എന്താണ് ദേശീയത? മതേതരപ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് എങ്ങനെയാണ് ‘സംഘപരിവാറി’ന്റെ ദേശീയതയില്‍ നിന്ന് മാറി നില്‍ക്കുന്നത്?
ബഹുസ്വരതയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശീയതയുടെ മാനദണ്ഡമാവേണ്ടത്. പതിനേഴാം നൂറ്റാണ്ടില്‍ യുറോപ്പിലുണ്ടായ ദേശരാഷ്ട്രങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് വിഭിന്നമായി വംശീയത, ഭാഷ, മതം എനിങ്ങനെയുള്ളതിലെ ഏതെങ്കിലും ഒരു ഘടകത്തെ അടിസ്ഥാനമാക്കിയല്ല ഇന്ത്യയില്‍ ദേശീയതയുടെ വളര്‍ച്ച ഉണ്ടായതും, ദേശീയതയുടെ സങ്കല്പങ്ങള്‍ വളര്‍ന്നു വന്നതും. മറിച്ച് ഇന്ത്യക്കാരായുള്ള മുഴുവന്‍ ആളുകളേയും ഒരുമിച്ച് ചേര്‍ത്ത് ജാതിക്കും മതത്തിനും മറ്റെല്ലാ സങ്കുചിതത്വങ്ങള്‍ക്കും അതീതമായി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ബഹുജനപ്രസ്ഥാനമായി മുന്നോട്ട് പോയ ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തോടൊപ്പമാണ് ഇന്ത്യന്‍ ദേശീയത സങ്കല്പങ്ങള്‍ രാജ്യത്ത് വളര്‍ന്ന് വന്നത്. അതുകൊണ്ട് തന്നെ എല്ലാ തരത്തിലുള്ള വൈവിധ്യങ്ങളെയും അംഗീകരിക്കുക എന്നുള്ളതാണ് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനസ്വഭാവമായി നമ്മള്‍ ഇത്രയും കാലം കൊണ്ടു നടന്നത്. അതു തന്നെയാണ് കോണ്‍ഗ്രസ്സിനെ കുറിച്ചും സംഘപരിവാറിനെ കുറിച്ചും അതിന്റെ വ്യത്യസ്തതയെ കുറിച്ചും പറയാനുള്ളത്. ഇന്ത്യന്‍ ദേശീയതയെ കുറിച്ചുള്ള രണ്ട് തരം സങ്കല്പങ്ങളുടെയും കാഴ്ചപ്പാടുകളുടേയും പേരാണ് ഒന്ന്, കോണ്‍ഗ്രസ്; മറ്റൊന്ന്, ആര്‍ എസ് എസ്. ഇന്ത്യ ഒരു മതേതര ജനാധിപത്യ ബഹുസ്വര ലിബറല്‍ രാഷ്ട്രമായിരിക്കണം എന്ന് കോണ്‍ഗ്രസ് കരുതുന്നു. അത് തന്നെയാണ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനം. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി ഇന്ത്യ ഒരു മതാത്മക രാഷ്ട്രമായി മാറണം എന്നതാണ് ആര്‍ എസ് എസ് ആഗ്രഹിക്കുന്നത്. ആ ദേശീയതാ സങ്കല്പത്തോട് നമുക്കൊരിക്കലും യോജിക്കുവാന്‍ സാധിക്കുകയില്ല. ആ ദേശീയതാ സങ്കല്പങ്ങള്‍ ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.
പൊതുബോധവും ദേശീയതയും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ?
