പൂമുഖം നിരീക്ഷണം കാലാവസ്ഥാ വ്യതിയാനം: പൊടിപടലങ്ങളെ അവഗണിക്കരുത്

കാലാവസ്ഥാ വ്യതിയാനം: പൊടിപടലങ്ങളെ അവഗണിക്കരുത്

ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്ന സൗരോര്‍ജതോതിൽ ഏതാനും വര്‍ഷങ്ങളായി അസ്ഥിരത കാണപ്പെടുന്നു. ഓരോ 10 വര്‍ഷത്തിനിടയിലും തോതിൽ കാര്യമായ വ്യത്യാസമുണ്ട്. സൗരോര്‍ജ തോതിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അഗ്‌നിപർവ്വത സ്‌ഫോടനം പോലെയുള്ള പ്രകൃതിജന്യ കാരണങ്ങളാലുണ്ടാവാം. അല്ലെങ്കിൽ മനുഷ്യരുടെ പ്രവര്‍ത്തനങ്ങൾ വഴി അന്തരീക്ഷത്തിലെത്തിച്ചേരുന്ന വിവിധപദാര്‍ഥങ്ങളുടെ സാന്നിധ്യംമൂലമാകാം. നേരിട്ടുള്ള പ്രകാശകിരണരൂപത്തിലോ അല്ലെങ്കിൽ അന്തരീക്ഷത്തിലെ ധൂളീ പടലങ്ങളിൽ തട്ടി ചിതറിത്തെറിച്ച അവസ്ഥയിലോ ആണ് സൗരോര്‍ജം ഭൂതലത്തിൽ എത്തിച്ചേരുന്നത്. ഇപ്രകാരം ആകെ ഭൂമിയിലെത്തുന്ന സൗരോര്‍ജത്തിനെയാണ് ആഗോള വികിരണത്തോത് (Global radiation / Surface solar radiation) എന്ന് പറയുന്നത്. ഭൂമിയിലെത്തുന്ന സൂര്യ പ്രകാശത്തിന്‍റെ തോതിൽ ചില സാഹചര്യങ്ങളിൽ കുറവ് അനുഭവപ്പെടാറുണ്ട്. മങ്ങൽ (Dimming) എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ആഗോളതലത്തിൽ അനുഭവപ്പെടുന്ന ഒന്നാണ്. ലോകത്തിലെ വിഭിന്ന ഭാഗങ്ങളിൽ, വിവിധ കാലഘട്ടങ്ങളിൽ, വിവിധതോതിലാണ് പ്രകാശതീവ്രതാ വ്യതിയാനം അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഭൂമിയിൽ എത്തുന്നസൂര്യപ്രകാശത്തിന്‍റെ തോത് തിട്ടപ്പെടുത്താനുള്ള ചിട്ടയായ ക്രമീകരണങ്ങൾ ആരംഭിച്ചത് 1950 കൾ മുതലാണ്. 1950കളെ അപേക്ഷിച്ച് യു.എസിൽ 10 ശതമാനത്തിന്‍റെ ബ്രിട്ടീഷ് ദ്വീപുകളിൽ 16 ശതമാനത്തിന്‍റെയും റഷ്യയിൽ 30 ശതമാനത്തിന്‍റെ കുറവാണ് പ്രകാശ തീവ്രതയിൽ നിലവിലുള്ളത്.

