പൂമുഖം POLITICS അവര്‍ക്ക് പ്രിയം അറിവിനോടല്ല, ആയുധപ്പുരയോടാണ്!

അവര്‍ക്ക് പ്രിയം അറിവിനോടല്ല, ആയുധപ്പുരയോടാണ്!

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ുജറാത്തിൽ അവർക്ക്‌ തലയിൽ കാവിക്കെട്ടുകളും കയ്യിൽ ബോംബും തൃശൂലവും ഉണ്ടായിരുന്നു. ജയ്‌ ശ്രീറാം മുദ്രാവാക്യം അവർ ഉറക്കെ ഉറക്കെ വിളിച്ചിരുന്നു. നേരിട്ടുള്ള കൊന്നു തള്ളല്‍ ആയിരുന്നു. ഇന്ന് അവർക്കറിയാം നൂറു കണക്കിന്ന് ആളുകളെ കൊന്നു തള്ളുന്നതിലും നല്ലത് ചോദ്യങ്ങളെ ഇല്ലാതാക്കാൻ ചിന്തിക്കുന്ന തലച്ചോറുകളെ നിര്‍വീര്യമാക്കുക എന്നതാണെന്ന്. അതുകൊണ്ട് തന്നെയാണ് ഫാസിസ്റ്റുകള്‍ എതിര്‍ശബ്ദങ്ങളെ ഭയപ്പെടുത്തിയും പീഢിപ്പിച്ചും പ്രീണിപ്പിച്ചും വറുതിക്ക്‌ കൊണ്ടു വരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

ഗുജറാത്തിൽ കർസേവകർ ജയ് ശ്രീറാം എന്ന ആര്‍പ്പുവിളികളോടെ തെരുവിൽ കലാപം അഴിച്ച്‌ വിടുമ്പോൾ അന്നത്തെ സർക്കാർ അതിനു അവസരമൊരുക്കുകയായിരുന്നു. പക്ഷേ, ഇന്ന് തെരുവിലെ ജയ്‌ ശ്രീറാം മുദ്രാവാക്യങ്ങൾ ഇല്ല. കയ്യിൽ തൃശൂലമോ കാവിക്കൊടിയോ പോലും ഇല്ല. പകരം വന്ദേമാതരവും, ഭാരത്മാതാ കീ ജയ് വിളികളും, ദേശീയപതാകയും.

പോലീസ്‌ യൂണിഫോമിലാണ് അവർ ഇന്ന് ജെ എൻ യു വിലേക്ക്‌ കയറിയത്‌. നീതിയുടെ കോട്ടിട്ടാണ് അവർ പട്യാല കോടതി വളപ്പിൽ നിയമത്തെ കശാപ്പുചെയ്തത്. അവിടെയും യൂണിഫോമിട്ട പോലീസുകാർ, നിയമപാലകര്‍ ഫാസിസ്റ്റുകള്‍ക്ക് ഒത്താശകളും ഓശാനകളും പാടി കാഴ്ചക്കാരായി.

‘പാർലിമെന്റിൽ’ ഇന്നവര്‍ ജനാധിപത്യത്തിന്റെ കാവലാളുകളാണ്, ധീര’ദേശസ്നേഹികൾ’. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണിൽ ചാരിയിരുന്ന് ദേശസ്നേഹത്തിന്റെ അപ്പോസ്തലന്മാര്‍ ജനാധിപത്യത്തിന് നേരെ ആക്രോശിക്കുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്.

മസ്തിഷ്കങ്ങളെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ വന്നത്‌ കൊണ്ടാണ് കൽബുർഗിയെയും പൻസാരെയെയും അവർ ഒരു വെടിയുണ്ടയാല്‍ തീര്‍ത്തു കളഞ്ഞത്. ഒരു സാഹിത്യകാരന്റെ ഹൃദയസ്പന്ദനം എഴുത്താണ്. എഴുത്തുകാരന്റെ സൃഷ്ടിയിൽ തലയും കാലും വെട്ടി മാറ്റാൻ പറഞ്ഞവരോട്‌ ഞാൻ ആത്മഹത്യ ചെയ്യുന്നു എന്നെഴുതി വച്ച്‌, എഴുത്തിന്റെ ലോകത്ത്‌ നിന്നും മരണം വരിക്കയായിരുന്നു പെരുമാൾ മുരുകൻ. ഏതെങ്കിലും ഒരവസരത്തിൽ എന്റെ നാട്‌ ഒരു മതനിരപേക്ഷ സ്വതന്ത്ര ഭാരതം തന്നെയാകുമെന്ന പ്രതീക്ഷയാലാവാം രോഹിത്‌ വെമുലെയെ പോലെ ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ പെരുമാൾ മുരുകൻ തയ്യാറാകാഞ്ഞത്‌. എന്താണ് ഇവര്‍ ചെയ്ത തെറ്റ്? സ്വതന്ത്രമായി ചിന്തിച്ചതോ? അതോ, നീതിയുക്തമായി ചോദ്യം ചെയ്തതോ?

എല്ലായിടത്തും ഫാസിസംനിറഞ്ഞാടുമ്പോഴും പ്രതീക്ഷയുടെ നാമ്പുകള്‍ കലാലയങ്ങളിലെ സമരവീര്യത്തില്‍ തന്നെയാണ്. അറിവ് നേടുന്നവന്‍ സംശയം ചോദിക്കും, ശരികേടുകള്‍ക്ക് നേരെ വിരലുയര്‍ത്തും, ചോദ്യങ്ങളുടെ അസ്ത്രങ്ങള്‍ ചുറ്റുപാടിലെ നിലപാടുകള്‍ക്ക് നേരെ എയ്തുകൊണ്ടിരിക്കും. ഫാസിസ്റ്റുകള്‍ക്കും അത് അറിയാം. വിദ്യകൊണ്ട്‌ പ്രബുദ്ധരാകാൻ യുവതയെ അങ്ങനെ വിട്ട്‌ കൊടുക്കേണ്ടെന്ന് തീരുമാനിക്കാൻ ‘ദേശസ്നേഹികളെ ‘ പ്രേരിപ്പിച്ചതും അതേ ബോധ്യം തന്നെയാണ്.

