തൊണ്ണൂറ്റിയഞ്ച്
തലേന്ന് വീട്ടിൽനിന്ന് പോയയാൾ തിരികെ വരുന്ന പോലെയാണ് ജോസ് അന്നമ്മയെ സ്വീകരിച്ചത്. സ്റ്റെല്ല സ്ഥലത്തില്ലാത്തപ്പോൾ വന്നു കയറിയ അപരിചിത ആര് എന്ന ഭാവത്തിൽ പകച്ചുനിന്ന ജോലിക്കാരിയോട് ജോസ് പറഞ്ഞു: ‘ഇത് അന്നമ്മ. എന്റെ ആദ്യ ഭാര്യയാ.’
എന്തെങ്കിലും ഉപായം പറഞ്ഞ് അവിടെനിന്നു രക്ഷപ്പെടണമെന്ന് ജോലിക്കാരിക്ക് തോന്നി. നാളെ എന്തെങ്കിലും എരികൂട്ടി സ്റ്റെല്ലയോട് പറയണമെങ്കിലും പോകുന്നതാണ് നല്ലത്. താൻ ടൗൺവരെ പോയിട്ട് ഉച്ചയ്ക്ക് വരാം എന്ന് ജോലിക്കാരി പറഞ്ഞപ്പോൾ അന്നമ്മ തടഞ്ഞു:
‘നിങ്ങൾ ഇവിടെ നിൽക്കൂ. ഞാൻ ഉടനെ പോകും.’
അങ്ങനെയെങ്കിൽ അങ്ങനെ എന്ന മട്ടിൽ ഭിത്തിക്ക് പിന്നിൽ കാതുകൂർപ്പിച്ചു നിന്ന ജോലിക്കാരിയെ ജോസ് വിളിച്ചു:
‘നിങ്ങൾ പൊയ്ക്കോളൂ. രണ്ട് ദിവസം കഴിഞ്ഞു വന്നാൽ മതി.’
ജോലിക്കാരി പോയിക്കഴിഞ്ഞപ്പോൾ അന്നമ്മ ചോദിച്ചു: ‘അവരെ എന്തിനാ പറഞ്ഞുവിട്ടത്? ഇവരൊക്കെ എന്താ പറഞ്ഞു പിടിപ്പിക്കുന്നതെന്ന് അറിയാൻ കഴിയില്ല.’
‘പറഞ്ഞു പരത്തട്ടെ എന്ന് കരുതി തന്നെയാ പോകാൻ പറഞ്ഞത്. കുറഞ്ഞത് സ്റ്റെല്ലയോടെങ്കിലും അവർ എന്തെങ്കിലും പറയട്ടെ എന്ന് കരുതി.’
ജോലിക്കാരി പോയിക്കഴിഞ്ഞ് അരമണിക്കൂറോളം അന്നമ്മ അവിടെയിരുന്നു. പരസ്പരം അധികമൊന്നും സംസാരിക്കാൻ രണ്ടുപേർക്കും കഴിഞ്ഞില്ല. സംസാരിച്ചത് തന്നെ ഏറെക്കുറെ യാന്ത്രികമായിട്ട് ആയിരുന്നു. ‘Her absence like an elephant in this long familiar room’ എന്ന് അന്നമ്മക്ക് മനസ്സിൽ കവിത തോന്നി. ജോസിന്റെ മുഖത്ത് പരിചിതമായ മടുപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതു കണ്ട് അവർക്ക് ഉള്ളിൽ ചിരി പൊട്ടി. തനിക്കും അയാളോട് ഒന്നും പറയാനില്ല. എന്തൊരു സ്വാതന്ത്ര്യം! അദ്ദേഹവുമായി നടത്തിയ എണ്ണമറ്റ കലഹങ്ങളും പൊട്ടിത്തെറികളും ഈ ഭിത്തികളുടെ പോലും ഓർമ്മയിലുണ്ടാകും. ഇപ്പോൾ ഈ സാധു ഒരു സുഹൃത്ത് മാത്രമാണ്. ഒരു സേവനവും ചെയ്തുകൊടുക്കേണ്ടതില്ലാത്ത, പിണങ്ങുമോ ഇണങ്ങുമോ എന്ന് വ്യാകുലപ്പെടേണ്ടതില്ലാത്ത നല്ല സുഹൃത്ത്. അയാൾക്ക് അടിസ്ഥാനപരമായി മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ആ മുഖത്തു കത്തിനിൽക്കുന്ന വൈരസ്യം അതിൻറെ തെളിവാണ്.
