പൂമുഖം INTERVIEW മുഹമ്മയുടെ മാതൃക

മുഹമ്മയുടെ മാതൃക

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മുഹമ്മയെ സിന്തറ്റിക് സാനിറ്ററി പാഡ് വിമുക്തമാക്കിയ പദ്ധതിയുടെ സീനിയർ പ്രോഗ്രാം ഓഫീസർ റീമ ആനന്ദുമായി പി എൽ ലതിക നടത്തുന്ന അഭിമുഖം

റീമ അശോക്

റീമ ആനന്ദ് .വായനക്കാർക്കുവേണ്ടി സ്വയം പരിചയപ്പെടുത്താമോ ?

ഞാൻ പത്തനംതിട്ട സ്വദേശിയാണ് . ജന്തു ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എം എഡും കരസ്ഥമാക്കിയിട്ടുണ്ട് . ഒരു ഹയർ സെക്കന്ററി സ്‌കൂൾ , കേന്ദ്രീയ വിദ്യാലയ, ചേർത്തല എസ് എൻ കോളേജ് എന്നിവിടങ്ങളിൽ അധ്യാപികയായി ജോലി ചെയ്തു .എന്നും സസ്യ ശാസ്ത്രവും പ്രകൃതിയും പരിസ്ഥിതിയും ആയിരുന്നു എന്റെ താല്പര്യങ്ങൾ .പിന്നീട് മങ്കൊമ്പ് റൈസ് റിസർച്ച് കേന്ദ്രത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോ ആയി ചേർന്നു അതിനു ശേഷം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ (CCPRI – CENTRAL PLANTATION CROP RESEARCH INSTITUTE) സീനിയർ റിസർച്ച് ഫെലോ ആയിട്ട് ഏഴു വർഷത്തോളം ജോലി ചെയ്തു. ആ സമയത്തു കുട്ടനാട്ടിലെ കാർഷിക മേഖലയിൽ വളരെ താല്പര്യമുണർത്തുന്ന പല പദ്ധതികളുടെയും ഭാഗമായി . അതിന്റെ തുടർച്ചയായാണ് ബാംഗ്ലൂർ ആസ്ഥാനമായ ATREE എന്ന എൻ ജി ഒ യിൽ ചേരുന്നത് . ആഗോള റാങ്കിങ്ങിൽ തന്നെ ആദ്യത്തെ പത്തു റാങ്കിങ്ങിൽ വരുന്ന( TEN GLOBAL THINK TANK ) ഇന്ത്യയിലെ ഒരു പരിസ്ഥിതി സംഘടനയാണ് ATREE . (അശോക ട്രസ്ററ് ഫോർ റിസർച് ഇൻ ഇ ക്കോളജി & ദി എൻവയോൺമെന്റ്) ഇന്ത്യയിൽ പല പരിസ്ഥിതി ലോല പ്രദേശങ്ങളുടെയും സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു . ഏകദേശം ആറോളം ഫീ.ൽഡ് സെന്ററുകൾ ഉണ്ട്.ഫീൽഡ് അക്കാദമികൾ .അതിലൊന്നാണ് ആലപ്പുഴയിലെ വേമ്പനാട് കായൽ സംരക്ഷണത്തിന് വേണ്ടിയുള്ള ATREE CERC .(കമ്മ്യൂണിറ്റി എൻവയോണ്മെന്റ് റിസോഴ്സ് സെന്റർ ). അവിടെ സീനിയർ പ്രോഗ്രാം ഓഫീസർ ആയി ഇപ്പോൾ ജോലി ചെയ്യുന്നു

മുഹമ്മയെ സാനിറ്ററി നാപ്കിൻ വിമുക്തമാക്കി എന്ന് പലയിടത്തും വായിക്കുകയുണ്ടായി പ്രോജെക്ടിനെ പറ്റി വിശദമായി പറയാമോ ?
എങ്ങനെയാണു ഈ ആശയം മനസ്സിലുദിച്ചത് ?

