പൂമുഖം INTERVIEW “അധ്യാപകൻ ഗുരുവല്ല, ലഘുവാണ് “

മികച്ച അധ്യാപക അവാർഡ് കിട്ടിയ ശ്രീ സന്തോഷ് കുമാർ കാനയുമായി പി എൽ ലതിക നടത്തിയ അഭിമുഖം.: “അധ്യാപകൻ ഗുരുവല്ല, ലഘുവാണ് “

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

kana1

ഈ അവാർഡ് ഒന്ന് നിർവചിക്കാമോ?
അവാർഡിന് പ്രധാനമായി പരിഗണിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ് ?
കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകർക്കും മറ്റു വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള അംഗീകാരങ്ങളിൽ ഒന്നാണ് ഇൻസെന്റീവ് അവാർഡ്. അതിൽ ഒന്ന് റീജിയണൽ മറ്റൊന്ന് നാഷണൽ. ഓരോ വർഷവും ഒരു തവണ നൽകുന്ന ഈ അംഗീകാരങ്ങൾക്ക് വിവിധ മാനദണ്ഡങ്ങൾ ആണൂള്ളത്. അധ്യാപകരുടെ അവാർഡിനെപ്പറ്റി തന്നെ പറയാം. മിനിമം അഞ്ച് വർഷം അതേ പോസ്റ്റിൽ ജോലി ചെയ്തിരിക്കണം. കൂടാതെ, നിരവധി കാര്യങ്ങൾ: ജോലി ചെയ്ത സ്കൂളുകളിൽ ഉണ്ടാക്കിയ സി ബി എസ് ഇ റിസൾട്ട്, സ്‌കൂളിനുവേണ്ടി ചെയ്ത വിവിധ കാര്യങ്ങൾ, കുട്ടികളുമായി ചേർന്ന് ചെയ്ത വിവിധ സംരംഭങ്ങൾ, കലാ സാഹിത്യ സാമൂഹിക രംഗങ്ങളിൽ നടത്തിയ ഇടപെടലുകൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ പരിഗണിക്കുന്നു. റീജിയണൽ ഇൻസെന്റീവ് അവാർഡ് ലഭിച്ചവർക്ക് നാഷണൽ അവാർഡിനും അപേക്ഷിക്കാം.

അധ്യാപനം സ്വന്തം തിരഞ്ഞെടുപ്പായിരുന്നുവോ? അതായതു ഈ രംഗത്തേക്കു വരികയായിരുന്നുവോ?

രണ്ടും ചേർന്ന ഒന്നായിരുന്നു എന്ന് പറയാം. അല്പം ആശങ്കയോടെയും മടിയോടെയുമാണ് ബി എഡ്-ന് ചേർന്നത്. അച്ഛനും, അമ്മയും അധ്യാപകരാണ്. അച്ഛൻ മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന ഗവൺമെന്റിന്റെ അവാർഡ് ജേതാവാണ് (1989) . അവരിൽ നിന്നും കിട്ടിയ
കോൺഫിഡൻസ്, ഊർജം ഏറെ വലുതാണ്, വിലമതിക്കാനാകാത്തതാണ്. ബി എഡ് കഴിഞ്ഞ് അധ്യാപകനായി പോളി ടെക്നിക്കിൽ ജോലി ചെയ്തപ്പോൾ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പിന്നീട് കേന്ദ്രീയ വിദ്യാലയത്തിൽ ചേർന്നപ്പോൾ കാര്യങ്ങൾ ഏറെക്കുറെ മാറി. കേന്ദ്രീയ
വിദ്യാലയത്തിന്റെ സിസ്റ്റം ശക്തമായ ഒന്നാണ്. ടീച്ചിങ് മെത്തേഡ്‌സ് എന്തായിരിക്കണം എന്നും, എങ്ങിനെ പഠനത്തിൽ ക്ലാസ്സിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുട്ടിയേയും പരിഗണിക്കണം എന്നുമൊക്കെ പഠിച്ചു. അധ്യാപനം ഒരു സർഗാത്മക പ്രവർത്തനമാണെന്ന്
തിരിച്ചറിയാനും, ആവേശത്തോടെ പ്രാവർത്തികമാക്കാനു കഴിയുന്നു. കുട്ടികളെ സ്നേഹിക്കാൻ  തുടങ്ങുമ്പോൾ എല്ലാം മാറി മറിയുന്നു. ഇന്ന് ഞാനീ പ്രൊഫഷനെ ഏറെ സ്നേഹിക്കുന്നു, വിലമതിക്കുന്നു.

 കേന്ദ്രീയ വിദ്യാലയം ആയതു കൊണ്ട് രാജ്യത്തിൻറെ പല ഭാഗത്തും ജോലി ചെയ്യുവാനുള്ള അവസരം ലഭിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു . ജോലിയുടെ ചലനാത്മകതയെ എങ്ങനെയാണു നോക്കിക്കണ്ടത്?

