പൂമുഖം നിരീക്ഷണം ജനവിധിയുടെ തിരക്കഥ

സംഭവബഹുലമായ ഒരു തെരഞ്ഞെടുപ്പിന് ജൂൺ നാലിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടു കൂടി തിരശ്ശീല വീണിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുൻപ്, ഒരു പക്ഷെ രാംജന്മ ഭൂമിയിലെ ക്ഷേത്ര സമുച്ചയം പൊതുജനത്തിനു തുറന്നു കൊടുത്തപ്പോൾ മുതൽ തന്നെ ഏകപക്ഷീയമായ് 400 ൽ പരം സീറ്റുകളുടെ വിജയം നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ഗോദി മാധ്യമങ്ങൾ സംഭാവന ചെയ്ത ഒരു തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞു പോയത്.

‘ചാർസോ പാർ’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി മോദി ജനങ്ങളുടെ ഇടയിൽ താൻ ദൈവത്തിൽ നിന്നുള്ള വിശിഷ്ട ജന്മമാണെന്ന പുകമറ സൃഷ്ടിച്ചു, തന്റെ പ്രതിച്ഛായയിൽ ആകാവുന്ന ചായങ്ങൾ പൂശി ഒരു അതികായനായി ജനങ്ങളെ സമീപിക്കുകയായിരുന്നു.

പക്ഷെ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ഞാൻ ഡൽഹിയിലെ സുഹൃത്തുക്കളായ പ്രമുഖ മാധ്യമ പ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോൾ അവർ ഒരു കാര്യം പറഞ്ഞിരുന്നു, ഒരിക്കലും ഏകപക്ഷീയമാകില്ല ഈ തെരഞ്ഞെടുപ്പ് എന്ന്. ഈ തെരഞ്ഞെടുപ്പിൽ ഞാൻ ശ്രദ്ധിച്ച പ്രധാന നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയാണ്.

മോദി എന്ന ഒരൊറ്റ വ്യക്തിയിൽ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ പ്രചാരണത്തിൽ അവർക്കു അടി തെറ്റി. ബഹുസ്വരതയിൽ വിശ്വസിക്കുന്ന ഒരു വലിയ കൂട്ടായ്മയാണ് ഇന്ത്യ എന്ന് മനസ്സിലാക്കുന്നതിൽ മോദിയും ബിജെപിയും പരാജയപ്പെട്ടിരിക്കുന്നു. വൻകിട കച്ചവടക്കാരുടെയും പണക്കാരുടെയും, ഒപ്പം ഹിന്ദുത്വയുടെയും മാത്രം ആണ് ഇന്ത്യ എന്നവർ ധരിച്ചുവശായി. അഹങ്കാരവും ധാർഷ്ട്യവും അവരുടെ നേതാക്കളുടെയും അണികളുടെയും സർവ മുദ്രകളിലും ചേർന്നിരുന്നു. പക്ഷെ അവരുടെ നുണപ്രചാരണങ്ങൾ അവർ ലക്ഷ്യം വെച്ച ഇന്ത്യയിലെ സാധാരണക്കാരും, ഏറ്റവും പിന്നോക്കമായ ദളിതുകളും ന്യൂനപക്ഷവും തല്ലിക്കെടുത്തി. അവർ ഊതി വീർപ്പിച്ചു വച്ച ബലൂണുകളുടെ കാറ്റഴിച്ചു വിട്ടു.

