പൂമുഖം INTERVIEW സമൂഹത്തിനോടുള്ള എല്ലാ വിയോജിപ്പുകൾക്കുമുള്ള മറുപടിയാണ് എന്‍റെ എഴുത്തുകൾ – ടി ഡി രാമകൃഷ്ണൻ

"സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" എന്ന നോവലിലൂടെ ഇക്കൊല്ലത്തെ വയലാർ അവാർഡ് നേടിയ പ്രസിദ്ധ നോവലിസ്റ്റ് ശ്രീ ടി ഡി രാമകൃഷ്ണനുമായി ശ്രീ മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം : സമൂഹത്തിനോടുള്ള എല്ലാ വിയോജിപ്പുകൾക്കുമുള്ള മറുപടിയാണ് എന്‍റെ എഴുത്തുകൾ – ടി ഡി രാമകൃഷ്ണൻ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

sugan

ചോദ്യം : വയലാര്‍ അവാർഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ . സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന സമയത്ത് അതിന് ഇത്ര സ്വീകാര്യത യുണ്ടാകുമെന്നോ ചർച്ചയാകുമെന്നോ കരുതിയിരുന്നോ? ശ്രീലങ്കൻ രാഷ്ട്രീയപശ്ചാത്തലം പ്രമേയമായി സ്വീകരിക്കാനുള്ള കാരണം എന്താണ് ?

ലിയസന്തോഷം. സുഗന്ധിയുടെ സമയത്ത് മാത്രമല്ല, ഇട്ടിക്കോര യെഴുതുന്ന കാലത്തും നമ്മുടെ വായനക്കാർ അത് അത്ര കാര്യമായി വായിക്കുമെന്നോ, ചർച്ച ചെയ്യുമെന്നോ കരുതിയിരുന്നില്ല. കാരണം ഇട്ടിക്കോരയോ സുഗന്ധിയോ മലയാള നോവലിന്‍റെ സാമ്പ്രദായിക രീതിയുമായി യോജിക്കുന്ന ഒന്നായിരുന്നില്ല. അതിലുപയോഗിച്ച ഭാഷ, അതിന്‍റെ വേറിട്ട പാറ്റേൺ ഇതൊക്കെ വ്യത്യസ്തമായിരുന്നു. സാഹിത്യം എന്ന രൂപത്തെക്കുറിച്ച് നമുക്കുള്ള ധാരണയ്ക്കുള്ളിൽ നിൽക്കുന്ന രചനകളായിരുന്നില്ല രണ്ടും. ഇട്ടിക്കോര അതിനിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്. സാഹിത്യത്തിന്‍റെ power structure അല്ലെങ്കിൽ അധികാരസംവിധാനം എന്ന് വിളിക്കപ്പെടുന്ന നിരൂപകർ, അദ്ധ്യാപകർ, അക്കാദമികൾ, പഠനം നടത്തുന്നവർ സർവ്വകലാശാലകൾ എന്നിവരിൽ നിന്ന് നിശിതമായ അറ്റാക്ക് ഉണ്ടായിരുന്നു. ഒരുകൂട്ടം വായനക്കാർ രൂപപ്പെടുത്തിയ ആസ്വാദകതലത്തിൽ നിന്ന് പുറത്ത് നിൽക്കുന്ന ഒരു സൃഷ്ടി എന്ന നിലയിലാണ് ഈ വിമർശം. ഇതിനെ ‘ആന്‍റിനോവൽ’ എന്നാണ് അവർ വിശേഷിപ്പിച്ചത്. ഞാനാരെയും വ്യക്തിപരമായി എടുത്ത് പറയാനാഗ്രഹിയ്ക്കുന്നില്ല .

സുഗന്ധി എഴുതുന്ന സമയത്ത് എനിക്കുണ്ടായ സംശയം മലയാളികൾക്ക് തമിഴിനോട് പുച്ഛമാണ്. തായ്മൊഴി എന്നൊക്കെ പറയുമെങ്കിലും നമ്മുടെ സ്വകാര്യസംഭാഷണങ്ങളിൽ പോലും ‘പാണ്ടിലോറി’ പോലുള്ള ഒരുതരം പരിഹാസമുണ്ട്. തമിഴരെ കുറെയൊക്കെ ഒരു ഇൻഫീരിയർ ക്ലാസ് ആയിട്ടാണ് കണക്കാക്കുന്നത്. സുഗന്ധിയില്‍ തമിഴിന്‍റെ സ്വാഭാവികമായ അതിപ്രസരം അനുഭവപ്പെടാം. ശ്രീലങ്കയിലെ ജീവിതപ്പോരുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ പ്ലോട്ട്, ഒരേസമയം സിംഹള ഷോവനിസ്റ്റ് ഭരണം, ബുദ്ധപശ്ചാത്തലത്തിൽ ആണെങ്കിൽ പോലും വളരെ വയലന്‍റ് ആയ അവസ്ഥ. അതിനെ എതിർക്കുന്ന, വിമോചനപോരാട്ടം നടത്തുന്ന ഒരുപാട് സംഘടനകൾ- ഒടുവിൽ അത് ഒറ്റ സംഘടന(LTTE) ആയി ചുരുങ്ങി. അവരാണെങ്കിൽ വയലൻസിന്‍റെ ഏറ്റവും നീചമായ സൂയിസൈഡ് ബോംബ് പോലുള്ള ആശയങ്ങളില്‍ എത്തിച്ചേർന്നു. ഇതിനിടയിൽ പീസ്ബ്രോക്കേഴ്സായി കടന്നുവരുന്ന ആളുകൾ, ഇവരുടെയൊക്കെയിടയിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍,  അസ്തിത്വം പോലും പ്രതിസന്ധിയിൽ ആയിപ്പോയ ആളുകൾ.