എന്റെ ജീവിത കാഴ്ചപ്പാടുകളും, രീതികളും വെച്ചു നോക്കിയാൽ ചലനാത്മകതയുള്ള ജോലി തന്നെയാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത്. ടെന്നിസൺ ‘യുലൈസെസ്’ എന്ന കവിതയിൽ പറയുന്ന പോലെ ‘I am a part of all that I have met .’
എനിക്ക് ഇന്ത്യയുടെ നാനാഭാഗത്തും സഞ്ചരിക്കാനും, ജീവിക്കാനും ജോലി ചെയ്യാനുമുള്ള ഭാഗ്യമുണ്ടായി. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ പോണ്ടിച്ചേരിയിൽ എം. എ യ്ക്ക് പഠിക്കുന്ന കാലത്തും, മൈസൂരിൽ രാമകൃഷ്ണ മിഷൻ കോളേജ് RIMSE യിൽ പഠിക്കുന്ന കാലത്തും ആന്ധ്ര, കർണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. അന്നുമുതലേ ഒരു ട്രാവൽ ബഫ് ആണെന്ന് പറയാം. കേന്ദ്രീയ വിദ്യാലയത്തിൽ ജോലിക്ക് ചേർന്നതോടെ പശ്ചിമ ബംഗാൾ, യൂ പി, ബിഹാർ, ബെല്ലാരി, മൈസൂർ, ബാംഗ്ലൂർ തുടങ്ങി പലയിടങ്ങളിലും സഞ്ചരിക്കാനും, ജോലി ചെയ്യാനും സാധിച്ചു. അവിടുത്തെ ഭാഷകളും, സംസ്കാരവും, രീതികളും മനസ്സിലാക്കാനും, പഠിക്കാനും സാധിച്ചു. എനിക്ക് പണ്ടേ മറ്റു ഭാഷകൾ പഠിക്കാൻ വലിയ ഇഷ്ടമാണ്. ഇന്ത്യക്ക് പുറത്ത് നേപ്പാളിൽ മൂന്നു വർഷം  ജോലിചെയ്യാൻ ഭാഗ്യം ലഭിച്ചു. അതൊരു അതി മനോഹരമായ അനുഭവമായിരുന്നു. അതിനെപ്പറ്റിയാണ് എന്റെ രണ്ടാമത്തെ പുസ്തകം ‘കാഠ്‌മണ്ഡു- എ ജേർണി ത്രൂ കാഠ്‌മണ്ഡു’ എന്ന മലയാള പുസ്തകം. Exposure is the best Education എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ ഭൂമിശാസ്ത്രപരമായ അതിർത്തികൾ മാത്രമല്ല കടക്കുന്നത്, നമ്മുടെ മനസ്സിന്റെ അതിർത്തികളെ കൂടിയാണ്, പുതു അനുഭവങ്ങളിലേക്കും, പൊളിച്ചെഴുതലുകളിലേക്കും സ്വയം പാകപ്പെടുത്തുക കൂടിയാണ്. ഞാൻ പരിചയപ്പെട്ട എല്ലാ ഭാഷകളിലെയും പാട്ടുകളും, സിനിമകളും, കുറച്ചൊക്കെ സാഹിത്യവും ഞാൻ ശേഖരിച്ചിട്ടുണ്ട്. എനിക്ക് മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, ബംഗാളി എന്നീ ഭാഷകൾ സംസാരിക്കാൻ അറിയാം. പല ഭാഷകളിലെയും പാട്ടുകൾ പാടാൻ അറിയാം.

കേന്ദ്രീയ വിദ്യാലയം ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നുണ്ടോ? അതോ സൈനിക ക്യാമ്പസ്സിന് പുറത്തു അതു സാധാരണക്കാരുടെയും അതിലും താഴെയുള്ളവരുടെയും മാത്രം പ്രാതിനിധ്യം ഉള്ളതായി മാറിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്ത് കൊണ്ട്? ആ പ്രവണത തിരുത്തുവാൻ എന്ത് നിർദേശമാണുള്ളത്?

പോളിസികളിൽ വന്ന മാറ്റങ്ങൾ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്നു.

ഔപചാരികതക്ക് പുറത്തു അധ്യാപനത്തിൽ സ്വീകരിച്ച വേറിട്ട സമീപനങ്ങളും നടപടികളും എന്തൊക്കെയായിരുന്നു? അവയുടെ ഫലങ്ങൾ, വിദ്യാർത്ഥികളിൽ നിന്ന് കിട്ടിയ പ്രതികരണങ്ങൾ ,പ്രോത്സാഹന ജനകമായിരുന്നുവോ?  ഉദാഹരണങ്ങൾ സഹിതം കേൾക്കാൻ താല്പര്യമുണ്ട്.