ദേശീയത പോലുള്ള സങ്കല്പങ്ങള്‍ പലപ്പോഴും പൊതുബോധങ്ങളുടെ ആകെത്തുകയായി തന്നെയാണ് നമുക്ക് വിലയിരുത്താനാവൂ. നേരത്തെ സൂചിപ്പിച്ചത് പോലെ ഇന്ത്യയില്‍ ദേശീയത വളര്‍ന്നു വന്നത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യക്കാരെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഉയര്‍ന്നു വന്ന പൊതുബോധങ്ങളുടെ ചുവടുപിടിച്ചാണ്. അതുകൊണ്ട് തന്നെ അക്കാലത്തെ ദേശീയതാ സങ്കല്പങ്ങള്‍ ഇന്ത്യയെ ഒരു ബഹുസ്വര ജനാധിപത്യ രാജ്യമായി മാറ്റുന്ന കാര്യത്തില്‍ ഗുണകരമായുള്ള പല പങ്കും വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് നമ്മുടെ പൊതുബോധങ്ങളെ രൂപപ്പെടുത്തുന്നത് അത്തരത്തില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായോ, ഈ രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളെ ഭരണഘടനയുടെ ഭാഗമായി രൂപപ്പെടുത്തുന്ന കാര്യത്തിലോ യാതൊരു പങ്കാളിത്തവും വഹിച്ചിട്ടില്ലാത്ത ആര്‍ എസ് എസ് പോലുള്ള വര്‍ഗീയ ഫാഷിസ്റ്റ് സംഘടനകളാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നകാരണമായി മാറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ ഉത്പാദിപ്പിക്കുന്ന പൊതുബോധങ്ങളും അതിന്റെ ഭാഗമായി അവര്‍ ഡിക്റ്റേറ്റ് ചെയ്യുന്ന ദേശീയതാ സങ്കല്പവും ഇന്ന് ഈ രാജ്യത്തിന് ഒരു വലിയ ഭാരമായി മാറിയിരിക്കുകയാണ്. ഒരു ജനാധിപത്യവിശ്വാസി എന്നുള്ള നിലയില്‍ നമ്മുടെ കടമ അതിനോട് ആത്യന്തികമായി വിയോജിക്കുക എന്നുള്ളതാണ്. ഇന്ത്യയ്ക്ക് അനുയോജ്യമായ ദേശീയതാ സങ്കല്പങ്ങളെ മുന്നോട്ട് കൊണ്ടു പോവുക എന്നുള്ളതാണ് ഒരു ജനാധിപത്യ ഇന്ത്യയെ മനസ്സില്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ചെയ്യേണ്ടതായി എനിക്ക് തോന്നുന്നത്.
ഇതേ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായിരുന്നു അജ്മല്‍ കസബിനെയും അതിനോടടുത്ത് തന്നെ അഫ്സല്‍ ഗുരുവിനെയും തൂക്കിലേറ്റിയതെന്ന് ഒരു വിമര്‍ശനം ആ കാലത്ത് ഉയര്‍ന്നുവന്നിരുന്നു. അതുമായി ബന്ധപ്പെട്ട് അന്നത്തെ ഫിനാന്‍സ് മിനിസ്റ്റര്‍ ചിദംബരം അഫ്സല്‍ ഗുരുവിന്റെ പങ്കിനെ കുറിച്ച് സംശയമുണ്ട് എന്ന് കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയുമിറക്കിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കൃത്യമായും വിഷയങ്ങളെ കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്?
അജ്മല്‍ കസബിന്റേതടക്കമുള്ള ഒരാളുടേയും വധശിക്ഷയെ അനുകൂലിക്കുന്ന ഒരാളല്ല ഞാന്‍. പക്ഷേ, അജ്മല്‍ കസബിന്റെ കാര്യത്തില്‍ പൊതുബോധങ്ങളോടൊപ്പം തന്നെ നമ്മുടെ നീതിപീഠത്തിന്റെ അല്ലെങ്കില്‍ നീതിന്യായസംവിധാനത്തിന്റെ പല തലങ്ങളിലുള്ള വിലയിരുത്തലുകളും വിചാരണകളും നടന്നതിന് ശേഷമാണ് നിയമാനുസൃതമായുള്ള ഒരു ശിക്ഷ ആ കുറ്റവാളിയ്ക്ക് നല്‍കിയത് എന്ന യാഥാര്‍ത്ഥ്യത്തെ നമുക്ക് വിസ്മരിച്ചുകൂടാ. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടി ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ പൊതുബോധങ്ങളെ ഉപയോഗപ്പെടുത്താനോ അല്ലെങ്കില്‍ ആ പൊതുബോധത്തിന്റെ പ്രതിഫലം പറ്റാനോ തയ്യാറായി എന്ന് കരുതാന്‍ സാധിക്കില്ല. ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും, രാഷ്ട്രപതിയുമെല്ലാം ചേര്‍ന്ന ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. അവരെ സ്വാധീനിക്കുന്നതില്‍ ഉയര്‍ന്നുവന്നിട്ടുള്ള പൊതുബോധങ്ങള്‍ക്കോ, മാധ്യമ അഭിപ്രായ രൂപീകരണങ്ങള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള പങ്ക് വഹിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നുള്ളതെല്ലാം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷേ, അന്ന് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് അത്തരത്തിലുള്ള പൊതുബോധങ്ങളുടെ സ്രഷ്ടാക്കള്‍ എന്ന് പറയുന്ന ദുഃസൂചനയെ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കുകയില്ല.