ചോദ്യം:ശ്രീലങ്കൻ രാഷ്ട്രീയ പശ്ചാത്തലം പ്രമേയമായി സ്വീകരിക്കാനുള്ള പ്രത്യേക കാരണങ്ങൾ എന്തൊക്കെയാണ് ?

ാൻ വളരെക്കാലമായി പിന്തുടരുന്ന ഒരു വിഷയമാണത്. എന്‍റെ ഔദ്യോഗികജീവിതത്തിന്‍റെ വലിയൊരു ഭാഗം തമിഴ്നാട്ടിലായിരുന്നു. എന്‍റെ വായനയും കാഴ്ചപ്പാടും (ലിറ്റററി ഗ്രൂമിങ്ങ്) രൂപപ്പെടുന്നത് തമിഴ്സാഹിത്യവായനയും ചർച്ചകളും സംവാദങ്ങളും ഒക്കെകൊണ്ട്കൂടിയാണ്. സമാന്തരമായി സംഭവിച്ചതാണ് ശ്രീലങ്കൻ തമിഴ് എഴുത്തുകൾ.  പുതിയ തമിഴ് സാഹിത്യത്തിൽ ഉയർന്ന് വരുന്ന ഒന്നാണ് ശ്രീലങ്കൻ തമിഴ് എഴുത്ത്. അതിൽ ഉൾപ്പെടുന്ന പല എഴുത്തുകാരെയും മാതൃഭൂമി പോലുള്ള പ്രമുഖപ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ഇന്‍റർവ്യൂ ചെയ്തിട്ടുണ്ട്. 2005- 2006 കാലത്ത് കവിതകളും, ശോഭാശക്തിയുടെ ‘മ്’ എന്ന നോവലും വിവർത്തനം ചെയ്യുകയുമുണ്ടായി. ഈ എഴുത്തുകാരോടുള്ള സംവാദത്തിന് മുമ്പേ മറ്റുള്ള മലയാളികളെപ്പോലെ ഞാനും ധരിച്ചിരുന്നത് ശ്രീലങ്കൻ തമിഴ് വിഷയം ഒരു ബൈനറി തലത്തിലുള്ള ഇഷ്യു ആണെന്നാണ്. സിംഹള ഷോവനിസ്റ്റ് ഭരണകൂടവും അതിനെതിരെ വിമോചനപോരാട്ടം നടത്തുന്ന വിപ്ലവസംഘടനായ LTTEയും തമ്മിലുള്ള വിഷയം. അവരുടെ സൂയിസൈഡ് ബോംബിംഗ്, രാജീവ് വധം, തുടങ്ങിയ പല പ്രവർത്തനങ്ങളോടും നമുക്ക് യോജിക്കാൻ കഴിയില്ലാ യിരുന്നു നിരപരാധികളെ കൊന്നൊടുക്കുന്ന രീതിയോട് നമുക്ക് കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. .

ആ സമയത്ത് എനിയ്ക്കു തോന്നിയിരുന്നു അവരുടെയിടയിൽ സമാധാനത്തിനും ശാന്തിയ്ക്കും വേണ്ടി സംസാരിക്കുന്ന, പരസ്പരസ്നേഹത്തിന് വേണ്ടി സംസാരിക്കുന്ന ആരുമില്ലേ എന്ന അന്വേഷണം അവരുടെ മനുഷ്യാവകാശപ്രവർത്തകരിലേക്ക് ചെന്നെത്തി . ഈ വയലൻസിന്‍റെ മഹാപ്രളയത്തിൽ സമാധാനത്തിനു വേണ്ടി സംസാരിയ്ക്കുന്ന ഒരുപാട് പേരുണ്ടായിരുന്നു. അവരിൽ എഴുത്തുകാരുണ്ടായിരുന്നു, പത്രപ്രവർത്തകരുണ്ടായിരുന്നു, മനുഷ്യാവകാശപ്രവർത്തകരുണ്ടായിരുന്നു അവരിൽ പലയാളുകളും കൊല്ലപ്പെട്ടു- പലരേയും കാണാതായി- പലരും അഭയാർത്ഥികളായി അന്യരാജ്യങ്ങളിൽ പോയി ജീവിക്കേണ്ടി വന്നു. അവരിലെ intellectuals നെ അഥവാ മനുഷ്യാവകാശ പ്രവർത്തകരെ പ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് രജനി തിരണഗാമയെക്കുറിച്ചും അവരുടെ ‘No more tears sister’എന്ന ഡോക്യുമെന്‍ററിയെക്കുറിച്ചും  അടുത്തറിയാന്‍ അവസരം കിട്ടുന്നത് . ആ ഡോക്യൂമെന്‍ററി കണ്ടതിനെ തുടര്‍ന്നാണ്‌  സുഗന്ധി എഴുതാനുള്ള സാധ്യത തെളിഞ്ഞത് .