വ്യത്യസ്തമായ രീതികൾ അവലംബിക്കുന്നത് എന്റെ ഒരു സ്ഥിരം പരിപാടിയാണ്. പഠനം എത്രത്തോളം കുട്ടികൾക്ക് ആസ്വാദ്യകരമാക്കുക എന്നതാണ് ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യം. അവിടെയാണ് ഒരധ്യാപകന്റെ ജീവിതാനുഭവങ്ങളും, നേരത്തേ പറഞ്ഞ exposure ഉം
സുപ്രധാനമാകുന്നത്. ഞാൻ ചെയ്ത കാര്യങ്ങളിൽ ചിലത് പറയാം പതിനൊന്നാം ക്ലാസിലും, പന്ത്രണ്ടാം ക്ലാസിലും കുട്ടികൾക്ക് പഠിക്കാനുള്ള രണ്ടു കഥകൾക്ക് ഷോർട് ഫിലിം രൂപത്തിൽ ദൃശ്യഭാഷ നൽകി. അതൊക്കെ കുട്ടികളെ ചേർത്ത് ചെയ്തതാണ്. നല്ല അപ്രീസിയേഷൻ  കിട്ടി. പലരും ഇന്നും ഈ രണ്ടു ഫിലിംസ് റെഫറൻസിനു ഉപയോഗിക്കുന്നു. കുട്ടികളുടെ സ്ട്രോങ്ങ് ഏരിയ അറിഞ്ഞ് അവരെക്കൊണ്ട് സെമിനാറുകൾ സംഘടിപ്പിച്ചു. ടാലെൻറ്  ഡിസ്‌കവറിയിൽ ഏറ്റവും നല്ല വഴിയാണിത്. കുട്ടികളുമായി ചേർന്ന് ടൈംസ് ഓഫ് ഇന്ത്യ സ്റ്റുഡന്റ് എഡിഷൻ പുറത്തിറക്കി. ഏകദേശം മൂന്നു മാസത്തെ അദ്ധ്വാനം. അതിന് വലിയ അപ്രീസിയേഷൻ  കിട്ടി. അതിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി കൂടി തയ്യാറാക്കി. എന്റെ ബ്ലോഗിലൂടെയും ഓൺലൈൻ എഴുത്തുകളിലൂടെയും ക്ലാസ്‌മുറിയെ സ്‌കൂളിന് പുറത്തുള്ള അനുഭവം കൂടിയാക്കി. നേപ്പാളിൽ ഉള്ളപ്പോൾ ചെയ്ത റിവിഷൻ ഓഡിയോ ഏറെ പ്രശംസ പിടിച്ചുപറ്റി. കേരളത്തിൽ വെള്ളപ്പൊക്ക സമയത്ത് കുട്ടികളെ കൂട്ടി ഒരു റിലീഫ് കാമ്പ് നടത്തി.അതിന് ജില്ലാ കളക്ടറുടെ അഭിനന്ദനം ലഭിച്ചു. വിവിധ മത്സരങ്ങളിലേക്ക് ഷോർട് ഫിലിംസ് ചെയ്തു. പുരസ്‌കാരങ്ങൾ ലഭിച്ചു.

kana2

വിദ്യാർത്ഥികളെ ശിക്ഷിക്കുന്നതിനെ കുറിച്ച് എന്താണ് കാഴ്ചപ്പാട് ?

