“അല്ലോഹലൻ” എന്ന നോവലിനെക്കുറിച്ച് അംബികാസുതൻ മാങ്ങാടുമായി മുരളി മീങ്ങോത്ത് നടത്തുന്ന സംഭാഷണം :
അഭിമുഖത്തിന്റെ ലിഖിതരൂപം താഴെ വായിക്കാം :
ചോദ്യം : നമസ്കാരം, മിത്തുകൾ എന്നും പുഷ്പിച്ചു നിൽക്കുന്നത് ചരിത്രത്തിന്റെ വേരുകളിലാണ് എന്ന് “മരക്കാപ്പിലെ തെയ്യങ്ങൾ” എന്ന നോവലിൽ എഴുതിയിട്ടുണ്ടല്ലോ. അല്ലോഹലൻ എന്ന പതിനാലാം നൂറ്റാണ്ടിലെ കഥ- അതിന്റെ ഒരു ആരംഭഘട്ടം എങ്ങനെയായിരുന്നു? മടിയൻ കോലോത്തെ സ്വരൂപാചാരം വായിച്ച് തുടങ്ങിയത് കൊണ്ടാണോ അങ്ങനെ ഒരു ആലോചന ഉണ്ടായത് തുടക്കം ഒന്ന് പറയാമോ?
ഉത്തരം : അല്ലോഹലൻ എന്ന നോവൽ 1980കളുടെ അവസാനവർഷങ്ങളിലാണ് മനസ്സിലേക്ക് കടന്നുവരുന്നത്. മാങ്ങാട് നിന്നും കാഞ്ഞങ്ങാട് നഗർ കോളേജിലേക്ക് ബസ്സിൽ യാത്രചെയ്യുന്ന സമയത്ത് മടിയൻകോലം എന്ന വലിയ പേര് റോഡരികിൽ കാണുമായിരുന്നു. തെയ്യങ്ങൾ നടക്കുന്ന സ്ഥലത്തൊക്കെ പോകുന്ന സ്വഭാവമുള്ളതുകൊണ്ട്, ധാരാളം ഫീച്ചറുകൾ ഒക്കെ എഴുതുന്ന സ്വഭാവം ചെറുപ്പകാലത്ത് ഉണ്ടായിരുന്നതുകൊണ്ട്, സ്വാഭാവികമായിട്ടും മടിയൻ കോലോത്ത് എത്തുകയും അല്ലോഹലനെ കുറിച്ചുള്ള ഐതിഹ്യങ്ങൾ കേൾക്കുകയും ചെയ്തു. അല്ലോഹലൻ ചതിയിൽ കൊല്ലപ്പെട്ടു എന്നും. ഇപ്പോൾ ഉള്ള ക്ഷേത്രത്തിന്റെ മുമ്പിൽ കിഴക്ക് വലിയ കുളമുണ്ട്. വടക്കുവശത്ത് അത്ര വലുതല്ലാത്ത ഒരു കുളവുമുണ്ട്. മടിയൻ കോലോം അല്ലോ ഹലനെ കൊന്ന് വടക്കുവശത്തുള്ള കുളത്തിന്റെ ഉള്ളിലെ കിണറിലേക്ക് താഴ്ത്തി എന്നാണ് നാട്ടുകാർ വിശ്വസിക്കുന്ന ഒരു കഥ. തലമുറ തലമുറയായിട്ട് അവർക്ക് കൈമാറി കിട്ടിയതായിരിക്കും. അത് എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. അതുപോലെ ക്ഷേത്രപാലകൻ ദൈവം മടിയൻകോലോത്ത് എത്തുകയും കാളരാത്രി ദേവിക്ക് വേണ്ടി ചുടുന്ന നെയ്യപ്പത്തിന്റെ മണം കേട്ട് യാത്ര തുടരാതെ അവിടെ നിൽക്കുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്. ഇതൊക്കെയാണ് ആദ്യകാലത്ത് ഞാൻ കേൾക്കുന്നത്. ഇതൊക്കെ എന്റെ മനസ്സിൽ കയറിപ്പറ്റുകയും വേര് പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും 2005 കാലത്താണ് ‘സ്വരൂപ ആചാരം’ ഞാൻ വായിക്കുന്നത്ഡോ.ഡോക്ടർ ശ്രീ ബാലൻ എഡിറ്റ് ചെയ്ത അജനൂർ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം ഐതിഹ്യം, കൃഷി തുടങ്ങിയിട്ടുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു പുസ്തകമാണ് ഇത്. അതിൽ അനുബന്ധമായിട്ട് സ്വരൂപാചാരം കൊടുത്തിട്ടുണ്ട്. അതിലും അലോഹലന്റെ കഥയുണ്ട്.