പൂമുഖം നിരീക്ഷണം കുഞ്ഞാപ്പയുടെ കുതിപ്പും കിതപ്പും

കുഞ്ഞാപ്പയുടെ കുതിപ്പും കിതപ്പും

ചെറുപ്പത്തിലേ പിതാവ് നഷ്ടമായ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ മലപ്പുറത്തെ പാണക്കാട് തങ്ങളുടെ തറവാട്ടിലാണ് വളർന്നത്. പി എം എസ് എ പൂക്കോയ തങ്ങളുടെ മാനസപുത്രൻ. ശിഹാബ് തങ്ങൾക്ക് സ്വന്തം അനിയനെപ്പോലെ തന്നെ.

പി. എം. എസ്. പൂക്കോയ തങ്ങൾ

മുസ്ലിംലീഗിൻ്റെ എല്ലാമായിരുന്ന ബാഫഖി തങ്ങളുടെ നിര്യാണത്തിനുശേഷം പാർട്ടിയിൽ ഉണ്ടായ കടുത്ത അഭിപ്രായഭിന്നത 1970കളിൽ ഒരു പിളർപ്പിന് വഴിതെളിച്ചു. ഔദ്യോഗിക പക്ഷത്ത് സി എച്ച് മുഹമ്മദ് കോയ, ബി വി അബ്ദുല്ലകോയ, കൊരമ്പയിൽ അഹമ്മദ് ഹാജി, അവുക്കാദർകുട്ടി നഹ, ഇ അഹമ്മദ്, സീതി ഹാജി തുടങ്ങിയ നേതാക്കൾ. മതാചാര്യൻ എന്ന നിലയിൽ മുസ്ലിംകളുടെ ഇടയിൽ പാണക്കാട് തങ്ങൾക്കുള്ള വമ്പിച്ച സ്വീകാര്യത തിരിച്ചറിഞ്ഞ സി എച്ച് ആണ് പി എം എസ് എ പൂക്കോയ തങ്ങളെ പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.

മറുപക്ഷത്ത് അഖിലേന്ത്യാ ലീഗിൽ ശക്തരായ നേതാക്കളായ സയ്യദ് ഉമ്മർ ബാഫഖി തങ്ങൾ, സി കെ പി ചെറിയ മമ്മുക്കേയി, എം കെ ഹാജി, പി എം അബൂബക്കർ , ഹമിദലി ഷംനാട് , ഇ ടി മുഹമ്മദ് ബഷീർ തുടങ്ങിയവർ . യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ്, എം എസ് എഫ് നേതാവ് അബ്ദൾ റഹ്മാൻ രണ്ടത്താണി എന്നിവർ വിമതപക്ഷത്താണ് നിലയുറപ്പിച്ചത്.

സീതി ഹാജിയുടെ പണവും സ്വാധീനവും, തണ്ടുമാണ് വിമതപക്ഷത്തിൻ്റെ കയ്യിൽനിന്ന് ചന്ദ്രിക പത്രം പിടിച്ചെടുക്കാൻ സഹായകമായത്. വിമതപക്ഷം ലീഗ് ടൈംസ് എന്ന പുതിയ പത്രം തുടങ്ങി.

കോൺഗ്രസ് മുന്നണിയിൽ നിലയുറപ്പിച്ച ഐ യു എം എലിന് വിമതപക്ഷത്തിൻ്റെ മേൽ മേൽക്കൈ നേടാനായത് പാണക്കാട് തങ്ങളുടെ ആധ്യാത്മിക പരിവേഷവും മുസ്ലിംജനതയുടെ കമ്മ്യൂണിസ്റ്റ് വിരോധവും പരമാവധി മുതലെടുത്തുകൊണ്ടാണ്. സി എച്ചിൻ്റെ ‘വത്തക്ക ലീഗ്’ പ്രയോഗത്തിലൂടെ ( പുറം പച്ചയും അകം ചുവപ്പും) കോണിക്ക് തോണിയുടെ മേൽ നേടാനായ മേധാവിത്തം ചെറുതല്ല. മുൻനിരനേതാക്കളുടെ മരണ ശേഷം അഖിലേന്ത്യാ ലീഗിൻ്റെ ബഹുഭൂരിപക്ഷവും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ ലയിച്ചു.