ശിക്ഷിക്കുന്നതിനോട് തീരെ യോജിക്കുന്നില്ല. തിരുത്തൽ ആണ് വേണ്ടത്, ശിക്ഷയല്ല. ഒരു കുട്ടിയുടെ മാനസിക തലത്തിൽ നിന്നുവേണം ആ കുട്ടി ചെയ്ത തെറ്റിനെയും കാരണങ്ങളെയും വിശകലനം ചെയ്യാൻ. അതിനുള്ള സന്മനസ്സും ക്ഷമയും വേണം.  ചിലപ്പോഴൊക്കെ (വളരെ വർഷങ്ങൾക്ക് മുൻപ്) കുട്ടികളെ അടിച്ചിട്ടുണ്ട്. പിന്നീട് പൂർണമായും ഉപേക്ഷിച്ചു. കുട്ടിയെ അടിക്കുന്നത് എന്റെ പരാജയം ആണെന്ന് തിരിച്ചറിഞ്ഞു. അന്ന് അടിച്ച കുട്ടികളോടൊക്കെ ആത്മാർത്ഥമായി സോറി പറഞ്ഞിട്ടുണ്ട്. പിന്നീടൊരിക്കലും ഒരു കുട്ടിയേയും അടിച്ചിട്ടില്ല. ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ ശിക്ഷ ഒരു ഉപാധിയേ അല്ല. നോക്കൂ എത്ര വയലൻസ് ഉള്ള ഒരു സമൂഹമാണ് നമ്മുടേത്. ചിലതൊക്കെ പ്രത്യക്ഷമാകുന്നു, ചിലത് പരോക്ഷവും. അതിൽ നമുക്കെല്ലാവർക്കും പങ്കുണ്ട്. നമ്മുടെ അകത്തുള്ള ശീലങ്ങളുടെ, വികാര പ്രകടനങ്ങളുടെ ഒരു പാറ്റേൺ നാം പൊളിച്ചു പണിയണം. ഉദാഹരണത്തിന് ക്ലാസ് മുറിയിൽ അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ ഒരു കുട്ടി ചിരിച്ചാൽ എന്താണ് കാര്യമെന്ന് തിരക്കാതെ എടുത്തുചാടി ഒരു കാര്യം ചെയ്യുന്ന അതേ ക്ഷമയില്ലായ്മയാണ് റോഡിൽ ട്രാഫിക് മിസ്ബിഹേവിയർ ആയി വയലൻസിലേക്ക് നയിക്കുന്നത്. പാറ്റേൺ ബ്രേക്ക് ചെയ്യുമ്പോൾ എല്ലാം മാറുന്നു. നമ്മളുടെ പാറ്റേൺ ആണ് കുട്ടികൾക്കകത്തും. നമ്മൾ മാറുമ്പോൾ അവരും മാറും. പുസ്തകം കൊണ്ടുവരാഞ്ഞാൽ, വൈകി ക്ളാസിലെത്തിയാൽ എന്റെ അദ്ധ്യാപകൻ മാക്സിമം എന്ത് ചെയ്യും എന്ന് ഒരു കുട്ടിക്ക് അറിയാൻ കഴിയുന്നത് അധ്യാപകന്റെ പരാജയമാണ്. ക്രിയേറ്റിവിറ്റി പ്രധാനമാകുന്നതിവിടെയാണ്. ബ്രൈത് വൈറ്റിന്റെ ‘ടു സർ വിത്ത് ലവ്’ എന്ന പുസ്തകത്തിലെ  സിറ്റ്വേഷൻ  എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ക്രീയേറ്റിവിറ്റി ഉള്ള ഏതൊരാൾക്കും ജീവിതത്തിൽ ഏത് ലൂസിങ് സിറ്റുവേഷനെയും വിന്നിങ് സിറ്റുവേഷനാക്കാൻ കഴിയും. ഞാൻ കുട്ടികളെ ക്ലാസിന് പുറത്തു നിർത്താറില്ല. അത് ഡബിൾ മണ്ടത്തരമാണ്, ലോസ് ആണ്. ആ കുട്ടി ആ പീരിയഡിലെ പഠനം കൂടി നഷ്ടപ്പെടുത്തുകയാണ്. എല്ലാ പ്രശ്നങ്ങൾക്കും ക്ലാസ് മുറിക്കകത്തു തന്നെ സർഗാത്മകമായ സൊല്യൂഷൻ കണ്ടെത്തുക. അധ്യാപനം അതാണ്, വെറും പാഠ ഭാഗങ്ങൾ പഠിപ്പിക്കലല്ല. ഞാൻ കണ്ടു പരിചയിച്ച പ്രതികരണങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒന്ന് കാണുന്ന കുട്ടിയുടെ അകത്തെ മൃതമായ ശീലങ്ങളുടെ പാറ്റേൺ തകരുന്നു. അതാണ് ഒരധ്യാപകന്റെ സാമൂഹിക സേവനം. ഗുരു എന്റെ അഭിപ്രായത്തിൽ ‘ലഘു’ ആണ്!! പഠനത്തിൽ, നിത്യജീവിത സാഹചര്യങ്ങളിൽ കുട്ടികൾ നേരിടുന്ന സങ്കീർണതകളെ ലഘൂകരിക്കാൻ കഴിവുള്ളയാൾ, അതിനവരെക്കൂടി പ്രാപ്തനാക്കാൻ കഴിവുള്ളയാൾ.

പ്രവേശന പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിൽ  കൗമാരത്തിന്റെ ചിറകൊടിയുന്ന കാലമാണിത് . നാലും അഞ്ചും കൊല്ലം നീണ്ട  specialised പരിശീലനത്തിൽ കൂടിയല്ലാതെ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം ലഭ്യമാവണം ..അതിനെ കുറിച്ച് എന്താണ് മുന്നോട്ട് വെക്കാനുള്ളത്
.
അതിന് സ്‌കൂൾ തലത്തിൽ തന്നെ വൊക്കേഷണൽ വിദ്യാഭ്യാസം നിർബന്ധമാക്കണം. ആപ്റ്റിറ്റിയൂഡിനനുസരിച്ച് നേരത്തെ തന്നെ കുട്ടികൾക്ക് വേണ്ട തെരഞ്ഞെടുപ്പുകൾ നടത്താൻ കഴിയുന്ന സിസ്റ്റം വേണം. സ്‌കൂൾ വിദ്യാഭ്യാസം കഴിയുമ്പോഴേക്കും അവർക്കനുയോജ്യവും, ഗുണകരവുമായ മേഖലകളിൽ ഒരു കുട്ടി പ്രാവീണ്യം നേടിയിരിക്കും. പിന്നീട് ആവശ്യാനുസരണം വിവിധ കോളേജുകളിൽ സ്പെഷ്യൽ ട്രെയിനിംഗോ മറ്റോ നൽകിയാൽ മതിയാകും. ഇത് കുട്ടികളിലെ സമ്മർദവും, നിരാശയുമൊക്കെ കുറയ്ക്കാൻ ഏറെ സഹായിക്കും. തന്റെ അഭിരുചിക്ക് ചേരാത്ത ഒരു കാര്യം എന്തിന് നിർബന്ധിച്ച് പഠിപ്പിക്കണം?