മുഹമ്മയെ സാനിറ്ററി നാപ്കിൻ വിമുക്തമാക്കുന്ന ഒരു പ്രോജക്ട് എന്നത് തനിയെ മനസ്സിൽ ഉദിച്ച ഒരു ആശയമാണെന്ന് പറയാൻ കഴിയില്ല. അതിന്റെ ഉറവിടം ഞാൻ വ്യക്തമാക്കാം
‘ആട്രീ ” വേമ്പനാട് കായൽ സംരക്ഷണം അഥവാ തണ്ണീർത്തട സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന NGO ആണ്. ആട്രി വേമ്പനാട്ടിൽ ധാരാളം പ്രോജക്ടുകൾ ചെയ്തുവരുന്നുണ്ട്. അതിലൊന്നാണ് ഐ എസ് ആർ ഒ യുടെ മാർക്കറ്റിംഗ് വിങ് ആയ ആൻട്രിക്സ് കോർപറേഷന്റെ ഒരു സി എസ് ആർ പ്രോജക്ട് . അത് ഒരു വില്ലേജ് ദത്തെടുക്കൽ അതായത് ഒരു തണ്ണീർത്തട ഗ്രാമത്തെ മാതൃകാ തണ്ണീർത്തട ഗ്രാമം ആക്കി മാറ്റുന്ന പദ്ധതിയാണ് . അതിനായി ഏറ്റെടുത്തത് മുഹമ്മ എന്ന ഗ്രാമമാണ് “മുഹമ്മോദയം ” എന്നാണ് പദ്ധതിയുടെ പേർ . മുഹമ്മ ഒരു കായലോര ഗ്രാമമാണ് മുഹമ്മയിൽ ധാരാളം കനാലുകൾ ഉണ്ട്.

കനാലുകളെ പുനരുജ്ജീവിപ്പിക്കൽ ഞങ്ങളുടെ പ്രോജക്റ്റിലെ ഒരു പ്രോഗ്രാം ആയിരുന്നു കനാലുകളുടെ പുനരുദ്ധാരണം നടക്കുന്ന സമയത്താണ് മെൻസ്ട്രുൽ വേസ്റ്റ് , അതായത് ഉപയോഗിച്ച സാനിറ്ററി പാഡുകൾ ഉണ്ടാക്കുന്ന മാലിന്യം ജലാശയങ്ങളിൽ വളരെയധികം കണ്ടുതുടങ്ങിയത് . ആ പ്രശ്നം നേരിട്ടപ്പോഴാണ് പരിഹാരത്തെ ക്കുറിച്ചു ആലോചിക്കുന്നത് . സ്ഥലത്തെ സ്ത്രീകളോട് സംസാരിക്കുകയും അതെത്ര വലിയ പ്രശ്നമാണെന്ന് മനസ്സിലാക്കുകയും ചെയ്തു . അല്ലെങ്കിലും ലോകമെമ്പാടും സിന്തറ്റിക് സാനിറ്ററി പാടുകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളും അവ നിർമാർജനം ചെയ്യാനുള്ള സൗകര്യക്കുറവും എന്നും സ്ത്രീകളുടെ പ്രശ്നമാണ് . എനിക്ക് ഈ വിഷയത്തിൽ കൂടുതൽ താല്പര്യം തോന്നി . കാരണം അതിനു മുൻപുതന്നെ സിന്തറ്റിക് പാഡുകളുടെ ഉപയോഗം ഞാൻ പൂർണമായി ഉപേക്ഷിക്കുകയും ആർത്തവ കപ്പിലേക്ക് മാറുകയും ചെയ്തിരുന്നു. അതുമൂലം ഈ വിഷയത്തെ പറ്റി സ്ത്രീകളോട് സംസാരിക്കാൻ എനിക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടായിരുന്നു .ഒന്ന് മനസ്സിലായി .അവിടത്തെ സ്ത്രീകൾക്ക് അവരുടെ പ്രശ്നം അവതരിപ്പിക്കാനോ ബദൽ തേടുവാനോ മാർഗമുണ്ടായിരുന്നില്ല . പാഡുകൾ ഉപയോഗിക്കുന്നു എങ്കിലും അവ എങ്ങനെ ഉപേക്ഷിക്കണമെന്ന് അറിവില്ല . ചിലർ കത്തിച്ചു കളയുന്നു, ഫ്ലഷ് ചെയ്യുന്നു .അതേ സമയം അതുമൂലം ചൊറിച്ചിൽ , പി സി ഒ ഡി , കത്തിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് അവർക്കു ബോധ്യമുണ്ട് . ആ അറിവിൽ നിന്നാണ് ബദൽ മാർഗങ്ങൾ ഞങ്ങളുടെ ഭാവി പദ്ധതിയായി രൂപം കൊള്ളുന്നത്

പകരം ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ്.?ഉൽപ്പന്നങ്ങളുടെ പ്രത്യേകതകൾ ? എന്ത് കൊണ്ട് നിർമ്മിച്ചിരിക്കുന്നു ?

