പൂമുഖം Travel കൃഷ്ണഗാഥ തേടിയൊരു യാത്ര -1

ശ്രീകൃഷ്ണ ജന്മഭൂമിയിലൂടെ കൃഷ്ണസാരം അന്വേഷിച്ചുകൊണ്ടുള്ള ഒരു യാത്രാവിവരണം: കൃഷ്ണഗാഥ തേടിയൊരു യാത്ര -1

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
നുഷ്യകുലത്തിന്‍റെ ശ്രേയസ്സ് ലക്ഷ്യമാക്കി അവതരിച്ച ശ്രീകൃഷ്ണന്‍ ജീവിതത്തിന്‍റെ അടിസ്ഥാന സമസ്യകളായ സുഖ ദുഃഖ ദ്വന്ദങ്ങളെ തന്‍റെ അവതാരത്തില്‍ മാതൃകാപരമായി സന്നിവേശിപ്പിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് . പ്രപഞ്ച സത്യങ്ങളായ ഈ സമസ്യകളെ മനുഷ്യപക്ഷത്തു നിന്ന് നോക്കിക്കണ്ടു അനുഭവിക്കാനും അവയെ നേരിടാനുള്ള ആത്മീയസൂത്രങ്ങൾ പകർന്നു നൽകാനും കൃഷ്ണാവതാരത്തിനു സാധ്യമായി.
ആറു ഗുണമൂല്യങ്ങൾ സമ്മേളിക്കുന്ന വിശിഷ്ടപ്രഭാവത്തെയാണ് ഭഗവാൻ എന്ന സംജ്ഞകൊണ്ടു അർത്ഥമാക്കുന്നത് . ശ്രീകൃഷ്ണൻ ഈ ഗുണങ്ങളുടെ സമഞ്ജസമായൊരു സമ്മേളനമാണ്.സൗന്ദര്യം, ഐശ്വര്യം,ജ്ഞാനം, ബലം, യശസ്സ്, ത്യാഗം എന്നിവയാണവ.
ശ്രീകൃഷ്ണ ജന്മഭൂമിയെക്കുറിച്ചു നിറക്കൂട്ടുകൾ നിറഞ്ഞു നിൽക്കുന്ന പുരാണ-ഇതിഹാസങ്ങൾ കേട്ടുവളർന്ന കലിയുഗജന്മങ്ങളായ ഏതാനും മനുഷ്യരോടൊപ്പം അദ്ദേഹത്തിന്‍റെ അവതാരമുറങ്ങുന്ന മണ്ണിലേക്ക് ഒരു തീർത്ഥയാത്ര പുറപ്പെടുമ്പോൾ ആ വിശിഷ്ട അവതാര മാഹാത്മ്യത്തെക്കുറിച്ചു ഊഷ്മളമായ ചിന്തകൾ  മനസ്സില്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . അത് ഐന്ദ്രിക വിഷയങ്ങൾക്കപ്പുറം മനോ-ബുദ്ധി മേഖലകളിലുള്ള ഒരന്വേഷണം കൂടിയായിത്തീരുന്നു.
രണ്ടായിരത്തി പതിനഞ്ചു മാർച്ചുമാസത്തിൽ ദുബായിൽ നിന്നും കൃഷ്ണഭൂമി സന്ദർശിക്കാനായി ഒരുങ്ങിത്തിരിച്ച ഒരുകൂട്ടം തീർത്ഥാടക സംഘത്തോടൊപ്പം വെളുപ്പിന് മൂന്ന് മണിക്ക് ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ വീശിയടിക്കുന്ന കോടക്കാറ്റിന്‍റെ കുളിര് അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നു . നൂറ്റാണ്ടുകൾക്കപ്പുറം ഭാരതത്തെ നയിച്ച ശക്തരും ,ദുർബലരുമായ മഹാരാജാക്കൻമാരുടെ കർമ്മഭൂമിയായ ഇന്ദ്രപ്രസ്ഥം.
അവിടെ നിന്ന് ശ്രീകൃഷ്ണന്‍റെ ജന്മഭൂമിയായ മഥുരയിലേയ്ക്ക് ടാക്സിയിൽ യാത്ര ചെയ്യുമ്പോൾ പുറത്തെ ഇരുട്ടിന്‍റെയും കുളിരിന്‍റെയും സുരക്ഷിതത്വത്തിൽ പാതിമയക്കവും ഉറക്കവുമായി കഴിച്ചു കൂട്ടി.
ഉത്തർപ്രദേശ് സംസ്ഥാനത്താണ് മഥുര പട്ടണം സ്ഥിതി ചെയ്യുന്നത് . ശ്രീകൃഷ്ണജന്മത്തിന്‍റെ അത്ഭുതചരിതങ്ങൾ പറയുന്ന ഇടങ്ങൾ തേടിയാണ് ഞങ്ങളുടെ യാത്ര.
വൃന്ദാവനം ,ഗോകുലം,ഗോവർദ്ധനഗിരി,ബർസാന, നന്ദ്ഗാവ് തുടങ്ങിയവയെല്ലാം ലക്ഷ്യങ്ങളാണ്.
അയ്യായിരം വർഷങ്ങൾക്കപ്പുറത്ത് ശ്രീകൃഷ്ണ ഭഗവാൻ തന്‍റെ അവതാര ലക്ഷ്യങ്ങൾ സഫലമാക്കാനായി തിരഞ്ഞെടുത്ത ഓരോ ഇടങ്ങളും ഇന്ന് പുണ്യപ്രദേശങ്ങളായി കരുതിപ്പോരുന്നു . അതുകൊണ്ടു കൂടിയാകണം ഭക്തിയുടെ ഒരു അതീന്ദ്രീയ സ്വഭാവം വൃജവാസികളുടെ ജീവിതചര്യയിലും പെരുമാറ്റത്തിലും പ്രകടമായി കാണാൻ കഴിയുന്നു. അഭിവാദ്യ പ്രത്യഭിവാദ്യങ്ങളിൽ സുലഭമായി കേൾക്കാൻ കഴിയുന്ന “രാധേ.. രാധേ..” വിളികളുടെ ആകർഷണീയത .

