പൂമുഖം LITERATUREനർമ്മം കേളുമാഷ് (ഭാഗം-15)

കേളുമാഷ് (ഭാഗം-15)

കുമാരേട്ടനും ലോട്ടറിയും

കോവിഡ് പടർന്നു പന്തലിച്ചിരുന്ന കാലത്ത് കേളുമാഷ് പുറംലോക യാത്രകൾ അധികം നടത്താറില്ലായിരുന്നു. എങ്കിലും വീടിനടുത്തുള്ള ലൈബ്രറിയിൽ ദിവസവും ഒരു നേരമെങ്കിലുമെത്താൻ അദ്ദേഹം ശ്രദ്ധിക്കാറുമുണ്ട്. ചില ദിവസങ്ങളിൽ ലൈബ്രേറിയൻ വാസുവും മാഷും മാത്രമേ അവിടെ കാണൂ. പണിയൊന്നുമില്ലെങ്കിൽ ഇലട്രീഷ്യൻ നാണുവും ഡ്രൈവർ കോരനും മേസ്തിരി മൂസ്സയും മിക്കവാറും ലൈബ്രറിയിൽ ഹാജരായിട്ടുണ്ടാകും. ഒരല്പം വായന കഴിഞ്ഞാൽപ്പിന്നെ കുറേനേരം ഘോരഘോരം ചർച്ച തുടങ്ങുകയായി. ഇലട്രീഷ്യൻ നാണുവാണ് ചർച്ചയുടെ അമിട്ടിന് എന്നും തീകൊളുത്തുക. മൂപ്പർക്ക് അതൊരു രസമാണ്. മൂസ്സ അത് കത്തിപ്പടർത്തും. കോരൻ അതിൽ വീണ്ടും എണ്ണയൊഴിക്കും. ഒടുക്കം രമ്യതയിലെത്തിക്കുക കേളു മാഷുടെ ഉത്തരവാദിത്തവും!

ഓരോ ദിവസവും ഓരോ വിഷയം നാണു എങ്ങനെയെങ്കിലും കുത്തിപ്പൊക്കും. ആയിടക്കാണ് ഡ്രൈവർ കോരൻ്റെ പെങ്ങളുടെ മോന് ഒരു കോടി രൂപ ലോട്ടറിയടിച്ച സംഭവമുണ്ടായത്. അന്നേ ദിവസം നാണുവിന് ലോട്ടറിയായി വിഷയം.

‘അല്ല കേളു മാഷെ ഒരു കോടി ഉറുപ്യ ലോട്ടറി അടിച്ചീന്നൊക്കെ പെട്ടെന്ന് കേട്ടാൽ ആൾക്കാർക്ക് സന്തോശം കൊണ്ട് പെരാന്താവ്വോലെ… ഈ കോരൻ്റെ പെങ്ങളെ ചെക്കന് ഒരു കോടി ഉറുപ്യ ഇന്നാള് അടിച്ചിക്ക്. അപ്പം ചെക്കന് പെരാന്താവ്വോളീ’

നാണു കോരനെ ഒളികണ്ണിട്ട് നോക്കിയാണത് പറഞ്ഞത്. കോരന് അത് കേട്ട് ഇമ്മിണി ഇമൃച്ച തോന്നിയെങ്കിലും നാണൂനോട് മുട്ടാനൊന്നും പോവ്വാതെ കേളു മാഷുടെ ഉത്തരത്തിനായി കാത്തു. നാണു പറഞ്ഞപോലെ ചെക്കന് പെരാന്താവ്വോന്ന് കോരന് പരിഭ്രാന്തി തോന്നിയെന്നതും നേരാ.
മാഷ് ഉത്തരം പറയാൻ അമാന്തിക്കുന്നെന്ന് കണ്ടപ്പോൾ മേസ്തിരി മൂസ്സ ഒന്നിളകിയിരുന്ന് മാഷോട് ചോദിച്ചു.

വര: പ്രസാദ്‌ കാനാത്തുങ്കല്‍

‘ഇങ്ങളെന്തെങ്കിലൊന്ന് ഉരിയാടീന്ന് മാഷെ. അച്ചെക്കന് പെരാന്താവ്വോ?’

മൂന്നു പേരും അപ്പുറത്ത് നിന്ന് ലൈബ്രേറിയൻ വാസുവും തൻ്റെ മറുപടിക്കായി കാത്തിരിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ മാഷ് പറഞ്ഞു തുടങ്ങി.
‘പെരാന്താവ്വോന്ന് അറീല്ലപ്പാ. ചെലോര് ലോട്ടറി അടിച്ചാൽ ബെക്കെ ബക്കെ നന്നാവും. ബേറെ ചെലോരുടെ കാര്യത്തില്, അതോടെ ഓലെ ആപ്പീസ് പൂട്ടീന്നും ബെരും. മ്മളെ കുമാരാരേട്ടന് ലോട്ടറി അടിച്ചത് ഇങ്ങള് കേട്ടീനോ? അത് നടന്നിറ്റ് ഒരുപാട് കാലായി.’ ഇല്ലെന്ന അർത്ഥത്തിൽ എല്ലാരും ഒച്ചവെച്ചു. ശേഷം മാഷ് തുടർന്നു.