ബ്രാഹ്മണിക്കല്‍ ഹെജിമണി കൃത്യമായും കേരളത്തിനു പുറത്ത് എക്കാലത്തും നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആ ഒരു കാഴ്ചപ്പാടിലേക്ക് കേരളം പിന്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തി നമുക്ക് പറയാനാവും. എങ്ങനെ കാണുന്നു നവോത്ഥാനത്തിന്റെ മടങ്ങിപ്പോക്കിനെ?
ബ്രാഹ്മണിക്കല്‍ ഹെജിമണിയെ തകര്‍ക്കുന്ന തരത്തിലുള്ള സാമൂഹ്യ ഇടപെടലുകളുടെ ആകെത്തുകയെയാണ് നവോത്ഥാനം എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായ പല സാമൂഹ്യ മാറ്റങ്ങള്‍ക്കും സ്വാതന്ത്ര്യാനന്തരം വേണ്ടത്ര തുടര്‍ച്ച ഉണ്ടായില്ല എന്ന ഒരു വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്. അതിന് ഇവിടെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാവരും ഒരുപോലെ ഉത്തരവാദികളാണ് എന്ന് പറയാതിരിക്കാനും കഴിയില്ല. ബ്രാഹ്മണിക്കല്‍ ഹെജിമണി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് തന്നെയാണ് അടുത്ത് നിന്ന് വീക്ഷിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. ഇതില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് പലതരത്തിലും അവകാശപ്പെടുന്ന കമ്മ്യുണീസ്റ്റ് പാര്‍ടികളില്‍ പോലും ഒട്ടും വ്യത്യസ്തമായിരുന്നില്ല യഥാര്‍ത്ഥത്തില്‍ സാഹചര്യം എന്നുള്ളതാണ് അതിനകത്ത് നിന്നുള്ള പലരും അനുഭവങ്ങളിലൂടെ അറിയിക്കുന്നത്. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഇത്തരം കാര്യങ്ങളിലുള്ള ബ്രാഹ്മണാനുകൂല മനോഭാവം എങ്ങനെയാണ് താനടക്കമുള്ള പിന്നോക്ക കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് തടസ്സമായി മാറിയത് എന്നതിനെക്കുറിച്ച് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ ആര്‍ ഗൗരിയമ്മ അടക്കമുള്ള ആളുകള്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു സമൂഹം എന്ന നിലയില്‍ ഇന്ന് കേരളം നവോത്ഥാനമൂല്യങ്ങളെ കയ്യൊഴിഞ്ഞ് ബ്രാഹ്മണിക്കല്‍ മൂല്യങ്ങളുടെ പുറകെ പോവുന്നു എന്നുള്ളത് തന്നെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. യാഗങ്ങളും യജ്ഞങ്ങളൂം അതുപോലെയുള്ള ആചാരങ്ങളും നമ്മുടെ നാട്ടിലേക് യഥേഷ്ടം കടന്നു വരികയാണ്. സംഘപരിവാറിന്റെ ഒരു വലിയ ആസൂത്രിതമായുള്ള ഇടപെടലും ഇതിന് പുറകിലുണ്ട് എന്നുള്ളതും നാം കാണാതിരുന്നുകൂടാ.
