പൂമുഖം INTERVIEW ജൈവ വൈവിധ്യങ്ങളുടെ ക്യാൻവാസ്

ജൈവ വൈവിധ്യങ്ങളുടെ ക്യാൻവാസ്

കാസർകോടൻ ഗ്രാമീണ ജീവിതത്തിൽ നിന്ന് കണ്ടെത്തിയ കാഴ്ചകൾ നൽകിയ ഊർജ്ജം വഹിക്കുന്ന ചിത്രകലാജീവിതമാണ് വിനോദ് അമ്പലത്തറയുടേത്. കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചുവരുന്ന വിനോദ്, ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സാഹിത്യ രചനകൾക്കും ചിത്രീകരണം നിർവഹിക്കാറുണ്ട്. ചിത്രങ്ങളുടെയും ഇൻസ്റ്റലേഷനുകളുടെയും നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കേരള ലളിതകലാഅക്കാദമിയുടെ 2016 ലെ ഓണറബൾ മെൻഷൻ അവാർഡ്, 2019 ലെ കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രദർശനങ്ങളെക്കുറിച്ചും ചിത്രരചനയെക്കുറിച്ചും വിനോദ് സംസാരിക്കുന്നു.

വിനോദ് അമ്പലത്തറ

ചോദ്യം : Trails that we cross in burnt Sienna എന്ന കാവ്യാത്മകമായ പേരിൽ കോഴിക്കോട്, ലളിതകലാഅക്കാദമി ഹാളിൽ നടന്ന പ്രദർശനത്തിന്റെ അനുഭവങ്ങൾ ഒന്ന് പറയാമോ?

കോവിഡ് കാലത്തെ അടച്ചിരിപ്പുകാലത്താണ് ഞാൻ കൂടുതലായും തൊട്ടടുത്ത സ്ഥലങ്ങളിൽ നടന്നു പോയി പെയിന്റിംഗ് ചെയ്യുന്ന ഒരു രീതി ആരംഭിക്കുന്നത്. ഇത് മിക്കവാറും എല്ലാ ദിവസവും തുടർന്നു കൊണ്ടിരിന്നു. 2020 മുതൽ വരച്ച പെയിന്റിംഗുകൾ ഒരുമിച്ച് ഒരു പ്രദർശനം സംഘടിപ്പിക്കണമെന്ന് ആഗ്രഹിച്ച സമയത്താണ് കേരള ലളിതകലാ അക്കാദമിയുടെ സമകാലീന ഏകാംഗ പ്രദർശനത്തിനുള്ള ഗ്രാന്റ് ലഭിക്കുന്നത്. ഡ്രോയിംഗുകളും പെയിന്റിംഗുകളും ഉൾപ്പെടെ 50 ലാൻഡ്‌സ്കേപ്പ് വർക്കുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സുഹൃത്തുക്കൾ പ്രദർശനം കാണാൻ എല്ലാ ദിവസവും എത്തിയിരുന്നു. മലപ്പുറത്ത് നിന്നും വടകരയിൽ നിന്നും കെയിലാണ്ടിയിൽ നിന്നും ചിത്രങ്ങളെയും സങ്കേതങ്ങളെയും അത്രയൊന്നും പരിചിതമല്ലാത്ത കുറേയധികം ഗ്രാമീണരും എത്തിയിരുന്നു.

ചോദ്യം : ചിത്ര പ്രദർശനങ്ങൾക്കുള്ള പ്രദേശികമായ പേരുകൾ, അവയിൽ നിഴലിക്കുന്ന മണ്ണിന്റെ ഘടനകൾ കലയുടെ ഈ പ്രാദേശിക ഭാഷ ഒരു പ്രതിരോധം തന്നെയല്ലേ?

മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും അടങ്ങിയ ഒരു നരേറ്റിവ് ശൈലിയിലായിരുന്നു ആദ്യ കാലങ്ങളിൽ ഞാൻ വരച്ചിരുന്നത്. 80-90 കളിൽ കേരളത്തിലെ ഫൈൻ ആർട്സ് കോളേജുകളിൽ പിൻതുടർന്നു വന്നിരുന്ന ഫിഗറേറ്റീവ് പെയിന്റിംഗുകളുടെ തുടർച്ച. 2001 മുതൽ പിന്നീട് ഞാൻ എന്റെ നാട്ടിൽ തന്നെ താമസിച്ച് വരയ്ക്കുകയും സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്തു വരുന്നു. 20 വർഷം മുമ്പാണ് അമ്പലത്തറ കേന്ദ്രീകരിച്ച് DEWS എന്ന പേരിൽ ഒരു പരിസ്ഥിതിസമിതി ആരംഭിക്കുന്നത്. ഞങ്ങൾ ചെറിയൊരു സംഘമായിരുന്നെങ്കിലും നിരവധി പഠനയാത്രകൾ നടത്തുകയും നാട്ടിലെ പരിസ്ഥിതിപ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് എൻഡോ സൾഫാൻവിരുദ്ധസമരത്തിൽ ഞങ്ങളെല്ലാവരും ഇടപെടുന്നത്. ഈ സമയത്ത് വരച്ച എന്റെ എല്ലാ പെയിന്റിംഗുകളും മണ്ണും മനുഷ്യനും എന്ന പരമ്പരയിലായിരുന്നു. വിത്തുകൾ, ചെടികൾ, കൃഷിയിടങ്ങൾ. കുന്നിൻ ചെരിവുകൾ ഇങ്ങനെ മുമ്പ് വരച്ച ചിത്രങ്ങളിൽ നിന്ന് മാറി എന്റെ നാട്ടിന്റെ പഴയകാല ജൈവ കാർഷിക സംസ്കാരത്തെക്കുറിച്ചുള്ള ഒരു അന്വേഷണം ആരംഭിച്ചു. പിന്നീട് ഉൾ ഗ്രാമങ്ങളിലൂടെ നിരവധി യാത്രകൾ നടത്തിയിരുന്നു. ഞാൻ സമീപകാലത്ത് വരച്ച ചിത്രങ്ങളിൽ കടന്നുവന്ന സ്ഥലങ്ങളെല്ലാം അനേകം ജൈവ വൈവിധ്യങ്ങളുടെ ചില തുരുത്തുകളാണ്. വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമാണ് ഇതുപോലെ അവശേഷിച്ചിട്ടുള്ളത്. ഇലകളും,മരങ്ങളും, എന്റെ നാട്ടിൽ മാത്രം കണ്ടുവരുന്ന ചെറിയ ഇനം പുല്ലു വർഗ്ഗങ്ങളും കാട്ടുപഴങ്ങളും വിശാലമായ പാറപ്രദേശങ്ങളും എല്ലാം തുടർച്ചയായി ചിത്രങ്ങളിൽ വരാൻ തുടങ്ങി. മണ്ണ്, മനുഷ്യൻ, ജീവജാലങ്ങൾ എന്ന ഒരു രീതിയിൽ നിന്ന് മാറി ജീവജാലങ്ങൾ ഇല്ലാതെ തന്നെ.. അനേകം ജീവിവർഗ്ഗങ്ങൾ നടന്നു പോയ ഒരു വഴി ചിത്രീകരിക്കുന്നതിലൂടെയും ജീവ സാന്നിധ്യം കൊണ്ടുവരുവാൻ പറ്റുമല്ലോ എന്ന് തോന്നി. കാസർകോടിന്റെ പ്രാദേശികഭാഷ ശീർഷകമായി ഉപയോഗിച്ചായിരുന്നു എന്റെ എല്ലാ പ്രദർശനങ്ങളും 2001 ൽ നടന്ന എന്റെ ഒരു പ്രദർശനത്തിന്റെ ടൈറ്റിൽ “പരുവ” എന്നായിരുന്നു. 2019 ൽ ദർബാർ ഹാളിൽ സംഘടിപ്പിച്ച ഗ്രൂപ്പ് ഷോയുടെ ടൈറ്റിൽ കുന്ന് / കുതിര്/ കൂവ്വൽ എന്നായിരുന്നു 2020 ൽ പയ്യന്നൂരിൽ സംഘടിപ്പിച്ച ഗ്രൂപ്പ് ഷോയുടെ ശീർഷകം “ഒറൂണ്ട്”എന്നായിരുന്നു.

ചോദ്യം : അച്ഛൻ കണ്ണേട്ടൻ നല്ലൊരു ചിത്രകാരനായിരുന്നല്ലോ, അതിന്റെ ഓർമ്മകൾ എന്തൊക്കെയാണ്?

