പൂമുഖം ചുവരെഴുത്തുകൾ ആത്മഹത്യാ മുനമ്പ്

ആത്മഹത്യാ മുനമ്പ്

രു ബാങ്ക് മാനേജർ കൂടി ആത്മഹത്യ ചെയ്തു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകമെന്ന പോലെ അത്രമേൽ സാധാരണമായതിനാലാവണം, കാര്യമായ ചലനമാേ ചർച്ചയോ ആ വാർത്ത സൃഷ്ടിച്ചില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കരുതുന്നവരോടാണ് – കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുത്താൽ, ഒരേ തൊഴിലെടുക്കുന്നവരിൽ ഇത്രയധികംപേർ ആത്മഹത്യ ചെയ്യുന്നത് ഈ രാജ്യത്തെ ബാങ്കിങ് മേഖലയിലായിരിക്കും. അവരെല്ലാവരും ലക്ഷങ്ങളോട് മത്സരിച്ച് ജോലി നേടിയവരായിരുന്നു, വിവിധ ഘട്ടങ്ങളിലായി കഴിവ് തെളിയിച്ച് സ്ഥാനക്കയറ്റം നേടിയവരായിരുന്നു, ഉറച്ച ജോലിയും ആനുകൂല്യങ്ങളും സാമാന്യം ഭേദപ്പെട്ട ജീവിത സാഹചര്യമുള്ളവരായിരുന്നു. എന്നിട്ടും, ജോലി സമ്മർദ്ദം എന്ന മഹാശത്രുവിനോട് പൊരുതി തോറ്റു പോയവരാണ്. സ്വപ്നയെ എനിക്ക് നേരിട്ടറിയില്ല. പക്ഷെ, ഒരേ കലാലയത്തിൽ നിന്നും പല കാലങ്ങളിലായി പഠിച്ചിറങ്ങി ഒരേ കാലഘട്ടത്തിൽ ബാങ്കിങ്ങ് മേഖലയിൽ പ്രവർത്തിച്ചവരാണ്. സഹപാഠികളും സഹപ്രവർത്തകരും ഓർത്തെടുക്കുന്നത് ഊർജ്വസ്വലയായ ഒരു സ്വപ്നയെയാണ്. ദിവസത്തിന്റെ പകുതിയോളം സമയവും ചിലവിടുന്ന സ്വന്തം ക്യാബിനിൽ, ഒരു ഷാളിന്റെയറ്റത്ത് തൂങ്ങിയാടിയ സ്വപ്നക്ക് പ്രായം നാൽപത് തികഞ്ഞിട്ടില്ല. രണ്ട് വർഷം മുമ്പ് ഭർത്താവ് മരിച്ചു പോയ അവർക്ക് ഇനിയും പറക്കമുറ്റാത്ത രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ്, പ്രമോഷനായി സ്വപ്ന കണ്ണൂരിലെത്തിയത്. അവിടെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു. തിരക്കു പിടിച്ച ജോലിക്കിടയിൽ മക്കളെ ഒറ്റക്ക് നോക്കാനാവില്ല എന്നതിനാലാവണം അവരെ നാട്ടിൽ തന്നെ നിർത്തിയത്. സ്വന്തം നാടായ തൃശ്ശൂരേക്ക് സ്ഥലം മാറ്റത്തിന് അവർ ശ്രമിച്ചിരുന്നു. ജീവിതത്തിന്റെ പാതിവഴിയിൽ പെട്ടെന്ന് ഒറ്റക്കായി പോയ ഒരു അമ്മക്ക് മക്കളോടൊപ്പം നിൽക്കുക എന്നതിനേക്കാൾ അർഹമായ മറ്റെന്ത് കാരണമാണ് ഒരു സ്ഥലമാറ്റത്തിന് വേണ്ടത്. സാങ്കേതികതയുടെ നൂലാമാലകളറുത്ത് അർഹമായ സ്ഥലമാറ്റം അവർക്ക് നൽകിയിരുന്നെങ്കിൽ സ്വപ്ന എന്ന വ്യക്തി മാത്രമല്ല; അവരുടെ കുടുംബവും രക്ഷപ്പെടുമായിരുന്നു. Human Resource Department എന്ന പേരുണ്ടെന്നല്ലാതെ, ജീവനക്കാരെ ഒരു “resource” ആയി കണക്കിലെടുക്കാൻ ബാങ്ക് മാനേജ്മെന്റ് ഇനിയും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. ദിനംപ്രതി വർധിക്കുന്ന ഉത്തരവാദിത്തങ്ങൾക്കൊപ്പം കുറഞ്ഞു വരുന്ന അംഗബലം സൃഷ്ടിക്കുന്ന ജോലിഭാരം ഒരു വശത്ത്. മാനേജ്മെന്റിന്റെ പല തല തിരിഞ്ഞ നയങ്ങളും (സ്വയം ബോധ്യപ്പെട്ടില്ലെങ്കിലും) ഇടപാടുകാർക്ക് മുന്നിൽ ന്യായീകരിക്കേണ്ട ഗതികേട് മറുവശത്ത്. ഇതിനിടയിൽപ്പെട്ട് ചക്രശ്വാസം