എൺപത്തിയേഴ്
‘നിനക്ക് ശരിക്കും പോകണമെന്നില്ലേ? ഒരു മടിയുള്ളതുപോലെ.’ ഹേമ ഗിരിയോട് പറഞ്ഞു.
‘പോകണമെന്ന് തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ ഒരു താൽപര്യക്കുറവ്.’
‘കാരണം?’
‘നമ്മുടെ ഈ യാത്ര കൃത്രിമമായ ഒരു ആവേശം സൃഷ്ടിക്കലാണെന്ന തോന്നൽ.’
‘മനസ്സിലായില്ല.’
‘എല്ലാ തയ്യാറെടുപ്പും എടുത്ത്, എല്ലാ സജ്ജീകരണങ്ങളൊടും കൂടി, സുരക്ഷ ആകുന്നിടത്തോളം ഉറപ്പിച്ച് നമ്മൾ പുറപ്പെടുകയാണ്. എന്തിന്? നമ്മുടെ പഴയ കാട്ടുജീവിതത്തെ ഒന്ന് റീലിവ് ചെയ്യാൻ. ഓരോ നിമിഷവും മരണം മുന്നിൽ കണ്ടു ജീവിച്ചിരുന്ന ആ പഴയ അവസ്ഥ എവിടെ, മുൻകരുതലുകളോടു കൂടിയ ഈ സഞ്ചാരം എവിടെ? ഒരു ഉല്ലാസയാത്രയുടെ പ്രാധാന്യം മാത്രമേ ഇതിലുള്ളൂ.’
‘അങ്ങനെ കണ്ടാൽ മതി.’
‘ശരി. തീർച്ചയായും പോയേക്കാം. നിനക്ക് ആഗ്രഹമുള്ളതല്ലേ.’
തയ്യാറായി പുറത്തിറങ്ങിയപ്പോൾ രാജനും തേനിയും മുറ്റത്തു നിൽക്കുന്നു. ഒരു വലിയ ചാക്കുകെട്ട് അകലെ മാറ്റിവെച്ചിരിക്കുന്നു. തേനി തെറ്റിയുടെ പഴങ്ങൾ ശ്രദ്ധയോടെ അടർത്തിയെടുക്കുന്നു.
‘രാജാ കൂട്ടുകാരന് ഈ യാത്രയിൽ വലിയ താല്പര്യമില്ല.’
‘സത്യം പറഞ്ഞാ എനിക്കും.’
അതു പറഞ്ഞു ചിരിച്ച് രാജൻ ചാക്കുകെട്ട് എടുത്തു തോളിൽ വെച്ചു. തേനി മുന്നിൽ നടന്നു. തേനി കാട്ടിനുള്ളിലേക്ക് നടക്കുന്നതിന് ഒരു ഒഴുക്ക് ഉണ്ടെന്ന് മറ്റുള്ളവർക്ക് തോന്നി.
‘See the smoothness of her walk! Like a duckling in water.’ ഹേമ ഗിരിയോട് പറഞ്ഞു.
മുക്കാൽ മണിക്കൂറിനകം കുങ്കനെയും കൂട്ടരെയും ആദ്യമായി കണ്ട പാറക്കെട്ടിന് അടുത്തെത്തി.
‘ഇനി അധികം പോകണ്ട.’
തേനി രാജനോട് പറഞ്ഞു. അവൻ തലയാട്ടി.
‘ഇനി അധികം പോവണ്ട. നിങ്ങൾ കുറച്ചു ദൂരം തനിയെ നടന്നിട്ട് വരൂ.’
രാജൻ ഗിരിയോടും ഹേമയോടും പറഞ്ഞു.
തേനി ചാക്കഴിച്ച് ഒരു വെട്ടുകത്തിയും കമ്പിയും അവർക്ക് കൊടുത്തു. അവയുമായി ഗിരിയും ഹേമയും മരങ്ങൾക്കിടയിലൂടെ നടന്നുമറഞ്ഞു.
‘ഈ കാട്ടിൽ വച്ച് ഹേമക്കു വേണ്ടി ഞാനും ഗിരിയും തമ്മിൽ യുദ്ധം നടന്നിട്ടുണ്ട്.’ രാജൻ പറഞ്ഞു.
