ഗോവര്‍ദ്ധനഗിരി
ഗോവര്‍ദ്ധനമെന്ന പേരില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിസ്നേഹത്തെ അന്വര്‍ത്ഥമാക്കുന്ന കാഴ്ചകളാണ് ആ പ്രദേശത്തേക്ക് അടുക്കുന്തോറും തെളിഞ്ഞു കണ്ടത്. കാളകള്‍, പോത്തുകള്‍, പശുക്കള്‍, എരുമകള്‍ തുടങ്ങിയവയുടെ സമൃദ്ധി കാണാനായി.
ലോകത്ത് പൊതുയിടങ്ങളില്‍ ആര്‍ക്കുമൊരു പരാതിക്കിടനല്‍കാത്ത വിധം സ്വാതന്ത്ര്യബോധത്തോടെ ഇത്രയേറെ കന്നുകാലികള്‍ വിഹരിക്കുന്ന ഒരിടം വേറെ കാണാന്‍ ബുദ്ധിമുട്ടായിരിക്കും.
.
ഗോവര്‍ദ്ധന പരിക്രമണത്തിന് ഞങ്ങളുടെ മാര്‍ഗ്ഗദര്‍ശിയായി എത്തിയത് സമാധിമന്ദിരത്തിലെ ഘനശ്യാമദാസ് ബാബാജിയുടെ അടുത്ത അനുചരന്‍ ദയാല്‍ ബാബയാണ്. ഇരു നിറത്തോടു കൂടിയ കൃശഗാത്രനാണദ്ദേഹം. പൂര്‍വ്വാശ്രമം ഒറീസയിലെ ഏതോ ഒരു ഗ്രാമമാണ്.
സൂക്ഷ്മബുദ്ധിയും, അടുക്കും ചിട്ടയുമായി കാര്യങ്ങള്‍ ചെയ്യാനുള്ള ഉത്സാഹവും അദ്ദേഹത്തിന്‍റെ പ്രത്യേകതയായിത്തോന്നി.
ശ്രീകൃഷ്ണഭഗവാന്‍ കുടയായി വിരലിൽ ഉയര്‍ത്തിപ്പിടിച്ചുവെന്നുള്ള പുരാണാഖ്യാനങ്ങള്‍ ശ്രവിച്ച് ഇവിടം സന്ദര്‍ശിക്കുന്നവരെ, പര്‍വ്വതത്തിന്‍റെ ഇന്നത്തെ രൂപം നിരാശപ്പെടുത്തും . ഗാഥകളില്‍ വിവരിച്ചിട്ടുള്ള ഉത്തുംഗമായ ഭാവങ്ങളൊന്നും ഇന്ന് ദൃശ്യമല്ല.
കാലപ്രവാഹത്തില്‍ പലവിധ പ്രകൃതി താണ്ഡവങ്ങള്‍ക്കും, പരിണാമങ്ങള്‍ക്കും വിധേയമായി മട്ടിപ്പാറകള്‍ തെളിഞ്ഞ് കാണപ്പെടുന്ന, വാണിജ്യ നിര്‍മ്മിതികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പരന്ന മല മാത്രമായി അത് ചുരുങ്ങിയിട്ടുണ്ട്.
പര്‍വ്വതം നിരന്നതോടെ ചുറ്റുമുള്ള പ്രദക്ഷിണ പഥങ്ങളുടെ വ്യാസം വര്‍ദ്ധിക്കുകയും പരിക്രമ പ്രദേശം ഇരുപത്തൊന്നു കിലോമീറ്റര്‍ എന്ന നിലയിലേക്ക് കൂടുകയും ചെയ്തിട്ടുണ്ട്. അടിവാരത്ത് ചുറ്റിനുമായി ഫലവൃക്ഷങ്ങളും, പൂവൃക്ഷങ്ങളും ചെറുതടാകങ്ങളും ഉയര്‍ന്നു വന്നിരിക്കുന്നു.
ഗോവര്‍ദ്ധന പര്‍വ്വത പരിക്രമണത്തിനു പുറപ്പെടും മുമ്പ് സമാധി മന്ദിരത്തില്‍നിന്നും മൃഷ്ടാഹ്നം അകത്താക്കിയ നവധാന്യക്കുറുക്കും ഉപദംശങ്ങളും വയറിനുള്ളില്‍ വളരെ സാവധാനം ദഹനപ്രക്രിയ ആരഭിച്ചു കഴിഞ്ഞിട്ടേയുള്ളൂ. രാവിലെ മുതല്‍ വൈകീട്ട് വരെ കിലോമീറ്ററുകള്‍ തുടര്‍ച്ചയായി നടക്കേണ്ട പ്രക്രിയയക്കുള്ള ഖരഇന്ധനമാണതിലുള്ളത്. തൊണ്ട വരളുമ്പോള്‍ ശകലം വെള്ളം മാത്രം അകത്താക്കിയാല്‍ മതിയാകും. വിശപ്പ് ഏഴയലത്ത് പോലും വരില്ല
പ്രദക്ഷിണപഥം ആരംഭിക്കുന്നയിടത്ത്, ആറ്റക്കിളിയെപ്പോലെ പാഞ്ഞു ചെന്ന്, ദയാല്‍ ബാബാ ഞങ്ങളെ കാത്തു നില്‍പ്പുണ്ടായിരുന്നു.അദ്ദേഹം കാകദൃഷ്ടിയോടെ എന്‍റെ പാദങ്ങളിലേക്ക് നോക്കി ചെരുപ്പ് ഊരി വണ്ടിയില്‍ വയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.