തീര്‍ത്തും ദളിത് വിരുദ്ധമായ കാഴ്ചപ്പാടുകളും, ദളിത് വിരുദ്ധമായ ആശയങ്ങളുമാണ് സംഘപരിവാറിന്റേത്. സവര്‍ണ്ണസ്വഭാവത്തോടെ മാത്രം നിലനില്‍ക്കുന്ന സംഘത്തിന് എങ്ങനെയാണ് ദളിത് മണ്ണില്‍ വേരോട്ടം സാധ്യമാവുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
സംഘപരിവാര്‍ ഹിന്ദു സംഘടനായാണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത് എങ്കിലും അടിസ്ഥാനപരമായി അത് ഹിന്ദുത്വ സംഘടനയാണ്. ഹിന്ദുത്വം എന്ന് പറയുന്ന ആശയം നമുക്ക് പരിചയമുള്ള സാധാരണ ഹിന്ദുക്കളുടെ, ഹൈന്ദവ മത വിശ്വാസികളുടെ സ്വാഭാവിക ജീവിത രീതികളുമായോ അവരുടെ വിശ്വാസ സംഹിതകളുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു ഫാഷിസ്റ്റ് പൊളിറ്റിക്കല്‍ ഐഡിയോളജിയാണ് എന്ന് കൃത്യമായി പറയുന്നത് ഹിന്ദുത്വം എന്ന് പറയുന്ന ഈ ആശയത്തിന്റെ സ്രഷ്ടാവായിട്ടുള്ള മഹാത്മാഗാന്ധി വധക്കേസിലെ കൂട്ടുപ്രതികൂടിയായിരുന്നിട്ടുള്ള വി ഡി സവര്‍ക്കറാണ്. അപ്പോള്‍ അടിസ്ഥാനപരമായി നിരീക്ഷിക്കുകയാണെങ്കില്‍ ആര്‍ എസ് എസ്/ സംഘപരിവാര്‍ എന്നുള്ളത് ഒരു ഹിന്ദുസഘടനയല്ല മറിച്ച് ഒരു ഉത്തരേന്ത്യന്‍ ബ്രാഹ്മണ സംഘടന മാത്രമാണ്. കേരളം പോലെ ഈ ബ്രാഹ്മണിക്കല്‍ ഹെജിമണിക്കെതിരെ അതിശക്തമായ സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു പ്രദേശത്ത് ഒരു കാരണവശാലും സ്വീകാര്യത ലഭിക്കാന്‍ അര്‍ഹതയില്ലാത്ത ഒരു സംഘടനായാണ് ആര്‍ എസ് എസ്. എന്നിട്ടും എന്തുകൊണ്ട് ആര്‍ എസ് എസിലേക്ക് പിന്നോക്ക ഹിന്ദുക്കളും ദളിത് ഹിന്ദുക്കളും പൊയ്ക്കൊണ്ടിരിക്കുന്നു എന്നുള്ളത് വളരെ ഗൗരവത്തോട് കൂടി നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. ഇവിടെ ഇത്തരത്തിലുള്ള പിന്നോക്ക ഹിന്ദു ജനവിഭാഗങ്ങളളെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, പ്രത്യേകിച്ചും സി.പി.എം കഴിഞ്ഞ് കുറേ കാലങ്ങളായി ഈ വിഭാഗക്കാരോട് ചെയ്തുപോരുന്ന മാപ്പര്‍ഹിക്കാത്ത തരത്തിലുള്ള വാഗ്ദാനലംഘനങ്ങള്‍ ഒരു വലിയ അളവു വരെ കാരണമായിട്ടുണ്ട് എന്നുള്ളതാണ് ഒരു വലിയ അളവ് വരെ ഗ്രാമപ്രദേശങ്ങളീല്‍ നിന്നുള്ള സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് സൂചിപ്പിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച്, അതിനെക്കുറിച്ച് ആലോചിച്ച് മുന്നോട്ട് പോയേ മതിയാവൂ.
