സമകാലിക ലോകക്രമത്തിന്റെ മാറ്റങ്ങളും തുടർന്നുള്ള മാനവരാശിയുടെ പ്രതിസന്ധികളും മലയാള ചെറുകഥയിൽ സൂക്ഷ്മമായി അവതരിപ്പിക്കുന്ന എഴുത്തുകാരനാണ് കെ വി പ്രവീൺ. ‘ ഓർമ ചിപ്പിന്’ ശേഷമുള്ള അദ്ദേഹത്തിന്റെ കഥാസമാഹാരമാണ് “ഭൂമിയിൽ നിഷ്കളങ്കതയ്ക്ക് മാത്രമായി ഒരിടമില്ല ‘ സാങ്കേതികവിദ്യ അനുദിനം മാറി മറിഞ്ഞ്, മനുഷ്യനെത്തന്നെ അപ്രസക്തമാക്കുന്ന ഏ.ഐ കാലമാണിത്. ഇതിലെ ആദ്യത്തെ കഥ ‘ ഡ്രോൺ ‘ അത് ആവിഷ്കരിക്കുന്നുണ്ട്. ‘ ഭൂമിയിൽ ആർക്കും ഭേദിക്കാനാവാത്ത സുരക്ഷ ‘ എന്ന പരസ്യവാചകമുള്ള ഐ. ടി. കമ്പനിയിൽ ജോലിചെയ്യുന്ന രാജീവും വൈകാരിക പ്രശ്നങ്ങൾ ഉള്ള ഭാര്യ മീരയും മകൻ സൗരവുമാണ് ഇതിലെ കഥാപാത്രങ്ങൾ. ഐ ടി സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് ആയ രാജീവിന്റെ വീട്ടിൽ തന്നെ സെക്യൂരിറ്റി അറ്റാക്ക് നടന്ന ഞെട്ടലിൽ നിന്നാണ് കഥയുടെ തുടക്കം. രാജീവിന്റെ ഓഫീസിലാണെങ്കിൽ ഒരു കമ്പനിയ്ക്ക് അവർ നിർമ്മിച്ചു നൽകിയ സുരക്ഷാ സോഫ്റ്റ് വെയർ തകരാറായതിനെ തുടർന്നുള്ള സമ്മർദ്ദത്തിലാണ്. തന്റെ കമ്പനിയിലെ തൊഴിൽ സമ്മർദ്ദത്തെ ഇങ്ങനെയാണ് രാജീവ് വിലയിരുത്തുന്നത്: “നിന്നിടത്ത് നിൽക്കണമെങ്കിൽ ഇരട്ടി വേഗത്തിൽ ഓടേണ്ട ഗതിയായിരിക്കുന്നു. ചവിട്ടി നിൽക്കുന്ന പ്രതലത്തിനാണെങ്കിൽ ഒട്ടും ഉറപ്പുമില്ല.”


ഒടുവിൽ അത് പുറത്തു നിന്നുള്ള വൈറസ് ആയിരുന്നില്ല ആ കമ്പനിയുടെ അകത്തുള്ള ഏതോ യു എസ് ബി യിൽ നിന്നാണെന്ന് തെളിയുമ്പോൾ ഉള്ള നിഗമനവും ശ്രദ്ധേയമാണ്. ‘ സുരക്ഷാ സംവിധാനങ്ങൾ നിർമ്മിക്കുമ്പോൾ പുറത്ത് നിന്നുള്ള ആക്രമണങ്ങൾ മാത്രം കണക്കിലെടുത്താൽ പോരാ,അകത്തു നിന്നുള്ള സുരക്ഷാവീഴ്ചയും കണക്കിലെടുക്കേണ്ടിയിരിക്കുന്നു.” 2018ൽ എഴുതിയതാണ് ഈ കഥ.ജീവനക്കാരുടെ ഇമോഷണൽ സെക്യൂരിറ്റിയും മാനേജ്‌മെന്റ് കണക്കിലെടുക്കണം എന്ന് രാജീവിന് പറയണമെന്നുണ്ടായിരുന്നു. സമീപ കാലത്ത് എല്ലായിടത്തും തൊഴിൽ സമ്മർദ്ദവും വർദ്ധിച്ച ജോലി ഭാരവും വലിയൊരു ചർച്ചയാണല്ലോ.ഒടുവിൽ ഡ്രോൺ അഥവാ റോബോട്ടിക് തേനീച്ച തന്നെ കൊത്തിനുറുക്കാൻ പറന്നടുക്കുന്നത് രാജീവ് മനസ്സിലാക്കുന്നു.
