പൂമുഖം പുസ്തകപരിചയം ദൈവം എന്ന ദുരന്തനായകൻ

ദൈവം എന്ന ദുരന്തനായകൻ

പി.പി. പ്രകാശൻ്റെ ദൈവം എന്ന ദുരന്തനായകൻ എന്ന നോവൽ വായിക്കുകയാണ്. കാവുകളിലെ ഉത്സവങ്ങളുടെ ഓർമ്മകളിലൂടെയല്ലാതെ ഈ നോവൽ വായിക്കാനാവില്ല.

തിറയും വെള്ളാട്ടും ദാരികവധവുമൊക്കെയാണ് കോഴിക്കോട് താലൂക്കിലെ കാവുകളിൽ കെട്ടിയാടി വരുന്നത്. ഓരോ കാവിലും ഉത്സവം കൊടിയേറുന്നത് നാനാജാതിമതസ്ഥരായ ദേശക്കാർ ഏതെങ്കിലും വഴിക്കറിയും. കാവിലെ ഊരായ്മക്കാരായോ ഉത്സവക്കമ്പക്കാരായോ കച്ചവടക്കാരായോ കിലുക്കിക്കുത്തുകാരായോ പൊടിയും വെളിച്ചവും ചെണ്ടമേളവും കൊഴുപ്പിക്കുന്ന ഉത്സവപ്പരപ്പിൽ ദേശക്കാരെല്ലാം ഒത്തുകൂടും. ഭക്തിയുടെ കേന്ദ്രസ്ഥാനത്തുനിന്ന് ഉത്സവപ്പറമ്പിൻ്റെ അരികുകളിലേക്കെത്തുമ്പോൾ അതിന് ചങ്ങാത്തത്തിൻ്റെയും പ്രണയത്തിൻ്റെയും കുപ്പിവളകളുടെയും അടിപിടിയുടെയും നിറം കലരും.

കാവുകളിൽ ഓരോ ജാതിവിഭാഗത്തിനും നിൽക്കാനുള്ള അതിരുകളും അകലങ്ങളും അവകാശങ്ങളുമുണ്ട്. കുട്ടിക്കാലത്ത് ദൂരെ നിന്നു കണ്ട തിറയും വെളിച്ചപ്പാടും മറ്റും മുതിർന്നപ്പോൾ സുഹൃത്തുക്കളുടെ കുടുംബക്കാവുകളിൽ അടുത്തു നിന്നു കണ്ടു. പല കാവുകളുടെയും ഐതിഹ്യങ്ങളും അനുഷ്ഠാനങ്ങളും സൂക്ഷ്മമായി മനസ്സിലാക്കാനായി.

ജാതിമതക്കൂട്ടങ്ങളായി വിഭജിതമായ സമൂഹത്തിന് ചേർന്നു നിൽക്കാനുള്ള വികാരബിന്ദുക്കളായിരുന്നു ഒരോ കാവുത്സവങ്ങളും . അരിയായും നെല്ലായും നേർച്ചപ്പണമോ കോഴിമുട്ടയോ വെളിച്ചെണ്ണയോ കോഴിതന്നെയോ ആയും മിക്കവാറും എല്ലാ വീടുകളിൽനിന്നും കാവുകളിലേക്ക് എന്തെങ്കിലും ചെല്ലുമായിരുന്നു.

ഇടയ്ക്ക് രണ്ടു തവണയായി അഞ്ചു വർഷം വടക്കേ മലബാറിൽ ജീവിക്കേണ്ടി വന്നിട്ടുണ്ട്. തിറ കെട്ടിയാടുന്ന കാവുകളെ അപേക്ഷിച്ച് വളരെ വലിയ ഫ്രെയിമാണ് തെയ്യങ്ങളുടേത്. സ്വന്തം നിലയ്ക്കും പല സുഹൃത്തുക്കളുടെയും ക്ഷണമനുസരിച്ചും നിരവധി തവണ തെയ്യം കണ്ടിട്ടുണ്ട്. തെയ്യവും തോറ്റവും കളിയാട്ടവും അടുത്തുകാണാനും സൂക്ഷ്മമായി വിലയിരുത്താനും ശ്രമിച്ചിട്ടുണ്ട്.