വിദ്യാർത്ഥികളുമായി ഉള്ളു തുറന്ന ബന്ധം പുലർത്താറുണ്ടോ? അവർക്ക് ഏതു കാര്യത്തിലും സംശയനിവർത്തി വരുത്താൻ, ദിശ ചൂണ്ടിക്കാണിക്കുവാൻ സന്നദ്ധനാവാറുണ്ടോ?

തീർച്ചയായും, എല്ലായ്‌പോഴും. എന്റെ അഭിപ്രായത്തിൽ അദ്ധ്യാപകൻ ഏകവചനമല്ല, ബഹുവചനമാണ്. അദ്ധ്യാപകന്റെ ലോകമല്ല ക്ലാസ്സ്മുറി, അത് കുട്ടിയുടെ ലോകമാണ്. ക്ലാസ്സ്മുറിയിലെ കേന്ദ്രബിന്ദു ഇവർ രണ്ടുപേരുമല്ല, അവർ ചേർന്ന് നടത്തുന്ന പഠനം എന്ന പരീക്ഷണം ആണ്. ക്ലാസ് മുറി ഒരു പരീക്ഷണ ശാലയാണ്. എ ലബോറട്ടറി. അതിൽ കുട്ടിക്ക്  ഒരു സഹായി ആയി, ഫെസിലിറ്റേറ്റർ, ആയി നില കൊള്ളേണ്ട ആളാണ് അധ്യാപകൻ. അത് പവർ ഗേമിനുള്ള ഇടമല്ല. ഈ ഒരു കാഴ്ചപ്പാടാണ് ഞാൻ എന്നും നിലനിർത്തി പോന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ കുട്ടികളെ അടുത്തറിയാനും അവർക്ക് താല്പര്യമുള്ള, മനസിലാകുന്ന രീതിയിൽ അവരുമായി സംവദിക്കാനും  എന്നും കഴിഞ്ഞിട്ടുണ്ട്. Where there is fear, there is no clarity or intelligence. രണ്ടുപേർ തമ്മിൽ കമ്മ്യുണിക്കേറ്റ് ചെയ്യുമ്പോൾ പരസ്പരം അറിയേണ്ടത് അത്യാവശ്യമല്ലേ? എല്ലാ വർഷവും പുതിയ ഒരു ക്ലാസ്സിലേക്ക് പോകുമ്പോൾ ഞാൻ ആദ്യം ചെയ്യുന്ന ഒരു കാര്യമുണ്ട്. ഒരു writing task കൊടുക്കും. ഒറ്റ ചോദ്യം ‘Who am I?’ ഓരോ കുട്ടിയും ഇതിനുത്തരമായി അവർക്കു പറയാനുള്ളത് മുഴുവൻ ഒരു ഭയമോ ശങ്കയോ ഇല്ലാതെ എഴുതണം. എത്ര പേജ് വേണമെങ്കിലും എഴുതാം. അതൊരു വിചിത്രവും രസകരവുമായ ചോദ്യമായി കുട്ടികൾക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അതവരെ എത്രത്തോളം awareness ഉള്ളവരായി മാറ്റുന്നു എന്നുള്ളത് അവർ ഉടൻ തിരിച്ചറിഞ്ഞു, ഉത്സാഹത്തോടെ എഴുതി. ചിലരൊക്കെ വീട്ടിൽ പോയി തുടർന്നും പേജുകൾ എഴുതി കൊണ്ട് തന്നിട്ടുണ്ട്. കുട്ടികളുടെ ലോകം മനസ്സിലാക്കാൻ ഇത് വായിച്ചപ്പോൾ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഇതെന്റെ home work ആണ് .പക്ഷെ ഓരോ കുട്ടിയും എഴുതിയ കാര്യങ്ങൾ മറ്റാരോടും ചർച്ച ചെയ്യാറില്ല. അതവരുടെ പ്രൈവസി ആണ്. അതിനെ ഞാൻ റെസ്‌പെക്റ്റ് ചെയ്യുന്നു. അവർ പരിചയിച്ചു വന്ന പരീക്ഷകൾ മറ്റുള്ളതിനെക്കുറിച്ചും, മറ്റുള്ളവരെക്കുറിച്ചുമുള്ള ചോദ്യങ്ങൾ മാത്രമുള്ളവയാണ്. അവർക്ക് അവരെക്കുറിച്ച് എത്രത്തോളം അറിയാം എഴുതുന്നത്, ചിന്തിക്കുന്നത് ആദ്യമായിട്ടാണെന്ന് പലരും സന്തോഷത്തോടെ പറഞ്ഞിട്ടുണ്ട്. ഈ മനസ്സു തുറക്കലിലൂടെയാണ് ഒരു ക്ലാസ് തുടങ്ങുന്നത്. Before they study from me, I need to study them, ശരി അല്ലേ? ഈ തുറന്ന കമ്മ്യൂണിക്കേഷന്റെ പേരാണ് പഠനം, അതിൽ സിലബസ്, text books എന്നിവയൊക്കെ ഒരു മീഡിയം മാത്രം. എത്രയോ കുട്ടികളെ, രക്ഷിതാക്കളെ കൗൺസിലിങ് ചെയ്തിട്ടുണ്ട്. ആ വാക്ക് വേണ്ട. അവരുടെ മനസ്സ് തുറക്കലുകൾക്ക് ഒരു കേൾവിക്കാരൻ ആയിട്ടുണ്ട് എന്ന് പറയാം. മുൻവിധികളില്ലാതെ മറ്റൊരാളുടെ പ്രശ്നങ്ങൾ കേൾക്കാൻ കഴിഞ്ഞാൽ തന്നെ പരിഹാരമായി. ഈ ലോകത്ത് മിക്കവരും തേടുന്നത് മുൻവിധികളില്ലാത്ത, കാരുണ്യം ഉള്ള കേൾവിക്കാരെയാണ്. I maybe a motivational speaker, but I am more of a Motivational Listener. അങ്ങിനെ പറയാനാണ് എനിക്കിഷ്ടം.

