പൂമുഖം BOOK REVIEW വീട്ടിലേക്കുള്ള വരമ്പുകൾ

കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച ശ്രീ മുരളി മീങ്ങോത്തിന്റെ 'വീട്ടിലേക്കുള്ള വരമ്പുകൾ ' എന്ന പുസ്തകത്തെക്കുറിച്ചു ശ്രീ സുബൈർ എം എച്ച് നടത്തിയ ആസ്വാദനകുറിപ്പ് : വീട്ടിലേക്കുള്ള വരമ്പുകൾ

നവംബർ എട്ടിന് കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച ശ്രീ മുരളി മീങ്ങോത്തിന്‍റെ ‘വീട്ടിലേക്കുള്ള വരമ്പുകൾ’ എന്ന ഈ പുസ്തകം മുരളിയുടെതന്നെ ‘ഓർമ്മകൾ യാത്രകൾ’ എന്ന ആദ്യ പുസ്തകത്തിന്‍റെ പുതുക്കിയ രണ്ടാം പതിപ്പാണ്.

ഒരു വർഷം മുൻപ് ‘ഓർമ്മകൾ യാത്രകൾ ‘ വായിച്ചപ്പോൾ ഞാൻ എഴുതിയ ഒരു കുറിപ്പ് രണ്ടാം പതിപ്പായ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകം വായിച്ചു തീർത്തപ്പോൾ തോന്നിയത് തന്‍റെ യാത്രകളിൽ അദ്ദേഹം എന്നേയും കൂട്ടിയത് പോലെയാണ്.

ഈ പുസ്തകത്തിൽ ഇപ്പോൾ ചേർത്തിരിക്കുന്ന പത്ത് അദ്ധ്യായങ്ങളിൽ മുരളി എഴുതിയിരിക്കുന്നത് നാട്ടിലേക്കുള്ള തന്‍റെ അവധിക്കാല യാത്രാനുഭവങ്ങളും, ഓരോ തവണ നാട്ടിലെത്തുമ്പോഴും മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്ന തന്‍റെ പ്രിയപ്പെട്ട ഗ്രാമത്തെക്കുറിച്ചുള്ള ആശങ്കകളുമാണ്. ഓരോ യാത്രകളിലും, ഓരോ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും പഞ്ചേന്ദ്രിയങ്ങൾ തുറന്ന് വച്ച് ‘ഞാൻ ഇതാ ഈ നിമിഷങ്ങളിൽ ഇവിടെ ഉണർന്നിരിക്കുന്നു’ എന്നൊരു ആത്മ ബോധം സൂക്ഷിക്കുന്ന ഒരാൾക്ക് മാത്രമേ കടന്നു പോയ ഓരോ ഓർമ്മകളേയും ഇഴകൾ ചേർത്തു വച്ച്, ക്രമം തെറ്റാതെ അടുക്കി സൂക്ഷിക്കാൻ കഴിയൂ. ഓരോ നിമിഷങ്ങളിലും ദൃശ്യമായും ഗന്ധമായും സ്പർശമായും മുന്നിൽ വന്നു പെടുന്ന അനുഭവങ്ങളിൽ ബോധത്തെ ഉറപ്പിച്ചു നിർത്താൻ കഴിയണം. ഒരു ചിന്തയിൽ നിന്നും മറ്റൊന്നിലേക്ക് അറിയാതെ വഴുതിപ്പോകുന്ന മനസ്സിനെ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ തളച്ചിടണം. യാത്രകളെ പറ്റിയുള്ള എല്ലാ എഴുത്തും യാത്രകൾ ഒടുങ്ങിയ ശേഷം, ഒരിക്കൽ പോയ വഴികളിലൂടെ മനസ്സ് നടത്തുന്ന തനിച്ചുള്ള മടക്കയാത്രകളാണ്.

മുരളിയുടെ എഴുത്തിന് ‘ബൗദ്ധിക ജാഡകൾ’ ഇല്ലാത്ത നൈസർഗ്ഗികമായ ഒഴുക്കുണ്ട്. ഒരു വായനക്കാരനെ സുഹൃത്തിനെപ്പോലെ ചുമലിൽ കയ്യിട്ട് ചേർത്ത് പിടിച്ച് താൻ നടന്ന വഴികളും, കണ്ടുമുട്ടിയ ആൾക്കാരേയും, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമ വിശുദ്ധിയേയും കാട്ടി കൊടുക്കുന്നു. പാപങ്ങളിലേക്ക് തെന്നി വീഴാൻ ഇടയുള്ള മഹാ നഗരങ്ങളിൽ ജീവിക്കുമ്പോഴും കാസറഗോഡൻ ഗ്രാമങ്ങളിലെ വിശുദ്ധരായ പച്ച മനുഷ്യരെ അതേ വിശുദ്ധിയോടെ ഫോസ്സിലുകളാക്കി, മരിക്കാൻ അനുവദിക്കാതെ മനസ്സിൽ കൊണ്ട് നടക്കുകയാണ് മുരളി. അതിനാലാവണം മുരളിയുടെ ഭാഷ ഇത്രക്കും ശുദ്ധമായത്, അരയാൽ ഇലയിൽ തൊട്ടു തരുന്ന മഞ്ഞൾക്കുറി പ്രസാദത്തിന്‍റെ വിശുദ്ധി.