‘മറ്റേ പെണ്ണിനെയല്ലേ നിങ്ങൾ ഇഷ്ടപ്പെട്ടത്,ഒരു ഡോക്ടർ കെട്ടിയ പെണ്ണിനെ?’
‘അത് വേറൊരു തരം ഇഷ്ടം. അവൾക്ക് എൻ്റെ യജമാനത്തി ആണെന്നൊരു ഭാവമുണ്ടായിരുന്നു,അല്ലെങ്കിൽ അങ്ങനെ ഞാൻ വിശ്വസിച്ചു. കാട്ടിലെ ജീവിതം അവസാനിക്കാറായപ്പോഴേക്കും അവളെ സ്വന്തമാക്കി തിരിച്ചു ഭരിക്കാൻ എനിക്ക് വലിയ മോഹം തോന്നി.’
‘ഇപ്പോഴും ആ മോഹം ഉണ്ടോ?’
‘അറിയില്ല.’
രാജൻ ഒരു പാറയുടെ പുറത്തു കയറിക്കിടന്നു മയങ്ങാൻ തുടങ്ങി. തേനിയും സമീപത്തുതന്നെ കിടന്നു നിമിഷങ്ങൾക്കുള്ളിൽ മയങ്ങി. കുറേക്കഴിഞ്ഞ് തേനി എഴുന്നേറ്റ് ഗിരിയേയും ഹേമയേയും അന്വേഷിച്ചു പോയി. കുറച്ചുകഴിഞ്ഞ് തിരികെയെത്തി വീണ്ടും രാജന്റെ അരികിൽ കിടന്ന് ഉറക്കമായി. ഹേമയും ഗിരിയും വന്നു വിളിച്ചപ്പോളാണ് രണ്ടുപേരും ഉണർന്നത്. തിരികെ നടക്കുമ്പോൾ രാജൻ ശ്രദ്ധിച്ചു ഗിരിയുടെയും ഹേമയുടെയും മുഖങ്ങളിൽ നല്ല സംതൃപ്തി. നാട്ടിൽ വെച്ചും സംതൃപ്തി അവരുടെ മുഖങ്ങളിൽ ഇതുപോലെ തന്നെ ഉണ്ടായിരുന്നു. മാറ്റമില്ലാത്ത, ഏറ്റക്കുറവില്ലാത്ത ഈ സംതൃപ്തി അവർക്ക് എന്നുമുതലാണ് ലഭിച്ചത്? ഗിരിക്കെങ്കിലും നിശ്ചയമായും പണ്ടത് ഉണ്ടായിരുന്നില്ല. കാട്ടിൽ വെച്ച് ഗിരിയുമായി ഉണ്ടായ വഴക്കും ഹേമ അനുനയത്തിൽ തന്നെ ഒഴിവാക്കിയതും സ്റ്റെല്ലയുടെ അകൽചയും വർഷങ്ങൾക്കു ശേഷം പൊടുന്നനെ തിരമാല പോലെ രാജന്റെ മനസ്സിലേക്കു വന്നു. അതിന്റെ മരവിപ്പിൽ അവൻ തന്നോടുതന്നെ ചിരിച്ചു.
ഹേമയേയും ഗിരിയേയും കുടിലിലാക്കി മടങ്ങുമ്പോൾ തേനി രാജനോടു പറഞ്ഞു: ‘വല്ലാത്ത ആൾക്കാരാ നിങ്ങൾ നാട്ടുകാർ.’
രാജൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
‘നിങ്ങൾ ഉറങ്ങിക്കിടന്നപ്പോൾ ഞാനവരെ അന്വേഷിക്കാൻ ഇറങ്ങി. പുഞ്ചയുടെ അടുത്ത് രണ്ടാളെയും കണ്ടു. ഛെ! പിറന്നപടി. ഒറ്റ നോട്ടമേ നോക്കിയുള്ളു. ഞാൻ തിരിച്ചോടി.’
പിന്നെ തേനി തന്നെ അതിന് സമാധാനവും പറഞ്ഞു: ‘തലയ്ക്കു മീതെ കൂരയില്ലാതെ മൂന്നുനാല് മാസം ജീവിച്ചതല്ലേ?’
