റിലേ

റിലേയില്‍ പങ്കെടുക്കുന്നതിനിടയില്‍
മത്സരം പകുതിയ്ക്കവസാനിപ്പിച്ച്
ബാറ്റണ്‍ കൈമാറാതെ
ചുറ്റുമുള്ള ബഹളം തഴഞ്ഞ്
സ്റ്റേഡിയത്തിനു പുറത്തേക്ക് ഓടി
വീട്ടിലെത്തിയ
എട്ടുവയസ്സുകാരിയോട്
വീട്ടുകാര്‍
മത്സരം കഴിഞ്ഞോ
മത്സരം കഴിഞ്ഞോ
എന്നു ചോദിച്ചപ്പോള്‍
പെണ്‍കുട്ടി പറഞ്ഞു
ഞാന്‍ ഇപ്പോഴും ഓടികൊണ്ടിരിക്കുകയാണ്.
പില്‍ക്കാലത്ത്
മുതിര്‍ന്ന പെണ്‍കുട്ടി
ഒരിക്കലും മത്സരം
പകുതിയ്ക്ക് നിര്‍ത്തി
ഓടി വീട്ടിലേക്ക് ചെല്ലാന്‍
ധൈര്യപ്പെട്ടില്ല.
ഓരോതവണയും
മത്സരം മുഴുമിപ്പിച്ച്
ബാറ്റണ്‍ ഇല്ലാതെ
അവള്‍ വീട്ടിലേക്ക്
നടന്നുചെന്നു.

പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്