ചോദ്യം : കേരളത്തിന് ഇത്ര അടുത്തായിട്ട് പോലുംആധുനിക തമിഴ് സാഹിത്യവുമായിട്ട് മലയാളികൾക്ക് ബന്ധം കുറവാണെന്നു തോന്നുന്നു. ബംഗാളി നോവലുകള്‍ ഏറെയെണ്ണം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തമിഴ്  സാഹിത്യത്തെ  കുറിച്ച് നമുക്കിത് പറയാനാവില്ല?

ോയമ്പത്തൂരും ജോലാർപേട്ടയിലുമൊക്കെ ജോലിചെയ്തത് കൊണ്ട് ഒരുപാട് സാഹിത്യസംവാദങ്ങളില്‍ പങ്കെടുക്കാനായി. 2003 ൽ നടന്ന സാഹിത്യ സംവാദ ത്തിൽ പോലും തമിഴിലൊക്കെ വല്ലതും ഉണ്ടോ എന്നുവരെ സംശയം ആൾക്കാർ പ്രകടി പ്പിച്ചിരുന്നു.
പാലക്കാട് നിന്ന് കോയമ്പത്തൂരിലേക്ക് അമ്പത് കിലോമീറ്ററേ ഉള്ളുവെങ്കിലും സാഹിത്യ വിനിമയത്തിൽ വലിയ അകലമാണുണ്ടായിരുന്നത്. ലാറ്റിനമേരിക്കൻ സാഹിത്യവുമായി വളരെയടുത്ത ബന്ധം പുലർത്തിക്കൊണ്ടിരുന്നപ്പോഴാണിത് എന്നും ഓര്‍ക്കണം. മാർക്കേസ് ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം മനസ്സിൽ എഴുതാൻ ആഗ്രഹിച്ച കാര്യങ്ങൾ പോലും നമ്മൾ ചർച്ച ചെയ്തിരുന്നു. ഇങ്ങനെയൊരവസ്ഥയിലാണ് ഞാൻ തമിഴിനെക്കുറിച്ചെഴുതിയത്. കുട്ടിരേവതി, മാലതിമൈത്രി, തന്മയി തുടങ്ങിയവരെക്കുറിച്ചൊക്കെ എഴുതുമ്പോൾ അവരിൽ എത്രമാത്രം കവിതയുണ്ട്-ലിറ്ററേച്ചർ ഉണ്ട് എന്നൊരു ചോദ്യമുണ്ടായിരുന്നു. അവർ സാഹിത്യത്തെ അങ്ങനെ കാണുന്നവരാരിരുന്നില്ല. സാഹിത്യം നിരന്തരം നവീകരിക്ക പ്പെടേണ്ട ഒന്നാണ്. അത് ഇന്നതായിരിക്കണം, ഇങ്ങനെയായിരിക്കണം എന്നൊരു ധാരണ വച്ച്പുലർത്താൻ പാടില്ല. നിർഭാഗ്യവശാൽ നമ്മുടെ അക്കാദമിക് ചിന്തകന്മാർ അങ്ങനെ ഒരു ചട്ടക്കൂട് ഉണ്ടാക്കിയിട്ടിട്ടുണ്ട്. കഥ ഇങ്ങനെയായിരിക്കണം, നോവൽ ഇങ്ങനെ യായിരിക്കണം, സാഹിത്യം ഇന്നതായിരിക്കണം എന്ന് വ്യക്തമായ നിര്‍വചനങ്ങളുണ്ട്. ഇതിനോടുള്ള കലഹമാണ് ഏതു കാലത്തും നടക്കുന്ന സർഗ്ഗാത്മകപ്രവർത്തനങ്ങൾ .
നറേഷൻ, പ്രമേയപരിസരം, വാല്യൂസ്, മൊറാലിറ്റിയുമായുള്ള പ്രശ്നങ്ങൾ, അപ്രഖ്യാപിത വിലക്കുകളുടെ ലംഘനങ്ങള്‍ ഇതൊക്കെയാണ് ഈ കലഹങ്ങൾ
സുഗന്ധി എഴുതുമ്പോൾ അത് ആൾക്കാർ വായിക്കുമോ എന്ന്പോലും തോന്നിയിരുന്നു കാരണം അതിൽ ആണ്ടാൾ ചരിത്രം, രാജരാജചോളൻ, സിംഹളസിംഹഭാഗു ഇവയെ യൊക്കെ പറ്റി പ്രതിപാദിക്കുന്നുണ്ട് ഈ ചരിത്രങ്ങളില്‍ നമ്മുടെ വായനക്കാർക്ക് എത്രമാത്രം താൽപര്യം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു. ഒരു ചെറിയ വിഭാഗം ആൾക്കാർ തമിഴിനോട് താൽപര്യമുള്ള കുറച്ചാളുകൾ വായിക്കുമെന്നേ കരുതിയിരുന്നുള്ളു .

ചോദ്യം: പരോക്ഷമാണെങ്കിൽപോലും LTTE പോലുള്ള സംഘടനയിലെ ജനാധിപത്യ വിരുദ്ധയെക്കുറിച്ച് സുഗന്ധിയിൽ സൂചനകളുണ്ട്. അധികാരം മാത്രമാണോ ഇത്തരം ജനാധിപത്യവിരുദ്ധതയ്ക്ക് കാരണം ?

