പൂമുഖം INTERVIEW ഹരിതവിപ്ലവം മുതൽ മില്ലറ്റ് വിപ്ലവം വരെ

ഹരിതവിപ്ലവം മുതൽ മില്ലറ്റ് വിപ്ലവം വരെ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

തൊഴിൽ നഷ്ടങ്ങളുടെ കാലത്തു ഓരോ അടുക്കളയും ഒരു വരുമാനസ്രോതസ്സാവണമെന്നും ഓരോ മുറ്റവും കൃഷിഭൂമി യാവണമെന്നും തിരിച്ചറിയുന്ന മഹാമാരിക്കാലത്തു അത്യന്തം കാലിക പ്രസക്തിയുള്ള പുതു സംരംഭവുമായി കാലുറപ്പിക്കുന്ന ഒരു വനിതയെ പരിചയപ്പെടുത്താൻ സന്തോഷമുണ്ട്.

കോയമ്പത്തുരിൽ 2018 ൽ ആരംഭിച്ച ചെറു വ്യവസായ സംരംഭമാണ് Annam flour and batter solutions. പോഷക സമൃദ്ധമായ ചെറു ധാന്യങ്ങൾ ഒറ്റക്കും വ്യത്യസ്ത മിശ്രിതങ്ങളായും പൊടി, മാവ്, റവ എന്നീ രൂപങ്ങളിൽ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നു. വർഷങ്ങളായി കോയമ്പത്തൂരിൽ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശി ശ്രീമതി മിനി ശ്രീനിവാസനാണു സംരംഭക. ഭൂരിഭാഗം തൊഴിലാളികളും വനിതകൾ ആണ് എന്ന പ്രത്യേകതയുണ്ട്.

പാവങ്ങളുടെ അരിയാഹാരം കഴിക്കാനില്ലാത്തവരുടെ , ഭക്ഷണമായി പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ചെറുധാന്യങ്ങൾ ആധുനികന്റെ സമ്പന്ന തീൻമേശയിൽ സ്ഥാനം പിടിച്ചിരിക്കുന്നു എന്നത് എത്രത്തോളം വാസ്തവമാണ് ?എന്താണതിന്റെ കാരണങ്ങൾ ?

ആറു പതിറ്റാണ്ടുകൾക്കു മുൻപുവരെ മില്ലറ്റുകൾ നമ്മുടെ ഭക്ഷണത്തിൻ്റെ പ്രധാന ഭാഗമായിരുന്നു. അരിയോളം തന്നെ പ്രാധാന്യം ചാമയ്ക്കും തിനക്കും റാഗിക്കും ഉണ്ടായിരുന്നു. ഗോതമ്പാകട്ടെ തീരെ ഉപയോഗിച്ചിരുന്നുമില്ല. 1960 ലെ ഹരിതവിപ്ലവത്തിൻ്റെ ഭാഗമായി അരിയുടെയും ഗോതമ്പിൻ്റെയും ഉൽപാദനത്തിൽ വൻ വർദ്ധനവുണ്ടായി. ലോകത്താകമാനം അത്യുൽപാദനശേഷിയുള്ള സങ്കരയിനം വിത്തുകൾ ഉപയോഗിച്ചുള്ള കൃഷി രീതിയും രാസവളങ്ങളുടെ ഉപയോഗവും നിലവിൽ വന്നു. ഇന്ത്യയിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. മില്ലറ്റുകൾ അഥവാ ചെറു ധാന്യങ്ങൾ നമുക്കന്യമായി. പട്ടിണി മാറ്റാനും ക്ഷാമമകറ്റാനും ലക്ഷ്യം വച്ചുള്ള ഈ ഹരിതവിപ്ലവത്തിൻ്റെ ചില പാർശ്വഫലങ്ങളും അന്നു തന്നെ പരാമർശിക്കപ്പെട്ടിരുന്നു.