മലപ്പുറം സ്പിന്നിംഗ് മില്ലിൻ്റെ പണികൾക്ക് മേൽനോട്ടം വഹിക്കാൻ 1979ൽ മലപ്പുറത്ത് എത്തുമ്പോൾ ആണ് ഈ ലേഖകൻ ആദ്യമായി പി കെ കുഞ്ഞാലിക്കുട്ടിയെ പരിചയപ്പെടുന്നത് . പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് കമ്പനിയുടെ ചെയർമാൻ. കുഞ്ഞാലിക്കുട്ടി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. പ്രത്യേകിച്ച് ചുമതലകൾ ഒന്നുമില്ല. തങ്ങളുടെ വിശ്വസ്തൻ. അന്നും പാണക്കാട് തറവാട്ടിലെ കാര്യങ്ങൾ നോക്കിനടത്തുന്നത് കുഞ്ഞാപ്പയാണ്. മലപ്പുറത്തെ വസ്ത്രവ്യാപാരശാലയായ പാണ്ടി ടെക്ക്സ്ടോറിയം അനുജൻ നോക്കിക്കൊള്ളും.

സയ്യിദ് ശിഹാബ് തങ്ങൾ

വെളുത്ത് സുമുഖനായ ചെറുപ്പക്കാരൻ സ്വന്തം വെള്ള അംബാസഡർ കാറിലാണ് വരിക. ആരെയും കയ്യിൽ എടുക്കാനുള്ള സാമർഥ്യം അന്നേ ഉണ്ട് . പരിശോധനയ്ക്ക് വന്ന ഐ ഡി ബി ഐ മേധാവിയുടെ കയ്യിൽ എൻ്റെ കയ്യിൽ കെട്ടിയിരുന്ന പുത്തൻ സീക്കോ വാച്ച് ഊരി കെട്ടിക്കൊടുത്ത സംഭവം ഓർമ്മവരുന്നു. പാണക്കാട് തങ്ങന്മാർ കോട്ടക്കൽ പണിതിരുന്ന ലോഡ്ജിൻ്റെ പണിനോക്കാൻ ഇടക്ക് എന്നെയും കൂട്ടും.

തങ്ങളുടെ വിശ്വസ്തൻ ആണെങ്കിലും രാഷ്ട്രീയ മോഹങ്ങൾ തീരെയില്ല. പക്ഷേ ഏതു കാര്യവും സാധിക്കാൻ ഒരു ഫോൺവിളി ധാരാളം മതി. ആരെങ്കിലും സന്ദേഹം പ്രകടിപ്പിച്ചാൽ ഒരു വാക്ക് മതി – ‘തങ്ങൾ’ക്ക് ഇൻ്റെറെസ്റ്റ് ഉള്ള കേസാണ്’.

പി. കെ. കുഞ്ഞാലിക്കുട്ടി

അധികംവൈകാതെ പക്ഷേ രാഷ്ട്രീയത്തിൽ സജീവമായി. 1982ൽ ആദ്യമായി എം എൽ എ ആയി തിരുവനന്തപുരത്ത് എത്തുമ്പോൾ പൊതുമരാമത്ത് വകുപ്പ് എൻജിനീയർ ആയി ഈ ലേഖകനും അവിടെയുണ്ട്. എം എൽ എ ഹോസ്റ്റലിൽ ആദ്യത്തെ പ്രസംഗം തയാറാക്കാൻ സഹായിക്കുന്നതാണ് ഒരു ഓർമ്മ .അന്നുതൊട്ട് രാഷ്ട്രീയത്തിലെ അസൂയാവഹമായ ഉയർച്ച കുഞ്ഞാലിക്കുട്ടി എന്ന നേതാവിൻ്റെ കഴിവ് വിളിച്ചറിയിച്ചു. പാർട്ടിയിലെ മറ്റ് നേതാക്കളെയെല്ലാം പിന്നിലാക്കി ഒന്നാംനിരയിൽ സ്ഥാനം ഉറപ്പിക്കാൻ ശിഹാബലിതങ്ങളുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന സ്ഥാനം കുറച്ചൊന്നുമല്ല സഹായിച്ചത്. സി എച്ചിൻ്റെ മകൻ മുനീറിനും മറ്റും ശബ്ദമടക്കി സഹിക്കുക മാത്രമേ നിവൃത്തി ഉണ്ടായിരുന്നുള്ളു. ഉമ്മൻ ചാണ്ടി, കെ എം മാണി തുടങ്ങിയ സീനിയർ യു ഡി എഫ് നേതാക്കൾ മാത്രമല്ല എൽ ഡി എഫിൽ നായനാർ അടക്കമുള്ള നേതാക്കളും കുഞ്ഞാലിക്കുട്ടിയുടെ അടുത്ത സുഹൃത്തുക്കളായി മാറിയതിൽ അത്ഭുതമില്ല.