അല്പസമയം കഴിഞ്ഞ് തേനി പറഞ്ഞു: ‘എന്നാലും എനിക്ക് അവരെ വളരെ ഇഷ്ടമായി. നാട്ടിലുള്ളവരെ പറ്റി കേട്ടിട്ടുള്ളത് വലിയ ഗൗരവക്കാരാണെന്നാണ്. നിങ്ങളെപ്പോലെ. പക്ഷേ ഇവര് കൊള്ളാം .ചിത്രശലഭങ്ങളെ പോലെയല്ലേ പാറി നടക്കുന്നത്!’
രാജൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി. പിന്നെ കണ്ണിൽ നോക്കി ഗൗരവത്തിൽ പറഞ്ഞു: ‘അവർ രണ്ടുപേർക്കും ജീവിതത്തിൽ വലിയ ബുദ്ധിമുട്ട് ഒന്നുമുണ്ടായിട്ടില്ല. ആകെ ഉണ്ടായത് കാട്ടിൽ പെട്ടുപോയതാണ്. അതു കഴിഞ്ഞു. പൈസയുടെ കുറവോ സ്നേഹത്തിന്റെ കുറവോ രണ്ടുപേരും അനുഭവിച്ചിട്ടില്ല. അധ്വാനിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യം അവർക്ക് ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാവുകയുമില്ല. അങ്ങനെയുള്ളപ്പോൾ പാറിപ്പറക്കാം. അതിലൊന്നും വലിയ കാര്യമില്ല.’
‘കൂട്ടുകാരാണെങ്കിലും നിങ്ങൾക്ക് അവരോട് വലിയ അസൂയയാണ്.’ തേനി പറഞ്ഞു.
പെട്ടെന്ന് വന്ന ദേഷ്യത്തിൽ രാജൻ തേനിയുടെ മുഖത്ത് ആഞ്ഞടിച്ചു. ഒന്നു പകച്ചുനിന്ന ശേഷം തേനി രാജനെ തുരുതുരെ തിരിച്ചടിച്ചു. അനങ്ങാതെ നിന്ന് എല്ലാ അടിയും രാജൻ കൊണ്ടു. അല്പം കഴിഞ്ഞ് വീണുകിടന്ന ഒരു വലിയ തടി, വിറകിനായി രണ്ടുപേരും ചേർന്ന് ചുമന്നു കൊണ്ടുപോവുകയും ചെയ്തു. പോകുന്ന പോക്കിൽ രാജൻ മലയാളത്തിൽ ഉറക്കെ സംസാരിച്ചു കൊണ്ടിരുന്നു: ‘നെനക്കറിയാമോ ഈ പോയ പെണ്ണിന്റേം ആ ഡോക്ടർ കെട്ടിയ പെണ്ണിന്റേം ദേഹത്ത് ഞാൻ കാണാത്ത ഒരു ചെറിയ ഭാഗം പോലുമില്ല. കാട്ടീ വെച്ച് അതെല്ലാം കണ്ടുകണ്ട് വികാരം മൊത്തോം പോയവനാ ഞാൻ. പക്ഷേ നീ ഒരു കാര്യം പറഞ്ഞത് ശരിയാ, എനിക്ക് കടുത്ത അസൂയയാ. അത് മാറത്തുമില്ല.’
‘പ്രാന്ത് പറയാതെ നാവടക്ക്, എന്റെ കയ്യിൽ നിന്ന് മേടിക്കേണ്ടെങ്കിൽ.’ തേനി ഒച്ചവെച്ചു.
എൺപത്തിയെട്ട്
തമ്പാനൂരിൽ ബസ് ഇറങ്ങിയ റാഹേലമ്മയും റെയ്ച്ചലും ഡോക്ടർ ജോസിനൊപ്പം കാറിൽ വീട്ടിലേക്ക് പോയി.