പകരം ഉപയോഗിക്കുന്നത് രണ്ട് ഉൽപ്പന്നങ്ങളാണ്. ഒന്ന് തുണികൊണ്ടുള്ള നാപ്കിനുകൾ. നമ്മുടെ പഴയ തലമുറ തുണികൾ ഉപയോഗിച്ചിരുന്നവരാണ് ഇന്നുള്ള മധ്യവയസ്കരിൽ മുക്കാൽഭാഗവും തുണി ഉപയോഗിച്ചവരാണ്. തുണിപാഡുകൾ ഏകദേശം പഴയ തുണി ശീലത്തിന്റെ വേറൊരു പകർപ്പാണ്. എന്നാൽ ഇവിടെ വളരെ സോഫ്റ്റ് ആയിട്ടുള്ള കോട്ടൺ ഫ്ലാനൽ ആണ് ഉപയോഗിക്കുക . വളരെ മൃദുത്വമുള്ളതും ധാരാളം ഈർപ്പം വലിച്ചെടുക്കുന്നതും ആണ് കോട്ടൺ ഫ്ലാനൽ .അതിന്റെ പ്രത്യേകത എന്തെന്നാൽ വെള്ളമോ രക്തമോ ഏതെങ്കിലും ദ്രവമോ വീണാൽ അതിനെ ഉപരിതലം മുഴുവൻ തുല്യമായി വലിച്ചെടുക്കുകയും പുറമെ ഈർപ്പം നിലനിർത്താതിരിക്കുകയും ചെയ്യും .വെറും തുണി മടക്കി ഉപയോഗിക്കുമ്പോൾ രക്തം പുറത്തേക്കു കിനിയാനുള്ള സാധ്യതയുണ്ട് .എന്നാൽ കോട്ടൻ പാഡുകളുടെ ഏറ്റവും അടിയിലുള്ള ലേയർ പി യു എൽ (പോളി യുറിത്രീൻ ലാമിനേഷൻ ) ഉള്ളതാണ്
എട്ടു കോട്ടൺ ഫ്ലാനൽ ലേയറുകളുള്ളതിൽ ഏറ്റവും അടിയിലത്തേതിന്റെ ഉള്ളിൽ ആണ് പി യു ലാമിനേഷൻ ഉള്ളത്. സിന്തറ്റിക് നാപ്കിനുകൾ അടിവസ്ത്രത്തിൽ ഒട്ടിച്ചു വെക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ബട്ടണുകൾ ഉപയോഗിച്ച് ചേർത്ത് ഉറപ്പിച്ചു ഉപയോഗിക്കാവുന്ന മാതിരിയാണ് ഇവ രൂപ കല്പന ചെയ്തിട്ടുള്ളത് .മാത്രമല്ല കഴുകി വൃത്തിയാക്കി സൂക്ഷിച്ചുവെച്ച് വർഷങ്ങളോളം ഉപയോഗിക്കാൻ കഴിയും

മറ്റൊരു ബദൽ മാർഗം ആർത്തവ കപ്പുകൾ.ആണ് ആർത്തവ കപ്പുകൾ മെഡിക്കൽ ഗ്രേഡിലുള്ള സിലിക്കൺ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ശസ്ത്ര ക്രിയകൾക്ക് , breast implantation , കണ്ണുകൾക്കുള്ളിലെ ഉപയോഗം എന്നിവക്ക് ഉപയോഗിക്കുന്ന ഗ്രേഡ് സിലിക്കൺ എന്നർത്ഥം . ഇതുപയോഗിച്ചുണ്ടാക്കിയ ബെൽ ആകൃതിയിലുള്ള ഒരു ഉപകരണമാണ് ആർത്തവ കപ്പ് യോനിക്കുള്ളിലേക്ക് കടത്തിവെച്ചാണ് ഉപയോഗിക്കുക . പൂർണമായും ഉള്ളിൽ കടന്നിരിക്കുന്ന ഈ കപ്പ് രക്തം ശേഖരിക്കുകയും നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് അല്ലെങ്കിൽ നിറയുന്ന സമയത്ത് പുറത്തെടുത്ത് കളഞ്ഞ് വെള്ളത്തിൽ കഴുകി വീണ്ടും തിരിച്ചു വച്ച് ഉപയോഗിക്കാൻ കഴിയുകയും ചെയ്യും ഏകദേശം എട്ടു മുതൽ 10 വർഷം വരെ ഒരു കപ്പ് ഉപയോഗിക്കാം ഉപയോഗം കഴിയുമ്പോൾ കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വെച്ച് പുനരുപയോഗം ചെയ്യാം . ഈ രണ്ടു ബദൽ മാർഗങ്ങളാണ് ഞങ്ങൾ മുഹമ്മയിൽ പ്രചരിപ്പിച്ചത് .

എവിടെ നിന്നാണ് ഇവ ലഭിക്കുക ? എവിടെയൊക്കെയാണ് ഇവ ഉൽപ്പാദിപ്പിക്കുന്നത് ?

