പൂമുഖം LITERATUREകവിത എൻ്റെ വീട്

എൻ്റെ വീട്

കെട്ടിച്ചു വിട്ടവളെക്കാത്ത്
പഴകി വീഴാറായ വാതിൽപ്പാളികളും
തുറന്നു വെച്ച്,
മന്ദഹസിച്ചു നിൽക്കാറുണ്ട്
എൻ്റെ ആ തണൽവീട്.

ചവിട്ടി നിന്ന ഒരു മൺതരി
ചുമരിലെ ഒരു മുഷിഞ്ഞ കൈപ്പാട്
പിഞ്ഞിത്തീരാറായ
ഒരു തുണിത്തുണ്ട്
നിറം കെട്ട് മറഞ്ഞിരുന്ന ഒരു പുസ്തകം
ജനിച്ച വീടിൻ്റെ സ്നേഹം നുണയാൻ
ഇതിലൊന്നു മതിയാകും അവൾക്ക്.
മനസ്സിലെ അടുക്കളക്കരിയത്രയും
തൂത്തുവാരിക്കളഞ്ഞാകും
അവളെത്തുക.

അടുക്കള വിളമ്പുന്ന
ഒരു അമ്മരുചി,
ഒരിറ്റ് ആനന്ദക്കണ്ണീര്
കുഴച്ചുണ്ണുമ്പോൾ
തേൻ കിനിയാറുണ്ട്
അവളുടെ മനസ്സിലും.

ഓർമ്മകൾ ഊഴമിട്ടു
കിതച്ചെത്തുമ്പോഴേക്കും
ഒരു പിൻനടത്തം
കണ്ണുരുട്ടുന്നുണ്ടാകും.

ഗദ്ഗദങ്ങൾ മൗനത്തിലൊട്ടിച്ച്,
പടിയിറങ്ങിപ്പോരുമ്പോൾ,
നെറുകയിൽ വീണുടഞ്ഞ ഒരു തുള്ളി;
എൻ്റെ വീട് പൊഴിച്ചതാകാം.

Comments
Print Friendly, PDF & Email

You may also like