പ്രകാശതീവ്രതയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കുള്ള യഥാര്‍ഥ കാരണങ്ങളെ പറ്റി ഇപ്പോഴും പൂർണ്ണധാരണ ലഭിച്ചിട്ടില്ല. മലിനീകരണം വഴി വായുവിൽ എത്തിപ്പെടുന്ന പദാര്‍ഥങ്ങൾ ആണോ അഥവാ കാലാവസ്ഥാവ്യൂഹം, അന്തരീക്ഷ സ്ഥിതി എന്നിവയിൽ സ്വാഭാവികമായി ഉണ്ടാവുന്ന വ്യതിയാനങ്ങളാണോ ഇത്തരം പ്രകാശ തീവ്രതാ വ്യതിയാനങ്ങൾക്ക് കാരണമാകുന്നതെന്ന് ഇപ്പോഴും കൃത്യമായ നിഗമനത്തിലെത്തിച്ചേര്‍ന്നിട്ടില്ല. സൂര്യന്‍റെ ഊര്‍ജനിലയിൽ സംഭവിക്കാവുന്ന സ്വാഭാവികവ്യതിയാനം വളരെ ലഘുവാണ്. സൂര്യപ്രകാശം സഞ്ചരിച്ചെത്തുന്ന മാധ്യമങ്ങളിൽ ഉണ്ടാവുന്ന പ്രകൃത വ്യതിയാനങ്ങൾ ആണ് ഭൂമിയിലെത്തുന്ന സൗരവികിരണത്തോതിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നത്.

“മങ്ങൽ” പ്രഭാവം – കാരണങ്ങൾ

അന്തരീക്ഷത്തിലെ മേഘപാളികൾ പ്രകാശ കിരണങ്ങൾ കൂടുതലായി തിരിച്ച് പ്രതിഫലിപ്പിക്കുകയോ, ആഗിരണം ചെയ്യുകയോ ചെയ്യുമ്പോൾ മങ്ങൽ അഥവാ വെളിച്ചകുറവ് അനുഭവപ്പെടാം. എന്നാൽ, തെളിഞ്ഞ ആകാശമുള്ള അവസ്ഥയിൽ പോലും പ്രകാശതീവ്രത കുറയുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ, വായു മലിനീകരണം വഴിഅന്തരീക്ഷത്തിലെത്തിച്ചേരുന്ന “എയ്‌റോസോളുകൾ (Aerosols)”എന്ന സൂക്ഷ്മ കണങ്ങൾ ആണ് പ്രകാശതീവ്രതയിൽ മങ്ങൽ സൃഷ്ടിക്കുന്നതിന് പ്രധാന കാരണം. (Geophysical Research Letters, February 2021). വായുവിലോ വാതകങ്ങളിലോ തങ്ങി നില്‍ക്കുന്ന അതിസൂക്ഷ്മകണങ്ങളാണ് എയ്‌റോസോളുകൾ. ഇവ ഖരാവസ്ഥയിലോ ദ്രവാവസ്ഥയിലോ കാണപ്പെടാറുണ്ട്. ഇവസൗരവികിരണങ്ങളെ ചിതറിത്തെറിപ്പിച്ച് ബാഹ്യാകാശത്തേക്ക് മടക്കി അയക്കുന്നു.പ്രകാശത്തോടൊപ്പം സൗരവികിരണങ്ങളിലെ താപോര്‍ജവും ഇപ്രകാരം ബാഹ്യാകാശത്തേക്ക് തിരിച്ച് പ്രതിഫലിപ്പിക്കപ്പെടുന്നതിനാൽ ഭൂമിയുടെ അന്തരീക്ഷത്തിൽ ചൂടുകുറഞ്ഞ് ശീതളിമ അനുഭവപ്പെടാനിടയാകുന്നു. വായു മലിനീകരണ പാർശ്വഫലമായി ഉണ്ടാകുന്ന സൾഫേറ്റ് കണങ്ങൾ ആണ് എയ്‌റോസോളുകളിൽ അധികവും. ഇവ താപം ആഗിരണം ചെയ്യുന്നവയും കൂടിയാണ്. അന്തരീക്ഷ താപം കുറയുമ്പോൾ ബാഷ്പീകരണ തോത് കുറയാനിടയാക്കുകയും, മഴക്കുറവിന് വഴിവയ്ക്കുകയും ചെയ്യുന്നു. പ്രകാശതീവ്രത കുറയ്ക്കുന്ന പ്രധാനഘടകമാണ് എയ്‌റോസോളുകൾ. ഇവ അന്തരീക്ഷത്തിലേക്കെത്തപ്പെടുന്നത് പ്രധാനമായും വായുമലിനീകരണം വഴിയാണ്.