രണ്ടു ഉൽപ്പന്നങ്ങളും ഓൺലൈൻ മാർക്കറ്റിൽ ലഭ്യമാണ് . പല പേരിലുള്ള പല ബ്രാൻഡിലുള്ള ഉല്പന്നങ്ങളും ലഭിക്കും . ഞങ്ങൾ പദ്ധതിക്കുവേണ്ടി ഉപയോഗിച്ചത് പോണ്ടിച്ചേരി ആസ്ഥാനമായുള്ള ഓറോവിലിലെ ഇക്കോഫെം (Ecofemme ) ഉണ്ടാക്കുന്ന കോട്ടൺ പാഡുകളാണ്. ഇക്കോഫെമിലെ സ്ത്രീകളാണ് ഇവ നിർമ്മിക്കുന്നത് . ലോകത്തിലെ തന്നെ ഏറ്റവും വലിയ കോട്ടൺ പാഡ് ഉൽപ്പാദകർ ഇവരാണെന്നാണ് അറിയുന്നത്. കേരളത്തിൽ ഇതുവരെ ആർത്തവ കപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ വന്നിട്ടില്ല . ബാംഗ്ലൂർ മുംബൈ എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ക്രെസെന്റ്ഷ്യ എന്ന മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്നാണ് ഞങ്ങൾ ആർത്തവ കപ്പുകൾ വാങ്ങിയത്

ഉൽപ്പന്നങ്ങളുടെ വില നിലവാരം എങ്ങനെ ? ഉൽപ്പന്നങ്ങളുടെ പ്രത്യേകതകൾ ?

ഒരു തുണി പാഡിന് 200 മുതൽ 245 രൂപ വരെ വില വരുന്നുണ്ട്. ഞങ്ങളുടെ പദ്ധതിയ്ക്ക് വേണ്ടി ഓറോവിലിൽ നിന്ന് വാങ്ങിയ തുണി പാഡിന് ഓൺലൈൻ വിപണിയിൽ ഒന്നിന് 245 രൂപ വിലയാണ് .ആർത്തവ കപ്പ് പല വിലയ്ക്ക് ലഭ്യമാണ് 150 .രൂപയിൽ തുടങ്ങി 2000 രൂപ വരെ വിലയുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ഉണ്ട് ഇതിനെ കുറിച്ച് എനിക്ക് പറയാനുള്ളത് ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാൻ പാടില്ല . കാരണം ഇത് നമുക്ക് ദീർഘകാലം ഉപയോഗിക്കാനുള്ളതാണ് , ശരീരത്തിന്റെ ഉള്ളിൽ വെച്ച് ഉപയോഗിക്കാനുള്ളത്. അതുകൊണ്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ നിർദിഷ്ട ഗുണമേന്മ ഉള്ളതായിരിക്കണം . സിലക്കണിന്റെ ക്വാളിറ്റി സ്റ്റാൻഡേർഡിനെ കുറിച്ച് ഞാൻ പറഞ്ഞുവല്ലോ . ഞങ്ങൾ ഇവിടെ 600 രൂപ വിലയുള്ള കപ്പുകളാണ് ഉപയോഗിച്ചത് .

ഉപയോഗത്തിന് ശേഷം എങ്ങനെയാണു ഇവ സംസ്കരിക്കുക ?

ഇവ സംസ്കരിക്കേണ്ടി വരുന്നില്ല . പുനരുപയോഗിക്കുകയാണ് ചെയ്യുക .വർഷങ്ങളോളം ഉപയോഗിക്കാം .ഉപയോഗ കാലം കഴിഞ്ഞു ഉപേക്ഷിക്കേണ്ടി വരുമ്പോൾ , ആർത്തവ കപ്പിലെ സിലിക്കൺ റീസൈക്കിൾ ചെയ്യാൻ പറ്റുന്നതാണ് , തുണി പാഡുകൾ ഉപേക്ഷിക്കുമ്പോൾ ഒരു വിധത്തിലുള്ള പരിസ്ഥിതി ദോഷവും ഉണ്ടാക്കുന്നില്ല രണ്ടു ഉൽപ്പന്നങ്ങളും തികച്ചും പരിസ്ഥിതി സൗഹൃദമാണ് .

എന്നാണ് സംരംഭത്തിന് തുടക്കം കുറിച്ചത് ? എങ്ങനെ പ്രചാരണം നടത്തി ? സർക്കാർ സ്ഥാപനങ്ങളുടെയോ ,ഏജൻസികളുടെയോ സഹകരണം ലഭിച്ചുവോ ?ഇത് പഞ്ചായത്തു , ജില്ലാ , സംസ്ഥാനതലത്തിൽ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുവാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടോ ? എന്തായിരുന്നു പ്രതികരണം ?