പി.പി. പ്രകാശൻ്റെ ദൈവം എന്ന ദുരന്ത നായകൻ നോവലായി തെയ്യങ്ങളുടെ ലോകത്തേക്ക് ഒരു വാതിൽ തുറന്നിടുന്നു. ജാതിഘടന പരിഗണിക്കാതെ തെയ്യം തിരിഞ്ഞുകിട്ടില്ല. ജാതിഘടനയിൽ കീഴ്സ്ഥാനത്തെന്നു വിധിക്കപ്പെട്ടവരാണ് തെയ്യം കെട്ടുന്ന ജാതികൾ. തെയ്യം ദൈവം തന്നെ. കാവിലുറങ്ങുന്ന ഭഗവതിമാർ ഉത്സവ നാളിൽ തെയ്യമായി ദേശക്കാരോട് അവരുടെ ഭാഷയിൽ സംസാരിക്കും. എല്ലാ ജാതി വിഭാഗങ്ങളും തെയ്യത്തെ തൊഴും, അനുഗ്രഹം വാങ്ങും. കോലമഴിച്ചാൽ തെയ്യക്കാരൻ പിന്നെയും അയിത്തക്കാരനാവും. തികഞ്ഞ കലാകാരന്മാരാണ് ഒരോ കോലക്കാരും. ചിത്രമെഴുത്തും ശില്പവേലയും നൃത്തവും അഭിനയവും ഒത്തുചേരുന്ന ഒരാൾ. ഒരേസമയം മനുഷ്യനായും ദൈവമായും കെട്ടിയാടേണ്ട ഈ മനുഷ്യരുടെ സൂക്ഷ്മജീവിത സംഘർഷങ്ങളാണ് പി.പി.പ്രകാശൻ നോവലിൽ വരച്ചിട്ടിരിക്കുന്നത്.

തെയ്യം എന്ന അനുഷ്ഠാനകലയുടെ ദാർശനികഔന്നത്യം ആവിഷ്കരിക്കുമ്പോൾത്തന്നെ അതിൻ്റെ വകഭേദങ്ങളും ചടങ്ങുകളും തെയ്യം രൂപം കൊള്ളുന്ന നാടും ഭൂപ്രകൃതിയുമെല്ലാം നോവലിൽ ആഖ്യാനം ചെയ്യുന്നുണ്ട്. ചിലയിടത്ത് പ്രബന്ധസ്വഭാവത്തിൽ ഒട്ടൊക്കെ നേരിട്ടു പറയുമ്പോൾ ചിലയിടത്ത് തെയ്യം മേലേരിയായി വായനക്കാരനെ/കാരിയെ പൊള്ളിക്കും. 14 വയസ്സുള്ള രാമന് മുച്ചിലോട്ടു ഭഗവതിയുടെ കോലം കെട്ടാനുള്ള നിയോഗം കണിയാൻ വരച്ചുകാട്ടുന്ന അധ്യായം എൻ്റെ കണ്ണു നിറച്ചു. തെയ്യം കേന്ദ്രസ്ഥാനത്തു നിൽക്കുന്ന ഉത്തരമലബാറിൻ്റെ സാമൂഹിക ജീവിതത്തെ പല മട്ടിൽ നോക്കിക്കാണുന്നുണ്ട് ഈ നോവൽ.