‘ഞാൻ വരട്ടെ അച്ചായാ. ഭക്ഷണം ഉണ്ടാക്കി കഴിക്കണം.’
ഇതുപറഞ്ഞ് ചെറിയ പുഞ്ചിരിയോടെ അന്നമ്മ എഴുന്നേറ്റപ്പോൾ ജോസ് ആശ്വാസത്തോടെ തലയാട്ടി.
തൊണ്ണൂറ്റിയാറ്
സ്റ്റെല്ലയോടും ലില്ലിയോടും ഹേമ ഗിരി എഴുതിക്കൊണ്ടിരിക്കുന്ന ‘കാടക’ത്തെ പറ്റി പറഞ്ഞു.
‘നോവലും കഥയും ഒന്നുമല്ല. കാട്ടിൽ പെട്ടത് മുതൽ ഇന്നുവരെയുള്ള സംഭവങ്ങളെല്ലാം അതിൽ ഗിരി കുറിക്കുന്നുണ്ട്.’
സ്റ്റെല്ല ആദ്യം വായിക്കാൻ തുടങ്ങി.
‘നന്നായിട്ടുണ്ട്. എത്ര നന്നായിട്ടാണ് സംഗതികളെല്ലാം ഒപ്പിയെടുത്തിരിക്കുന്നത്! ഒന്നും വിട്ടുപോയിട്ടില്ല.’
‘ഗിരി പറയുന്നത് നിന്നെ വർണ്ണിക്കുന്ന ഭാഗത്താണ് ബുദ്ധിമുട്ട് എന്നാണ്. നിന്റെ മനസ്സ് ഒട്ടും പിടികിട്ടുന്നില്ലത്രേ.’
‘ഹാ ഹാ ഹാ ….’
സ്റ്റെല്ല ചിരിച്ചു.
‘എന്റെ മനസ്സു മനസ്സിലാക്കാൻ ഒരു എളുപ്പ വഴിയുണ്ട്. പൂച്ചകളുടെ മനസ്സു മനസ്സിലാക്കിയാൽ മതി.’
തുടർന്ന് ലില്ലി വായിക്കാൻ തുടങ്ങി.
‘നിങ്ങൾ എത്ര ഭാഗ്യം ചെയ്തവരാ.’
വായിച്ചശേഷം ലില്ലി പറഞ്ഞു.
‘ഇതിൽ പറയുന്നതുപോലെ കാട് നിങ്ങളെ പാടെ മാറ്റി. ഇപ്പോ ലോകവും അതിന്റെ പ്രശ്നങ്ങളും നിങ്ങളെ വലുതായി ബാധിക്കുന്നില്ല. എനിക്കും കുറെയൊക്കെ ആ മനസ്ഥിതിയുണ്ട്. അത് പക്ഷേ കാട്ടിൽ പെട്ടത് കൊണ്ടല്ല, എൻ്റെ കയ്യിലിരിപ്പു കൊണ്ട്.’

ലില്ലി ചിരിച്ചു ഹേമയും ഗിരിയും കൂടെ ചിരിച്ചു. സ്റ്റെല്ല ലില്ലിയുടെ കൈയിൽ പിടിച്ചുകൊണ്ട് എഴുന്നേറ്റു. അവരിരുവരും മുറ്റത്തിറങ്ങി. പിന്നെ പുറത്തേക്ക് നടന്നു.
‘എക്‌സ്ട്രീംസിൽ നിൽക്കുന്ന രണ്ടുപേരാ സ്റ്റെല്ലയും ലില്ലിയും. അവർ തമ്മിൽ പെട്ടെന്ന് അടുത്തത് വലിയ അത്ഭുതം.’ ഹേമ ഗിരിയോട് പറഞ്ഞു. ‘വിശേഷിച്ച് സ്റ്റെല്ല. ആരുമായും അടുക്കുന്ന കൂട്ടത്തിലല്ല അവൾ. അപരിചിതരോട് പ്രത്യേകിച്ചും.’
