പൂമുഖം ഓർമ്മ തട്ടിപ്പുകള്‍ പൂക്കുന്ന കാലം

തട്ടിപ്പുകള്‍ പൂക്കുന്ന കാലം

ഴിഞ്ഞദിവസം ടോമിനെ ഒരു ടെലിവിഷന്‍ വാര്‍ത്തകള്‍ക്കിടയില്‍ കണ്ടു. നല്ല വാര്‍ത്തകള്‍ക്കിടയിലല്ലെന്നു മാത്രം. കൂടെ രണ്ടുമൂന്നു പോലീസുകാരുമുണ്ട്. പഴയ, തിളങ്ങുന്ന കുര്‍ത്തയും സ്വര്‍ണ്ണമാലയും നിറമുള്ള കണ്ണടയുമൊക്കെയുണ്ട്. മുഖം മറച്ചിട്ടൊന്നുമില്ല. അതിനാല്‍ത്തന്നെ പഴയ ആത്മവിശ്വാസത്തില്‍ കുറവൊന്നും കാണാനുമില്ല. പണ്ടൊക്കെ വണ്ടിയുടെ മുന്നിലേയ്ക്ക് കയറിയിരുന്നയാള്‍ ഇപ്പോള്‍ ജീപ്പിന്‍റെ പിന്നിലേയ്ക്കാണെന്നു മാത്രം. കൂടെ ഒരു പോലീസുകാരനും. സ്ഥലം തലസ്ഥാനം. കുറ്റം വിശ്വാസവഞ്ചന, ചതി, കള്ളപ്രമാണങ്ങളുണ്ടാക്കല്‍, തിരുത്ത്, തിരിമറി…. അങ്ങനെ പലതും.
നാല്‍‌പ്പതു വര്‍ഷം മുമ്പുള്ള എണ്ണപ്പട്ടണത്തിലേയ്ക്ക് ടോം വന്നിറങ്ങുന്ന പൂര്‍‌വ്വദൃശ്യ ത്തിലേയ്ക്കാണ്‌ നാമിപ്പോള്‍ പോകുന്നത്. പത്താം ക്ലാസ്സുകാരായ ബന്ധുക്കള്‍ മികച്ച നിലയിലൊക്കെ ഇരിക്കുന്ന കമ്പനികളിലേയ്ക്ക് പ്രീഡിഗ്രിയോ അതിനുമുകളിലേയ്ക്കോ വിദ്യാഭ്യാസയോഗ്യതയുള്ളവരെ വിളിച്ചുവരുത്തി ജോലിക്കായി തിരുകിക്കയറ്റുന്ന ഒരു കാലത്തിന്‍റെ പ്രതിനിധികളിലൊരാളായിട്ടാണ്‌ ടോമും എണ്ണപ്പട്ടണത്തിന്‍റെ പൊടിമണ്ണിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. വന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍  ഒരു പൊതുമേഖലാസ്ഥാപനത്തില്‍ ജോലി. നാട്ടില്‍ കിട്ടിയേക്കാമായിരുന്നതിന്‍റെ അഞ്ചിരട്ടി ശമ്പളം. നല്ല ഉയര്‍ച്ചാസാധ്യതകള്‍.
പട്ടണത്തിലെ സാമൂഹ്യജീവിതത്തിനിടയില്‍ ടോമിനെ ഞാന്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമൊക്കെ പിന്നെയും പതിനഞ്ചു വര്‍ഷം കഴിഞ്ഞാണ്‌. വാരാന്ത്യങ്ങളിലോ വിശേഷദിവസങ്ങളിലോ ഒക്കെ വല്ലപ്പോഴും കണ്ടുമുട്ടുന്നതൊഴിച്ചാല്‍ കാര്യമായി പറഞ്ഞറിയിക്കാനുള്ളതൊന്നും ഞങ്ങളുടെ ജീവിതങ്ങളില്‍ സംഭവിച്ചിരുന്നില്ല.
പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയി.