‘അക്കഥ ഞാമ്പറയാം. അതൊരു തമാശ്യാന്ന് മ്മക്ക് തോന്നാം. ന്നാൽ സങ്കടോം ബെരും.’
മ്മളെ പൊയക്കലെ കുമാരേട്ടന് ഒരിക്കല് അഞ്ച് ലക്ഷം ഉറുപ്യ ലോട്ടറി അടിച്ചു. മൂപ്പർക്ക് അന്ന് അസാരം നല്ല പ്രായോണ്ട്. മാത്രേല്ല കക്ഷിക്ക് രണ്ടു തവണ അറ്റാക്കും വന്നതാ. അതു കൊണ്ട് ആ സന്തോഷ വർത്താനം കുമാരേട്ടനെ അറിയിക്കാൻ നാട്ടിലെ സകല കാര്യത്തിലും എടപെടുന്ന കോൽക്കാരൻ ചന്തുക്കുറുപ്പിനെ ലോട്ടറി ഏജൻ്റ് തുക്കിടി ഗോപാലൻ ശട്ടംകെട്ടി. തുക്കിടി അക്കാര്യത്തിൽ മിടുക്കനാ. തുക്കിടി പറഞ്ഞപ്പം തന്നെ ചന്തുക്കുറുപ്പ് അക്കാര്യം സന്തോഷത്തോടെ ഏറ്റെടുക്വോം ചെയ്തു. മൂപ്പര് ഓട്ടോ പിടിച്ച് അന്നേരം തന്നെ കുമാരേട്ടൻ്റെ വീട്ടിലെത്തി. കുമാരേട്ടൻ പറമ്പീന്ന് ചില്ലറ കൃഷിപ്പണി ചെയ്യുന്നത് ചന്തുക്കുറുപ്പ് ദൂരേന്നേ കണ്ടീനും. വീട്ടിലേക്കുള്ള നടേലെത്തിയപ്പോൾ ചന്തുക്കുറുപ്പ് കുമാരേട്ടനെ നീട്ടിയൊരു വിളി.

‘കുമാരേട്ടാ.. കുമാരേട്ടാ ഇങ്ങളോട് ഒരു കാര്യം പറയാനുണ്ടേ’

അതുകേട്ട് കുമാരേട്ടൻ ആകെയൊന്ന് പരുങ്ങി. അപ്പരുങ്ങൽ മാറ്യേരം മൂപ്പര് കുറുപ്പ് എന്താണ് പറേന്നതെന്ന് കേൾക്കാൻ താല്പര്യത്തോടെ ഓറെ അട്ത്ത് പോയി നിന്നു.

‘കുമാരേട്ടാ ഇങ്ങക്ക് ഇപ്പം അഞ്ച് ദച്ചം ലോട്ടറി അടിച്ചീന്ന് ബിചാരിക്വ. ഇങ്ങള് എന്തു ചെയ്യും?’

കുമാരേട്ടന് ലോട്ടറി ടിക്കറ്റ് എടുത്തതൊന്നും ഓർമ്മയില്ല. എപ്പോ ഒരിക്കൽ അഞ്ഞൂറ് ഉറുപ്യ ചെയ്ഞ്ചാക്കാൻ ഒരു ലോട്ടറി ടിക്കറ്റെടുത്തത് കക്ഷി ഓർമ്മിക്കുന്നൂല്ല. അതുകൊണ്ട് കുറുപ്പിനോട് കുമാരേട്ടൻ നിഷ്കളങ്കമായിട്ടിങ്ങനെ പറഞ്ഞു.

‘കുറുപ്പാളെ എനക്ക് അഞ്ച് ദച്ചം ഇപ്പം കിട്ടീനെങ്കിൽ പവ്വ്തി ഇങ്ങക്ക്തന്നെ തരും’
‘ഡിം’. എന്തോ വീഴുന്ന ഒച്ചയാണ് കുമാരേട്ടൻ പിന്നെ കേട്ടത്. അത് മറ്റൊന്നുമല്ല കുമാരേട്ടൻ്റെ ഉത്തരം കേട്ട് ഹാർട്ട് അറ്റാക്ക് വന്ന് ചന്തുക്കുറുപ്പ് ക്ലോസായതായിരുന്നു.

കേളു മാഷ് പറഞ്ഞു നിർത്തിയപ്പോൾ മൂസ്സ പറഞ്ഞു.

‘ഒരാള് മയ്യത്തായ കഥ്യാ ഇങ്ങള് പറഞ്ഞേങ്കിലും ചിരിക്കാണ്ട്ക്കാനാവ്വോല്ല മാഷെ ‘

പിന്നെ അവിടം കൂട്ടച്ചിരിയായി. പാവം ചന്തുക്കുറുപ്പ്!

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.