‘ഞാനല്പം മയങ്ങട്ടെ.’ ഇതു പറഞ്ഞ് ഗിരി അകത്തേക്കു പോയി.
ലില്ലി തനിച്ചാണ് അല്പം കഴിഞ്ഞ് വന്നത്. മുഖം തുടുത്തിരുന്നു. ഹേമ അതിശയിച്ചു ചോദിച്ചു:
‘എന്തുപറ്റി? സ്റ്റെല്ല എവിടെ?’
‘വൈകിട്ട് വരാമെന്ന് പറഞ്ഞു പോയി.’
‘നീയെന്താ വല്ലാതെയിരിക്കുന്നത്.’
ലില്ലി ഒന്നും മിണ്ടിയില്ല.
‘എന്തുപറ്റി ലില്ലി?’ ഹേമ വീണ്ടും ചോദിച്ചു.
‘നിൻ്റെ കൂട്ടുകാരി.. അവര് ഒരു ഭയങ്കരിയാണ്. ഒറ്റനോട്ടം കൊണ്ട് മനസ്സിലുള്ളതു മുഴുവൻ തുരന്ന് പുറത്തിടും.’
‘അങ്ങനെയോ! ഞാൻ എത്രയോ വർഷമായി കാണുന്നു. സ്റ്റെല്ലയ്ക്ക് അങ്ങനെയൊരു കഴിവുള്ളതായി ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല.’
‘നിങ്ങളൊക്കെ നല്ല മനുഷ്യരല്ലേ. ഞാൻ അങ്ങനെയല്ല. മഹാപാപിയാണ്.എൻ്റെ മനസ്സ് നിങ്ങൾക്കൊക്കെ സങ്കൽപ്പിക്കാൻ കഴിയാത്തത്ര മോശമാണ്.’
‘പോടി. നീയൊരു സാധുവാ. ഒന്നും മറച്ചുവെക്കാത്ത നീയെങ്ങനെ പാപിയാവും.’
‘ആളും തരവും നോക്കിയേ ഞാൻ സംസാരിക്കൂ. മറ്റുള്ളവരോട് പറയാൻ പാടില്ലാത്ത പലതും നിന്നോട് പറയാം എന്നെനിക്കറിയാം. അങ്ങനെ പറഞ്ഞാൽ നീ എന്നെ കൂടുതൽ ബഹുമാനിക്കത്തേ ഉള്ളൂ എന്നും എനിക്കറിയാം. എന്നാൽ നിന്നോട് പോലും പറയാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ എൻ്റെ മനസ്സിൽ ഉണ്ട്. അതെല്ലാം അവർക്കറിയാം.’
‘അതു നിനക്കെങ്ങനെ മനസ്സിലായി? നിന്നോട് പറഞ്ഞോ?’
‘ഒന്നും പറഞ്ഞില്ല. ഒറ്റ നോട്ടം നോക്കി. അതോടെ എൻ്റെ മനസ്സ് മുഴുവൻ അവർ കണ്ടുകഴിഞ്ഞു എന്നെനിക്ക് മനസ്സിലായി.’
ലില്ലി ഏങ്ങലടിച്ചു കരയാൻ തുടങ്ങി.
‘മതി, നീ ഇനി കുറച്ച് വിശ്രമിക്ക്.’ ഹേമ ലില്ലിയെ മുറിക്കകത്തേക്ക് കൊണ്ടുപോയി.
തൊണ്ണൂറ്റിയേഴ്
ലില്ലി അടുത്ത ദിവസം രാവിലെ യാത്രയായി. രാജൻ ലില്ലിയെ സ്കൂട്ടറിൽ അടൂർ വരെ കൊണ്ടുവിട്ടു. പതിനൊന്നു മണിയോടെ രാജൻ ഗിരിയുടെ വീട്ടിലെത്തി.
‘അവരെ കൊണ്ടുവിട്ടു.’ രാജൻ പറഞ്ഞു.