അച്ഛൻ വരയ്ക്കുമായിരുന്നു. അച്ഛൻ ഞങ്ങളുടെ പഴയ വീടിന്റെ ചുമരുകളിൽ വരച്ച രേഖാ ചിത്രങ്ങൾ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അച്ഛൻ അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവെ സഹതടവുകാരനായ ചിത്രകലാ അധ്യാപകനിൽ നിന്നും ചിത്രകലാ പരിശീലനം നേടിയിരുന്നു. ജയിലിൽ നിന്നും മോചിതനായ ശേഷം നിരന്തരം ഡ്രോയിംഗ് ചെയ്യുമായിരുന്നു. ഫോട്ടോഗ്രാഫിക്ക് അത്ര പ്രചാരമില്ലാത്ത കാലത്ത് നാട്ടിലുള്ള പലരുടെയും മുഖങ്ങൾ വരയ്ക്കുമായിരുന്നു. അമ്മയെ മോഡലാക്കി വാതിൽ പാളിയിൽ വരച്ച രേഖാചിത്രം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്.

ചോദ്യം : ജാപ്പനീസ്, കൊറിയൻ, ചൈനീസ് ചിത്രരീതികളുടെ സ്വാധീനം ഉണ്ടായിട്ടുണ്ടോ?വാൻ ഗോഗിന്റെ ‘Tree and Bushes in the Garden of the Asylum’, (1889) എന്ന ചിത്രത്തിലെ ദൃശ്യങ്ങളുമായി സാമ്യം തോന്നിയിട്ടുണ്ട്.

എന്റെ ചുറ്റുപാടുമുളള സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അത് വിൻസെന്റ് വാൻ ഗോഗും സെസാനും ഗോഗിനും എല്ലാം നടന്ന വഴിപോലെ ഏറെ സമാനതകളുള്ള ഒരു ഭൂപ്രകൃതിയായി തോന്നാറുണ്ട്, കാസറഗോട്ടെ ചെങ്കൽ പ്പാറയിലെ വിശാലമായ പുല്ലുകൾക്കിടയിലൂടെ നടക്കുമ്പോൾ വാൻ ഗോഗ് വരച്ച ഗോതമ്പുപാടത്തെ ഓർമ്മ വരും. ലാൻഡ്സ്കേപ്പ് രചന ഗൗരവമായി പഠിക്കാൻ തുടങ്ങുന്ന ഏതൊരു കലാകൃത്തും ഇംപ്രഷനിസ്റ്റുകൾ ചെയ്ത മഹത്തായ വർക്കുകളിലൂടെ കടന്നുപോയിട്ടുണ്ടാകും. ഇംപ്രഷനിസ്റ്റ് കലാകൃതികൾ പഠിക്കാൻ ശ്രമിക്കുമ്പോഴാണ് അവർ സ്വീകരിച്ച ജാപ്പാനീസ് ഒറിയന്റൽ ശൈലിയെക്കുറിച്ചും,കൊറിയൻ ശൈലിയെയും ചൈനീസ് പെയിന്റിംഗുകളെയും അവയിലൂടെ തദ്ദേശീയമായ രചന രീതിയെയും ഇന്ത്യയിൽ തന്നെ പ്രചാരത്തിലുണ്ടായിരുന്ന പാലാർശൈലിയിലുള്ള ഈന്തപ്പനയോലയിൽ ചെയ്ത പഴയ കാല ഡ്രോയിംഗുകളെക്കുറിച്ചും ചില അറിവുകൾ ശേഖരിക്കുന്നത്. ഇത്തരം ചില അന്വേഷണങ്ങൾ പുതിയ ചില ചിന്താധാരയിലേയ്ക്ക് , ചില കാര്യങ്ങളെ പുതുക്കിപണിയുന്നതിലേയ്ക്ക്‌ വഴിയൊരുക്കി. അങ്ങനെയാണ് റൈസ് പേപ്പറിൽ ഇങ്ക് ഉപയോഗിച്ച് ഡ്രോയിംഗുകൾ ചെയ്യാൻ ആരംഭിക്കുന്നത്. 2019 ൽ റൈസ് പേപ്പറിൽ ഇങ്ക് ഉപയോഗിച്ച് ധാരാളം മിനിയേച്ചർ ഡ്രോയിംഗുകൾ ചെയ്തു വന്നു. ഈ വർക്കുകളുടെ ശേഖരത്തിനാണ് 2019 ൽ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.

