പൂമുഖം നിരീക്ഷണം കിറ്റക്സിന്‍റെ സ്വത്വ പ്രതിസന്ധി സര്‍ക്കാരിന്‍റെയും

കിറ്റക്സിന്‍റെ സ്വത്വ പ്രതിസന്ധി സര്‍ക്കാരിന്‍റെയും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കഴിഞ്ഞ കേന്ദ്ര ബജറ്റിൽ CSR (കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി) വിനിയോഗത്തെയും റിപ്പോർട്ടിങ്ങിനെയും കുറിച്ച് ചില നിയന്ത്രണങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. CSR നിർബന്ധം (manadatory) അല്ലാതാക്കാൻ കോർപ്പറേറ്റ് സമ്മർദ്ദമുണ്ട്. കോവിഡ് അതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു കിറ്റെക്സിന്‍റെ ഇന്നത്തെ അഭൂതപൂർവമായ ജനപ്രീതി അതിന്റെ CSR വിനിയോഗ പദ്ധതികളിൽ നിന്നുണ്ടായതാണ്. നാളെ ഇത് തുടരാൻ കഴിയാത്ത അവസ്ഥ കമ്പനി മാനേജ്‌മെന്റ് മുന്നിൽ കാണുന്നു. ത്രിഫ്റ്റ് ഷോപ്പുകളിലൂടെയും ഭവന സഹായ പദ്ധതികളിലൂടെയും ആണ് പ്രധാനമായും 20 -20 പഞ്ചായത്തു ഭരണം നേടിയെടുത്തതും നിലനിർത്തിയതും. CSR സ്റ്റാറ്റിയൂട്ടറി അല്ലാതായാൽ ആ തുക ലാഭകരമായി നിക്ഷേപിക്കുവാനാണ് മിക്ക കോർപറേറ്റുകളും ആഗ്രഹിക്കുക. സാബു ജേക്കബ് വ്യത്യസ്തനല്ല. പഞ്ചായത്തിലെ ഭരണം വരെ കയ്യിലാക്കിയ ചാരിറ്റി പ്രവർത്തനങ്ങൾ പിൻവലിക്കേണ്ടി വരുമ്പോൾ കേരളത്തിൽ സാബു ജേക്കബിന്‍റെയും 20-20 യുടെയും കാര്യം പരുങ്ങലിൽ ആവുമെന്ന് അദ്ദേഹം കൃത്യമായി കണക്കുകൂട്ടിയിരിക്കുന്നു. അത് കൊണ്ട് ഒരു രക്തസാക്ഷി – Exit അദ്ദേഹം ആസൂത്രണം ചെയ്തിരിക്കുകയാണ്.

സാബു ജേക്കബിന്‍റെ കാലത്തിനു മുൻപും കിറ്റക്സ് ഗ്രൂപ്പ് കിഴക്കമ്പലത്തിന്റെ അഭിമാനമായിരുന്നു ഉൽപ്പന്നങ്ങളുടെ ഗുണ മേന്മ കൊണ്ടും, തൊഴിൽ സംസ്‌കാരം കൊണ്ടും. അന്ന് ത്രിഫ്ട് സ്റ്റോറുകളോ ഭവന പദ്ധതികളോ ഇല്ല. തമിഴ്‌നാട്ടിലെ മലിനീകരണ ഡയിങ് പ്ലാന്റ് കിഴക്കമ്പലത്തേക്കു പറിച്ചു നട്ടിട്ടുണ്ടയിരുന്നില്ല. പഞ്ചായത്തു ഭരണം കമ്പനി മാനേജ്മെന്റിന്‍റെ വീക്ഷണ ചക്രവാളത്തിൽ ഉദിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷെ അന്ന് നാട്ടുകാർക്ക് തൊഴിലും അതുവഴി ജീവിത പുരോഗതിയും ഉണ്ടായിട്ടുണ്ട്.

