പൂമുഖം നിരീക്ഷണം അസന്തുഷ്ടരായിരിക്കുന്നതിൽ സന്തോഷിക്കുന്നവരുടെ സമ്മേളനം, ഇന്ത്യ ബ്ലോക്ക്

അസന്തുഷ്ടരായിരിക്കുന്നതിൽ സന്തോഷിക്കുന്നവരുടെ സമ്മേളനം, ഇന്ത്യ ബ്ലോക്ക്

ഇന്ത്യാ ബ്ലോക്ക് പ്രത്യയശാസ്ത്രപരമായി നയിക്കപ്പെടുന്ന ഒരു മുന്നണിയല്ല. ഒരു സാമ്പത്തിക പരിപാടിയിലോ സാമൂഹിക പരിപാടിയിലോ അല്ല അത് പ്രവർത്തിക്കുന്നതും. മറിച്ച് അവശ്യകതയുടെ സിദ്ധാന്തത്താൽ നയിക്കപ്പെടുന്നു. വ്യക്തിഗതശേഷിയിൽ അവർക്ക് നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന തോന്നലിൽ മാത്രം അവർ ഒരുമിക്കുന്നു.

പ്രതിപക്ഷ പാർട്ടികൾക്ക് അയച്ച രാമക്ഷേത്ര ക്ഷണത്തിൻ്റെ ഉദാഹരണം എടുക്കുകയാണെങ്കിൽ ഇതിലെ വൈരുദ്ധ്യം മനസിലാകും. ഇൻഡ്യാ ബ്ലോക്കിലെ പ്രധാന കക്ഷികൾക്ക് മാത്രം ആണ് അവർ ക്ഷണപത്രം അയച്ചത്. അതിനാൽ ക്ഷണപത്രം കിട്ടാത്തവർ ആദ്യമേ പ്രതികരണവുമായി മുന്നോട്ടു വന്നു. ഇന്ത്യ മുന്നണി ഒരു പൊതു നിലപാട് സ്വീകരിച്ചില്ല. പകരം ഓരോ പാർട്ടികളും അവരുടെ നിലപാടുകൾ വ്യത്യസ്‍തമായി അവതരിപ്പിച്ചു. രാമക്ഷേത്രം തീവ്ര പ്രതികരണ സാധ്യതയുള്ളതും അതി വൈകാരികവുമായ ഒരു വിഷയമായിരുന്നു. അതിന് സാമുദായികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളുമുണ്ടായിരുന്നു.

ജനുവരി 22ന് അയോധ്യയിൽ നടന്ന സംഭവം പ്രതിപക്ഷ പാർട്ടികളെ വല്ലാതെ വലച്ചു. ഇന്ത്യൻ പാർട്ടികൾ പ്രത്യയശാസ്ത്രപരമായി പരസ്പരം എതിർക്കുകയും ബിജെപിക്കെതിരെ ഒരുമിച്ച് വരികയും ചെയ്തിരുന്നെങ്കിലും, അയോധ്യയിലെ രാംലല്ലയുടെ പ്രതിഷ്ഠ അവരുടെ മനോവീര്യത്തെ ഉലച്ചിരിക്കുന്നു. 2024-ൽ ബി.ജെ.പിയെ നേരിടാനുള്ള പ്രതീക്ഷ മങ്ങിയത് അവരുടെ നേതാക്കളുടെ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നു. ഇന്ത്യ ബ്ലോക്കിലെ 28 രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചിരുന്ന് രാമക്ഷേത്ര ക്ഷണത്തിന് ഏകകണ്ഠമായി തീരുമാനം എടുക്കണമായിരുന്നു.

ഈ വിഷയത്തിൽ ഓരോ പാർട്ടിയും ഓരോ ഭാഷയിലാണ് സംസാരിച്ചത്. അവസാന ദിവസമാണ് ക്ഷണക്കത്ത് കിട്ടിയതെങ്കിലും ക്ഷണിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും താൻ തീർച്ചയായും പോകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ക്ഷണത്തിന് നന്ദി പ്രകടിപ്പിച്ചതോടൊപ്പം അയോധ്യയിലേക്ക് പോകാനുള്ള സമയം താൻ തീരുമാനിക്കുമെന്നു പറയുകയും ചെയ്തു. ശരദ് പവാറും സമാനമായ പ്രതികരണം നടത്തിയിരുന്നു.