പ്രധാന പ്പെട്ട ഒരു ചോദ്യമാണിത് . സംരംഭം തുടങ്ങിയത് 2019 മാർച്ചിലാണ്‌ . മുഹമ്മയിലെ ഒരു പ്രത്യേക പ്രശ്നത്തിന്തു പരിഹാരമായിട്ടാണല്ലോ പദ്ധതിയുടെ തുടക്കം . അതിനാൽ അതിനു ആദ്യം മുതൽ ജനശ്രദ്ധ ലഭിച്ചു .പൊതുജന പങ്കാളിത്തമുള്ള ഒരു ശ്രമമായിരുന്നു കനാൽ വൃത്തിയാക്കൽ അത് കൊണ്ട് പഞ്ചായത്തധികൃതരും പൊതു ജനങ്ങളും ആരോഗ്യവകുപ്പിന്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു തൊഴിലുറപ്പുകാരാണ് വൃത്തിയാക്കലിൽ ഏർപ്പെട്ടത് . ആദ്യമായി സ്ത്രീകളുടെ മീറ്റിംഗ് വിളിച്ചത് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ , 16 വാർഡിലെയും ആശാ വർക്കർ മാരുടെ സഹകരണത്തോടെയാണ് . ആശാ വർക്കർമാർ ആരോഗ്യ കാര്യങ്ങളുമായി കുടുംബങ്ങളോട് നിരന്തര ബന്ധം പുലർത്തുന്നവരാകയാൽ ആ വിശ്വാസ്യത ഞങ്ങൾക്കുപകരിച്ചു .അങ്ങനെ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും, ഐ സി ഡി എസ് , കുടുംബശ്രീ തുടങ്ങിയ സംഘ ടനകളുടെയും സഹകരണം എല്ലാ ഘട്ടങ്ങളിലും ലഭിച്ചു .തുടക്കം മുതൽ തന്നെ ഉപഭോക്താക്കൾക്കിടയിൽ അതായതു മുഹമ്മയിലെ സ്ത്രീകൾക്കിടയിൽ നല്ല സ്വീകാര്യത ഉണ്ടായിരുന്നു പ്രത്യേകിച്ചും നമ്മുടെ തുണിപാഡുകൾ സ്വീകരിക്കുന്നതിൽ അവർ മുൻപന്തിയിലായിരുന്നു. അവിടത്തെ സാധാരണക്കാരായ സ്ത്രീകൾ മിക്കവരും കയർ പിരിക്കുന്നവരും കക്ക വാരുന്നവരും ആണ്. അവർ കൂടുതലും പഴയ രീതികൾ തുടരുന്നവരാണ് . അത് കൊണ്ട് വളരെ സൗകര്യമായി ഉപയോഗിക്കാവുന്ന തുണി പാഡുകൾ അവർക്കിടയിൽ പെട്ടെന്ന് സ്വീകരിക്കപ്പെട്ടു . വളരെ പതിയെയാണെങ്കിലും ചെറുപ്പക്കാർക്കിടയിൽ ആർത്തവ കപ്പുകളും സ്വീകാര്യത നേടി.

പഞ്ചായത്തു ഭരണ സമിതിയുടെ സഹകരണം എടുത്തു പറയേണ്ടതാണ് .പഞ്ചായത്തു പ്രസിഡണ്ട് ശ്രീ ജയലാൽ പദ്ധതിയിൽ പ്രത്യേക താല്പര്യമെടുത്തു . ജില്ലാ പഞ്ചായത്തിന്റെയും മറ്റു പഞ്ചായത്തുകളുടെയും മുന്നിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ വെച്ചു . അത് കൊണ്ട് മാധ്യമങ്ങളുടെയും ശ്രദ്ധ ലഭിച്ചു . മാത്രമല്ല കേട്ടറിഞ്ഞ സ്ഥലങ്ങളിൽ നിന്നെല്ലാം പദ്ധതിയെ കുറിച്ചുള്ള അന്വേഷണങ്ങൾ വരികയുണ്ടായി .പല പഞ്ചായത്തുകളും സമാന പദ്ധതികൾ നടപ്പിലാക്കുവാനുള്ള ആഭിമുഖ്യം പ്രദർശിപ്പിക്കുകയും ചെയ്തിരിക്കുന്നു . പൊതുവെ സമൂഹത്തിൽ നിന്നൊട്ടാകെ പോസിറ്റീവ് ആയ പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത് .

ഇത് പ്രാദേശികമായി തൊഴിൽ സൃഷ്ടിക്കുന്നില്ലേ ? അത്തരം യൂണിറ്റുകൾ മുഹമമയിൽ പ്രവർത്തിക്കുന്നുണ്ടോ ?