പി.ടി തോമസ് ചൂണ്ടിക്കാണിക്കുന്ന ഡയിങ് യൂണിറ്റ് മലിനീകരണം പരിഹരിക്കാൻ കമ്പനി ബാധ്യസ്ഥരാണ്. പക്ഷെ അതല്ല സാബു ജേക്കബിന്‍റെ പരസ്യ വിലാപത്തിനും ഭീഷണിക്കും പിന്നിൽ. കമ്പനി നിയമത്തിൽ പ്രതീക്ഷിക്കുന്ന ഭേദഗതി ഉണ്ടായാൽ (നിർമല സീതാരാമൻ കഴിഞ്ഞ ബജറ്റിന് മുൻപുള്ള നയ വിശദീകരണ പ്രസംഗത്തിൽ അങ്ങനെ സൂചന നൽകിയിരുന്നു) ഭാവി പദ്ധതികളിൽ ഇതേ പോലെ ഇവിടെ തുടരുക ബുദ്ധി ശൂന്യതയാണ്. കേരളത്തിൽ ഉണ്ടാക്കിയെടുത്ത ഇമേജ് മൂലം ഇനി പ്രവർത്തന ശൈലിയിൽ നിന്ന് പുറകോട്ടു പോവുന്നത് ഹാനികരമാവും അതെ സമയം സംസ്ഥാനത്തിന് പുറത്തു പുതിയ ഒരു സ്ഥലത്തു ഒരു നല്ല സ്ഥാപനമായി പ്രവർത്തിച്ചു വിജയിക്കാൻ വേണ്ട സ്കിൽ അദ്ദേഹത്തിനുണ്ട്. സർക്കാർ ഇളവുകളും കുറഞ്ഞ കൂലിക്കു അദ്ധ്വാനവും തരപ്പെട്ടുവെന്നും വരാം. അവിടെ താരതമ്യേന മെച്ചപ്പെട്ട സേവന വേതനങ്ങൾ നൽകി അദ്ദേഹം താരമാവും. പക്ഷെ അവിടെ ലാഭ ചന്തകളും വീട് നിർമ്മിച്ച് കൊടുക്കലും ഉണ്ടാവില്ല. അതിന്‍റെ പേരിൽ ആരും വിമർശിക്കുകയുമില്ല. അവിടെയും കിറ്റക്സ് മുതലാളി മാതൃകയായിരിക്കും പക്ഷെ മാവേലിയാവില്ല. താൻ പോവുകയല്ല തന്നെ പുറത്താക്കിയതാണ് എന്ന് അദ്ദേഹം ചാനലുകളിൽ ആവർത്തിച്ചു പരാതിപ്പെടുന്നത് കേൾക്കുമ്പോൾ വല്ലായ്മ തോന്നുന്നുണ്ട്. ഗ്രൂപ്പിന് അന്തസ്സായി തന്നെ കേരളത്തിന് പുറത്തേക്കു വ്യാപിക്കാമായിരുന്നു.

ഇനി കിറ്റക്സ് പ്രശ്നത്തിൽ സർക്കാരിന്‍റെ ഉത്തരവാദിത്തം വലുതാണ്. ഗാർമെന്റ്സ്, അന്ന അലൂമിനിയം, സാറാസ് സ്‌പൈസസ് എന്നിവയടങ്ങുന്ന കിറ്റക്സ് വ്യവസായ സാമ്രാജ്യം കേരളത്തിന്‍റെ അഭിമാനമാണ്. സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കളിൽ മുൻനിര സ്ഥാനം ഉള്ളവർ. പ്രാദേശിക ജനതയുടെ ശുഭകാംക്ഷയോടെ വളർന്നു നിലനിന്നു പോരുന്നവർ. സംസ്ഥാനം ഒരു കാരണവശാലും നഷ്ടപ്പെടുത്തുവാൻ പാടില്ലാത്തത് എന്നർത്ഥം കിഴക്കമ്പലത്ത് വിപുലവും ആധുനികവുമായ അടിസ്ഥാന സൗകര്യങ്ങളാണ് ഗ്രൂപ്പിനുള്ളത്. ദശാബ്ദങ്ങൾക്കു മുൻപ് തന്നെ കമ്പനിയുടെ ഭക്ഷണക്കൂട്ടുകൾ നിർമ്മിക്കുന്ന യൂണിറ്റിന്‍റെ ശുചിത്വ നിലവാരവും, യന്ത്രവൽക്കരണവും മികച്ചതായിരുന്നു.