പാർട്ടിക്കുള്ളിൽ സംഘർഷാത്മകവും പരസ്പര വിരുദ്ധവുമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഹിമാചൽ പ്രദേശിലെ പാർട്ടി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അവധി പ്രഖ്യാപിക്കുകയും തൻ്റെ വീട് ലൈറ്റുകൾ കൊണ്ട് പ്രകാശിപ്പിക്കുകയും ചെയ്തപ്പോൾ ഇത് ബിജെപിയുടെ പരിപാടിയാണെന്ന് രാഹുൽ ഗാന്ധി പരിഭവിച്ചു. ഭോപ്പാലിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനുവരി 22-ന് ദീപങ്ങൾ തെളിച്ചു, രാജീവ് ഗാന്ധിയുടെ രാമക്ഷേത്രം നിർമ്മിക്കാനുള്ള സ്വപ്നം പൂർത്തീകരിച്ചു എന്ന് പ്രസ്താവിച്ചു. ചുരുക്കത്തിൽ കോൺഗ്രസ് പാർട്ടിക്ക് അയോധ്യയുടെ കാര്യത്തിൽ സ്ഥിരമായ സമീപനം ഉണ്ടായിരുന്നില്ല.

കൺവീനറുടെ റോളുമായി ബന്ധപ്പെട്ടു തുടക്കം മുതൽ ഇന്ത്യാ ബ്ലോക്കിൽ തർക്കം സജീവമായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇന്ത്യാ ബ്ലോക്കിൻ്റെ ചെയർമാനായി ഉയർത്തിക്കാട്ടാൻ ശ്രമിച്ചതിന് മമത ബാനർജിക്ക് ഒന്നിലധികം കാരണങ്ങളുണ്ടായിരുന്നു. രാഹുലിന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും അപ്രമാദിത്വം ചോദ്യം ചെയ്യുക എന്നതായിരുന്നു മമതയുടെ ആ തീരുമാനത്തിന് പിന്നിലെ പ്രധാന ഹേതു. ദളിതരും മുസ്‌ലിം വോട്ടുബാങ്കും ആയിരുന്നു മറ്റൊരു ഘടകം.

നിതീഷ് കുമാറിന് വലിയ പദ്ധതികൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പോ പിമ്പോ ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾക്കൊപ്പം കെ.സി.ആർ, നവീൻ പട്‌നായിക്ക്, ജഗൻ മോഹൻ റെഡ്ഡി എന്നിവരേയും ഇന്ത്യാ ബ്ലോക്കിൻ്റെ ഭാഗമാക്കാമെന്നും അതുവഴി പ്രധാനമന്ത്രി ആവാമെന്നും ആയിരുന്നു അദ്ദേഹത്തിന്‍റെ പ്ലാൻ. കൺവീനർ സഥാനം നഷ്ടപെട്ടപ്പോൾ നിതീഷ് കുമാർ തന്‍റെ ആഗ്രഹം ഒരിക്കലും സഫലമാകില്ല എന്ന് മനസ്സിലാക്കി, വീണ്ടും മറുകണ്ടം ചാടി.

ഇന്ത്യാ ബ്ലോക്കിൻ്റെ യഥാർത്ഥ പ്രശ്നം അതിന് നേതാവില്ല എന്നതാണ്. മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനാണെങ്കിലും പാർട്ടിയുടെ യഥാർത്ഥ നേതൃത്വം ഗാന്ധി കുടുംബത്തിനൊപ്പമാണ്. സോണിയ ഗാന്ധി സെമി റിട്ടയർമെൻ്റ് മോഡിലാണ്. മമത ബാനർജിയോടും നിതീഷ് കുമാറിനോടും നേരിട്ട് സംസാരിക്കുകയും ലാലു യാദവിൻ്റെ സേവനം ഉപയോഗിക്കുകയും ചെയ്താൽ അവർക്ക് ഇപ്പോഴും കാര്യങ്ങൾ മാറ്റാനാകും. എന്നാൽ ഇപ്പോൾ കാഴ്ചക്കാരിയുടെ വേഷമാണ് അവർ ചെയ്യുന്നത്.