vrindavan-yathra

വൃന്ദാവനത്തിലെ രാധ

‘രാധ’ എന്ന രണ്ടക്ഷരം ശബ്ദവിന്യാസത്തിന്‍റെ ഭൗതിക- വാചിക സ്പർശങ്ങൾ അനുനിമിഷം ചിതറി വീഴുന്ന പ്രദേശമാണ് വൃന്ദാവനം,
ദീർഘദൂരത്തിൽ പച്ചപുതച്ച് കിടക്കുന്ന ഗോതമ്പു വയലുകൾക്കു നടുവിലൂടെ ഇഴയുന്ന കാളിയസർപ്പത്തെപ്പോലെ ശാന്തമായൊഴുകുന്ന യമുനാ നദി . ശ്രീകൃഷ്ണ ചരിതവുമായി ബന്ധപ്പെട്ട സുന്ദര -ഘോര നിമിഷങ്ങൾ അരങ്ങേറിയ ഇടം.
കാലപ്രവാഹത്തിൽ അനിവാര്യമായ മാറ്റങ്ങളുടെ പ്രകൃതി വിശേഷങ്ങളിൽപ്പെട്ടു ദ്വാപരയുഗത്തിലെ ഒഴുക്കിൽ നിന്നും വ്യതിചലിച്ച് നദി ഇപ്പോൾ പലയിടത്തും സ്ഥാനം മാറി പ്രയാണം തുടരുന്നു.
മുമ്പ് ഒഴുകിയിരുന്ന പ്രദേശം കരഭൂമിയായും കര നിന്നിരുന്ന പ്രദേശം പുഴയായും രൂപാന്തരം പ്രാപിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.
കാളിയമർദ്ദനത്തിനായി ഭഗവാൻ കാളിന്ദിയിലേയ്ക്ക് ചാടിയ ഇടവും ,ഗോപികമാരുടെ വസ്ത്രം അപഹരിച്ച് ആൽമരക്കൊമ്പിൽ കയറിയിരുന്ന സ്ഥലവുമെല്ലാം ഇന്ന് ആരാധനാലയങ്ങളായി കരയിലാണുള്ളത്
യമുനാ നദിക്കരയിൽ സഞ്ചാരികളെയും വഹിച്ചു കൊണ്ടുള്ള വാഹനങ്ങൾ എത്തി നിൽക്കുന്നു.
വൃന്ദാവനത്തിലെ തെരുവുകൾ ഇടുങ്ങിയതും വൃത്തിഹീനങ്ങളുമാണ് . സൈക്കിൾ റിക്ഷകളും ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഒരിനം ഓട്ടോറിക്ഷകളും മാത്രമേ ഗ്യാലറികളിൽകൂടി സഞ്ചരിക്കുന്നുള്ളൂ . ഇരുപുറവും കച്ചവടക്കാർ തമ്പടിച്ചിട്ടുണ്ട്. റിക്ഷകൾക്കു ഹോണുകൾ ഉണ്ടെങ്കിലും അതുപയോഗിക്കാതെ “രാധേ..രാധേ..” വിളികളിലൂടെ കാൽനടക്കാരെയും ,പശുക്കൂട്ടങ്ങളെയും അകറ്റി കടന്നു പോകുന്നു.
ശ്രീകൃഷ്ണസ്മൃതികൾ പേറുന്ന ആയിരക്കണക്കിന് ചെറുതും വലുതുമായ ക്ഷേത്രങ്ങളുടെയും സമാധിസ്ഥാനങ്ങളുടെയും നഗരിയാണിവിടം .ശ്രീകൃഷ്ണ ലീലാവിലാസങ്ങൾക്കു സാക്ഷിയായ പന്ത്രണ്ടു വനങ്ങളിലൊന്ന്.