ളരെ സങ്കീർണ്ണമാണ് അക്കാര്യം. വെറും അധികാരം മാത്രമല്ല. കുറച്ചു കൂടി ആന്ത്രപ്പോളജിക്കലായിട്ട് അതിനെ കാണേണ്ടി വരും സൈക്കോളജിക്കലായിട്ടും  അതിനെ സമീപിക്കേണ്ടിവരും. പലതരത്തിലുള്ള പഠനങ്ങളും അന്വേഷണങ്ങളും ആ വിഷയത്തിൽ നടന്നിട്ടുണ്ട്. മനുഷ്യൻ എന്ന് പറഞ്ഞാൽ അത്ര എളുപ്പം നിർവചിയ്ക്കാനോ വിശകലനം ചെയ്യാനോ കഴിയുന്ന, ലളിതമായ സ്വഭാവം വച്ചുപുലർത്തുന്ന ജീവിയല്ല അതിനെ ഒരു ഹോമോജീനിയസ് രീതിയില്‍ സമീപിയ്ക്കാനും കഴിയില്ല. മതങ്ങളും ഉയര്‍ന്ന ചിന്തകളൂം മനുഷ്യനെ ശാന്തസ്വാഭാവിയായും സമാധാനപ്രിയനായും ജീവിക്കാന്‍ ശീലിപ്പിക്കേണ്ടതായിരുന്നു. പക്ഷെ അവന്‍റെ ആർത്തിയും അക്രമവാസനയും വര്‍ദ്ധിച്ചു വരുന്നതായാണ് അനുഭവത്തില്‍ കാണുന്നത്. അപ്പോൾ അധികാരവും അധികാരത്തിന്‍റെ സങ്കീർണ്ണമായ തലങ്ങളും ആർത്തിയിൽ അധിഷ്ഠിതമാണ്, സ്വജനപക്ഷപാതത്തിൽ അധിഷ്ഠിതമാണ്, കാമത്തിൽ അധിഷ്ഠിതമാണ്. വയലൻസ് ഉണ്ടാക്കുന്ന ഉന്മാദം എക്സ്റ്റസി ഇതൊക്കെ കണക്കിലെടുക്കണം. LTTE യെ സംബന്ധിച്ചാണെങ്കിൽ മറ്റ് സംഘടനകളെയും അതിന്‍റെ വരുതിയിലാക്കുക, എതിർക്കുന്നവരെ ഉന്മൂലനം ചെയ്യുക, ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും എല്ലാ സംഘടനകളേയും തങ്ങളിലേക്ക് ലയിപ്പിക്കുക എന്നതായിരുന്നു മെത്തഡോളജി. വയലൻസ് മുഖമുദ്രയാക്കി, ജനാധിപത്യസ്വഭാവമില്ലാതെ, മുന്നോട്ട് പോവുന്ന ഏതു പ്രസ്ഥാനവും -വിപ്ലവപ്രസ്ഥാനമായാലും അല്ലെങ്കിലും- internal democracy യുടെ അഭാവത്തില്‍, ഒരു വ്യക്തിയിലോ അയാള്‍ക്ക്‌ ചുറ്റുമുള്ള ഒരുകൂട്ടം ആള്‍ക്കാരിലോ കേന്ദ്രീകരിക്കുന്ന അധികാരമായി ചുരുങ്ങുന്നു. ഐഡിയോളോജിക്കലായി പ്രസ്ഥാനത്തിന്‍റെ പുനഃസൃഷ്ടിക്കുള്ള സാധ്യത അതോടെ ഇല്ലാതാവുകയും ചെയ്യുന്നു. അത് അനിവാര്യവും സ്വാഭാവികവുമായ തകർച്ചയിലേയ്ക്കും, ദുരന്തത്തിലേയ്ക്കും ആണ് നയിക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു ദുരന്ത ഘടകം, സംഘടന മാത്രമല്ല ഇത്തരമൊരു അവസ്ഥയിലേക്ക് നീങ്ങുക എന്നതാണ്. സംഘടനയുടെ അരിക് പറ്റി ജീവിച്ചുപോന്ന സാധാരണക്കാരായ ആളുകളും ഇവിടെ ഇരകളാണ്. അയ്യായിരമോ പതിനായിരമോ LTTE കേഡർമാർ കൊല്ലപ്പെടുമ്പോൾ ഒരു ലക്ഷമെങ്കിലും സാധാരണക്കാരും കൊല്ലപ്പെടുന്നു- രണ്ടോ മൂന്നോ ലക്ഷമെങ്കിലും ആൾക്കാർ നാടും വീടും നഷ്ടപ്പെട്ട് അഭയാർത്ഥിക്യാമ്പുകളിലേയ്ക്ക് നീങ്ങുന്നു. ഒരു വിപ്ലവപ്രസ്ഥാനത്തിന്‍റെ നേതാവിന്‍റെ തകർച്ച ആ പ്രദേശത്തെ മുഴുവൻ ആളുകളേയും ബാധിയ്ക്കുന്നു .

ചോദ്യം :ആൽഫയിലും ഇതേ കാര്യങ്ങൾ പറയുന്നുണ്ടല്ലോ. മനുഷ്യന്‍റെ ചോദനകളെ, ആസക്തികളെക്കുറിച്ച് അത് ചർച്ചചെയ്യുന്നുണ്ട്.