പാഠ്യേതര വിഷയങ്ങളിലെ ഇടപെടലുകൾ എന്തൊക്കെയാണ് ?

കേന്ദ്രീയ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന അധ്യാപർക്ക് സ്കൂളുമായി ബന്ധപ്പെട്ട ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. അഡ്മിനിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾ. പക്ഷെ ഏറ്റവും പ്രധാനം കുട്ടികളുടെ സമഗ്ര വികാസത്തിനുള്ള വിവിധതരം പരിപാടികളാണ്. ഒരു വർഷത്തിന്റെ തുടക്കം തന്നെ അതിനുള്ള കലണ്ടർ തയാറാകും. അത്തരം കാര്യങ്ങളൊക്കെ മറ്റുള്ളവരെപ്പോലെ ആത്മാർത്ഥമായി ഏറ്റെടുത്ത് ചെയ്യാറുണ്ട്.  കുട്ടികൾക്ക് വേണ്ടിയുള്ള മറ്റു പരിപാടികൾ സംഘടിപ്പിക്കാനും, അതിൽ പങ്കെടുക്കാനും എന്നും മുൻകൈ എടുക്കാറുണ്ട്. കഴിഞ്ഞ വർഷം  പതിനൊന്നാം ക്ലാസിലെ പന്ത്രണ്ട് കുട്ടികളെ വച്ച് ഒരു പ്രൊജക്റ്റ് ചെയ്തു. An Innovative project. ദി ടൈംസ് ഓഫ് ഇന്ത്യ കൊച്ചിയുടെ സ്റ്റുഡന്റ് എഡിഷൻ ടീമുമായി ചേർന്ന് ഒരു ദിവസത്തെ ഗസ്റ്റ് എഡിഷൻ പുറത്തിറക്കി. ഏകദേശം മൂന്നു മാസത്തെ ജോലിയായിരുന്നു. അതിനു വേണ്ടി മാത്രം കുട്ടികളുടെ ഒരു whatsapp ഗ്രൂപ്പ് ഉണ്ടാക്കി, ഇമെയിലിലൂടെയും ഇൻഫർമേഷൻ കൈമാറി, ഗൈഡൻസ് കൊടുത്തു. സ്‌കൂൾ സമയത്തെയും, വീട്ടിലെയും അവരുടെ പഠനത്തെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിൽ ആ പ്രൊജക്റ്റ് ചെയ്തു തീർത്തു. അതിന് കേന്ദ്രീയ വിദ്യാലയ സംഗതന്റെ ഹെഡ് ക്വാർട്ടേഴ്‌സ് ഡൽഹിയിൽ നിന്ന് സ്പെഷ്യൽ അപ്രീസിയേഷൻ ലഭിച്ചു. ആ പ്രോജക്ടിന്റെ ഓരോ ഘട്ടങ്ങളെയും കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തു. അത് യൂട്യൂബിൽ ലഭ്യമാണ്.  ഞാൻ പഠിപ്പിക്കുന്നത് പ്ലസ് ടു കുട്ടികളെയാണ്. എങ്കിലും കഴിഞ്ഞ വർഷം  ഒമ്പതാം ക്ലാസിലെ കുറച്ചു കുട്ടികളെ കൂട്ടി സ്കൂളിന്റെ ഇ-മാഗസിൻ തയ്യാറാക്കി. ഈ വർഷം പതിനൊന്നാം ക്ലാസ്സിലെ കുട്ടികളുമായി ചേർന്ന് ഒരു ഇ-ന്യൂസ് ലെറ്റർ ചെയ്തു. Aura, the radiance of creative academics എന്ന് പേരും നൽകി. ജോലിയിൽ ചേർന്ന കാലം മുതൽ വിവിധ തരത്തിലുള്ള ഇന്നൊവേറ്റീവ് പ്രൊജെക്ടുകൾ ചെയ്തിട്ടുണ്ട്. കുട്ടികളുമായി ചേർന്ന് പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ അധ്യായങ്ങളെ ആസ്പദമാക്കി രണ്ടു ഷോർട് ഫിലിംസ് നിർമിച്ചു. അതും യൂട്യൂബിൽ ലഭ്യമാണ്. ഒരുപാട് പേർ അവ റഫറൻസ് ആയി ഉപയോഗിക്കുന്നു എന്നറിയാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.  സ്‌കൂളിനകത്തും പുറത്തുമായി നടക്കുന്ന വിവിധ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതിനെ സപ്പോർട്ട് ചെയ്യുന്ന ഒരു സിസ്റ്റം നമുക്കുണ്ട് എന്നതിൽ ഏറെ സന്തോഷം. കുട്ടികളുമായി ചേർന്ന് ചെയ്ത ഷോർട് ഫിലിമുകൾ ഏകദേശം ഏഴെണ്ണമായി. അഞ്ചെണ്ണം വിവിധ മത്സരങ്ങൾക്ക് അയച്ചവയാണ്. ഒന്നിന് കാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. എല്ലാം കുട്ടികളടക്കമുള്ള എന്റെ ടീമിന്.  ഒരു വിഷയത്തിൽ താല്പര്യം ഉണ്ടാക്കാൻ അധ്യാപകന് വലിയ ഉത്തരവാദിത്തമുണ്ട്. ഒരു പക്ഷെ അതാണ് അധ്യാപനത്തിന്റെ എല്ലാം. അത് സാധിച്ചാൽ ബാക്കിയെല്ലാം എളുപ്പമായി. പഠ്യേതര ഇടപെടലുകളൊക്കെ അധ്യാപനത്തിന്റെ ഭാഗം തന്നെയാണ് എന്ന തിരിച്ചറിവാണ് പ്രധാനം. ആ സമന്വയമാണ് വിദ്യാഭ്യാസം. ജീവിതവുമായി ബന്ധിപ്പിക്കാതെ എന്ത് പഠനം?  കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഞാൻ കുട്ടികളുമായി ചേർന്ന് നഗരത്തിലെ ഒരു കേന്ദ്രീയ വിദ്യാലയത്തിൽ ഒരു മാതൃകാ റിലീഫ് ക്യാംപ് സംഘാടനത്തിൽ സജീവമായി പ്രവർത്തിച്ചു. അതിന് എറണാകുളം ജില്ലാ കളക്ടറുടെ സർട്ടിഫിക്കറ്റ് എല്ലാ കുട്ടികൾക്കും എനിക്കും ലഭിച്ചു. വലിയ ഊർജമാണ്, അറിവാണ് ഇതൊക്കെ നൽകുന്നത് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. പാഠ്യേതരം എന്ന് ഒരു സൗകര്യത്തിനു വേണ്ടി പറയാം. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. A classroom is beyond the four walls and beyond the bells and books.