ഏകദേശം 12000 -15000 വർഷങ്ങൾക്ക് മുൻപാണ് ആന്ത്രപോസിൻ (Anthropocene ) കാലഘട്ടം ആരംഭിച്ചത്. പ്രകൃതിയിൽ മനുഷ്യന്‍റെ ഇടപെടലുകളുടെയും, പ്രവർത്തന ശൈലിയുടെയും പ്രത്യാഘാതങ്ങൾ കൂടുതലായി അനുഭവപ്പെട്ടു തുടങ്ങിയത് ഈ കാലഘട്ടം മുതൽക്കാണ്. കാർഷിക വിപ്ലവത്തിൽ നിന്നാരംഭിച്ച്, വിവിധ ഘട്ടങ്ങൾ പിന്നിട്ട്, വ്യവസായവിപ്ലവകാലഘട്ടത്തോടെ മാനുഷിക ഇടപെടലുകളുടെ പരിണത ഫലങ്ങൾ പ്രകൃതിയിലും കാലാവസ്ഥയിലും പ്രകടമാകാൻ തുടങ്ങി.വ്യവസായ വൽക്കരണവും, അമിതമായ ഫോസിൽ ഇന്ധനോപയോഗവും വഴി അന്തരീക്ഷം കൂടുതൽ കൂടുതൽ മലിനീകൃതമായി. ഇന്ന് ലോകം ഏറെ ഉത്കണ്ഠയോടെ വീക്ഷിക്കുന്ന കാലാവസ്ഥയിലെ പ്രകടവ്യതിയാനങ്ങൾ പ്രത്യക്ഷാനുഭവമായിത്തീർന്നതും ഈ വ്യവസായവിപ്ലവോത്തര കാലഘട്ടത്തിലാണെന്നോർക്കണം. ഈ സാഹചര്യത്തിലാണ് അന്തരീക്ഷ മലിനീകരണത്തിന് കാലാവസ്ഥയെ മാറ്റിമറിക്കാനാവുമോ; ആവുമെങ്കിൽ എപ്രകാരം എന്ന് ശാസ്ത്രലോകം ഗൗരവബുദ്ധ്യാ പരിശോധിക്കുവാനും, വിശകലനം ചെയ്യുവാനും ആരംഭിച്ചത്.

അന്തരീക്ഷത്തിലെ സള്‍ഫർ ഡയോക്‌സൈഡ്, ചാരം, കരിപ്പൊടി എന്നിവ എല്ലാം”ധൂളീകണങ്ങൾ” (Particulate Matter) എന്ന ഗണത്തിൽപെടുന്നവയാണ്. ഫോസിൽ ഇന്ധന ജ്വലനം വഴിയോ ആന്തര ദഹനയന്ത്രങ്ങളിൽ നിന്നോ ആണ് ഇവ അന്തരീക്ഷത്തിലെത്തി ചേരുന്നത്. ഇവയുടെ അധിക സാന്നിധ്യമുള്ള ഘട്ടങ്ങളിൽ വേണ്ടത്ര സൗരോര്‍ജം ഭൂമിയിൽ എത്തപ്പെടാതിരിക്കുന്നതിനാൽ വെളിച്ചക്കുറവിനോടൊപ്പം അന്തരീക്ഷത്തിൽ തണുപ്പും അനുഭവപ്പെടാറുണ്ട്. മലിനീകരണം വഴി അന്തരീക്ഷത്തിലെത്തുന്ന സൾഫർഡയോക്‌സൈഡ്, ചാരം, കരിപ്പൊടി എന്നിവയിൽ അന്തരീക്ഷത്തിലെ അതിസൂക്ഷ്മ ജലകണങ്ങൾ ഒട്ടിച്ചേരുകയും, ഇവ ഖനീഭവന മര്‍മ്മങ്ങളായി വര്‍ത്തിച്ച് മേഘരൂപീകരണം നടക്കുകയും ചെയ്യുന്നു. മാലിന്യ കണങ്ങളിൽ നിന്ന് രൂപപ്പെടുന്ന ഇത്തരം മലിന മേഘങ്ങൾ (polluted clouds) സാധാരണയിൽ കവിഞ്ഞ വലിപ്പത്തിലും, തോതിലും ജലകണങ്ങള്‍ പേറുന്നവ ആ യിരിക്കും. ഇത്തരം മേഘങ്ങൾ “തവിട്ട് മേഘങ്ങൾ (Brown Clouds) എന്നും അറിയപ്പെടുന്നു. പ്രകാശത്തെ ഭൗമാന്തരീക്ഷത്തിലേക്ക് കടത്തിവിടുന്നില്ല എന്ന് മാത്രമല്ല, ഇവ കൂടിയ അളവിൽ സൂര്യപ്രകാശം ബാഹ്യാകാശത്തേക്ക് തിരിച്ച് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് അന്തരീക്ഷം മങ്ങുന്നതിന് കാരണമാവുന്നു.