ീർച്ചയായും. ആൽഫ വളരെ പൊളിറ്റിക്കലായി എഴുതിയ ഒരു കൃതി യായിരുന്നു തൊള്ളായിരത്തിനുശേഷം കൊണ്ടപ്പിള്ളി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ തുടങ്ങിയ People’s war group ന്‍റെ പശ്ചാത്തലത്തിലാണ് അത് എഴുതിയത് അവസാനം കൊണ്ടപ്പിള്ളിയെ അവർ പുറത്താക്കുകയും അദ്ദേഹം വളരെ ദയനീയമായ രീതിയിൽ മരിക്കുകയും ചെയ്യുന്നു. പ്രസ്ഥാനം, അത് തുടങ്ങിയ ആളുടെ കൈവിട്ടു പോകുന്ന ഒരവസ്ഥ- അത് വിപ്ലവപ്രസ്ഥാനങ്ങളുടെ മാത്രം കാര്യമല്ല. ഗാന്ധിജി ആരംഭിച്ച പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നമുക്കറിയാം. അദ്ദേഹം വിഭാവനം ചെയ്ത കാര്യങ്ങളും ഇപ്പോഴതിന്‍റെ പ്രവർത്തനത്തിലുള്ള വൈരുദ്ധ്യങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാകും.  അതിനെ Anthrolpological ആയിട്ടാണ് ആൽഫയിൽ സമീപിച്ചിരിക്കുന്നത്

ചോദ്യം: ചരിത്രവും മിത്തും വർത്തമാനവും കൂടിക്കലർത്തുന്ന ഒരു രചനാരീതിയാണ് ഇട്ടിക്കോരയിലും സുഗന്ധിയിലും അവലംബിച്ചിരിയ്ക്കുന്നത് ഇത്തരം ഒരു രചനാ രീതിയ്ക്ക് ഊർജ്ജം ലഭിയ്ക്കുന്നതെങ്ങനെയാണ്?

ലിയ സാംസ്കാരികമാറ്റങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ കുറച്ചാളു കൾ  വായിക്കുമ്പോള്‍ ഒരു ഫിക്ഷൻ ഒരുപാടാളുകൾ വായിക്കുന്നു. ഒരു കഥയുടെ പശ്ചാത്തലത്തിൽ കാര്യങ്ങൾ പറഞ്ഞാൽ  ആൾക്കാർ വായിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടും. കഥപറയുക, അല്ലെങ്കിൽ കഥ കേൾക്കുക എന്ന മനുഷ്യവംശത്തിന്‍റെ തുടക്കം മുതലുള്ള താൽപര്യത്തിൽ കൂടിയാണ് സിനിമയും ചിത്രങ്ങളും ഫിക്ഷനുമൊക്കെ മുന്നോട്ട് പോകുന്നത്. കഥ പറയുന്ന രീതിയുടെ വിവിധരൂപങ്ങളാണ് ഇവയൊക്കെ. ശ്രീലങ്കൻ വംശീയയുദ്ധത്തെക്കുറിച്ച് പറയണമെങ്കിൽ, ഗ്ലോബലൈസേഷന് ശേഷം ലാഭം മാത്രം ലക്ഷ്യമാക്കുന്ന ഹിംസാത്മകമായ അവസ്ഥയെക്കുറിച്ച് പറയണമെങ്കിൽ, ഉപയോഗി ക്കാവുന്ന രീതികളുടെ സാദ്ധ്യതകൾ തേടുകയാണ് കഥ പറയുന്നയാൾ. ഞാൻ എന്നെ കാണുന്നത് ഒരു കഥപറച്ചിലുകാരനായിട്ടാണ്. ഒരു നോവലെഴുത്തുകാരൻ ആത്യന്തികമായി കഥപറച്ചിലുകാരനാണ് പല വ്യാഖ്യാനസാധ്യതകളുണ്ടെങ്കിലേ അത് ഒരു ലിറ്റററി ആർട്ട് ആവുന്നുള്ളൂ.

