’ മൂപ്പത്തി അകത്തുനിന്ന് പറഞ്ഞു, ‘മരുന്ന് ഫലിക്കുന്നുണ്ട്. രണ്ടു ദിവസത്തിനകം പൂർണ്ണമായി മാറും.’

‘നിൻ്റെ മാതാവ് നിനക്ക് ഇപ്പോഴും വെളിപ്പെടുന്നില്ലല്ലോ?’

ഗിരി രാജനോട് ചോദിച്ചു.
‘ആദ്യം കുറച്ച് വെറുത്തതല്ലേ, അതാകും.’ രാജൻ പറഞ്ഞു.

വൈകിട്ടോടെ ഒരു ബാലൻ രാജനെ കാണാൻ വന്നു.

‘നിങ്ങളെ മൂപ്പനും മൂപ്പത്തിയും വിളിക്കുന്നു. കിഴക്ക് പാലയുടെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു.’

പോകാൻ നേരം അവൻ ഒന്നു കൂടി പറഞ്ഞു:
‘നിങ്ങൾ മാത്രം ചെല്ലാനാണ് പറഞ്ഞത്.’

രാജൻ ചെന്നപ്പോൾ മൂപ്പനും മൂപ്പത്തിയും പാലയുടെ ചുവട്ടിൽ ഒരു പാറയിൽ ഇരിക്കുകയായിരുന്നു.

രാജൻ ചെന്നപ്പോൾ മറ്റൊരു പാറ ചൂണ്ടി ഇരിക്കാൻ മൂപ്പൻ ആംഗ്യം കാട്ടി. ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ മൂപ്പത്തി തന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്നത് കണ്ട് രാജൻ വിസ്മയിച്ചു. മൂപ്പൻ എഴുന്നേറ്റു ചെന്ന് രാജന്റെ അടുത്ത് ഇരുന്നു.

‘കരോ,’ മൂപ്പൻ വിളിച്ചു.
‘നിന്നെക്കുറിച്ച് ഞങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കടുത്ത ദേഷ്യവും ഉണ്ടായിരുന്നു. നീ മകനാണെന്ന് അറിഞ്ഞത് മുതൽ ഞങ്ങൾ വല്ലാത്ത അവസ്ഥയിലായി. നിന്നെ ഓർത്ത് വേദനിക്കാത്ത ഒരു ദിവസവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. വിശേഷിച്ച് നിൻ്റെ മാതാവിന്റെ ജീവിതത്തിൽ. പക്ഷേ നീയൊരു കുലദ്രോഹിയാണെന്ന വിശ്വാസത്തിൽ ആയിരുന്നു അതുവരെ ഞങ്ങൾ. അതുകൊണ്ടുതന്നെ സത്യം പറയാമല്ലോ ജീവിതത്തിൽ ആരെയും വെറുത്തിട്ടില്ലാത്ത പോലെ നിന്നെ വെറുത്തിരുന്നു. നിന്റെ അമ്മയും ഞാനും ജീവൻ പണയം വെച്ച് വർഷങ്ങൾ കാട്ടിലലഞ്ഞവരാണ്. പിന്നീട് ഇവിടെ എത്തിയപ്പോഴും ഞങ്ങൾക്ക് ഒട്ടേറെ എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നെ ചതിയിൽ പെടുത്തി നിൻ്റെ അമ്മയെ സ്വന്തമാക്കാൻ തക്കം പാർത്തിരുന്ന ആളുകൾ ഉണ്ടായിരുന്നു. അവരെ വെറുത്തതു പോലെ ഞങ്ങൾ നിന്നെ വെറുത്തിരുന്നു. പക്ഷേ നീ ഞങ്ങളുടെ മകനാണെന്ന് അറിഞ്ഞത് മുതൽ ഞങ്ങൾക്ക് ആ വെറുപ്പ് സൂക്ഷിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ നീ നിരപരാധിയാണെന്ന് അറിഞ്ഞതോടെ ഞങ്ങൾക്ക് കുറ്റം ബോധം കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നിന്നെ വിളിപ്പിച്ചത് മാപ്പ് പറയാനാണ്.’