ലൈബ്രറി എന്ന കഥ കുറ്റവാളികളെ നന്നാക്കാൻ ബിബിലോ തെറാപ്പി പരീക്ഷിക്കുന്ന ഒരു ജയിലിൽ അകപ്പെട്ട ഒരു കുറ്റവാളിയുടെ പുസ്തകവായനയെക്കുറിച്ചാണ്. രാജ്യത്തെ ഏകാധിപതി തന്നെയെഴുതിയ പുസ്തകങ്ങൾ മാത്രമാണ് അവിടെ വായിക്കാൻ കൊടുക്കുന്നത്. മോചനം ആഗ്രഹിക്കുന്ന ഒരു തടവുകാരന്റെ മനോവിചാരങ്ങളാണ് ഈ കഥ.
ഒരു രാത്രി കൊണ്ട് നിയമങ്ങൾ മാറുമ്പോൾ അനധികൃത താമസക്കാരെ നാട് കടത്തുന്ന ഒരു കാലമാണിത്. അത്തരം കുറച്ചു മനുഷ്യരെക്കുറിച്ചുള്ള കഥയാണ് ‘മതിലുകൾ ‘ സ്കൂൾ വിട്ട ശേഷം മകൾ റോസി വീട്ടിലേക്ക് എത്താത്തതിനാൽ പരിഭ്രമിക്കുന്ന സെലീനയെയാണ് നമ്മൾ കഥ തുടങ്ങുമ്പോൾ കാണുന്നത്. സെലീനയുടെ ഭർത്താവ് പേഡ്രോയാണെങ്കിൽ അകന്ന് കഴിയുകയാണ്.
മകൾ അവിടെ ജനിച്ചത് കൊണ്ട് പൗരത്വമുണ്ട്. അമ്മ പുറത്താകും.
“കുഞ്ഞുങ്ങളെ അവരുടെ അമ്മമാരിൽ നിന്ന് പിരിക്കാൻ പറയുന്ന നിയമം.”
“ഒറ്റ രാത്രി കൊണ്ടാണ് കുടിയേറ്റ നിയമങ്ങൾ മാറി മറിഞ്ഞത്. പല രാജ്യങ്ങളുടെയും അതിർത്തികളിൽ ആകാശം മുട്ടുന്ന മതിലുകൾ ഉയരുന്നുവത്രെ. അഭയവും താവളവുമായിരുന്ന ഇടങ്ങൾ പൊടുന്നനെ വില ക്കപ്പെട്ടതായിരിക്കുന്നു.”
സലീനയെ ഇഷ്ടപ്പെടുന്ന, മറ്റൊരു കുടിയേറ്റക്കാരനായ ഫിറോസ് പറയുന്നത് ഇങ്ങനെയാണ്, ” സർ ഞാൻ ഈ രാജ്യത്തിൽ നിന്നും എന്റെ രാജ്യത്തേക്ക് പോയി എന്ന് വെച്ചോ, പക്ഷെ അവിടെയും ദേശത്തിന്റെയും ഭാഷയുടെയും ഒക്കെ പ്രശ്നമുണ്ട്. തെക്കും വടക്കും തമ്മിലുള്ള സ്പർദ്ധയുണ്ട്. മതങ്ങൾ തമ്മിലുള്ള ശത്രുതയുണ്ട്. സഹോദരങ്ങൾ തമ്മിലുള്ള കലമ്പൽ ഉണ്ട്. വരത്തന്മാരെ തല്ലിക്കൊല്ലലുണ്ട്. അന്യ ജാതിയിൽപ്പെട്ട പെണ്ണിനെ പ്രേമിച്ചാൽ കൈ വെട്ടലുണ്ട്. ഇനി ആകെയുള്ള വഴി ഉമ്മയുടെ ഗർഭ പാത്രത്തിലേക്ക് തന്നെ തിരിച്ചു പോകലാണ്. പക്ഷെ ഉമ്മ മരിച്ചിട്ട് കൊല്ലങ്ങളായി”രാജ്യം വിടുമ്പോൾ സെലീനയെ കൂടെ വിട്ട് കിട്ടില്ല എന്ന് അറിയുമ്പോൾ ഫിറോസിന്റെ മനോഗതം ഇങ്ങനെയാണ്, ” ഈ രാജ്യത്തോ, മറ്റേതെങ്കിലും നാട്ടിലോ ജീവിതം അയാൾക്ക് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. സ്നേഹം നിഷേധിക്കപ്പെട്ടവർക്ക് ഈ ഭൂമി തന്നെ ഒരു ജയിലാണ്. “
ഈ സമാഹാരത്തിലെ നീണ്ടകഥയാണ്,’ ഭൂമിയിൽ നിഷ്കളങ്കതയ്ക്ക് മാത്രമായി ഒരിടമില്ല ‘അമേരിന്ത്യൻ ട്രൈബിനെ കുറിച്ച് ഗവേഷണം നടത്തുന്ന എബ്രഹാം എന്ന ആന്ത്രോപോളജിസ്റ്, തെരേസയെന്ന അവരുടെ പങ്കാളി.അവർ ഡേവിഡ് എന്ന അമേരിന്ത്യൻ ട്രൈബിലെ കുട്ടിയെ ദത്തെടുക്കുകയാണ്. ഡേവിഡ് ആകട്ടെ FAS (Foetal Alocoholical Syndrome) ബാധിച്ച കുട്ടിയാണ്. ഗർഭകാലത്ത്, കണക്കില്ലാതെ മദ്യപിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന വൈകല്യങ്ങൾ ആണ് FAS. അമേരിന്ത്യൻ ട്രൈബിന്റെ ശാപമാണ് ഈ ലക്ക് കെട്ട മദ്യപാനം.