ഒരു ദിവസം ഞാന്‍ ജോലി ചെയ്യുന്ന ധനകാര്യസ്ഥാപനത്തിലേയ്ക്ക് ടോം കയറി വന്നു. പുതിയൊരു ഏജന്‍സി ബിസിനസ്സ് തുടങ്ങാന്‍ പോകുന്നതിന്‍റെ സന്തോഷമൊക്കെ പറഞ്ഞുതീര്‍ത്തു. അതിന്‍റെ ആദ്യപടിയായി അയ്യായിരം ഡോളര്‍ അമേരിക്കയ്ക്ക് അയയ്ക്കണം. അതിനായുള്ള രേഖകളും പണം കൈപ്പറ്റുന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമൊക്കെ ആവശ്യമുണ്ടല്ലോ. അതൊക്കെ ചോദിക്കുമ്പോഴാണ്‌ ടോം പറയുന്നത് അക്കൗണ്ട് വിവരങ്ങളൊന്നുമില്ല, അയയ്ക്കേണ്ടത് ഒരാളുടെ പേരിലേയ്ക്കാണെന്നും ‘വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫെര്‍’ വഴി അയയ്ക്കാനാണ്‌ നിര്‍ദ്ദേശമെന്നും. പണപ്രക്ഷാളനം (Money Laundering) ഒഴിവാക്കാന്‍ സെന്‍‌ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുള്ള ചില കൃത്യമായ നിയന്ത്രണങ്ങള്‍ക്ക (Due Diligence) നുസൃതമായേ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പറ്റുകയുള്ളു. അതിനായി പല രേഖകളും പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. മാത്രമല്ല, വാണി ജ്യാവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക കൈമാറ്റങ്ങള്‍ക്ക് ‘വെസ്റ്റേണ്‍ യൂണിയന്‍’ ആരും ഉപയോഗിക്കാറുമില്ല. പെട്ടെന്നുള്ള വ്യക്തിഗതാവശ്യങ്ങള്‍ക്കായി പണം ദൂരദിക്കിലുള്ള മറ്റൊരാള്‍ക്ക് അയയ്ക്കാനുള്ള സം‌വിധാനങ്ങളില്‍ ഒന്നു മാത്രമാണത്. കൈപ്പറ്റുന്നയാള്‍ക്ക് (Beneficiary) നിമിഷങ്ങള്‍ക്കകം പണം ലഭിക്കുമെന്നതാണ്‌ അതിന്‍റെ പ്രത്യേകത. ചില സ്ഥലങ്ങളിലുള്ള ബാങ്കുകള്‍ ഈ ശൃംഖലകളില്‍ പെടുന്നുണ്ടെങ്കിലും പണം കിട്ടുന്നയാള്‍ക്ക് ബാങ്ക് അക്കൗണ്ടിന്‍റെ ആവശ്യമില്ല.
വെസ്റ്റേണ്‍ യൂണിയന്‍ ആണെന്നും വ്യക്തിയുടെ പേരിലാണ്‌ അയയ്ക്കേണ്ടതെന്നും കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് പൊതുവേ ഒരു സംശയം ഉടലെടുക്കുകയും ആ സംശയം ഇല്ലാതാക്കി പണമയയ്ക്കേണ്ട ഉത്തരവാദിത്തം ഓര്‍മ്മിച്ചെടുക്കാറുമുണ്ട്. അത്തരം ചോദ്യങ്ങളൊന്നും ചോദിക്കാതെ തന്നെ പണമയച്ചാല്‍ നമ്മുടെ സ്ഥാപനത്തിന്‌ നല്ല ലാഭവുമുണ്ട്. കൂടുതല്‍ പണത്തിനു കൂടുതല്‍ ലാഭം കിട്ടും. ഇത്തരം ചോദ്യങ്ങള്‍ ഇഷ്ടമില്ലാത്തവരും ഉണ്ട്. എന്‍റെ പണം… എന്‍റെ തീരുമാനം… എനിക്കിഷ്ടമുള്ളവര്‍ക്ക് ഞാനയയ്ക്കും  എന്നൊക്കെ പറഞ്ഞില്ലെങ്കിലും ആ മുഖത്തു നിന്നു വായിക്കാനായാല്‍ ഞങ്ങള്‍ അധികം ചോദ്യങ്ങള്‍ ചോദിക്കാതെ അയയ്ക്കാറുമുണ്ട്. പക്ഷേ, ടോം അങ്ങനെ ഒരാളല്ലാത്തതിനാല്‍ ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു.