അതിലൊന്ന്, പരമ്പരാഗത സമ്പ്രദായങ്ങളിൽ നിന്നും വ്യത്യസ്തമായ ഈ കൃഷി രീതിയും ഭക്ഷണക്രമവും കാലക്രമേണ ഇരുമ്പിൻ്റേയും ജീവകം എ യുടേയും അഭാവം ആളുകളിൽ സൃഷ്ടിക്കുമെന്നാണ്. രാസകീടനാശിനികൾ ഉപയോഗിച്ചുള്ള കൃഷിരീതി കൊണ്ട് പരിസ്ഥിതിക്കു വരാവുന്ന മാറ്റവും, പോഷണവൈകല്യം മൂലമുള്ള ശിശുമരണങ്ങളും, അർബുദമടക്കമുള്ള രോഗങ്ങളുടെ ക്രമാതീതമായ വർദ്ധനവും എന്നുവേണ്ട നാമിന്നനുഭവിക്കുന്ന അനേകം ജീവിതശൈലീ പ്രശ്നങ്ങളും അന്നു തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ഹരിതവിപ്ലവത്തെ തുടർന്ന് ചെറുധാന്യങ്ങളുടെ കൃഷി കുറച്ച് പ്രദേശങ്ങളിലേക്ക് മാത്രമായി ചുരുങ്ങി, വിപണനം കുറവായതിനാൽ ഉൽപാദനവും കുറഞ്ഞു. ഒരു കാലത്ത് നമ്മുടെ ഭക്ഷണത്തിൽ വലിയ സ്ഥാനമുണ്ടായിരുന്ന ചാമ പോലെയുള്ള ധാന്യങ്ങൾ കണ്ടിട്ടുകൂടിയില്ലാത്ത ആളുകളുടെ എണ്ണം കൂടി. അരിയിൽ നിന്നും ഗോതമ്പിൽ നിന്നും വീണ്ടും മുന്നേറി നമ്മൾ മൈദ ഉപയോഗിച്ചുള്ള ജങ്ക് ഫുഡിലേക്ക് കടന്നു.

അങ്ങിനെയിരിക്കെയാണ് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വിപത്തായി കോവിഡ് എന്ന മഹാമാരിയെത്തുന്നത്. പ്രതിരോധശേഷിയില്ലാത്ത ശരീരങ്ങൾ വേഗത്തിൽ അടിയറവു പറയുന്നത് നമുക്ക് നോക്കി നിൽക്കേണ്ടിവന്നു. ഇപ്പോഴും ഭയപ്പാടോടെ നാം അകത്തിരിക്കുന്നു. ഇനിയും വൈറസുകൾ വരാമെന്നും ആരോഗ്യമില്ലാത്ത ആരും ഒന്നും നിലനിൽക്കില്ലെന്നും ഉള്ള തിരിച്ചറിവിൽനിന്നാണ് ജീവിതശൈലീ മാറ്റത്തെക്കുറിച്ച് നാം ചിന്തിക്കുന്നത്. ആ ചിന്തയിൽ നിന്നുമാണ് കഴിഞ്ഞ ഒരു വർഷമായി മില്ലറ്റ്‌സ് അഥവാ ചെറു ധാന്യങ്ങൾ ഇവിടെ വിപ്ലവം സൃഷ്ടിക്കുന്നത്.

എന്താണ് മില്ലറ്റുകൾ?

പുല്ല് വർഗ്ഗത്തിൽപ്പെടുന്ന ധാന്യ വിളയാണ് മില്ലറ്റ്സ്. ഗ്ലൂട്ടൻ ഇല്ല എന്നതും ഗ്ലൈസീമിക് സൂചിക വളരെ കുറവാണെന്നതും ഇതിനെ സൂപ്പർ ഫുഡ്സ് എന്ന കാറ്റഗറിയിൽപെടുത്തുന്നു. മില്ലറ്റുകൾ പലതരം ഉണ്ടെങ്കിലും ഇന്ത്യയിൽ ജനപ്രിയമായവ എട്ടു തരം മില്ലറ്റുകൾ ആണ്. അവ റാഗി, കമ്പ്, ചോളം, ചാമ, തിന, വരഗ്, കുതിരവാലി Brown top എന്നിവയാണ്. നാം സാധാരണ കഴിക്കുന്ന ഇഡലി, ദോശ തൊട്ട് ബിരിയാണി വരെയും എന്തിന് മധുരപലഹാരങ്ങൾ പോലും ഈ ധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കാൻ സാധിക്കും. ഒരു കാലത്ത് പാവങ്ങളുടെ ഭക്ഷണമായി പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഈ ധാന്യങ്ങൾ ആധുനികൻ്റെ തീൻമേശയിലെ പ്രധാന ഭക്ഷണമാവാനുള്ള കാരണം ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയും അതിൻ്റെ പ്രതിവിധികളെക്കുറിച്ച് അടുത്ത കാലത്തുണ്ടായ അവബോധവുമാണ്.

മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ മേഖലയിൽ പ്രവൃത്തിയെടുത്ത ആൾക്ക് ചെറു വ്യാവസായിക സംരംഭകയാവാൻ ഉണ്ടായ പ്രേരണ? അതിൽ ഈ മേഖല തിരഞ്ഞെടുക്കുവാനുണ്ടായ സാഹചര്യം ?

മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ എന്ന ജോലി ഞാൻ ആരംഭിക്കുന്ന സമയത്ത് അതു നമുക്കത്ര പരിചയമില്ലാത്ത തികച്ചുമൊരു നൂജനറേഷൻ ജോലിയായിരുന്നു. പന്ത്രണ്ട് വർഷം ഞാൻ ആ ജോലി ചെയ്തു. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ശക്തമായപ്പോൾ അഞ്ചു വർഷം മുൻപ് വിരമിച്ചു ‘സ്വന്തമായി എന്തെങ്കിലും’ എന്നല്ലാതെ അത് എന്ത് എന്ന് എനിക്കറിയില്ലായിരുന്നു. അത് പരമ്പരാഗത ഭക്ഷണമാണെന്ന് തിരിച്ചറിയാൻ ഒരു വർഷമെടുത്തു. അത് മില്ലറ്റ്സ് എന്ന അത്ഭുത ധാന്യങ്ങളാണെന്ന് തിരിച്ചറിയാൻ വീണ്ടും സമയമെടുത്തു. ഒരിക്കൽ ചെറുധാന്യങ്ങൾ വിൽക്കുന്ന ഒരു കർഷകനെ പരിചയപ്പെട്ടു. അയാൾ അന്നു പറഞ്ഞ ധാന്യങ്ങളുടെ പേരുകളിൽ പലതും അന്നേവരെ കേട്ടിട്ടേയില്ലായിരുന്നു. എങ്കിലും അയാളുടെ വിവരണത്തിൻ്റെ ഗുണം കൊണ്ടാവാം അവയെക്കുറിച്ച് കുടുതൽ അറിയണമെന്നും ബിസിനസ്സ് ചെയ്യണമെന്നും താൽപര്യം തോന്നി.

കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. മില്ലറ്റുകളുടെ സ്രോതസു തൊട്ട് അതുകൊണ്ട് ഉണ്ടാക്കുന്ന ആഹാരസാധനങ്ങൾ വരെ തികച്ചും പുതിയതായിരുന്നു. പലതും സ്വയം പരീക്ഷിച്ച് പഠിച്ചെടുക്കേണ്ടി വന്നു. കുറച്ച് നാട്ടറിവുകൾ ആയിരുന്നു ആകെ ഉണ്ടായിരുന്നത് . അതിൽത്തന്നെ വൈരുദ്ധ്യങ്ങൾ ഉണ്ടായിരുന്നു.

കാര്യങ്ങൾ ഇങ്ങിനെയൊക്കെ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് വരുന്നത്. വ്യക്തികൾ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായി. അവർ മില്ലറ്റ്സ്റ്റ് അന്വേഷിച്ചു വന്നു തുടങ്ങി. ഞാൻ ചെറുധാന്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് എത്രയോ മുൻപ് തന്നെ ”No rice No wheat” ഫോർമുല പിൻതുടർന്നിരുന്ന ഡോക്ടർമാരുടേയും ഇക്കോളജിസ്റ്റുകളുടേയുമൊക്കെ സപ്പോർട്ട് എനിക്ക് കിട്ടി.

യൂണിറ്റിനെക്കുറിച്ച് പറയു. തുടക്കം, അംഗ സംഖ്യ, സ്ത്രീകളുടെ പങ്കാളിത്തം, അടിസ്ഥാന ഘടകങ്ങൾക്ക് വേണ്ടിവന്ന നിക്ഷേപം ?