ഈ കഥയുടെ പിന്നോട്ട് പോയി ഒരു നോവലും കെ വി പ്രവീൺ അടുത്തിടെ പുറത്തിറക്കുകയുണ്ടായി -”തൈമയും കൊളംബസ്സും”
ജന്മനാ തകരാറുള്ള കുട്ടിയാണ് ഡേവിഡ്. അവന്റ പ്രായത്തിലെ മറ്റ് കുട്ടികളെപ്പോലെ അക്കങ്ങളോ അക്ഷരങ്ങളോ തിരിച്ചറിയാൻ അവന് കഴിയുകയില്ല. അവന്റെ ഭാഷാശേഷി എത്ര പരിമിതമാണെന്നോ!ആകെക്കൂടി അവന് പറയാൻ അറിയുന്നത് നാലഞ്ചു വാക്കുകളാണ്. അഞ്ചാം വയസ്സിൽ, അറുപതിനു മുകളിൽ കയറാത്ത ഐ. ക്യു.
യുദ്ധകാലത്ത് ജർമ്മനിയിൽ വൈകല്യമുള്ളയാളുകളെ involuntary Euthanasia – ബലം പ്രയോഗിച്ചുള്ള ദയാവധം-നടത്തിയതിനെപ്പറ്റി എബ്രഹാം പറയുന്നുണ്ട്. മാനസിക വൈകല്യമുള്ളവർ, വൃദ്ധർ, ദുർബലർ, രോഗികൾ അവർക്ക് കരണീയമായിട്ടുള്ളത് ഒന്നേയുള്ളു-മരണം മറ്റുള്ളവരുടെ വഴിമുടക്കാതെ എത്രയും പെട്ടെന്ന് രംഗം വിട്ടു പോകുക. വൈകല്യം എന്നാൽ പ്രത്യക്ഷത്തിൽ ഉള്ളത് മാത്രമല്ല. മഹത്തായ ആര്യൻ വംശത്തിന് പേര്ദോഷം വരുത്തുന്നവരും മരിക്കേണ്ടവർ തന്നെ. അങ്ങനെ ഈ ലോകത്തിൽ സമർത്ഥരും വിജയികളും മാത്രം മതി. പന്തയത്തിൽ കിതയ്ക്കുന്നവരും തളരുന്നവരും മാറി നിൽക്കട്ടെ. അവർ മറ്റുള്ളവരുടെ സ്ഥലവും സമയവും മുടക്കാതിരിക്കട്ടെ.
ഡേവിഡിനെ അവന്റെ ഭാഷയിൽ നിന്നും ഗോത്രത്തിൽ നിന്നും അകറ്റി നിർത്തിയതിന് ഭാവിയിൽ അവൻ തന്നെ വിചാരണ ചെയ്‌യുമോ എന്നും എബ്രഹാം ആലോചിക്കുന്നുണ്ട്. ക്ഷമയോടെ അവനെ വളർത്തി കൗമാരത്തിൽ എത്തിയപ്പോൾ ഉണ്ടാകുന്ന പരിണിതി ദുരന്തമായി മാറുകയാണ്. ജീനുകളുടെ നശിച്ച ഗുരുത്വാകർഷണം എന്നാണ് ഇതിന് എബ്രഹാം പറയുന്നത്. ജ്വരതീക്ഷ്ണമായ ഇതിലെ അനുഭവങ്ങൾ അനുവാചകനെ സ്പർശിയ്ക്കാതെ പോകില്ല.
അതിർത്തികൾ ഒന്നും ബാധകമല്ലാത്ത അയൽക്കാരന്റെ പൂച്ചയിലൂടെ വിശാലമായ സൗഹൃദങ്ങൾ ഉണ്ടാകേണ്ട ആവശ്യകതയെപ്പറ്റി പറയുന്ന കഥയാണ് ‘ ഹാർമണി ‘
‘ സത്യത്തിൽ മനുഷ്യന്മാർക്ക് പേടി പൂച്ചയെയോ പാമ്പിനെയോ അല്ല, മനുഷ്യരെ തന്നെയാ. അതും അവരെപ്പോലെ അല്ലാത്ത മനുഷ്യന്മാരെ. “
ഒരു മാനസികചികിത്സാകേന്ദ്രത്തിൽ വിവിധ തരം പീഡനാനുഭവങ്ങൾ പങ്കിടുന്ന നാല് സ്ത്രീകളുടെ കഥയാണ് ‘ റിങ്ങ് ‘ അമൃതയും സൂസനും കഥ പറയുന്നയാളും പുതിയ അന്തേവാസിയും.