പടിപടിയായി ലീഗിൽ താക്കോൽ സ്ഥാനം ഉറപ്പിച്ച നേതാവ് അണികളുടെ ഏറ്റവും പ്രിയങ്കരനായ നേതാവ് ആയി ഉയർന്നു. പാർട്ടിയിൽ ആരു നേതാവാവണം , ആരു എം എല് എ യാവണം, ആരു മന്ത്രിയാവണം എന്നതിലൊക്കെ അവസാനവാക്കായി മാറാൻ അധികകാലം വേണ്ടിവന്നില്ല.

ലീഗിൻ്റെ പ്രധാന പണപ്പിരിവുകാരൻ എന്ന ചുമതല അതിന് ഏറെ സഹായിച്ചു എന്നതിൽ തർക്കമില്ല. ഇ ടി മുഹമ്മദ് ബഷീർ കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പ്, എം കെ മുനീറിൻ്റെ കാലത്ത് പൊതു മരാമത്ത് വകുപ്പ് ഇങ്ങനെ ചുരുക്കം സമയങ്ങളിൽ ഒഴികെ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനം ലീഗിൻ്റെ കയ്യിലുള്ള എല്ലാ വകുപ്പുകളിലും ഉണ്ടായിരുന്നു. പൊതുവെ പണം പിരിക്കാൻ കൂടുതൽ സൗകര്യപ്പെടുന്ന നഗരവികസന വകുപ്പ് ഒരു ഘട്ടത്തിൽ സ്വയം ഏറ്റെടുക്കുകയും ഉണ്ടായി.

ലീഗിൻ്റെ ഏറ്റവും വലിയ ധനസ്രോതസ്സായ വിദേശ മലയാളികളുടെ ഇടയിൽ ഏറ്റവും സ്വാധീനമുള്ള നേതാവ് കുഞ്ഞാലിക്കുട്ടിയാണ്.

മലബാർ രാഷ്ട്രീയത്തിൽ നിർണായക പങ്കുള്ള എ പി അബൂബക്കർ മുസലിയാർ, ഇ കെ അബൂബക്കർ മുസലിയാർ എന്നിവരുടെ സുന്നി വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളിലും പരിക്കുപറ്റാതെ മുന്നോട്ട്പോകാൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു. സുന്നി മുജാഹിദ് തർക്കങ്ങളും അദ്ദേഹത്തിൻ്റെ രാഷ്ട്രീയഭാവിയെ ബാധിച്ചിട്ടില്ല.

രാഷ്ട്രീയജീവിതത്തിലെ ഏറ്റവുംവലിയ പ്രതിസന്ധിയായിരുന്നു ഐസ്ക്രീം പാർലർ കേസ്. കോടികൾ ചെലവു ചെയ്ത് കേസ് ഒതുക്കിയതിൽ മുഖ്യമന്ത്രി നായനാരുടെ സഹായം ഉണ്ടായി എന്നു വിശ്വസിക്കുന്ന ആളുകൾ ധാരാളമുണ്ട്. തെരഞ്ഞെടുപ്പിൽ ലീഗിൻ്റെ കോട്ടകൾ ആടി ഉലഞ്ഞു. കുഞ്ഞാലിക്കുട്ടിതന്നെ തോറ്റു. എന്നിട്ടും ശിഹാബ്തങ്ങളുടെ പിന്തുണയോടെ പാർട്ടിയിൽ ശക്തമായി തുടർന്നു. യു ഡീ എ ഫിന് വലിയ ക്ഷീണം സംഭവിച്ചെങ്കിലും ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ കുഞ്ഞാലിക്കുട്ടിയെ വിമർശിക്കാൻ തയാറായില്ല എന്നത് ശ്രദ്ധേയമാണ്.

കെ ടി ജലീൽ തുടങ്ങിയ കുറച്ച് നേതാക്കൾക്ക് പാർട്ടി വിട്ടുപോകേണ്ടിവന്നു എന്നതാണ് ബാക്കിപത്രം.

മലബാറിന് പുറത്തുനിന്ന് , താരതമ്യേന ചെറിയ നേതാവായ ഇബ്രാഹിം കുഞ്ഞ് മന്ത്രിയായത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തൻ എന്നപേരിൽ മാത്രമാണ്. തൻ്റെ നേതാവിൻ്റെ ചെരുപ്പിൻ്റെ വാർ അഴിക്കാൻപോലും താൻ യോഗ്യനല്ല എന്ന് പുതിയ മന്ത്രി തുറന്നുപറയുകയും ചെയ്തു.

