പൂമുഖം നിരീക്ഷണം സ്‌പീക്കറുടെ സ്ഥാനവും നിഷ്പക്ഷതയും

സ്‌പീക്കറുടെ സ്ഥാനവും നിഷ്പക്ഷതയും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

രാഷ്ട്രീയത്തിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുന്ന ബ്രിട്ടീഷ് സ്പീക്കറെ പോലെയോ, സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും ഒരു സജീവ രാഷ്ട്രീയ പാർട്ടിമെമ്പറായി തുടരുന്ന അമേരിക്കൻ സ്പീക്കറെ പോലെയോ അല്ല ഇന്ത്യയിലെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ. ഇന്ത്യൻ സ്പീക്കർ തന്റെ രാഷ്ടീയ പാർട്ടിയിൽ നിന്ന് വിട്ടു പോകുന്നില്ല. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിത്തം എടുക്കുന്നത് തുടരുന്നില്ല എന്നുമാത്രം.

ഇന്ത്യയിലെ ആദ്യത്തെ സ്പീക്കറായിരുന്ന ശ്രീ ജി.വി മാവ് ലങ്കർ ഇന്ത്യയിലെ സ്പീക്കർ പദവിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. “ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിലെ സ്പീക്കറെ പോലെ ഇന്ത്യയിലെ സ്പീക്കർ രാഷ്ട്രീയ രംഗത്തു നിന്ന് പൂർണമായും വിട്ടു നിൽക്കുന്നില്ല. വളരെ വിപുലമായ നിയന്ത്രണങ്ങളോടു കൂടിയാണെങ്കിലും, ഇപ്പോൾ സ്പീക്കർ ഒരു രാഷ്ട്രീയക്കാരനായി തുടരണം. അദ്ദേഹത്തിന് തന്റെ പാർട്ടിയിലെ ഒരംഗമായി തുടരാവുന്നതാണ്. എന്നാൽ പാർട്ടിയുടെ കാര്യങ്ങളിൽ പങ്കെടുക്കരുത്. പ്രത്യേകിച്ചും സഭയുടെ മുൻപാകെ ചർച്ചക്കും തീരുമാനത്തിനും വരാൻ സാധ്യതയുള്ള കാര്യങ്ങളിൽ. സഭയുടെ മുൻപാകെ വരാൻ സാധ്യതയുള്ള പൊതു തർക്കങ്ങളിൽ അദ്ദേഹം പക്ഷം പിടിക്കുന്നത് ശരിയല്ല എന്ന് ഞങ്ങൾ പരിഗണിച്ചിട്ടുണ്ട്, ചുരുക്കത്തിൽ സ്പീക്കർ ഒരു പക്ഷപാതമുള്ള ആളാണെന്ന തോന്നൽ ഉണ്ടാക്കുവാൻ സാധ്യതയുള്ളതും, സഭാദ്ധ്യക്ഷൻ എന്ന തന്റെ സ്ഥാനത്തിന് അമ്പരപ്പുണ്ടാക്കുവാൻ സാധ്യതയുള്ളതും ആയ എന്തെങ്കിലും അഭിപ്രായവുമായോ പ്രചാരണവുമായോ അദ്ദേഹം താദാത്മ്യം പ്രാപിക്കരുത്”.

ബ്രിട്ടീഷ് സ്പീക്കറുമായി തുല്യമായ പദവിയിലല്ല ഇന്ത്യയിലെ സ്പീക്കർ എന്നു പറയുന്നതിന്റെ കാരണം ഇതാണ്. ബ്രിട്ടനിൽ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി തന്റെ രാഷ്ട്രീയ ബന്ധം ഉപേക്ഷിക്കണമെന്നതാണ് സമ്പ്രദായം. രാഷ്ട്രീയ നിഷ്പക്ഷത പുലർത്തുന്ന വ്യക്തിയായി മാറണം. പാർട്ടി പ്രശ്നങ്ങളിൽ ഒരിക്കലും അഭിപ്രായം പ്രകടിപ്പിക്കുകയില്ല. സഭയ്ക്കുള്ളിൽ ഒരു നിഷ്പക്ഷ ന്യായാധിപനായി തീരും. ഒരു റഫറിയെ പോലെ രാഷ്ട്രീയ മത്സരം നിയമാനുസൃതമായും ആരും കൃത്രിമം കാണിക്കാതെയും നടത്തുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി.

ജെയിംസ് ബ്രൂസ്‌ (James Bruce) ഇങ്ങനെ പറഞ്ഞു “ഹൗസ് ഓഫ് കോമൺസിൽ സ്പീക്കർ തന്റെ കസേരയിൽ ഇരിക്കുന്ന നിമിഷം മുതൽ അദ്ദേഹം പാർട്ടി ബന്ധങ്ങൾ ഉപേക്ഷിക്കുന്നു. സ്പീക്കറുടെ പദവി ചിഹ്നമായ മേലങ്കി (ഗൗൺ) അണിയുന്നതോടെ അദ്ദേഹത്തിന് രാഷ്ട്രീയാഭിപ്രായം ഇല്ലാതാകുന്നു”.