കൂടാതെ മറ്റൊരു അനുബന്ധമായി കൊടുത്തിട്ടുള്ള ദേർമൻ നായർ എഴുതിയ ചരിത്രത്തിലും അല്ലോഹലന്റെ കഥ കൊടുത്തിട്ടുണ്ട്. തോറ്റത്തിലും ദേർമൻ നായർ എഴുതിയ ചരിത്രത്തിലും തെയ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ചില പുസ്തകങ്ങളിലും അല്ലോഹലന്റെ കഥയുണ്ട്.അവിടെയൊക്കെ അല്ലോ ഹലൻ ഒരു ദുഷ്ടനായിട്ടാണ് വരുന്നത്. എവിടെയും അയാൾ ഒരു നല്ല ആളായി അവതരിപ്പിക്കപ്പെട്ടിട്ടില്ല. പക്ഷേ കൂടുതൽ പഠിച്ചപ്പോൾ എന്റെ നോവലിൽ അല്ലോഹലനെ കുറിച്ച് അങ്ങനെ എഴുതണമെന്ന് തോന്നി. ഒരു നല്ല മനുഷ്യനായി, ദളിതർക്കും സ്ത്രീകൾക്കും പ്രകൃതിക്കും വേണ്ടി നിൽക്കുന്ന, നന്മയുള്ള, കരുണയുള്ള നീതിയുള്ള, ബൗദ്ധ മതത്തോടും മറ്റും തുല്യതയോടെ പെരുമാറുന്ന, അവർക്ക് രക്ഷ കൊടുക്കുന്ന ഒരു നാടുവാഴിയായിട്ടാണ് എനിക്ക് എഴുതാൻ തോന്നിയത്. അങ്ങനെയാണ് എഴുതാൻ തുടങ്ങുന്നത്. 2004 2005 കാലഘട്ടത്തിൽ ഒക്കെ ആലോചനകൾ നടക്കുന്നുണ്ടെങ്കിലും 2006 ‘എൻമകജെ’ നോവലിലേക്ക് കടക്കേണ്ടി വന്നു. എൻമകജെ എഴുതിക്കഴിഞ്ഞിട്ട് അല്ലോ ഫലന്റെ രചനയിലേക്ക് കടക്കാം എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ എന്മകജെ നോവൽ എഴുതി കഴിഞ്ഞതോട്കൂടി ഞാൻ മാനസികമായി വല്ലാതെ തളരുകയും ഇനി ജീവിതത്തിൽ ഒരിക്കലും നോവൽ എഴുതില്ല എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നു. കാരണം എന്മകജെ നോവലിൽ വരുന്ന കുഞ്ഞുങ്ങളും അമ്മമാരും ഒക്കെ കഥാപാത്രങ്ങൾ അല്ല. ശരിക്കും എനിക്ക് നേരിട്ട് അറിയാവുന്ന മനുഷ്യരാണ്. വല്ലാതെ ജീവിതം ബുദ്ധിമുട്ടിച്ച കഷ്ടപ്പെട്ട, ഇരകളാക്കപ്പെട്ട മനുഷ്യരാണ്. അവരുടെ സങ്കടങ്ങൾ വല്ലാതെ വേട്ടയാടിയിരുന്നു. അതുകൊണ്ട് 10 വർഷത്തോളം ഞാൻ നോവൽ എഴുതുന്നതിനെപ്പറ്റി ആലോചിക്കുകപോലും ചെയ്തില്ല. 10 വർഷം കഴിഞ്ഞപ്പോഴാണ് നോവൽ എഴുതേണ്ടതുണ്ട് എന്നും എഴുതാതിരിക്കുന്നതെന്തിനാണെന്നും തോന്നുകയും, ‘മാക്കം എന്ന പെൺ തെയ്യം’ എന്ന നോവൽ എഴുതുകയും ചെയ്തത്. അത് 17 ആം നൂറ്റാണ്ടിലെ കഥയാണ്. പക്ഷേ അതിനുള്ളിൽ ഒരു ചരിത്രമുണ്ട്. അത് എഴുതി കഴിഞ്ഞപ്പോൾ എനിക്ക് പതിനാലാം നൂറ്റാണ്ടിലേക്ക് ഇറങ്ങി വരിക കുറച്ചുകൂടി എളുപ്പമായി. അങ്ങനെയാണ് ഉടനെ ‘അല്ലോഹലൻ’ പുറത്തുവരുന്നത്. ഈ നോവൽ എഴുതാനാണ് ഞാൻ ഏറ്റവും കഷ്ടപ്പെട്ടിട്ടുള്ളത്. രണ്ടുമൂന്നു വർഷത്തെ കഠിനമായ അധ്വാനം ആ പുസ്തകത്തിന് പിന്നിലുണ്ട്.

ചോദ്യം : ഈ നോവൽ ചീമ്പോളു, പൊന്നിയമ്മ തെയ്യം, പങ്കപിള്ള, തങ്കച്ചി തുടങ്ങിയ വളരെ ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. പതിനാലാം നൂറ്റാണ്ടിലെ ഒരു കഥ പറയുമ്പോൾ ഇങ്ങനെയുള്ള സ്ത്രീ സാന്നിധ്യം ഉണ്ടാവണം എന്ന് പ്രത്യേകിച്ചുള്ള ഒരു പദ്ധതി ഉണ്ടായിരുന്നോ? അതോ അത് സ്വാഭാവികമായി വന്നു ചേർന്നതാണോ?