ലോകത്തു മുഴുവനുമുള്ള മലയാളികളുടെ രുചി മുൻഗണന പിടിച്ചു പറ്റിയ ധാന്യപ്പൊടികളും മസാലപ്പൊടികളും, ഒളിമ്പിക്സ് ക്യാമ്പുകളിൽ നിന്ന് വരെ ഓർഡർ ലഭിക്കുന്ന ഗാര്‍മെന്റ്സും ഉൽപ്പാദിപ്പിക്കുന്ന വ്യവസായങ്ങൾ കൈവിട്ടു കൂടാ. സംസ്ഥാന സർക്കാരും പ്രതിപക്ഷ കക്ഷികളും സക്രിയമായി വിഷയത്തിൽ ഇടപെടണം. മലിനീകരണം ശാസ്ത്രീയമായി പരിഹരിക്കപ്പെടേണ്ടതാണെന്ന് യുവ വ്യവസായിയെ ബോധ്യപ്പെടുത്താൻ പ്രയാസമുണ്ടാവുകയില്ല. പക്ഷെ ഇത് അക്രമണോല്സുകമായ ഉദ്യോഗസ്ഥ ഇടപെടലിലൂടെയല്ല വേണ്ടത്. 20 -20 യുടെ രാഷ്ട്രീയ സാന്നിദ്ധ്യവുമായി ഈ പ്രശ്നത്തെ കൂട്ടികുഴക്കരുത്. അത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ദേശവാസികളുടെ അപ്രീതി മാത്രമേ നേടിക്കൊടുക്കുകയുള്ളൂ. കാരണം ജീവസന്ധാരണമാണ് മുഖ്യം. മാത്രമല്ല നമ്മുടെ ഉദ്യോഗസ്ഥ സംസ്കാരം “അട്ടിമറി” യോട് പൊക്കിൾക്കൊടി ബന്ധം പുലർത്തുന്നതാണ്. നിലവിലുള്ള ഒരു വ്യവസായവും പുറത്തു കടക്കരുത്.

ഇനിയുള്ള നിക്ഷേപങ്ങൾ പുറത്തേക്കു പോകുന്നുവെങ്കിൽ അതിന് കാരണം ഗ്രൂപ്പ് മാനേജ്‌മെന്റിന്റെ കോർപ്പറേറ്റ് താല്പര്യങ്ങളാണ് എന്ന് മനസ്സിലാക്കി സർക്കാരിന് മുന്നോട്ടു പോകാം. വ്യവസായ ഇടനാഴിക്ക് വേണ്ടി, എതിർപ്പുകളെ വകവെക്കാതെ ഉടനീളം സ്ഥലം ഏറ്റെടുത്തു മുന്നോട്ടു പോകുന്ന സർക്കാർ സംസ്ഥാനത്തിന്‍റെ വ്യവസായ അനുകൂല പ്രതിഛായക്കു കോട്ടം വരുത്തുന്ന ഒന്നും ഇനി ചെയ്യരുത്. കിറ്റക്സ് പ്രശ്നത്തെ ഒരു ഹൈ റിസ്ക് പോളിസി ക്രൈസിസ്‌ ആയി കണക്കിലെടുത്തു തന്ത്രപൂർവം കൈകാര്യം ചെയ്യണം. ഇല്ലെങ്കിൽ നിരവധി പേരെ നിരാധാരരാക്കി ഭൂമി ഏറ്റെടുത്തു സ്ഥാപിക്കുന്ന വ്യവസായ പാർക്കുകൾ കഞ്ചിക്കോട് കോച്ച് ഫാക്ടറി ഭൂമി പോലെ പാഴാവും.

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ

Comments

You may also like