പൂമുഖം LITERATUREകഥ സ്വപ്ന പദ്ധതികള്‍

സ്വപ്ന പദ്ധതികള്‍

പട്ടികുരയുടെ ഉണര്‍ത്തുപാട്ടുകേട്ട് നമ്മുടെ രാമാനുജം കാലത്തുണര്‍ന്നത് ഭയന്നുവിറച്ചു കൊണ്ടാണ്. അയാള്‍ ഒടുവില്‍ കണ്ടു നിര്‍ത്തിയ സ്വപ്നത്തില്‍ വീട് മാഞ്ഞുപോയി; ഭൂമിയില്‍ ഒട്ടും അവശേഷിക്കാതെ, ഒരു നിലവിളി പോലുമില്ലാതെ. എന്നാല്‍ കിടക്ക വിട്ടെഴുന്നേറ്റപ്പോള്‍ വീട്, ആ പരുക്കന്‍ ചുമരുകളും, ഇളകിപ്പൊടിഞ്ഞ തറയും, മാറാല മൂടിയ കഴുക്കോലുകളും, കറുത്തുപോയ കൊല്ലം മേച്ചിലോടുമായി അങ്ങനെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

രാമാനുജത്തിന് അതൊരോര്‍മ്മപ്പെടുത്തലായിരുന്നു. അയാളുടെ തൊഴില്‍ശാല വില്‍ക്കപ്പെട്ടു. പിരിച്ചു വിടുമ്പോള്‍ ഡയറക്ടര്‍ നല്‍കിയ തുക തീരാറായി. ഇനി ജീവിക്കുന്നതെങ്ങിനെ? ഭേദപ്പെട്ട പോംവഴികള്‍ എന്തെങ്കിലും കണ്ടുകിട്ടുംവരെ രാമാനുജം തല പുകച്ചു ചിന്തിച്ചു. പണ്ടൊക്കെ ആയിരുന്നെങ്കില്‍ അച്ഛന്‍ എന്തെങ്കിലും സഹായിക്കുമായിരുന്നു. അതൊക്കെ കഴിഞ്ഞല്ലോ. വാര്‍ദ്ധക്യവും രോഗങ്ങളും കൂടി അച്ഛന്റെ ഓര്‍മ്മകളില്‍ നിന്നും ജീവിക്കുന്നുണ്ടെന്ന തോന്നല്‍ പോലും ചുരണ്ടിയെടുത്തു കളഞ്ഞിരുന്നു.

മലമൂത്രാദികളില്‍ കിടന്ന അച്ഛനെ രാമാനുജം കുളിപ്പിച്ചു. നീണ്ടനാളായി മുഷിഞ്ഞതും പഴകിക്കീറിയതുമായ കിടക്കവിരികളുടെ സമുദ്രത്തില്‍ ഒരു കടല്‍മീനിനെപ്പോലെ കിടന്നതുകൊണ്ട് അച്ഛന് പ്രത്യേകമായി ഉടുമുണ്ടിന്‍റെ ആവശ്യമുള്ളതായി രാമാനുജത്തിന് അത്രയും കാലം തോന്നിയിട്ടില്ല. പക്ഷേ ഇപ്പോള്‍ വസ്ത്രമില്ലാതെ എങ്ങനെയാണ് അച്ഛനെ വീടിനു വെളിയില്‍ കൊണ്ടുപോകുന്നത്. കുറഞ്ഞപക്ഷം കവി പാടിയതുപോലെ കാണുന്നോരുടെ നാണം മറയ്ക്കാനെങ്കിലും ആ ശരീരത്തിലൊരു തുണി വേണ്ടേ? ഉടുപ്പിക്കാന്‍ ഒരു മുണ്ടിനായി അയാള്‍ ഭാര്യയുടെ പെട്ടി പരതി. അവളുടെ നിറം കെട്ട ഒരു പഴയ പച്ച സാരിയെടുത്ത് അച്ഛനെ ചുറ്റി ഉടുപ്പിച്ചു. സ്വന്തം അച്ഛനെ സാരിയുടുപ്പിക്കാനുള്ള ഭാഗ്യം അത്രയ്ക്ക് മോശമല്ലെന്ന് അയാള്‍ സ്വയം പറഞ്ഞതു കേട്ട് ഭാര്യ നാണിച്ചു. മകള്‍ക്ക് ചിരി നിര്‍ത്താനായില്ല. ഓട്ടോറിക്ഷയില്‍ അവര്‍ പട്ടണത്തിലേക്ക് പോയി.