‘ആളെ എനിക്ക് അത്ര പിടിച്ചില്ല, ഉള്ളത് പറയണമല്ലോ.’
‘എന്തുപറ്റി?’ ഗിരി തിരക്കി.
‘ഒന്നുമില്ല. പറഞ്ഞെന്നേയുള്ളൂ.മറ്റൊരു കാര്യം പറയാനാ ഞാൻ വന്നത്.’
‘പറ.’
‘അന്ന് കാട്ടിൽ നിന്ന് വന്നവരില്ലേ വീരുവും സാക്കിയും മറ്റും. നാടിനോടുള്ള കമ്പം തീർന്നെന്നാ ഞാൻ വിചാരിച്ചേ. തീർന്നില്ല. അവർക്ക് കുടുംബമായി വരണമെന്ന വാശിയിലാ. കൊണ്ടുവരാതെ രക്ഷയില്ല.’
‘എന്നാപ്പിന്നെ കൊണ്ടുവാ.’
‘ആലിലമണ്ണിൽ എനിക്ക് പറമ്പ് ഒണ്ടല്ലോ. അവിടെ നാലുപേർക്കും ചെറിയ ഓരോ വീട് വെച്ച് കൊടുക്കണം.’
‘അവിടെ വെള്ളപ്പൊക്കം വന്നാൽ വെള്ളം കയറുന്ന സ്ഥലമല്ലേ?’
‘ആണ്. കാട്ടിൽ ജീവിച്ചവർക്ക് വെള്ളപ്പൊക്കം എന്ത് പ്രശ്നമാ? ഇനി തേനി വരികയാന്നെങ്കിലും ആ പറമ്പീത്തന്നെ താമസിക്കണം.’
‘തേനി വരുമോ?’
‘വരുമെന്നാ എൻ്റെ വിശ്വാസം. തേനി മാത്രമല്ല ഓരോരുത്തരായി വരാൻ തുടങ്ങും. ഒടുവിൽ കാട്ടിലെ സകല ആൾക്കാരും ഈ മണ്ണടിയിൽ എത്തും.’
‘എത്ര പേര് കാണും?’
‘എല്ലാം കൂടി ഒരു ഇരുന്നൂറ്- ഇരുന്നൂറ്റമ്പത് പേര് കാണും.’
‘അങ്ങനെ എല്ലാവരും വരുമെന്ന് കരുതാൻ കാര്യം എന്താണ്?’
‘രാജാവും രാജ്ഞിയും വന്നാ പിന്നെ പ്രജകൾ വരില്ലേ?’
‘അവർ വരുമോ!’
‘അവരുടെ മോൻ നാട്ടിലാന്നെങ്കീ അവര് കാട്ടീ നിക്കുമോ?’
‘അടുപ്പത്തിലായോ?’
‘അടുപ്പത്തിലാ. അത് സമ്മതിക്കാൻ നല്ല മടിയൊണ്ടെന്നു മാത്രം.’
‘നീ പറഞ്ഞ് അറിഞ്ഞായിരിക്കും നാട്ടിൽ പലരും അത് പറയുന്നുണ്ട്. കാട്ടിൽ നിന്ന് ആളുകൾ കൂട്ടമായി മണ്ണടിയിലേക്ക് വരാൻ പോകുന്നെന്ന്. നാട്ടിൽ അതിന്റെ ഒരു കുശുകുശുപ്പ് ഉണ്ട്. ഇരുന്നൂറു പേരെന്ന് നീ പറയുന്നു. നാട്ടിൽ പ്രചരിക്കുന്നത് ആയിരം പേരെന്നാണ്.’
‘ആയിരം പേരോ!’
‘അതെ അതിനി രണ്ടായിരമാകും. വാർത്തകൾ അങ്ങനെയാ പോകുന്നത്. എനിക്കും അതിൽ ഒരു പങ്കുണ്ടെന്നാണ് അവരുടെ വിശ്വാസം. ഞാനും കുറച്ചു നാൾ നാട്ടിൽ ഉണ്ടായിരുന്നതാണല്ലോ ഉണ്ടായിരുന്നതാണല്ലോ. നാലഞ്ചു ദിവസം മുമ്പ് കുറച്ചുപേർ എന്നെ കാണാൻ വന്നു. പഞ്ചായത്ത് മെമ്പറും നമ്മുടെ റിട്ടയേർഡ് എസ്ഐയും ഉൾപ്പെടെ ഏഴെട്ടുപേർ. എന്നോട് ആദ്യം മയമായും പിന്നെ അല്പം ഭീഷണിപ്പെടുത്തുന്ന രീതിയിലും സംസാരിച്ചു.’