തുടക്കം അതീവക്ലേശകരമായിരുന്നു എന്ന് പറഞ്ഞുവല്ലോ. ഒരു പൾവറൈസറും റോസ്റ്റിംഗ് മെഷീനും ഉപയോഗിച്ച് ഒരു സ്റ്റാഫിനേയും വച്ച് ഒരു 8*8 മുറിക്കുള്ളിൽ ഞാനെൻ്റെ സ്വപ്നത്തിന് തുടക്കം കുറിച്ചു. തീരെ ചെറിയ അളവിൽ ധാന്യങ്ങൾ വാങ്ങി പലരോടും ചോദിച്ചു മനസ്സിലാക്കിയും, നെറ്റിൽ സർച്ച് ചെയ്തും പിന്നെ എൻ്റെ മനോധർമ്മമനുസരിച്ചും ഞാൻ പല ഉൽപന്നങ്ങളും ഉണ്ടാക്കിത്തുടങ്ങി. കടയിൽ വരുന്നവർക്കും പിന്നെ പരിചയക്കാർക്കും വിലയ്ക്കും അല്ലാതെയും ഞാനവ കൊടുത്തു, ഒപ്പം അവ എങ്ങിനെ ഉപയോഗിക്കണം എന്തൊക്കെയാണ് ഗുണങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. അന്നൊക്കെ ഒരുപാടു നേരം സംസാരിച്ച് ബോധ്യപ്പെടുത്തിയാണ് ഞാൻ ഓരോ കസ്റ്റമറിനേയും നേടിയിരുന്നത്. ആദ്യകാലത്തെ ഈ പരിശ്രമങ്ങൾ വേഗം ഫലം കണ്ടു. ഒരു വർഷത്തിനുള്ളിൽ കൂടുതൽ മെച്ചപ്പെട്ട സ്ഥലത്തേക്ക് ഞാനെൻ്റെ സ്ഥാപനം മാറ്റി. കൂടുതൽ പേരെ ജോലിക്ക് വച്ചു, കൂടുതൽ മെഷിനറികൾ വാങ്ങി.

ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സഹായം ഉണ്ടായോ ?

വളരെ ചെറിയ മൂലധനത്തിൽ നിന്നാണ് എൻ്റെ തുടക്കം. സ്ഥാപനം MSME registration എടുത്തതിനു ശേഷം machinery ക്കുള്ള ഒരു subsidized loan ലഭിച്ചു. അത് അടച്ചു വീട്ടിയതിനു ശേഷം അടുത്ത ലോൺ ലഭിച്ചു. അതിനും 25% സബ്സിഡി ഉണ്ട്. തുടക്കക്കാർക്ക് വലിയ സഹായമാണ് MSME യുടെ ഇത്തരം ഈട് ആവശ്യമില്ലാത്ത ലോണുകൾ.

തുടക്കത്തിൽ എങ്ങനെയായിരുന്നു വിറ്റഴിച്ചത് ? വിപണി എങ്ങനെ വിപുലമാക്കി ? ഇന്ന് ഇവിടെ എത്തി നിൽക്കുന്നു ?

തമിഴ്നാട്ടിൽ ചെറുധാന്യങ്ങൾ ഉപയോഗിക്കുന്ന ധാരാളം പേരുണ്ടെങ്കിലും കേരളത്തിൽ അങ്ങിനെയല്ല . അതു കൊണ്ടുതന്നെ ഇന്നും ഓരോ കസ്റ്റമർക്കും പാചകക്കുറിപ്പുകളും എങ്ങിനെ കഴിക്കാമെന്നുമെല്ലാം പറഞ്ഞുകൊടുക്കാൻ ശ്രമിക്കാറുണ്ട്. മണിക്കൂറുകൾ അതിനായി സന്തോഷത്തോടെ ചിലവിടാറുണ്ട്.

കേരളത്തിൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കസ്റ്റമേഴ്സ് ഉണ്ട്. കേരളത്തിൽ സുഹൃത്തുക്കൾ മുഖേനയും ‘വാനപ്രസ്ഥം ‘4 AM ക്ലബ്ബ്’ തുടങ്ങിയ കൂട്ടായ്മകൾ മുഖേനയും ആയുർവേദ ഹോസ്പിറ്റലുകൾ മുഖേനയും ഓർഡറുകൾ ലഭിച്ചു.