‘പുറമേ നിന്ന് നോക്കിയാ വീട് ശാന്തമാ അമ്മച്ചീ. വഴക്കില്ല, സാമ്പത്തിക പ്രശ്നമില്ല, രോഗമില്ല, അങ്ങനെ ഒന്നുമില്ല. രാവിലെ ഭർത്താവ് ജോലിക്ക് പോന്നു, കുഞ്ഞ് സ്കൂളീ പോന്നു. വൈകിട്ട് രണ്ടുപേരും തിരികെ എത്തുന്നു. വല്ലപ്പോഴും ഒഴിവ് ദിവസങ്ങളിൽ മ്യൂസിയത്തിലോ കാഴ്ച ബംഗ്ലാവിലോ പോകുന്നു. സമാധാനമുള്ള വീടുകളീ നടക്കുന്നതെല്ലാം ഞങ്ങടെ വീട്ടിലും നടക്കുന്നൊണ്ട്. പ്രധാന പ്രശ്നം എന്താന്നു വെച്ചാ, മനശ്ശാസ്ത്രജ്ഞനായ ഭർത്താവ് പഠിച്ച പണി പതിനെട്ടും നോക്കീട്ടും ഭാര്യേടെ മനസ്സ് നേരെയാക്കാൻ കഴിയുന്നില്ല എന്നതാ. അതുമാത്രമാന്ന് വെച്ചാ പോട്ടേന്നു വയ്ക്കാമാരുന്നു.ഒരു വീടാകുമ്പോ ഒരു പ്രശ്നമെങ്കിലും വേണ്ടേ. ഇവിടെ ഒന്നിൽ നിന്ന് അടുത്തത് തുടങ്ങുന്നു എന്നതാ പ്രശ്നം. കൊച്ച് അമ്മേടെ വഴിയേ പോകാൻ തുടങ്ങുന്നു. അതെനിക്ക് തടയണം.തടഞ്ഞേ തീരൂ.’
‘ഞങ്ങള് തൽക്കാലം ഒരാഴ്ച നിൽക്കാമെടാ. അതുകൊണ്ട് എന്തെങ്കിലും മാറ്റമുണ്ടോ എന്ന് നോക്കാം. വേണോങ്കീ ഇനീം വരാം.’ റെയ്‌ച്ചൽ പറഞ്ഞു.
‘കൂടെക്കൂടെ വരണം.സണ്ണിച്ചായനോട് വേണോങ്കീ ഞാൻ വിളിച്ചു പറയാം.’
‘അതൊന്നും വേണ്ട. ഞാൻ ഒരാഴ്ച നിന്റെ കൂടെ നിൽക്കാൻ പോകുവാ എന്ന് പറഞ്ഞാ രണ്ടാഴ്ച നില്ല് എന്നാരിക്കും അങ്ങേര് പറയുക. അത് വേറൊരു പ്രശ്നമാടാ. അതൊക്കെ നിന്നോട് ഞാൻ പറയുന്നില്ല. ഓരോ വീട്ടിലും ഓരോ പ്രശ്നങ്ങളൊണ്ട്. എന്റെ പ്രശ്നവുമായി തട്ടിച്ചു നോക്കുമ്പോ നിന്റേത് പൊടിയാന്നാ സത്യത്തീ എനിക്ക് തോന്നുന്നെ. പിന്നെ ഡിഗ്രിക്ക് തോറ്റ് പഠിപ്പ് നിർത്തിയ എൻ്റെ കൂട്ടല്ലല്ലോ നീയ്. എനിക്ക് നോക്കാനാണെങ്കീ മക്കളും ഇല്ല. അതാ എല്ലാം വിട്ടിട്ട് അമ്മച്ചീടെ കൂടെ ഇങ്ങോട്ട് എറങ്ങിയത്.’
ജോസ് നിശ്ശബ്ദനായി. നേരാണ് ചേച്ചി പറയുന്നത്. അവരുടെ ജീവിതത്തിൽ എന്താണ് ഒരു സന്തോഷം? ഏതു ലക്ഷ്യമാണ് അവർക്ക് ജീവിതത്തിന് മുന്നിൽ വെക്കാൻ ആവുക, ഒരേ മട്ടിൽ നിരന്തരം ആവർത്തിക്കുന്ന ദിനരാത്രങ്ങളിലൂടെ കടന്നുപോവുക എന്നത് ഒഴിച്ചാൽ?
