പൂമുഖം COLUMNSനാൾവഴികൾ കള്ളപ്പണത്തിന്‍റെ ഉറവിടങ്ങള്‍ ആദ്യം കണ്ടെത്തണം

കള്ളപ്പണത്തിന്‍റെ ഉറവിടങ്ങള്‍ ആദ്യം കണ്ടെത്തണം

ിയമനിയന്ത്രിതമായ മുഖ്യധാരാ സമ്പദ് വ്യവസ്ഥക്ക് പുറത്ത് അതാതുരാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമല്ലാതെ ആ രാജ്യത്തിന്‌ അകത്തോ പുറത്തോ വിനിമയം ചെയ്യപ്പെടുകയോ ശേഖരിക്കപ്പെടുകയോ ചെയ്യപ്പെട്ട രാജ്യത്തിന്‍റെ സമ്പത്തിനെയാണ് കള്ളപ്പണം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ഓരോ രാജ്യത്തെയും നിയതമായ നിയമങ്ങൾക്ക് വിരുദ്ധമായി, നികുതിയൊടുക്കാത്ത പണം അതാത് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥക്ക് പ്രഹരമേല്പിച്ചു കൊണ്ട് രാജ്യങ്ങളുടെ പുറത്തേക്കു മാറ്റപ്പെടുകയാണ് ഫലത്തിൽ സംഭവിക്കുന്നത്. ഏറ്റവും പ്രധാനമായ വസ്തുത, ഇതേ കള്ളപ്പണം വിദേശ നിക്ഷേപം എന്ന പേരിൽ തിരികെ അതത് രാജ്യങ്ങളിലേക്ക് എത്തുമ്പോൾ അതിന് തൂവെള്ള നിറമാകും എന്നതാണ്.
 
ലോകത്ത് ഏറ്റവുമധികം കള്ളപ്പണം ഉള്ളത് അമേരിക്കയിലാണ്, തുടര്‍ന്ന് ക്രമപ്രകാരം ചൈന, മെക്സിക്കോ സ്പെയിൻ, ഇറ്റലി, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങള്‍ കൂടി കഴിഞ്ഞ് എട്ടാം സ്ഥാനത്ത് ആണ് ഇന്ത്യ, നമുക്ക് ശേഷം വരുന്നത് ബ്രിട്ടനും റഷ്യയും ആണ്. ഏറ്റവും ഉയർന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ ആണ് ഏറ്റവും കൂടുതൽ കള്ളപ്പണം എന്ന് ഈ കണക്കുകൾ കാണിക്കുന്നു.
ഒരു ട്രില്യൻ യു എസ് ഡോളർ കള്ളപ്പണം ഇൻഡ്യാക്കാരുടേതായി സ്വിസ് ബാങ്കിൽ മാത്രം ഉണ്ടെന്ന ആരോപണം നിലവില്‍ ഉള്ളപ്പോൾ, ഏകദേശം 2 ബില്ല്യൺ കള്ളപ്പണം സ്വിസ് ബാങ്കിൽ ഉണ്ടെന്ന്‍ സ്വിസ് സർക്കാരും സ്വിസ് ബാങ്കും സമ്മതിക്കുന്നുണ്ട്.
 