കേരളത്തിൽ ഞങ്ങളുടെ ഉൽപന്നങ്ങൾ മൊത്തമായി (wholesale) ആയി വാങ്ങി വിൽക്കുന്ന കടകൾ ഉണ്ട്. എങ്കിലും ഞാൻ ഇപ്പോഴും സൂപ്പർമാർക്കറ്റുകൾ കേന്ദ്രീകരിച്ച് വിൽപ്പന ആരംഭിച്ചിട്ടില്ല. അതിൻ്റെ പ്രധാന കാരണം ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ preservatives ഉപയോഗിച്ചിട്ടില്ലാത്തതു കൊണ്ട് കഴിയുമെങ്കിൽ ഉപഭോക്താവിന് നേരിട്ട് എത്തിക്കാൻ സാധിച്ചെങ്കിൽ നന്നായിരുന്നു എന്ന ചിന്തയാണ്.

ധാന്യങ്ങളും അവയുടെ വ്യത്യസ്തങ്ങളായ പൊടികളും മാവുകളും ‘അന്നം ‘ ഉൽപന്നങ്ങളിൽ പെടും. ചില്ലറ വ്യാപാരികളിലൂടെയും ശരവണഭവൻ പോലെയുള്ള ഹോട്ടലുകൾക്കു ഹോൾസേൽ ആയും ഞങ്ങൾ മാവ് വിതരണം ചെയ്യുന്നുണ്ട്. മില്ലറ്റുപയോഗിച്ചുള്ള മാവുകളും ചില പ്രത്യേകതരം ചീരകൾ ഉപയോഗിച്ചുള്ള മാവുകളും ഞങ്ങളുടെ പ്രത്യേകതകളാണ്.

ആവശ്യമുള്ള ധാന്യങ്ങൾ വാങ്ങിക്കുന്നത് എവിടെ നിന്നാണ് ?

കേരളത്തിൽ അട്ടപ്പാടിയിൽ മില്ലെറ്റ് ഗ്രാമം ഉണ്ട്. ഞങ്ങൾവാങ്ങിക്കുന്നത് വിശാഖ പട്ടണത്തിൽ നിന്നാണ്. ഈ വിതരണ സ്രോതസ്സിനെ കുറിച്ച് വിവരം ലഭിക്കുന്നത് കാർഷിക മേഖലയിലെ എൻ ജി ഓ യോട് ചേർന്ന് പ്രവർത്തിക്കുന്ന ജയഹരി കെ എം എന്ന ഫേസ്ബുക്ക് സുഹൃത്തിലൂടെയാണ്. ആന്ധ്ര, ഒറീസ തുടങ്ങിയ ചില സംസ്ഥാനങ്ങൾ rainfed crops ന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്ര എൻ ജി ഓ കളുടെ സഹകരണത്തോടെ ചെറുധാന്യ കൃഷിയെ വിപുലീകരിക്കുന്നുണ്ട്.

വനിതാ സംരംഭകയുടെ സ്ഥാപനത്തിൽ വനിതാ തൊഴിലാളികൾക്ക് പ്രത്യേകതയുള്ള , വ്യത്യസ്തമായ എന്തെങ്കിലും തൊഴിൽ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടോ ?

സ്ത്രീ തൊഴിലാളികൾക്ക് ധാരാളം അവസരങ്ങൾ ഉള്ള ഒരു മേഖലയാണ് നമ്മുടേത്. കൂടുതൽ പേർക്ക് തൊഴിൽ കൊടുക്കണമെന്നാണ് ആഗ്രഹം. പലപ്പോഴും സ്ത്രീകൾക്ക് ജോലിക്ക് പോകാൻ സാധിക്കാത്തതിൻ്റെ പ്രധാന കാരണം വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞ് സമയം കിട്ടാത്തതാണ്. സ്ക്കൂളിൽ പോകുന്ന മക്കൾ, ജോലിക്ക് പോകുന്ന ഭർത്താവ്, വീട്ടിലെ മറ്റു കാര്യങ്ങൾ ഇതിലെല്ലാം പെട്ട് കുരുങ്ങിപ്പോവുകയാണ് മിക്കപ്പോഴും അവർ. ഇതൊന്നും ഒഴിവാക്കാൻ ആവില്ല താനും. അതു കൊണ്ട് ”flexible timings” എന്നൊരു സൗകര്യം ചെയ്തു കൊടുക്കാറുണ്ട്. അതായത് അവർ പറയുന്നതാണ് അവരുടെ ജോലി സമയം. ജോലിക്ക് വരുന്നതു കൊണ്ട് വീട്ടിൽ അവർ സമ്മർദ്ദത്തിലാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