[pullquote align=”left” cite=”” link=”” color=”” class=”” size=””]ഒരു ഇലയനക്കം പോലും സൂക്ഷ്മതയോടെ നാം ശ്രവിക്കേണ്ടുന്ന സാഹചര്യത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫാസിസത്തിനെതിരെ എവിടെയെങ്കിലും ഒരു ശബ്ദം ഉയര്‍ന്നു വരുന്നുണ്ടെങ്കില്‍ അതിനോടൊപ്പം നിൽക്കുക എന്ന രാഷ്ട്രീയമാണ് ഇന്നിന്റെ നൈതികത. മറ്റെല്ലാം ഇവിടെ അപ്രസക്തമാവുകയാണ്.[/pullquote]

എന്നാലും നമുക്ക്‌ മുന്നില്‍ പ്രതീക്ഷയുടെ വെളിച്ചമുണ്ട്. സീ ന്യൂസിൽ നിന്ന് രാജി വെച്ച്‌ പുറത്ത്‌ വന്ന മാധ്യമ പ്രവർത്തകനും, ജെ എൻ യു വിൽ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും കൂട്ടായ്മ തീർത്ത വിദ്യാർത്ഥിസമൂഹവും ഈ ജനതയ്ക്ക് പ്രതീക്ഷയേറ്റുക തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും ആശങ്കയുണ്ടാക്കുന്ന വിദ്യാർത്ഥി പരിഷത്തിൽ നിന്നും രാജി വച്ച്‌ ഞങ്ങൾ ജെ എൻ യു വിനൊപ്പമാണ് ഫാസിസത്തോടൊപ്പമല്ല എന്ന് തുറന്ന് പറഞ്ഞതും പ്രതീക്ഷയുടെ ചൂട്ടൊളിയാവുന്നുണ്ട്.

ഫാസിസ്റ്റ്‌ ഭീകരതയുടെ എല്ലാ ഗൂഢാലോചനകളെയും കള്ളപ്രചരണങ്ങളെയും പൊളിച്ചെടുക്കാൻ ഇന്നാട്ടിലെ ജനാധിപത്യസമൂഹത്തിന് സാധിച്ചു. വ്യാജമായ ആരോപണങ്ങളും, അര്‍ദ്ധസത്യങ്ങളും, അസത്യങ്ങളും പ്രചരിപ്പിച്ചാണ് അവര്‍ നമുക്കോരോരുത്തര്‍ക്കും നേരെ നടന്നടുക്കുന്നത്. ഗുജറാത്തിലും ബാബ്റിയിലും കണ്ട പോലെ കര്‍സേവകരുടെ കാഹളങ്ങളോടെയല്ല, നിശബ്ദമായാണ് അവര്‍ കടന്നു വരുന്നത്, നമുക്ക് ചുറ്റും ഓരോ വര്‍ഗ്ഗീയ അജണ്ടകളും നടപ്പാക്കുന്നത്. അതിനാല്‍ ആരും അറിയുന്നില്ലെന്ന ഭരണകൂടത്തിന്റെ ധാരണയെ ഒച്ച വച്ച്‌ ഇല്ലാതെയാക്കണം.

ഫാസിസ്റ്റുകള്‍ക്ക് ഇടപെടാൻ കഴിയുന്നിടങ്ങളിലെല്ലാം അവരുടേതായ അജണ്ടകൾ ഒളിച്ചു കടത്തുന്ന രാഷ്ട്രീയമാണ് അവരുടേത്. ഒരു ഇലയനക്കം പോലും സൂക്ഷ്മതയോടെ നാം ശ്രവിക്കേണ്ടുന്ന സാഹചര്യത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഫാസിസത്തിനെതിരെ എവിടെയെങ്കിലും ഒരു ശബ്ദം ഉയര്‍ന്നു വരുന്നുണ്ടെങ്കില്‍ അതിനോടൊപ്പം നിൽക്കുക എന്ന രാഷ്ട്രീയമാണ് ഇന്നിന്റെ നൈതികത. മറ്റെല്ലാം ഇവിടെ അപ്രസക്തമാവുകയാണ്.

നമ്മുടെ ശബ്ദങ്ങളിൽ ഭയത്തിന്റെ ഒരു കണിക പോലുമരുത്. കലപില കൂട്ടിയല്ല; എനിക്ക്‌ കരുത്തായി എന്റെ രാജ്യത്തിന്റെ ഭരണ ഘടന കൂട്ടുണ്ടെന്ന് ഭരണകൂടത്തിന്റെ ഭീഷണിക്ക്‌ മുൻപിൽ ഒരുമിച്ച്‌, ഒരേ ശബ്ദത്തില്‍ പറയണം. മനുവാദികളെ ഗാന്ധിയും നെഹ്രുവും അംബേദ്കറും പകർന്നു തന്ന അന്തസുറ്റ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ തുറന്ന് കാണിക്കണം. അടിത്തറയില്ലാത്ത ആ ആശയധാരകളെ സംവാദത്തിന്റെ ധീരമുഖങ്ങള്‍ തുറന്ന് വച്ച് നമുക്ക് ഇനി പരാജയപ്പെടുത്തിയേ പറ്റൂ. അത് കാലത്തിന്റെ, നമ്മുടെ കടമയാണ്.

end line

Comments
Print Friendly, PDF & Email

You may also like