ആധുനിക കാലത്തെ വിപത്തുകളായ മയക്കു മരുന്ന് , തീവ്ര രാഷ്ട്രീയം , മത സ്പർദ്ധ എന്നിവയിൽ നിന്ന് വരും തലമുറയെ രക്ഷിക്കാൻ അധ്യാപകർക്കാണ് ഏറ്റവുംകൂടുതൽ കഴിയുക.ഒരു പ്രൈമറി വിദ്യാർത്ഥി അച്ഛനമ്മമാരേക്കാൾ അവൻറെ ടീച്ചറുടെ വാക്കു അനുസരിക്കുന്നു.അത് നിലവിലുള്ള സിലബസ്സുകളും പഠന ക്രമങ്ങളും ഗൗരവത്തോടെ പരിഗണിച്ചിട്ടില്ല. എന്ത് കൊണ്ടാണത്? മാതൃകാധ്യാപകനെന്ന നിലക്ക് ഈ വിഷയത്തിൽ വിലപ്പെട്ട നിർദേശങ്ങൾ അധികൃതരുടെ മുന്നിൽ വെക്കാൻ സാധിക്കില്ലേ?

നമ്മുടെ പാഠ്യ പദ്ധതികളിൽ ഇവയൊക്കെ ആവശ്യത്തിന് ഉണ്ടെന്നാണ് എന്റെ അഭിപ്രായം. നമ്മുടെ കരിക്കുലം അതിനുള്ള ധാരാളം സാധ്യതകൾ നൽകുന്നുണ്ട്. Adolescent Education Programme (AEP) പോലെ ഒരുപാട്. പക്ഷെ അതെത്രത്തോളം ആത്മാർത്ഥതയോടെ, ബുദ്ധിപരമായി, സർഗാത്മകമായി, സ്നേഹത്തോടെ, സംവേദനക്ഷമതയോടെ, കാരുണ്യത്തോടെ കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നു എന്നതാണ് നമ്മൾ ഓരോരുത്തരും സ്വയം വിശകലനം ചെയ്യേണ്ടത്. പിന്നെ, വിദ്യാഭ്യാസം തുടങ്ങുന്നത് രക്ഷിതാക്കളിൽ നിന്നാണ്, അതിന്റെ വിപുലീകരണം മാത്രമാണ് സ്‌കൂളിലും മറ്റിടങ്ങളിലും നടക്കുന്നത്.