നോവൽ ആൾക്കാരിൽ എത്തിപ്പെടുക-വായിക്കപ്പെടുക-എന്നതിന് പിന്നില്‍ ഒരു ശ്രമത്തിന്‍റെ ആവശ്യമുണ്ട്. വായനക്കാരെ പ്രചോദിപ്പിയ്ക്കുന്നത് അതിന്‍റെ വായനാപരതയാണ്. കഥ ഏറ്റവും ഫലപ്രദമായി വായനക്കാരിലേക്ക് എത്തിക്കുകയാണ് എഴുത്തുകാരന്‍റെ ലക്ഷ്യം ശ്രീലങ്കൻ പ്രശ്നത്തെക്കുറിച്ച് അതീവഗൗരവത്തോടെ എഴുതപ്പെട്ട ഒരു Political Analysis ചെറിയൊരു കൂട്ടം ആളുകളിലേയ്ക്കേ എത്തുകയുള്ളൂ. ഇട്ടിക്കോരയിൽ ഞാൻ ഗണിതത്തെ ക്കുറിച്ച് എഴുതിയിട്ടുണ്ട്. ഗീവർഗീസ് ജോസഫിന്‍റെ Crest of the Paecockനെ കുറിച്ച് എഴുതിയിട്ടുണ്ട്. ആ പരാമര്‍ശങ്ങള്‍ വായിച്ച്, പുസ്തകത്തില്‍ താത്പര്യവുമായി ഏറെ പേര്‍ അന്വേഷിച്ചു വന്നതിനെ കുറിച്ച് ഗീവര്‍ഗീസ് ജോസഫ് എന്നോട് പറഞ്ഞിട്ടുണ്ട്.
കഥ പറയാൻ ഓരോ എഴുത്തുകാരനും ഉപയോഗിക്കുന്നത് ഓരോ രീതിയായിരിക്കാം. നോവൽ എന്ന സാഹിത്യരൂപം എത്തിനിൽക്കുന്ന അവസ്ഥയിൽ ചരിത്രം മിത്തുകൾ കെട്ടുകഥകൾ എന്നിങ്ങനെ ഒട്ടനവധി സാധ്യതകളുണ്ട്. പലരും അതാത് കാലത്തെ അടയാള പ്പെടുത്താൻ ചരിത്രസാദ്ധ്യതകൾ ഉപയോഗിക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം രണ്ട് കാര്യങ്ങളുണ്ട് ചരിത്രത്തിൽ പൂരിപ്പിക്കപെടാത്ത ഒരുപാട് ഇടങ്ങളുണ്ട്. അവിടെ ഭാവനയ്ക്ക് സാധ്യതയുണ്ട്. മിത്തുകൾ അനന്തസാദ്ധ്യതകൾ തരുന്നുണ്ട്. അങ്ങനെ ഭാവനയ്ക്ക് ഇടം തരുന്നവയാണ് ചരിത്രവും മിത്തും. ചരിത്രം പലപ്പോഴും അധികാര ത്തിന്‍റെ താൽപര്യമനുസരിച്ച് സൃഷ്ടിക്കപ്പെട്ട ഒന്നാണ് നമ്മുടെ മുന്നിൽ എന്നുള്ളത് കൊണ്ട്, ബഹുഭൂരിപക്ഷം ആൾക്കാരും വിചാരിയ്ക്കുന്നത് ഭൂരിപക്ഷം ആൾക്കാരുടെ ചരിത്രമെന്നാണ്.  പക്ഷേ പുറത്താക്കപ്പെട്ടവരുടെ ചരിത്രം കൂടിയുണ്ട്. അതിനെ ‘ Anti History ‘ എന്ന് വേണമെങ്കിൽ പറയാം
ഉദാഹരണത്തിന്, വാസ്കോഡാഗാമയ്ക്ക് ശേഷമാണ് യൂറോപ്യന്മാർ ഇന്ത്യയിലേക്ക് വരാൻ തുടങ്ങിയത് എന്നാണ് നമ്മുടെ അറിവ്. അതിന് മുമ്പ് ഇങ്ങോട്ട് വന്നവർ ഉണ്ടായിക്കൂടേ എന്ന് അങ്ങോട്ട് ചോദിയ്ക്കുന്ന ആന്‍റിഹിസ്റ്ററി എലമെന്‍റ് നമുക്ക് കഥ പറയാനുള്ള സാദ്ധ്യതകൾ തരികയാണ്. ഞാൻ ചരിത്രത്തേയും മിത്തിനേയും ഉപയോഗി ക്കുന്നത് എന്‍റെ കഥപറച്ചിലിനെ കൂടുതൽ ഫലപ്രദമാക്കാനും വായനക്കാരെ ആ പുസ്തക വുമായി കൂടുതൽ ബന്ധിപ്പിക്കാനുമാണ്. അങ്ങനെ ഭാവനയ്ക്ക് ഒരുപാട് സാദ്ധ്യതകൾ കിട്ടുന്നു
ചോദ്യം: ഫാസിസത്തിന്‍റെ, അധികാരത്തിന്‍റെ ജീർണ്ണതകളുടെ ഒരുപാട് സന്ദർഭങ്ങൾ നോവലുകളിൽ കടന്നുവരുന്നുണ്ട്. സമകാലിക രാഷ്ട്രീയവുമായി എങ്ങനെ ബന്ധിപ്പിയ്ക്കാം ഇതിനെ ?