മൂപ്പൻ രാജനെ ആലിംഗനം ചെയ്ത് നിശ്ചലനായി നിന്നു. മൂപ്പത്തി എഴുന്നേറ്റ് രാജന്റെ അടുത്തേക്ക് നടന്നു വന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് അവർ രാജന്റെ മാറത്തേക്ക് വീണു. പിന്നെ അവനെ തുരുതുരെ ചുംബിച്ചു.

അവർ ശാന്തരായപ്പോൾ രാജൻ പറഞ്ഞു:

നിങ്ങൾക്ക് എന്നെ നഷ്ടമായത് വലിയ നഷ്ടം തന്നെയാണ്. പക്ഷേ നിങ്ങൾ ഒരുമിച്ചായിരുന്നു. വിശേഷിച്ച് ആരിൽ നിന്നും സ്നേഹം കിട്ടാതെയും ആരോടും സ്നേഹം തോന്നാതെയുമാണ് ഞാൻ വളർന്നുവന്നത്. ജീവിതത്തിൽ ഉടനീളം ഞാൻ ഒരു പ്രതീക്ഷയും ഇല്ലെങ്കിലും നഷ്ടപ്പെട്ടുപോയ മാതാവിനെ തേടുന്നുണ്ടായിരുന്നു. എന്റെ ഇപ്പോഴത്തെ വലിയ അത്ഭുതം പറയാം. മാതാപിതാക്കന്മാരെ കണ്ടു കിട്ടിയപ്പോൾ എനിക്ക് വലിയ ആഹ്ളാദം ഒന്നും ഉണ്ടായില്ല. ഇന്നിപ്പോൾ അവർ അംഗീകരിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴും വലിയ ആഹ്ളാദം ഉണ്ടാവുന്നില്ല. ആകെയുള്ള സന്തോഷം നിങ്ങൾക്ക് എന്നെക്കൊണ്ട് സന്തോഷം കിട്ടുന്നുണ്ട് എന്നതു മാത്രമാണ്.’

നൂറ്റിപ്പതിനഞ്ച്

രാജന്റെയും തേനിയുടെയും സ്ഥാനാരോഹണം കഴിഞ്ഞു. വളരെ ലളിതമായ ചടങ്ങ് ആയിരുന്നു. ആദ്യം വനദേവതമാരോടുള്ള ദീർഘമായ പ്രാർത്ഥന. അതിനുശേഷം മൂപ്പൻ മുന്നോട്ടുവന്ന് കൈയിലുള്ള അധികാരദണ്ഡ് രാജനു കൈമാറി. മൂപ്പത്തി ഒരു പൂമാല തേനിയുടെ കഴുത്തിൽ ചാർത്തി. എല്ലാവരും കുരവ ഉയർത്തി. അതോടെ രാജൻ മൂപ്പനും തേനി മൂപ്പത്തിയും ആയി.
അവിലും ശർക്കരയും പഴവും ചേർന്നുള്ള പ്രാതലോടെ ചടങ്ങ് അവസാനിച്ചു.

ഗിരിയും ഹേമയും സ്റ്റെല്ലയും പുതിയ മൂപ്പനും മൂപ്പത്തിക്കും ആശംസകൾ നേർന്നു. രാജൻ ഉദാസീനമായി തലകുനിച്ച് കയ്യിലുള്ള ദണ്ഡ് ഭൂമിയിൽ ഇടിച്ചുകൊണ്ട് എന്തോ ആലോചിച്ചു. തനിക്ക് അധികാര ഗർവ്വ് ബാധിച്ചിട്ടില്ല എന്നു കാണിക്കാൻ എന്നവണ്ണം തേനി ചുറ്റി നടന്ന് സ്ത്രീകളോട് കുശലം പറഞ്ഞു.