ഉത്തരം : നോവൽ എഴുതുന്ന സമയത്ത് അങ്ങനെ വളരെ തന്റേടികളായ സ്ത്രീ കഥാപാത്രങ്ങളെ കൊണ്ടുവരണമെന്ന് ഒന്നും ആലോചിച്ചിട്ടില്ല. എന്നാൽ ഒന്നാമത്തെ അദ്ധ്യായം തുടങ്ങുമ്പോൾ തന്നെ ചെമ്പിളു പ്രത്യക്ഷപ്പെടുകയാണ്. അതെന്റെ ഭാവനയിലുള്ള കഥാപാത്രമാണ്, ചരിത്രത്തിൽ അങ്ങനെ ഒരു കഥാപാത്രമില്ല- ചേമ്പുളു ധീരമായി പോരാടുന്ന ഒരു ദൃശ്യത്തോട് കൂടിയാണല്ലോ നോവൽ തുടങ്ങുന്നത്. അല്ലോഹലൻ സ്വന്തം ഉടവാൾ അവൾക്ക് കൊടുക്കുകയും ചെയ്യുന്നു. ദളിതരായ പെൺകുട്ടികളെ അപമാനിക്കുന്ന മേൽ ജാതിക്കാരായ പുരുഷന്മാരെ കൊന്നുകളയാനാണ് അല്ലോഹലൻ അവൾക്ക് ആ വാൾ സമ്മാനിക്കുന്നത്. പൊന്നിയമ്മ തെയ്യവും നോവലാലോചിക്കുന്ന സമയത്ത് കയറിവന്ന ഒരു ചെറിയ കഥാപാത്രമാണെങ്കിലും എഴുതി വന്നപ്പോൾ എന്നെ തന്നെ അതിശയിപ്പിക്കുന്ന ഒരു കഥാപാത്രമായി മാറുകയാണ് ഉണ്ടായത്. അവസാനം വരെ അവൾ വായനക്കരെ പിന്തുടരുകയും ചെയ്യുന്നുണ്ട്. ദേഹത്തിൽ ആകമാനം പാമ്പുകളെ വളർത്തി അവൾ. ഒരിക്കൽ മാനഭംഗപ്പെട്ട ആ പെൺകുട്ടി പിന്നീട് പുരുഷന്മാരിൽ നിന്നും തന്റെ ശരീരത്തെ കാത്തുരക്ഷിക്കാനും തന്നെ മാനഭംഗം ചെയ്ത പുരുഷനോട് പ്രതികാരം ചെയ്യാനും ആയിട്ടാണ് വാളും ശരീരം മുഴുവൻ പാമ്പുകളുമായിട്ട് പുറത്തിറങ്ങി നടക്കുന്നത്. പക്ഷെ അവളുടെ മരണം വളരെ സങ്കടകരമായ ഒരു അനുഭവം ആണ്. അല്ലോഹലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് അതിനു സാധിച്ചില്ല. അതുപോലെതന്നെ പങ്കിപ്പിള്ളയാതിരിയും തങ്കച്ചിയും തന്റേടമുള്ള കഥാപാത്രങ്ങൾ ആയിട്ടാണ് വരുന്നത്. അത് മനഃപൂർവം ചെയ്യുന്നതല്ല. നോവൽ എഴുതുന്ന സമയത്ത് പരിസ്ഥിതി അങ്ങനെ കൊണ്ടുവരേണ്ടതില്ല എന്ന് തീരുമാനിച്ചെങ്കിലും എഴുതി വന്നപ്പോൾ നമ്മുടെ നിയന്ത്രണങ്ങളൊക്കെ തകിടം മറിച്ചുകൊണ്ട് പരിസ്ഥിതി കുറേക്കൂടി വിശദമായിട്ട് ഉടനീളം കടന്നു വരുന്നുണ്ട്. എന്റെ എഴുത്തിന്റെ ആദ്യകാലംമുതലേ സ്ത്രീ – പരിസ്ഥിതി-ദളിത് വിഷയങ്ങൾ ആവർത്തിച്ചാവർത്തിച്ചു കടന്നുവരുന്നത് കണ്ടിട്ടുണ്ട്. അതുപോലെ സ്വാഭാവികമായിട്ട് സ്ത്രീപക്ഷ രചനകൾ ധാരാളമായി എഴുതിയിട്ടുള്ള ആളെന്ന നിലയിൽ ഈ നോവലിലും സ്ത്രീകൾ വളരെ തന്റേടികൾ ആയിട്ട് കടന്നുവരുന്നു എന്നുള്ളതാണ്. അതായത് മനപ്പൂർവ്വം സൃഷ്ടിച്ച കഥാപാത്രങ്ങൾ അല്ല. സ്വാഭാവികമായി തന്റേടികൾ ആയി കടന്നുവന്ന കഥാപാത്രങ്ങളാണ് ഇവരെല്ലാം.
ചോദ്യം : കാസർഗോഡൻ പദങ്ങൾ വളരെ സമൃദ്ധമായി ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. സാധാരണമല്ലാത്ത പ്രയോഗങ്ങൾ, അധികം കാണപ്പെടാത്ത അല്ലെങ്കിൽ നമ്മുടെ പഴയകാലത്തേക്ക് കൊണ്ടുപോകുന്ന അനേകം പദങ്ങൾ നോവലിൽ കാണാം. ചിലത് പറയാണെങ്കിൽ അണയഭാരം, വായ്ക്കിട്, ഏശാകൃതി, ദമ്മയ്യ, ദക്കയ്യ, പർദി, ചൊക്ക്, പൂതപ്പാനി .. അതിനായി അക്കാലത്തെ കാസർഗോഡൻ പദങ്ങളെയും പ്രയോഗങ്ങളെയും കുറിച്ച് ഒരു അന്വേഷണം ഉണ്ടായിരുന്നോ?