അഫ്സല്‍ ഗുരു ഒരു രാജ്യദ്രോഹിയാണെങ്കില്‍, അഫ്സല്‍ ഗുരുവിനെ അനുസ്മരിക്കുന്നത് രാജ്യദ്രോഹമല്ലെ? അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ എന്തിനാണ് ഇവര്‍ക്ക് പ്രതിഷേധം? സത്യത്തില്‍ ഈ പൊതുബോധത്തെയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്കും കോണ്‍ഗ്രസ്സിനും നേരിടേണ്ടി വരുന്നത്. അതില്‍ രാഷ്ട്രീയമായ ഒരു തിരിച്ചടി ഉണ്ടാവില്ല എന്നുറപ്പുണ്ടോ?
അഫ്സല്‍ ഗുരു ഇന്ത്യയുടെ പരമോന്നത നീതിപീഠം കുറ്റവാളിയാണ് എന്ന് കണ്ടെത്തി അതിന്റെ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ അഫ്സല്‍ ഗുരുവിനെ മഹത്വവത്കരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ, എന്തുകൊണ്ട് അഫ്സല്‍ ഗുരുമാര്‍ ഉണ്ടാവുന്നു? അതിനിടവരുത്തുന്ന കാശ്മീര്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യന്‍ സ്റ്റേറ്റ് കാലങ്ങളായി കൈക്കൊണ്ട് പോരുന്ന നയങ്ങളും സമീപനങ്ങളൂം കാശ്മീരി ജനത എങ്ങനെ നോക്കിക്കാണുന്നു? നിലനിന്ന് പോരുന്ന ഈ നയങ്ങളില്‍ നിന്നും സമീപനങ്ങളില്‍ നിന്നും ഒരു വ്യത്യാസം സാധ്യമാണോ? അല്ലെങ്കില്‍ അതിന്റെ ആവശ്യകതയുണ്ടോ? ഇത്തരം കാര്യങ്ങളൊക്കെ ഒരു സര്‍വ്വകലാശാല ക്യാമ്പസില്‍ ചര്‍ച്ചാവിഷയമാവുന്നതില്‍ തെറ്റുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. ആ നിലയില്‍ അഫ്സല്‍ ഗുരുമാര്‍ ഉണ്ടാവുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള ആലോചനകള്‍ നടത്തേണ്ട ഇടങ്ങള്‍ തന്നെയാണ് സര്‍വ്വകലാശാലകള്‍ എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ജെ എന്‍ യുവില്‍ അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നതില്‍ ഒട്ടും അപാകതയില്ല എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ, നേരത്തെ പറഞ്ഞത് പോലെ നമ്മുടെ പൊതുബോധങ്ങള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ അനുവദിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ശരിയുടെ ഒപ്പം നില്‍ക്കുക എന്നുള്ളതാണ് നമുക്ക് ചെയ്യാന്‍ സാധ്യമായിട്ടുള്ള ഒരേ ഒരു കാര്യം. രാഷ്ട്രീയമായ അതിന്റെ താത്കാലിക ലാഭനഷ്ട കണക്കുകളേക്കാള്‍ നമ്മുടെ പരിഗണനയാവേണ്ടത് സ്വതന്ത്രമായി ചിന്തിക്കാനും, സ്വതന്ത്രമായി കാര്യങ്ങളില്‍ അഭിപ്രായം പറയാനും, വ്യത്യസ്തങ്ങളായുള്ള ചിന്തകളിലേക്ക് സമൂഹത്തെ നയിക്കാനുമുള്ള സമൂഹത്തിന്റെ ധിഷണാപരമായ, അക്കാദമിക പരമായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നുള്ള വലിയ ജനാധിപത്യ ഉത്തരവാദിത്തമാണ്.
രാഹുല്‍ ഗാന്ധിയും, യെച്ചൂരിയും, ഡി രാജയുമടക്കം ദേശീയപാര്‍ട്ടിയുടെ നേതാക്കള്‍ക്കെതിരെ വരെ രാജ്യദ്രോഹത്തിന് കേസെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നിശബ്ദ അടിയന്തിരാവസ്ഥയാണ് നടപ്പിലാക്കുന്നത് എന്ന് അതിനെതിരെ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. എന്താണ് രാജ്യസ്നേഹത്തിന്റെയും, രാജ്യദ്രോഹത്തിന്റെയും അളവുകോല്‍?