ഹിന്ദി ബെൽറ്റിൽ നിന്നും ഗുജറാത്തിൽ നിന്നുമായി 251 സീറ്റുകളാണുള്ളത്. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ് 90 ശതമാനത്തിനും മുകളിലാണ്. ആകെയുള്ള 244 സീറ്റിൽ 229 സീറ്റിലും ജയിച്ചത് ബി ജെ പി മുന്നണി ആണ്. ഇന്ത്യ ബ്ലോക്കിൽ ഇല്ലാത്ത ബി എസ് പി ആണ് ഉത്തർ പ്രദേശിൽ 10 സീറ്റു നേടിയത്. മഹാരാഷ്ട്രയിലും ശിവസേനയ്ക്ക് ഒപ്പം നിന്ന ബി ജെ പി മുന്നണിക്ക് കിട്ടിയത് 48 ൽ 41 സീറ്റുകൾ ആണ്. കർണാടകത്തിൽ 28 ൽ 26 സീറ്റും ബി ജെ പി നേടി. ഈ 327 സീറ്റുകളിൽ നിന്ന് ബി ജെ പി 296 സീറ്റുകൾ നേടി. അതായത് ഭൂരിപക്ഷത്തിനു വളരെ മുകളിൽ. ആസ്സാം, ബംഗാൾ, ഒഡീഷ, തെലങ്കാന, എന്നീ സംസ്ഥാനങ്ങളിലും നിർണ്ണായകമായ സീറ്റുകൾ ബി ജെ പിക്ക് ലഭിച്ചു. കോൺഗ്രസിന്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, കർണാടകം , ബീഹാർ എന്നിവിടങ്ങളിൽ നിന്ന് ഓരോ സീറ്റുകൾ ലഭിച്ചപ്പോൾ ഛത്തിസ്‌ഗറിൽ നിന്നും 2 സീറ്റുകൾ ലഭിച്ചു. ആകെ 7 സീറ്റുകൾ.2024ലെ തെരഞ്ഞെടുപ്പിൽ ഈ മാർജിൻ 60-70 ശതമാനമായി കുറയ്ക്കുക മാത്രമാണ് കോൺഗ്രസിന് ചെയ്യേണ്ടത്. അങ്ങനെ ചെയ്താൽ അവർ മത്സരരംഗത്തുണ്ടാകും. പക്ഷെ അതിനിനി എവിടെ സമയം?

നരേന്ദ്ര മോദിക്കെതിരെ ദലിത് നേതാവായ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന് മമത ബാനർജി നിർദ്ദേശിച്ചു. ആ നിർദ്ദേശം പാലിക്കപ്പെടേണ്ടതായിരുന്നു, പ്രത്യേകിച്ചും ഹിന്ദി ബെൽറ്റിൽ വ്യക്തി പ്രഭാവം ഉള്ള നേതാക്കൾ ഇല്ലാത്തതിനാൽ. രാജ്യത്ത് 25 ശതമാനം ദലിതുകളും 16 ശതമാനം മുസ്ലീങ്ങളും ഉണ്ട്. ഈ കണക്കുകൾ കൂട്ടിയാൽ പ്രതിപക്ഷ നിരയിൽ ഒരു ലക്ഷ്യബോധം കൊണ്ടുവരാമായിരുന്നു.

പൊതുജീവിതത്തിൽ ഖാർഗെയ്ക്ക് ഏറെ അനുഭവപരിചയമുണ്ട്. രാജ്യസഭയിലെ കോൺഗ്രസ് നേതാവിനുപുറമെ നിരവധി തവണ എംഎൽഎയായും പാർലമെൻ്റ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെ മത്സരിക്കുന്നതിനെ ആരും എതിർത്തില്ല, കാരണം ആരും അനുകൂലിച്ചില്ല എന്നത് തന്നെ. നിഷ്‌ക്രിയത്വം, അതാണ് കോൺഗ്രസ് പാർട്ടിയുടെ ദുരന്തം. രാഹുൽ പിന്നിൽ നിന്ന് കോൺഗ്രസിന്‍റെയും ഇന്ത്യ മുന്നണിയുടെയും ചുക്കാൻ പിടിക്കുവാൻ ശ്രമിക്കുകയാണ്. എല്ലാ വിഷയത്തിലും അവസാന തീരുമാനം രാഹുലിന്റേത് ആണ്. അതാണ് കോൺഗ്രസിന്‍റെ വീഴ്ചക്ക് പിന്നിൽ.

അടൽ ബിഹാരി വാജ്‌പേയിയെയും അദ്ദേഹത്തിൻ്റെ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണത്തെയും പരാജയപ്പെടുത്താൻ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസിനു കഴിഞ്ഞപ്പോൾ , എന്തുകൊണ്ട് 2024 ൽ പ്രതിപക്ഷത്തിന് മോദിയെ പരാജയപ്പെടുത്താൻ കഴിയില്ല? ചിന്തിക്കുന്നത് ഉചിതമായിരിക്കും. 2004ൽ പ്രതിപക്ഷ പാർട്ടികളിൽ വലിയ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും ഉണ്ടായിരുന്നു. ഇത് 2004ൽ എല്ലാ ബിജെപി വിരുദ്ധ പാർട്ടികളും ഒന്നിക്കുന്നതിലേക്ക് നയിച്ചു. 2024-ൽ പ്രതീക്ഷയും ആവേശവും ഇല്ല.