ഉത്തരം : എന്റെ മറ്റു കൃതികളിൽ എന്നപോലെ കാസർകോട്ടിലെ നാട്ടുഭാഷാ പദങ്ങൾ ധാരാളമായിട്ട് അലോഹലൻ എന്ന നോവലിൽ കടന്നുവരുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിലെ കഥ പറയുമ്പോൾ നമുക്ക് പഴയ പദങ്ങൾ തേടി പോകേണ്ടിവരും. അങ്ങനെ എവിടെയും ഞാൻ തേടി പോയിട്ടില്ല. എന്റെ മനസ്സിൽ തന്നെ എഴുതുമ്പോൾ വരുന്ന പദങ്ങളാണ്. ‘അണയഭാരം, തുപ്പുന്ന’ പോലുള്ള പദങ്ങളൊക്കെ എത്രയോ കാലമായിട്ട് മനസ്സിലുള്ളതാണ്. ‘പൊഞ്ഞാറ്’ എന്ന് പറയുന്നത് നാട്ടുഭാഷാനിഘണ്ടു ഞാൻ എഡിറ്റ് ചെയ്തിട്ടുണ്ട്, 2004 ൽ. അത് മലയാളത്തിലെന്നല്ല ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യത്തെ നാട്ടുഭാഷാ നിഘണ്ടുവാണ്. അതിൽ രണ്ടായിരത്തിലധികം കാസർകോട്ടെ നാട്ടുഭാഷ വാക്കുകൾ ശേഖരിച്ചിട്ടുണ്ട്. കാസർകോട്ട് നാട്ടുഭാഷ എന്ന് പറയുന്നത് ഒരു രത്നഖനിയാണെന്ന് തോന്നിയിട്ടുണ്ട്. നക്ഷത്രങ്ങൾ പോലെ തിളങ്ങുന്ന നാട്ടുഭാഷാ പദങ്ങൾ എത്രയോ ഉണ്ട്. പക്ഷെ ഉപയോഗിക്കാതെ അത് മുഴുവൻ നിറംകെട്ടുപോകുന്ന ഒരു സാഹചര്യവും ഉണ്ട്. നമ്മൾ അത്തരം നാട്ടുഭാഷാപദങ്ങൾ മുഴുവൻ തിരിച്ചുപിടിക്കേണ്ടതുണ്ട്. നാട്ടുഭാഷാ പദങ്ങളുടെ സൗന്ദര്യം കൃതികൾക്കും വലിയ ശോഭ കൊടുക്കും. സ്വാഭാവികമായ സംഭാഷണങ്ങൾ ഉണ്ടാക്കാനും ഒക്കെ നാട്ടുഭാഷാ ആവശ്യമാണ്. ആദ്യകാലം മുതലേ ഞാൻ നോവലുകളിലും എല്ലാ കഥകളിലും നാട്ടുഭാഷ ഉപയോഗിക്കുന്നത് ഒരു കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടുകൂടിയിട്ടാണ്. ഒരു പ്രതിരോധം എന്നുള്ള നിലയിലാണ്. കാരണം നാട്ടുഭാഷ എന്നുള്ളത് മാനക ഭാഷയിൽ നിന്നും വ്യത്യസ്തമായി നമ്മുടെ സ്വത്വത്തിന്റെ ഒരു നാരായവേരാണ്. ഗ്ലോബലൈസേഷന്റെ സാഹചര്യത്തിൽ അല്ലെങ്കിൽ പുത്തൻ ലോകക്രമത്തിൽ അതിരുകളെല്ലാം മായുന്ന ഒരു ലോകജീവിതം സംജാതമാകുന്ന ഘട്ടത്തിൽ നമ്മുടേതായിട്ടുള്ള ഒരു സംസ്കാരമാണ് നാട്ടുഭാഷ. നമ്മുടെ സ്വത്വത്തിന്റെ അടയാളമാണ്. ആ നാട്ടുഭാഷയെ സംരക്ഷിക്കുക എന്നുള്ളത്, അതുവഴി നമ്മുടെ സ്വത്വം കാത്തുരക്ഷിക്കുക എന്നു പറയുന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. കാസർകോട്ടേ നാട്ടുഭാഷ ശ്രേഷ്ഠമാണ് എന്ന് ഫിക്ഷനിലൂടെ ആദ്യം നമുക്ക് പറഞ്ഞുതന്നത് ബാലകൃഷ്ണൻ മാങ്ങാടാണ്. എന്റെ ജ്യേഷ്ഠ സഹോദരനായ അദ്ദേഹത്തിന്റെ നോവലുകളിലും കഥകളിലും ഒക്കെ നാട്ടുഭാഷ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട് ആ കാലത്ത് ഈ കാസർകോട്ട് നാട്ടുഭാഷ ഉപയോഗിക്കുന്നതുകൊണ്ട് പരിഹസിക്കപ്പെട്ട ഒരു എഴുത്തുകാരനും കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പിന്നാലെ വന്ന ഞങ്ങളൊക്കെ നാട്ടുഭാഷ ധാരാളമായി ഉപയോഗിക്കാൻ തുടങ്ങി . പിൽക്കാലത്ത് സിനിമയിൽ കാസർകോടൻഭാഷ വന്നപ്പോൾ അത് മികച്ചതാണ് എന്നും ശ്രേഷ്ഠമാണ് എന്നുമുള്ള നിലയിലും ഒക്കെ ആളുകൾ വലിയ പ്രാധാന്യം കൊടുക്കുകയും അംഗീകരിക്കുകയും ചെയ്തു. പക്ഷെ അതിന്റെയൊക്കെ തുടക്കം കഥയിലും നോവലിലും ആണ് ആദ്യം ഉണ്ടായത് എന്നുള്ളത് പലരും മറന്നുപോകുന്നുണ്ട്.