‘എന്നിട്ട്?’
‘എന്നിട്ടെന്താ, സംസാരിച്ചു പിന്നെ അവര് പോയി. അതവിടെ തീർന്നു. അത്രയേ ഉള്ളൂ നാട്ടിലെ കാര്യം. അവരവരെ തന്നെ സമാധാനപ്പെടുത്താൻ ഒന്നിടപ്പെടും. അതേയുള്ളൂ.’
ഗിരി പറഞ്ഞു.
രാജൻ ചോദിച്ചു:
‘എന്താ നാട്ടുകാരുടെ പേടി?’
‘മാറ്റം,വ്യത്യസ്തത. വ്യത്യസ്തതയെ ആളുകൾ എപ്പോഴും ഭയപ്പെടുന്നു. എല്ലായിടത്തും എല്ലാക്കാലത്തും.’
രാജൻ ഒന്നു മൂളി. പിന്നെ പറഞ്ഞു:
അവർ ഭയപ്പെടുന്നതു പോലെ ഒന്നും ഉണ്ടാവില്ല.
രാജൻ പോയിക്കഴിഞ്ഞപ്പോൾ ഗിരി അവർ സംസാരിച്ച കാര്യത്തെപ്പറ്റി ആലോചിച്ചു. മണ്ണടി നിറയെ കാട്ടിൽ നിന്നു വന്നവർ. അവർ മലയാളം പഠിക്കുന്നു, പറയുന്നു. ഒപ്പം കാട്ടിലെ ഭാഷയും പറയുന്നു. നാട്ടിലുള്ളവർ തമിഴിന്‍റെ സ്പർശമുള്ള കാട്ടിലെ ഭാഷയും പഠിക്കുന്നു. ആലസ്യം പിടിച്ചു കിടക്കുന്ന നാട് വരുത്തർ ഉഴുതുമറിക്കുന്നു. നാട്ടിലെ പെൺപിള്ളേർ കരുത്തന്മാരായ കാടരെ പ്രേമിക്കുന്നു. അവർക്ക് കുട്ടികൾ ഉണ്ടാകുന്നു. നാടരും കാടരുമല്ലാത്ത കുട്ടികൾ. അവർ മണ്ണടിയുടെ തെരുവുകളിൽ ഓടി നടക്കുന്നു. അങ്ങനെ മറ്റൊരു മണ്ണടി ജനിക്കുന്നു.
തൊണ്ണൂറ്റിയെട്ട്
അന്നുരാത്രി ഗിരിയും ഹേമയും സ്റ്റെല്ലയെ കുറിച്ച് സംസാരിച്ചു.
‘ആരെയും അംഗീകരിക്കാത്ത, ആരുടെ മുമ്പിലും കൂസാത്ത ആളാണ് ലില്ലി. അവൾ സ്റ്റെല്ലയുടെ മുന്നിൽ വിനീതവിധേയയാകുന്നു. എന്തൊരു അത്ഭുതമാണ് അത്!’ ഹേമ പറഞ്ഞു.
‘നമുക്കു കാണാൻ കഴിയാത്ത എന്തോ ഗുണം സ്റ്റെല്ലക്ക് കണ്ടേക്കാം.’ ഗിരി പറഞ്ഞു.
‘അതേസമയം ജോസ് കരുതുന്നത് അവൾക്ക് ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസിക രോഗമാണെന്നാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും അയാളുടെ ആ ധാരണയ്ക്ക് മാറ്റമില്ല. അയാളെ ഒരു രീതിയിലും സ്വാധീനിക്കാൻ സ്റ്റെല്ലക്ക് കഴിയുന്നില്ല എന്നല്ലേ അതിനർത്ഥം?’