ചോദ്യം : കോവിഡ് സമയത്ത് അനിയൻ പ്രസാദുമായി ചേർന്നുള്ള ചെറു യാത്രകളും, ചിത്രങ്ങളും പുതിയ ദിശയിലേക്ക് നയിച്ചിട്ടുണ്ടോ?

കോവിഡിന്റെ അടച്ചിരിപ്പുകാലത്താണ് തൊട്ടടുത്ത സ്ഥലങ്ങളെ നടന്നു പോയി ചിത്രീകരിക്കുന്ന ഒരു രീതി ഞാനും സഹോദരൻ പ്രസാദ് കാനത്തുങ്കാലും ആരംഭിക്കുന്നത്. മിക്കവാറും എല്ലാ ദിവസവും പുലർകാലങ്ങളിൽ ബ്രഷും പാലറ്റും കാൻവാസുമായി ഞങ്ങൾ യാത്ര തുടർന്നു. തൊട്ടടുത്ത സ്ഥലങ്ങളായ ചെക്കിയാർപ്പ്, ചാലിങ്കാൽ, പുല്ലൂർ, കൊടവലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുലർകാലങ്ങളിലുള്ള യാത്ര. സൂര്യൻ ഉദിച്ചുയരുന്ന സമയത്താണ് വരയ്ക്കാൻ ആരംഭിക്കുന്നത്. സൂര്യന്റെ വെളിച്ചം ഒരോ നിമിഷവും മാറിക്കൊണ്ടിരിക്കും. ചിത്രം പൂർത്തിയാകുമ്പോഴേക്കും മറ്റൊരു ദൃശ്യമായിരിക്കും നമുക്കു ചുറ്റും. നമുക്ക് ചുറ്റുമുള്ള പൂക്കൾ,മരങ്ങൾ,പുല്ലുകൾ എന്നിവയിലെല്ലാം ഓരോ സമയത്തും നിറങ്ങളിൽ വ്യതിയാനം സംഭവിക്കുന്നത് നിരീക്ഷിക്കാൻ തുടങ്ങി. ഇത്തരം ഒരു പരിശീലനം ഒരിക്കലും ഒരു സ്റ്റുഡിയോവിൽ നിന്ന് സാധ്യമല്ലല്ലോ? വളവു തിരിവുകളും കയറ്റിറക്കങ്ങളും കടന്ന് താഴ്‌വാരങ്ങളിലേക്കും കുഞ്ഞുപുല്ലുകൾ വിരിച്ച ചെങ്കൽ കുന്നുകളിലേക്കും കാഞ്ഞിരവും മുള്ളു പഴങ്ങളും ചെക്കിയും കാശാവും പൂത്ത തുരുത്തുകൾ തേടിയും ഉള്ള ഒരു പരിസര പഠനമായിരുന്നു ഈ യാത്ര. വരയിടങ്ങളിൽ കണ്ടുമുട്ടുന്നവർ ആരാധനയോടെയാണ്‌ ഞങ്ങളെ സമീപിച്ചത്. വരച്ചു കൊണ്ടിരിക്കെത്തന്നെ നാട്ടിടങ്ങളിലെ കലാസ്വാദകരുമായി സംവദിക്കാനുള്ള ഒരു സാധ്യത കൂടി തുറന്നുതരുന്നുണ്ട് എന്നതാണ് എന്റെ വരയനുഭവം.

ചോദ്യം : എൻഡോസൾഫാൻ സമരങ്ങളുടെ ഭാഗമായിരുന്നല്ലോ വിനോദിന്റെ പല കലാപ്രവർത്തനങ്ങൾ. ആ പ്രതിരോധങ്ങളെ കുറിച്ച് പറയാമോ ?