‘ഡെയ്, നിന്നോട് ഞങ്ങൾ ഇനി എങ്ങനെ പെരുമാറണം?’
ഹേമ രാജനോട് ചോദിച്ചു.

രാജൻ അതിനു മറുപടി പറഞ്ഞില്ല. പകരം ‘പനി എങ്ങനെയുണ്ട് ‘ എന്നു തിരിച്ചു ചോദിച്ചു.

‘പനി മിക്കവാറും മാറി. മൂപ്പത്തിയുടെ ചികിത്സ ഗംഭീരം.’ ഹേമ മറുപടി പറഞ്ഞു.

‘ഞങ്ങൾ മിക്കവാറും ഉടനേ തിരിച്ചു പോകും.’ ഗിരി പറഞ്ഞു.

രാജൻ മൂളി.

‘ഞാൻ അങ്ങോട്ട് ഇനി വലുതായി വരില്ല. ഇവിടത്തെ മൂപ്പന്മാർ പുറത്തു പോകാറില്ല. എങ്കിലും എപ്പോഴെങ്കിലും വരാം.’

‘നീ നാടു കണ്ടവനല്ലേ? നല്ലതെന്നു തോന്നുന്ന പരിഷ്കാരങ്ങൾ വരുത്തണം.’
ഗിരി പറഞ്ഞു.
രാജൻ മൂളി.

നൂറ്റിപ്പതിനാറ്

ഉച്ചയോടെ രാജൻ ഗിരിയുടെ കുടിലിൽ എത്തി.

‘അവൻ കാടകം എഴുതുകയാണ്.’
പുറത്തുവച്ച് ഹേമ പറഞ്ഞു.

‘കാടകമോ?’

‘അതെ. നമ്മൾ കാട്ടിലേക്ക് പണ്ടു പുറപ്പെട്ടതു മുതൽ ഇന്നു വരെയുള്ള വിവരണം.’

രാജൻ കുടിലിനുള്ളിൽ കയറി. ഗിരി എഴുത്തു നിർത്തി അവനെ നോക്കി.

‘എന്തുണ്ട് മൂപ്പാ വിശേഷം?’
ഗിരി തമാശ പറഞ്ഞു.

രാജൻ നോട്ടുബുക്കിനായി കൈനീട്ടി. ഗിരി അത് അവനു കൈമാറി. രാജൻ ബുക്ക് വായിക്കാൻ തുടങ്ങി. കൂടെക്കൂടെ വായന നിർത്തി എന്തോ ആലോചിക്കും, പിന്നെയും വായിക്കും. അങ്ങനെ രാജൻ വായന തുടർന്നു. കാട്ടിലേക്ക് തിരിച്ചു പോരുന്നതിനു മുൻപ് ഗിരിയോട് നടത്തിയ വെളിപ്പെടുത്തലുകൾ അടങ്ങിയ ഭാഗം എത്തിയപ്പോൾ രാജൻ പൊള്ളലേറ്റതുപോലെ വായന നിർത്തി. പിന്നെയും വായന തുടർന്നു. വായിച്ചുതീർത്തപ്പോൾ ബുക്ക് ഗിരിക്ക് തിരികെ നീട്ടി. പിന്നെ പുറത്തിറങ്ങി ചിന്താധീനനായി സ്റ്റെല്ലയുടെ കുടിലിലേക്ക് നടന്നു.

സ്റ്റെല്ലയുടെ മുമ്പിൽ എത്തി രാജൻ മുരടനക്കി. സ്റ്റെല്ല പുറത്തുവന്നപ്പോൾ അവളുടെ കാലിനെ ഉരുമ്മി രണ്ടു പൂച്ചകൾ പുറത്തേക്ക് ഓടി. ഗിരിയുടെ ബുക്കിൽ സ്റ്റെല്ലയും പൂച്ചകളും തമ്മിലുള്ള അടുപ്പം വായിച്ചതോർത്ത് രാജന് ഉള്ളിൽ ചിരി വന്നു. എവിടെ നിന്നാണ് ഈ പൂച്ചകൾ വന്നുചേർന്നത്!

