പൂമുഖം INTERVIEW ഒറ്റയാൾ പട്ടാളവും ഒപ്പം നിന്നയാളും

ഒറ്റയാൾ പട്ടാളവും ഒപ്പം നിന്നയാളും

വി എസ് എന്ന ഒറ്റയാൾ ആരവത്തിനിടയിൽ നിന്ന് പെട്ടെന്ന് ഒരു ദിവസം സ്കൂൾ പഠനം നിർത്തിവെച്ച് പിടിച്ചുകൊണ്ടുപോയ കുട്ടിയെപ്പോലെ ഒറ്റപ്പെട്ടുപോയ മനുഷ്യനാണ് സഖാവ് സുരേഷ്. വിഎസ് എന്ന നേതാവിന്റെ, മുഖ്യമന്ത്രിയുടെ, പ്രതിപക്ഷ നേതാവിന്റെ മനസ്സും ശരീരവും ഒരുപോലെ കാത്ത സൂക്ഷിപ്പുകാരൻ… അദ്ദേഹത്തിൻറെ നിഴലായി എപ്പോഴും കൂടെ നടക്കുന്നത് കണ്ടു അസൂയ പൂണ്ട നേതാക്കൾ പോലുമുണ്ടായിരുന്നു പാർട്ടിയിൽ. വിഭാഗീയതയുടെ ഭാഗമായി മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിക്കൊടുത്തു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ടവരിൽ സഖാവ് സുരേഷും ഉണ്ടായിരുന്നു. അന്ന് തൊട്ട് വി എസ് ഉള്ള പരിസരങ്ങളിൽ നിന്നു പോലും അകറ്റി നിർത്തപ്പെടുകയും അതു കൊണ്ടുതന്നെ പ്രവാസ ജീവിതം തിരഞ്ഞെടുക്കുകയും ആയിരുന്നു. അവിടെനിന്നും ഒരുപാട് പൊരുതിയാണ് തൊഴിലും ജീവിതവും അദ്ദേഹം മുൻപോട്ടു കൊണ്ടുപോയത്. കേരള കോൺഗ്രസ്സ് , ആർ എം പി, ബി ജെ പി സ്ഥാനാർത്ഥിയായിരുന്നയാൾ എന്നിങ്ങനെയുള്ളവരെയൊക്കെ പാർട്ടിയിൽ എടുത്തപ്പോഴും നാല് പ്രാവശ്യം അപ്പീൽ കൊടുത്തിട്ടും പരിഗണിക്കപ്പെടാതെ ഓരോ ശ്വാസത്തിലും യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിത്തന്നെ സുരേഷ് എന്ന സഖാവ് പുറത്തുനിൽക്കുകയാണ്. പക്ഷേ വി എസ് എന്ന പോരാട്ടത്തിന്റെ കൊടുങ്കാറ്റായ നേതാവിന്റെ സുവർണ്ണ കാലത്ത് കൂടെ നിൽക്കാൻ ആയതിന്റെ അഭിമാനവും സന്തോഷവും അദ്ദേഹത്തെ കൂടുതൽ ശക്തനായ കമ്മ്യൂണിസ്റ്റുകാരൻ ആക്കുകയാണ്…

ആദ്യം തന്നെ ചോദിക്കട്ടെ വിഎസിൻ്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി എന്താണ്. താങ്കൾ പോയി കണ്ടിരുന്നോ?

ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെങ്കിലും
വാർത്തകളൊക്കെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ചികിത്സ മുടങ്ങാതെ നടക്കുന്നുണ്ട്. കുടുംബം പൂർണ്ണമായും ഒരുമിച്ച് നിന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജന്മദിനത്തിൻ്റെ ഒരാഴ്ച മുമ്പ് ഞാൻ പോയി കണ്ടിരുന്നു…

ആരവങ്ങൾക്കിടയിൽ നിന്ന് നിശ്ശബ്ദതയിലേക്ക് എടുത്തറിയപ്പെട്ട പ്രതീതി ആയിരിക്കുമല്ലോ പുറത്താക്കലിനു ശേഷം താങ്കൾക്ക് അനുഭവപ്പെട്ടിട്ടുണ്ടാവുക, അത് വിഎസിനെയും എങ്ങനെയാണ് ബാധിച്ചത്?