തുണി പാഡ് നിർമ്മാണം പ്രാദേശികമായി തൊഴിൽ സൃഷ്ടിക്കാവുന്ന ഒരു പദ്ധതിയാണ് പക്ഷെ ഞങ്ങൾ .മുഹമ്മയിൽ ഇത് പ്രവർത്തികമാക്കുമ്പോൾ അങ്ങനെ ഒരു ഉൽപ്പാദന യൂണിറ്റ് തുടങ്ങിയില്ല . ഞങ്ങൾ പുറത്തു നിന്ന് വരുത്തുവാൻ കാരണമുണ്ട് . ആ സമയത്ത് തുണിപാഡുകൾക്കു ഇവിടത്തെ മാർക്കറ്റിലോ ആളുകൾക്കിടയിലോ പ്രചാരമില്ല ഒരു പുതിയ പ്രോഡക്റ്റ് ഇങ്ങനെയുള്ള സ്ഥലത്തു ഉൽപ്പാദിപ്പിക്കുമ്പോൾ ആദ്യം അതിനു വിപണിയിൽ സ്റ്റെഡി ഡിമാൻഡ് ഉണ്ടായിരിക്കണമല്ലോ . അല്ലെങ്കിൽ അതിനു സുസ്ഥിരവിജയം കൈവരിക്കാൻ കഴിയില്ല അത് ഉണ്ടാക്കിയെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്
ആർത്തവ ശുചീത്വവുമായി ബന്ധപ്പെട്ടതായതു കൊണ്ട് ആദ്യമായി അവബോധപ്രവർത്തനമാണ് വേണ്ടത് കാരണം ഇപ്പോൾ മാർക്കറ്റിൽ ഉള്ള സിന്തറ്റിക് ഉൽപ്പന്നങ്ങളുടെ ന്യുനതകളും അവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യ സംബന്ധമായ ഗുണവും ബോധ്യപ്പെടുത്തേണ്ടതുണ്ട് .അവരുടെ ശീലം മാറ്റിയെടുക്കേണ്ടതുണ്ട്. അങ്ങനെ ഒരു ഡിമാൻസ് ഉണ്ടായതിനു ശേഷം മാത്രമേ ഒരു യൂണിറ്റ് വിഭാവനം ചെയ്യുന്നതിൽ അർത്ഥമുള്ളൂ .ആദ്യം തന്നെ മാർക്കറ്റിൽ 245 രൂപ വിലയുള്ള ഒരു ഉൽപ്പന്നം വാങ്ങിക്കുവാൻ ഗ്രാമീണ സ്ത്രീകളോട് പറഞ്ഞാൽ അവർ പെട്ടെന്ന് തയ്യാറാവുകയില്ല . അത് കൊണ്ട് ഞങ്ങൾ പദ്ധതിയുടെ ഭാഗമായി സബ്ഡിഡിയോടെ 245 രൂപയുടെ പാഡ് 50 രൂപക്കും 600 രൂപയുടെ ആർത്തവ കപ്പു 100 രൂപക്കും ആണ് വിതരണം ചെയ്തത് . അതിന് പദ്ധതി വിഹിതവും എക്കോഫെമിന്റെ സബ്‌സിഡിയും ഉപയോഗിച്ചു .ഒരു പാഡ് അഥവാ കപ്പ് ഉപയോഗിക്കാവുന്ന കാലദൈർഘ്യം കണക്കിലെടുക്കുമ്പോഴാണ് വില നിസ്സാരമാണെന്ന് മനസ്സിലാവുക .

പദ്ധതിക്കു പ്രചാരം ലഭിച്ചതോടെ മുഹമ്മയ്ക്കു പുറത്തും ബദൽ ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കുന്നുണ്ട് . ഇപ്പോൾ ഞങ്ങൾ മുഹമ്മയിലോ സമീപ പ്രദേശത്തോ ഒരു ഉൽപ്പാദന യൂണിറ്റ് തുടങ്ങുവാൻ പദ്ധതിയിടുന്നുണ്ട്. കൊല്ലത്തെ അഷ്ടമുടി വേറൊരു സംരക്ഷണ മേഖലയാണ് . പല ജില്ലാപഞ്ചായത്തുകളും ഇത്തരം യൂണിറ്റുകൾ തുടങ്ങാൻ മുന്നോട്ടു വരുന്നുണ്ട് . തിരുവനന്തപുരം കോർപറേഷന് ഒരു തുണി പാഡ് പ്ലാന്റ് അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു എന്നാണറിയുന്നത് . തീർച്ചയായും ഇത് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

സ്ത്രീകൾ , യുവതലമുറ , കൗമാരക്കാർ എന്നിവർ നിലവിലുള്ള പ്രസിദ്ധ ബ്രാൻഡ് ഉല്പന്നങ്ങളെക്കാൾ ഈ ബദൽ മാർഗങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ ? എന്താണ് ഫീഡ്ബാക്ക് ?