 എഴുത്തുകാരൻ, ബ്ലോഗർ, സഞ്ചാരി, , ഫോട്ടോഗ്രാഫർ – പ്രസാദാത്മകനായ സോഷ്യൽ മീഡിയ അംഗം …. പരമാവധി ജീവിക്കുക എന്നതാണോ ജീവിതവ്രതം? ….ഈ രംഗങ്ങളിലെ അനുഭവങ്ങൾ ?

ജീവിതം എന്ന വിശാലമായ പ്രതിഭാസത്തെ ഒരു പ്രത്യേക ഫോർമുലയ്ക്കുള്ളിൽ തടഞ്ഞു നിർത്തി അതിന്റെ നിരന്തരമായ പുതുമയെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനെ നിർബാധം എന്നിലൂടെ പ്രവഹിക്കാൻ അനുവദിക്കുന്നു. ഞാനും ജീവിതവും രണ്ടല്ല എന്ന തിരിച്ചറിവ് ഏറെ ഉന്മേഷം പകരുന്നതാണ്. എഴുത്തും, സഞ്ചാരങ്ങളും, അധ്യാപനവും, അഭിനയവും ഒക്കെ ഒരേ യാത്രയുടെ വിവിധ പേരുകളാണ്, ആവിഷ്കരണങ്ങളാണ്. എന്റെ ‘വറ്റിയ നദി’ എന്ന കവിതയിൽ ഒരു വരിയുണ്ട്, ‘നമ്മൾ നദിക്ക് കുറുകെയേ നടന്നിട്ടുളൂ, കൂടെ നടന്നിട്ടില്ല.’  ഒരധ്യാപകനാകുമ്പോൾ അതിന്റെ മുഴുവൻ ഗുണങ്ങളും ലഭിക്കുന്നത് കുട്ടികൾക്കാണ്. അനുഭവവും, സർഗാത്മകതയുമില്ലാത്ത അധ്യാപനം?? അയ്യോ ആലോചിക്കാൻ പോലും വയ്യ. We have to learn from experience but I would like to say, ‘Make learning an Experience for the students’. ഒരു വാക്കിനപ്പുറത്തെ ലോകത്തെ അവർക്കു കാണിച്ചു കൊടുക്കാൻ കഴിഞ്ഞാൽ എത്ര മനോഹരമായിരിക്കും. There is a Wolrd in every Word. ഓരോ ക്ലാസും എനിക്ക് ഓരോ തവണയും പുതിയ അനുഭവലോകമാണ്. ഞാൻ പലയിടത്തും പറഞ്ഞതും, എഴുതിയതുമായ കാര്യമാണ് ‘ഒരധ്യാപകന് ഒരേ ക്ലാസ്മുറിയിൽ ഒന്നിലധികം തവണ പ്രവേശിക്കാൻ കഴിയില്ല.’  ഒരു നല്ല ഫോട്ടോഗ്രാഫ് എന്നത് സെൻസിറ്റീവ് ആയ ഒരു കാഴ്ചയാണ്. ക്യാമറ അതിനെ പകർത്താനുള്ള ഒരുപകരണം മാത്രം. അതുകൊണ്ടുതന്നെ ഞാൻ എന്റെ ഫോട്ടോകൾക്ക് കൊടുക്കുന്ന ടാഗ് ലൈൻ ‘my sensitive camera’ എന്നാണ്.

ഞാൻ ഗസലുകൾ ധാരാളം കേൾക്കുന്നയാളാണ്, പ്രത്യേകിച്ചും മെഹ്ദി ഹസ്സൻ, ഗുലാം അലി, ജഗ്ജിത് സിംഗ്. ഗസലുകളുടെ പോയട്രി. wow!! just amazing.  എന്റെ ബ്ലോഗിലും (www.somatmika.com) സോഷ്യൽ മീഡിയകളിലും അതേപ്പറ്റി ഞാൻ എഴുതിയിട്ടുണ്ട്.  സഞ്ചാരാനുഭവങ്ങൾ മലയാള നാട് എന്ന ഈ മാഗസീനിലും, മാതൃഭൂമി യാത്രയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യാത്രകളിലൂടെയും, എഴുത്തിലൂടെയും, സോഷ്യൽ മീഡിയകളിലൂടെയും നല്ല ചിന്തകളെയും, വ്യക്തികളെയും പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്.
സ്കൂൾ ഒരു ചെറിയ ലോകമല്ല എന്നത് പോലെ തന്നെ ലോകവും വലിയ ഒരു സ്‌കൂളാണ്.

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like