പിന്നെ, അദ്ദേഹം തന്നെ ഏര്‍പ്പെടുത്തിയ ഇരുന്നൂറു ലിറ്റര്‍ പാല്‍ അടങ്ങിയ പാത്രത്തില്‍ നിന്നും ഒരു ബക്കറ്റ് നിറയെ പാല്‍ പകര്‍ന്നൊഴിച്ചു.
ബക്കറ്റിനടിവശം ഒരു ആണികൊണ്ടു ദ്വാരമിട്ട് അതിനുള്ളില്‍ തിരി നൂല് കയറ്റി ഒഴുക്ക് നിയന്ത്രിച്ചു.
തുള്ളി മുറിയാതെ പാല്‍ ഇറ്റിറ്റു വീഴുന്ന ബക്കറ്റ് ഞങ്ങളുടെ കൂട്ടത്തിലെ മികച്ച നടത്തക്കാരന്‍ സുരേഷിന്‍റെ കയ്യിലേല്‍പ്പിച്ച് തന്നോടൊപ്പം നടക്കാന്‍ പറഞ്ഞ്, മുമ്പേ നടന്നു തുടങ്ങി.
പറഞ്ഞ സമയം കൊണ്ട് ദയാല്‍ബാബയും സുരേഷും പാല്‍ പാത്രവുമായി വളരെ വേഗത്തില്‍ ഒരു പൊട്ടുപോലെ ദൂരെ മറഞ്ഞു.
പാലൊഴുകിയ പാട് നോക്കി മറ്റുള്ളവര്‍ പിന്നാലെ കിതച്ചും, തളര്‍ന്നും, മുടന്തിയും നടക്കാന്‍ തുടങ്ങി.
ആദ്യമാദ്യം ഉത്സാഹത്തോടെ മുമ്പേ നടന്നവര്‍ ക്രമേണ പിന്നോട്ട് പോയി. ഒറ്റയും തെറ്റയുമായി കൂട്ട് വിട്ടു. ചരല്‍ക്കല്ലുകളില്‍ പാദം പതിഞ്ഞപ്പോള്‍ കണ്ണുകളില്‍ പൊന്നീച്ച പാറിക്കളിച്ചു.
ഗള്‍ഫുജീവിതം സമൃദ്ധമായി നല്‍കിയ മേദസ്സ് ശരീരം വലിച്ചുകൊണ്ട് നടപ്പ് തുടര്‍ന്നു. ആദ്യത്തെ ഒന്നോ രണ്ടോ കിലോമീറ്റര്‍ ദൂരം തുടര്‍ച്ചയായി കൃഷ്ണസ്തുതികള്‍ ചൊല്ലി, പതുക്കെപ്പതുക്കെ അവയുടെ എണ്ണവും ആവൃത്തിയും കുറഞ്ഞുവന്നു..
കുറെ ചെന്നപ്പോള്‍ വഴി നീളെ ധാരാളം പാലൊഴുകിയ വഴികള്‍ ദൃശ്യമായി. ദയാല്‍ബാബയെപ്പോലുള്ള പലരും പാല്‍പ്പാത്രങ്ങളുമായി മുന്നില്‍ നടന്നുപോകുന്നത് കാണുന്നത് അപ്പോഴാണ്.
മണിക്കൂറുകള്‍ കഴിഞ്ഞ്, പ്രദക്ഷിണ പഥത്തില്‍ കണ്ട ബോര്‍ഡുകളിലൊന്നില്‍ എട്ടു കിലോമീറ്ററുകള്‍ പിന്നിട്ടിരിക്കുന്നുവെന്ന്‍ രേഖപ്പെടുത്തിക്കണ്ടു. ഏതു പരിതസ്ഥിതിയേയും അഭിമുഖീകരിക്കാനുള്ള മനുഷ്യശക്തിയെക്കുറിച്ച് ആത്മാഭിമാനം തോന്നി.
ആധുനിക ലോകത്ത് യന്ത്രങ്ങള്‍ മനുഷ്യക്രിയാശേഷിയെ എത്രയേറെ മരവിപ്പിച്ചിരിക്കുന്നു വെന്നോര്‍ത്തു.. വാഹന ഗതാഗതം അനായാസമായതോടെ ചെറിയൊരു അസൌകര്യം പോലും അസഹ്യമാവുന്ന മനുഷ്യരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ശാസ്ത്രത്തിന്‍റെ വികാസം മനുഷ്യന് വേണ്ടിയാണെങ്കിലും ചില കാര്യങ്ങളില്‍ ശാസ്ത്രം ജയിക്കുമ്പോള്‍ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുകയാണ് ചെയ്യുന്നത്.
ഇതാ, നടന്നുകൊണ്ട് ഇരുപത്തൊന്നു കിലോമീറ്റര്‍ താണ്ടാനുള്ള അവസരം വന്നു ചേര്‍ന്നിരിക്കുന്നു. പാദങ്ങളിലെ പത്തു വിരലുകളും അവയുടെ പ്രവൃത്തി ചെയ്യാനുള്ള ത്വര പ്രകടിപ്പിക്കുന്നു. അവയ്ക്ക് ഷൂസുകളുടെ തടങ്കലില്‍ നിന്നും മോചനം ലഭിച്ചിരിക്കുന്നു. ചുറ്റും കൃഷ്ണസ്തുതികള്‍ ഉയര്‍ന്നു പൊങ്ങുന്നു. കരിങ്കല്‍ ചീളുകള്‍ പൂമെത്തയായിത്തീരുന്നു.
ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു