പൂമുഖം ചുവരെഴുത്തുകൾ ഒരു നുള്ള് ഉപ്പ്!.

ഒരു നുള്ള് ഉപ്പ്!.

ർമേനിയയില്‍ എത്തിയതിന്‍റെ അടുത്ത ദിവസം രാവിലെ എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്. നേരത്തെ എഴുന്നേറ്റ സുഹൃത്തുക്കള്‍ രണ്ടു പേരും പ്രഭാത സവാരിക്ക് തയ്യാറാവുകയായിരുന്നു . ‘വരുന്നില്ല’ എന്ന് പറഞ്ഞ എന്നെ ‘മടിയൻ, കിടന്ന് പോത്ത് പോലെ കൂർക്കം വലിച്ച് ഉറങ്ങിക്കോളും എന്ന്‍ അധിക്ഷേപിച്ച് അവർ വിജനമായ തെരുവിലേക്ക് ഇറങ്ങി നടന്നു. എന്‍റെ ഉറക്കം കളഞ്ഞവൻമാരെ പ്രാകി ഞാൻ ജനാലകൾ തുറന്നിട്ടു. തെരുവിന്‍റെ അറ്റത്ത്, രണ്ട് പേർ മത്സരിച്ച് നടന്ന് പോകുന്നത് കാണാം. ഞായറാഴ്ച ആയതു കൊണ്ടാവണം തെരുവ് നിർജ്ജീവമാണ്. കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്നപ്പോൾ എനിക്ക് മടുത്തു. പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു വന്നിരുന്നപ്പോൾ ഒരു ഐഡിയ: ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയാലോ ? ഞങ്ങൾ ഒരു ഹോസ്റ്റലിൽ ആണ് താമസിച്ചിരുന്നത് . മുറിക്കടുത്ത് തന്നെ ഒരു ചെറിയ ” കഫ്റ്റീരിയ ” ഉണ്ട്. സ്വന്തമായി ഉണ്ടാക്കി കഴിക്കാം. തലേ ദിവസം രാത്രി ഞങ്ങൾ മുട്ടയും ബ്രെഡും പഴങ്ങളും ഒക്കെ വാങ്ങിയിരുന്നു. നേരത്തെ ആയത് കൊണ്ട് ആരും എഴുന്നേറ്റിട്ടും ഇല്ല.
നോക്കുമ്പോൾ സ്റ്റൗവോ കെറ്റിലോ ഒന്നും കാണാനില്ല. ഞാൻ അവ തപ്പുന്ന ശബ്ദം കേട്ട് ഹോസ്റ്റൽ നടത്തിപ്പുകാരി എഴുന്നേറ്റ് വന്നു. രണ്ടും എടുത്ത് തന്നു. ഞാൻ മുട്ടകൾ വെള്ളത്തിൽ ഇട്ട് തിളക്കാൻ വച്ചു.
സ്വിറ്റ്സർലന്‍റ്കാരിയും മധ്യവയസ്കയുമായ, ഹോസ്റ്റലിന്‍റെ ഉടമ മേശയ്ക്കടുത്തിരുന്ന് ഇന്ത്യയെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഹോളിയെ കുറിച്ച്- ഹിന്ദി സിനിമ-സീരിയലുകളെ കുറിച്ച്-.ഷാരൂഖ് ഖാനെ അവര്‍ക്കിഷ്ടമാണ്. സീരിയലുകൾ ധാരാളം കാണാറുണ്ട്! ‘ഇന്ത്യക്കാർ തെരുവിൽ നൃത്തം ചെയ്യുമോ?’ ,എന്തുകൊണ്ടാണ് ഇന്ത്യക്കാർ സാരി ഉടുത്ത് ഉറങ്ങാൻ പോകുന്നത്? എന്‍റെ അറിവിന്‍റെ പരിധിയിൽ ഉള്ള കാര്യങ്ങൾ ആയത് കൊണ്ട്. മിക്കവാറും ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തു. സാരി ഉടുത്ത് ഉറങ്ങുന്ന കാര്യം, സത്യം പറഞ്ഞാൽ, ഞാനും അപ്പോളാണ് ഓര്‍ത്തത്. ഈ സീരിയലുകൾ ഉണ്ടാക്കുന്ന ഓരോ പ്രശനങ്ങൾ നോക്കൂ!