“അരജീവിതങ്ങൾക്കൊരു സ്വർഗ്ഗം “എന്ന എം. എ റഹ്മാൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി, മധുരാജിന്റെ ഫോട്ടോകൾ, ഇതെല്ലാം ആദ്യ കാലത്ത് എൻഡോസൾഫാൻ ദുരന്തത്തെ സമൂഹത്തെ അറിയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അരജീവിതങ്ങൾക്കൊരു സ്വർഗ്ഗം എന്ന ഡോക്യുമെന്ററിയിൽ ഞങ്ങൾ നാട്ടിലെ കുറേ കലാകാരൻമാര്യം പങ്കെടുത്തിട്ടുണ്ട്. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അംബികാസുതൻ മാങ്ങാട് എന്നിവർക്കൊപ്പം നിരവധി സമര പരിപാടികളിൽ പ്രവർത്തിച്ചിട്ടുമുണ്ട്. ഇത്തരം അനുഭവങ്ങളിൽ നിന്നാണ് എൻഡോ സൾഫാൻ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇടവരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി സമര പരിപാടികളിൽ പ്രതീകാത്മകമായി ചിത്രങ്ങളും ശില്പങ്ങളും ചെയ്ത് ഒപ്പം ചേർന്നിരുന്നു. മുള്ളേരിയ എന്ന സ്ഥലത്ത് തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ അമ്പത് നിലവിളിക്കുന്ന ടെറാക്കോട്ട ശിപ്ങ്ങൾ തെരുവിൽ പ്രദർശിപ്പിച്ചിരുന്നു. ഇതേ ശില്പങ്ങളെ പ്രതീകാത്മകമാക്കിയാണ് മേധാപഠ്ക്കർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ എൻഡോസൾഫാർ സമരം ഉദ്ഘാടനം ചെയ്തത്. ദുരന്ത ബാധിത പ്രദേശങ്ങളിൽ സഞ്ചരിച്ച് ഇരയായവരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കുക തുടങ്ങിയവയെല്ലാം ഒരു കാലത്ത് ചെയ്തു വന്നിരുന്നു.

ചോദ്യം : നമ്മുടെ പ്രദേശമായ അമ്പലത്തറയ്ക്ക് ചുറ്റുമുള്ള പ്രകൃതി ഏറ്റവും സൂക്ഷ്മമായിട്ടാണ് വിനോദിന്റെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം കാഴ്ചയുടെ ഒരു തെരഞ്ഞുടുപ്പിലേക്ക് എത്തിച്ചേർന്ന ഘടകങ്ങൾ എന്തെല്ലാമാണ്?

ശരിയാണ്, സമീപകാലത്ത് വരച്ച പെയിന്റിംഗുകളിൽ ഇലകളെയും പൂക്കളെയും പുല്ലു വർഗ്ഗങ്ങളെയെല്ലാം കുറേക്കൂടി സൂക്ഷ്മതയോടെ വരയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ പാരാണിക നിർമ്മിതികൾ, ആരാധനാലയങ്ങൾ, തുറമുഖങ്ങൾ, ഗ്രാമ ദൃശ്യങ്ങൾ എന്നിവ ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവോടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ച് വരയ്ക്കുന്ന ഒരു പഠന രീതി തുടർന്നു വരുന്നുണ്ട്. അന്ന് വരച്ച പല ചിത്രങ്ങൾക്കും ഇന്ന് വലിയ ചരിത്ര പ്രാധാന്യവുമുണ്ട്. മുരിങ്ങയും കണിക്കൊന്നയും, കുരുമുളകും കുന്നിക്കുരുവും, തകരയുമെല്ലാം വളരെ വ്യക്തമായി ജലച്ചായത്തിലും രേഖാ ചിത്രത്തിലും ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഭൂരൂപങ്ങളെ വരയ്ക്കു ന്നതിൽ തദ്ദേശീയരായ കലാകൃത്തുക്കളുടെ ശ്രമവും ഏറെ വലുതാണ്.കഴിഞ്ഞ കുറച്ച് വർഷമായി കമ്പനി പെയിന്റിംഗുകളിലെ പരിസര പഠനത്തെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. വരയ്ക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും റഫറൻസായി സ്വീകരിക്കാൻ പറ്റിയ ചിത്രങ്ങളാണത്.

ചോദ്യം : വിനോദിന്റെ ലാൻഡ്സ് കേപ്പ് ചിത്രങ്ങൾ ഏറെ വ്യത്യസ്തങ്ങളാണ്. അതിനുള്ള അനന്ത സാദ്ധ്യതകൾ എങ്ങനെയാണ് തെളിഞ്ഞു വരുന്നത്?