എന്റെ അനുഭവങ്ങളിൽ നിന്ന് മനസ്സിലായത് എല്ലാ തലമുറകളിൽ പെട്ടവരും എല്ലാ സാമ്പത്തിക ശ്രേണിയിൽ പെട്ടവരും ആയ സ്ത്രീകൾ ഈ മാറ്റത്തെ വളരെയധികം സ്വാഗതം ചെയ്യുന്നതായിട്ടാണ് . സ്കൂൾ വിദ്യാർഥികൾ മുതൽ . സിന്തറ്റിക് പാഡു ശീലമാക്കിയ തലമുറയിൽ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ച തോതിൽ കാണപ്പെടുന്നു , ചൊറിച്ചിൽ , അലർജി എന്നിവ സാധാരണമാണ് . PCOD വ്യാപകമായിരിക്കുന്നു . ഗർഭപാത്രം നീക്കം ചെയ്യലിൽ വലിയ വർദ്ധനയാണ് കാണുന്നത് . പുറമെ പാരിസ്ഥിക മലിനീകരണത്തെപ്പറ്റിയുള്ള അവബോധം സമൂഹത്തിൽ വർദ്ധിക്കുകയാണ് .അത് കൊണ്ടാവാം സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം ബദൽ മാർഗങ്ങളോട് പോസിറ്റീവ് ആറ്റിട്യൂഡ് കാണുന്നത്

പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശമുണ്ടോ ?

തീർച്ചയായും പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നു ഉദ്ദേശമുണ്ട് . അതേസമയം ആട്രീ പ്രധാനമായും വേമ്പനാട് തണ്ണീർ തട സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ്. പരിസ്ഥിതി സംരക്ഷണമാണ് ഞങ്ങളുടെ പ്രധാന പ്രോഗ്രാം. . ആട്രീ മുൻകൈയെടുത്തു പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിലുപരി ഇത്തരം ഒരു സംരംഭവുമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്ന പഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്തുകൾക്കും വേണ്ട മാർഗ നിർദേശവും സാങ്കേതിക സഹായവും നല്കുന്നതിനാണ് ഞങ്ങൾ ഊന്നൽ നൽകുന്നത് . കൊല്ലത്തെ അഷ്ടമുടിയിലും സമാനമായ ഒരു പദ്ധതിക്ക് വേണ്ടി അധികൃതരുമായി ധാരണയിൽ എത്തിയിട്ടുണ്ട്. .തൃശൂർ, കണ്ണൂർ എറണാകുളം ജില്ലകളിൽ നിന്ന് ഞങ്ങൾക്ക് അന്വേഷണം ലഭിച്ചിട്ടുണ്ട്‌ .

ആരിൽ നിന്നെങ്കിലും ഏതെങ്കിലും ഘട്ടത്തിൽ എതിർപ്പോ പ്രതിഷേധമോ നേരിടേണ്ടി വന്നിട്ടുണ്ടോ ? എങ്ങനെ മറികടന്നു ?

എതിർപ്പോ പ്രതിഷേധമോ എനിക്ക് ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ എല്ലാം സുഗമമായിരുന്നു എന്നർത്ഥമില്ല .പലവിധത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് . പ്രധാനമായും നമ്മുടെ സമൂഹത്തിനു ഈ വിഷയം ചർച്ച ചെയ്യാനുള്ള സങ്കോചവും അവജ്ഞയും മൂലമുള്ള വിമുഖത പല സ്ഥലങ്ങളിലും നേരിടേണ്ടി വന്നിട്ടുണ്ട്.ആർത്തവത്തോട് അനുബന്ധിച്ചുള്ള അനാചാരങ്ങൾ പലതും ഉണ്ടല്ലോ .തുണിപാഡുകൾക്കെതിരെ പൊതുവെ വിമർശനം ഉണ്ടായിട്ടില്ല പക്ഷെ ആർത്തവ കപ്പുകളെ സംബന്ധിച്ച്ചില വിദ്യാലയങ്ങളുടെ അധികൃതർ സങ്കോചം പ്രകടിപ്പിക്കുകയുണ്ടായി പുറമെ ,ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെ കുറിച്ചുള്ള മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതു കൊണ്ടുള്ള പ്രശ്ങ്ങനൾ ഉണ്ടായിട്ടുണ്ട്. സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ ഇത്തരം ചെറിയ പ്രശ്നങ്ങൾ തരണം ചെയ്യാൻ സാധിച്ചു . ഒരു എൻ ജി ഓ യേക്കാൾ വിശ്വാസ്യത ആരോഗ്യപ്രവർത്തകർക്കു സമൂഹത്തിൽ ഉള്ളത് കൊണ്ട് ആരോഗ്യവകുപ്പിന്റെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെയും പങ്കാളിത്തം ജനങ്ങൾ കൂടുതൽ ഗൗരവത്തോടെ എടുക്കാൻ സഹായിച്ചിട്ടുണ്ട് .