‘വല്ലപ്പോഴും കിട്ടുന്നതുകൊണ്ടാണ് അടി നമുക്കു വേദനിക്കുന്നത്. മുറയ്ക്ക് കിട്ടുന്ന വേദനകൾ വളരെ വേഗം നമുക്ക് ശീലമായിക്കൊള്ളും. വിവിധ തുറകളിൽ പീഡനം അനുഭവിയ്ക്കുന്ന സ്ത്രീകൾ തുറന്ന് പറച്ചിലിൽ ആശ്വാസം കണ്ടെത്തുന്നു.
പ്രമേയപരമായി ഏറെ എഴുതപ്പെട്ട വിഷയമായിരിക്കും പ്രായമാവരുടേ ഏകാന്തത. പക്ഷെ ഈ സമാഹാരത്തിലെ ‘ മൂന്ന് വൃദ്ധന്മാരുടെ സായാഹ്നം ‘ എന്ന കഥ കഥന രീതിയുടെ മിതത്വം കൊണ്ടും അതിവൈകാരികതയില്ലായ്‌മ കൊണ്ടും വേറിട്ട് നിൽക്കുന്നു. മറവിരോഗം ബാധിച്ചുതുടങ്ങിയ ഒന്നാമനും ഇരുണ്ട ഫലിതങ്ങളുടെ ആരാധകനായ രണ്ടാമനും അടുത്തിടെ വിഭാര്യനായ മൂന്നാമനും ആളൊഴിഞ്ഞ ഒരു റെയിൽവേസ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഒന്നിക്കുന്ന സായാഹ്നങ്ങൾ. ട്രെയിനുകൾ നിർത്താതെ ഓടുമ്പോൾ, തങ്ങളുടെ ഭൂതകാലത്തിൽ നിന്ന് മരണത്തിലേക്കാണ് ആ ട്രെയിനുകൾ തിരക്കിട്ട് പായുന്നതെന്ന് അവർക്ക് തോന്നും.മറവിക്കാരനെ മകൻ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ട് പോകുകയാണെന്ന വാർത്തയിൽ വിഷാദിക്കുകയാണ് വിഭാര്യനും ഫലിതക്കാരനും.വിഭാര്യന്റെ ഭാര്യ മരിക്കുന്ന രംഗം കഥാകാരൻ സവിശേഷമായ രീതിയിലാണ് അടയാളപ്പെടുത്തുന്നത്.’ തൂവിപ്പോയ പാല് പോലെ തന്റെ ഭാര്യ മരിച്ചിരിക്കുന്നത് നോക്കിക്കൊണ്ട് നിൽക്കുന്ന ഭർത്താവ് “
മറ്റൊരു നാട്ടിൽ നിന്ന് ജോലിക്കായി ഇങ്ങോട്ട് വന്ന ഫലിതപ്രിയന് എങ്ങോട്ടും പോകാനില്ലേ എന്ന മറ്റുള്ളവരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്, ” വൈകാതെ ഞാനും എന്റെ വീട്ടിൽ പോകും ” തുടർന്ന് തമിഴ്നാട്ടിലെ ചിലയിടങ്ങളിൽ മുൻപ് ഉണ്ടായിരുന്ന ‘ തലൈ കൂന്തൽ ‘ എന്ന, വയസ്സന്മാരെ ദയാവധത്തിന് വിധേയമാക്കുന്ന ചടങ്ങിനെക്കുറിച്ച് പറയുന്നു. ജീവിതത്തിന്റെ സായാഹ്നത്തിൽ മരണം കടന്ന് വരുന്ന അവസ്ഥയെ വിദഗ്ധമായി ഇതിൽ അവതരിപ്പിക്കുന്നു.
വുത്യസ്ത ഭൂമികകളിൽ നിന്നുള്ള, സമകാലികമായ വിഷയങ്ങളെ പ്രതിപാദിക്കുന്ന കഥകളാണ് കെ വി പ്രവീണിന്റേത്. അതിരുകളില്ലാത്ത മനുഷ്യരുടെ ആകുലതകൾ അവ പ്രശ്നവൽക്കരിക്കുന്നു. വായനക്കാരെ നന്മയെപ്പറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

കെ വി പ്രവീൺ
കവർ : ജ്യോതിസ് പരവൂർ