‘അതെ. നമുക്കോ? നമുക്ക് സ്റ്റെല്ല വളരെ നോർമൽ ആയ ഒരാളാണ്. അസാധാരണമായി ഒന്നും കാണാൻ കഴിയുന്നില്ല. അപ്പോൾ സ്റ്റെല്ലയെ പലർ പല രീതിയിലാണ് കാണുന്നത്.’ ഗിരി പറഞ്ഞു.
‘ഇനി സ്റ്റെല്ല നിൻ്റെ പുസ്തകത്തിലെ ജിദ്ദു കൃഷ്ണമൂർത്തിയെ പോലെ ഒരാളാണോ?’
‘അങ്ങേര് വലിയ ദാർശനികൻ അല്ലേ? സ്റ്റെല്ല നമ്മളെപ്പോലെ ഒരാൾ. ആരെയെങ്കിലും നന്നാക്കണമെന്നോ എന്തെങ്കിലും മാറ്റം ലോകത്തിൽ വരുത്തണമെന്നോ സ്റ്റെല്ലക്ക് ആഗ്രഹമില്ല. ഓരോ ദിവസവും ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കണമെന്നേയുള്ളൂ.’ ഗിരി പറഞ്ഞു.
‘പിന്നെ എന്തായിരിക്കും ലില്ലി ഇമോഷണൽ ആയത്? എന്തായിരിക്കും അവർക്കിടയിൽ ഉണ്ടായത്?’
‘നീ സ്റ്റെല്ലയോടു സംസാരിച്ചോ?’
‘ഫോൺ ചെയ്തു ചോദിച്ചു.’
‘എന്നിട്ട് എന്തു പറഞ്ഞു?’
‘അവൾക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞു. ലില്ലിക്ക് എന്തോ വലിയ സങ്കടം ഉണ്ടെന്ന് തോന്നി. അവളുടെ മുഖം കണ്ടപ്പോൾ വലിയ സ്നേഹം തോന്നി ചേർത്തുപിടിച്ചു. അത്രയേ ഉള്ളൂ എന്നാണ് അവൾ പറഞ്ഞത്.’
‘അതായിരിക്കും അതിന്റെ വാസ്തവവും.’
ഗിരി പറഞ്ഞു.
അല്പം കഴിഞ്ഞ് ചിരിച്ചുകൊണ്ട് ഗിരി പറഞ്ഞു:
‘നമ്മുടെ രാജനും ആളുകളുടെ മനസ്സ് വായിക്കാനുള്ള കഴിവുണ്ടെന്ന് തോന്നുന്നു.’
‘എന്താ അങ്ങനെ തോന്നാൻ?’
‘ലില്ലിയെ ഇഷ്ടമായില്ല എന്നു പറഞ്ഞു. സാധാരണ ആരെപ്പറ്റിയും അങ്ങനെ പറയുന്ന ആളല്ല. ലില്ലിയുടെ കാര്യങ്ങളൊന്നും അറിയുകയുമില്ല. എന്നിട്ടും അങ്ങനെ പറഞ്ഞു.’
‘ലില്ലിയല്ലേ ആള്. രാജന്റെ സ്കൂട്ടറിന് പിന്നിൽ ഇരുന്ന് എന്തെങ്കിലും വികൃതി ഒപ്പിച്ചു കാണും. അല്ലെങ്കിൽ അവൻ്റെ കയ്യിൽ ഒരു ബാഗ് ഉണ്ടായിരുന്നല്ലോ. അത് പിടിക്കാൻ ഏൽപ്പിച്ചു കാണും. അതിൽ നിന്ന് എന്തെങ്കിലും ചൂണ്ടിക്കാണും.’
‘അതിനു സാധ്യതയുണ്ട്.’ ഗിരി ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ കൂട്ടിച്ചേർത്തു:
‘നോക്കൂ, നീ ആദ്യം പറഞ്ഞത് അതോടെ റദ്ദായി. സ്റ്റെല്ലയുമായി ഇടപെട്ടെങ്കിലും ലില്ലിക്ക് ഒരു മാറ്റവും അടിസ്ഥാനപരമായി ഉണ്ടായിട്ടില്ല.’
കവർ: വിൽസൺ ശാരദ ആനന്ദ്