അമേരിക്കയിൽ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിലെ സ്പീക്കർ തന്റെ പാർട്ടി ബന്ധങ്ങൾ ഉപേക്ഷിക്കുന്നില്ല. തന്നെ സ്പീക്കറായി തിരഞ്ഞെടുത്ത ഭൂരിപക്ഷ കക്ഷിയുമായി ചേർന്നു നിൽക്കുകയും തന്റെ പ്രവർത്തനങ്ങളിൽ പാർട്ടിയുടെ ഭാഗത്ത് നിൽക്കുകയും ചെയ്യും. ഇന്ത്യയിലെ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹർലാൽ നെഹ്റു പറഞ്ഞത് ഇങ്ങനെയാണ്. “സ്പീക്കർ സഭയുടെ അന്തസ്സിനെ പ്രതിനിധാനം ചെയ്യുന്നു. സഭ രാഷ്ട്രത്തെ ഒരു പ്രത്യേക തരത്തിൽ പ്രതിനിധാനം ചെയ്യുന്നതു കൊണ്ട് സ്പീക്കർ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഒരു അടയാളമായി തീരുന്നു. അതുകൊണ്ട് അത് ബഹുമാനപ്പെട്ടതും, സ്വതന്ത്രവുമായ ഒരു സ്ഥാനമാണ്. ആ സ്ഥാനം വഹിക്കുന്നത് എല്ലായ്പോഴും മികച്ച കഴിവും നിഷ്പക്ഷതയുമുള്ള ആളായിരിക്കണം”.

ജനങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഒരു വേദിയായി ഇന്ന് നിയമസഭകൾ മാറിയിരിക്കുന്നു. ജനങ്ങളുടെ സാമ്പത്തിക, സാംസ്ക്കാരിക, സാമൂഹ്യ പ്രശ്നങ്ങളാണ് അവ. ഈ പ്രശ്നങ്ങൾ എല്ലാം തന്നെ എതെങ്കിലും തരത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കും. സാമൂഹിക, സാംസ്ക്കാരിക, സാമ്പത്തിക വിഷയങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മിൽ പരിപൂരകമായും സുദൃഢമായും ബന്ധപ്പെട്ടിരിക്കുമല്ലോ. രാഷ്ട്രീയവും മറ്റു സാമൂഹിക വിഷയങ്ങളും തമ്മിലുള്ള പരസ്പരാശ്രയത്വവും ബന്ധവും വേർപ്പെടുത്താനാകാത്തത് ആയതിനാൽ അത്തരം പ്രശ്നങ്ങളിൽ ഇടപെട്ട് അഭിപ്രായപ്രകടനം നടത്തുമ്പോൾ താൻ വിശ്വസിക്കുന്ന രാഷ്ട്രീയ നിലപാട് ഏതൊരു വ്യക്തിയേയും സ്വാധീനിക്കുവാൻ ഇടയാകും. അങ്ങനെയുള്ള ആൾ പക്ഷപാതിയാണെന്ന തോന്നലുണ്ടാക്കാൻ ഇടയാകും. പാർട്ടിനിലപാടുമായി ചേർന്നു നിൽക്കുകയാണെന്ന ആരോപണത്തിന് വിധേയനാകാൻ ഇടവരും. സ്പീക്കറായിരിക്കുന്നിടത്തോളം കാലം അത്തരം പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാം; വീണ്ടും പാർട്ടി അംഗമായി തീരുന്നതുവരെയെങ്കിലും . മികച്ച കഴിവും, നിഷ്പക്ഷതയുമാണല്ലോ സ്പീക്കറുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ഉരകല്ലുകൾ.

ദീർഘകാലം പാർലിമെൻ്റ് അംഗമായി പ്രവർത്തിച്ച അനുഭവസമ്പത്തുമായി നിയമസഭ സ്പീക്കർ സ്ഥാനത്തെത്തിയ യുവ രാഷ്ട്രീയ നേതാവായ ശ്രീ. എം. ബി. രാജേഷിന് പ്രതിപക്ഷ ബഹുമാനം കാണിക്കുവാനും നിയമസഭാനടപടിക്രമങ്ങളുടെ നിയമ വശങ്ങൾ വ്യാഖ്യാനം ചെയ്യുവാനും, സഭയിലെ ചർച്ചകളും, നടപടി ക്രമങ്ങളും നിഷ്പക്ഷമായും, നിയമാനുസൃതമായും നിയന്ത്രിക്കുവാനും ബുദ്ധിമുട്ടുണ്ടാവില്ല.

മന്ത്രി എന്ന നിലയിൽ പ്രശസ്തി നേടിയ ശ്രീ. തോമസ് ഐസക്, ശൈലജ ടീച്ചർ എന്നിവരേയും നിയമസഭ അംഗമെന്ന നിലയിൽ പ്രശസ്ത സേവനം കാഴ്ചവെച്ചവരേയും മാറ്റി നിർത്തി, യുവ നേതൃത്വത്തിനെ നിയമസഭയിലേക്ക് നിയോഗിച്ച ഒരു പാർട്ടിക്ക്, ശ്രീ.എം.ബി. രാജേഷിനെ ഒരു മാതൃകാ സ്പീക്കറായി പ്രവർത്തിക്കുവാൻ സഹായകരമായ നടപടികൾ ഏറ്റെടുക്കുവാനും കഴിയും. ഇക്കാര്യത്തിൽ ഈ ലേഖകൻ ശുഭാപ്തി വിശ്വാസക്കാരനാണ്.

Comments
Print Friendly, PDF & Email

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി തഹസിൽദാർ, ഇലെക്ഷൻ ഡെപ്യൂട്ടി കളക്ടർ, പാലക്കാട് ADM ,കണ്ണൂർ ലാൻഡ് റിഫോംസ് ഡെപ്യൂട്ടി കളക്ടർ, ലാൻഡ് ട്രിബുണൽ ഡെപ്യൂട്ടി കളക്ടർ എന്നീ നിലകളിൽ ജോലി ചെയ്തു. ഇപ്പോൾ അഡ്വക്കേറ്റ് ആയി പ്രവർത്തിക്കുന്നു.

You may also like