പൂമുഖം ചുവരെഴുത്തുകൾ ലൈംഗികതയും വിവാഹപ്രായവും

ലൈംഗികതയും വിവാഹപ്രായവും

 

്രിട്ടിഷ് ഇന്ത്യയിലാണ് വിവാഹപ്രായം നിജപ്പെടുത്താനുള്ള ആദ്യനടപടികള്‍ ഉണ്ടാകുന്നത്. 1891 ല്‍ പാസാക്കിയ Age of consent bill ആണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 10 ല്‍നിന്നും 12 വയസ്സാക്കി ഉയര്‍ത്തിയത്. അതിനുതാഴെ പ്രായമുള്ളവരുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗമായി പരിഗണിക്കപ്പെടുന്ന നിയമവും കൊണ്ടുവന്നു. ആ ബില്ലിന് പ്രചോദനമായത് രണ്ട് കേസുകളായിരുന്നു.

ഒന്നാമതേത്, 1889 ല്‍ പതിനൊന്നുവയസ്സുള്ള ഫൂല്‍മണിയെന്ന ബംഗാളി പെണ്‍കുട്ടി വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍തന്നെ നിര്‍ബന്ധിത ലൈംഗികവേഴ്ചയെതുടര്‍ന്ന് ചോരവാര്‍ന്ന് മരിച്ച സംഭവമാണ്. കോടതിവിചാരണയില്‍ ബലാല്‍സംഗം പരിഗണിക്കപ്പെട്ടില്ല. ശ്രദ്ധയില്ലാതെ, പരുക്കനായി പെരുമാറിയതിന് 35 വയസ്സുള്ള ഭര്‍ത്താവായ ഹരി മോഹന്‍ മൈത്രിയ്ക്ക് ചെറിയ പിഴ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്.

രണ്ടാമത്തേത്, ശൈശവവിവാഹശേഷം തന്നെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവ് പതിനൊന്ന് വര്‍ഷത്തിനുശേഷം തിരിച്ചുവന്നപ്പോള്‍ കൂടെപോകാന്‍ വിസമ്മതിച്ച 22 വയസ്സുള്ള രുക്മാബായി എന്ന സ്ത്രീയ്‌ക്കെതിരെ അവരുടെ ഭര്‍ത്താവ് 1880ല്‍ ബോംബെ ഹൈക്കോടതിയില്‍ കൊടുത്ത കേസാണ്. വിചാരണയ്‌ക്കൊടുവില്‍, തന്റെ ശൈശവവിവാഹം റദ്ദുചെയ്യണമെന്ന രുക്മാബായിയുടെ വാദം കോടതി തള്ളി, ഒന്നുകില്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചുപോകാനോ അല്ലെങ്കില്‍ ജയില്‍ശിക്ഷ അനുഭവിക്കാനോ വിധിക്കുകയും ചെയ്തു.

ആദ്യ കേസില്‍ ലൈംഗിക വളര്‍ച്ചയെത്താത്ത, സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്ത പ്രായത്തില്‍ ബാലിക ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെടുന്നു. പക്ഷേ, ആ ലൈംഗികക്രൂരത ബലാല്‍സംഗമായി പരിഗണിക്കാന്‍പോലും കോടതി വിസമ്മതിക്കുന്നു. രണ്ടാമത്തെ കേസില്‍, പെണ്‍കുട്ടികള്‍ മുതിര്‍ന്നവ്യക്തിയാകുമ്പോഴും അവര്‍ സ്വതന്ത്രരല്ലെന്നും, സ്വന്തം ശരീരത്തിനുമുകളില്‍ അവകാശമില്ലാത്തവരാണെന്നും കോടതി കണക്കാക്കുന്നു.

അന്ന് നിലവിലുണ്ടായിരുന്ന നിയമത്തിന്റെ പരിമിതികള്‍ ബോധ്യപ്പെടാന്‍ ഈ വിധികള്‍ കാരണമായി. സ്വന്തമായി ഇച്ഛകളോ, ആഗ്രഹങ്ങളോ, ശരീരത്തിനുമുകളില്‍ സ്വയം നിര്‍ണ്ണയാവകാശങ്ങളൊ ഇല്ലാത്ത ലൈംഗിക ശരീരങ്ങള്‍ മാത്രമായിട്ടായിരുന്നു കോടതികള്‍പോലും പെണ്ണിനെ കണ്ടിരുന്നതെങ്കില്‍ അന്നത്തെ സാമൂഹ്യസാഹചര്യം സ്ത്രീകള്‍ക്ക് എത്രമാത്രം ദുരിതം നിറഞ്ഞതായിരുന്നുവെന്ന് നമുക്കൂഹിക്കാമല്ലോ.