അതെ ഒരു പാർട്ടി കുടുംബത്തിൽ ജനിച്ചു പാർട്ടിയെ അറിഞ്ഞു വളർന്നു വന്ന ഒരാൾ എന്ന നിലയിൽ പുറത്താക്കപ്പെടും എന്ന് അവസാനം എനിക്കറിയാമായിരുന്നെങ്കിലും വിഎസ് അത് പ്രതീക്ഷിച്ചിരുന്നില്ല. എന്നെക്കാളേറെ വിഎസിനെ അത് ബാധിച്ചിരുന്നു എന്നറിയാം. പക്ഷേ വിഎസ് എനിക്കുവേണ്ടി എവിടെയും വാദിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എല്ലാം പാർട്ടി തീരുമാനം അനുസരിച്ചു മുമ്പോട്ട് പോകട്ടെ എന്ന് ഞാൻ തീരുമാനിച്ചു. വിഎസ് എന്നോട് അപ്പീൽ കൊടുക്കാൻ പറഞ്ഞു. അത് പരിഗണിക്കാതിരുന്നത് വിഎസിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പിന്നീട്
ഞാൻ കോടിയേരി സഖാവിനെ കണ്ടു സംസാരിച്ചിരുന്നു. വളരെ മൃദു സമീപനമായിരുന്നു അദ്ദേഹത്തിനും. എന്തുകൊണ്ടോ അതും പരിഗണിക്കപ്പെട്ടില്ല!.. നാലാമത്തെ അപ്പീൽ കൊടുത്തിട്ട് ഒന്നരവർഷം കഴിഞ്ഞു. ഇപ്പോഴും മാറ്റം ഒന്നും സംഭവിച്ചിട്ടില്ല . പല പാർട്ടിയിൽ നിന്നും പല ഓഫറുകൾ വന്നിട്ടും അതൊന്നും ഞാൻ ചെവിക്കൊള്ളാൻ പോയിട്ടില്ല. വിഭാഗീയത അവസാനിച്ചു എന്ന് പാർട്ടി സെക്രട്ടറി അടക്കം പറയുമ്പോഴും എന്നെ മാത്രം പുറത്തു നിർത്തുകയാണ്. എന്തായാലും ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റായി ഞാനിവിടെത്തന്നെ ഉണ്ടാകും…

ഊണിലും ഉറക്കത്തിലും അദ്ദേഹത്തിൻ്റെ കൂടെ തന്നെയായിരുന്നല്ലോ എങ്ങനെയായിരുന്നു ആ നാളുകൾ?

കേരളം വിട്ടു പുറത്തു പോകുമ്പോൾ ആദ്യം അദ്ദേഹത്തിൻറെ ആരോഗ്യത്തിന് പ്രശ്നം വരാത്ത ഭക്ഷണം എവിടെ കിട്ടും എന്നാണ് ആദ്യം അന്വേഷിക്കുന്നത്. ഒരിയ്ക്കൽ ഹൈദരാബാദിൽ വച്ച് അദ്ദേഹത്തിന് പറ്റിയ ഭക്ഷണം കിട്ടാത്തത് കൊണ്ട് ഒരു മലയാളി സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് ഭക്ഷണം എത്തിച്ചു കൊടുത്തിട്ടുണ്ട്. രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളും യോഗയും നടത്തവും എല്ലാം കഴിഞ്ഞ്, അദ്ദേഹത്തിൻ്റെ പകലത്തെ പരിപാടികൾക്കൊപ്പം നിന്ന്, രാത്രി ഭക്ഷണവും മരുന്നും കൊടുത്തു വി എസ് ഉറങ്ങാൻ കിടന്നിട്ടാണ് ഞാൻ എൻ്റെ റൂമിൽ വന്ന് ഫ്രഷ് ആയി വീണ്ടും അദ്ദേഹത്തിന്റെ റൂമിൽ പോയി കിടന്നുറങ്ങുന്നത്.

എന്തായിരുന്നു അദ്ദേഹത്തിൻറെ ഭക്ഷണ ശീലങ്ങൾ?

ലൈറ്റായ വെജിറ്റേറിയൻ ഭക്ഷണമാണ് പതിവ്. വളരെ കുറച്ചാണ് കഴിക്കുന്നത് ആലപ്പുഴയിലും മറ്റും പോകുമ്പോൾ വല്ലപ്പോഴും മീൻ കഴിയ്ക്കും. അത് മാത്രമാണ് നോൺ വെജ് ആഹാരം. ദിനചര്യയിലെ കൃത്യനിഷ്ഠയാണ് എടുത്തുപറയേണ്ട കാര്യം. അദ്ദേഹത്തിൻറെ ആരോഗ്യത്തിന്റെ രഹസ്യവും അതാണ്. എത്ര വൈകിയാലും രാത്രി നടത്തവും കഴിഞ്ഞേ കിടക്കാറുള്ളൂ.