വലിക്കുന്ന ബാങ്ക് ജീവനക്കാരന് മാനുഷിക പരിഗണന പോലും ലഭിക്കുന്നില്ലെന്നതാണ് ഏറെ സങ്കടകരം. നിലവിലെ സാഹചര്യങ്ങളിൽ, സ്വപ്നക്ക് സംഭവിച്ചതിന് വ്യക്തിപരമായ ഒരു ദുരന്തമെന്നതിൽ കവിഞ്ഞ് വലിയ മാനങ്ങളുണ്ട്. തുടക്കം മുതൽ, കഴിഞ്ഞ പത്തിരുപത് വർഷങ്ങളായി അവർ ജോലി ചെയ്തിരുന്നത് സിൻഡിക്കേറ്റ് ബാങ്കിലായിരുന്നു. അവർക്ക് അവിടെയുണ്ടായിരുന്ന വ്യക്തിബന്ധങ്ങൾ ഒരുപക്ഷേ, സാങ്കേതികതകൾ മറികടന്ന് പോലും, ഏറ്റവും അർഹമായ സ്ഥലംമാറ്റം സാധ്യമാക്കുമായിരുന്നു. എന്നാൽ സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിനോട് ലയിച്ചപ്പോൾ ഇല്ലാതായിപ്പോയത് സിൻഡിക്കേറ്റ് ബാങ്കെന്ന ഒരു പേര് മാത്രമല്ല; അതിന്റെ തനതായ തൊഴിൽ സംസ്കാരം കൂടിയാണ്. സ്വപ്ന എന്ന സിൻഡിക്കേറ്റ് ജീവനക്കാരി അർഹിച്ച പ്രത്യേക പരിഗണന കാനറാ ബാങ്ക് എന്ന പുതിയ തൊഴിലുടമ നൽകേണ്ടതില്ലല്ലോ. ബാങ്ക് ലയന നടപടികൾ സൃഷ്ടിക്കുന്ന ആഘാതം വ്യക്തമാകാൻ, സ്വപ്നയുടെ മരണ വാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി (കോഴിക്കോട് എഡിഷൻ) പത്രത്തിന്റെ പേജ് -13ൽ നൽകിയ ഒരു വാർത്ത നോക്കണം. SBI പേരാമ്പ്ര ശാഖയിലെ തിരക്കിനെ പറ്റിയുള്ളതാണ്. സ്റ്റേറ്റ് ബാങ്ക് ലയനത്തോടെ പേരാമ്പ്ര SBT ശാഖ അടച്ചു പൂട്ടിയതിനാൽ ഇപ്പോഴത്തെ ബ്രാഞ്ചിലുളളത് ഒരു ലക്ഷത്തിലധികം ഉപഭോഗ്താക്കളാണത്രേ. അവർക്ക് ഇടപാടുകൾ നടത്താനുള്ളത് വെറും 6 കൗണ്ടറുകളാണ്. അതായത് ഒരു ദിവസം വെറും 1% ഉപഭോക്താക്കൾ ഇടപാടുകൾക്കായി വന്നാലും ഓരോ കൗണ്ടറിലും 150 ൽ മേലെ ഇടപാടുകൾ നടക്കും. ഒരോ ഇടപാടിനും 3 മിനിറ്റ് വെച്ചാൽ പോലും ജീവനക്കാർക്ക് പണി തീർക്കാൻ അധിക സമയം ഇരിക്കേണ്ടി വരുന്ന അവസ്ഥ. അതായത് 1% ത്തിലധികമായി വരുന്ന ഉപഭോഗ്താക്കളെ മടക്കി അയക്കണ്ടതായും വരുന്നു. ഇനി പറയൂ, ബാങ്ക് ലയനം മൂലം ആർക്കാണ് ഗുണം ലഭിച്ചത് ??? ഇവിടെ തീർന്നില്ല; ഇനി നടക്കാൻ പോകുന്നത് പൊതു മേഖലയുടെ സ്വകാര്യവത്കരണമാണ്. വാർത്ത ഇതേ പത്രത്തിൽ തന്നെ, സ്വപ്നയുടെ മരണ വാർത്തക്ക് മുകളിലായുണ്ട്. ജീവിതത്തിലുടനീളം പൊതുമേഖലയിൽ സേവനോന്മുഖരായവർക്ക് സ്വകാര്യ മേഖലയുടെ മാത്സര്യവും ലാഭക്കൊതിയും എത്രത്തോളമിണങ്ങുമെന്നത് കണ്ടു തന്നെയറിയാം.ലാഭേച്ഛയും കോർപ്പറേറ്റ് പ്രീണനവും മാത്രം ഭരണതത്വങ്ങളാക്കിയവർ, യാതൊരു മാനദണ്ഡവും പാലിക്കാതെ, നടത്തുന്ന പരീക്ഷണങ്ങളിൽ ബലിമൃഗങ്ങൾ ഇനിയുമേറെയുണ്ടാകും.വ്യക്തിപരമായും സംഘടനാപരമായും ചെറുത്ത് നിൽക്കാൻ ബാങ്ക് ജീവനക്കാർക്ക് സാധിക്കട്ടെ. ഒപ്പം തന്നെ, സാമ്പത്തിക വിവരങ്ങൾ പോലെ തികച്ചും തന്ത്രപ്രധാനമായ വിവരങ്ങൾ കൈയ്യാളുന്ന ഒരു ബാങ്ക് ജീവനക്കാരന്റെ മാനസികനിലയുടെ ഭദ്രത ഒരോ ഇടപാടുകാരന്റേയും കൂടി ആവശ്യകതയാണ്

Comments
Print Friendly, PDF & Email
നവീൻ എസ്

You may also like