ലാൻഡ്സ് കേപ്പ് രചന ഒരു സ്ഥലത്തെ നോക്കി വരക്കുക എന്നത് മാത്രമല്ല. അത് ഭൂതകാലത്തിൽ നിന്നും സാമൂഹികമായി വികസിച്ചു വന്ന ചിഹ്നങ്ങളുടെയോ ഭാഷയുടെയോ ഒരു വിഷ്വൽ നിഘണ്ടു പോലെയാണ്. പുനർ പ്രകടനം, പുനരാഖ്യാനം എന്ന നിലയിൽ സംസ്കാരത്തിന്റെ ചരിത്ര നിർമ്മാണവുമായി അത് വികസിക്കുന്നുണ്ട്. നാം നടന്നു പോകുന്ന വഴി അനേകം ജീവിവർഗ്ഗങ്ങളുടെ കാൽപാദങ്ങൾ പതിഞ്ഞതാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു കാട്ടുപൊയ്കയോ ചെങ്കൽപ്പാറയോ, കുന്നിൽ ചെരിവുകളോ ചിത്രീകരിക്കുമ്പോൾ പ്രകൃതിയുടെ വന്യവും അജ്ഞാതവുമായ ഇന്നലെകളിലെ ഓർമ്മകളിലേക്ക് കൂടി നമ്മെ കൊണ്ടുപോകുന്നുണ്ട്. പ്രകൃതിയുടെ സ്മാരക അനുപാതത്തിന്റെ അന്തർലീനമായ സൗന്ദര്യത്തെ രേഖകളിലൂടെയും നിറങ്ങളിലൂടെയും ആവിഷ്കരിക്കാനുള്ള ഒരു ശ്രമം എന്ന രീതിയിൽ കാണാം.

ചോദ്യം : ദീർഘകാലമായി കഥകൾക്കും കവിതകൾക്കും ഇല്ലസ്ട്രേഷൻ ചെയ്യുന്നുണ്ടല്ലോ? ഇല്ലസ്ട്രേഷൻ അനുഭവങ്ങൾ പറയാമോ?

കുറേ വർഷമായി ഞാൻ ഇല്ലസ്ടേഷൻ രംഗത്തുണ്ട്. വരച്ചു കൊണ്ടിരിക്കുന്ന പെയിന്റിംഗുകൾക്ക് സഹായകരമാകുന്ന ഒരു പ്രവർത്തിയായിട്ടാണ് ഞാൻ ഇല്ലസ്ട്രേഷനെ കാണുന്നത്. നിരന്തരം സ്കെച്ച് ചെയ്യുന്നതിലൂടെ നമ്മുടെ രചനാശൈലിയെ പുതുക്കിപണിയുവാൻ സാധിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഗ്രന്ഥലോകത്തിൽ വരച്ചു കൊണ്ടിരിക്കുന്ന ഇല്ലസ്ട്രേഷനുകൾ കേരളത്തിലെ ഗൗരവമായ വായനക്കാരുടെ ഇടയിലേക്ക് എത്തിച്ചേരുന്നു എന്നത് ഏറെ സന്തോഷം നൽകുന്നതാണ്. ഇ പി രാജഗോപാലൻ എഴുതിയ ‘നടക്കുമ്പോൾ’, വി.കെ അനിൽ കുമാറിന്റെ ‘ദൈവക്കരു ‘എന്നീ പുസ്തകങ്ങൾക്ക് സമീപകാലത്ത് വരച്ചിട്ടുണ്ട്. വടക്കേ മലബാറിലെ ഓരോ കളിയാട്ട ആഘോഷവും ഒരു സാംസ്കാരിക ഇടം കൂടിയാണ്. കളിയാട്ടങ്ങളുടെ ഭാഗമായി സംസ്കാരം. ഭാഷ, തൊഴിൽ, സമരം, പ്രകൃതി, ആരാധന, കഥകൾ കവിതകൾ എന്നിവ ഉൾക്കൊള്ളുന്ന നിരവധി പുസ്തകങ്ങൾ ഓരോ വർഷവും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരം പുസ്തകങ്ങൾ മികച്ച രേഖാ ചിത്രങ്ങൾ കൂടി ഉൾപ്പെടുന്നവയാണ്. ദേശചരിത്രവുമായി ബന്ധപ്പെട്ട് കുറേ പുസ്തകങ്ങൾക്ക് രേഖാ ചിത്രങ്ങൾ രചിച്ചിട്ടുണ്ട്.

വര : വിനോദ് അമ്പലത്തറ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like