നോവൽ വായിക്കുന്നതിനിടയിലാണ് കവി സുധീർരാജിൻ്റെ ഒരു എഫ്.ബി.പോസ്റ്റ് ശ്രദ്ധിച്ചത്. യൂറോപ്യൻ ആധുനികത പരുവപ്പെടുത്തിയ നമ്മുടെ സൌന്ദര്യസങ്കല്പങ്ങൾക്കും സാംസ്കാരികവിചാരങ്ങൾക്കും സമാന്തരമായി പൌരസ്ത്യവാദപരമായ ഒരു സങ്കല്പമാതൃകയുണ്ട്. അത് വിശദീകരിക്കാൻ ലാറ്റിനമേരിക്കയിൽനിന്നുള്ള അനുഭവവും പോരും. സുധീർരാജിൻ്റെ പോസ്റ്റ് പൂർണ്ണമായി ഇവിടെ ഉദ്ധരിക്കുന്നു: “അവിചാരിതമായാണ് ICSE സിലബസ്സിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന രണ്ടുകുട്ടികളെ ഇംഗ്ലീഷിലെ കുറച്ചു ചാപ്റ്ററുകൾ പഠിപ്പിക്കേണ്ടി വന്നത് . അങ്ങിനെ വളരെ വർഷങ്ങൾക്ക് ശേഷം റെഡ് ഇന്ത്യൻ ചീഫ് സിയാറ്റിലിൻ്റെ കത്ത് വീണ്ടും വായിച്ചു . ‘ലെഷൂട്ട്സീഡ്’ ഭാഷയിലുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്ന, നിരവധി പകർത്തലുകൾക്ക് വിധേയമായ ചരിത്രരേഖ . അവരുടെ മാന്ത്രികമായ ഡയലക്റ്റുകൾ ‘നവാജോ ‘, പെനുഷ്യൻ , ഹോകൻ എന്നിങ്ങനെ അവരുടെ ഗോത്രങ്ങൾ പോലെ അപ്രത്യക്ഷങ്ങളായ ഡയലക്റ്റുകൾ . ഇതൊന്നും ഞാൻ കുഞ്ഞുങ്ങൾക്ക് പഠിപ്പിക്കേണ്ടതില്ല . സെനേക ,ചെറൂക്കി, ഒഡാവാ എന്നീ ഗോത്രങ്ങളുടെ ചരിത്രമോ ,”ബ്ളാക്ക് ഹോക്ക് “, “ടെകുംസേ”, “ടാറ്റാൻക” എന്നീ അപാരനായകന്മാരുടെ ,രണവീരന്മാരുടെ ചരിത്രവും എനിക്കവരെ പഠിപ്പിക്കേണ്ടതില്ല .

നിലാവ് പോലെ തുളുമ്പുന്നതെന്നും പരിസ്ഥിതി സ്നേഹത്തിൻ്റെ , കരുണയുടെ അവസാന വാക്കെന്നും സാഹോദര്യത്തിൻ്റെ അനന്തമായ പുൽമേടേന്നും വിശേഷണം നീളുകയാണ് . എൻ്റെ രക്തം പച്ചവെള്ളമല്ല. രസമായ ആവർത്തനം കഴിഞ്ഞു എനിക്കവരോട് സത്യം പറയണമായിരുന്നു . ഇത് ചരിത്രരേഖയല്ല , പ്രകൃതിയുടെ സങ്കീർത്തനമല്ല , സാഹോദര്യത്തിൻ്റെ സമുദ്രമല്ല . ഇത് , അതിവേദനയുടെ ആത്മഹത്യാക്കുറിപ്പാണ്‌. മക്കളെ ബലികൊടുക്കുന്നവൻ്റെ കൊടും നിസ്സഹായതയുടെ അലാസ്കയാണ് . ആകാശവും ഭൂമിയും ജലവും സൂര്യപ്രകാശവും എങ്ങനെ വിൽക്കുമെന്നും വാങ്ങിക്കുമെന്നും ആശങ്കപ്പെടുന്ന ശുദ്ധമനുഷ്യൻ്റെ ആദിമചോദനയുടെ വിലാപമാണ് . വലയിലകപ്പെട്ട മീനുകൾ ഒരു മൂലയിലൊതുങ്ങി പിടയ്ക്കുന്ന പോലെ ചെകിളവിടർത്തുന്ന വാക്കുകളാണ് .