ശിഹാബ്തങ്ങളുടെ മരണം കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തത്തിനു ഇളക്കം തട്ടിയ ആദ്യത്തെ സംഭവമായിരുന്നു. പുതിയ പ്രസിഡൻ്റ് ഹൈദരലി തങ്ങൾ തൻ്റെ ജ്യേഷ്ഠൻ ശിഹാബ് തങ്ങളുടെ അടുത്തുള്ള കുഞ്ഞാലിക്കുട്ടിയുടെ അതിരുകടന്ന സ്വാധീനം ഇഷ്ടപ്പെടുന്ന ആളായിരുന്നില്ല.

എങ്കിലും അണികളുടെ ഇടയിൽ ഏറ്റവും ജനപ്രീതി ഉള്ള നേതാവ് എന്ന നിലയിലും കുഞ്ഞാലിക്കുട്ടിയോട് വ്യക്തിപരമായി കടപ്പാടും വിധേയത്വവും ഉള്ള നേതാക്കളുടെ പട്ടിക വലുതായതുകൊണ്ടും തൻ്റെ തീരുമാനങ്ങൾ പാർട്ടിയേക്കൊണ്ട് അംഗീകരിപ്പിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിരുന്നു.

തിരിഞ്ഞുനോക്കുമ്പോൾ അദ്ദേഹം എടുത്ത ഏറ്റവും മോശമായ രാഷ്ട്രീയ തീരുമാനമാണ് ദേശീയരാഷ്ട്രീയത്തിൽ കാലുറപ്പിക്കാൻ നടത്തിയ നീക്കം. കേന്ദ്രമന്ത്രിസ്ഥാനം സ്വപ്നം കണ്ട് എം പിയായെങ്കിലും ഒരു ചലനവും സൃഷ്ടിക്കാതെ മടങ്ങി.

അടുത്തശ്രമവും പാളി; കേരളത്തിൻ്റെ പാരമ്പര്യമനുസരിച്ച് യു ഡീ എഫ് അധികാരത്തിൽ വരും , താൻ ഉപമുഖ്യമന്ത്രിയാകും എന്നൊക്കെയുള്ള കണക്ക്കൂട്ടൽ .

ഹൈദരലി തങ്ങളുടെ അസുഖമാണ് പുതിയ സംഭവപരമ്പരകളുടെ പിന്നിൽ എന്നുവേണം കരുതാൻ. അദ്ദേഹത്തിൻ്റെ കാലശേഷം പാർട്ടിയുടെ നേതൃത്വം ഏത് തങ്ങൾക്കാണ് ലഭിക്കുക എന്നത് പ്രധാനമാണ്. മുയിൻ അലി തങ്ങൾ വിമതശബ്ദം ഉയർത്തുന്നത് കുഞ്ഞാലിക്കുട്ടിയുടെ എതിർശക്തികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് എന്ന് വ്യക്തമാണ്. ചന്ദ്രികയിൽ നടന്ന സാമ്പത്തിക ഇടപാടുകളും അതിൽ ഇ ഡി യുടെ ഇടപെടലും എതിർപക്ഷത്തിന് വീണുകിട്ടിയ അവസരമായി. പാലാരിവട്ടം അഴിമതികേസിൻ്റെ ഗതിവിഗതികളും നിർണ്ണായകമാണ്. 40 വർഷം കളം നിറഞ്ഞു കളിച്ച കുഞ്ഞാലിക്കുട്ടിയെ വീഴ്ത്താൻ ഇത് മതിയാകും എന്നു കരുതാനാവില്ല. പക്ഷേ താക്കോൽസ്ഥാനം നഷ്ടപ്പെടാൻ വഴിയൊരുങ്ങുന്നൂ എന്ന് അനുമാനിക്കാം.

ലീഗിൽ ഒരു മാറ്റത്തിൻ്റെ അലയൊലികൾ ഉയരുന്നു എന്ന് ഉറപ്പാണ്. രാഷ്ട്രീയത്തിൽ അസംഭവ്യമായി ഒന്നുമില്ല. ഓരോ ദിവസവും ചിത്രം മാറിക്കൊണ്ടിരിക്കും.

കാത്തിരിക്കുക.

പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like