രാജ്യത്തിനു അകത്തും പുറത്തുമുള്ള ഇന്ത്യൻ വ്യാപാര വ്യവസായ ഭീമന്മാർ ആണ്, പ്രധാനമായും കള്ളപ്പണത്തിന്‍റെ സ്രോതസ്സുകൾ. കയറ്റിറക്കുമതികൾ നടത്തുമ്പോള്‍ വലിയ തോതില്‍ നികുതി വെട്ടിപ്പുകൾ നടക്കുന്നുണ്ട്. കയറ്റുമതി ചെയ്യുമ്പോള്‍ ബില്ലിൽ തുക കുറച്ചു കാണിച്ചും, നികുതിയില്ലാ രാജ്യങ്ങളായ സിംഗപ്പൂർ, ഹോങ്കോങ്, ഗൾഫ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ട് വരുന്ന സാധന സാമഗ്രികൾക്ക് ബില്ലില്‍ തുക പെരുപ്പിച്ച് കാണിച്ചും നികുതി വെട്ടിപ്പ് നടത്തുന്നു. ആയുധ ഇടപാടുകള്‍ നടത്തുമ്പോഴും , മെഷീനറികൾ, വിമാനങ്ങൾ, സ്വർണ്ണം, ചെറുതും വലുതുമായ ലക്ഷ്വറി വാഹനങ്ങൾ തുടങ്ങിയവ, സർക്കാർ, സ്വകാര്യ ഉടമസ്ഥതയിൽ മറ്റു രാജ്യങ്ങളിൽ നിന്നും വാങ്ങുമ്പോഴും തുകയുടെ അഞ്ചു മുതൽ പത്തു ശതമാനം വരെ കമ്മീഷൻ വിദേശ ബാങ്കുകളിൽ നിക്ഷേപങ്ങളില്‍ ചെന്നുചേരാറുണ്ട്. സ്വർണ്ണ കള്ളക്കടത്താണ് കള്ളപ്പണത്തിന്‍റെ മറ്റൊരു സ്രോതസ്. ഒട്ടനവധി ഭാരതീയർ വിദേശികളായി ഉള്ളതുകൊണ്ട്, ഹവാല ഇടപാടുകൾ ആയും രാജ്യത്ത് കള്ളപ്പണം കുമിഞ്ഞു കൂടുന്നു.
 
പുറത്തുള്ളതിനെക്കാൾ കള്ളപ്പണം ഇന്ത്യക്കു അകത്തുണ്ടെന്നാണ് 2012 മെയ് മാസത്തിൽ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ശ്രീ പ്രണാബ് മുക്കർജി പുറത്തിറക്കിയ വൈറ്റ് പേപ്പറിൽ സംശയിക്കുന്നത്. കൃത്യമായ ഉറവിടങ്ങൾ കുറെയൊക്കെ മനസ്സിലാക്കാൻ സാധിച്ചാലും, കള്ളപ്പണത്തിന്‍റെ ശരിക്കുള്ള വ്യാപ്തിയും തോതും നിർണ്ണയിക്കുവാൻ തക്കതായ സംവിധാനങ്ങൾ ലോകത്തില്ല. അതിനാൽ ഇന്ത്യക്കു അകത്താണോ പുറത്താണോ കൂടുതൽ കള്ളപ്പണം എന്നുറപ്പിക്കുക പ്രയാസമാണ്.
 