വെള്ളം തിളച്ചു. മുട്ട വേവുന്ന വെള്ളത്തിലേക്ക് ഉപ്പ് ചേർക്കുന്നത് കണ്ടപ്പോള്‍ അവർ ചോദിച്ചു.
ഇതെന്തിനാണ്?
ഞാൻ പറഞ്ഞു
ബുദ്ധിമുട്ടാതെ തോട് പൊളിക്കാം!
അവർക്ക് അത്ഭുതം തോന്നി .
അതിന് തണുത്ത വെള്ളത്തിൽ ഇട്ടാൽ പോരെ?
ഞാൻ പറഞ്ഞു
ഉപ്പിട്ടാൽ കുറച്ച് കൂടി എളുപ്പമായിരിക്കും.
ഒരു മുട്ട തോൽ കളഞ്ഞ്, അവരത് ആശ്ച്ചര്യത്തോടെ ഉറപ്പുവരുത്തി
ഒരു സ്പെയിൻകാരി സംസാരത്തിൽ പങ്കുചേര്‍ന്നതപ്പോഴാണ് .അവർ ഇന്ത്യയിൽ പലയിടത്തും ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.. .
അല്‍പനേരം കൂടിയിരുന്ന് ഹോസ്റ്റൽ ഉടമസ്ഥ യാത്ര പറഞ്ഞു. സ്പെയിൻകാരി ഇന്ത്യയെ കുറിച്ച് വാചാലയായി. രാജസ്ഥാനെ കുറിച്ചും മണിപ്പുരിനെ കുറിച്ചും ഒക്കെ.
സംസാരിച്ചിരിക്കെ, അവരുടെ ബോയ് ഫ്രണ്ട് പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. എന്നോട് ഹായ് പറഞ്ഞു-ചിരിച്ചു തലേന്ന് ഞങ്ങൾ പരിചയപ്പെട്ടിരുന്നു.
ഉമ്മ കൊടുത്തത് എനിക്കത്ര ഇഷ്ടപ്പെട്ടില്ല !
ചർച്ച മുറുകിയപ്പോൾ മൂന്ന് ചൈനക്കാരും (രണ്ട് പെൺകുട്ടികളും ഒരു ആണും) ചേർന്നു. എന്‍റെ സുഹൃത്തുക്കൾ തിരിച്ചെത്തിക്കഴിഞ്ഞ്, ഞങ്ങൾ ഒന്നിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു.
ആ കൂടിക്കാഴ്ചകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നല്ല അനുഭവങ്ങളായിരുന്നു.
എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം:
ഒരു അമ്പതോ നൂറ് കൊല്ലം കഴിയുമ്പോൾ എല്ലാ ആർമേനിയൻ വീടുകളിലും മുട്ട പുഴുങ്ങുമ്പോൾ ഉപ്പിടൽ വിദ്യ സാധാരണമായേയ്ക്കും
ഇന്ത്യയിലെ കേരളത്തിൽ നിന്ന് AD 2017ൽ ആർമേനിയ സന്ദർശിച്ച ഒരു ബാക്ക്പാക്കർ ആണ് ഈ വിദ്യ ആർമേനിയയിലേക്ക് കൊണ്ട് വന്നത് എന്ന് അന്ന് ആരെങ്കിലും ഓർക്കുമോ ? \
ഒരു തെളിവായി ഇത് ഇവിടെയെങ്കിലും കിടക്കട്ടെ.

Comments
Print Friendly, PDF & Email

അബുധാബിയിൽ ബിസിനസ്സ് ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ എഴുതാറുണ്ട്

You may also like