അംബികാസുതൻ മാങ്ങാട്
ചോദ്യം : കാസർഗോഡൻ വാമൊഴി ഉപയോഗിച്ചത് പോലെതന്നെ കാസർകോടൻ ആചാരങ്ങൾ, പ്രത്യേകിച്ച് മറ്റു ദേശങ്ങളിൽ നിന്നും വിഭിന്നമായി ഇവിടെ ഉണ്ടായിരുന്നവ, പൊലിയന്ത്രൻ പാല, മർത്ത് കളി, ബന്ത്ര് കോലപ്പൻ തുടങ്ങിയവ… ഇവയെ കുറിച്ചുള്ള വിവരശേഖരണം എങ്ങനെയായിരുന്നു?
ഉത്തരം : അല്ലോഹലൻ എന്ന നോവലിൽ കാസർഗോഡിന്റെ, തുളുനാടിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ധാരാളമായി കടന്നുവരുന്നുണ്ട്. കാരണം ഈ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളും എല്ലാം ജാതിയിൽ ബന്ധിതമാണ്എല്ലാം. അതുകൊണ്ട് ജാതിയെക്കുറിച്ച് പറയുന്ന ഒരു നോവലിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉറപ്പായിട്ടും വേണ്ടതാണ്. മറ്റ് നാടുകളിൽ നിന്നും വ്യത്യസ്തമായിട്ട് തുളുനാടിന് പ്രത്യേകമായ ഒരു സംസ്കൃതി ഉണ്ട്. ഇവിടെ സുഗ്രീവൻ അല്ല ബാലിയാണ് ദൈവമായിട്ട് ആരാധിക്കപ്പെടുന്നത് തെയ്യത്തിൽ. ശ്രീരാമന്റെ സുഹൃത്തായ സുഗ്രീവൻ അല്ല ശത്രുവായ ബാലിയാണ് ഇവിടെ ദൈവത്തെ പോലെ ആരാധിക്കപ്പെടുന്നത്. അതുപോലെ പുലിയന്ത്രം എന്ന ചടങ്ങിൽ വാമനൻ അല്ല, മഹാബലിയാണ് ദൈവത്തെ പോലെ ഇവിടെ പൂജിക്കപ്പെടുന്നത്. ഇതിനൊക്കെ ഗവേഷണം വേണ്ടി വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ കുട്ടിക്കാലം മുതൽ തന്നെ ഇതൊക്കെ പഠിക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിലും ലേഖനങ്ങളിലും കഥകളിലും നോവലുകളിലും ഒക്കെ എഴുതിയിട്ടുള്ള ഒരാൾ എന്ന നിലയിലും എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. അതിനു വേണ്ടിയിട്ട് പ്രത്യേകമായി പഠിച്ചിട്ടൊന്നുമില്ല. ഉദാഹരണത്തിന് പുലിയന്ത്രം എന്ന് പറയുന്ന ഒരു ചടങ്ങ് ബലി ആരാധനയാണ്. ഞങ്ങടെ ഒക്കെ വീടുകളിൽ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു ഈ ചടങ്ങ്. ഇപ്പോഴും ഒരുപാട് വീടുകളിൽ അതുപോലെ ശാസ്താവിന്റെ അമ്പലങ്ങളിൽ, നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന വലിയ ആഘോഷമായി ഇപ്പോഴും ഈ ബലിപൂജ നടക്കുന്നുണ്ട്. പാലമരത്തിന്റെ കൊമ്പിൽ വിളക്ക് കത്തിച്ചിട്ട് ദീപാവലി ദിവസം മഹാബലിയെ ക്ഷണിക്കുന്ന ചടങ്ങാണ്. ‘പുലിയന്ത്രാ പുലിയന്ത്ര ഹരി ഓം’ എന്ന് വിളിച്ചിട്ടാണ് ക്ഷണിക്കുന്നത്. പക്ഷേ പുലിയന്ത്രൻ ബലീന്ദ്രനാണെന്നോ ഇത് മഹാബലി പൂജയാണോ എന്നോ ഈ പ്രദേശത്തുള്ള ആർക്കും അറിയില്ല എന്നുള്ളതായിരുന്നു ഏറ്റവും രസകരമായ വസ്തുത. ഗവേഷണം ചെയ്തിട്ട് 2002ലാണ് ഞാൻ ആദ്യത്തെ ലേഖനം മലയാള മനോരമയിൽ എഴുതുന്നത്. 2003ൽ ഞാനിതിനെ കുറിച്ച് ഒരു ദീർഘമായ ലേഖനം മാതൃഭൂമി സപ്ലിമെന്റിൽ എഴുതുന്നുണ്ട്. പിന്നീട് പലയിടങ്ങളിലായി ലേഖനങ്ങൾ എഴുതുകയും 2018ൽ ഇ തിനെക്കുറിച്ചു ഡോക്യുമെന്ററി എടുക്കുകയും ചെയ്യുന്നുണ്ട്. 