ഒരു കൊമേര്‍ഷ്യല്‍ ആവശ്യത്തിന്‌ ഒരാളുടെ പേരില്‍ അയയ്ക്കുന്നതിലെ ഔചിത്യമില്ലായ്മ ചൂണ്ടിക്കാണിച്ചെങ്കിലും  ടോം അതില്‍ പരിപൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിച്ചു കൊണ്ടു പറഞ്ഞു.
”ഞാന്‍ ഓണ്‍ ലൈനില്‍ നോക്കി. അവര്‍ക്ക് ഗംഭീരന്‍ വെബ് സൈറ്റ് ഒക്കെയുണ്ട്.”
എനിക്കത് അത്ര വിശ്വാസമായില്ല. പണം നഷ്ടപ്പെട്ടേക്കാനുള്ള സാധ്യതയുണ്ടെന്ന് ഞാന്‍ ഓര്‍മ്മിപ്പിച്ചു.
ടോം തല്‍ക്കാലത്തേയ്ക്ക് പണമയയ്ക്കാതെ പോയെങ്കിലും രണ്ടു മണിക്കൂറിനു ശേഷം വീണ്ടും ഓഫീസിലെത്തി എന്നെ വെബ് സൈറ്റിന്‍റെ പ്രിന്‍റൗട്ടു കാണിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
ഇത്തരം ഒരുപാടു കടലാസ്സു കമ്പനികള്‍ സൈബര്‍ തട്ടിപ്പുകളുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അവരാണ്‌ വെസ്റ്റേണ്‍ യൂണിയന്‍ വഴി വ്യക്തികളുടെ പേരില്‍ അയയ്ക്കാന്‍ നിര്‍ബ്ബന്ധിക്കുന്നതെന്നുമൊക്കെ ഞാന്‍ പറഞ്ഞു കൊടുത്തു. അങ്ങനെ മനസ്സില്ലാമനസ്സോടെ ടോം പണമയയ്ക്കാതെ തിരിച്ചുപോയി.
പിറ്റേ ദിവസം, ഞങ്ങളുടെ അതേ രീതിയില്‍ വിദേശനാണ്യവിനിമയം നടത്തുന്ന മറ്റൊരു കമ്പനിയില്‍ നിന്ന് ടോം അതേയാളുടെ പേരില്‍ പണമയച്ചു എന്നു ഞങ്ങളറിഞ്ഞു. അവര്‍ കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിച്ചിരുന്നില്ല എന്നതിനാലാവാം – എന്‍റെ സ്നേഹബുദ്ധ്യാ ഉള്ള ‘ശല്യം’ ഒഴിവാക്കാനുമായി!- അദ്ദേഹം അവിടെ പോയി പണമയച്ചത് എന്നു ഞാന്‍ സമാധാനിച്ചു. രണ്ടു ദിവസം കഴിഞ്ഞ്‌ ഞാന്‍ ഗൂഗിളില്‍ ആ കമ്പനിയുടെ വെബ് സൈറ്റ് അന്വേഷിച്ചു നോക്കിയെങ്കിലും കണ്ടെത്താനായില്ല. ടോം അയച്ച പണം ഗുണഭോക്താവ് കൈപ്പറ്റിയ നിമിഷം തന്നെ അയാള്‍, ഇട്ടിരുന്ന വെബ്സൈറ്റ് മായ്ച്ചുകളഞ്ഞു മുങ്ങി. ഒന്നു രണ്ടു പ്രാവശ്യം ആ ഗുണഭോക്താവിന്‍റെ വല്ല വിവരവും കിട്ടുമോ എന്നറിയാന്‍ ടോം അയച്ച സ്ഥലത്തു കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ഒരാഴ്ചയ്ക്കു ശേഷം ടോമിനെ ഞാന്‍ വീണ്ടും വഴിയില്‍ വച്ചു കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ”സുരേഷ് അന്നു പറഞ്ഞതു നന്നായി കേട്ടോ. അന്നു പണമയച്ചിരുന്നെങ്കില്‍ ഞാന്‍ പെട്ടേനേ…. ഇപ്പോള്‍ ആ വെബ് സൈറ്റ് കാണാനില്ല!”