നൂറ്റാണ്ടുകൾക്കപ്പുറം സംഭവിച്ച ശ്രീകൃഷ്ണ ജന്മചാതുര്യങ്ങളിൽ ചിലതെങ്കിലും ഇന്നത്തെ ജീവിത സങ്കല്പവുമായി തട്ടിക്കിഴിച്ചു നിരീക്ഷിച്ചാൽ യുക്തിക്കതീതമായ  സമസ്യകളായി തോന്നിയേക്കാം.
കാലം ലോകത്ത് വരുത്തിയിട്ടുള്ള അത്ഭുതകരമായ മാറ്റങ്ങൾ തുലനം ചെയ്യുമ്പോൾ യുക്തിക്കതീതമായൊരു ഭക്തി വിന്യാസത്തിൽ നോക്കിക്കാണാൻ ശീലിക്കേണ്ടത് തീർത്ഥാടകദൗത്യങ്ങളിൽപ്പെടുന്നു.
തീർത്ഥാടക സംഘത്തിലൊരാളായി യാത്ര തുടരുമ്പോൾ എത്ര കൊടിയ ഭൗതികവാദിയും സ്വന്തം മനസിനെ ഭക്തിയുടെ നൂലുകൊണ്ട് മുറുക്കിക്കെട്ടേണ്ടതുണ്ട് . എങ്കിൽ മാത്രമേ തീർത്ഥാടനം കൊണ്ട് എന്ത് ലക്ഷ്യമാക്കുന്നുവോ അത് നേടിയെടുക്കാൻ സാധിക്കൂ . അതിനായി സമർപ്പണ ബുദ്ധിയോടെ വിഷയങ്ങളെ സമീപിക്കണം സത്സംഗങ്ങളായുള്ള ഇടപെടലുകളിലൂടെയും ,ജീവിതചര്യയിലൂടെയും മാത്രമേ സമർപ്പണ ബുദ്ധി നേടിയെടുക്കാൻ സാധിക്കുകയുള്ളൂ.
ഭഗവത് ചിന്ത നിറഞ്ഞു തുളുമ്പുന്ന ഇടമാണ് വൃന്ദാവനം. വൈവിധ്യ ചിന്തകളെയും കാഴ്ചകളെയും തൊടുത്തുവിടുന്ന …. ഭൂമിയിലേയ്ക്ക് പ്രവേശിക്കുമ്പോൾ തീർത്ഥാടക മനസുകളിൽ പലവിധ ഭാവങ്ങളോടെ നിറയുന്ന കൃഷ്ണ സാമീപ്യം..
മലയാളത്തിലെ കവിശ്രേഷ്ഠന്മാരായ തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയുമെല്ലാം കാവ്യശകലങ്ങളായി അനുഭവിപ്പിച്ച കൃഷ്ണ കഥകളെല്ലാം മനസ്സിൽ പൂത്തുലയുന്നു.
കൗമാര-യൗവനങ്ങളിൽ കമ്മ്യുണിസവും ചാർവാക ബുദ്ധിയും നിറഞ്ഞിരുന്ന അതേ മനസ് തന്നെ കൃഷ്‌ണവിചാരയമുനയിൽ മുങ്ങിക്കുളിക്കുന്നു. തീർത്ഥാടനദൗത്യം കൊണ്ട് നേടിയെടുക്കേണ്ട വിശിഷ്ട ഗുണമാണ് ജീവജാലങ്ങളോടുള്ള സമഭാവമെന്നത് തെളിഞ്ഞു കാണുന്നു . ജീവിത വ്യവഹാരത്തിൽ നമ്മൾ നിശ്ചയിച്ചുറപ്പിച്ചു വെച്ചിട്ടുള്ള പലവിധ കർമ്മദോഷങ്ങളെക്കുറിച്ച്‌ തിരിച്ചറിവ് ലഭിക്കാനും, ആവശ്യമെങ്കിൽ നവീകരിക്കാനും ഇത്തരം സന്ദർഭങ്ങൾ ഉപകരിക്കുന്നു.
