പൂമുഖം നോവൽ കാടകം (അദ്ധ്യായം-23)

കാടകം (അദ്ധ്യായം-23)

നൂറ്റിമൂന്ന്

മണ്ണടിയിലെ ഉടയാംകുളം പള്ളിയിൽ വെച്ചായിരുന്നു നീതുവിന്റെ ചരമ ശുശ്രൂഷയും അടക്കവും. കേട്ടറിഞ്ഞ് വലിയൊരു ജനസഞ്ചയം തന്നെ പള്ളിയിൽ എത്തി. സ്റ്റെല്ലയുടെ അലംഭാവം കാരണമാണ് കുട്ടിക്ക് മരണം സംഭവിച്ചതെന്ന് ഒരു ശ്രുതി എങ്ങനെയോ പരന്നിരുന്നു.

‘വീണിട്ട് അരമണിക്കൂർ കഴിഞ്ഞാ ആശുപത്രിയിൽ കൊണ്ടുപോയത്. അമ്മ കതകടച്ച് പാട്ട് കേൾക്കുവാരുന്നു. പോരാത്തതിന് എങ്ങോട്ടാ കൊണ്ടുപോയത്! ഒരു സാദാ ആശുപത്രീലേക്ക്. തള്ളക്ക് കൊച്ചിനെ രക്ഷിക്കണമെന്നൊന്നും ഇല്ലാരുന്നു.’
പരിചയമില്ലാത്ത ഒരുവൻ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഉറക്കെ പറയുന്നത് ഗിരി കേട്ടു. ആരൊക്കെയോ അയാളോട് തർക്കിച്ചു.

സ്ത്രീകളും കുശുകുശുത്തു: ‘തള്ളേക്കണ്ടാരുന്നോ?
തുള്ളി കണ്ണീര് ആ കൊച്ചിന്റെ കണ്ണീന്ന് വീണിട്ടില്ല. സ്നേഹമൊള്ള അമ്മയാണെങ്കീ അങ്ങനെ വരുമോ?’

‘ആകേം പോകേം ഒള്ള കൊച്ചാരുന്നു. ഡോക്ടറാണെന്ന് പറഞ്ഞിട്ടെന്താ, ജോസിന് തലവരയില്ല.’

‘ആ കൊച്ചിന് നേരത്തേ തന്നെ മനസ്സിന് സുഖമില്ല. ഇനിയിപ്പോ എന്താവും എന്നും അറിയില്ല. കർത്താവ് കാക്കട്ട്.’

അന്നമ്മയും കുട്ടികളും നിൽക്കുന്നത് ഗിരി കണ്ടു. അന്നമ്മയുടെ മാതാപിതാക്കളാകണം രണ്ടുപേരും ഒപ്പം ഉണ്ടായിരുന്നു. ഗിരി ഹേമയ്ക്ക് അവരെ കാട്ടിക്കൊടുത്തു. ജോസിന്റെ ബന്ധുക്കൾ പലരും അന്നമ്മയോടും മാതാപിതാക്കളോടും സംസാരിക്കാൻ അടുത്ത് കൂടി. ഗിരിയുടെയും ഹേമയുടെയും അടുത്തുനിന്ന വൃദ്ധ അന്നമ്മയെയും സ്റ്റെല്ലയും താരതമ്യം ചെയ്തു:
‘ചേരേണ്ടത് തമ്മിലേ ചേരാവൂ. മനുഷ്യപ്പറ്റൊള്ള കൊച്ചാരുന്നു അന്നമ്മ. അതിനെ കളഞ്ഞിട്ടാ ഈ അസുഖക്കാരിയെ കെട്ടിയത്. ഓരോ കാലക്കേടിന് അങ്ങനെയൊക്കെ തോന്നും. ആർക്കും തടയാൻ ഒക്കില്ല.’

നൂറ്റിനാല്

‘എന്തായിരുന്നു നീതുവിന്റെ നിയോഗം?’
വീട്ടിലെത്തിയപ്പോൾ ഹേമ ചോദിച്ചു.