കോൺഗ്രസിന്റെ പ്രസിഡന്റ് ആയി മല്ലികാർജുന ഖാർഗെ ചുമതലയേറ്റപ്പോൾ തുടങ്ങി രാഹുലിന്റെ കരുനീക്കങ്ങൾ. തനിക്കു വിശ്വസിക്കാവുന്ന, അല്ലെങ്കിൽ തന്റെ ആശയങ്ങൾ അംഗീകരിക്കുവാൻ തയ്യാറുള്ള പ്രസിഡന്റ്, അതായിരുന്നു രാഹുലിന്റെ ആവശ്യം. ഖാർഗെ നേതൃത്വത്തിൽ എത്തിയത്തിനു ശേഷം ആണ് രാഹുൽ കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള തന്റെ ഭാരത് ജോഡോ യാത്ര നടത്തിയത്. വലിയ വിജയമായ ആ യാത്രയിൽ സാധാരാണ ജനങ്ങളുമായി സംവദിക്കുവാൻ രാഹുലിന് സാധിച്ചു. തുടർന്നാണ് ഭാരത് ന്യായ ജോഡോ മണിപ്പൂരിൽ നിന്നും ബോംബെ വരെ നടത്തിയത്. ഈ രണ്ടു യാത്രകളും രാഹുലിനും കോൺഗ്രസ്സിനും ഇന്ത്യ മുന്നണിക്കും വലിയ കരുത്തേകി.

ഇന്ത്യ മുന്നണിയുടെ തന്ത്രങ്ങൾ കുറിക്കു കൊള്ളുന്നവ ആയിരുന്നു. അവരുടെ മുന്നണി രൂപീകരണം താമസിച്ചാണ് തുടങ്ങിയത് എങ്കിലും, മുന്നണി ഉണ്ടാക്കുവാൻ മുന്നിട്ടിറങ്ങിയ ആയാറാം ഗയാറാം നിതീഷ് കുമാർ മുന്നണി വിട്ടു പോയതിനു ശേക്ഷമാണ് കൃത്യമായ തന്ത്രങ്ങൾ ആവിഷ്ക്കരിച്ചത്. സാധാരണ ജനങ്ങൾക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും കൈത്താങ്ങ് ആകുന്ന രീതിയിൽ ഉള്ള ഒരു പ്രകടന പത്രിക ഉണ്ടാക്കിയത് ഇന്ത്യ മുന്നണിയുടെ വലിയ വിജയമാണ്. മോദി പോലും കോൺഗ്രസിന്റെ പ്രകടന പത്രികയാണ് ചർച്ച ചെയ്തത്.

ഇത്തവണ ഘടക കക്ഷികളോട് ഒരു വിധ കടുംപിടുത്തങ്ങളും കോൺഗ്രസ് നടത്തിയില്ല. ഉത്തർ പ്രദേശിൽ അഖിലേഷ് യാദവിനും, ബീഹാറിൽ തേജസ്വി യാദവിനും മഹാരാഷ്ട്രയിൽ ഉദ്ധവ്‌ താക്കറെക്കും തമിഴ്നാട്ടിൽ സ്റ്റാലിനും ഡൽഹിയിൽ കെജ്രിവാളിനും പൂർണ്ണമായ സ്വാതന്ത്ര്യം കൊടുക്കുകയും അവർ നൽകിയ സീറ്റുകളിൽ മാത്രം മത്സരിക്കുകയും അങ്ങനെ ഘടക കക്ഷികളെ വിശ്വാസത്തിലെടുക്കുകയും ചെയ്തു. ഇവിടങ്ങളിൽ അതിനാൽ തന്നെ പ്രചാരണത്തിന് നേതൃത്വം കൊടുക്കുവാൻ ഘടക കക്ഷികളെ ഉപയോഗിച്ചു. ഈ തന്ത്രം വലിയ രീതിയിൽ കോൺഗ്രസിനും മുന്നണിക്കും ഗുണം ചെയ്തു, പ്രത്യേകിച്ചും പാർട്ടിഫണ്ട് ഇല്ലാതിരുന്നതിനാൽ.

ബിജെപി യുടെ ചാർസോ പാർ മുദ്രാവാക്യം വളരെ വിദഗ്ധമായി രാഹുലും ടീമും പ്രചാരണത്തിന് ഉപയോഗിച്ചു.400 സീറ്റുകൾ ബിജെപി ലക്ഷ്യമിടുന്നത് ഭരണഘടന മാറ്റുന്നതിന് വേണ്ടി ആണെന്ന പ്രചരണത്തിലൂടെ ദളിതുകളെയും അംബേദ്കറിസ്റ്റുകളെയും കോൺഗ്രസിനോട് അടുപ്പിക്കുവാൻ രാഹുലിനായി. സംവരണം എടുത്ത് കളയുമെന്ന സൂചനകൾ ദളിതരിൽ ആശങ്ക സൃഷ്ടിച്ചു.