ചിലരങ്ങനെയാണ്‌. വീണതിലെ വേദനമറന്ന് ആരെങ്കിലും കണ്ടോ എന്നോര്‍ത്ത് വേദനിക്കും.
ഞാന്‍ ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല. അദ്ദേഹത്തെ ഒരു കയത്തില്‍ നിന്ന് രക്ഷിച്ചെടുത്ത ആളുടെ ഭാവഹാവാദികളോടെ ഞങ്ങള്‍ ചിരിച്ചു പിരിഞ്ഞു.
മറ്റു ചിലരുമായുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ ടോമിനു പിന്നീട് ചില പ്രശ്നങ്ങളൊക്കെ ഉണ്ടായെന്നും അയാള്‍ കുറച്ചു ദിവസത്തേയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നു എന്നും ഞാന്‍ കേട്ടു. ഞാന്‍ ടോമിലെ മാറ്റങ്ങള്‍ പഠിക്കുകയായിരുന്നു. നല്ല നിലയില്‍ ജോലി ചെയ്തു ശമ്പളം വാങ്ങി സുഖമായി ജീവിച്ചിരുന്ന ടോമിന്‍റെ  തലയ്ക്കുള്ളിലേയ്ക്ക് ആര്‍ത്തിയുടേയും അത്യാഗ്രഹത്തിന്‍റേയും കഴുകന്മാര്‍ കൂടുകൂട്ടാന്‍ തുടങ്ങിയത് എപ്പോഴായിരിക്കും?
ആ ടോമാണ്‌ തലസ്ഥാനത്തുള്ള ബഹുനിലക്കെട്ടിടത്തിലെ ഒരാള്‍ക്കു വിറ്റ ഫ്ലാറ്റ് രണ്ടാമതൊരാള്‍ക്കു കൂടി വിറ്റ്  തട്ടിപ്പില്‍ പുതുമകളുണ്ടാക്കി  ഇപ്പോള്‍ പോലിസ് പിടിയിലായത്.
സൈബര്‍ തട്ടിപ്പുകള്‍ ആരംഭിച്ചിട്ട് രണ്ടു ദശാബ്ദത്തിലധികമാകുന്നു. എടുക്കാത്ത ഭാഗ്യക്കുറിക്ക് സമ്മാനമടിച്ചെന്നും പറഞ്ഞ് ഒരറിയിപ്പു സെല്‍ ഫോണിലോ ഇ-മെയിലിലോ വരുന്നതായിരുന്നു ആദ്യമൊക്കെ കേട്ടിരുന്നത്. സമ്മാനമയയ്ക്കാനുള്ള പ്രാരംഭ ചെലവിലേയ്ക്ക് ഒരു ചെറിയ തുക അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള  സന്ദേശങ്ങളായിരുന്നു അവ. കിട്ടാന്‍ പോകുന്ന കോടികള്‍ക്കു മുന്നില്‍ ഈ നടപടിച്ചെലവുകള്‍ (Processing fee) തൃണതുല്യമെന്നു കരുതിയവര്‍ പലരും കുടുങ്ങി. പിന്നീടത് വലിയ ഇ-മെയില്‍ കഥകളായി. ആ കഥകളില്‍ ഏതെങ്കിലുമൊരു ‘വേദനിക്കുന്ന കോടീശ്വരന്‍’ നെടുനായകനായിരിക്കും. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഒരു ആഫ്രിക്കന്‍ ഭരണാധികാരിയുടെ മകളുടെ ‘കൈമാറാന്‍ കഴിയാത്ത കോടികളുടെ’ കദനകഥകളുണ്ടാവും. അതല്ലെങ്കില്‍ ഒരു രാജാവിന്‍റെ ഒസ്യത്തിലൂടെ കോടികള്‍ കിട്ടിയ ഒരു ജാരസന്തതിയാവും ആ ഇ-മെയില്‍ നിങ്ങള്‍ക്കായി അയയ്ക്കുന്നത്. അത് നിങ്ങളുടെ നാട്ടിലേയ്ക്കോ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേയ്ക്കോ മാറ്റാന്‍ നിങ്ങളുടെ സഹായം ആയിരിക്കും ആ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നത്. ഇതൊക്കെ കേട്ടും വിശ്വസിച്ചും പണമയച്ചവരെ പലരേയും കണ്ടിട്ടുണ്ട്. അങ്ങനെ മറ്റൊരു രാജ്യത്തേയ്ക്ക് ഭാഗ്യം തേടി ഒരാള്‍ പോയ കാര്യം ഒരു സുഹൃത്ത് എന്നോടു പറഞ്ഞിട്ടുണ്ട്. അയാള്‍ക്ക് കൊണ്ടുപോയതെല്ലാം നഷ്ടപ്പെട്ട്, ധരിച്ചിരുന്ന വസ്ത്രം മാത്രമായി തിരിച്ചുവരേണ്ടി വന്നത് ആയുസ്സിന്‍റെ ബലത്തില്‍ മാത്രമാണ്‌.