2002ൽ ഈ ഒരു തിയറി ഞാൻ അവതരിപ്പിക്കുമ്പോൾ വലിയ പരിഹാസങ്ങൾ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ചില മാധ്യമ സുഹൃത്തുക്കളും ചരിത്ര അധ്യാപകരും ഒക്കെ എന്നെ പരിഹസിച്ച കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ നൂറ്റാണ്ട് കഴിയുമ്പോ ഇന്ന് മാധ്യമങ്ങളെല്ലാം മഹാബലി പൂജയാണ് എന്നുള്ള നിലയിലാണ് ദീപാവലി ദിവസം നടക്കുന്ന ഈ ചടങ്ങിനെ വിവരിക്കുന്നത്. അതുപോലെ വിമർശിച്ച ചരിത്ര അധ്യാപകരും ഇത് ശരിയാണ് എന്ന വിശ്വാസത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. പുലിയന്ത്രം എന്ന വാക്ക് ഞാൻ ഉപയോഗിക്കുന്നതിന് മുമ്പ് ആരും ഉപയോഗിച്ചിട്ടില്ല. ആരും കുറിപ്പുകളോ ലേഖനങ്ങളും ഗവേഷണമോ ചെയ്തിട്ടില്ല. അതുകൊണ്ട് അതിനെക്കുറിച്ച് എഴുതുവാൻ എനിക്കാണ് ഏറ്റവും പറ്റുക. അത് എൻമകജെ നോവലിൽ ഞാൻ ചെറുതായി സൂചിപ്പിച്ചിട്ടുണ്ട്. ഈ നോവലിൽ ഒരു ചാപ്റ്റർ ആയിട്ടു തന്നെ പുലിയന്ത്രത്തിനെകൊണ്ടുവരുന്നുണ്ട്. അത് കൊണ്ടുവരാൻ കാരണം,പുലിയന്ത്ര ചടങ്ങിൽ പലപല ജാതിയിൽപ്പെട്ട ആളുകൾക്ക് ഓരോ ഉത്തരവാദിത്തങ്ങൾ ഉണ്ട്. അവരൊക്കെ ചേർന്നാണ് ഇത് നടത്തുന്നത്. അപ്പോൾ ജാതിയുടെ കുടിച്ചേലുകളും വഴിമാറലുകളും ഒക്കെ പറയുന്ന ഒരു നോവലിൽ ഇത്തരം അനുഷ്ഠാനങ്ങൾ പറയേണ്ടതുണ്ട്.
ചോദ്യം : ഇതിൽ സുശംബരൻ വളരെ വ്യക്തമായി പറയുന്നുണ്ട്, അധികാരികളുടെ പാദസേവ ചെയ്യുന്നവർക്ക് സ്ഥാനമാനങ്ങളും അലങ്കാരങ്ങളും മറ്റും എപ്പോഴും ലഭ്യമാകും. മറ്റുള്ളവർ അപമാനിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ആണ്. ഈ ഒരു പ്രസ്താവന സമകാലീന സമയത്തും വളരെ പ്രസക്തമാണ്. അധികാരത്തിന്റെ വടംവലി -അല്ലെങ്കിൽ മറ്റുള്ളവരെ പുറന്തള്ളുക, തനിക്ക് പ്രിയമായത് മാത്രം നടപ്പിൽ വരുത്തുക എന്നത്- 14ആം നൂറ്റാണ്ടിലും ഈ 21ആം നൂറ്റാണ്ടിലും ഒരുപോലെയാണ്, അല്ലേ?
ഉത്തരം : സുശംബരൻ പറയുന്നത് വളരെ കൃത്യമാണ് എന്ന് ചരിത്രം പഠിക്കുന്ന ആർക്കും മനസ്സിലാവും. എല്ലാകാലത്തും അങ്ങനെയാണല്ലോ. കുഞ്ചൻ നമ്പ്യാർ വളരെ പരിഹാസസ്വരത്തിൽ അത് പറഞ്ഞിട്ടുണ്ട്. അതുപോലെ എല്ലാ രാജാക്കന്മാരുടെ ചരിത്രവും പരിശോധിച്ചാൽ ഇത് വ്യക്തമാകും. മൈക്കൽആഞ്ചലോയും റാഫേലും വരുന്ന രണ്ട് കഥകൾ ഞാൻ എഴുതിയിട്ടുണ്ട്. അവയിലും ഞാൻ പറയുന്ന കാര്യം ഇത് തന്നെയാണ്. മൈക്കലാഞ്ചലോ അസാമാന്യപ്രതിഭ ഉള്ള ഒരാളാണ്. അദ്ദേഹം ആരുടെ മുമ്പിലും നട്ടെല്ല് കുനിക്കാനോ പാദസേവ ചെയ്യാനോ തയ്യാറായിരുന്നില്ല. എന്നാൽ റാഫേൽ തിരിച്ചായിരുന്നു. അതുകൊണ്ട് വലിയ അംഗീകാരങ്ങൾ അന്ന് കിട്ടി. പക്ഷേ നമുക്ക് ഇന്ന് അറിയാം കൂടുതൽ പ്രതിഭാസമ്പന്നൻ ആരാണ് എന്നുള്ളത്. ഏത് കാലത്തായാലും അധികാരത്തെ സേവ ചെയ്യുന്നവർക്ക് വലിയ ആനുകൂല്യങ്ങൾ കിട്ടുകയും അധികാരത്തിന്റെ കൂടെ നിൽക്കാത്തവർ പ്രതിപക്ഷത്താവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഉണ്ട്. പതിനാലാം നൂറ്റാണ്ടിൽ ആയാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായാലും അതിന് വലിയ വ്യത്യാസം ഇല്ല എന്ന് തന്നെയാണ് ഞാനും കരുതുന്നത്.