ലൈല കല്ലാരം സുരേഷിനൊപ്പം

അദ്ദേഹം ഏറെ തിളങ്ങി നിന്ന നാളുകളിൽ (അങ്ങനെ പറഞ്ഞ് അദ്ദേഹത്തിന്റെ പഴയ പോരാട്ടങ്ങളെ കുറച്ചു കാണുകയല്ല ) മുഴുവൻ സമയവും കൂടെ നിന്നതിൽ നിന്ന് എന്തൊക്കെ അനുഭവ പാഠങ്ങളാണ് ഉൾക്കൊണ്ടിട്ടുള്ളത്?

പ്രധാനമായും ഈ പ്രായത്തിലും അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയാണ് എടുത്തു പറയേണ്ടത്. ഏതൊരു കാര്യവും അദ്ദേഹത്തിൻറെ മുമ്പിൽ എത്തിയാൽ അറിയില്ലെങ്കിൽ അത് അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കി കൃത്യമായി പഠിച്ചു മാത്രമാണ് അത് പ്രാവർത്തികമാക്കുന്നത്. എന്നിട്ട് അതിനെപ്പറ്റി തീരുമാനങ്ങൾ എടുത്താൽ പിന്നീട് ആർക്കും തിരുത്താൻ സാധ്യമല്ല. എല്ലാ പരിപാടികൾക്കും മുമ്പേ തന്നെ കൃത്യമായി നോട്ടുകൾ എഴുതി തയ്യാറാക്കി ആയിരിക്കും പോകുന്നത്. ഏതു നാട്ടിലായാലും യോഗയും നടത്തവും ഉറക്കവും ഒരിക്കലും മുടക്കാറില്ല.

പണ്ടു മുതലേയുള്ള ഒരു വിമർശനം ആണല്ലോ കൂടെ നിൽക്കുന്നവരെ വിഎസ് സംരക്ഷിക്കാൻ ശ്രമിക്കാറില്ല എന്നത്?

അത് ശരിയല്ല ഒരു യഥാർത്ഥ പാർട്ടിക്കാരന് പാർട്ടിക്ക് വിധേയമായും നിൽക്കേണ്ടതുണ്ട്. ചിലപ്പോൾ പാർട്ടി നിലപാടിന് വിരുദ്ധമായേ അങ്ങിനേയുള്ളവരെ കൂടെ നിർത്താൻ പറ്റൂ എന്നുള്ളപ്പോൾ അത് ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. എനിക്കുവേണ്ടി വിഎസ് ആരോടും ശുപാർശയ്ക്ക് പോകരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അത്തരം പല വിമർശനങ്ങളുടെയും കാതലും അതുതന്നെയായിരുന്നു.

അഴിമതിക്കും സ്ത്രീപീഡകർക്കും എതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചതായിരുന്നു
വി എസിനെ കൂടുതൽ ജനഹൃദയങ്ങളിലേക്ക് അടുപ്പിച്ചത് അല്ലെ?

അതെ, അഴിമതിക്കാർക്കും സ്ത്രീ പീഡകർക്കും ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റം വരെ പോകാനും വിഎസ് തയ്യാറായിരുന്നു. ബാലകൃഷ്ണപ്പിള്ള കേസ് മികച്ച ഉദാഹരണമാണല്ലോ. പല സ്ത്രീ പീഡന കേസുകളിലെ ഇരകളുമായും അവരുടെ കുടുംബവുമായും വിഎസിന് വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. അവർക്ക് ജോലി വാങ്ങിക്കൊടുക്കാനും കേസിന്റെ തുടർ കാര്യങ്ങളിലും വിഎസ് വ്യക്തിപരമായിപ്പോലും ഇടപെട്ടിരുന്നു! മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രായത്തെ പോലും അവഗണിച്ചു പലതും ചെയ്യാൻ തയ്യാറായി നിന്ന വിഎസിന് പലയിടത്തും സാങ്കേതിക പരിമിതികൾ മൂലം നിസ്സഹായനായി നിൽക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്.

ടിപി ചന്ദ്രശേഖരന്റെ നടുക്കുന്ന കൊലപാതകം എങ്ങനെയാണ് വി എസ് ഉൾക്കൊണ്ടത്?