ന്യായ പദ്ധതി, പാവപ്പെട്ട സ്ത്രീകൾക്ക് വർഷത്തിൽ ഒരു ലക്ഷം രൂപ, പഠനം കഴിഞ്ഞ യുവാക്കൾക്ക് ഒരു ലക്ഷം രൂപയോട് കൂടിയ ഇന്റെൻഷിപ്പ്, കാർഷിക കടങ്ങൾ എഴുതി തള്ളൽ,കാർഷിക വിളകൾക്ക് മിനിമം വില,ജാതി സെൻസസ്, പാവപ്പെട്ടവരിലേക്ക് സമ്പത്ത് പുനർ വിതരണം ചെയ്യാനുള്ള നയംതുടങ്ങിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ വളരെ കൃത്യതയോടു കൂടി ഓരോ റാലികളിലും വിശദീകരിക്കുവാൻ രാഹുലിനും ടീമിനും കഴിഞ്ഞു. മോദി രാഹുലിനെയും കോൺഗ്രസിനെയും അവരുടെ പ്രകടന പത്രികയെയും ഇന്ത്യ മുന്നണിയെയും പരിഹസിച്ചും മുസ്‌ലിം ജനവിഭാഗങ്ങൾക്ക് എതിരെ വെറുപ്പിന്റെ വാക്കുകൾ ഒഴുക്കിയും നെഗറ്റിവ് പ്രചാരണം നടത്തിയപ്പോൾ ഇന്ത്യ മുന്നണിനേതാക്കൾ വിലക്കയറ്റവും തൊഴിലില്ലായ്മയും കാർഷിക വിഷയങ്ങളും ഏറ്റെടുത്ത് ജനങ്ങളുമായി സംവദിച്ചു.

ഏറ്റവും പ്രതികൂലമായ കാലാവസ്ഥയിൽ, കാര്യമായ തെരഞ്ഞെടുപ്പ് ഫണ്ടില്ലാതെ, ഇ ഡി, സി ബി ഐ, തുടങ്ങിയ സർക്കാർ ഏജൻസികളെയും മോദി അനുകൂല മാധ്യമങ്ങളെയും നേരിടേണ്ടി വന്ന ഒരു തെരഞ്ഞെടുപ്പിൽ വളരെ സമർത്ഥമായി നടത്തിയ പ്രചാരണം ആണ് ഇന്ത്യ മുന്നണിയെ, അധികാര വിജയത്തിലേക്ക് എത്തിച്ചില്ലെങ്കിൽ കൂടി ജനാധിപത്യത്തിന് വലിയ പ്രതീക്ഷ നൽകുന്ന ഒരു വിജയത്തിലേക്ക് എത്തിച്ചത്.

ഇന്ത്യ മുന്നണി എൻ ഡി എ ക്കു പിന്നിലായെങ്കിലും മോദിക്ക് ഇന്ത്യാ രാജ്യത്തിന്റെ പിന്തുണ ലഭിച്ചില്ല എന്നതാണ് ഈ തെരെഞ്ഞടുപ്പ് ഫലത്തിന്റെ highlight. ആപ്കി ബാർ മോഡി സർക്കാർ ഉണ്ടാവില്ല. എൻ ഡി എ സർക്കാർ ആണ് ഉണ്ടാവുക.

ധ്രുവ് റാത്തി, രവി കിഷൻ തുടങ്ങിയ വരുടെ സോഷ്യൽ മീഡിയ റിലീസുകൾ മുഖ്യധാര പ്രച്ഛന്നമാക്കി വെച്ച മോദിയെ തുറന്നു കാട്ടുന്നതിനു സഹായകമായി. ഇവയുടെ പ്രഹര ശേഷി ഈ തിരഞ്ഞെടുപ്പിൽ നിർണായകമായ റോൾ വഹിച്ചു.

കവർ: വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like