രാജ്യസ്നേഹത്തിന്റെയും, രാജ്യദ്രോഹത്തിന്റെയും അളവുകോലുകള്‍ ഒരു വര്‍ഗ്ഗീയഫാസിസ്റ്റ് സംഘടനയാല്‍ തീരുമാനിക്കപ്പെടുമ്പോള്‍ മൗനം പൂണ്ടിരിക്കാന്‍ ആര്‍ക്കാണ് കഴിയുക? സ്വതന്ത്രചിന്തകളുടെ വിളനിലങ്ങളായ സര്‍വ്വകലാശാലകളെ തങ്ങളുടെ ആശയപ്രചരണത്തിനായി മാത്രം തകര്‍ത്തുകളയാമെന്ന മൗഢ്യത്തില്‍ ഒരു സംഘടന അതിന്റെ സകലാധികാരങ്ങളും ഉപയോഗിക്കുമ്പോള്‍ എങ്ങനെയാണ് ആ നിലപാടുകളെ ചോദ്യം ചെയ്യാതിരിക്കുക? കെട്ടിച്ചമച്ച തെളിവുകളും, വ്യാജമായ ആരോപണങ്ങളും, നട്ടാല്‍ മുളയ്ക്കാത്ത നുണകളുമായി ഇന്ത്യന്‍ യുവത്വത്തെ രാജ്യദ്രോഹികളാക്കാമെന്ന് കരുതി ഫാസിസ്റ്റുകള്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എങ്ങനെയാണ് ഈ നാവടക്കി നമുക്ക് പണിയെടുക്കാനാവുക?
നമ്മുടെ ചുറ്റുപാടുകള്‍ ഒരുപാട് മാറിയിരിക്കുന്നു. രാഷ്ട്രീയവും മാറിയിരിക്കുന്നു. വര്‍ഗ്ഗീയതയുടെ നാമ്പുകള്‍ രാജ്യസ്നേഹത്തിന്റെ പുതിയ ശല്‍ക്കങ്ങളുമായി പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ്. ഇവിടെ മലയാളനാടിനും മാറാതിരിക്കാനാവില്ല. രാജ്യസ്നേഹത്തിന്റെ പേരില്‍ ഒരു രാജാവിനും, അവരുടെ പരിവാരങ്ങള്‍ക്കും ഇന്നാട്ടിലെ ജനാധിപത്യമൂല്യങ്ങള്‍ അടിയറ വയ്ക്കാതിരിക്കാന്‍ യുവത്വം പൊരുതിക്കൊണ്ടിരിക്കുകയാണ്. മലയാളനാട് അവരോട് ഐക്യപ്പെടൂന്നു.
മാറിയ സാമൂഹ്യാന്തരീക്ഷത്തെ തിരിച്ചറിഞ്ഞുകൊണ്ട് തന്നെ മലയാളനാടും അടിമുടി മാറുകയാണ്. ഉള്ളടക്കത്തിലും, കെട്ടിലും, മട്ടിലും ആ മാറ്റം നിങ്ങള്‍ക്ക് തിരിച്ചറിയാം. ഇതുവരെ പിന്തുണച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും സ്നേഹം. തുടര്‍ന്നും നിങ്ങളുടെ വിലയേറിയ പിന്തുണ ഞങ്ങള്‍ക്കുണ്ടാവുമെന്ന് പ്രത്യാശിക്കുന്നു.