രാഹുല്‍ ഗാന്ധിയ്ക്കും, സീതാറാം യെച്ചൂരിയ്ക്കും, രാജയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഈ രാജ്യം അപ്രഖ്യാപിതമായ ഒരു അടിയന്തിരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. അതിനെ അതിശക്തമായി തന്നെ ജനാധിപത്യ വിശ്വാസികളായ നമുക്ക് ഓരോരുത്തര്‍ക്കും ഒന്നിച്ച് നിന്ന് ചെറുത്ത് തോല്‍പ്പിക്കേണ്ടതായിട്ടുണ്ട്. രാജ്യസ്നേഹത്തിന്റെയും, രാജ്യദ്രോഹത്തിന്റെയും അളവുകോല്‍ നിശ്ചയിക്കുന്നത് സംഘപരിവാറാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ടാണല്ലോ ഈ കാണുന്ന സ്ഥിതിവിശേഷങ്ങളിലേക്ക് രാജ്യം എത്തിപ്പെട്ടതും.
നാസികള്‍ സര്‍വ്വാധികാരം നേടിയപ്പോള്‍ സര്‍വ്വകലാശാലകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അതുപോലെ ഇവിടെ ഒട്ടുമിക്ക കേന്ദ്രസര്‍വ്വകലാശാലകളും വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങളിലാണ്. ആദ്യം പൂനെയില്‍, പിന്നെ ഹൈദരാബാദില്‍, ഇപ്പോള്‍ ജെ എന്‍ യുവില്‍. എന്ത് തോന്നുന്നു?
സ്വതന്ത്രചിന്തയുടെ ഈറ്റില്ലങ്ങളാണ് എന്നും സര്‍വ്വകലാശാലകള്‍. അത്തരത്തില്‍ സ്വതന്ത്ര ചിന്തകളെയും, സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നില്ല എങ്കില്‍ സര്‍വ്വകലാശാല എന്ന വിശേഷണത്തിന് അതിന് അര്‍ഹതയില്ല എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ഇന്ന് ജെ എന്‍ യുവിലും, അതിന് മുമ്പ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും , പോണ്ടിച്ചേരി സര്‍വ്വകലാശാലയിലുമൊക്കെ നടന്നുവരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍, അവയുടെ വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും നമ്മുടെ രാജ്യത്ത ഒന്നരവര്‍ഷം മുമ്പുണ്ടായ ഭരണമാറ്റത്തെ തുടര്‍ന്ന് അക്കാദമിക മേഖലയില്‍ കടന്നുവരുന്ന ചില തെറ്റായിട്ടുള്ള പ്രവണതകള്‍ക്കെതിരായുള്ള പ്രതിഷേധങ്ങള്‍ എന്ന രൂപത്തിലാണ് സര്‍വ്വകലാശാലകളിലാകമാനം വിദ്യാര്‍ത്ഥി സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതൊരു വലിയ സൂചനയായിത്തന്നെ നമുക്ക് എടുക്കേണ്ടതായിട്ടുണ്ട്. ഭരണമാറ്റം അല്ലെങ്കില്‍ അധികാരക്കൈമാറ്റം സര്‍വ്വകലാശാലയുടെ അക്കാദമിക് സ്വാതന്ത്ര്യത്തിലിടപെടാനുള്ള അല്ലെങ്കില്‍ സര്‍വ്വകലാശാലകള്‍ മേല്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യയശാസ്ത്രങ്ങളെ അടിച്ചേല്‍പ്പിക്കാനുള്ള ഒരു അവസരമായി മാറിക്കൂടാ. മറിച്ച്, എന്നും സ്വതന്ത്ര ചിന്തയുടേയും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന്റെയും തുറസ്സായ ഇടങ്ങളായി സര്‍വ്വകലാശാലകള്‍ നിലനില്‍ക്കണം എന്ന് തന്നെയാണ് നാം കരുതുന്നത്. എല്ലാ ഫാഷിസ്റ്റുകളും എന്നും കാപ്പിടിയിലൊതുക്കാന്‍ ആഗ്രഹിച്ചിട്ടുള്ളത് അഭിപ്രായ രൂപീകരണത്തിന്റെ മേഖലയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന, പബ്ലിക്ക് ഒപ്പീനിയന്‍ മേക്കിങ്ങില്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിക്കാന്‍ സാധിക്കുന്ന സര്‍വ്വകലാശാലകളെയാണ് എന്നുള്ളതുകൊണ്ട് തന്നെ ആ ലോകാനുഭവങ്ങളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ സാധിക്കുന്നത് ഇന്ത്യയില്‍ അത്തരം പ്രവണതകളെ ഒരു കാരണവശാലും നമുക്ക് അനുവദിച്ചുകൂട എന്ന ശരിയായ പാഠമാണ്.