ടിപിയുടെ മരണം ഞാൻ അറിയുന്നത് വിഎസ് ഉറങ്ങാൻ കിടന്നതിനു ശേഷമാണ്. അന്ന് ഞങ്ങൾ തൃശ്ശൂർ രാമനിലയത്തിൽ ആയിരുന്നു. ആ വാർത്ത എനിക്ക് തന്നെ വലിയൊരു ആഘാതം ആയിരുന്നു. ആ രാത്രിയിൽ വി എസിൻ്റെ ഉറക്കത്തിന് ഭംഗം വരുത്താൻ ഞാൻ ആഗ്രഹിച്ചില്ല. അദ്ദേഹം നന്നായി ഉറങ്ങട്ടെ എന്ന് കരുതി. രാവിലെ അദ്ദേഹത്തിൻ്റെ ദിനചര്യകളും പ്രഭാത ഭക്ഷണവും കഴിഞ്ഞതിനു ശേഷം ഞാൻ പത്രങ്ങൾ എടുത്ത് വിഎസിന് കൊടുത്തുകൊണ്ട് കാര്യം പറഞ്ഞു. അതുവരെ ഞാൻ കണ്ടിട്ടില്ലാത്ത വല്ലാത്തൊരു വികാര വിക്ഷോഭത്തിൽ ആയിരുന്നു അദ്ദേഹം. ഉടനെ തന്നെ ടി പിയുടെ ഭൗതിക ശരീരം കാണാൻ തനിക്കവിടെ പോകണമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും നിരവധി കോളുകൾ വരുന്നുണ്ടായിരുന്നു. പോകരുതെന്ന് പറഞ്ഞവരോടെല്ലാം അദ്ദേഹം ക്ഷുഭിതനായി സംസാരിച്ചു കൊണ്ടിരുന്നു. അന്നത്തെ എല്ലാ പരിപാടികളും റദ്ദു ചെയ്തു അവിടേക്ക് പോകണം എന്ന് തന്നെ അദ്ദേഹം തീരുമാനിച്ചു.

ഒരു മാസത്തിന് ശേഷം, അന്ന് ഞങ്ങൾ കോഴിക്കോടായിരുന്നു. ടി പി യുടെ വീട്ടിൽ പോയി അമ്മയേയും ഭാര്യയേയും കാണണമെന്നു അദ്ദേഹം തീരുമാനിച്ചു. ആരോടും പറയരുതെന്നും, വണ്ടിയിൽ കയറിയതിന് ശേഷം മാത്രമേ TP യുടെ വീട്ടിലേക്കാണെന്ന് പോലീസിനോടു പോലും പറയാവൂ എന്നും അദ്ദേഹം എന്നോട് പറഞ്ഞു. ടി പിയുടെ കുടുംബവുമായി വി എസിന് വളരെയധികം അടുപ്പമുണ്ടായിരുന്നു… അന്ന് നെയ്യാറ്റിൻകര ഇലക്ഷൻ ദിവസവും കൂടിയായിരുന്നു. രാഷ്ട്രീയമായി ഇത്രയും നന്നായി തൻ്റെ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരം വേറെയുണ്ടാവില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അന്നു രാവിലെ വി എസിനെ കാണാൻ വന്ന എസ് ആർ പി യോടും, അവിടത്തെ പാർട്ടിയംഗങ്ങളോടും TP യുടെ വീട്ടിൽ പോകുന്ന കാര്യം അദ്ദേഹം പറഞ്ഞിരുന്നില്ലെന്ന് എനിക്ക് മനസ്സിലായി.

ആ ദാരുണമായ സംഭവം നടക്കുന്നതിന്റെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ടിപിയെ കണ്ടപ്പോൾ വി എസ് അദ്ദേഹത്തോട് “നിങ്ങൾ ശ്രദ്ധിക്കണമെന്ന് ” പറഞ്ഞിരുന്നു. അതിന് ടി പി യുടെ മറുപടി “അങ്ങനെ ഇല്ലാതാക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ
ഞാൻ ഹെലികോപ്റ്ററിൽ പോയാലും കാര്യമില്ലല്ലൊ” എന്നായിരുന്നു. അതെല്ലാം ആ നിമിഷങ്ങളിൽ അദ്ദേഹത്തെ വല്ലാതെ ഉലച്ചിട്ടുണ്ടാവും…(തുടരും)

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like