സ്വന്തം മണ്ണിൽ നിന്നും കുടിയിറക്കപ്പെട്ട ആർക്കും വേണ്ടാതായ ആദിമമനുഷ്യരുടെ നിസ്സഹായതയിലേക്ക് അധിനിവേശം ചെയ്ത നവീനമെന്നു കരുതപ്പെടുന്ന റിഫൈൻഡ് എന്ന് സ്വയം കരുതുന്ന അടങ്ങാത്ത ദുരയുടെ, ക്രൂരതയുടെ മുദ്രയാണ് . മക്കളുടെ ചോരകൊണ്ട് സ്വന്തം മരണത്തിൻ്റെ തീറൊപ്പു വെക്കുന്ന പിതാവിൻ്റെ പൊള്ളലാണ്. പിന്നീട് വൈൽഡ് വെസ്റ്റ് സിനിമകളിൽ കോമാളികളായി നിറയുന്ന വംശീയ ചുവയുള്ള തമാശകളിൽ യജമാനനൊപ്പം ചിരിക്കേണ്ടി വരുന്ന അപകർഷതാ ബോധത്തിൻ്റെ ഒസ്യത്താണ് . പിന്നീട് വരുന്ന തലമുറകൾ അവരുടെ കൂട്ടക്കൊല ഒപ്പുവെച്ച അബ്രഹാം ലിങ്കണെ ലോകം വാഴ്ത്തുമ്പോൾ കയ്യടിക്കേണ്ടവരാണ് . അവരുടെ ഒരു തുണ്ടു ഭൂമിയും കുടുസ്സു വീടുകളും ദയനീയ സംരക്ഷണ പ്രിവിലേജുകളും സ്വർഗ്ഗം പോലെ കൊണ്ടാടേണ്ടവരാണ്. മരത്തിനുള്ളിലെ കറപോലെ എൻ്റെ ചോരയും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. എൻ്റെ കുടക്കല്ലിൽ കൊത്തിയിരിക്കുന്ന പേരും ചീഫ് സിയാറ്റിലിൻറേതാണ് . “ഞാനിറങ്ങിപ്പോന്ന മണ്ണേ ,ഞാൻ വന്നുനിന്ന മണ്ണേ ” എന്ന് പാടുമ്പോൾ മിസിസിപ്പിയിൽ കമഴ്ന്നു നീങ്ങുന്ന വള്ളം ഞാൻ തന്നെയാണ്.”

തെയ്യത്തിനും അതിൻറേതായ ഒരു മനസ്സുണ്ട്. ഭാഷയുണ്ട്. ആഖ്യാനവഴിയുണ്ട്. സൌന്ദര്യസങ്കല്പങ്ങളുണ്ട്. മനുഷ്യനും ദൈവവും തമ്മിലുള്ള സംവാദത്തിൽ ഒരു ജനാധിപത്യമാതൃകയാണ് അതുൾക്കൊള്ളുന്നത്. നാടകം പ്രേക്ഷകനിലൂടെയാണ് പൂർണ്ണമാകുന്നത് എന്നു പറയുന്നതുപോലെ വിശ്വാസസമൂഹത്തിൻ്റെ ഉദ്വേഗങ്ങളുടെയും ഭക്തിയുടെയും നിറവിലല്ലാതെ തെയ്യത്തിന് നിലനില്പില്ല. കുന്നും പുഴയും കാടും നാടും കാവുമടങ്ങിയ ഒരു വലിയ ക്യാൻവാസിൻ്റെ ഭാഗമായേ ഏതൊരു തെയ്യത്തേയും വരച്ചിടാൻ സാധിക്കുകയുള്ളൂ. സങ്കല്പങ്ങളുടെ ഈ സമാന്തരങ്ങളെയും ബദലുകളെയും തെയ്യം ഉൾക്കൊള്ളുന്ന ‘ഭാഷ’യിൽ അവതരിപ്പിക്കാൻ എഴുത്തുകാരനായിട്ടുണ്ട്.