നികുതി വെട്ടിക്കാനായി കണക്കുകളിൽ വക ചേർക്കാതെ മാറ്റി വയ്ക്കുന്ന ഈ കള്ളപ്പണം ആണ് നിയമവിരുദ്ധ വിദ്ധ്വംസക പ്രവർത്തനങ്ങൾ നടത്താനും ക്രിമിനൽ കുറ്റങ്ങൾക്കും ഉപയോഗിക്കുന്നത്. മയക്കു മരുന്ന് ശൃംഖലയിൽ വിനിമയം നടക്കുന്നത് മുഴുവൻ കള്ളപ്പണത്തിൽ ആണെന്നതും ശ്രദ്ധിക്കേണ്ടതാണ്.
മദ്യം, വേശ്യാവൃത്തി, കൈക്കൂലി തുടങ്ങി നിയമത്തിനു എതിരായ എല്ലാ ഇടപാടുകളും നടക്കുന്നത് കള്ളപ്പണത്തിലൂടെയാണ്. റിയൽ എസ്റ്റേറ്റ് കച്ചവടം, സിനിമ വ്യവസായം എന്നീ മേഖലകളിലും കള്ളപ്പണത്തിന്‍റെ ഒഴുക്ക് കനത്തതാണ്. നികുതി വെട്ടിക്കുന്നതിനു വേണ്ടി മാത്രം നടത്തുന്ന ധൂർത്തുകൾക്കും പതിവിലേറെ മോടിയില്‍ നടക്കുന്ന വിവാഹങ്ങൾക്കും കള്ളപ്പണം സുലഭമായി ഉപയോഗിക്കാറുണ്ട്. ചുരുക്കത്തിൽ നിയമാനുസൃതമായ ബില്ല് കൊടുക്കാതെ വാങ്ങുന്ന എല്ലാ കച്ചവടങ്ങളിലും വാങ്ങുന്നവനും കൊടുക്കുന്നവനും കള്ളപ്പണമാണ് ഉപയോഗിക്കുന്നത്.
രാഷ്ട്രീയ പാർട്ടികൾ, വിദേശ പണം സ്വീകരിക്കുന്ന എൻ ജി ഒ കൾ, മത സമുദായ സംഘടനകൾ തുടങ്ങിയവ കള്ളപ്പണക്കാർക്കു ഒത്താശ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുശാസിക്കുന്ന തുകയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിക്കും തങ്ങളുടെ സ്ഥാനാർഥികളെ വിജയിപ്പിച്ചെടുക്കുവാനാകില്ല നമ്മുടെ രാജ്യത്ത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിക്കുന്ന തുകയുടെ അഞ്ചും പത്തും മടങ്ങ് പണമാണ് ഓരോ സ്ഥാനാർത്ഥിയും പൊടിക്കുന്നത്. ഇങ്ങനെ ചെലവഴിക്കുന്ന പണം വ്യക്തമായും കള്ളപ്പണമാണ്. ചുരുക്കത്തിൽ റീട്ടെയിൽ മാർക്കറ്റുകൾ, രാഷ്ട്രീയ പാർട്ടികൾ, മത സമുദായ സംഘടനകൾ, കള്ളക്കടത്തുകാർ, സഹകരണ സംഘങ്ങൾ, അനധികൃത കച്ചവടക്കാർ, മദ്യ മയക്കുമരുന്ന് കച്ചവടക്കാർ എന്നിവരിലൂടെ വലിയ തോതിൽ രാജ്യത്ത് കള്ളപ്പണം പടരുന്നു.
ഇന്ത്യയിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾ ആണ് കള്ളപ്പണത്തിന്റെ പ്രധാനപ്പെട്ട മറ്റൊരുറവ. കെ.ജി ക്‌ളാസ് മുതൽ പ്രൊഫഷണൽ കോഴ്‌സുകളുടെ മേൽത്തട്ടുവരെ ലക്ഷക്കണക്കിന് രൂപ ഡൊണേഷൻ ആയും ക്യാപ്പിറ്റേഷൻ ഫീ ആയും വാങ്ങുന്ന പണം കള്ളപ്പണത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. ഉദ്യോഗസ്ഥ രാഷ്ട്രീയ വിദ്യാഭ്യാസ സർവീസ് മേഖലകളിൽ നടക്കുന്ന കൈക്കൂലിയാണ് കള്ളപ്പണം ഇന്ത്യയിൽ തടിച്ചു കൊഴുക്കുവാൻ കാരണങ്ങളിൽ ഒന്ന്.
 
ഇന്ത്യയിൽ ആവശ്യമായ അലക്കു യന്ത്രങ്ങൾ ഇല്ലാത്തതിനാലാകും, കറുത്ത പണം വിദേശ നിക്ഷേപം ആയി തിരികെ വരുമ്പോൾ സർക്കാർ അതിനെ വെളുത്തതായി പ്രഖ്യാപിച്ചു രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും ഒക്കെ വിദേശ നിക്ഷേപത്തിനായി വെളിനാടുകൾ സന്ദർശിക്കുന്നതും ഈ വെളുപ്പിച്ച പണം തിരികെ കൊണ്ടുവരാനുള്ള തിടുക്കത്തിലാണ്. പ്രധാനമന്ത്രിയുടെ(മാരുടെ) വിദേശ യാത്രകളിൽ അകമ്പടി സേവിക്കുന്ന വ്യവസായികൾ കള്ളപ്പണത്തിന്‍റെ മൊത്തക്കച്ചവടക്കാർ ആണെന്ന്‍ കൂടെ കൊണ്ടുപോകുന്ന പ്രധാനമന്ത്രിക്കും നല്ലോണം അറിയാം. അമെരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ, സ്വിറ്റസർലാന്‍ഡ് , ഹോങ്കോങ്, മൗറീഷ്യസ്, ഗൾഫ് രാഷ്ട്രങ്ങള്‍ തുടങ്ങിയ രാജ്യങ്ങളിൽ പണം പാർക്ക് ചെയ്യുകയും വിദേശ നിക്ഷേപമായി അതിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കുകയുമാണ് കള്ളപ്പണ മാഫിയകളുടെ മാർഗം. ടാക്സ് ഹെവൻ എന്ന പേരിലറിയപ്പെടുന്ന പസിഫിക് ദ്വീപുകൾ, സെ. കിറ്റ്സ് , മൗറീഷ്യസ്, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സ് തുടങ്ങി ഓഫ് ഷോറിൽ നിക്ഷേപിക്കുന്നതെല്ലാം കള്ളപ്പണമാണ്. ഈ അര്‍ത്ഥത്തില്‍ ഇവയാണ് പ്രധാനമായും ലോകത്തിലെ അലക്കു യന്ത്രങ്ങൾ! കള്ളപ്പണത്തിനു നിയമസാധുത നൽകുന്നത് അതത് രാഷ്ട്രങ്ങളിലെ ഭരണത്തലവന്മാർ ആണ്. ഓരോ രാജ്യത്തിന്‍റേയും ജി ഡി പി യെ താങ്ങി നിർത്തുന്നതില്‍ കള്ളപ്പണത്തിനു വലിയ പങ്കുണ്ട്. ഇന്ത്യക്കു പുറത്തുള്ള കള്ളപ്പണമാണ് മുഖ്യമായും ഫോറിൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്‍റ് ആയി ഇന്ത്യയിലേക്ക് ഒഴുകി എത്തുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഫിനാൻഷ്യൽ ഇൻസ്റ്റിറ്റൂഷൻസ് തുടങ്ങിയ മേഖലകളിൽ വലിയ തോതിലുള്ള നിക്ഷേപങ്ങളിൽ കൂടുതലും ഇങ്ങനെ വിദേശങ്ങളിൽ അലക്കി വെളുപ്പിച്ചു വരുന്നവയാണ്.
 