സമൂഹത്തില്‍ മേല്‍ത്തട്ടിലൂള്ള ചില ആളുകള്‍ സുരക്ഷിതരായി, നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിക്കുമ്പോള്‍, ചിലര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ പോലും ലഭ്യമാക്കാന്‍ അനുവദിക്കാത്ത, വക്കീലന്മാര്‍ പോലും നിയമവ്യവസ്ഥിതിക്ക് വിലകല്‍പ്പിക്കാതെ ആള്‍ക്കൂട്ട നീതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ഒരു നിയമബിരുദധാരി എന്ന നിലയില്‍ എന്താണ് അഭിപ്രായം?
ഒരു പ്രാകൃത സമൂഹത്തെ ഒരു ആധുനിക സമൂഹമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒരു പങ്ക് വഹിക്കുന്ന ഒരു സിംഗിള്‍ ഇന്‍ഗ്രേഡിയന്റ് എന്താണ് എന്ന് ചോദിച്ചാല്‍ അതിന് ഞാന്‍ പറയാനാഗ്രഹിക്കുന്ന ഉത്തരം ആ സമൂഹത്തില്‍ റൂള്‍ ഓഫ് ലോ അഥവാ നിയമവാഴ്ചയ്ക്കുള്ള പ്രാധാന്യം എന്നുള്ളതാണ്. നേരെ തിരിച്ച് ഒരു സമൂഹത്തിന് നിയമവാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അത് ഒരു പ്രാകൃത സമൂഹമായി അധഃപ്പതിപ്പിക്കാനും അധികം കാലതാമസം വേണ്ട എന്നുള്ളതാണ് നമ്മുടെ വര്‍ത്തമാനകാല അനുഭവങ്ങള്‍. അതുകൊണ്ട് തന്നെ നിയമവാഴ്ചയിലുള്ള സമൂഹത്തിന്റെ വിശ്വാസം നിലനിര്‍ത്തുക, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുക, ജനാധിപത്യ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുക എന്നതൊക്കെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും ഒരുപോലെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്. എന്നാല്‍ ഇന്ന് ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പുതിയ തലമുറയ്ക്ക് നിയമവാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്, ജനാധിപത്യസ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. ഇതിന്റെ കാരണങ്ങളെ കുറിച്ച് നമ്മള്‍ ആഴത്തില്‍, ഗൗരവത്തില്‍ ആലോചിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇക്കാര്യത്തില്‍ കമ്മ്യുണീസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ചില അവസരങ്ങളിലെങ്കിലും സ്വീകരിച്ചു പോരുന്ന അവസരവാദപരമായ നിലപാടുകളും ഒരു ആധുനിക സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല എന്നും നമുക്ക് വിലയിരുത്തേണ്ടതായിട്ടുണ്ട്. തങ്ങള്‍ക്ക് അനുകൂലമായി കോടതിവിധികള്‍ വരുമ്പോള്‍ അതിനെ സ്വീകരിക്കുകയും, തങ്ങള്‍ക്ക് എതിരായി നീതിന്യായ സംവിധാനം മുന്നോട്ട് പോവുമ്പോള്‍ അതിനെ പരസ്യമായി തെരുവില്‍ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ പല അവസരങ്ങളിലും സി.പി.എം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. അതുകൊണ്ട് തന്നെ അത്തരം തെറ്റായ സമീപനങ്ങളില്‍ നിന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും, എല്ലാ പൊതുപ്രവര്‍ത്തകരും, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും പിന്തിരിയണം എന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്.