രാമൻ എന്ന ഒരു കോലക്കാരൻ മാത്രമല്ല, തെയ്യം എന്ന കല ഉൾക്കൊള്ളുന്ന സൌന്ദര്യസങ്കല്പം തന്നെ ഒരു പകർപ്പുഘട്ടത്തിലാണ്. വിവിധങ്ങളായ സംഘർഷങ്ങൾ അതു നേരിടുന്നുണ്ട്. വടക്കേമലബാറിൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതുകൊണ്ട് ദേശവും പ്രകൃതിയും തുല്യമായി പശ്ചാത്തലമൊരുക്കുന്ന ഈ കലാരൂപം എളുപ്പം വിസ്മൃതമാകില്ല. എന്നാൽ യൂറോസെന്റേഡ് സൌന്ദര്യ-മൂല്യസങ്കല്പങ്ങളും വിശ്വാസാചാരങ്ങളെ സംബന്ധിച്ച ബ്രാഹ്മണിക് യുക്തികളും കാസ്റ്റ് ഹൈറാർക്കിയോടുള്ള പ്രതിരോധങ്ങളും തള്ളാനും കൊള്ളാനും കഴിയാത്ത ചില ദുസ്ഥിതികളിൽ ഈ കലാസംസ്കാരത്തെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. ഏഷ്യാഡിൻ്റെ പ്ലോട്ടായി ഡൽഹിയിലേക്ക് തെയ്യം കെട്ടാൻ സർക്കാർ ക്ഷണം വന്നപ്പോൾ കാവിനു പുറത്ത് തെയ്യം കെട്ടാൻ താനില്ലെന്ന് രാമൻ വിനയാന്വിതനാവുന്നുണ്ടെങ്കിലും ഒരു പക്ഷേ ഇനി തെയ്യത്തിന് ഇത്തരം പ്ലോട്ടുകളിലോ അരങ്ങുകളിലോ ജീവിക്കാനാവും വിധി.

നോവൽ ചർച്ച ചെയ്യുന്ന മറ്റൊരു വിഷയംകൂടി പരിഗണിക്കാം. നോവലിലെ ഒരു സന്ദർഭം നോക്കൂ:

അപ്പോൾ കുന്ന് ഇടിച്ചുനിരത്തേണ്ടി വെരൂലേ? അച്ഛൻ്റെ ജിജ്ഞാസ പെരുകി.

തീർച്ചയായും. അല്ലെങ്കിലും കുന്ന് എല്ലാ കാലത്തും കുന്നായിത്തന്നെ നിൽക്കില്ലല്ലോ.

വ്യവസായസ്ഥാപനങ്ങൾ വരുമ്പോൾ നാടിഎൻ്റെ മുഖച്ഛായ മാറും. ചെറുപ്പക്കാർക്ക് തൊഴിലുകിട്ടും. അതിവേഗം മാറുന്ന സമൂഹത്തിൻ്റെ താൽപര്യങ്ങളോട് ഒരു പൌരനെന്ന നിലയിൽ നമുക്കു മുഖം തിരിഞ്ഞു നിൽക്കാനാകില്ല.

നോവലിലെ ഒരു കള്ളുഷാപ്പുസംഭാഷണമാണിത്. പ്രകൃതിയും വികസനവും മുഖാമുഖം നിൽക്കുന്ന സന്ദർഭങ്ങളിലെല്ലാം നമ്മുടെ സാഹിത്യകൃതികൾ നിശ്ചലപ്രകൃതിയുടെ വക്താക്കളായി ഗൃഹാതുരത്വത്തിൽ അഭിരമിക്കുകയാണ് പതിവ്. ഇവിടെ നക്സൽ മാധവൻ എന്ന കഥാപാത്രത്തിൻ്റെ അഭിപ്രായമായി നോവൽ ഇത്തരം വേവലാതികളെ റദ്ദു ചെയ്തുകളയുന്നു. കുന്ന് എല്ലാ കാലത്തും കുന്നായിത്തന്നെ നിൽക്കില്ലല്ലോ എന്ന ആ അഭിപ്രായത്തിന്മേൽ ഞാൻ കുറച്ചധികം ആലോചിച്ചിരുന്നുപോയി.

കുട്ടിക്കാലത്തു കണ്ട പല കുന്നുകളും ഇന്നില്ല. പ്രിയപ്പെട്ട ഒരു കുന്നുണ്ടായിരുന്നു. അടിവാരത്തോടു ചേർന്ന് പറങ്കിമാവിൻതോട്ടങ്ങളുള്ള ആ കുന്നിൽ കുറച്ചു പാറകളും വളരാതെ നിന്ന ഏതാനും പറങ്കിമാവുകളും പുല്ലും അവിടവിടെ തെച്ചിപ്പൊന്തയുമല്ലാതെ വേറൊന്നും ഉണ്ടായിരുന്നില്ല. കുറേക്കാലം കഴിഞ്ഞപ്പോൾ അതിൻ്റെ ഒരു ഭാഗം തട്ടുതട്ടായിത്തിരിച്ച് ആരോ തെങ്ങുപിടിപ്പിച്ച് വേലികെട്ടി വളപ്പാക്കി. പേടിപ്പിക്കുന്ന കൊക്കകൾ സൃഷ്ടിച്ച് വലിയൊരുഭാഗം പിൽക്കാലത്ത് മാന്തിയെടുത്തു.