ചോദ്യം : ഇതിൽ തൊണ്ടച്ചൻ തെയ്യം ചോദിക്കുന്ന ചോദ്യം പരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രസ്താവനയാണ്. “ഒരു കുന്നന്നെ നായാടല്ലേ” എന്ന്. ഗാന്ധിജിയും പറയുന്നുണ്ടല്ലോ, നമുക്ക് ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ ഉണ്ട്. പക്ഷേ നമ്മുടെ ആവശ്യത്തിനപ്പുറം നമ്മുടെതൊന്നും പ്രകൃതിയിൽ ഇല്ല എന്ന്. നോവലിൽ ഈ ആശയം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ പരിസ്ഥിതിയേയും ആ സമയത്തുള്ള സസ്യജീവിജാലങ്ങളെയും എല്ലാം വളരെ സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട്. ആ രീതിയിൽ ഒരു പാരിസ്ഥിതിക അന്വേഷണം നടന്നിരുന്നോ?
ഉത്തരം : അല്ലോഹലൻ എഴുതാൻ ആലോചിക്കുന്ന സമയത്ത് ഞാൻ ഈ നോവലിൽ പരിസ്ഥിതി അങ്ങനെ കടന്നു വരേണ്ടതില്ല എന്ന് നിശ്ചയിച്ചിരുന്നു. കാരണം നോവലൊന്ന് വ്യത്യസ്തമാവണം എന്നുള്ള ചിന്ത കൊണ്ടാണ്. പക്ഷേ നേരത്തെ പറഞ്ഞതുപോലെ പല പഴുതുകളിലൂടെയും പരിസ്ഥിതി കൂടുതലായിട്ട് എഴുത്തിൽ കടന്നു വന്നുകൊണ്ടിരുന്നു. പരിസ്ഥിതി എഴുതുമ്പോൾ അങ്ങനെ പ്രത്യേകിച്ച് അന്വേഷണങ്ങൾ എനിക്ക് വേണ്ടതില്ല. കാരണം പരിസ്ഥിതികഥകളും നോവലുകളും മലയാളത്തിൽ ഏറ്റവും കൂടുതൽ എഴുതുന്ന ഒരാൾ എന്ന നിലയിൽ സ്വാഭാവികമായിട്ടും അത് വന്നു ചേരുന്നതാണ്. തൊണ്ടച്ചൻ തെയ്യത്തിന്റെ ഉരിയാട്ടത്തിൽ ശരിക്കും ഉള്ളതാണ് ‘ ഒരു കുന്നിൽ നിന്നു തന്നെ നായാടല്ലേ’ എന്നത്. നായാട്ടുകാർ പല കുന്നുകളിലേക്ക് മാറിമാറി പോകണം. ഗോത്രപാരമ്പര്യത്തിന്റെ കാലത്ത് നായാട്ട് നിഷിദ്ധമായിരുന്നില്ല. അത് ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് നമുക്കറിയാം. അപ്പോൾ ജീവജാലങ്ങൾക്ക് വലിയ നഷ്ടമുണ്ടാവില്ല. വംശനാശം ഉണ്ടാവില്ല. അതുകൊണ്ടാണ് മാറിമാറി ഉള്ള സ്ഥലങ്ങളിൽ പോകണം എന്ന് പറയുന്നത്. ഞാൻ എഴുതിയ’ ജപ്പാൻ വിശേഷങ്ങൾ’ എന്ന യാത്രാവിവരണത്തിൽ ജപ്പാനിലെ ഒസാക്ക നഗരത്തിലെ ഒരു തടാകത്തിൽ കണ്ടുമുട്ടിയ കക്ക വാരുന്ന ഒരു വൃദ്ധൻ പറയുന്ന ഒരു കാര്യമുണ്ട്.’ എല്ലാ ദിവസവും കക്ക വാരാൻ അവിടെ വരില്ല. വലയിട്ട് പിടിക്കില്ല. ചില ദിവസങ്ങളിലേ വരുള്ളൂ. വരുമ്പോൾ തന്നെ മാറിമാറി ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നായിരിക്കും വലയിട്ട് കക്ക കോരിയെടുക്കുക. അത് കക്കയുടെ വംശത്തിന് നാശം വരാതിരിക്കാൻ ആണ്. അതൊരു വലിയ മുൻകരുതലാണ്. തൊണ്ടച്ചൻ തെയ്യത്തിന്റെ ഉരിയാട്ടത്തിൽ തന്നെ മറ്റൊരു വാക്യം ഉള്ളത് ഞാൻ എപ്പോഴും പറയാറുള്ളതാണ്. “അരിഞ്ഞു കുടിക്കല്ലേ, കറന്നു കുടിക്കേ”.. എന്നുവച്ചാൽ കറന്നു കുടിക്കാം. പശുവിന്റെ അകിട്ടിൽ പാലുണ്ട്. എന്നാൽ പാല് ഒരുമിച്ച് കിട്ടാൻ പശുവിന്റെ അകിട് അരിഞ്ഞാലോ? ചോര മാത്രമേ കിട്ടൂ. ഇത് തന്നെയാണ് ഗാന്ധിജി പറഞ്ഞത്. നമ്മുടെ ആവശ്യത്തിനു വേണ്ടതുണ്ട്, പക്ഷെ മനുഷ്യന്റെ അത്യാർത്തിക്ക് വേണ്ടതില്ല എന്ന്. മാർക്സും ഏൻഗൽസും പറഞ്ഞ കാര്യം തന്നെയാണ്, അതിനും മുമ്പ് സിയാറ്റിൽ മൂപ്പൻ പറഞ്ഞ കാര്യം തന്നെയാണ് അതിനും നൂറ്റാണ്ടുകൾക്ക് മുൻപ് വയനാട്ട് കുലവൻ എന്ന എന്ന തൊണ്ടച്ചൻ തെയ്യം നമുക്ക് പറഞ്ഞു തരുന്നത്.