മങ്ങൽ : ഉറപ്പാണ് വരള്‍ച്ചയും ഭക്ഷ്യക്ഷാമവും

സൂര്യപ്രകാശതീക്ഷ്ണത കുറയുന്നതിന്‍റെ പരിണതഫലങ്ങള്‍ വിവിധ തരത്തിലാണ്. ഭൗമോപരിതലത്തില്‍നിന്ന് സൂര്യരശ്മികള്‍ വന്‍തോതില്‍ തിരിച്ച് പ്രതിഫലിക്കപ്പെടുന്നതിന്‍റെ ഫലമായി ഭൂഖണ്ഡങ്ങള്‍ കൂടുതലുള്ള ഉത്തരാര്‍ധ ഗോളത്തിലെ ജലാശയങ്ങളില്‍ തണുപ്പേറുന്നു. ആവശ്യത്തിന് താപോര്‍ജം ലഭിക്കാത്തതിന്‍റെ ഫലമായി ബാഷ്പീകരണം മന്ദഗതിയിലാവുകയും സൂക്ഷ്മജലകണരൂപീകരണത്തില്‍ കുറവുണ്ടാവുകയും ചെയ്യുന്നു. തല്‍ഫലമായി അത്തരം പ്രദേശങ്ങളില്‍ മഴ വന്‍തോതില്‍ കുറയുന്നു. ഇത് വരള്‍ച്ച, ഭക്ഷ്യക്ഷാമം എന്നിവക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. വ്യാപകമായ പട്ടിണിമരണങ്ങള്‍, ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങള്‍ ജലാശയങ്ങളിലെ ആവാസവ്യൂഹഭംഗം എന്നിവയാണ് ഇതിന്‍റെ ദുരന്തഫലങ്ങള്‍. 1970കളില്‍ ആഫ്രിക്കയിലെ സഹേല്‍ ((Sahel) പ്രവിശ്യയിലുണ്ടായ വ്യാപക വരള്‍ച്ചയുടെയും ഭക്ഷ്യക്ഷാമത്തിന്‍റെയും പ്രധാന കാരണം സൂര്യപ്രകാശ തീക്ഷണതയിലുണ്ടായ കുറവായിരുന്നു. മങ്ങല്‍സാഹചര്യങ്ങള്‍ പ്രബലമാവുമ്പോള്‍ ഭൂമിയുടെ ഉപരിതലപ്രദേശങ്ങളില്‍ ലഭിക്കേണ്ട സൗരോര്‍ജം വന്‍തോതില്‍ തിരിച്ച് പ്രതിഫലിക്കപ്പെടുന്നതിനാല്‍ കരപ്രദേശങ്ങളിലെ താപനില വ്യാപകമായി കുറയുന്ന സാഹചര്യം സംജാതമാകുന്നു. സൗരോര്‍ജം ഭൂമിയിലെത്താതെ തടയുന്ന ഒരു കവചം ഉള്ളതുപോലെയാണ് പ്രകാശം മങ്ങുന്ന സാഹചര്യങ്ങളില്‍ സംഭവിക്കുന്നത്. ഇതിന്‍റെ ഫലമായി പകലുകള്‍ ചൂട് കുറഞ്ഞവയുമാകുന്നു.