അധികാരത്തിന്‍റെ ഹിംസാത്മകതയെയാണ് ഏതൊരു എഴുത്തുകാരനും മനുഷ്യനെ ക്കുറിച്ചുള്ള സമസ്തവ്യവഹാരങ്ങളിലും അഭിമുഖീകരിക്കേണ്ടത്. 2014 ജനുവരിയിലാണ് സുഗന്ധി പ്രസിദ്ധീകരിയ്ക്കുന്നത്. ഇന്ത്യാചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു കാലമാണത്. ഇപ്പോൾ അധികാരത്തിലുള്ള വർഗീയഫാസിസ്റ്റ് ഭരണസംവിധാനം വലിയ പെരുമ്പറകളുടെ അകമ്പടിയോടെ ജയിച്ചുവന്നത് അപ്പോഴാണ്‌. പത്രമാധ്യമങ്ങളിലൂടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ, ചാനലുകളിലൂടെ വലിയ ആഘോഷങ്ങളോടെ പ്രചരണം അഴിച്ചുവിട്ടുകൊണ്ട്, ആസൂത്രിതമായ രീതിയിൽ രംഗപ്രവേശം ചെയ്തതപ്പോഴാണ്. അത് വരെ പല കാരണങ്ങൾ കൊണ്ട് പൊതുസമൂഹത്തിന് അസ്പൃശ്യം എന്ന് കരുതിയ കാര്യങ്ങള്‍ക്ക്, പൊതുസമൂഹത്തിന് അസ്വീകാരനായ ഒരാള്‍ക്ക്, പൊടുന്നനെ സ്വീകാര്യത ലഭിച്ച അവസരം. മുപ്പത്തിരണ്ടോളം ശതമാനത്തിന് മാത്രമാണ് ഈ തോന്നലു ണ്ടായതെങ്കിലും എതിർത്ത് നിന്നവര്‍ക്കിടയിലെ ഉള്‍പ്പോര് കാരണം അവർക്ക് അധികാര ത്തിലെത്താനും കഴിഞ്ഞു. ഭരണഘടനയെ തിരുത്താനുള്ള ഭൂരിപക്ഷം ഇല്ലാത്തത്കൊണ്ട്, ഇപ്പോള്‍,  ചെറിയ കാര്യങ്ങള്‍ മാത്രം ചെയ്യുന്നു. അങ്ങനെയൊരു ഭൂരിപക്ഷം ലഭിയ്ക്കുക യാണെങ്കിൽ അതിനും ശ്രമിച്ചേനെ. ഈ ഇന്ത്യൻ സാഹചര്യങ്ങൾ തന്നെയാണ് സുഗന്ധി യിലും ചർച്ചയാവുന്നത്. ശ്രീലങ്കയിലെ കാര്യങ്ങളാണ് പറയുന്നതെങ്കിലും സൂക്ഷിച്ച് നോക്കി യാൽ ഇന്ത്യൻ സാഹചര്യങ്ങളുമായുള്ള ബന്ധം കാണാം. സമാധാനത്തിന്‍റെ കുപ്പായ മണിഞ്ഞ് വരുന്ന ഫാസിസ്റ്റ് രീതികൾ അതിൽ കാണാം. മഹീന്ദ്രരാജപക്ഷെ അഭ്യന്തര യുദ്ധാനന്തരം വിജയോന്മത്തനായി നടപ്പിലാക്കിയ കാര്യങ്ങളുടെ മറ്റൊരു തലമാണ് നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. നിർഭാഗ്യവശാൽ ആഗോളതലത്തിലും അത്തരം ചിന്ത കൾക്ക് വേരോട്ടം കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ തീവ്രവലത് പക്ഷത്തിന് അധികാരത്തില്‍ വരാന്‍ കഴിഞ്ഞില്ലെങ്കിലും പിന്തുണ  കിട്ടി. ഏറ്റവും ഒടുവില്‍ ജര്‍മനിയിലെ തെരഞ്ഞെടുപ്പില്‍ മെര്‍ ക്കലിന്റെ പാര്‍ ട്ടിക്ക് 32 ശതമാനവും തീവ്ര വലതു പക്ഷത്തിനു 12 ശതമാനവും വോട്ടു കിട്ടി. തീവ്രവലതുപക്ഷത്തിന് കിട്ടുന്ന ഈ പിന്തുണ അപകടകരമാണ്.
ട്രംപ് അധികാരത്തിൽവരുന്നു. അദ്ദേഹത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു കോമാളിയെ പ്പോലെ വടക്കൻകൊറിയയിലെ കിംഗ്ജോംഗ് വരുന്നു. അങ്ങനെ വളരെ അപകടം പിടിച്ച ഒരവസ്ഥയെയാണ് ലോകം ഇന്നഭിമുഖീരിക്കുന്നത് ഫാസിസത്തിനെ പ്രതിരോധിയ്ക്കു മ്പോൾ അതിനെ എതിരിടാൻ പുതിയ തന്ത്രങ്ങളും പദ്ധതികളുമായി അത് കടന്നുവരും . ഓരോ രാജ്യത്തും ഓരോരീതിയിലാണെന്ന് മാത്രം.
സുഗന്ധിയിൽ, ശ്രീലങ്കയെ കുറിച്ചാണ് പറയുന്നതെങ്കിലും ലോകത്തിൽ സമാന സാഹചര്യ ങ്ങൾ നിലനിൽക്കുന്ന ഏത് രാജ്യത്തിനും അത് ബാധകമാണ്. മഹീന്ദ്രരാജപക്ഷയെ ക്കുറിച്ചാണ് പറയുന്നതെങ്കിലും ലോകത്തെ ഏതൊരു ഭരണാധികാരിയ്ക്കും അത് ബാധകമാണ് . അത് നോർത്ത് കൊറിയയിലെ കിംഗ്ജോങ്ങുമാകാം .