ഗിരി ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു:
‘നമ്മൾ ഇത്തരം കാര്യങ്ങളിൽ ബുദ്ധി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. സാധാരണ മരണം പോലെ അല്ലല്ലോ ഒരു കുഞ്ഞിന്റെ മരണം. ദൈർഘ്യമുള്ള ജീവിതം ഓരോ കുഞ്ഞും അർഹിക്കുന്നു. പാവം കുഞ്ഞ്.’

രാജൻ സ്കൂട്ടറിൽ വന്നു.
അകത്തേക്ക് കയറാതെ അയാൾ തിണ്ണയിൽ തന്നെ ഇരുന്നു. ഗിരിയും ഹേമയും പുറത്തിറങ്ങി. കുറച്ചുനേരത്തേക്ക് ആരും മിണ്ടിയില്ല.
‘പോയിരുന്നോ?’
ഹേമ ചോദിച്ചു.

രാജൻ തലയാട്ടി. പിന്നെയും ഏറെനേരം നിശ്ശബ്ദത.

‘രാജാ,’ ഹേമ വിളിച്ചു.
രാജൻ തലയുയർത്തി ഹേമയെ നോക്കി.
‘സ്റ്റെല്ലയെ കണ്ടിരുന്നോ?’

‘കണ്ടു. ചടങ്ങ് എല്ലാം കഴിഞ്ഞ് അവർ പള്ളിയിലെ ചെടികൾക്ക് എടയിലൂടെ നടക്കുന്നതു കണ്ട് ഞാൻ ചെന്നു. എന്നോട് സംസാരിച്ചു. കാട്ടിലെ കാര്യമാ കൂടുതലും ചോദിച്ചേ. കൊച്ചിന്റെ കാര്യം ഒന്നും പറഞ്ഞില്ല. അവർക്ക് വലിയ ദുഃഖം ഒന്നും ഒള്ളതായി തോന്നിയില്ല. എനിക്ക് വല്ലാതെ തോന്നി.’

‘സ്നേഹമില്ലെന്നും ദുഃഖമില്ലെന്നും പറയാതെ. സ്റ്റെല്ല ഒന്നും പുറത്ത് പ്രകടിപ്പിക്കുന്ന കൂട്ടത്തിൽ അല്ല.’ ഹേമ പറഞ്ഞു.

‘ഒന്നും സംഭവിക്കാത്ത പോലെയാ എന്നോട് സംസാരിച്ചത്. ഞാൻ അന്തിച്ചു പോയി.’

‘ജനിച്ചാൽ എല്ലാവർക്കും ഒരു ദിവസം മരണമണ്ടല്ലോ. ദുഃഖിച്ചിട്ടും സത്യത്തിൽ വലിയ കാര്യമില്ല. സ്റ്റെല്ല അങ്ങനെ ചിന്തിക്കുന്നുണ്ടാവും.’ ഗിരി പറഞ്ഞു.

‘ഒന്നാലോചിച്ചാ ശരിയാ.’ രാജൻ പറഞ്ഞു. ‘ നമ്മടെ ചന്ദ്രസേനൻ സാർ പറയുന്നതുപോലെ ഈ ഭൂമിയിൽ വരാതിരിക്കുന്നതാ നല്ലത്. വന്നു കഴിഞ്ഞാ പിന്നെ തിരിച്ചറിവ് ഒണ്ടാവുന്നതിനു മുന്നേ പോകുന്നതാ ഭാഗ്യം.’

‘എനിക്ക് യോജിപ്പില്ല.’ ഗിരി പറഞ്ഞു.

‘എനിക്ക് തീരേം യോജിപ്പില്ല. ജീവിതം ഒരു അനുഗ്രഹമാ. പൂർണ്ണ ജീവിതം ജീവിക്കണം. നീതൂൻ്റെ കാര്യം വലിയ കഷ്ടമായിപ്പോയി. പാവം.’ ഹേമ പറഞ്ഞു.

‘നിങ്ങളൊക്കെ എന്തു ജീവിതം കണ്ടിട്ടൊണ്ട്, കാട്ടിൽ പെട്ടതൊഴികെ? അതാ ജീവിതത്തെ വാഴ്ത്തുന്നേ. എന്നാലും പോയ കൊച്ചിൻ്റെ കാര്യം ആലോചിച്ച് വലിയ വിഷമം. ഞാൻ എങ്ങോട്ടെങ്കിലും ഒന്നു പോകട്ട്.’ രാജൻ പോകാൻ എഴുന്നേറ്റു.