നിഷ്കളങ്കമായ പച്ചച്ചിരികളോടെ പട്ടണം അയാളെ കാത്തു കിടപ്പുണ്ടായിരുന്നു. പച്ചസാരിയില്‍ പൊതിഞ്ഞ അച്ഛനെ അയാളൊരു മരത്തണലില്‍ കിടത്തി. അച്ഛന് കൂട്ടായി അരികെ ഒരു തുണിത്തുണ്ടത്തില്‍ കുറെ നാണയങ്ങളിട്ട് അവര്‍ ദൂരെ മാറിയിരുന്നു. ഭൂമിയില്‍ നിന്നും നന്മയുള്ളവര്‍ മുഴുവനും ചത്തുകെട്ടുപോയില്ലെന്ന് രാമാനുജത്തിനും കുടുംബത്തിനും തോന്നലുണ്ടായി. അയ്യോപാവം തോന്നിയ ചില വഴിയാത്രക്കാര്‍ അച്ഛന്റെ മുമ്പില്‍ വിരിച്ച തുണിത്തുണ്ടത്തിലേക്ക് നാണയങ്ങള്‍ എറിഞ്ഞു തുടങ്ങിയപ്പോള്‍ രാമനുജത്തിന് ആശ്വാസമായി. ദാനം ചെയ്യുന്നതിന്റെ വിവരണങ്ങള്‍ ലോകരെ അറിയിക്കാനായി ചിലരെങ്കിലും അച്ഛന്റെ അരികെ നിന്നും ഇരുന്നും ചിരിച്ചും സങ്കടപ്പെട്ടും തങ്ങളുടെ ഫോണുകളില്‍ സെല്‍ഫിയെടുക്കുന്നത് രാമാനുജകുടുംബം കാണുന്നുണ്ടായിരുന്നു.

രാമാനുജം ഭാര്യയുടെ കണ്ണുകളിലേക്കു നോക്കി വിളിച്ചു: പോകാം. വീട്ടില്‍ നിന്നു പോരുമ്പോള്‍ മുതല്‍ അയാള്‍ ആവശ്യപ്പെട്ട കാര്യം അംഗീകരിക്കാന്‍ അവളപ്പോഴും സമ്മതിച്ചില്ല. അയാള്‍ അച്ഛന്റെ തുണിത്തുണ്ടത്തിലെ നാണയങ്ങള്‍ ചൂണ്ടിക്കാട്ടി. മരിച്ചുജീവിക്കുന്ന അച്ഛന് നാണയങ്ങള്‍ പെരുപ്പിക്കാന്‍ കഴിയുമെങ്കില്‍ അവള്‍ക്കും അതാകാമെന്നയാള്‍ പറഞ്ഞു. മൈസൂര്‍ സാന്റല്‍ പൌഡറും, നഖപോളീഷും ലിപ്സ്റ്റിക്കും അയാള്‍ മടിക്കുത്തില്‍ നിന്നും പുറത്തെടുത്തു.

“പ്രിയേ, ഇതൊന്നണിയൂ.”

“എനിക്കിതൊന്നും ശീലമില്ലെന്ന് എട്ടനറിയാല്ലോ.”

“അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. ഓരോരുത്തരും അവരോര്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ ചെയ്താലേ ജീവിക്കാമ്പറ്റൂ.”

അവളുടെ മുപ്പത്തഞ്ചു വയസ്സ് അത്രയ്ക്ക് കൂടുതലല്ലെന്നയാള്‍ പറഞ്ഞു. “പെണ്ണേ. കണ്ണേ” എന്നൊക്കെ അയാള്‍ വിളിച്ചോണ്ടിരുന്നു. വീട്ടില്‍ എന്നും പട്ടിണിയല്ലായിരുന്നെങ്കില്‍ അവള്‍ക്ക് ഇരുപതിനപ്പുറം പ്രായമുണ്ടെന്ന് ആരും പറയില്ലെന്ന് അയാള്‍ അവളുടെ ചെവിയില്‍ പറഞ്ഞു.

“നിന്നെക്കണ്ടാ നമ്മടെ മോള്‍ടെ ചേച്ചിയാന്നേ തോന്നൂ.”