ഇന്ത്യ ബ്ലോക്കിലെ മമത ബാനർജി, എം കെ സ്റ്റാലിൻ, ഹേമന്ത് സോറൻ, അരവിന്ദ് കെജ്‌രിവാൾ എന്നിവരുൾപ്പെടുന്ന പ്രാദേശിക സഖ്യകക്ഷികൾ അധികാരത്തിലുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ അവരുടെ പങ്കാളിത്തം പരിമിതമാണ്. സംസ്ഥാനങ്ങളിലെ ഭരണത്തിനപ്പുറം അവർക്കു പ്രധാനമല്ല മറ്റൊന്നും. കേന്ദ്രത്തിൽ ബി ജെ പി ഭരിക്കുന്നതിനാൽ കേന്ദ്ര വിരുദ്ധത പറയുവാനും കേന്ദ്രത്തെ പഴിചാരാനും അവർക്കു അവസരം കിട്ടുന്നു.

എന്നാൽ, അധികാരത്തിന് പുറത്തുള്ളതും ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി, ശരദ് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ശിവസേന (യുബിടി) പോലെ പ്രസക്തമാകാൻ ആഗ്രഹിക്കുന്നതുമായ പാർട്ടികൾ ഉണ്ട്. അവരും വർദ്ധിത വീര്യത്തിലല്ല. ഉൾപാർട്ടി പിളർപ്പുകൾ ശിവസേനയെയും എൻ സി പി യെയും ദുർബലപ്പെടുത്തി.

രാഷ്ട്രീയ ഉപദേശങ്ങളും പ്രത്യയശാസ്ത്രപരമായ നിർദേശങ്ങളും നൽകുന്നതല്ലാതെ യാതൊരു പങ്കാളിത്തവുമില്ലാത്ത പാർട്ടികളാണ് ബാക്കിയുള്ളവർ. ഈ രാഷ്ട്രീയ പാർട്ടികൾ ആരുമില്ലാത്ത കൂട്ടങ്ങളാണ്. ഇടതു പക്ഷ കക്ഷികളെയും ഈ കൂട്ടത്തിൽ കൂട്ടാം. കേരളം ഒഴികെ മറ്റൊരിടത്തും യാതൊരു പ്രസക്തിയും ഇല്ലാത്തവരാണവർ. കേരളത്തിൽ കോൺഗ്രസിനെ അവർക്കു ആവശ്യവുമില്ല.

കോൺഗ്രസാണ് ഏറ്റവും വലിയ പാർട്ടി. അത് മറ്റ് 27 ഇന്ത്യൻ പാർട്ടികളുമായി സഹവർത്തിത്വവും സമഭാവനയും പുലർത്തുകയും അവരെയും പ്രതിനിധീകരിക്കാൻ ശ്രമിക്കുകയും ആണ് ചെയ്യേണ്ടതെങ്കിലും അതിൽ അവർ ഇപ്പോൾ പൂർണ്ണപരാജയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ക്രമീകരണം തന്നെ ഉദാഹരണം. തീരുമാനങ്ങളെടുക്കൽ പ്രക്രിയ വളരെ കാലതാമസമുണ്ടാക്കുന്നു. അവർ നിയോഗിച്ച കമ്മിറ്റികളിൽ തീരുമാനങ്ങൾ എടുക്കുവാൻ പ്രാപ്തിയുള്ള, അല്ലെങ്കിൽ അനുവാദമുള്ള നേതാക്കൾ ഇല്ല. അതിനാൽ തീരുമാനങ്ങൾ ഉണ്ടാകുന്നില്ല, അതിനാലാണ് മമതയെ പോലുള്ളവർ ഒരു മയവുമില്ലാതെ ഒറ്റക്ക് മത്സരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്.

അതിനാൽ അസന്തുഷ്ടരായിരിക്കുന്നതിൽ സന്തോഷിക്കുന്ന ആളുകളുടെ ഒരു സമ്മേളനമാണ് ഇന്ത്യാ ബ്ലോക്ക് എന്ന് പറയേണ്ടിയിരിക്കുന്നു.

കവര്‍: വിത്സണ്‍ ശാരദ ആനന്ദ്‌

Comments

You may also like