പുല്ലുനിറഞ്ഞ മൊട്ടക്കുന്നായിനിന്നിരുന്ന ആ കുന്നിൽ ഒരുകാലത്ത് നിറയെ മരങ്ങളുണ്ടായിരുന്നത്രെ. വിറകിനായി ആളുകൾ വെട്ടിത്തീർത്തതാണ് ആ മരങ്ങളൊക്കെയും. എന്നുവെച്ചാൽ നമ്മുടെ ജീവിതകാലത്തുതന്നെ കുന്നുകൾക്ക് പലതരം അവസ്ഥാന്തരങ്ങളുണ്ടാകുന്നുണ്ട്. കുട്ടിക്കാലത്തു കണ്ടമട്ടിൽ മലകളും വയലുകളുമൊക്കെ തുടരണം എന്നാണ് പൊതുവെ മനുഷ്യരുടെ ഒരു ആഗ്രഹം. ആ ആഗ്രഹത്തിനുനിന്നുകൊടുത്താൽ ലോകം ഒരടി മുന്നോട്ടുനീങ്ങില്ല എന്നത് മറ്റൊരു സത്യം. എസ്.കെ.പൊറ്റക്കാട് ഒരു ദേശത്തിൻ്റെ കഥയിൽ പരാമർശിച്ച മായാപ്പറമ്പാണ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽക്കോളേജിലൂടെ ടൌൺഷിപ്പായി മാറിയ സ്ഥലം.

വായിക്കേണ്ട നോവലാണ് ദൈവം എന്ന ദുരന്തനായകൻ. നോവലിസ്റ്റിൻ്റെ തിരക്കു കാരണമാവും വലിയൊരു ക്യാൻവാസിൽ, അനുഭവിപ്പിക്കുന്ന ആഖ്യാനത്തിലൂടെ സങ്കീർണ്ണമായ ഒരു നോവലാവേണ്ട ഇത് 165 പേജുകളിൽ തീർന്നുപോയത്. നോവലിൻ്റെ മൊത്തം ശില്പം നന്നായിട്ടുണ്ട്. തെയ്യം, തെയ്യക്കോലം കെട്ടുന്ന കലാകാരൻ, അവരുടെ കുടുംബം എന്നിവയെ നോവൽ അടുത്തുകാണിച്ചു തരുന്നു. ദൈവമായി പകർന്നാടേണ്ട മനുഷ്യനും അദ്ദേഹത്തിൻ്റെ കുടുംബവും എത്ര സൂക്ഷ്മമായാണ് അതിനൊരുങ്ങുന്നത് എന്നത് അമ്പരപ്പോടെയേ വായിക്കാനാവൂ. അതേസമയം ഇതേ പ്രമേയത്തിൽ മറ്റൊരു നോവൽകൂടി ആവശ്യമാണെന്ന് തോന്നിപ്പിക്കുന്ന മട്ടിൽ ഇതൊരു നോവൽ പ്രവേശിക മാത്രമായി അവസാനിക്കുകയും ചെയ്യുന്നു. തെയ്യത്തിൻ്റെ വർണ്ണശബളവും ഊഷ്മളവുമായ അനുഭവലോകങ്ങളെ കലാത്മകമായി സമീപിക്കുന്ന സൌന്ദര്യാനുഭൂതികളുടെ ബദലുകളെ സൂക്ഷ്മമായി വിചാരണ ചെയ്യുന്ന ഒരു നോവൽകൂടി ഈ എഴുത്തുകാരനിൽനിന്ന് പ്രതീക്ഷിക്കുന്നു.

വി.അബ്ദുൾ ലത്തീഫ്

Comments
Print Friendly, PDF & Email

You may also like