കള്ളപ്പണം പുറം രാജ്യങ്ങളിലേക്ക് കടത്തുന്നതിലും വെളുപ്പിച്ചു തിരികെ കൊണ്ടുവരുനതിലും പ്രധാന പങ്ക്, കള്ളപ്പണത്തെ സഹായിക്കുന്ന സർക്കാർ നിയമങ്ങൾ ആണ്. നിയമങ്ങളുടെ അപര്യാപ്തതയും അവ പാലിക്കപ്പെടണമെന്നില്ലെന്ന ജനങ്ങളുടെ തോന്നലുകളും, ഉണ്ടാക്കിയ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന കര്‍ശനമായ പരിശോധനയില്ലാത്തതും കള്ളപ്പണ മാഫിയക്ക് അനുകൂലമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കുന്നു.. ഒരര്‍ത്ഥത്തില്‍, നിയമ നിർമ്മാണം നടത്തുന്നവരും നിയമപാലകരും ആണ് പലപ്പോഴും നിയമ ലംഘനം നടത്തുന്നതും.
 
ഇന്ത്യയിൽ കാർഷികാദായം ഒഴികെ 2,50,000 രൂപക്ക് മുകളിലുള്ള എല്ലാ വാര്‍ഷിക വരുമാനത്തിനും സർക്കാരിന് നികുതി കൊടുക്കണം. ഈ നിയമ പ്രകാരം സാദാ ഗുമസ്തന്മാർ അടക്കം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആദായ നികുതി അടയ്ക്കണം. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർ 10 ശതമാനവും അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർ 20 ശതമാനവും പത്തു ലക്ഷത്തിനു മുകളിൽ വാർഷിക വരുമാനം ഉള്ളവർ 30 ശതമാനവും ആണ് ആദായ നികുതി അടയ്‌ക്കേണ്ടത്. ഇന്ത്യയിലെ ലോവർ അപ്പർ ക്ലാസ്സ് , മിഡിൽ ലോവർ ക്ലാസ് ആളുകൾ എല്ലാവരും, ഇന്ന്, രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ വാർഷിക വരുമാനം ഉളളവരാണ്, പ്രത്യേകിച്ചും ഏഴു ശതമാനത്തിനു മുകളിൽ ജി ഡി പി വളർച്ചയുള്ള ഇന്ത്യയിൽ. രണ്ടര ലക്ഷം വാർഷിക വരുമാനം നമ്മുടെ രാജ്യത്ത് ഒരു ചെറിയ കുടുംബത്തിന് ഉപജീവനത്തിന് കഷ്ടിയാണ്. ആഗോളീകരണവും ആഡംബര ജീവിതത്തിനു വേണ്ടിയുള്ള മത്സരവും വിപണിയുടെ ആകർഷകത്വവും ദൃശ്യപ്പൊലിമയും സാധാരണക്കാരന്‍റെ ആവശ്യങ്ങൾ അവന്‍റെ വരവിനും മീതെയാക്കുന്നു. വരവിനേക്കാൾ അധികമാകുന്ന ചെലവുകൾ, നിയന്ത്രണമില്ലാത്ത, അല്ലെങ്കിൽ വ്യക്തമായ പ്ലാനിംഗ്‌ ഇല്ലാത്ത സാധാരണക്കാരന്‍റെ സാമ്പത്തിക ഇടപാടുകൾ, നികുതി അടയ്‌ക്കാതിരിക്കാൻ അവനിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കും. അങ്ങനെയുണ്ടാകുന്ന കള്ളപ്പണമല്ല, പക്ഷേ, രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി ആയിട്ടുള്ളത്.
 