സസ്യങ്ങളില്‍ പ്രകാശസംശ്ലേഷണം നടക്കുന്നതിന് സൂര്യപ്രകാശം അത്യന്താ പേക്ഷിതമാണ്.ജലം,കാര്‍ബണ്‍ ഡയോക്‌സൈഡ്, ധാതുലവണങ്ങള്‍ എന്നിവ പ്രകാശസംശ്ലേഷണ പ്രക്രിയയിലൂടെ ഓക്‌സിജനും, ഊര്‍ജ സമ്പന്നമായ ജൈവസംയുക്തങ്ങളുമായി മാറുന്നു. ഭൂമിയിലെ ജൈവമണ്ഡലത്തിന്‍റെ നിലനില്പിന്നാവശ്യമായ ഓക്‌സിജന്‍ അന്തരീക്ഷത്തിലും ജലത്തിലും എത്തിപ്പെടുന്നത് പ്രധാനമായും പ്രകാശസംശ്ലേഷണപ്രക്രിയ വഴിയാണ്. എന്നാല്‍, സൗരരോര്‍ജ ലഭ്യതയില്‍ ഉണ്ടാകുന്ന കുറവ് പ്രകാശ സംശ്ലേഷണനിരക്ക് കുറയാനിടയാകുന്നു.

മോട്ടോര്‍ വാഹനങ്ങളും സൂര്യപ്രകാശ മങ്ങലും

എയ്‌റോസോളുകളാണ് മങ്ങല്‍ സൃഷ്ടിക്കുന്നതിന് പ്രധാനകാരകങ്ങള്‍. ഇവ അന്തരീക്ഷത്തിലേക്കെത്തിച്ചേരുന്നത് പ്രധാനമായും ഫോസിൽ ഇന്ധനജ്വലനം വഴിയാണ്. ലോകത്തിലെ ഒട്ടുമിക്ക രാഷ്ട്രങ്ങളും ഊര്‍ജോല്‍പാദനത്തിന് ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് മൂലമാണ് പ്രകാശം മങ്ങുന്ന സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ വിട്ട് ഇതര ഊര്‍ജ സ്രോതസുകളിലേക്ക് തിരിയുന്ന പക്ഷം എയ്‌റോസോളുകളുടെ സാന്നിധ്യവും അതുവഴി മങ്ങലും, ഹരിതഗൃഹവാതക വ്യാപനവും, അതുവഴി താപനവര്‍ധനവും ഒരുപോലെ ലഘൂകരിക്കാനാവും.ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ പകരംവയ്ക്കാനാവുന്ന ഒന്നാണ് ആണവോര്‍ജം.

വ്യാപകമായ കാട്ടുതീ ഉണ്ടാകുന്നതിനെ ത്തുടർന്ന് അന്തരീക്ഷത്തിലെത്തിപ്പെടുന്ന ചാരം, കരിപ്പൊടി, പൊടിപടലങ്ങൾ മുതലായവ ഗണ്യമായ തോതിൽ സൂര്യപ്രകാശം ആഗിരണംചെയ്യുകയോ തിരിച്ച് പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നതിനാൽ അത്തരംസാഹചര്യങ്ങളെത്തുടർന്ന് തൽപ്രദേശങ്ങളിൽ പ്രകാശം മങ്ങുന്ന അവസ്ഥ സംജാതമാകുന്നു. ഇത് പ്രസ്തുത പ്രദേശങ്ങളുടെ പ്രാദേശിക അന്തരീക്ഷ സ്ഥിതിയെയും കാലാവസ്ഥയെയും ബാധിക്കുന്നു. പ്രാദേശിക കാലാവസ്ഥയുടെ പൊതു സ്വഭാവത്തെ തിരുത്തുന്ന ഒന്നായതിനാൽ ഇവയുടെ അധിക സാന്നിധ്യം കാർഷികോല്പാദനം, സൗരോർജോല്പാദനം മുതലായ മേഖലകളിലും കാര്യങ്ങളിലും പ്രതിഫലിക്കുന്നു. ആഗോളതാപന കാലഘട്ടത്തിൽ കാട്ടുതീ ഉണ്ടാകാനും വ്യാപകമാകാനുമുള്ള സാധ്യത ഏറുന്നതിനാൽ അതുവഴി അന്തരീക്ഷത്തി ലെത്തിച്ചേരുന്ന സൂക്ഷ്മ ധൂളീസാന്നിധ്യവും അവയുടെ പ്രഭാവവും നിസ്സാരവൽക്കരിച്ച് കാണാനാവില്ല.