ചന്തമുണ്ടെന്നു കേട്ട് അവള്‍ ഇളകി.

അയാള്‍ ഓര്‍മ്മിപ്പിച്ചു: എല്ലാം നമ്മടെ മോക്കുവേണ്ടിയല്ലേ.

സാന്റല്‍ പൌഡറും നഖപോളീഷും ലിപ്സ്റ്റിക്കു മണിഞ്ഞ് അവള്‍ സുന്ദരിയായി. ചെവിക്കോണിലെ ഒരു കൂട്ടം മുടിച്ചുരുളുകള്‍ അയാളിടപെട്ടു സ്വതന്ത്രമാക്കി.

“ഇതാപ്പോ ചന്തം, അളകങ്ങള്‍, അല്യോ മോളേ”

മകള്‍ ശരി വച്ചു. മകളെ അച്ഛന്റെ അരികെ ഇരുത്തിയിട്ട് ഭാര്യയോടൊപ്പം അയാള്‍ ഹോട്ടലിലേക്ക് കയറിപ്പോയി. തനിയെ തിരിച്ചു പോരുമ്പോള്‍ അയാളോട് റിസപ്ഷനിലെ പെണ്ണ് ചോദിച്ചു.

“എന്താ, സാർ,മുഖത്തൊരു വല്ലായ്മ? “

നെഞ്ചില്‍ ഒരെരിച്ചിലെന്നും ഗ്യാസാണെന്നും അയാള്‍ പറഞ്ഞു.

മരച്ചോട്ടിലെ പച്ച സാരിയില്‍ സുഷുപ്തിയിലായിരുന്ന അച്ഛന്റെയടുത്ത് ഈച്ചകളുമായി യുദ്ധം ചെയ്യുന്ന മകളെ കണ്ടപ്പോള്‍ രാമാനുജത്തിന് കരച്ചില്‍ വന്നു. എങ്ങനെ ജീവിക്കേണ്ടിയിരുന്ന ഒരു കുഞ്ഞായിരുന്നു. അയാള്‍ അവളുടെ മുടിപ്പിന്നുകള്‍ ഊരിമാറ്റി. തലയില്‍ കുറച്ചു പൊടിമണ്ണിട്ട് തേച്ചു പിടിപ്പിച്ചു. മുഖത്ത് കറുത്തകുഴമ്പു പുരട്ടി. ഒരുപാത്രത്തില്‍ ദൈവപടം വച്ച് കുറച്ചു ഭസ്മവും അച്ഛന്റെ തുണിത്തുണ്ടത്തില്‍ കിടന്ന കുറെ ചില്ലറയും ഇട്ടു കൊടുത്തിട്ട് അയാള്‍ മകളെ അനുഗ്രഹിച്ചു: ബസ്റ്റാൻഡിലേക്ക് പോയി വരൂ. അവള്‍ ഊമയായിരിക്കണമെന്നും, കാണുന്നവരുടെയെല്ലാം കൈത്തണ്ടയില്‍ തൊട്ട് അവരുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കണമെന്നും അയാള്‍ ഉപദേശിച്ചു. അവള്‍ ബസ്റ്റാന്‍ഡിലേക്കു നടന്നു.

രാമാനുജം ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെക്കുറിച്ച് പിന്നെയും പിന്നെയും ആലോചിച്ചുകൊണ്ട് സിമന്റുബഞ്ചില്‍ കിടന്നു. ചിത്രകഥകളിലെ കവര്‍ച്ചക്കാരുടെ കറുത്ത വാലന്‍കണ്ണട ധരിച്ച ഒരാള്‍ അവിടെയെ ത്തിച്ചേര്‍ന്നു. അയാള്‍ ഗണപതിയാണെന്നു പരിചയപ്പെടുത്തി. ഗണപതി രാമാനുജത്തിന്റെ ചിന്തകള്‍ പൊട്ടിച്ചു കളഞ്ഞു. ഗണപതിക്ക്‌ പത്തു വയസ്സിനു താഴെയുള്ള ഒരു കുട്ടിയെ വേണം. ഒരു കസ്റ്റമര്‍ ഹോട്ടല്‍റൂമില്‍ കാത്തിരിപ്പുണ്ട്. രാമാനുജം അതിശയിച്ചു.