ഫുല്‍മണിയുടെ ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ ലൈംഗികപീഢനത്തിന്റെ ഭീകരതയില്‍ മനംനൊന്ത് ബ്രിട്ടീഷ് രാജ്ഞിയ്ക്ക് കത്തയക്കുകയുണ്ടായി. ബ്രിട്ടീഷ്- ആഗ്ലോ ഇന്ത്യന്‍ രാഷ്ട്രീയക്കാരടങ്ങുന്ന കമ്മിറ്റി കൊളോണിയല്‍ ഗവണ്‍മെന്റിനോട് നിയമം പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ബറോഡയില്‍ ജീവിച്ചിരുന്ന പത്രാധിപരും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ബീരാംജി മലബാറിയുടെയും സത്രീസംഘടനകളും ശൈശവ വിവാഹത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും Age of consent bill നിയമാക്കുന്നതിന് സഹായകരമായി.

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഈ ബില്‍ വന്നപ്പോള്‍ അന്നത്തെ യാഥാസ്ഥിതികരെല്ലാം ബില്ലിനെ എതിര്‍ത്തു. മതവിശ്വാസത്തിനുമേലുള്ള കൈകടത്തലായാണ് അവര്‍ അതിനെ കരുതിയത്. ബാലഗംഗാധര തിലകള്‍ എതിര്‍പ്പിന് നേതൃത്വം നല്‍കിയ ഒരാളാണ്. സാമൂഹ്യ ആചാരങ്ങളിലോ, ജീവിതരീതിയിലോ ഗവണ്‍മെന്റ് ഇടപെടാന്‍ പാടില്ലെന്നായിരുന്നു എതിര്‍ത്തവരുടെ മുഖ്യവാദം. അതായത് ശൈശവ വിവാഹത്തിലോ ശൈശവ രതിയിലോ ഗവണ്‍മെന്റ് ഇടപെടരുത്. നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരരത്. പുരുഷപ്രജകള്‍ക്ക് അതിനുള്ള അവകാശമുണ്ടായിരിക്കണം. ആ അവകാശത്തെയാണ് ആചാരവും ജീവിതരീതിയുമായി അവര്‍ ചിത്രീകരിച്ചത്.

ഇതൊക്കെ ഓര്‍ക്കാന്‍ കാരണം, വായിച്ചുപോകുന്നതിനിടയില്‍ പീഡോഫീലിയയെ ന്യായീകരിക്കുന്ന ഒരു FB സുഹൃത്തിന്റെ ”ഏത് പ്രായത്തില്‍ വച്ചാണ് ശരീരം, അവകാശം എന്നിവ ഉണ്ടായി വരുന്നത്? ആധുനിക ഭരണവ്യവസ്ഥ പറയുന്ന 18 വയസ്സ് എന്ന കാലക്രമത്തിലാണോ?” എന്നൊരു കമന്റ് കണ്ടതുകൊണ്ടാണ്. 1891 കളില്‍ Age of consent bill നെതിരെ യാഥാസ്ഥികര്‍ ഉയര്‍ത്തിയ അതേ ചോദ്യംതന്നെയാണ് പീഡോഫീലിയ ന്യായീകരണത്തിനുവേണ്ടി ഈ കാലത്തും ഉന്നയിക്കപ്പെടുന്നത്.

മനുഷ്യന്റെ ചോദനകളും നീതിയെക്കുറിച്ചുള്ള വിചാരങ്ങളും ഘനീഭവിച്ചുകിടക്കുന്നതാണ് പല നിയമങ്ങളും. സ്റ്റേറ്റ് ചിലപ്പോള്‍ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട് എന്നതുകൊണ്ടുമാത്രം അത്തരം നിയമങ്ങളൊക്കെ പിന്തിരപ്പനുമാകില്ല. മൂല്യങ്ങള്‍ വളരുകയും വികസിക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങളാണ്. വിവാഹത്തിന്റെ പ്രായപരിധി 12 ല്‍ നിന്ന് 15 ഉം 16, 18 ഉം ഒക്കെയായി വളര്‍ന്നത് അതുകൊണ്ടാണ്. ശൈശവവിവാഹം നടത്തിയാലും, ബലാല്‍സംഗം ചെയ്ത് കൊന്നാലും ശിക്ഷയില്ലാത്ത കാലത്തുനിന്ന്, ലൈംഗികപ്രണയത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന ആധുനിക കുടുംബത്തിനുള്ളില്‍ പങ്കാളിയുടെ സമ്മതമില്ലാതെ നടത്തുന്ന ലൈംഗികവേഴ്ചപോലും ലൈംഗികാതിക്രമമായി കരുതുന്ന കാലത്തേക്ക് നമ്മള്‍ വളര്‍ന്നതും അതുകൊണ്ടാണ്. ഇത് ലൈംഗികതയുടെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്. ബാലവേല ശിക്ഷാര്‍ഹമായതും, വിദ്യാഭ്യാസം അവകാശമായതും, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള പുതിയ നിയമങ്ങള്‍ ഉണ്ടായതുമെല്ലാം നീതിയെക്കുറിച്ചുള്ള ധാരണകള്‍ക്ക് മാറ്റം സംഭവിച്ചതുകൊണ്ടാണ്.

Comments
Print Friendly, PDF & Email

You may also like