‘ഉറങ്ങുവാരുന്നോ?’
സ്റ്റെല്ലയെ ആപാദചൂഡം നോക്കിക്കൊണ്ട് രാജൻ ചോദിച്ചു.

‘അല്ല. ആ പോയ പൂച്ചകളുമായി കളിക്കുകയായിരുന്നു.’

തുടർന്നൊന്നും പറയാനാവാതെ രാജൻ നിന്നു. പിന്നെ ഒരു മണ്ടനെ പോലെ പറഞ്ഞു:
‘ഗിരി നോട്ടുബുക്കിൽ നമ്മടെ കാര്യങ്ങൾ എല്ലാം എഴുതുന്നൊണ്ട്. അത് വായിച്ചു.’

‘ഓ കാടകം. എനിക്കറിയാം.’

‘അവൻ എന്തിനാ അത് എഴുതുന്നെ?’

‘അവനു പണ്ടേക്കു പണ്ടേയുള്ള ശീലമാ. ഡയറി എഴുതുന്നത് പോലെ എല്ലാ കാര്യങ്ങളും എഴുതിവെക്കും.’

പനിയുടെ ആലസ്യം ഒഴിഞ്ഞ് സ്റ്റെല്ല കൂടുതൽ സുന്ദരിയായതായി രാജനു തോന്നി.

നൂറ്റിപ്പതിനേഴ്

രാജൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. എഴുന്നേറ്റ് ജനാല തുറന്ന് പുറത്തേക്ക് നോക്കി. നല്ല നിലാവ്. ഗിരിയും ഹേമയും പുറത്തുനിൽക്കുന്നു. എന്തൊരു കാഴ്ചയാണത്! ശരിക്കും ഗന്ധർവ്വനും അപ്സരസ്സും നിൽക്കുന്നത് പോലെ. സ്റ്റെല്ല അവരുടെ അടുത്തേക്ക് ചെല്ലുന്നത് രാജൻ കണ്ടു. അവർ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു. സ്റ്റെല്ലയുടെ ഉറക്കെയുള്ള ചിരി കേൾക്കാം. ഏതോ പക്ഷിയുടെ കരച്ചിൽ പോലെയാണ് സ്റ്റെല്ലയുടെ ചിരി. കുറച്ചു കഴിഞ്ഞ് ഗിരിയും ഹേമയും അകത്തു കയറിപ്പോയി. സ്റ്റെല്ല നിലാവിൽ ഉലാത്തുകയാണ്. രാജൻ ജനാല ചാരി കണ്ണടച്ചു കുറച്ചുനേരം കിടന്നു. ഒന്നും ചിന്തിക്കാതെ ഉറങ്ങാൻ നോക്കി. നടന്നില്ല. ഇനി സ്റ്റെല്ലയെ ഇതുപോലെ തനിച്ചു കാണാൻ കഴിയുമോ?

രാജൻ്റെ മകൻ എഴുന്നേറ്റ് കരഞ്ഞു. തേനി അവനുമായി മറപ്പുരയിലേക്ക് പോയി. അല്പം കഴിഞ്ഞ് രണ്ടാളും തിരികെ വന്ന് ഉറക്കമായി. രാജൻ പുറത്തിറങ്ങി സ്റ്റെല്ലയുടെ കുടിലിലേക്ക് നടന്നു. എന്തും വരട്ടെ. പരമാവധി മരണമല്ലേ. അതിനും തയ്യാർ. ഇത് അവസാന അവസരമാണ്. ഒന്നും വേണ്ട. സ്റ്റെല്ലയ്ക്ക് ഉറക്കത്തിൽ ഒരു ചുംബനം, അതു മാത്രം. രാജൻ കുടിലിന്റെ വാതിൽ തുറന്ന് അകത്തുകയറി. അകത്ത് ആരുമില്ല. അവൻ പകച്ചു പോയി.

