പൂമുഖം ഓർമ്മ ജീവനധാര

ജീവനധാര

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

സപ്തസ്വര മണ്ഡപത്തിലെ ശിലാമയ വടിവുകളിൽ നിന്ന് ഉതിരുന്ന നിസ്വനം പോലെയും ഗംഗയുടെ മഹാപ്രവാഹ ഗതി പോലെയും ഒരു കവിത – ഷെഹ് നായ്.


” ആ നിഷാദങ്ങൾ ഹിമധാമ സാനുവിൻ

ഗോമുഖമായതും ധൈവതങ്ങൾ

നാദ ധാരാധരങ്ങളായുള്ളിൽ വർഷിച്ചതും

ഏകാന്തത തൻ ധനുർ വീണയിൽ ഷഡ്ജ

താര സ്ഫുലിംഗം ശ്രുതിയിൽ നിറഞ്ഞതും

ഗാന്ധാര നിസ്വനം ഖിന്നമാം രാവിനെ

മേഘമിന്നാട്ടത്തിൽ മുക്കിയതുമറി-

ഞ്ഞേകാംബരനായിജീവനധാര തൻ

ദേശാന്തരം ഞാൻതിരയാനൊരുങ്ങുന്നു..”

( ഷെഹനായ് – പി ടി. നരേന്ദ്ര മേനോൻ )

