” ഈ പുസ്തകം എഴുതാനുള്ള പ്രേരണ എന്തായിരുന്നു ?”
ക്ഷേത്ര ങ്ങളെ സംബന്ധിച്ച് ഉൽപത്തിയും, പ്രതിഷ്ഠയുടെ മാഹാത്മ്യവും, ആചാരാനുഷ്ഠാനങ്ങളും, വഴിപാട് വിവരങ്ങളും അനുഗ്രഹ സാക്ഷ്യങ്ങളും നിറഞ്ഞ ഒരു പതിവ് പുണ്യ ഗ്രന്ഥം എന്ന് അബോധമായി പ്രതീക്ഷിച്ചു ഞാൻ വായന തുടങ്ങുന്നു; മുൻ വിധികളെ തൂത്തെറിഞ്ഞു, തികച്ചും പുതുമയും വൈവിധ്യവും, നാടോടി കഥകളും, ഐതിഹ്യവും, തോറ്റം പാട്ടും കീഴാള ജീവിതവും, ക്ഷേത്രാരാധനയുടെ നഗരവൽ ക്കരണവും ഒരു പുഴ പോലെ ഒഴുകി തിടം വെക്കുന്ന ഒരു വായനയിലേക്ക് ഞാൻ ആവാഹി ക്കപ്പെടുന്നു. വഴിയിൽ ഭക്തിയുടെ പലഭാവരൂപങ്ങളും, ദൃശ്യമാവു ന്നു. വയലിറമ്പത്തെ വൈക്കോൽ പുരയിൽ മടക്കി വെച്ച ഒരു തുണ്ട് ശീലയെ തോറ്റം പാടി വണങ്ങുന്ന ഗ്രാമീണർ … ഉച്ചവെയിലിൽ സർവം മറന്ന് , എരിഞ്ഞും പുകഞ്ഞും സ്വയം നിവേദ്യമായി സമർപ്പിക്കുന്ന നാനാ ദേശത്തു നിന്നുള്ള സ്ത്രീകൾ……, ആശ്രയം തേടി, സന്നിധിയിലെത്തി, തന്‍റെ ആരാധനാ മൂർത്തിയുടെ ജീവിത കഥയിലേക്ക് ആഴ്ന്നിറങ്ങി, ഭക്തിയുടെ അതീന്ദ്രിയാനുഭവങ്ങളിലേക്കുയരുന്ന എഴുത്തുകാരി ….. , ലോകാത്ഭുതമായി, വൻ സാമ്പത്തിക വ്യവഹാരമായി വളർന്നു പന്തലിക്കുന്ന ഭക്തിപ്രസ്ഥാനം… എന്തെന്തു വൈവിധ്യങ്ങൾ! എഴുതിയതിലും അപ്പുറമായിരിക്കണം എഴുതാത്തവ. യഥാർത്ഥവും ഭ്രമാത്മകവുമായ എത്രയോ അനുഭവങ്ങൾ അക്ഷരങ്ങളിലേക്ക് പകരാനാവാതെ എഴുത്തുകാരിയിൽ ആത്മാംശമായി നിലനിൽക്കുന്നുണ്ടാവുമെന്നു എനിക്ക് ബോധ്യമായിരുന്നു. അതാണ് എന്‍റെ ചോദ്യത്തിന് പിന്നിൽ .
വന്നവൾ , തെക്കേ കൊല്ല ത്തെ രാജ സന്തതിയായി വളർന്നിട്ടും ഏകാകിയായിരുന്നവൾ , കന്യകയായി ജീവിക്കാനാഗ്രഹിച്ചിട്ടും ഒരു മനുഷ്യ പ്രജയുടെ മുൻപിൽ വരണമാല്യത്തിനു ശിരസ്സ് കുനിക്കേണ്ടി വന്നവൾ, മനസ്സും ശരീരവും കൊണ്ട് വരിക്കാത്തവനായ ഭർത്താവിന് വേണ്ടി പ്രതികാര ദുർഗ ആയവൾ , രാജസദസ്സിൽ ചതിയിൽ കൊല്ലപ്പെട്ടവൻറെ ജീവൻ വീണ്ടെടുക്കാൻ ചോര ചീന്തിയവൾ. ഒരു സാധാരണ സ്ത്രീയെപ്പോലെ കാറ്റും കോളും കൊണ്ട ജീവിതം .ഏതൊരു സ്ത്രീയും ആർജിക്കാനാഗ്രഹിക്കുന്ന ധൈര്യവും നിശ്ചയ ദാർഢ്യവും .
അവിടെയും അവസാനിക്കുന്നില്ല , കഠിനാനുഭവങ്ങളുടെ ഗാഥ . അത് ഇരുപതാം നൂറ്റാണ്ടിലേക്കും നീളുന്നു , പുതിയ രൂപത്തിൽ പുതിയ കാലത്തിനനുസരിച്ച്. വർഷങ്ങൾക്കു മുൻപ് നെൽപ്പാടങ്ങൾക്കരികിൽ ,മുടിപ്പുരകളിൽ ആശാരി കൊത്തിയെടുത്ത മരക്കോലത്തിൽ വെളുത്തേടൻ തന്ന കുറി മുണ്ട് ചുറ്റി, ചേറിൽ പണിയെടുക്കുന്നവന്റെ സ്നേഹവും അന്നവും ഉണ്ട്,അവന്റെ തോറ്റം പാട്ടുകളിൽ സ്വജീവിത കഥ ചുരുൾ നിവരുന്നത് കേട്ട് വാണ കാവൽ ദേവതയെ, ആറ്റുകാലിലെ സംഘടിത നായർ പ്രമാണികൾ കൗശല പൂർവ്വം തങ്ങളുടേതാക്കി , പ്രൗഢമായ ക്ഷേത്ര ചുവരുകൾക്കുള്ളിൽ ബ്രാഹ്മണ്യത്തിന്റെ നിഗൂഡ പൂജാക്രമങ്ങളിൽ, സംസ്കൃതശ്ലോകങ്ങളുടെ അന്യത്വത്തിൽ കുടിയിരുത്തിയതിന്റെ നിശബ്ദ വേദന …… തനിക്കു ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന അടിയാളരെ ക്ഷേത്ര പരിസരത്തു നിന്ന് എന്നെന്നേക്കുമായി അടിച്ചു പുറത്താക്കിയതിനു മൂക സാക്ഷി ആയതിൻറെ ഉണങ്ങാത്ത മുറിവ് …

തോറ്റം പാട്ടിൽ ഭദ്രകാളിയായിരുന്ന ആറ്റുകാലമ്മ ചിലപ്പതികാരത്തിലെ നായികയായി ക്രമേണ മാറ്റി വരക്കപ്പെട്ടു. ഇളം കോവടികൾ ചിലപ്പതികാരം രചിക്കുന്നതിനും എത്രയോ മുൻപ് കന്യാവ് എന്ന പെണ്കൊടിയുടെ കഥ തോറ്റം പാട്ടുകളിൽ സ്ഥാനം പിടിച്ചിരുന്നു. എഴുതിവെക്കപ്പെട്ടിട്ടില്ലാത്തതു കൊണ്ട് കാലാനുസൃതമായി വായ്പ്പാട്ടുകളിൽ കൂട്ടിച്ചേർക്കലുകൾ നടത്തുക എളുപ്പമാണ്. തോറ്റം പാട്ടിൽ പാടുന്നത് കണ്ണകി ചരിതമാണെന്നു തെറ്റിദ്ധാരണ പടരുന്നത് അങ്ങനെയാണ്.