വീടിന്റെ ഗേറ്റിനു മുന്നിലെത്തി കാർ ഹോൺ അടിച്ചപ്പോൾ ജോലിക്കാരി ഓടിയെത്തി തുറന്നു. അറുപത് വയസ്സോളം ഉള്ള, നീളം കുറഞ്ഞ ഒരു സ്ത്രീ. അമ്മയും ചേച്ചിയും വരും, ഒന്നുരണ്ടാഴ്ച നിന്നേക്കും എന്നു ജോസ് പറഞ്ഞിരുന്നതു കൊണ്ട് സ്ത്രീകളെ മനസ്സിലാക്കാൻ അവർക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. റാഹേലമ്മയുടെയും റെയ്ച്ചലിന്റെയും മുന്നിൽ അവർ പരിഭ്രാന്തി അഭിനയിച്ചു കാണിച്ചു.
‘നിങ്ങള് രണ്ടാളും വന്നത് എത്ര നന്നായി! എന്റെ നല്ല ജീവൻ പോയി നിൽക്കുവാരുന്നു.’
‘എന്താ കാര്യം,’ ജോസിന് ഉൽക്കണ്ഠയായി.
‘നമ്മടെ മോള് അകത്ത് വയസ്സറിയിച്ചു നിൽക്കുന്നു. കൊറച്ചു നേരമായി.’
ജോലിക്കാരി റെയ്ച്ചലിന്റെ കാതിൽ പറഞ്ഞു.
‘ആഹാ അത് നല്ല കാര്യമല്ലേ? നമുക്ക് പോയി മോളെ നോക്കാം.’
സംഗതി ഊഹിച്ച് ജോസ് അകത്തേക്ക് പോയി. പിന്നാലെ റാഹേലമ്മയും റെയ്ച്ചലും. സ്റ്റെല്ല നീതുവിനെ കെട്ടിപ്പിടിച്ച് മുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു. നീതു അമ്മയുടെ കരവലയത്തിൽ സംതൃപ്തിയായിരുന്ന് താഴെ വിശ്രമിക്കുന്ന ഒരു പൂച്ചയുടെ ദേഹം കാലുകൊണ്ട് ഉഴിയുന്നു. അമ്മായിയമ്മയെയും നാത്തൂനെയും കണ്ടപ്പോൾ സ്റ്റെല്ല നീതുവിന്റെ ദേഹത്തുനിന്ന് കയ്യെടുത്ത് പുഞ്ചിരി തൂകി.
‘മോൾക്ക് തുടങ്ങിയോ?’
റെയ്ച്ചൽ ചോദിച്ചു.
സ്റ്റെല്ല പുഞ്ചിരിച്ചു കൊണ്ടു തന്നെ തലയാട്ടി. റെയ്ച്ചൽ സ്റ്റെല്ലയെ സൂക്ഷിച്ചു നോക്കി. കുട്ടിക്കാലം മുതലേ അറിയാവുന്ന പെൺകുട്ടിയാണ്. വിരളമായി മാത്രം ചിരിച്ചു കണ്ടിട്ടുള്ള ഗൗരവസ്വഭാവി. എല്ലാവരിൽ നിന്നും എല്ലാത്തിൽ നിന്നും അല്പം അകലം പാലിക്കുന്ന അന്തർമുഖിയെന്നു തോന്നിച്ചിരുന്ന ആളാണു സ്റ്റെല്ല. കഴിഞ്ഞ പത്തു വർഷമായി ക്രമാനുഗതമായ ഒരു മാറ്റം സ്റ്റെല്ലക്ക് ഉണ്ടാകുന്നുണ്ടെന്ന് കാണുമ്പോഴെല്ലാം റെയ്ച്ചൽ നിരീക്ഷിച്ചിരുന്നു. ജോസിന്റെ വിവരണങ്ങളിൽ നിന്ന് അത് ഗുണപരമായ മാറ്റമല്ല എന്ന ധാരണയിലും ആയിരുന്നു. ഇപ്പോൾ സ്റ്റെല്ലയുടെ മുഖത്ത് തെളിഞ്ഞു കാണുന്ന ഭാവം റെയ്ച്ചലിനെ ചിന്താക്കുഴപ്പത്തിലാക്കി. അസാധാരണമായ ശാന്തത നിറഞ്ഞ ഭാവം.
എൺപത്തിയൊൻപത്
ഗിരിയും ഹേമയും രാജനൊപ്പം കാടുകാണാൻ പോയ കാലയളവിൽ ആൻ്റണി താൻ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഓരോ വീട്ടിലും ഒരു പ്രത്യേക ഉദ്ദേശവുമായി ചെല്ലാൻ തുടങ്ങി. തനിക്ക് പ്രായമായി. ക്ഷീണവും രോഗങ്ങളുമുണ്ട്. ഇനി ജോലി ചെയ്യാൻ വയ്യ. എല്ലാം അവസാനിപ്പിച്ച് വിശ്രമിക്കാൻ പോവുകയാണ്.
‘അതു നല്ലതാ ആൻ്റണീ. ഒരു പ്രായമായാ വിശ്രമിക്കണം. മക്കളുടെ കൂടെ കൂടണം,’ അറപ്പുര തെക്കേലെ രാജേന്ദ്രൻ പറഞ്ഞു.
രാജേന്ദ്രൻ വള്ളിനിക്കർ ഇട്ടിരുന്ന കാലത്ത് വീട്ടിൽ ജോലി തുടങ്ങിയതാണ് ആൻ്റണി. അപ്പോൾ ഒരു നാൽപത്തഞ്ചു വർഷമെങ്കിലും ആൻ്റണി ആ വീട്ടിൽ ജോലി ചെയ്തിട്ടുണ്ടാവണം. ആ അവകാശ ബോധം ആൻ്റണിയുടെ മുഖത്ത് ഉണ്ടെങ്കിലും രാജേന്ദ്രൻ മറ്റൊരു വിധത്തിലാണ് ചിന്തിച്ചത്. ഈ കിഴവൻ ആവുന്ന കാലത്ത് നന്നായി ജോലി ചെയ്യുമായിരുന്നു. അതിൻ്റെ കൂലി കണക്കു പറഞ്ഞ് മേടിക്കുകയും ചെയ്തിരുന്നു. കുറച്ചുകാലമായി വലുതായി കൂലി ചോദിക്കുന്നില്ലെങ്കിലും ഇങ്ങേരുടെ ജോലിക്ക് പഴയ ഉഷാറില്ല. ഇങ്ങേര് വിട്ടു പോണെങ്കിൽ അത് നല്ല കാര്യമാണ്.
രാജേന്ദ്രൻ നൂറു രൂപയുടെ നാലു താളുകൾ നന്നായി തിരുമ്മി ആന്റണിക്ക് നേരെ നീട്ടി.
‘ഇതിരിക്കട്ടെ ആൻ്റണി. ഞങ്ങളെയൊക്കെ ഇടയ്ക്ക് ഓർക്കണം.’
അമ്പരപ്പും കലശലായ സങ്കടവും വന്നെങ്കിലും അതെല്ലാം വേഗം മാറി. പിന്നീടങ്ങോട്ട് കണ്ട ആളുകളാരും രാജേന്ദ്രന്റെയത്ര പോലും ഉദാരമതികളായില്ല. അഞ്ചിടത്തുനിന്ന് ആയിരം രൂപ മാത്രം പിരിഞ്ഞു കിട്ടി. അവസാനം പോയയിടത്ത് ‘ദാരിദ്ര്യം ആണെങ്കിൽ ഇത് വെച്ചോളൂ’ എന്നു പറഞ്ഞ് അഞ്ഞൂറു രൂപാ നീട്ടാനുള്ള നർമ്മബോധം ആൻ്റണി കാണിച്ചു.