ആയിരം പൂർണചന്ദ്രന്മാരെ കാണുമ്പോഴാണ് ഒരാൾ ശതാഭിഷിക്തനാകുന്നത്. ജീവിതത്തിലെ സൂര്യാസ്തമയങ്ങളും ചന്ദ്രോദയങ്ങളും കാണാൻ കഴിയുന്നവൻ കവി കൂടിയാവുമ്പോൾ നാം ആദരപൂർവം ആ വാക്കുകൾക്ക് ചെവിയോർക്കും. കവി പി ടി നരേന്ദ്ര മേനോന്റെ ശതാഭിഷകം കഴിഞ്ഞു ഒറ്റപ്പാലത്തിന്റെ സ്വന്തം ബാബുവേട്ടൻ. നമ്മുടെ ആസ്വാദന സംവേദന ശീലങ്ങൾ കുട്ടിക്കാലത്താണ് തളിരിടുന്നത്. അങ്ങനെയെങ്കിൽ എന്റെ ബാല്യകൗമാരങ്ങൾ നിളാനദിയും അനങ്ങൻ മലയും അതിരിടുന്ന ഒറ്റപ്പാലത്താണ് നാമ്പിട്ടത്. പാലാട്ട് റോഡിലെ കയറാട്ട് എന്ന നരേന്ദ്രമേനോന്റെ ഭവനം സഹൃദയരുടെ അതിഥിമന്ദിരം കൂടിയായിരുന്നു. അവിടെ കവിതയും സംഗീതവും എപ്പോഴും മന്ദ്രമായി മിഴി നീർത്തി. അക്കാലത്ത് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു വന്ന നരേന്ദ്രമേനോന്റെ കവിതകൾ പലയാവർത്തി വായിച്ചുനോക്കും. പിടി തരാത്ത എന്തോ ഒന്ന് ആ വരികൾക്കുള്ളിൽ ഒളിച്ചു നിന്നിരുന്നു. അത് സംസ്കൃത പദബഹുലമായ ഭാഷയാണോ അതോ വള്ളുവനാടൻ മണ്ണിൽ നീരോടിയ നാടോടിത്തമാണോ എന്ന് തിരിച്ചറിയാനുള്ള പാകം എത്തിയിരുന്നില്ല. ഒന്നറിയാം ഏതോ ഒരദൃശ്യ ബന്ധം കവിയുമായി മുളപൊട്ടിയിരുന്നു. കയറാട്ടെ വീട്ടിൽ നിന്നും വിളിപ്പാടകലെ പാലാട്ട് റോഡിലെ ഒരിടവഴി അവസാനിക്കുന്നിടത്തായിരുന്നു ഞങ്ങളുടെ വീട്. കണ്ണാടി മാളിക എന്ന് വിളിച്ചിരുന്ന ഞങ്ങളുടെ ആ വലിയ ഭവനത്തിൽ നരേന്ദ്രമേനോന്റെ മൂത്ത സഹോദരി വളരെ നാൾ താമസിച്ചിരുന്നുവത്രേ. പിൽക്കാലത്തു് വെങ്ങേരി ശിവക്ഷേത്രത്തിനടുത്തുള്ള മറ്റൊരു വീട്ടിൽ താമസിക്കുന്ന കാലത്താണ് വേശമണി ഏടത്തി അകാലത്തിൽ ജീവൻ വെടിഞ്ഞത്. അദൃശ്യനും അശരീരിയുമായ മൃത്യു അന്നേ നരേന്ദ്രന്റെ ഉള്ളകത്തിൽ ജനിമൃതിയെ ക്കുറിച്ച ആധിയായി കുടികൊണ്ടിരിക്കാം. ഇത്രയും പറഞ്ഞത് ആ കവിതകളുടെ ബലരേഖയിലേക്ക് വിരൽ ചൂണ്ടാനായിരുന്നു എന്ന് മനസ്സിലാക്കുമല്ലോ.കവിത്രയത്തിന്റെ കളരിയിൽ തന്നെയാണ് നരേന്ദ്രനും നിലത്തെഴുത്ത്‌ നടന്നിട്ടുള്ളത്. പാരമ്പര്യത്തിന്റെ ശക്തി തേടുന്ന അക്കാലം ജിയുടെയും പി യുടെയും ശ്രീയുടെയും ജൈവധാരയാൽ സമ്പന്നമായിരുന്നു. ശങ്കരക്കുറുപ്പിന്റെ ശ്രാന്തമായ കാവ്യാംബരവും കുഞ്ഞിരാമൻ നായരുടെ ധാരാവാഹിയായ വാക്കുകളുടെ നടനവും വൈലോപ്പിള്ളിയുടെ കാവ്യകല നൂപുരമണിഞ്ഞ മഴച്ചാർത്തും നരേന്ദ്രന്റെ കവിതാരചനയിൽ പശ്ചാത്തല സൌന്ദര്യം തീർത്തിരിക്കാം. എന്നാൽ ജീവിതമെന്ന കടംകഥയുടെ വേനൽ പ്പാടത്ത് വിത്തും വിയർപ്പും തൂകിയ വള്ളുവനാടിന്റെ കവി ഇടശ്ശേരിയോടാണ് നരേന്ദ്ര മേനോന്റെ കവിതകൾക്ക് കൂടുതൽ അടുപ്പം. പൊട്ടിച്ചൂട്ട് എന്ന ആ ഒരൊറ്റ പ്രയോഗം മതി ഈ കവിയുടെ ഉൾക്കാമ്പ് തൊട്ടറിയാൻ. വാഗ് വനങ്ങൾക്ക് തീ കൊടുക്കുന്ന രചനാവിദ്യയാണ് അദ്ദേഹം പരീക്ഷിച്ചത്. മണ്ണടരുകളിൽ നിന്നും ഉയിർത്തുവരുന്ന അസ്ഥികളുടെ ജീവതാളം ആ കവിതകളെ തോറ്റിയുണർത്തി. ഒട്ടും ജനകീയനായ കവിയല്ല അദ്ദേഹം. ചാത്തൻ കണ്ടാരമ്മ , ശ്രീ പുള്ളോർ കുടം കൊണ്ട് പോലുള്ള നാടോടി വിരുത്തങ്ങളുടെ രസനീയത മറന്നല്ല പറയുന്നത്. മലയാളകവിതയുടെ പഠിതാക്കൾക്ക് കൗതുകമുള്ളൊരു അന്വേഷണം സാധ്യമാക്കുന്നുണ്ട് നരേന്ദ്രമേനോന്റെ കാവ്യജീവിതം. വിരലിൽ എണ്ണാവുന്ന കൃതികളിൽ ആറ്റിക്കുറുക്കിയ പദങ്ങൾ കൊണ്ടെഴുതിയ കളമെഴുത്താണ് ആ കവിതകൾ. നിളയിൽ വീണലിഞ്ഞ നിലാവ് ആ കവിതകളിൽ സാന്ദ്രമായി നിൽപ്പുണ്ട്. കുന്നിറങ്ങി പാടം താണ്ടിയെത്തുന്ന പൂരക്കാറ്റിന്റെ ഉന്മാദവും നിർത്താതെ പെയ്യുന്ന കാലവർഷത്തിന്റെ പായ്യാരവും ചാറ്റൽ മഴയുടെ പതം പറച്ചിലും ജീവിതമെന്ന രഹസ്യത്തിന്റെ അന്തം മറിച്ചിലും അതിലുണ്ട്. നീതിബോധത്തിന്റെ ജ്വാലയാണ് അതിന്റ ശക്തി. കർമം കൊണ്ട് അഭിഭാഷകനായ കവി തികച്ചും അഭിജാതമായൊരു പാരമ്പര്യത്തിലാണ് ജനിച്ചത്. ഭൗതികമായ ഇല്ലായ്മകൾ അദ്ദേഹത്തെ വേട്ടയാടിയില്ല. സമ്പന്നമായൊരു സൗഹൃദവലയം എന്നും അദ്ദേഹത്തിന് തുണ നിന്നു. കവിത, ആധിഭൗതികമായ ഒരന്വേഷണത്തിന്റെ കെടാത്ത തീനാളമായി എന്നും ഈ കവി ഉള്ളിൽ സൂക്ഷിച്ചു.
അഥവാ എന്തുണ്ടായിട്ടാണ് സിദ്ധാർഥൻ എല്ലാം ഇട്ടെറിഞ്ഞു പോയത്? എന്തില്ലാഞ്ഞിട്ടാണ് ഒരാൾ അർഥം തേടി ഉൾവലിഞ്ഞു പോകുന്നത്?ജീവന്റെ അർഥം സിദ്ധിക്കുമ്പോഴേ അയാൾ ബുദ്ധപഥത്തിൽ എത്തൂ. അതുവരെ അവിരാമമായ തേടൽ മാത്രം.കവികർമത്തിന് അതിലും വലുതായി മറ്റെന്തുണ്ട്?
ആയിരം പൂർണചന്ദ്രോദയം കണ്ട കണ്ണിനും കവിക്കും കൂപ്പുകൈ. നിറഞ്ഞ ആദരവോടെ…- സേതുമാധവൻ മച്ചാട്

Comments
Print Friendly, PDF & Email
സേതുമാധവൻ മച്ചാട്

You may also like