ഒരിക്കൽ കണ്ടു മടങ്ങിയ സ്ഥലങ്ങളിലേക്ക് വീണ്ടും വരുന്നത് ഒരിക്കൽ വായിച്ച പുസ്തകങ്ങൾ വീണ്ടും വായിക്കുന്നത് പോലെയാണ്. യാത്രകൾക്കായി പടിയിറങ്ങിപ്പോയ ആളല്ല യാത്ര കഴിഞ്ഞെത്തുന്നത്. കാഴ്ചകൾ കാണുന്നയാൾ മാറുമ്പോൾ കാഴ്ചകളും മാറുന്നു. മാറാത്തത് ഒന്നേയുള്ളൂ. കാഴ്ചകൾ കാണുന്നവനെ നിശ്ശബ്ദം നോക്കിയിരിക്കുന്ന അവന്‍റെ ഉള്ളിലെ മറ്റൊരു കാഴ്ചക്കാരൻ….

ജീവിതം തേടി നാടുവിടുന്ന ഒരു പ്രവാസി ജീവിക്കുന്നത് ഒരു അഭയാര്‍ത്ഥിയുടെ ജീവിതമാണ്. ജീവിതം പോലെ തേഞ്ഞു തേഞ്ഞു തീരുന്ന ചെരുപ്പിൽ, മുഷിഞ്ഞ വസ്ത്രങ്ങളിൽ അയാൾ വീടണയുന്നത് മറ്റൊരു യാത്രക്ക് തയ്യാറെടുക്കാൻ വേണ്ടി മാത്രമാണ്.

ചെറിയ പ്രായത്തിൽ തന്നെ പ്രവാസിയായി തീർന്ന മുരളി തന്‍റെ അവധിക്കാലം ചെലവഴിക്കാൻ ഓരോ തവണ നാട്ടിൽ എത്തുമ്പോഴും തന്‍റെ ഉള്ളിലെ “ഊരു തെണ്ടി” ആയ സഞ്ചാരി അനുസരണയില്ലാത്ത കുട്ടിയെപ്പോലെ സ്വതന്ത്രനായി ഇറങ്ങി നടക്കുകയാണ്. കവുങ്ങിൽ പാടങ്ങൾ കടന്ന്, പൊടിമണ്ണ് പാറുന്ന വയൽ വരമ്പുകൾ ചവിട്ടി നടന്ന്, മരപ്പാലങ്ങൾ താണ്ടി, തോടുകൾ ചാടി കടന്ന് കാസറഗോടൻ പച്ചപ്പിലൂടെ ലക്ഷ്യമില്ലാതെ ചുറ്റി നടക്കുന്നു. മണലാരണ്യങ്ങളിൽ പൊള്ളി അടർന്ന പാദങ്ങൾ തണുപ്പിക്കാൻ പൊന്തക്കാടുകൾ വകഞ്ഞുമാറ്റി തോട്ടിലെ സ്ഫടിക ജലത്തിൽ ഇറങ്ങി നിൽക്കുന്നു.

എൺപതുകളിലെ ബാല്യങ്ങൾക്ക് മാത്രം ഓർക്കാൻ കഴിയുന്നതാണ് മണ്ണെണ്ണ മണക്കുന്ന റേഷൻ കാർഡും, കല്ലുകടിക്കുന്ന റേഷനരിയും, പുകമണം പരത്തുന്ന ചിമ്മിനി വിളക്കും. “അന്തസ്സോടെ പ്ലാസ്റ്റിക് കുപ്പായമിട്ട് മേശ വലിപ്പിലെ അമൂല്യ വസ്തുവാണ് ഓരോ വീട്ടിലേയും റേഷൻ കാർഡ്. അതിന്‍റെ ഉള്ളിൽ കുടുംബാംഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ പേര് എന്‍റേത് ആണെന്ന് വായിക്കുമ്പോൾ ഒരു സുഖം” (മണ്ണെണ്ണ മണമുള്ള കാർഡ്).

പണത്തിന് ബുദ്ധിമുട്ടുമ്പോൾ റേഷൻ കാർഡും, അടുക്കള പാത്രങ്ങളും, സൈക്കിളും, റേഡിയോയും. പണയം വച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിയില്ല. എത്ര ശ്രമിച്ചിട്ടും പണയം വച്ച റേഷൻ കാർഡുകൾ തിരിച്ചെടുക്കാൻ കഴിയാതെ മരിച്ചവരുണ്ട്. മരിച്ചവരുടെ വിരലടയാളങ്ങൾ പതിഞ്ഞ, വിയർപ്പിൽ കുതിർന്ന, പേജുകൾ കീറിപ്പോയ, പട്ടിണി യുടെ ഗന്ധമുള്ള ആ കാർഡുകൾ അവ സൂക്ഷിച്ചിരുന്നവരെ ഭയപ്പെടുത്തിയിട്ടുണ്ടാവണം.

മണൽക്കാറ്റും, വെയിലുമേറ്റ് കരുവാളിച്ച ഉടലുമായി വർഷത്തിലൊരിക്കൽ ജന്മനാട് സന്ദർശിക്കുന്ന പ്രവാസികളിൽ ഒരാളാണ് മുരളി മീങ്ങോത്ത്. ജന്മനാട്ടിൽ എത്തുമ്പോഴേക്കും ചങ്ങല പൊട്ടിച്ച് സ്വതന്ത്രനായി നാടുമുഴുവൻ തുള്ളിയുറഞ്ഞു നടക്കാൻ തക്കം പാർത്തിരിക്കുന്ന തെയ്യങ്ങളെ ഉള്ളിൽ ചുമന്നു കൊണ്ട് നടക്കുകയാവും. ചോദിക്കുന്നവർക്കെല്ലാം അനുഗ്രഹങ്ങൾ വാരിക്കോരി കൊടുക്കുന്ന തെയ്യങ്ങൾ….ഗുണം വരും….ഗുണം….

Comments
Print Friendly, PDF & Email

You may also like