ഏയ്, പ്രിയപ്പെട്ട
പന്ത്രണ്ടാമത്തെ താളുകാരീ…
പതിനൊന്നു താളുകളെ
അതിവേഗം മറിച്ചുവിട്ട്,
നിന്നിലേയ്ക്കെത്താൻ
എത്ര കൊതിച്ചുവെന്നോ!
നിന്റെ നേർത്തുനീണ്ട വിരലുകൾ,
മഞ്ഞുമ്മകളൊളിച്ച അധരങ്ങൾ,
വീഞ്ഞുമണമുള്ള ഉടൽ…
എത്ര സുന്ദരിയാണ് നീ!
നിന്റെ വരവറിയിച്ച്, ഗന്ധർവന്റെ പാല പൂത്തു തുടങ്ങവെ,
ഉള്ളിലൊളിച്ചവൾ വിരിപ്പുകൾക്കിടയിൽനിന്നും മെല്ലെ തലയുയർത്തുന്നു.
അവൾക്ക് ഇനിയുമേറെ ഒളിച്ചിരിക്കാനാവുകയില്ലല്ലോ…
അവന്റെ ഗന്ധമുള്ള രാത്രികളെയും,
നക്ഷത്രത്തിളക്കങ്ങളെയും,
ഈറൻപുതച്ച പുലരികളെയും
എങ്ങനെയാവുമവൾക്ക് ഒഴിവാക്കാനാവുക?
പ്രണയത്തിന്റെ വീഞ്ഞുപാത്രം തുളുമ്പുന്നുവല്ലോ…
അവന്റെ കണ്ണുകൾക്ക് കുളിർമ്മയായും,
കാതുകൾക്ക് സംഗീതമായും,
ഉടലിന് ചൂടുകായുവാൻ നെരിപ്പോടായും
പ്രണയത്തെ പകുക്കേണ്ടതുണ്ട്!
വിശുദ്ധിയുടെ പുഷ്പമേ…
പരിശുദ്ധിയുടെ പൈതൽ, കൈകൾ ചുരുട്ടി
നിന്റെ മാറിൽ പറ്റിച്ചേർന്നുറങ്ങുന്നു.
അവന്റെ ഉറക്കത്തിന് ഭംഗം വരുത്താതെ
അവൻ ഉണരുന്നതും കാത്തുകാത്ത്,
അവളിരിക്കുന്നു…
കവർ: ജ്യോതിസ് പരവൂർ