“സോറി, എനിക്കങ്ങനെ ആരെയും അറിയില്ല”

ഗണപതിക്ക്‌ തൃപ്തിയായില്ല.

“ചേട്ടനറിയാം, ചേട്ടന്റെ കൂടെ ഒരു പെണ്‍കുട്ടി കൂടി ഉണ്ടായിരുന്നെന്ന്‌ ഹോട്ടലിലെ റിസെപ്ഷനിസ്റ്റ് പറഞ്ഞല്ലോ.”

അയാള്‍ക്ക്‌ ദേഷ്യം വന്നു. അയാള്‍ ഒന്നും പറയാതെ നടന്നു. ഗണപതിയുടെ വലയില്‍ വീഴാതിരിക്കാന്‍ അയാള്‍ക്ക്‌ എത്രയോ കാരണങ്ങളുണ്ട്. നിരാശനായി മടങ്ങും മുമ്പ് ഗണപതി അയാളെ ഭീഷണിപ്പെടുത്തി.

“നീ താമസിക്കുന്ന വീടില്ലേ, അതെന്റെതാണ്. കുടിയിറക്ക് നോട്ടീസുമായി ഞാന്‍ വരുന്നുണ്ട്. ഗണപതിയുടെ വാക്കാണിത്”

ഒരിക്കല്‍ അന്തിയുറങ്ങാനൊരിടമില്ലാതെ അലഞ്ഞു നടന്നപ്പോള്‍ നടരാജന്‍ ഏര്‍പ്പാടാക്കിക്കൊടുത്തതാണത്. അത്രയും നാളത്തെ സമ്പാദ്യമെല്ലാം കൊടുത്തു
വാങ്ങിയതാണ്.

“അതെന്റെതാടോ. ഞാന്‍ എന്തിനു പോണം?”

“എന്റച്ഛന്‍ നടരാജന്‍ സത്യം, നിന്നെ ഞാന്‍ പൊക്കുമെടാ രാമാനുജാ”

ഗണപതി അയാളുടെ നേരെ കാര്‍ക്കിച്ചു തുപ്പിയിട്ട് ബൈക്കില്‍ ചീറിപ്പാഞ്ഞുപോയി. രാമാനുജത്തിനാശ്വാസമായി. നടരാജന്‍ നല്ലവനാണെന്ന് രാമാനുജത്തിന്നറിയാം. പഴയ പരിചയമാണ്. ഇതുവരെ നടരാജന്‍ സാറിന്‍റെ കാര്യം മറന്നു പോയതായിരുന്നു.’ഒരു കണക്കിനു ഗണപതി വന്നു ദേഷ്യപ്പെട്ടത് നന്നായി. നോക്കണേ ഈ വിധിയേടെ ഒരു കളി. ഒരു വഴി അടയുമ്പോള്‍ എത്ര വഴികളാ തുറന്നു വരുന്നത്. നടരാജന്റെ വീട്ടിലേക്ക് നടക്കുമ്പോള്‍ വിധിയുടെ രഹസ്യം ആര്‍ക്കറിയാം എന്ന് രാമാനുജം ആലോചിച്ചു കൊണ്ടിരുന്നു. നടരാജന്റെ മേശക്കു മുമ്പിലിരുന്നു രാമാനുജം യാചിച്ചു.

“സാറേ, എന്‍റെ പണി പോയി. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതായി. സാറു വിയാരിച്ചാല്‍ എനിക്കൊരു പണി കിട്ടുമായിരുന്നു. സഹായിക്കണേ.”

അതുകേട്ട് നടരാജന്റെ കസേര ഒരു വട്ടം കറങ്ങി.

“രാമാനുജാ ഞാനാകെ കറക്കത്തിലാടോ. എല്ലാം പൂട്ടിക്കെട്ടാനാ തീരുമാനം.’’

വിധി പിന്നേം കളി പഠിപ്പിക്കുന്നോ എന്നാലോചിക്കുന്നതിനിടയില്‍ രാമാനുജം വേറൊരു ദയനീയ സങ്കടമുണര്‍ത്തിച്ചു.

“എന്നെ ഇറക്കിവിടാന്‍ ഇവിടുത്തെ ഗണപതിക്കുഞ്ഞു വന്നു സാറേ. പണ്ട് സാര്‍ ഇടപെട്ടല്ലേ സാര്‍, ഞാന്‍ ആ വീടും സ്ഥലോം വാങ്ങിയത്?”