 സുന്ദരേശന്‍ ഇതേപോലെ പണമയയ്ക്കാന്‍ എന്‍റെ ഓഫീസില്‍ വന്നു. എന്‍റെ സുഹൃത്തിന്‍റെ ബന്ധുവാണ്‌. 300 ഡോളര്‍ (ഏകദേശം 18000 രൂപ) മതി. അയയ്ക്കേണ്ട ആവശ്യം (Purpose of Remittance) അന്വേഷിച്ചു. വാങ്ങാന്‍ പോകുന്ന ഒരു സാധനത്തിന്‍റെ വിലയാണെന്നു പറഞ്ഞു. പെട്ടെന്നു കിട്ടാനുള്ള വഴികളാരാഞ്ഞു. ആദ്യം പറഞ്ഞ വഴി തന്നെ പണമയച്ചു. ഞങ്ങള്‍ കൊടുത്ത പത്തക്കമുള്ള കോഡ് സുന്ദരേശന്‍ സ്വീകര്‍ത്താവിനെ അറിയിച്ചു. പിറ്റേ ദിവസം സുന്ദരേശന്‍ വിളിച്ചു  ചോദിച്ചു പണം ആള്‍ക്ക് കിട്ടിയോ എന്ന്. കോഡ് കിട്ടിയ നിമിഷം തന്നെ ആള്‍ പണമെടുത്ത് സ്ഥലം വിട്ടു. സുന്ദരേശന്‍റെ പിന്നീടുള്ള ഫോണ്‍‌വിളികള്‍ വൃഥാവിലായി. ആ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു. പിന്നീട് സുന്ദരേശന്‍ ഓഫീസില്‍ വന്നു ഞങ്ങളോടു സത്യം പറഞ്ഞു. അത് എടുക്കാത്ത ലോട്ടറിയ്ക്കടിച്ച ഭാഗ്യത്തുക അയയ്ക്കാനുള്ള നടപടിച്ചെലവുകള്‍ ആയിരുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍  നടന്ന മൂന്നു സംഭവങ്ങള്‍ കൂടി പറയാം.
എനിക്ക് ഒരു ഇ-മെയില്‍ വരുന്നു: താങ്കളുടെ പ്രൊഫൈല്‍ എനിക്കിഷ്ടപ്പെട്ടു. വിശ്വസ്തനാണെന്നു തോന്നിയതു കൊണ്ടാണീ സന്ദേശം അയയ്ക്കുന്നത്. ലിബിയയില്‍ നിന്നാണ്‌ അയയ്ക്കുന്നത്.
ഞാന്‍ മറുപടിയിട്ടു : താങ്കളെ എനിക്കറിയാമെന്നു തോന്നുന്നു. കേണല്‍ മുആമര്‍ ഗദ്ദാഫിയുടെ കൊച്ചുമകളല്ലേ?
അതോടെ ആ ബന്ധം നിലച്ചു.
ഇവിടെ, കാനഡയിലുള്ള ഒരു മലയാളി സുഹൃത്ത്  ജോണ്‍ ഫിലിപ്പീന്‍സിലേയ്ക്കൊരു യാത്രപോകുന്നതായി എന്നോടു പറഞ്ഞിരുന്നു.