പുതിയ പദ്ധതികൾ ?

ഓഗസ്റ്റിൽ ആരംഭം കുറിക്കുന്ന വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു പേജക്ട് ആണ് ഏറ്റവും പുതിയത്. കേരളത്തിലും തമിഴ് നാട്ടിലും യൂണിറ്റുള്ള ഒരു partnership സംരഭമായിരിക്കുമത്.

കൂടുതൽ പേരെ ബോധവൽക്കരിച്ച് മില്ലറ്റുകൾ ശീലിപ്പിക്കണം എന്നതാണ് ആഗ്രഹം. അതിനായി ഒരു YouTube ചാനൽ ആരംഭിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. ഒരു knowledge lab cum cookery ചാനൽ ആവുമത്. നാമിന്ന് അനുഭവിക്കുന്ന പ്രമേഹം എന്ന അവസ്ഥക്ക് കാരണമാവുന്ന അരിയും ഗോതമ്പും ഉപേക്ഷിച്ച് ചാമ, തിന, വരഗ് തുടങ്ങിയ പരമ്പരാഗത ധാന്യങ്ങൾ ശീലമാക്കുക വഴി ആരോഗ്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാവും എന്നുറപ്പുണ്ട്.

കൂടുതൽ സ്തീകൾക്ക് ജോലി കൊടുക്കുന്നതോടൊപ്പം വരുമാനം അതി അത്യാവശ്യമുള്ള മുതിർന്ന പൗരന്മാരെയും പ്രത്യേകം പരിഗണിച്ച് ജോലി ആവശ്യമെങ്കിൽ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. തൊഴിലില്ലായ്മ എപ്പോഴും യുവാക്കളുമായി ബന്ധപ്പെട്ട് ചിന്തിക്കുന്ന ഒന്നാണെങ്കിലും നഗരങ്ങളിൽ ചെറിയ ചെറിയ ജോലികൾ ചെയ്ത് വിരമിച്ചവർ പിന്നീട് വരുമാനമില്ലാതെ, മക്കളെ ആശ്രയിച്ചും മറ്റും ഒരുപാടു വിഷമങ്ങൾ അനുഭവിക്കുന്നതായി തോന്നാറുണ്ട്. എല്ലാ കാലത്തും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് അവനവനു വേണ്ടി ജീവിക്കാൻ മറന്നു പോയവർ. അവരുടെ ആത്മാഭിമാനത്തെ ഒട്ടും മുറിവേൽപ്പിക്കാതെ അവരെക്കൊണ്ട് സാധിക്കുന്ന ജോലികൾ ചെയ്യിച്ച് ജീവിത സായാഹ്നം ലളിതമാക്കാൻ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്.

ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ പ്രൊജക്റ്റ് കയറ്റുമതി കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് പ്ലാൻ ചെയ്യുന്നത്. അത് ഈ സ്വപനങ്ങളെല്ലാം യാഥാർത്ഥ്യമാവാൻ സഹായിക്കുമെന്നാണ് വിശ്വാസം.

ശ്രദ്ധേയമായ സംരംഭം. വർത്തമാന സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി, ദൂരക്കാഴ്ചയോടെ ഉള്ള പദ്ധതിയും ആസൂത്രണവും. ശുഭോദർക്കമായ വികസന പദ്ധതികൾ. Annam flour and batter solutions മലയാളനാട് ഓൺലൈൻ ജേർണലിന്റെ ശുഭാശംസകൾ.

Comments
Print Friendly, PDF & Email

You may also like