അതുകേട്ട് നടരാജന്‍ കിന്നാരം പറയാന്‍ തുടങ്ങി.

“ആ വീട് നില്‍ക്കുന്ന സ്ഥലം വേറൊരു പ്രോജക്ടിന് നല്‍കിക്കഴിഞ്ഞു. കേട്ടോടെ, ഒന്നും ശാശ്വതമല്ല.”

“പക്ഷേങ്കി, അതെന്‍റെ പേരില്‍ എഴുതിത്തന്ന ഭൂമിയല്ലേ സാറേ”

“രാമാനുജാ. എല്ലാം ഗണപതിയാ ഇപ്പോ തീരുമാനിക്കുന്നെ. കാലമിന്നുകലിയുഗമല്ലയോ, ഭാരതമിപ്രദേശവുമല്ലിയോ. എല്ലാം മായാന്നു വിചാരിച്ചു കഴിഞ്ഞാ മതി. നീ പോയിട്ടു പിന്നെ വാ. നമ്മക്കാലോചിക്കാം”

അയാള്‍ക്ക്‌ ആ നട്ടുച്ചയ്ക്ക് നടരാജന്റെ തത്വം മനസ്സിലായില്ല. വീട്ടിലെത്തി, അയാള്‍ രേഖകള്‍ അന്വേഷിച്ചു. പഴയ ട്രങ്കിനുള്ളില്‍, കടലാസ് കെട്ടുകള്‍ക്കിടയില്‍ ഭംഗിയായി മടക്കിയ രേഖകള്‍ ഉണ്ടായിരുന്നു. അയാള്‍ ട്രങ്ക് വൃത്തിയാക്കാന്‍ തുടങ്ങി. ആന വളര്‍ത്തിയ വാനമ്പാടി മുതല്‍ പടയോട്ടം വരെയുള്ള സിനിമാ നോട്ടീസുകളായിരുന്നു ഏറെയും. അയാള്‍ അവ നുള്ളിക്കീറി ഒരു കൂനയാക്കി. ആവശ്യമുള്ളവയില്‍ അയാളുടെ പത്താം ക്ലാസ് തോറ്റതിന്റെയും സല്‍സ്വഭാവത്തിന്റെയും സര്‍ട്ടിഫിക്കറ്റുകളും വീടിന്റെ രേഖയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ബീഡി കത്തിച്ചിട്ട് കടലാസ് കൂനയിലേക്ക് തീക്കൊള്ളി കാണിച്ചു. അത് മുകളിലെ മാറാലകളെ വിറപ്പിച്ചു കൊണ്ടു കത്തിപ്പടര്‍ന്നു. അപ്പോള്‍ വാതിലില്‍ മുട്ട് കേട്ടു. അയാള്‍ ഏഴു വരെ എണ്ണിക്കൊണ്ടു വാതില്‍ തുറന്നു. തുറന്നുപിടിച്ച വാതിലിലൂടെ ഗണപതി അകത്തു കയറി. ഗണപതി ഒരാള്‍ക്കൂട്ടമായിരുന്നു. വീടിന്റെ നേര്‍ക്ക്‌ മണ്ണുമാന്തി വണ്ടികള്‍ ഉരുണ്ടു വരുന്നതു കാണായി. രാമാനുജം കത്തുന്ന തീയെക്കുറിച്ചോര്‍ത്തു തിരിഞ്ഞു നോക്കി. അത് പടര്‍ന്ന് അയാളുടെ തോല്‍വി സര്‍ട്ടിഫിക്കറ്റും വീടിന്റെ രേഖയും തിന്നു തീര്‍ത്തിട്ട് അണഞ്ഞു കഴിഞ്ഞിരുന്നു.

ഗണപതി കറുത്ത വാലന്‍ കണ്ണട ഊരിയെടുത്ത്‌ ചൂണ്ടു വിരലില്‍ കറക്കിക്കൊണ്ടു വിളിച്ചു പറഞ്ഞു.

“പ്രോജക്റ്റ് തുടങ്ങുകയാണ്. ഇതെന്റെ സ്വപ്നപദ്ധതിയാടാ”

കവർ ഡിസൈൻ : മനു പുതുമന

വര : പ്രസാദ് കാനത്തുങ്കൽ

Comments
Print Friendly, PDF & Email

You may also like