ഒരു ദിവസം എനിക്കൊരു ഇ-മെയില്‍ സന്ദേശം.
ഞാന്‍ ആകെ ഫിലിപ്പീന്‍സില്‍ ബുദ്ധിമുട്ടിലായിരിക്കുന്നു. എന്‍റെ വാലറ്റും പാസ്പോര്‍ട്ടുമെല്ലാം നഷ്ടപ്പെട്ടു. യാത്രാരേഖകളൊന്നുമില്ലാത്തതിനാല്‍ എന്നെ ഡീറ്റെയ്‌ന്‍ ചെയ്തിരിക്കുകയാണ്‌. അത്യാവശ്യം 800 ഡോളര്‍ കൊടുത്താല്‍ കയറ്റിവിടാമെന്ന് പറയുന്നു. ഒന്നു സഹായിക്കണം.
ഞാന്‍ ഇ-മെയില്‍ വിലാസം നോക്കി. സുഹൃത്തിന്‍റെതെന്നു തോന്നിക്കുന്ന ഒരു ymail.com  വിലാസം (gmail.com എന്ന് പെട്ടെന്ന് തെറ്റിദ്ധരിക്കപ്പെടാം). എനിക്കിത്തരം ഒരു മെയില്‍ ദുബായില്‍ വച്ചു കിട്ടിയിട്ടുണ്ട്. അയച്ചവന്‌ ഒരു ചെറിയ പണി കൊടുത്ത് ഒന്നു സന്തോഷിക്കാം എന്നു ഞാനും കരുതി. ഞാന്‍ ഒരു മറുപടിയിട്ടു.
എന്‍റെ കൈയില്‍ ആകെപ്പാടെ തപ്പിപ്പെറുക്കിയാ ഒരു അഞ്ഞൂറു ഡോളര്‍ വരെ ഒപ്പിക്കാം. അതയച്ചു തന്നാല്‍ മതിയോ ജോണേട്ടാ….?
അടുത്ത നിമിഷം മറുപടി : ആ അഞ്ഞൂറെങ്കി അഞ്ഞൂറ് …. വേഗം അയയ്കൂ…വളരെ ഉപകാരമായിരിക്കും….
എങ്ങനെ?
വെസ്റ്റേണ്‍ യൂണിയന്‍ വഴി മതി. അതാവുമ്പം ഇപ്പത്തന്നെ കിട്ടൂലോ!
ഒരു അരമണിക്കൂറെടുക്കും. അതിന്‍റെ ആപ്പീസ് കൊറേ ദൂരെയാ.
ഒന്നു വേഗം പുറപ്പെട്ടോ…. അത്രയും വേഗം എനിക്കിവിടെ നിന്നു രക്ഷപെടാല്ലോ…
അര മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും ജോണേട്ടന്‍ വൈ   ഡോട്ട്കോമിന്‍റെ മെസ്സെജ് വീണ്ടും….
വല്ലതും സംഭവിക്കുന്നുണ്ടോ?

ഇപ്പോള്‍ത്തന്നെ നിന്നെ സംഭവിപ്പിക്കാമെടാ എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ തുടര്‍ന്നു.

അയയ്ക്കാനുള്ള അപേക്ഷ പൂരിപ്പിച്ചുകൊണ്ടിരിക്കുകയാണു ഞാന്‍. ഇനി ഇവര്‍ ജോണേട്ടന്‍റെ പാസ്പോര്‍ട്ട് നമ്പറോ വല്ലതും ചോദിക്കുമോ?
ഏയ് അതൊന്നുമില്ല… അതിനു പാസ്പോര്‍ട്ടും പോയില്ലേ?
പോകുമ്പോള്‍ അതൊരു നമ്പറുമായല്ലേ പോയത്?
അല്ലെങ്കിലും നമ്പറൊന്നും ഓര്‍മ്മയില്ല. അതില്ലാതെ മാനേജ് ചെയ്തോളാം. വേഗം അയയ്ക്കൂ…….