രാജൻ സ്കൂട്ടറിൽ ശാസ്താംനട എന്ന സ്ഥലത്ത് ചെന്നു. ഒരു ചെറിയ കടയിൽ കയറി ഉടമസ്ഥനോട് ചോദിച്ചു:
‘ഇവടെ ചന്ദ്രസേനൻ എന്നൊരു സാർ ഒണ്ടാരുന്നല്ലോ. കോളേജീ പഠിപ്പിച്ചിരുന്നെ. വീട് എവടാന്ന് അറിയാമോ?’

കടക്കാരൻ കുറച്ചുനേരം രാജനെ നോക്കി.
‘അങ്ങേര് ചത്തു പോയില്ലേ? ആറ് ഏഴ് മാസമായി.’

രാജൻ നിശ്ശബ്ദനായി നിന്നുപോയി.
‘കെടപ്പിലാരുന്നോ.’

‘ഓ അല്ല.’ കടക്കാരൻ താല്പര്യമില്ലാതെ പറഞ്ഞു.

പിന്നെ അയാൾ സംസാരിക്കാനുള്ള മൂഡിലേക്ക് വന്നു.

‘ഒരു പ്രത്യേക ടൈപ്പ് ആരുന്നു മാഷേ. എല്ലാ ചുറ്റുപാടും ഒണ്ടാരുന്നു. അയാക്കും ഭാര്യക്കും ജോലി. മിടുക്കരു പിള്ളേര്. നല്ല ഭൂസ്വത്ത്. എന്നാലും അങ്ങേര് വെള്ളമടിച്ചാ മനുഷ്യനെ മടുപ്പിക്കുന്ന സംസാരം പറഞ്ഞു നടക്കും. നമ്മളൊക്കെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്നവരാ. നമ്മടെ അടുത്ത് വന്ന് ജീവിതം അർത്ഥമില്ലാത്തതാ, ചാവുന്നതാ നല്ലത് എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇഷ്ടം പോലെ സാധനം മേടിക്കുന്ന കസ്റ്റമർ ആയതുകൊണ്ട് ഞാൻ ഒന്നും പറയില്ല. പക്ഷേ ഒരു കാര്യമൊണ്ട്. ചാവുന്നതിന്റെ രണ്ടുമൂന്നു ദെവസം മുമ്പു തൊട്ട് പുള്ളി മുടീം താടീം വെട്ടി, കുളിച്ച് വൃത്തിയായിട്ടാ വന്നിരുന്നെ. വെള്ളമടീം ഇല്ല, മുടിഞ്ഞ സംസാരോം ഇല്ല. നല്ല ഐശ്വര്യം.
പണ്ടേ ഇങ്ങനെ മതിയാരുന്നു സാറേ എന്ന് ഞാൻ പറയുകേം ചെയ്തു. പുള്ളി ചിരിച്ചോണ്ട് പോയി. അന്ന് രാത്രീ കഴുത്തിൽ കുടുക്കിട്ട് അങ്ങേര് ചത്തു.’

നൂറ്റിയഞ്ച്

നീതുവിന്റെ മരണശേഷം ഒരാഴ്ച ജോസും സ്റ്റെല്ലയും മണ്ണടിയിൽ ആയിരുന്നു. അവർ തിരിച്ചു പോയപ്പോൾ റാഹേലമ്മയും റെയ്ച്ചലും കൂടെ പോയി. തിരികെ വീട്ടിലെത്തിയപ്പോൾ സ്റ്റെല്ല നീതു മോളുടെ വസ്ത്രങ്ങൾ എല്ലാം കഴുകി ഇസ്തിരിയിട്ടു. മുറ്റത്ത് കറങ്ങി നിന്നിരുന്ന പൂച്ചയും നായയും സ്റ്റെല്ലയെ കണ്ട് ആഹ്ളാദം പ്രകടിപ്പിച്ചു. താമസക്കാരെത്തി ഏതാനും മണിക്കൂറുകൾക്കകം വീട് പൂർവസ്ഥിതിയിലായി.