തികച്ചും വിരുദ്ധ പ്രകൃതമുള്ളവയാണെങ്കിൽ പോലും മങ്ങൽ, ആഗോള താപനം എന്നിവ ഏകദേശം സമാന തോതിൽ ദോഷഫലങ്ങൾ ഉളവാക്കുന്നവയാണ്. ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷ സാന്ദ്രത വര്‍ധിക്കുമ്പോഴാണ് ആഗോളതാപനതീക്ഷ്ണത ഏറുന്നത്. എന്നാൽ, ഫോസിൽ ഇന്ധനജ്വലന ഉപോല്‍പന്നങ്ങളായ എയ്‌റോ സോളുകളാണ് അന്തരീക്ഷത്തിലെ മങ്ങലിന് കാരണമാവുന്നത്. മേല്‍പറഞ്ഞ രണ്ട് പ്രതിഭാസത്തിനും കാരണമാകുന്ന ഘടകങ്ങളെ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന ഒരു പൊതു സ്രോതസ് എന്ന നിലയിൽ ഫോസിൽ ഇന്ധനജ്വലനം പരമാവധി ഒഴിവാക്കേണ്ടതാണെന്നുള്ള സൂചനയാണ് ഇതിലുള്ളത്. അന്തരീക്ഷ താപനത്തിന്റെ കാര്യത്തിലാണെങ്കിൽ ആഗോളതാപനം ചൂടേറ്റുമ്പോൾ സൗരോര്‍ജ സാന്നിധ്യം കുറയ്ക്കുന്ന മങ്ങൽ വേളകൾ അന്തരീക്ഷ താപം കുറയ്ക്കുകയാണ് ചെയ്യുന്നത്.