മുഹമ്മോദയം പദ്ധതിക്ക് എന്തെല്ലാം അംഗീകാരം ലഭിച്ചിട്ടുണ്ട്? അന്തർദേശീയ തലത്തിൽ ഒരു evaluvation ന്റെ ഭാഗമായി എന്ന് കാണുന്നു . അതിന്റെ വിവരങ്ങൾ വായനക്കാരുമായി പങ്കുവെയ്ക്കാമോ ?

ആദ്യ ത്തെ അംഗീകാരം മുഹമ്മയെ പൂർണമായും സിന്തറ്റിക്സാനിറ്ററിപാഡ് വിമുക്ത ഗ്രാമമായി പ്രഖ്യാപിക്കാൻ കഴിഞ്ഞത് തന്നെയാണ്. 2019 നവംബറിൽ തന്നെ ഹരിത കേരള മിഷന്റെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ മാലിന്യ സംസ്കരണ പദ്ധതികൾ അവതരിപ്പിക്കുന്ന വേദിയിൽ മുഹമ്മ തിരഞ്ഞെടുക്കപ്പെടുകയും അംഗീകാരം നേടുകയും ചെയ്തു . മാത്രമല്ല പല പഞ്ചായത്തുകളുടെയും മാർഗ രേഖകളിലും മുഹമ്മ ഒരു മാതൃകയായിക്കഴിഞ്ഞു . ഇതിനു പുറമെ ആഗോളതലത്തിൽ യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന “റെയർ സൊല്യൂഷൻ സെർച്ച് “നടത്തുന്ന മത്സരത്തിൽ നൂറോളം രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പത്തു മത്സരാർത്ഥികളിൽ മുഹമ്മയിലെ സംരംഭം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ജലമലിനീകരണം മൂലമുള്ള ശീതമാറ്റം ആണവരുടെ വിഷയം . ജനങ്ങളിൽ നിന്ന് തന്നെ പരിഹാരങ്ങൾ തേടുകയാണവരുടെ രീതി .മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചിട്ടില്ല . മത്സരം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ് സെപ്തംബർ അവസാനത്തിൽ മാത്രമേ വിജയിയെ പ്രഖ്യാപിക്കുകയുള്ളൂ .ഗ്ലോബൽ കോണ്ടെസ്റ്റിൽ വിജയിയെ നിർണയിക്കുന്ന മാനദണ്ഡം ഏജൻസി പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. മുഖ്യമായും ജനങ്ങളുടെ ഇടയിൽ ശീലമാറ്റം കൊണ്ട് വന്ന് അതുവഴി ജലമലിനീകരണം തടയാനുള്ള മാർഗങ്ങൾക്കാണ് മുൻ‌തൂക്കം നൽകുന്നത്. മത്രമല്ല പദ്ധതി മറ്റെവിടെയും പ്രാവർത്തികമാക്കാൻ പറ്റുമോ എന്നതും അവരുടെ പരിഗണനാ വിഷയമാണ് .

വിജയിക്കുകയാണെങ്കിൽ സാമ്പത്തിക നേട്ടം ഉണ്ടാവുമോ ?

വിജയിക്കുകയാണെങ്കിൽ തീർച്ചയായും സാമ്പത്തിക സഹായം ഉണ്ടാവും .അവാർഡ് തന്നെ കാഷ് പ്രൈസ് ആണ് . അത് ആട്രീക്കുള്ള അവാർഡ് ആയിരിക്കും .ആട്രീയുടെ ഈ പ്രോജെക്ടിനോ മറ്റു പ്രൊജെക്ടുകൾക്കോ ഉപയോഗിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്

ഈ വിവരം വളരെ ആവേശം പകരുന്നതാണ്. ഗുരുതരമായ പല പ്രശ്‌നങ്ങൾക്കാണ് ന്യൂനതകൾ ഇല്ലാത്ത പരിഹാരം ഉരുത്തിരിയുന്നത് . മലയാളനാടിന്റെ വിജയാശംസകൾ .

Comments
Print Friendly, PDF & Email

You may also like