പുറത്തിറങ്ങി ഗിരിയുടെ കുടിലിലേക്ക് നടന്നു. ശങ്കിച്ചു നിന്ന ശേഷം വാതിൽ മെല്ലെ തുറന്ന് അകത്തേക്ക് നോക്കി. ഗിരിയും ഹേമയും മാത്രം ഉറങ്ങുന്നു.

എങ്ങോട്ടാവും സ്റ്റെല്ല പോയിക്കാണുക? രാജന് ഒരു പിടിയും കിട്ടിയില്ല. അവൻ നാലുദിശകളിലും പോയി വന്നു. വീണ്ടും സ്റ്റെല്ലയുടെ കുടിലിന്റെ വാതിൽ തുറന്നു നോക്കി. കുടിൽ ശൂന്യം തന്നെ.

ഗിരിയെ ഉണർത്തുന്ന കാര്യം ആലോചിച്ചു. പിന്നെ അത് വേണ്ടെന്ന് വെച്ചു. ആരും വേണ്ട. സ്റ്റെല്ലയെ തനിച്ച് കണ്ടുപിടിക്കണം. പണ്ട് കാട്ടിൽ വച്ച് സ്റ്റെല്ല പറഞ്ഞ ഉപായം ഓർത്തു. ഒരു കേന്ദ്രം വെച്ച് നാല് ദിശകളിലേക്കും പോവുക. പോകുന്ന ദൂരം കൂട്ടിക്കൂട്ടി കൊണ്ടുവരിക. തങ്ങൾ പെട്ടുപോയിരുന്ന കൊടും വനത്തിൻ്റെ ദിശയിലേക്ക് ആദ്യം നടന്നു. ഏറെ പോവേണ്ടിവന്നില്ല. സ്റ്റെല്ലയെ കണ്ടു. ഒരു പാറയുടെ മുകളിൽ ഇരിക്കുന്നു. രാജൻ അടുത്തുചെന്നു.

‘എന്താ ഇവിടെ ഇരിക്കുന്നെ?’
അവൻ ചോദിച്ചു.

സ്റ്റെല്ല വശ്യമായി പുഞ്ചിരിച്ചു. അവനെ നോക്കി കൈയാട്ടി. രാജൻ അടുത്തു ചെന്നപ്പോൾ സ്റ്റെല്ല അവൻ്റെ കൈവിരലിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു. രാജൻ പെട്ടെന്ന് ദുർബ്ബലനായി. അവൻ ഒരു കുട്ടിയെപ്പോലെ അവളുടെ മടിയിൽ കിടന്നു. സ്റ്റെല്ല രാജന്റെ തലയിൽ തലോടി. അവന് ശരീരത്തിലൂടെ കനത്ത വൈദ്യുതി പാഞ്ഞു പോകുന്നപോലെയും കാടാകെ വന്യമായി ഉലയുന്ന പോലെയും തോന്നി. സ്റ്റെല്ലയുടെ മടിയിലല്ല മൂപ്പത്തിയുടെ മടിയിലാണ് കിടക്കുന്നതെന്ന് അവനു തോന്നി. താൻ അവരുടെ ഗർഭപാത്രത്തിലേക്ക് തിരിച്ചുപോകുകയാണ്. അത്യാഹ്ളാദകരമായ യാത്ര. സ്വസ്ഥനും സുരക്ഷിതനുമായി ഗർഭപാത്രത്തിൽ താൻ കിടക്കുന്നു. ദിവ്യവും അഭൗമവുമായ പ്രകാശരശ്മികൾ തന്നെയും ലോകത്തെയാകെയും പൊതിയുന്നു. ആനന്ദത്തിന്റെ ഉറവകൾ എവിടെയൊക്കെയോ പൊട്ടുന്നു…..താൻ ആനന്ദം തന്നെയായി മാറുന്നു.

വര: പ്രസാദ് കാനത്തുങ്കൽ

കവർ: വിൽസൺ ശാരദ ആനന്ദ്

Comments

You may also like