മഴയുടെ കാര്യത്തിലും വിഭിന്ന ഫലങ്ങളാണ് ഉള്ളത്. താപനം ഏറുമ്പോൾ ബാഷ്പീകരണം കൂടുകയും അത്‌വഴി കനത്ത മഴ ലഭിക്കുകയും ചെയ്യാം. എന്നാൽ, താപനം കുറയുന്ന മങ്ങൽ ഘട്ടങ്ങളിൾ ബാഷ്പീകരണം കുറയുകയും അത് മഴക്കുറവിലേക്ക് നയിക്കുകയും ചെയ്യുന്നു. കാലാവസ്ഥയുടെ കാര്യത്തിലും വിരുദ്ധ പ്രകൃതമാണ് ഇവയ്ക്കുള്ളത്. താപനം ഏറുന്ന വേളകളിൽ ദീർഘമായ വരൾച്ചാവേളകൾ, കടുത്ത മഴയും വെള്ളപ്പൊക്കവും, ഹിമനിക്ഷേപങ്ങൾ ഉരുകിയൊലിക്കൽ, സമുദ്രനിരപ്പുയരൽ, ശക്തിയേറിയ ചുഴലിവാതങ്ങൾ എന്നിവ അനുബന്ധമായി ഉണ്ടാകുന്നു. എന്നാൽ, മങ്ങൽ സാഹചര്യങ്ങളിലാകട്ടെ, പൊതുവെ ശാന്തമായ കാലാവസ്ഥയാണ് മുഖമുദ്ര. പൊതുവെ കാറ്റ് കുറവ്, അഥവാ ഉണ്ടെങ്കിൽ ത്തന്നെ നന്നേ ദുർബലമായ കാറ്റുകൾ. എന്നാൽ, താപം അധികരിക്കുമ്പോഴും, മഴ കുറയുമ്പോഴും ഉടലെടുക്കുന്ന വരൾച്ചാ വേളകൾ രണ്ട് പ്രഭാവങ്ങളുടെയും പൊതു പ്രത്യാഘാതമാണ്. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ലഭിക്കുന്ന ശരാശരി വാർഷിക മഴയുടെ 80 ശതമാനത്തോളം ലഭിക്കുന്നത് കാലവർഷ മഴയിൽ നിന്നാണ്. വിഭിന്ന രീതിയിലാണെങ്കിൽ പോലും, അന്തരീക്ഷത്തിലെ വർദ്ധിത തോതിലുള്ള എയ്‌റോസോളുകൾ, ഹരിതഗൃഹ വാതകങ്ങൾ, എന്നിവയുടെ സാന്നിധ്യം, കാലവർഷ മഴയിൽ 10 ശതമാനം വരെ കുറവുണ്ടാകാൻ കാരണമായിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ആന്ത്രപോസീൻ (Anthropocene) കാലഘട്ടം മുതൽക്കാണ് മനുഷ്യരുടെ ജീവിത ശൈലികൾ മൂലം സൂക്ഷ്മ ധൂളീപടലങ്ങൾ (Aerosols) കൂടുതലായും അന്തരീക്ഷത്തിലേക്ക് എത്തിപ്പെടാൻ ഇടയായത്. സൂക്ഷ്മധൂളീകണങ്ങൾക്ക് മേഘ രൂപീകരണത്തിന്നാവശ്യമായ ഖനീഭവനകേന്ദ്രങ്ങളായി വർത്തിക്കാനാവുമെന്നതിനാൽ അവയുടെ വർദ്ധിത സാന്നിദ്ധ്യം വഴി മേഘ രൂപീകരണവും വർദ്ധിക്കുന്നു; മേഘരൂപീകരണ പ്രക്രിയയിൽ സൂക്ഷ്മധൂളീകണങ്ങൾക്ക് നേരിട്ടുള്ള സ്വാധീനമാണുള്ളത്. ഖനീഭവനമർമ്മങ്ങളായി വർത്തിക്കുകവഴി മേഘ രൂപീകരണത്തോത് കൂട്ടാനാവുമെന്നതാണ് പ്രത്യക്ഷസ്വാധീനം. അന്തരീക്ഷത്തിൽ സൂക്ഷ്മധൂളീകണങ്ങൾ കൂടുതലായി നിക്ഷേപിക്കപ്പെടുമ്പോൾ മേഘരൂപീകരണതോതും അതിന്റെ ഉച്ചസ്ഥായി പ്രാപിക്കും. അപ്രകാരമുണ്ടാകുന്ന മേഘങ്ങളുടെ അധിക സാന്നിദ്ധ്യമായിരിക്കും പ്രസ്തുത കാലഘട്ടത്തിലെ കാലാവസ്ഥയെ ഏറ്റവുമധികം സ്വാധീനിച്ചിരുന്നത്.കാട്ടുതീ ഉണ്ടാകുന്ന ഘട്ടങ്ങളിൽ ജൈവാവശിഷ്ടജ്വലനം വഴി ഇത്തരംസൂക്ഷ്മധൂളീകണങ്ങൾ വൻതോതിൽ അന്തരീക്ഷത്തിലേക്ക് എത്തിപ്പെടുന്നു. ഈ കണങ്ങൾ സമുദ്രമേഖലയിൽ എത്തിപ്പെടാൻ ഇടയായി എന്നിരിക്കട്ടെ, ജലബാഷ്പവുമായുള്ള ഇവയുടെ ഇടപഴക്കം സമുദ്രങ്ങളുടെ മുകളിൽ പാളീകൂമ്പാര മേഘങ്ങൾ (Strato cumulus) വ്യാപകമായി രൂപംകൊള്ളാൻ കാരണമാകുന്നു ദക്ഷിണേഷ്യയിൽ 5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഉദ്ദേശം 270 മില്യൺ ജനങ്ങൾ നിവസിക്കുന്ന ഒരു പ്രദേശത്ത് ജൈവാവശിഷ്ടജ്വലനം വഴി വൻതോതിൽ അന്തരീക്ഷത്തിലേക്കെത്തപ്പെടുന്ന സൂക്ഷ്മകണങ്ങൾ തത്പ്രദേശത്ത് ഇതര പ്രദേശത്തുള്ളതിനേക്കാൾ കൂടിയതോതിൽ മേഘരൂപീകരണം നടക്കുവാൻ കാരണമാകുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ദക്ഷിണ-പൂർവ്വ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ കൂടിയ തോതിൽ ഉണ്ടാകാറുള്ള മേഘരൂപീകരണ പ്രക്രിയ ദക്ഷിണാഫ്രിക്കയിലെ ജൈവാവശിഷ്ടജ്വലനത്തിന്‍റെ പരിണത ഫലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