നികുതിയടക്കേണ്ട ആദായ പരിധി ഇപ്പോഴുള്ള രണ്ടര ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷത്തിലേക്കു ഉയർത്തുകയാണ് കള്ളപ്പണം നിയന്ത്രിക്കാൻ ആദ്യപടിയായി ചെയ്യേണ്ടത്. അഞ്ചു മുതൽ പത്തു ലക്ഷം വരെ ആദായ നികുതി 10 % ആക്കി നിജപ്പെടുത്തുകയും വേണം. കച്ചവട സ്ഥാപനങ്ങൾക്കും ആദായ പരിധി ഇപ്പോഴുള്ളതിൽ ഇരട്ടിയാക്കണം. രാഷ്ട്രീയ മത സമുദായ ഇടപെടലുകൾക്ക് വശംവദരാകാത്ത ഉദ്യോഗസ്ഥർ ആയിരിക്കണം ആദായ നികുതി വകുപ്പിൽ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയ ഇടപെടലുകൾ ഒരു സാഹചര്യത്തിലും ആദായ നികുതി വകുപ്പിൽ അനുവദിക്കരുത്. കുറ്റം ചെയ്‌തെവരെ വിചാരണ ചെയ്തു കടുത്ത ശിക്ഷ നൽകുവാൻ ആറുമാസത്തിനു മേൽ കാലതാമസം വരരുത്.
 
ഒരു രാത്രിയിൽ ആയിരത്തിന്‍റേയും അഞ്ഞൂറിന്‍റേയും നോട്ടുകൾ നിർത്തലാക്കിയതു കൊണ്ട് മാറുന്നതാണ് ഇന്ത്യയിലെ കള്ളപ്പണം എന്ന് ധരിക്കുന്നവർ വിവരദോഷികൾ മാത്രമാണ്. സ്വയം അദ്ധ്വാനിച്ചു ബാങ്കുകളിൽ നിക്ഷേപിച്ചതിൽ നിന്നും ഏത് ആവശ്യത്തിനായാലും രണ്ടായിരം രൂപയേ പിന്‍വലിക്കുവാൻ പാടുള്ളൂ എന്ന് തിട്ടൂരമിറക്കുന്നവർ, അത്തരം നടപടികള്‍ പാവപ്പെട്ടവന്‍റേയും സാധാരാണക്കാരന്‍റേയും വയറ്റത്തടിക്കാനേ ഉപകരിക്കൂ എന്ന് മനസ്സിലാക്കണം. കൂടെക്കിടക്കുന്ന കള്ളപ്പണക്കാരനിൽ നിന്നാകണം വെളുപ്പിക്കൽ പരിപാടി തുടങ്ങേണ്ടത്.
 
വാൽക്കഷ്ണം:- വിയർപ്പൊഴുക്കി പാട് പെട്ട് ഉണ്ടാക്കിയ പണം ബാങ്കുകളിൽ നിക്ഷേപിച്ചത്, ഒരു ആവശ്യത്തിന് എടുക്കാൻ കഴിയാത്തവൻ ഇനി എന്ത് വിശ്വസിച്ചാണ് ബാങ്കുകളിൽ നിക്ഷേപിക്കുക? വമ്പന്മാർ മാത്രം വിഹരിക്കുന്ന കള്ളപ്പണ ശൃംഘലയിലേയ്ക്ക് സാധാരണക്കാരനെ കൂടി ആകര്‍ഷിക്കുകയല്ലേ സർക്കാർ ചെയ്യുന്നത്?
Comments
Print Friendly, PDF & Email

You may also like