ഗിരി നാട്ടിൽ തിരികെയെത്തിയ വിവരം ആൻ്റണിയറിഞ്ഞു. മറ്റുള്ളവരെ പോലെ ആകില്ല ഗിരി എന്ന് ആൻ്റണിക്ക് തോന്നി. എന്തായിരിക്കും ഗിരി തരിക? എന്താണെന്ന് വെച്ചാൽ എടുത്തോളൂ എന്നാവും പറയുക. എങ്കിൽ എന്താണ് ചോദിക്കുക? മണക്കണ്ടം തരാമോ എന്ന് ചോദിച്ചാലോ? വലിയ ചോദ്യമാണ്. എന്തുകൊണ്ട് ചോദിച്ചു കൂടാ? കിട്ടിയാൽ അവിടെ കൃഷി ചെയ്യാം അല്ലെങ്കിൽ വിൽക്കാം. അതിനെക്കുറിച്ച് ആലോചിച്ചാലോചിച്ച് ആ സാധു വൃദ്ധന് മനസ്സിലും ശരീരത്തിലും ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിറ കയറി. ഉറക്കം വന്നില്ല. രാത്രി പതിനൊന്നിന്റെ സൈറൺ ഊതിക്കഴിഞ്ഞപ്പോൾ ആൻ്റണി പുറത്തിറങ്ങി ഗിരിയുടെ വീട്ടിലേക്ക് എന്തിനെന്നറിയാതെ നടന്നു. നല്ല നിലാവുണ്ടെങ്കിൽ ഉറക്കം വരാത്ത രാത്രികളിൽ അത്തരം നടത്തം ആന്റണിക്ക് പതിവാണ്. പരസ്പരം കുരച്ചും ഓരിയിട്ടും രാവ് ആഘോഷിക്കുന്ന നായകൾക്കും അയാൾ പരിചിതനാണ്. ആന്റണിയെ കണ്ടു കഴിഞ്ഞാൽ നായകൾ അയാളുടെ ഒപ്പം കൂടും.
ഗിരിയുടെ വീടിന് ഗേറ്റ് ഇല്ല. മുന്നിൽ വിസ്തൃതമായ പറമ്പാണ്. വഴിയിൽ നിന്നുകൊണ്ട് ആൻ്റണി നോക്കി. മുറ്റത്ത് വെട്ടം ഉണ്ട്. നിലാവിന്റെ വെട്ടം കൂടാതെ മറ്റൊരു വെട്ടം. ആൻ്റണി വീട്ടിലേക്കു നടന്നു. താൻ ആ ചോദ്യം ചോദിക്കാൻ പോവുകയാണ്. ഒന്നുകിൽ ഈ രാത്രിയോടെ ജീവിതം മാറിമറിയാം. അല്ലെങ്കിൽ ഗിരിയുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിക്കാം.
തിണ്ണയിൽ ഒരു നിലവിളക്ക് കത്തിച്ചുവച്ചതിന്റെ വെട്ടമാണ് ദൂരെ നിന്നു കണ്ടത്. ഒരു കണ്ണിനു മുകളിൽ കൈകൊണ്ട് പാത്തി വെച്ച് ആൻറണി സൂക്ഷിച്ചു നോക്കി. അയാൾ പാടേ അന്ധാളിച്ചു പോയി. ഒരു കട്ടിൽ മുറ്റത്ത് കിടക്കുന്നു. ഗിരി അതിന്റെ മുന്നിലിരുന്ന് എന്തോ ചെയ്യുകയാണ്. കട്ടിലിൽ ഹേമ അരക്കു മുകളിൽ നഗ്നയായി ധ്യാനത്തിൽ എന്നവണ്ണം ഇരിക്കുന്നു. ഗിരി ഏകാഗ്രതയോടെ അവളുടെ ചിത്രം വരയ്ക്കുകയാണ്. ഹേമയുടെ ഇരിപ്പ് ഏതാനും നിമിഷം ഉറ്റു നോക്കിയിരുന്ന ശേഷം ആൻ്റണി തിരിച്ചു നടന്നു.

അന്നോ പിന്നീടോ ഭൂമി വേണമെന്ന ആവശ്യം ആൻ്റണി ഗിരിയോട് ഉന്നയിച്ചില്ല. അതെന്നല്ല യാതൊന്നും ആവശ്യപ്പെട്ടില്ല. അസാധാരണമായ ഒരു ഊർജ്ജം ആ വൃദ്ധൻ്റെയുള്ളിൽ ദിവസങ്ങളോളം നിറഞ്ഞുനിന്നു.