അയാള്‍ക്ക് ഞാനൊരു പത്തക്കമുള്ള കോഡുണ്ടാക്കി അയച്ചു കൊടുത്തു. അയാള്‍ ആ പണം കൈപ്പറ്റാനായി പോയിട്ടുണ്ടാവുമെന്ന് ഞാന്‍ ഉറപ്പിക്കുന്നത് അടുത്ത സന്ദേശം എനിക്ക് കിട്ടുമ്പോഴാണ്‌. ഞാന്‍ അയച്ച കോഡില്‍ എന്തോ തെറ്റുണ്ടെന്നും ഒന്നു കൂടി പരിശോധിച്ച് ഉറപ്പാക്കണമെന്നും പറ്റുമെങ്കില്‍ അയച്ചതിന്‍റെ രസീത് സ്കാന്‍ ചെയ്ത് അയയ്ക്കാമോ എന്നും  ചോദിച്ചുകൊണ്ടായിരുന്നു അടുത്ത മെസ്സെജ്.
തിരക്കിട്ട് അയച്ചപ്പോള്‍ ഒരു നമ്പര്‍ മാറിപ്പോയി എന്നും പറഞ്ഞ് ഞാന്‍ കോഡു മാറ്റി അയച്ചെങ്കിലും അയാള്‍ തിരികെ വരാത്തതുകൊണ്ട് അയാള്‍ക്ക് എന്‍റെ പണിയുടെ സ്വഭാവം മനസ്സിലായിക്കാണും എന്നു ഞാന്‍ വിചാരിക്കുന്നു. അതിനകം ഞാന്‍ ഇവിടെ ഫിലിപ്പീന്‍സില്‍ നിന്ന് നേരത്തേ തന്നെ തിരിച്ചെത്തിയ ‘റിയല്‍ ജോണേട്ടനു’മായി സംസാരിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ കുറേ സുഹൃത്തുക്കള്‍ക്ക് ഈ സന്ദേശം കിട്ടുകയും പലരും പരിഭ്രമിച്ച് വിളിക്കുകയും ചെയ്തിരുന്നതായി പറഞ്ഞു.
ഈയിടെ കാനഡയില്‍ ചിലരുടെയൊക്കെ സെല്‍ ഫോണിലേയ്ക്കൊരു സന്ദേശം വന്നു. അനായാസം നേടിയെടുക്കാവുന്ന ഒരു ജോലിയായിരുന്നു വിഷയം. ഒരു രഹസ്യോപഭോക്താ (Mystery Shopper) വായി വീട്ടിലിരുന്ന് ജോലി ചെയ്യുക; ആഴ്ചയില്‍ 400 ഡോളറോ അതിനു മുകളിലേയ്ക്കോ സമ്പാദിക്കുക. ഇതായിരുന്നു അതിലെ മോഹിപ്പിക്കുന്ന വാക്കുകള്‍. ഈ സന്ദേശത്തിനു പ്രതികരിച്ചവരെ ഇതിന്‍റെ തട്ടിപ്പുകാര്‍ വീണ്ടും സംസാരിച്ചു വീഴ്ത്തും. അവര്‍ ഒരു ഗുണനിലവാരം പരിശോധിച്ച് അതിന്‍റെ സാക്ഷ്യപത്രം നല്‍കുന്ന ഒരു സ്ഥാപനമാണെന്നും ഒരു പ്രമുഖ ചില്ലറവില്പനശൃംഖല (Retail Sales Network) അവരുടെ ഉപഭോക്തൃസേവനനിലവാരം (Customer Service Standard) പരീക്ഷിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ അവരുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നുമാണ്‌ അവര്‍ അറിയിച്ചത്. ഒരു ഉപഭോക്താവോ ഗുണഭോക്താവോ ആയി ഒരു സ്ഥാപനത്തില്‍ കയറി ഒരു ഇടപാടു നടത്തുക അത്ര ബുദ്ധിമുട്ടേറിയ ഒരു കാര്യമല്ലാതിരുന്നതിനാല്‍ വൃദ്ധജനങ്ങളുള്‍പ്പടെ പലരും ഈ ജോലിക്കായി അപേക്ഷിച്ചു. ഇടപാടു നടത്താനുള്ള പണം മുന്‍‌കൂറായി അയച്ചു തരുന്നതിനാല്‍ ആര്‍ക്കും ഇതില്‍ സംശയിക്കേണ്ട ആവശ്യവുമില്ലായിരുന്നു. ഉദാഹരണത്തിന്‌, ആദ്യം തന്നെ അവര്‍ 2000 ഡോളറിന്‍റെ ചെക്ക് അയച്ചു തരുന്നു. ആ ചെക്ക് ബാങ്കില്‍ ഡിസ്കൗണ്ട് ചെയ്ത് 1000 ഡോളര്‍ അതില്‍ നിന്നെടുക്കുക. നമുക്കുള്ള ഒരാഴ്ചത്തെ ശമ്പളമായ 400 ഡോളര്‍ എടുത്തതിനു ശേഷം ബാക്കി വരുന്ന 600 ഡോളര്‍ അവര്‍ തന്നെ പറഞ്ഞുതരുന്ന ഒരു അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുക്കുക. ഈ ഇടപാട് അവര്‍ പറയുന്ന ധനകാര്യസ്ഥാപനം വഴിയാണു ചെയ്യേണ്ടത്. നമുക്കും അതില്‍ അതൃപ്തിയുണ്ടാവില്ലല്ലോ. കാരണം നമ്മുടെ ഒരാഴ്ചത്തെ ശമ്പളം മുന്‍‌കൂറായി ലഭിച്ചല്ലോ.
ഇതിലുള്‍പ്പെടുന്ന ധനകാര്യസ്ഥാപനത്തിന്‍റെ ഗുണഭോക്തൃസേവന നിലവാരം അളക്കാന്‍ വേണ്ടിയാണ്‌ അവര്‍ ഇതു ചെയ്യുന്നത് എന്നാണു പറയപ്പെടുന്നത്. ഇതിലുള്‍പ്പെട്ട നിങ്ങളും ഹാപ്പി. ഉള്‍പ്പെടുത്തിയ അവരും ഹാപ്പി.
പക്ഷേ നാലഞ്ചുദിവസം കഴിയുന്നതോടെ നിങ്ങളുടെ അണ്‍‌ഹാപ്പിനെസ്സ് ആരംഭിക്കുകയായി. ഡിസ്കൗണ്ട് ചെയ്ത ചെക്ക്  തിരിച്ചുവരും. അത് വണ്ടിച്ചെക്കായിരുന്നു. അപ്പോള്‍, നിങ്ങള്‍  കിട്ടിയ 1000 ഡോളര്‍ മുഴുവനായി ബാങ്കിനു തിരിച്ചുകൊടുക്കേണ്ടിവരും. ചുരുക്കത്തില്‍, ആ കമ്പനിക്കു മടക്കിക്കൊടുത്ത  600 ഡോളര്‍ നിങ്ങള്‍ക്കു നഷ്ടം. ഇതേ രീതിയില്‍ ഒത്തിരിപ്പേര്‍ കബളിപ്പിക്കലിനിരയായി. ഇന്ത്യയിലെ പണമിടപാടു സ്ഥാപനങ്ങള്‍ക്ക് നിശിതമായ ചില നിയമാവലികളും പെരുമാറ്റച്ചട്ടവുമുള്ളതുകൊണ്ട് ഇത്തരം തട്ടിപ്പുകള്‍ നടക്കാനുള്ള സാധ്യത കുറവാണ്‌.
തട്ടിപ്പുകളുടെ ലോകം വളരുകയാണ്‌. ദിവസേന നൂതനരീതിയിലുള്ള തട്ടിപ്പുകള്‍ പരീക്ഷിക്കപ്പെടുന്നു. ഇത്തരം തട്ടിപ്പുകള്‍ക്ക് ഒരിക്കലെങ്കിലും ഇരയാവുന്നവര്‍ അവര്‍ കണ്ടുമുട്ടുന്ന ഓരോ അപരനേയും തട്ടിപ്പുകാരനെന്നു സംശയിക്കുന്നതിലും തെറ്റില്ലല്ലോ!
(ഇതിലെ സംഭവങ്ങള്‍ നടന്നതും പേരുകള്‍ വ്യാജങ്ങളുമാണ്‌)
Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like