വര: പ്രസാദ് കാനത്തുങ്കൽ

രാത്രിയിൽ ജോസിന് ഫോൺ വന്നു. ഫോൺ സംഭാഷണത്തിനിടെ റെയ്ച്ചലിൻ്റെ വീട്ടിലെ കാര്യങ്ങൾ ജോസ് പറയുന്നത് കേട്ട് റെയ്ച്ചലിന് കൗതുകം തോന്നി.

‘ആരാണ് ഫോണിൽ, എൻറെ കാര്യമൊക്കെ ചോദിക്കുന്നല്ലോ?’
റെയ്ച്ചൽ സ്റ്റെല്ലയോട് ചോദിച്ചു.

‘ഡോക്ടർ അന്നമ്മ.’ സ്റ്റെല്ല പറഞ്ഞു.

റെയ്ച്ചൽ വല്ലാതെയായി. റാഹേലമ്മയുടെ മുഖവും ഇരുണ്ടു.

‘പള്ളിയിൽ വെച്ച് ആ അമ്മാമ്മ എന്നോട് സംസാരിച്ചിരുന്നു.’ സ്റ്റെല്ല പറഞ്ഞു.

പള്ളിയിൽ വെച്ച് അന്നമ്മയും സ്റ്റെല്ലയും സംസാരിക്കുന്നത് റാഹേലമ്മയും റെയ്ച്ചലും കണ്ടിരുന്നു. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലും ഇരുവർക്കും അലോസരം തോന്നിച്ച ഒരു സമാഗമമായിരുന്നു അത്. അന്നത്തെ ചടങ്ങിനിടയിൽ റെയ്ച്ചലും അന്നമ്മയും അൽപനേരം സംസാരിച്ചിരുന്നു. പത്തു വർഷത്തിലേറെയുള്ള കാലയളവിൽ അന്നമ്മ ഏറെ മാറിയതായി റെയ്ച്ചലിനു തോന്നിയിരുന്നു.

അന്ന് രാത്രി ഒരുമിച്ചു കിടക്കുമ്പോൾ റെയ്ച്ചൽ റാഹേലമ്മയോട് പറഞ്ഞു:
‘അന്നമ്മ ഇവർക്കിടയിലേക്ക് വരുന്നത് എനിക്കിഷ്ടപ്പെടുന്നില്ല.’

‘എനിക്കും.’
റാഹേലമ്മയും പറഞ്ഞു.

അല്പം കഴിഞ്ഞ് റാഹേലമ്മ ചോദിച്ചു:
ഇവർക്ക് ഇനിയും ഒരു മുറിയിൽ കിടക്കാറായില്ലേ?

‘അതീ ജന്മം ഉണ്ടാവുമെന്ന് തോന്നുന്നില്ല.’ റെയ്ച്ചൽ പറഞ്ഞു.

‘ഒരു കാലം വരും. ഇതെല്ലാം ഓർത്തു പശ്ചാത്തപിക്കാൻ.’ റാഹേലമ്മ അലസമായി ഒരു പ്രവചനം നടത്തി.

‘ഞാൻ അമ്മച്ചിയോട് ഒരു കാര്യം സ്വകാര്യമായി പറയട്ടെ. അമ്മച്ചി എങ്ങനെ അതെടുക്കും എന്ന് എനിക്കറിയില്ല.’

‘പറ.’

‘ഇത്രേം വെഷമം ഒള്ളപ്പോഴും സ്റ്റെല്ലേടെ അടുത്തിരിക്കുമ്പോ എനിക്ക് ഒട്ടും വെഷമം തോന്നുന്നേയില്ല. അതിപ്പോ നീതുമോടെ കാര്യം മാത്രമല്ല എന്റെ മനസ്സിലെ വല്യ സങ്കടങ്ങളും അപ്പോ മാഞ്ഞുപോവും. അത് വലിയ അതിശയമാ. മനസ്സിന് വലിയ ഒരു തണുപ്പ്. ചെലപ്പോ എനിക്ക് മാത്രമൊള്ള കാര്യമാരിക്കും.’

‘അറിയില്ല. ഏതായാലും ദൈവീകമൊള്ള കൊച്ചാ സ്റ്റെല്ല. എന്നിട്ടും അവക്കീ ഗതി വന്നല്ലോ.’ റാഹേലമ്മ പരിതപിച്ചു.

Comments

You may also like