ഭക്തിഭാവം ഉള്ളിലുറച്ചു കഴിഞ്ഞാൽ ജീവിതത്തിൽ നമ്മളനുഭവിക്കുന്ന ശബ്ദസ്പർശരാസരൂപഗന്ധങ്ങളിലെല്ലാം ഈശ്വരഭാവം പ്രകടമായി കാണാൻ കഴിയുന്നു . സുഖ -ദുഃഖങ്ങൾ ഈശ്വരപ്രഭാവമാണെന്ന സത്യം തിരിച്ചറിയുന്നു . ദ്വന്ദങ്ങളുടെ പിടിവാളികളിൽ നിന്നും മോചിതമാകുന്ന മനസ്സിൽ സ്ഥായിയായ ആനന്ദം വന്നുനിറയുന്നു . ഇത് പരിശീലനത്തിലൂടെ നേടിയെടുക്കേണ്ട ഒരു ഗുണഭാവമാണ് . വൃന്ദാവനത്തിൽ …വാസികളായ മനുഷ്യരുടെ നാവിൽ നിന്ന് ഒരു ‘ഹലോ’ വിളിയോ ,’ഭായ് ‘ വിളിയോ കേൾക്കാൻ കഴിഞ്ഞില്ല. എന്നാൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ “രാധേ.. രാധേ…” വിളികളോടെ സമീപിക്കുന്നു.
ഗൾഫ് നാടുകളുടെ നാലുചുമരുകൾക്കുള്ളിൽ പരിമിതസ്വാതന്ത്ര്യം മാത്രം അനുഭവിച്ച്  അവിടത്തെ നിയമ വ്യവസ്ഥകൾ തങ്ങളുടെ ജീവിതചര്യയാക്കി കഴിഞ്ഞുകൂടുന്ന ഏതാനും മലയാളി കുടുംബങ്ങളാണ് ഞങ്ങൾക്കൊപ്പമുള്ളത്
മഥുരാപുരിയിൽ ദർശിക്കേണ്ട ഇടങ്ങളെക്കുറിച്ചും ചെയ്യേണ്ട കർമ്മങ്ങളെക്കുറിച്ചും അവർക്കു കൃത്യമായ ദിശാബോധങ്ങളുണ്ട്. ..വാസികൾക്കിടയിൽ സർവാംഗ പരിത്യാഗികളായ സന്ന്യാസിവര്യന്മാരും അവരുടെ ജ്ഞാനസമുദ്രത്തിൽ നിന്നും ജീവിത സൂത്രങ്ങൾ ഗ്രഹിക്കാനായി എത്തിയിട്ടുള്ള സാത്വിക പ്രഭാവന്മാരുമുണ്ട് . അതിനായി ക്ഷേത്രങ്ങളും സമാധിമന്ദിരങ്ങളും പുണ്യ തീർത്ഥങ്ങളും ദർശിക്കേണ്ടതുണ്ട്.
വൃന്ദാവനത്തിലെ മനുഷ്യരും മറ്റു ജീവജാലങ്ങളും തമ്മിൽ പരസ്പര പൂരകമായൊരു ജീവിതവ്യവസ്ഥ ചിട്ടപ്പെട്ടുവന്നിട്ടുണ്ട് . അതിന്‍റെ നേർദൃശ്യങ്ങൾ അത്ഭുതത്തോടെ സാക്ഷ്യം വഹിക്കാനും സാധിക്കുന്നു. ഓരോ പുറംകാഴ്ചയും തൊടുത്തു വിടുന്ന അത്ഭുതകരമായ അകക്കാഴ്ചകൾ ചോദ്യങ്ങളും ഉത്തരങ്ങളും സ്ഫുരിപ്പിച്ചുകൊണ്ടിരിക്കുന്നു .
(തുടരും)
Comments
Print Friendly, PDF & Email

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

You may also like