ചോദ്യം :റെയിൽവേയിലെ ഔദ്യോഗികജീവിതം എഴുത്തിനെ ഏത് വിധത്തിൽ സ്വാധീനിച്ചിട്ടുണ്ട്? യാത്രകളും മറ്റും? 

ിക്കറ്റ് എക്സാമിനർ ആയി തുടങ്ങിയ ഔദ്യോഗിക ജീവിതത്തിന്‍റെ ആദ്യകാലത്ത് ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. എനിയ്ക്ക് ഒരുപാട് ചിന്തിയ്ക്കാനുള്ള ഇടം നൽകിയത് ചരക്ക് വണ്ടിയിൽ ഗാർഡായി ഒറ്റയ്ക്ക് യാത്ര ചെയ്ത അവസരങ്ങളാണ് . ഒറ്റയ്ക്ക് മുക്കാൽ കിലോമീറ്ററോളം നീളമുള്ള വാഗണിൽ ….1991 ലാണത്. കയ്യിൽ രണ്ട് പൊതി. രാത്രി മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്ന സിഗ്നൽലാമ്പ്. ഒരു സ്ഥലത്തേയ്ക്ക് തിരിച്ചാൽ പച്ച, പിന്നെ മഞ്ഞ. വീണ്ടും തിരിച്ചാൽ ചുവപ്പ്. ഒരു ടോർച്ചുമായി ഒറ്റയ്ക്ക്. വെള്ളവും വെളിച്ചവുമില്ലാത്ത ഏകാന്തതയുടെ ഭീകരരൂപം. ബ്രേക്ക് വാൻ എന്ന് വിളിയ്ക്കും. പത്തും പതിനഞ്ചും മണിക്കൂർ യാത്ര. ഈറോഡിൽ നിന്ന് ജോലാർപേട്ട വരെ, മൈസൂർ ഡാം വരെ, തിരുച്ചിറപ്പള്ളി വരെ..അപ്പോഴാണ് തമിഴ്സംസ്കാരവുമായി അടുക്കുന്നത്. പിന്നീട് നിരവധി പ്രൊമോഷനുകൾക്കു ശേഷം ഡെപ്യുട്ടി ചീഫ്കൺട്രോളർ ആയി, ചീഫ്കൺട്രോളർ ആയി. ഒരുപാട് ഉത്തരവാദിത്തങ്ങളുമുണ്ടായിരുന്നു. ഡൽഹിയിലും ചെന്നൈയിലും ഉണ്ടായിരുന്നു. അതൊക്കെ വലിയ എക്സ്പോഷർ തന്നു. ഒരു വ്യക്തി എന്ന നിലയിൽ എന്നെ ഞാനാക്കുന്നതിൽ റെയിൽവേയ്ക്ക് വലിയ പങ്കുണ്ട്. പല സംസ്കാരങ്ങളിലുള്ള ആളുകൾ. പ്രത്യേകിച്ച് തമിഴ്സംസ്കാരമുള്ളവർ. സതേൺറെയിൽവേയുടെ ഔദ്യോഗിക-അനൗദ്യോഗിക ഭാഷ തമിഴാണെന്ന് ഞങ്ങൾ പറയുമായിരുന്നു .അവസാനത്തെ പത്തിരുപത് വർഷങ്ങൾ അത്തരത്തിലുള്ള സ്വാധീനങ്ങൾ ഉണ്ടായിരുന്നില്ല. വണ്ടികൾ കൺട്രോൾ ചെയ്യുന്ന, തിരക്ക് പിടിച്ച, ഒരുപാട് സമ്മർദ്ദങ്ങളുള്ള ജോലിയായിരുന്നു. അതിനിടയിൽ ഒരു ആശ്വാസമെന്ന നിലയിലാണ് വായനയിലേക്കും എഴുത്തിലേക്കും തിരിഞ്ഞത്. അല്ലെങ്കിൽ ഭ്രാന്ത് പിടിച്ചുപോകുമെന്നും മറ്റൊരു ഭ്രാന്ത് അതിനൊരു പരിഹാരമാകുമെന്നും വിചാരിച്ചു.

ചോദ്യം: പുതിയ നോവൽ എന്ന് പ്രതീക്ഷിക്കാം? 

ുതിയ നോവലിനെക്കുറിച്ച് ആലോച്ചിരിയ്ക്കുമ്പോൾ അപ്രതീക്ഷിത മായി ഷാജി കരുണിന്‍റെ പുതിയചിത്രമായ ‘ഓൾ’ ന്‍റെ തിരക്കഥയിലേക്ക് തിരിഞ്ഞു. ഒന്നരവർഷത്തോളമായി അതിന്‍റെ തിരക്കിലാണ്. നിങ്ങളുടെ നാട്ടിലാണ് ചിത്രീകരണം. ചെറുവത്തൂരിലും പയ്യന്നൂരിലും മറ്റും
അടുത്ത പുസ്തകം റെയിൽവെ അനുഭവങ്ങളെക്കുറിച്ചാവാൻ സാധ്യതയുണ്ട് . റെയിൽവേയെ കുറിച്ച് ഒരക്ഷരം ഇതുവരെ എഴുതിയിട്ടില്ല. നൂറ്റമ്പത് വർഷത്തെ റെയിൽവേ ചരിത്രമുണ്ട്. അതിന്‍റെ സാദ്ധ്യതകൾ തേടുന്നു . ഒരെണ്ണം ചെയ്യുമ്പോൾ മറ്റൊന്ന് ആകസ്മികമായി കയറിവരികയാണ് പൊതുവെ സംഭവിയ്ക്കാറുള്ളത്

മലയാളനാട് വെബ് മാഗസിനോട് പ്രത്യേക നന്ദിയും കടപ്പാടുമുണ്ട്. ഇട്ടിക്കോര ഇറങ്ങിയപ്പോൾ ഒരുപാട് സജീവമായ ചർച്ചകൾ നടന്നത് മലയാളനാടിലാണ്. പലതും വിമർശനങ്ങളായിരുന്നു.

പലരും പറഞ്ഞിട്ടുണ്ട്- ഇട്ടിക്കോരയിൽ ചില കാര്യങ്ങളോട്  വിയോജിപ്പുണ്ട്, സുഗന്ധിയിൽ ചില സന്ദര്‍ഭങ്ങളോട് വിയോജിപ്പുണ്ട്. അവരോടെല്ലാം എനിയ്‌ക്ക്‌  പറയാനുള്ളത്, സമൂഹത്തിനോടുള്ള എല്ലാ വിയോജിപ്പുകൾക്കുമുള്ള മറുപടിയാണ് എന്‍റെ എഴുത്തുകൾ. ഞാൻ എന്ന വ്യക്തിയെ മാറ്റിനിർത്തിയാണ് എന്‍റെ എഴുത്തുകൾ.

]suga

Comments
Print Friendly, PDF & Email

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

You may also like