സൂര്യപ്രകാശം ലഭിക്കുന്ന സമയ ദൈർഘ്യം, ലഭിക്കുന്ന പ്രകാശത്തിന്‍റെ തീവ്രത എന്നിവ പ്രാദേശിക കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ അതിപ്രധാന ഘടകമാണ്. അന്തരീക്ഷ താപനിലയിലും, അതുവഴി ബാഷ്പീകരണത്തോതിലും ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുകവഴി ജലപരിക്രമണത്തിലും സൂര്യവികിരണങ്ങൾ നിര്‍ണായകമാകുന്നു. അന്തരീക്ഷത്തിലെ ബാഷ്പീകരണതോത് ആണ് മേഘങ്ങളുടെ രൂപീകരണം, മഴ എന്നിവയിലേക്ക് നയിക്കുന്ന പ്രഥമഘടകം. സൂര്യവികിരണങ്ങൾ വേണ്ടത്ര എത്തി ച്ചേരാതിരിക്കുന്ന “മങ്ങൽ” ഘട്ടത്തിൽ അന്തരീക്ഷ താപം കുറയുന്നതിനാൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന ജലത്തിന്‍റെ തോത് വളരെ കുറയുകയും അത് വ്യാപകമായ മഴക്കുറവിന് കാരണമാവുകയും ചെയ്യുന്നു. വളരെ താഴ്ന്ന താപനിലയിൽ നില കൊള്ളുന്ന ഹിമാനികൾ, ഹിമപാളികൾ എന്നിവയെയും സൗരവികിരണ തോത് സ്വാധീനിക്കുന്നു. പ്രകാശതീവ്രതയേറുന്ന ഘട്ടങ്ങളിൽ ചൂട് വർദ്ധിക്കുമ്പോൾ ഹിമാനികൾ ഉരുകി ഹിമശോഷണം ത്വരിതഗതിയിലാവുന്നു. സൂര്യപ്രകാശം തീവ്രമായ അളവില്‍ ലഭിക്കുന്നതു പോലെ തന്നെ അതിന്‍റെ തീക്ഷ്ണത വളരെ കുറഞ്ഞ നിലയില്‍ ലഭിക്കുന്നതും ഒരു പോലെ ദോഷകരമാണ്. രണ്ട് സാഹചര്യങ്ങളും ഒരുപോലെ ഒഴിവാക്കപ്പെടേണ്ടവയാണെന്നതിനാല്‍, പ്രകാശം മങ്ങുന്നതിന് ഇടയാക്കുന്ന പൊടിപടലങ്ങള്‍, എയ്‌റോസോളുകള്‍ എന്നിവയുടെ അന്തരീക്ഷ പുറംതള്ളല്‍ നിയന്ത്രിക്കുന്നതോടൊപ്പം, താപനത്തിന് ആക്കം കൂട്ടുന്ന വാതകങ്ങളുടെ അന്തരീക്ഷ വ്യാപനവും ഒരേ സമയം തന്നെ നിയന്ത്രണ വിധേയമാക്കുകഎന്നതാണ് പോംവഴി.

കവര്‍: വില്‍‌സണ്‍ ശാരദ ആനന്ദ്‌

Comments
Print Friendly, PDF & Email

You may also like