തൊണ്ണൂറ്
ഗിരിയും ഹേമയുമായി ബന്ധപ്പെട്ട് താൻ കണ്ട അസാധാരണമായ കാഴ്ച ആരോടെങ്കിലും പങ്കുവെക്കണമെന്ന് ആന്റണിക്കുണ്ട്. നിരുപദ്രവിയായ ആരോടെങ്കിലും. സൂക്ഷിച്ചു വേണം അതു ചെയ്യാൻ എന്ന് അയാൾക്കറിയാം. ദശാബ്ദങ്ങളായി ബന്ധമുള്ള, തന്നോട് നല്ലത് മാത്രം ചെയ്തിട്ടുള്ള കുടുംബമാണ്. അവർക്ക് ദോഷം വരുന്നത് ഒന്നും ചെയ്തുകൂടാ. പക്ഷേ ഇതു മനസ്സിൽ വയ്ക്കാനും കഴിയുന്നില്ല. ഭാര്യ ഇളയ മകൾക്കൊപ്പം കോഴിക്കോടാണ്. ഉടനെയെങ്ങും അവളെ കാണാൻ കഴിയില്ല. അങ്ങനെയാണ് മുറുക്കാൻ കട നടത്തുന്ന പ്രകാശനോട് പറയാൻ തീരുമാനിച്ചത്. പ്രകാശൻ പക്വമതിയാണ്. അയാളെ വിശ്വസിക്കാം.
‘നിൻ്റെ മനസീ മാത്രം വെക്കാൻ പറയുവാ’ എന്ന മുഖവുരയോടെ ആൻറണി ഗിരിയുടെ വീട്ടിൽ താൻ കണ്ട കാര്യങ്ങൾ പറഞ്ഞു. അതോടെ അയാൾക്ക് മനസ്സിന് ഭാരക്കുറവ് അനുഭവപ്പെട്ടു. ഈ മൂപ്പിലാൻ്റെ വായിൽ നിന്ന് ആവശ്യമില്ലാത്ത രഹസ്യം കേട്ട് അത് മനസ്സിൽ പേറേണ്ട അവസ്ഥയിൽ ആയല്ലോ താൻ എന്ന് പ്രകാശനു തോന്നി.
‘ആരോടും പറയരുത്, പിള്ളേരോട് പോലും’ എന്ന ഉറപ്പിൽ പ്രകാശൻ ആൻ്റണി പറഞ്ഞ കാര്യം ഭാര്യയോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് മുറുക്കാൻ വാങ്ങാൻ വന്ന ബഷീർ ഗിരിയുടെയും ഹേമയുടെയും കഥ കാര്യമായ മാറ്റത്തോടെ പ്രകാശനോട് പറഞ്ഞു. ആരാണ് പറഞ്ഞത് എന്ന ചോദ്യത്തിന് ബീവിയാണ് എന്ന് ബഷീർ പറഞ്ഞു. ബീവിയോട് ആരു പറഞ്ഞു എന്ന പ്രകാശന്റെ വേവലാതിയോടെയുള്ള ചോദ്യത്തിന് മീൻ വിൽക്കാൻ വരുന്ന സാറാമ്മ എന്ന് ബഷീർ മറുപടി പറഞ്ഞു. ബഷീർ പറഞ്ഞ കഥയിൽ ഗിരി ചിത്രം വരക്കുന്ന ഭാഗം ഇല്ല. പകരമുള്ളത് നിലാവിലുള്ള നെടുങ്കൻ ഭോഗമാണ്.
അടുത്തദിവസം ആൻ്റണി പ്രകാശനെ കാണാൻ എത്തി.
‘നീ അത് എല്ലാരോടും പറഞ്ഞു അല്ലേ?’ എന്ന് ഹൃദയവേദനയോടെ ചോദിച്ചു. പ്രകാശൻ ഒന്നും മിണ്ടാനാവാതെ തലകുനിച്ചു.
രണ്ടുദിവസത്തിനു ശേഷം ആൻ്റണി മണ്ണടിയോട് വിട പറഞ്ഞു. കൊല്ലത്തുള്ള മകൻറെ ഒപ്പമാണ് കൂടിയത്. മകൻ്റെ വീട്ടിൽ ഒരഭിപ്രായവും പറയാതെ, ഒരു കാര്യത്തിലും ഇടപെടാതെ അഞ്ചു വർഷം കൂടി ആൻ്റണി ജീവിച്ചു.
കവർ: വിൽസൺ ശാരദ ആനന്ദ്