മുരളി മീങ്ങോത്ത് നോവലിസ്റ്റിനൊപ്പം
ചോദ്യം : അല്ലോഹലൻ എന്ന നോവൽ വളരെ ശക്തമായിട്ട് പ്രതിപാദിക്കുന്നത് ജാതിവിഷയത്തെക്കുറിച്ച് തന്നെയാണ്. അതുകൊണ്ട് തന്നെ പൊട്ടൻ തെയ്യത്തിന്റെ ‘നിങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വറെ, നാങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വറെ? എന്ന ചോദ്യം ഈ നോവലിന്റെ ആപ്തവാക്യമായി എടുക്കാം എന്ന് തോന്നുന്നു. പതിനാലാം നൂറ്റാണ്ടിൽ സ്ഥാനഭ്രഷ്ടനാക്കിയ അല്ലോഹലനിലൂടെ പറഞ്ഞുവെച്ച ജാതീയതയും അതിന്റെ പ്രശ്നങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ സമൂഹത്തിലുണ്ട്, ഒന്ന് വിശദമാക്കുമോ?
ഉത്തരം : അല്ലോഹലൻ എന്ന നോവൽ 14 ആം നൂറ്റാണ്ടിൽ അല്ലടം എന്ന പ്രദേശം ഭരിച്ചിരുന്ന നാട്ടുരാജാവിന്റെ കഥയാണ് എന്ന് വായനക്കാർക്ക് പെട്ടെന്ന് തോന്നാം. എന്നാൽ സൂക്ഷ്മവായനയിൽ അത് രാജാവിന്റെ കഥ എന്നതിനപ്പുറം ജാതി എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു നോവലാണ്. നമുക്ക് അറിയാവുന്നതുപോലെ ദേശീയ പ്രസ്ഥാനവും പുരോഗമന മുന്നേറ്റങ്ങളും നവോത്ഥാന നായകന്മാരുടെ പ്രവർത്തനങ്ങളും കൊണ്ട് ജാതീയത നമ്മൾ നിർമാർജനം ചെയ്തിട്ടുണ്ട്. പക്ഷേ അത് സ്ഥൂലതലത്തിലാണ്. സിനിമതിയേറ്ററിൽ ഒന്നിച്ചിരിക്കാം ചായക്കടയിലും സ്കൂളിലും ഒരുമിച്ചിരിക്കാം എന്നുള്ള നിലയിൽ സ്ഥൂലതലത്തിൽ നിർമാർജനം ചെയ്തിട്ടുണ്ടെങ്കിലും സൂക്ഷ്മതലത്തിൽ ജാതി അതിശക്തമായിട്ട് ഇന്നും തുടരുന്നുണ്ട്. ജാതി അതിന്റെ എല്ലാ നൃശംസതയോടുംകൂടി വിഷഫണം വിരിച്ചു നിൽപ്പുണ്ട് എന്ന് ചുറ്റും ഒന്ന് നോക്കിയാൽ നമുക്ക് മനസ്സിലാകും. ഒരു വീട്ടിൽ ഒരു കല്യാണമോ മരണമോ സംഭവിച്ചാൽ ഉടൻ പടമുയർത്തി എഴുന്നേൽക്കുന്നത് ജാതിയുടെ വിഷസർപ്പമാണ്. ജാതിയെ നമുക്ക് ഉന്മൂലനം ചെയ്യാൻ സാധിച്ചിട്ടില്ല. ധാരാളം ദുരഭിമാനക്കൊലകൾ ഇപ്പോഴും നടക്കുന്നുണ്ട്. ഞാൻ ‘കുതിര ‘എന്ന കഥയിലും ജാതിവിഷയം ചർച്ച ചെയ്യുകയും അതിന്റെ ഭാഗമായി വരുന്ന ദുരഭിമാനക്കൊലയെക്കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്. അങ്ങനെ സ്ഥൂലതലത്തിൽ നിർമാർജനം ചെയ്യാൻ കഴിഞ്ഞെങ്കിലും സൂക്ഷ്മതലത്തിൽ തുടരുന്ന ജാതിയെ എങ്ങനെ തുറന്നുകാണിക്കാം, എങ്ങനെ അതിനെതിരായിട്ട് പ്രതിരോധാത്മകമായി എഴുതാം, എല്ലാ മനുഷ്യരും തുല്യരാണ് എന്ന ഒരു സങ്കല്പത്തെ എങ്ങനെ ഉയർത്തിപ്പിടിക്കാം, എങ്ങനെ ഒരു സമര പ്രവർത്തനം ആക്കി എഴുത്തിനെ മാറ്റാം എന്നുള്ള ചിന്തയിലാണ് അല്ലോഹലൻ രചിക്കപ്പെടുന്നത്.
ഓഡിയോ മിക്സിങ് & കവർ ഡിസൈൻ : ജ്യോതിസ് പരവൂർ
